പൂമുഖം LITERATUREലേഖനം വി ഡി സതീശനും പുതിയ നേതൃത്വവും

വി ഡി സതീശനും പുതിയ നേതൃത്വവും

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ.

എം എൽ എമാർക്കിടയിലെ വോട്ടെടുപ്പും മുതിർന്ന നേതാക്കളുമായുള്ള കൂടിയാലോചനകളും മാധ്യമചർച്ചകളും കൊടുമ്പിരിക്കൊണ്ട പത്ത് ദിവസങ്ങൾക്കൊടുവിൽ വോട്ടർമാരുടെ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രിസ്ഥാനത്തേയും നിർണയിക്കുന്ന അപൂർവമായ ഒരു രാഷ്ട്രീയ പ്രതിഭാസത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. ജനാധിപത്യത്തിന്റെ ഓരോ വാതിലും അടയുന്ന ഇന്ത്യൻ വർത്തമാന സാഹചര്യത്തിൽ ഇത് ഒരു ചരിത്ര മുഹൂർത്തമാണ്. വർഷങ്ങൾക്കു മുൻപ് മലമ്പുഴ മണ്ഡലത്തിൽ വി എസിനു സ്ഥാനാർത്ഥിത്വം നിഷേധിച്ചപ്പോൾ ജനം തെരുവിലിറങ്ങി പന്തം കൊളുത്തി പ്രകടനം നടത്തി അത് പുനസ്ഥാപിക്കുകയും നല്ല ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ വിജയിപ്പിക്കുകയും ചെയ്തതാണ് ഇതിനു മുൻപ് ജനങ്ങളുടെ ഇച്ഛ സമ്മതിദാനത്തിന് പുറത്ത് തിരഞ്ഞെടുപ്പിൽ ഇടപെട്ട ഒരു സന്ദർഭം.

ഇത് വി ഡി സതീശന്,മന്ത്രിയായിട്ടുള്ള തന്റെ ആദ്യത്തെ ഊഴത്തിൽ സാരമായ ആത്മധൈര്യം നൽകുമെന്നുറപ്പ്. അതോടൊപ്പം അത് അദ്ദേഹത്തിൽ ഏൽപ്പിക്കുന്ന ഉത്തരവാദിത്തം കൂടുതൽ ഗൗരവമുള്ളതാക്കുകയും ചെയ്യുന്നു.

കോൺഗ്രസിനകത്ത് തന്റെ മുഖ്യമന്ത്രി പദത്തിനെതിരെ അണിനിരന്ന ബഹുഭൂരിപക്ഷം സാമാജികരെയാണ് അദ്ദേഹത്തിന് ഭരണത്തിൽ ആശ്രയിക്കാനുള്ളത്. അവസാനം വരെ തനിക്ക് അനുകൂലമായി തീരുമാനമെടുക്കുന്നതിൽ അറച്ചു നിന്ന ഹൈക്കമാന്റാണ് പാർട്ടി തലത്തിൽ അദ്ദേഹത്തിന് പിന്തുണ നൽകേണ്ടതും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തേണ്ടതും.

പിന്തുണ നൽകിയവർ ജനസാമാന്യം അഥവാ പൗരസമൂഹം എന്ന ഒരു പൊതു സഞ്ചയമല്ല. സഖ്യകക്ഷികളും സമുദായ സംഘടനകളും ചേർന്ന,വ്യത്യസ്ത താല്പര്യങ്ങളും രാഷ്ട്രീയവും പിന്തുടരുന്ന കൂട്ടങ്ങളാണ്. പ്രചാരണ വേളയിൽ സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം ഭരണത്തിൽ ഇരിക്കുമ്പോൾ അത്രതന്നെ നിരുപാധികമാവില്ല. കഴിഞ്ഞ ഇടത് സർക്കാരിന് നേരെ ഉയർന്ന കടുത്ത വിമർശനങ്ങളിൽ ഒന്ന് എസ്എൻഡിപി യോടും എൻഎസ്എസ് നോടും അവസാനകാലത്ത് വഴങ്ങിയ ജനാധിപത്യവിരുദ്ധമായ ഒത്തുതീർപ്പുകൾ ആയിരുന്നു. ആ സംഘടനകൾക്കും ക്രിസ്തീയ സഭാധ്യക്ഷർക്കും തന്റെ പാർട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണി ഭരണത്തിൽ യാതൊരു കൈകടത്തലും അനുവദിക്കില്ല എന്നതാണ് സതീശന്റെ പ്രഖ്യാപിത നിലപാട്.അത് പാലിക്കുവാനും ആർ എസ് എസ്,ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളോടും അതേ സമീപനം പുലർത്താനും ഭരണനേതൃ സ്ഥാനത്ത് എത്തുന്നതോടെ അദ്ദേഹം ബാധ്യസ്ഥനാവുന്നു.

