കേൾക്കുന്നുണ്ടോ…? വരണ്ടുപോയ ഈ മണലാരണ്യത്തിലിരുന്ന് വറ്റിപ്പോയ പുഴയുടെ പാട്ട് നിങ്ങൾ കേൾക്കുന്നുണ്ടോ…? മറന്നുവെച്ച ഗൃഹാതുര സ്മരണകളിൽ ഇപ്പോഴും ഒരു വേനൽത്തുമ്പി ചിറകൊതുക്കുന്നത് നിങ്ങൾ അറിയുന്നുണ്ടോ…? ഇത് 93.7 റേഡിയോ ഗപ്പി… എക്കോ ഫിൽറ്ററിനു പിന്നിലുറപ്പിച്ച ഹൈ പിച്ച് മൈക്രോഫോണിൽ ഇലോഷ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.
ഒരു റേഡിയോ ജോക്കി അങ്ങനെയാണ്. മൗനം കട്ടപിടിച്ച ഇരുട്ടിലേക്ക് നോക്കി വെറുതെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. മരുഭൂമിയിൽ ഉത്തരങ്ങളേക്കാൾ ചോദ്യങ്ങളാണ് കൂടുതലെന്ന് ഇലോഷയ്ക്കറിയാം. വരണ്ട നാക്കുകൊണ്ട് മരുമുള്ളുകളെ വേട്ടയാടിത്തളരുന്ന ഒട്ടകങ്ങൾ ഇത്തരത്തിൽ ഒരായിരം ചോദ്യങ്ങൾ മണൽക്കാറ്റിനോട് ചോദിച്ചിട്ടുണ്ടാവും.. ഇന്നേവരെ ഒരു സഞ്ചാരിയും അത് കേട്ടിട്ടുണ്ടാവില്ല. തേട്ടിയിട്ടും തേട്ടിയിട്ടും അയവിറക്കാനാകാതെ പോയ മൊസാംബിയൻ വിഷക്കൂണുപോലെ വിശാലമായ ഈ മണലാരണ്യത്തിൽ എവിടെയോ അവ ഘനീഭവിച്ചുകിടപ്പുണ്ടാവുമെന്ന് ഇലോഷയ്ക്ക് തോന്നി.
എന്നും വൈകിട്ട് ആറിന് ഇലോഷയുടെ ഇത്തരം ചോദ്യങ്ങൾക്കുവേണ്ടി ഗൾഫ് നാടുകളിൽ പതിനായിരങ്ങൾ കാത്തിരിപ്പുണ്ടെന്നാണ് റേഡിയോ ഗപ്പിയുടെ റേറ്റിങ്ങിനെപ്പറ്റി സർവേ നടത്തിയ കമ്പനി പറഞ്ഞത്. ശരിയായിരിക്കും. വിജനമായ ദ്വീപിൽ ഒറ്റപ്പെട്ടുപോയവർക്ക് നക്ഷത്രങ്ങളല്ലാതെ മറ്റാരാണ് പഴയ നാട്ടുവഴികളെക്കുറിച്ചും മറന്നുവെച്ച നിലാവെളിച്ചങ്ങളെക്കുറിച്ചും പറഞ്ഞുകൊടുക്കുക-?
കേൾക്കുന്നുണ്ട് എന്ന് ആംഗ്യകാണിച്ച് സഹപ്രവർത്തകയും റൂം മേറ്റുമായ നിധി സാമുവൽ മുറിയിലേക്ക് കടന്നുവന്നത് പെട്ടെന്നാണ്. നിധിയെപ്പൊഴും അങ്ങനെയാണ്. പൂച്ചയെപ്പോലെ പതുങ്ങിയേ നടക്കൂ. ആ നടത്തം അനൌൺസ്മെന്റ് റൂമിനരികെയെത്തിയതും വിസിറ്ററുണ്ടെന്ന് അവൾ ആംഗ്യം കാട്ടി.
