പൂമുഖം പുസ്തകപരിചയം ഇരുളിലാണ്ട ചരിത്രത്തിൻ്റെ പെരുങ്കളിയാട്ടം

ഇരുളിലാണ്ട ചരിത്രത്തിൻ്റെ പെരുങ്കളിയാട്ടം

‘രാവ് കറ്ത്താലും
രാവിൻ്റെയുള്ളില്
സൂരിയനുണ്ട്
പെരിയോരു
സൂരിയൻ’
(പൊട്ടൻ തെയ്യം തോറ്റം)

അംബികാസുതൻ മാങ്ങാടിൻ്റെ ഫിക്ഷണൽ ഭാവന തെയ്യത്തിൽ നിന്ന് ചരിത്രത്തിലേക്കും ചരിത്രത്തിൽ നിന്ന് തെയ്യത്തിലേക്കും ദ്വിവിധസഞ്ചാരം നടത്തുന്നു, മാനവികതയുടെയും ത്യാഗത്തിൻ്റെയും ബലിയുടെയും പ്രതിരോധത്തിൻ്റെയും ജീവൽ കഥകൾ ഉൽഖനനം ചെയ്തെടുക്കുന്നു, ജാത്യാചാരത്തിനും അധികാര ബലതന്ത്രങ്ങളുടെ ഉപജാപങ്ങൾക്കും രക്തസാക്ഷികളായ ധീരമാനിതരുടെ ഇരുളിലാണ്ട കഥകൾക്കു മേൽ ഭാവനയുടെ സൂര്യനുദിക്കുന്നു, ഒരു തരത്തിൽ ‘വിമോചന തെയ്യ ശാസ്ത്രമെന്ന് ഈ ആഖ്യാനങ്ങളുടെ രാഷ്ട്രീയത്തെ വിശേഷിപ്പിക്കാം. നരവംശചരിത്രവും ജാത്യാചാരങ്ങളും സാംസ്കാരികാധിനിവേശങ്ങളും കീഴാളരുടെയും സ്ത്രീകളുടെയും അധികാരപ്രതിരോധവുമെല്ലാം തെയ്യാരാധനകളിൽ, ആചാരങ്ങളിൽ, മിത്തുകളിൽ, തെയ്യം വാചാലുകളിൽ സംഭൃതമായിരിപ്പുണ്ട്. അവയിലെ സൂചക,സൂചിതങ്ങളെ, വാക്കുകളെ അനുധാവനംചെയ്ത് ഈ എഴുത്തുകാരൻ നമ്മെ നയിക്കുന്നത് തുളുനാടിൻ്റെ പ്രാക് ചരിത്രത്തിലേക്കാണ്. ഉത്തരമലബാറിൻ്റെ പ്രാക് ചരിത്രനിർമ്മിതി അക്കാദമിക് ചരിത്രകാരന്മാർക്ക് ബാലികേറാമലയാണ്. സി. ബാലൻ മാഷിനെപ്പോലുള്ളവർ നടത്തിയ പ്രാദേശിക ചരിത്രരചനായത്നങ്ങൾ മാത്രമേയുള്ളൂ. തെയ്യം കഥാസൂചനകളെ പിന്തുടർന്ന് പ്രാക് ചരിത്രത്തിലേക്ക് അംബികാസുതൻ സാഹസികസഞ്ചാരം നടത്തുന്നു. സംഭവ്യതകളുടെയും സാധ്യതകളുടെയും ഭാവനാചരിത്രം പക്ഷേ നമ്മെ വിസ്മയിപ്പിക്കുന്നു. നൈർമ്മല്യവും യുക്തിയും കലർന്ന ഫിക്ഷണൽ ഭാവനയാൽ ചരിത്രത്തെ വീണ്ടെടുക്കുന്നു. ചരിത്രാഖ്യായിക യിലെ ഒരു പുതുവഴി തെളിക്കലായി അല്ലോഹലൻ മാറുന്നത് നാം കൗതുകത്തോടെ അറിയുന്നു.