നിയമസഭയിൽ പുതിയതായി വന്ന മൂന്ന് ബിജെപി അംഗങ്ങൾ സർക്കാറിനും കേന്ദ്രത്തിനും ഇടയിൽ ഒരു പാലമായി പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കാൻ വയ്യ എന്നതാണ് ഇതുവരെയുള്ള അവരുടെ പ്രതികരണങ്ങൾ നൽകുന്ന സൂചന. കേന്ദ്രം സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങളിൽ കൈ കടത്തുകയും വഴങ്ങാത്തപ്പോൾ അർഹമായ ഫണ്ട് വിഹിതം പിടിച്ചു വെയ്ക്കുകയും ചെയ്തതു മൂലം ഉണ്ടായ കടുത്ത സമ്മർദ്ദങ്ങളാണ് കഴിഞ്ഞ ഇടത് സർക്കാർ നേരിട്ട ഒരു പ്രധാനവെല്ലുവിളി. ആശാവർക്കർമാരുടെ ഓണറേറിയം മുതൽ സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ഫണ്ട് വരെ തടഞ്ഞു വയ്ക്കുകയും നീണ്ട കുടിശ്ശികയോടെ മാത്രം വിതരണം ചെയ്യുകയും ചെയ്യുന്നത് തിരുത്തി, ഫണ്ട് ഫ്ലോ സുഗമമാക്കുക തുടർന്നും വെല്ലുവിളി ആയിരിക്കും. എൻ. ഇ.പി.യിൽ ഒപ്പിടാനുള്ള നിർദ്ദേശം കഴിഞ്ഞദിവസം കേന്ദ്രം വീണ്ടും മുന്നോട്ടുവെച്ചിരുന്നു. പ്രതിപക്ഷനേതാവായിരിക്കെ സ്വാഭാവികമായും ഇരകളുടെ നാവാവുക യിരുന്നു സതീശൻ. കേന്ദ്രത്തിനെതിരെ പ്രതിഷേധം ഉയർത്തുകയോ സർക്കാരിന്റെ പ്രതിരോധങ്ങൾക്ക് പിന്തുണ നൽകി ശക്തിപകരുകയോ ചെയ്തിട്ടില്ല. വിമർശനത്തിൽ ഒതുങ്ങുകയായിരുന്നു പ്രതിപക്ഷം. ഇപ്പോൾ റോൾ മറി ച്ചായിരിക്കുന്നു. ഈ റോളും ആർജ്ജവത്തോടെ കൈകാര്യം ചെയ്തു സംസ്ഥാനതാല്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സതീശന് കഴിയട്ടെ.

സർക്കാരിന്റെ ഭരണവിജയങ്ങളിലും പരാജയങ്ങളിലും പ്രധാന പങ്കു വഹിക്കുന്നവരാണ് ഉദ്യോഗസ്ഥർ. വരുമാന പരിമിതിയുള്ള നമ്മുടെ സംസ്ഥാനം നിന്ന നിലയിൽ നിൽക്കാതെ കാലോചിതമായ വികസനവുമായി മുന്നോട്ടുപോകാൻ ഉറച്ചപ്പോൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ കിഫ്‌ബി തുടർന്നും കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നത് ഉചിതമായിരിക്കും. ഉറപ്പും തുടർച്ചയുമുള്ള സ്രോതസ്സുകൾ,ഭാവിയിലേക്കും വർദ്ധനവോടെ തുടരാൻ സാധ്യതയുള്ള തിരിച്ചടവ് മാർഗ്ഗം എന്നിവ കിഫ്‌ബിയെ പുതിയ സർക്കാരിനും സ്വീകാര്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു സർക്കാരിന്റെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ ഉദ്യോഗസ്ഥരുണ്ട്. അതേപോലെ കോട്ടങ്ങൾക്ക് പിന്നിലും. ഭൂമി തരം മാറ്റൽ, പാർപ്പിടങ്ങൾക്ക് വരുത്തിയ ഭേദഗതികൾക്ക് മേൽ മുൻകാല പ്രാബല്യത്തോടെ അധികനികുതി ചുമത്തൽ തുടങ്ങി മുൻ സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കാൻ ശ്രമിച്ച വിഭവസമാഹരണമാർഗങ്ങൾ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കും അനാസ്ഥയും മൂലം ഫലം കാണാതെ ഫയലുകളിൽ ഉറങ്ങുന്നത് ഉദാഹരണം.
നാനാതുറകളിൽ പെട്ട ജനത്തിന്റെയും വിരോധവും എതിർപ്പും ക്ഷണിച്ചു വരുത്തുന്ന പോലീസ് അതിക്രമങ്ങളും ഏതൊരു സർക്കാരിനും തലവേദനയാണ്. അലകും പിടിയും മാറിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സാമൂഹ്യവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് വഴിവെക്കാനിടയുണ്ട്.

തെരഞ്ഞെടുപ്പ് കാലത്ത് പരക്കെയുള്ള ചർച്ചകളിലേക്ക് വന്ന ചില പ്രശ്നങ്ങൾ നിയുക്ത മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുക എന്നതായിരുന്നു ഉദ്ദേശം. അവ അവധാനതയോടെ കൈകാര്യം ചെയ്യുകയും ഒപ്പം നീതി ആയോഗിന്റെ സൂചികകളിൽ പലതിലും മുന്നിൽ സംസ്ഥാനത്തെ എത്തിച്ച പുരോഗമനോന്മുഖമായ പദ്ധതികൾക്ക് തുടർച്ച ഉറപ്പുവരുത്തുകയും ചെയ്യാൻ നിയുക്ത മുഖ്യമന്ത്രിക്കും സർക്കാരിനും കഴിയട്ടെ. ഉന്നത വിദ്യാഭ്യാസരംഗത്തും ആതുര ശുഷ്‌റൂഷാരംഗത്തും ചൂണ്ടിക്കാണിക്കപ്പെട്ട പോരായ്മകൾ പരിഹരിച്ച് തെരഞ്ഞെടുപ്പ് ഫലത്തോട് നീതി പുലർത്താൻ കഴിയട്ടെ. ജനഹിതം സാക്ഷാൽക്കരിക്കുവാനുള്ള ഭരണ യജ്ഞത്തിൽ ജനങ്ങളോടൊപ്പം ആശംസകൾ നേരുന്നു.

കവർ : സി പി ജോൺസൺ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.