സിദ്ധാർത്ഥാകില്ല. എട്ടുമണി കഴിഞ്ഞ് എത്താമെന്നല്ലേ അവൻ പറഞ്ഞത്. മരുഭൂമിയിലെ രാത്രികാല തണുപ്പിൽ ഹാർഡ്ലിയുടെ ആസുരതാളത്തിലൊരു റൈഡ് പറഞ്ഞുറപ്പിച്ചതാണ്. തണുത്തുറഞ്ഞ ഡെസേർട്ട് സഫാരിയുടെ നിഗൂഢമായ ഒറ്റയടിപ്പാതകളിലേക്ക് ആരാണ് പൊത്തിപ്പിടിച്ച് ഒരു യാത്ര ആഗ്രഹിക്കാത്തത്…
ഇലോഷയുടെ കണ്ണ് പെട്ടെന്ന് ടേബിൾ ടോപ്പ് കലണ്ടറിലേക്ക് പാഞ്ഞു. . ഓ… ഇന്ന് രണ്ടാം തീയതിയാണ്. അവളൊന്നു ഞെട്ടി. റാസൽ ഖൈമയിൽ നിന്ന് അസ്തർ എത്താൻ നേരമായി. ഇന്ന് ശമ്പളദിവസമാണെന്ന് അവനറിയാം. ഇത്തായ്ക്ക് വലിയ ആവശ്യമൊന്നുമില്ലല്ലോ. പണത്തിന് കൈനീട്ടുമ്പോൾ അവൻ എപ്പോഴും പറയും. ഞാൻ കൊടുക്കുന്ന കാശ് എണ്ണിനോക്കാതെ കീശയിലിട്ട് ഓഫിസിന്റെ ഗേറ്റ് പിന്നിടും വരെ വരണ്ട വെറും ചിരി ചിരിക്കും. കൂട്ടുകാരുമൊത്തുള്ള അന്നത്തെ രാത്രി പാർട്ടികളിൽ പതഞ്ഞുയരുന്ന ബീയർ ബോട്ടിലുകളുടെ എണ്ണം കൂടിയിട്ടുണ്ടാവും.
നാട്ടിൽ നിന്ന് വിസിറ്റിങ് വീസയിൽ അവനെ കയറ്റിവിടുമ്പോൾ ഇത്താത്ത പറഞ്ഞു..
“ഞങ്ങളെക്കൊണ്ട് പറ്റാണ്ടായി മോളേ. അവനെന്തൊക്കെയോ മാറ്റം. മഞ്ഞ പാക്കറ്റ് പൊട്ടിച്ച് എന്തൊക്കെയോ ഒരു കൂട്ടം കഴിക്കുന്നുണ്ട്. കഴിച്ചാലും കഴിച്ചില്ലേലും ബഹളമാണ്. പഠിക്കാൻ പോവില്ല. മാനത്തേയ്ക്കുനോക്കി ഒരേയിരിപ്പിരിക്കും. ഊണുമേശയിൽ വന്നിരുന്ന് ഭക്ഷണം കഴിച്ചെന്നുവരുത്തും. ഇത് കണ്ട് എന്റെ മനസ്സിൽ എന്തൊക്കെയോ ആധി…”
ഉമ്മച്ചി മരിച്ചപ്പോൾ മുതൽ അസ്തർ അങ്ങനെയാണെന്ന് ഇലോഷ ഓർത്തു. നിർത്താതെ ചിരിച്ചുകൊണ്ടിരിക്കും. വാപ്പച്ചിയേക്കാൾ ഉമ്മ കർമ്മലീത്തയോടായിരുന്നു അസ്തറിനിഷ്ടം. ഒരു ദിവസം അവൻ ചോദിച്ചു… “ഇത്താ… എന്തിനാ ഉപ്പ ഉമ്മച്ചീനെ കൊന്നത്?”
ഏകാന്തമായ രാത്രികളിൽ നിർത്താതെ പരസ്പരം കലഹിക്കുന്ന ചീവീടുകളോടൊപ്പമുറങ്ങുമ്പോൾ ഇലോഷ സ്വയം ചോദിച്ചിട്ടുണ്ട് ഈ ചോദ്യം. “എന്തിനാണ് കൊന്നത്? ഇഷ്ടമായിരുന്നല്ലോ രണ്ടുപേർക്കും. ആ ഇഷ്ടത്തിനിടയിൽ ആരാണ് മതിൽ കെട്ടിയത്..?”
ഒരു ദിവസം, വാപ്പച്ചി ലോറിപ്പണി കഴിഞ്ഞ് തിരിച്ചുവന്ന ദിവസം. അലക്കാനെടുത്ത ഷർട്ടിന്റെ പോക്കറ്റിൽ മൂക്കുത്തിയുടെ ചുവന്ന കല്ലുണ്ടായിരുന്നു. ഇതാ തമിഴത്തിയുടേതല്ലേ എന്നു ചോദിച്ച് ഉമ്മ കലിതുള്ളി. വിയർത്തൊട്ടിയ ബനിയനിൽ കയറിപ്പിടിച്ചത് വാപ്പച്ചിക്കിഷ്ടായില്ല. ഉമ്മച്ചീനെ പിടിച്ചൊരു തള്ളായിരുന്നു… തല ചുമരിലിടിച്ച് ഉമ്മച്ചി വീണു. വാർന്നൊഴുകിയ രക്തം അടുക്കള വാതിലിനിടയിലൂടെ സ്വന്തം കാലുകളെ പൊള്ളിച്ചപ്പോഴേ ഇലോഷയ്ക്ക് അപകടം മനസ്സിലായുള്ളൂ. സഹായത്തിന് വിളിച്ചുകൂകി ഓടിയതാണോ സ്വരക്ഷയ്ക്കായി ഓടിയതാണോയെന്ന് ഇലോഷയ്ക്ക് ഇന്നും അറിഞ്ഞുകൂടാ.
ആശുപത്രിയിലെത്തിക്കും മുൻപേ പള്ളിയിൽ വാങ്ക് വിളിയുയർന്നത് ഓർമ്മയുണ്ട്. വാപ്പച്ചിക്ക് അപ്പോഴേ ബോധമുദിച്ചുള്ളൂ. മൂക്കുത്തി വലിച്ചെറിഞ്ഞ് വാപ്പച്ചി പുറത്തേയ്ക്കോടി. ആംബുലൻസിന്റെ പുറകെ വെച്ചുപിടിച്ചുള്ള ഓട്ടം പൊലീസ് സ്റ്റേഷന്റെ വരാന്തയിലാണ് അവസാനിച്ചത്. നിലാവസ്തമിച്ചാലും വറ്റിത്തീരാത്ത വിഷക്കൂണുകളിലൊന്നായി ആ ചുവന്ന മൂക്കുത്തി ഇലോഷയുടെ മനസ്സിൽ ചുട്ടുപഴുത്തുകിടന്നു. ഒറ്റക്കാലിൽ സാന്താൾനൃത്തം ചെയ്യുന്ന ഏതോ പ്രാചീന കലാസൃഷ്ടി പോലെ.
വാപ്പച്ചി പരോളിലിറങ്ങും മുമ്പാണ് ഇലോഷ മിഡിൽ ഈസ്റ്റിലേക്ക് വിമാനം കയറിയത്. പിടിച്ചുനിൽക്കാൻ ഒരു കച്ചിത്തുരുമ്പ് വേണമായിരുന്നു. ഉമ്മച്ചിയുടെ ആങ്ങള കമറുദ്ദീനാണ് വീസ തരപ്പെടുത്തിയത്. മലയാളികൾക്കുവേണ്ടി പുതുതായി തുടങ്ങുന്ന എഫ്എമ്മിലേക്ക് റേഡിയോ ജോക്കിയെ വേണം. ഡിഗ്രി സർട്ടിഫിക്കറ്റല്ല, കോളജിലെ സ്ഥിരം പ്രോഗ്രാം അനൗൺസറെന്ന് ബയോയിൽ അലക്ഷ്യമായി കുറിച്ച വാചകമാണ് തുണച്ചത്. നിയമന ഉത്തരവ് കൈയിൽ കിട്ടിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി.
പിന്നെ ഇതുവരെ കേൾക്കാത്ത സ്വന്തം ശബ്ദത്തിന്റെ മാസ്മരികതയിലായിരുന്നു ഇലോഷ. മരുഭൂമിയിൽ ഒറ്റപ്പെട്ടുപോയ മനസ്സുകൾ ഈ ഒരൊച്ചയ്ക്കുപുറകെ പായാൻ അധികനാൾ വേണ്ടിവന്നില്ല. നാട്ടിലെ പുഴയുടെ തണുപ്പിലേക്കും ഇടവഴികളുടെ അറ്റമില്ലാത്ത നിഴലുകളിലേക്കും മലഞ്ചെരിവുകളിൽ പൂത്തുനിൽക്കുന്ന നീലക്കുറുഞ്ഞികളുടെ നീണ്ട മൗനത്തിലേക്കും ഇലോഷ അവരുടെ കൈ പിടിച്ചു. പിറന്ന മണ്ണിന്റെ നനവിൽ മരുക്കാറ്ററിയാതെ അവരെ പുതപ്പിച്ചു.
ഇലു എന്ന രണ്ടക്ഷരത്തിലേക്ക് വലുതായി വരുന്നതിനിടയിലാണ് മിയ എന്ന പൂച്ചക്കുട്ടി ഇലോഷയുടെ ജീവിതത്തിന്റെ ഭാഗമായത്. നിധി നാട്ടിൽപ്പോയ സമയം. ഒറ്റമുറി ഫ്ലാറ്റിലെ ഏകാന്തതയുടെ ആഴം വിഷക്കൂണുപോലെ മുളച്ചുപൊന്താനാരംഭിച്ചിരുന്നു. കൂണിന്റെ പാതിവിടർന്ന തലപ്പ്, ഉമ്മച്ചിയുടെ മുഷിഞ്ഞ തട്ടത്തിന്റെ ഞൊറികൾപോലെ പത്തിവിടർത്തിയാടാൻ തുടങ്ങുമ്പോൾ, ജനൽക്കർട്ടനിൽ മുറുകെപ്പിടിച്ച് ആകാശത്തേക്ക് നോക്കി ഇലോഷ വിളിക്കും… ന്റെ ബദിരീങ്ങളേ… ഉമ്മച്ചീനെ കാത്തോളണേ.
ബ്രോഡ്കാസ്റ്റിങ് കഴിഞ്ഞ്, റൂമിലേയ്ക്കു മടങ്ങും മുമ്പ് ഉമ്മച്ചിയെന്ന നികത്താനാകാത്ത വാക്വത്തെപ്പറ്റി പ്രോഗ്രാം കോ. ഓർഡിനേറ്റർ അരുണിനോട് പറഞ്ഞതോർമ്മയുണ്ട്. പരിഹാരമുണ്ടാക്കാം.. അരുൺ തലയാട്ടി. കഴിയുന്നതും ഒറ്റവാക്കിലൊതുക്കിയാണ് അരുൺ സംസാരിക്കുക. മൈക്കിനുമുമ്പിൽ യുവാക്കളോട് ചറപറാപറയുന്ന റേഡിയോ ജോക്കിയാണതെന്ന് അപ്പോൾ തോന്നുകയേയില്ല.
പിറ്റേന്നുവരുമ്പോൾ അരുണിന്റെ കൈയിൽ ലാംഗിയുടെ മണമുള്ള ചൂരൽക്കുട്ടയുണ്ടായിരുന്നു. കുട്ട നീട്ടി അരുൺ പറഞ്ഞു. “ഇലോഷയ്ക്ക് ഇനി നിശബ്‌ദത തോന്നുകയേയില്ല.”
കുട്ട ചെറുതായി അനങ്ങുന്നുണ്ടോ…? ഇലോഷയ്ക്ക് സംശയമായി. അതിന്റെ മൂടി മെല്ലെ തുറന്നുവന്നു. രണ്ട് വെള്ളാരങ്കണ്ണുകൾ ഇലോഷയെ തൊട്ടുഴിഞ്ഞു. പഞ്ഞിക്കെട്ടുപോലുള്ള പേർഷ്യൻ പൂച്ചക്കുട്ടിയായിരുന്നു അത്. ബ്രോഡ്കാസ്റ്റിങ് മുറിക്കുപുറത്ത് ഓടിനടന്ന പൂച്ചക്കുട്ടിക്ക് മിയ എന്നുപേരിട്ടത് അരുണാണ്.
ഫ്ലാറ്റിലെത്തിയാൽ മിയ ശ്രോതാവും ഇലോഷ പ്രഭാഷകയുമാകും. ഇലോഷയുടെ അനക്കം കേട്ടാൽ മതി മിയ ഓടിയെത്തും. പാദസരമിട്ട കണങ്കാലിലുരുമ്മി വട്ടം ചുറ്റും. മ്യാവൂ എന്ന് കരഞ്ഞുകൊണ്ട് മടിയിലേക്കോടിക്കയറും. ക്യൂട്ടക്സിട്ട് ചുവപ്പിച്ച നേർത്ത വിരലുകൾക്കുള്ളിൽ മുഖമൊളിപ്പിക്കും. കാലത്ത് കിടക്കയിൽ ഇലോഷയെ വിളിച്ചുണർത്തുന്നത് മിയയാണ്. നാട്ടിൽനിന്ന് നിധി തിരിച്ചെത്തുമ്പോഴേക്കും മിയയെന്ന പേർഷ്യൻ സുഗന്ധത്തിൽ ആണ്ടുപോയിരുന്നു ഇലോഷ.
നിധി വന്നതിന്റെ രണ്ടാമത്തെ ആഴ്ചയാകണം… അസ്വസ്ഥത പ്രകടിപ്പിച്ച മിയയെ വെറ്ററിനറി ഡോക്ടറെ കാണിക്കാൻ ഇറങ്ങിയതായിരുന്നു ഇലോഷ. എതിർ ട്രാക്കിലുള്ള ടാക്സി പിടിക്കാൻ ധൃതിയിൽ റോഡ് മുറിച്ചുകടന്നത് ഓർമ്മയുണ്ട്. ഉണർന്നത് അടച്ചിട്ട ചില്ലുകൂട്ടിലാണ്. ബോധാവസ്ഥയിൽനിന്നുള്ള തിരിച്ചിറക്കം ഐസിയുവെന്ന മൂന്നക്ഷരത്തിൽ കുരുങ്ങിനിന്നു. നഴ്സ് ആവർത്തിച്ച് എന്തോ ചോദിക്കുന്നുണ്ടായിരുന്നു. വിദൂരതയിൽ ചിതറിത്തെറിച്ച ഉൽക്കകളുടെ ഇരമ്പംപോലെ അത് ശൂന്യതയിൽ വിലയംപ്രാപിച്ചു.
പിറ്റേ ദിവസം ഓക്സിജൻ മാസ്ക് അഴിച്ചുമാറ്റുമ്പോൾ നഴ്സ് ചോദിച്ചു. “ഇന്ന് ഏതാ തീയതി എന്നറിയാമോ?”
ഇലോഷ ടേബിൾ ടോപ്പ് കലണ്ടർ പരതി. ഇല്ല, അത് അവിടെയില്ല. അതുമാത്രമല്ല, മൈക്കും സ്റ്റോറി ബോർഡുമില്ല. കാപ്പി കപ്പ് വയ്ക്കുന്ന മാറ്റില്ല. നിധിയുടെ ഒച്ചയനക്കങ്ങളില്ല. ഡ്രിപ്പ് സ്റ്റാൻഡിൽ ഒരു പുഴ തുള്ളികളായി കിഴക്കോട്ടൊഴുകുന്നുണ്ട്.
“മിയ എവിടെ?“ വരണ്ട തൊണ്ടയിൽ നിന്ന് ഇലോഷയുടെ വാക്കുകൾ അടർന്നുവീണു. ആ വാക്കുകൾക്ക് മുമ്പെങ്ങുമില്ലാത്ത കനക്കുറവുണ്ടായിരുന്നു. നഴ്സ് പുറത്തേക്ക് വിരൽ ചൂണ്ടി. എന്നിട്ട് പതുക്കെ പറഞ്ഞു.. “സിദ്ധാർത്ഥ്… മിയ സിദ്ധാർത്ഥിന്റെ കൈയിലാണ്.”
അസ്തറായിരിക്കും.. നഴ്സിന് തെറ്റിയതാകും. ഇലോഷ സമാധാനിക്കാൻ ശ്രമിച്ചു. “ഇന്നേതാ തീയതി.? അവൻ വന്നുപോയിട്ട് അധികദിവസമായിട്ടില്ലല്ലോ..?” ആരോടെന്നില്ലാതെ അവൾ ചോദിച്ചു.
“ഇലോഷയ്ക്ക് കഴിഞ്ഞതൊന്നും ഓർമ്മയില്ലേ? നഴ്സ് വീണ്ടും ചോദിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബൈക്കിടിച്ച് വീണ ഇലോഷയെ സിദ്ധാർത്ഥല്ലേ ആംബുലൻസിൽ ഇവിടെ എത്തിച്ചത്. വരുമ്പോൾ കൈയിൽ കരഞ്ഞുകൊണ്ട് മിയയുമുണ്ടായിരുന്നു. ഞാൻ വിളിക്കാം. ആൾ പുറത്തിരിപ്പുണ്ടാകും. “
വലതുകാലിൽ തുലാസിന്റെ തൂക്കക്കട്ടികൾ കയറ്റിവെച്ചതുപോലെ തോന്നി ഇലോഷയ്ക്ക്. ഒരു തട്ടേയുള്ളൂ. ശൂന്യമായ മറ്റേതട്ടിൽ ഇരുട്ടാണ്. പൊട്ടിയ നങ്കൂരം പോലെ കടലിന്റെ അടിത്തട്ടിലേക്ക് അത് പതിയെ ആണ്ടുപോവുകയാണ്.
മരുഭൂമിയിലെ ശൂന്യതയുടെ ആഴമെന്തെന്ന് ഇലോഷ ആദ്യമായറിഞ്ഞു. നക്ഷത്രങ്ങൾ കെട്ടുപോയിരുന്നു. കാറ്റിന്റെ ഇരുണ്ട മൂളക്കം
തിടംവെച്ചു വളർന്ന് മരുക്കാറ്റായി മാറുന്നതിനിടയിൽ വാതിൽ പാതി തുറന്ന് ഒരു ചെറുപ്പക്കാരൻ അകത്തേയ്ക്ക് കടന്നുവന്നു. കൈയിൽ ഒതുക്കിപ്പിടിച്ച ടർക്കിയിൽ മിയ ചുരുണ്ടുകിടപ്പുണ്ടായിരുന്നു.
ഇലോഷയെ കണ്ടതും മിയ ചാടിയിറങ്ങി. തൂക്കക്കട്ടികൾ കയറ്റിവെച്ച കാലുകളിൽ തൊട്ടുരുമ്മി കരയാൻ തുടങ്ങി. ഇടതുകാലിൽ മിയയുടെ നനുത്ത മുഖമുരുമ്മിയത് ഇലോഷക്കോർമ്മയുണ്ട്. വലതു കണങ്കാലിലെ ഡെറ്റോൾ മണക്കുന്ന പഞ്ഞിക്കെട്ടു കണ്ടാകണം, മിയ ഭയന്ന് വട്ടം ചാടി. മുട്ടിനുതാഴെ കട്ടപിടിച്ചുകിടന്ന ഇരുട്ടിലേയ്ക്കുനോക്കി ഇലോഷ കരഞ്ഞു.
“വിഷമിക്കാതെ ഇലോഷ, നമുക്ക് ഇതിനേക്കാൾ നല്ലതൊന്ന് പിടിപ്പിക്കാം… നൃത്തം ചെയ്യാൻ പറ്റുന്ന തരത്തിലൊന്ന്. മൌണ്ട് എവറസ്റ്റ് കയറാൻ പറ്റുന്നത്ര ഉറപ്പുള്ളത്. ഇനിമുതൽ എവിടെയും ഞാനുണ്ടാകും ഒപ്പം.” ജയ്പൂരുകാരനായ സിദ്ധാർത്ഥ് സമാധാനിപ്പിച്ചു. സ്വന്തം ബൈക്കിടിച്ചതിലുള്ള കുറ്റബോധം ആ മുഖത്തുണ്ടായിരുന്നു.
കരയില്ലെന്നുറപ്പിച്ചതാണ്. എന്നിട്ടും കരഞ്ഞുപോയി. മൂന്നു മാസം കഴിഞ്ഞ് ഓഫിസിന്റെ ചവിട്ടുപടി കയറുമ്പോൾ ഇലോഷ ജയ്പൂരിൽനിന്ന് വണ്ടിയിറങ്ങിയ പുതിയ കുളമ്പടിയൊച്ച കേട്ടു.
സ്പീഡ് ബൈക്കിൽ മരുക്കാറ്റുകളോട് മത്സരിക്കുന്നതിലായിരുന്നു സിദ്ധാർത്ഥിന് കമ്പം. അത്തരമൊരു റൈഡിനിടയിലാണ് ഇലോഷയെ തട്ടിവീഴ്ത്തിയത്. അതിന്റെ കുറ്റബോധത്തിൽ അവൻ എന്നും വിളിക്കും. കോഫി ഷോപ്പിൽ കൊണ്ടുപോകും. ഇന്ന് ഡെസർട്ട് സഫാരിക്ക് കൊണ്ടുപോകാമെന്ന് വാക്കുതന്നതാണ്. ഇലോഷ തിരക്കിട്ട് തയാറായി.
ഞാനിന്ന് നേരത്തെ ഇറങ്ങും. ചിലപ്പൊഴേ വരൂ… ഇലോഷയെ കാത്തുനിൽക്കാതെ തിരക്കിട്ടിറങ്ങുമ്പോൾ നിധി പറഞ്ഞു. പതിവുദിവസത്തേക്കാൾ ഊർജസ്വലയും സുന്ദരിയുമാണ് നിധിയെന്ന് ഇലോഷയ്ക്ക് തോന്നി.
ദൂരെ ഇരമ്പിയാർത്ത, ബൈക്കിന്റെ ശബ്ദം അടുത്തടുത്ത് വന്നു. സിദ്ധാർത്ഥാകും. ഇലോഷ തിടുക്കപ്പെട്ട് കൃത്രിമക്കാൽ നേരെയാക്കി ഷൂസിട്ടു. പടിക്കെട്ടിറങ്ങുമ്പോൾ അറ്റമില്ലാത്ത മരുഭൂമിയുടെ തണുപ്പായിരുന്നു മനസ്സിൽ.
താഴെ ലോബിയിലെത്തിയപ്പോഴേക്കും ഹാഡ്ലി ബൈക്ക് ഫസ്റ്റ് ഗിയറിൽ നീങ്ങിത്തുടങ്ങിയിരുന്നു. ബൈക്കിന്റെ പിൻസീറ്റിൽ സിദ്ധാർത്ഥിനെ വട്ടംപിടിച്ച് നിധി എന്തോ ഉറക്കെപ്പറയുന്നുണ്ട്. ഇലോഷ അത് കേട്ടില്ല. ബൈക്കിന്റെ പിന്നിൽ ഒരു മരുക്കാറ്റ് നൃത്തം ചെയ്യുകയാണ്.. നിലച്ചുപോയ താളങ്ങൾക്കും ഈണങ്ങൾക്കും ചെവിയോർക്കാതെ.
കവർ : സി പി ജോൺസൺ