കോലത്തിരി രാജാവിൻ്റെ സാമന്തനായി അള്ളടം മുക്കാതം വാണിരുന്ന അല്ലോഹലൻ എന്ന അസാധാരണ ഭരണാധികാരിയെക്കുറിച്ച് ചരിത്രത്തിൽ ചെറിയ സൂചനകളേയുള്ളൂ. സാമൂതിരിനാടും കോലത്തിരിനാടും തമ്മിൽ സ്പർദ്ധ നിലനിന്നിരുന്ന വേളയിൽ കോലത്തിരി നാട്ടിലെ കേരളവർമ്മ യുവരാജൻ വേഷപ്രച്ഛന്നനായി സാമൂതിരികോവിലകത്ത് കടന്നുകൂടി രാജ്യതന്ത്രങ്ങൾ ചോർത്തിയെടുക്കാൻ ശ്രമിക്കവെ, സാമൂതിരിയുടെ അനന്തരവളുടെ പ്രണയത്തിൽ പെട്ടു പോയതും, അവളെ ഭാര്യയായി സ്വീകരിച്ചതും അതിൽ ജനിച്ച മകൾക്ക് കോലത്തുനാട്ടിലെ ഒരു പ്രദേശം അവകാശം നൽകിയതും , നീലേശ്വരം – അള്ളടം രാജവംശത്തിൻ്റെ ആവിർഭാവം അങ്ങനെയെന്നും ചരിത്രത്തിലെ ചെറു സൂചനകൾ .അല്ലോഹലൻ്റെ ചരിത്ര ആരൂഢം ഇതത്രേ. അധികാര കോയ്മകളുടെയും ജാതിരാഷ്ട്രീയത്തിൻ്റെയും നിഗൂഢ വഴികളിലേക്കാണ് നോവൽ സഞ്ചരിക്കുന്നത്. ബ്രാഹ്മണ്യത്തിന് പ്രവേശം നൽകാതിരുന്നതും ജാത്യാചാരങ്ങൾ പ്രോത്സാഹിപ്പിക്കാതിരുന്നതും സമഭാവനയുടെയും മാനവികതയുടെയും സാഹോദര്യത്തിൻ്റെയും തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ചതുമാണ് അല്ലോഹലനെ വ്യത്യസ്തനാക്കിയത്. അതിയാലിനെയും അളളടം മുക്കാതത്തെയും ഭരിച്ചിരുന്ന എട്ടു കുടക്കീഴിൽ പ്രഭുക്കന്മാർ എന്ന സാമന്തന്മാരിൽ ഒരാളായിരുന്നു അല്ലോഹലൻ. ഏഴു പ്രഭുക്കളും അദ്ദേഹത്തിൻ്റെ നേതൃത്വത്തെ അംഗീകരിച്ചിരുന്നു. നായരിൽ താഴ്ന്ന കോലോൻ ജാതിയിൽപെട്ടയാൾ ആയിരുന്നുവത്രേ അല്ലാഹലൻ. കോലത്തുനാടിൻ്റെ വൈദികബ്രാഹ്മണ്യഭരണത്തിന് ഇത് അലോസരമുണ്ടാക്കി. അല്ലോഹലനും പ്രഭുക്കളും കോലത്തിരിക്ക് എന്നും തലവേദന സൃഷടിച്ചു അളളടം നാടിനെ അല്ലോഹലൻ അഭിവൃദ്ധിയിലേക്കു നയിച്ചു. കോലത്തിരിയുടെ കല്പനകൾ ലംഘിച്ചു. ബുദ്ധമതക്കാർക്ക് അഭയം നൽകി. പുലയർക്ക് ആയുധാഭ്യാസം നൽകി. എല്ലാ മതസ്ഥരെയും ജാതി വിഭാഗങ്ങളെയും ഒന്നായി കണ്ടു. അല്ലോഹലഭരണത്തിൻ്റെ മാനവികാദർശം ബ്രാഹ്മണ്യത്തിൻ്റെ ഉപജാപങ്ങളിൽ തകരുന്നതിൻ്റെ ചരിത്രമാണ് നോവൽ ആഖ്യാനം ചെയ്യുന്നത്. നായർ വംശശുദ്ധി, അധികാരപദവി തുടങ്ങി രാഷ്ട്രീയ വിഷവിത്തുകൾ പാകിവളർത്തി, കോലത്തുനാട്ടിൽ നിന്നെത്തിയ ചാരൻ, പടനായകൻ കോമച്ചനെക്കൊണ്ട് അല്ലോഹലനെ വധിക്കുന്നു, കോലത്തിരി തനിക്ക് അധൃഷ്യനായ ഒരു സാമന്തനെ ചതിയിലൂടെ കീഴടക്കിയതിൻ്റെ കഥ മാത്രമല്ല ഈ നോവൽ. അധികാര ചരിത്രത്തോടൊപ്പം സംസ്കാര ചരിത്രത്തെക്കൂടി സൂക്ഷ്മവിശദാംശങ്ങളോടെ പ്രതിഫലിപ്പിക്കുന്നതിലാണ് എഴുത്തുകാരൻ ശ്രദ്ധിക്കുന്നത്.

അംബികാസുതൻ മാങ്ങാട്

തെയ്യങ്ങളുടെയും തെയ്യാരാധനയുടെ ഉല്പത്തിയുടെയും ചരിത്രമാണ് ഈ നോവലിൻ്റെ ആഖ്യാനത്തിലെ പ്രധാന ധാര. ജാതി മേൽക്കോയ്മയുടെ ഇരകളായിത്തീർന്ന വരാണ് പിൽക്കാലത്ത് തെയ്യങ്ങളായി തീർന്നത്. തോറ്റങ്ങളെയും മിത്തുകളെയും പിൻപറ്റി അവയെ നാടകീയവും ഭാവസാന്ദ്രവുമായി ആഖ്യാനം ചെയ്യുന്നു. കീഴാളരുടെയും സ്ത്രീകളുടെയും പ്രതിരോധത്തിൻ്റെയും രക്തസാക്ഷിത്വത്തിൻ്റെയും കഥകളാണ് ഓരോ തെയ്യങ്ങളും ജീവിച്ചിരിക്കെത്തന്നെ തെയ്യമായി മാറിയ പൊന്നിയമ്മയിലൂടെ പറയുന്നത്. ആരെയും കൂസാതെ നിർഭയമായി ജീവിച്ച പെണ്ണിൻ്റെ ധീരതയുടെയും കഥയാണ്. ശങ്കരാചാര്യരെ ചോദ്യം കൊണ്ട് ഉത്തരം മുട്ടിച്ച പൊട്ടൻ എന്ന് വിളിപ്പേരുള്ള പിന്നീട് പൊട്ടൻതെയ്യമായി മാറിയ അലങ്കാരൻ്റെ ദുരന്തം മറ്റൊരു കഥയാണ്. ബ്രാഹ്മണാധികാരം അലങ്കാരനെ അഗ്നിയിൽ ഹോമിക്കുന്നു, അവനെ ചോദ്യം ചോദിക്കുന്നവനാക്കി വളർത്തിയ ബുദ്ധവിഹാരത്തെയും ചാരമാക്കുന്നു. ചാത്തനും കരാച്ചിയും, ബന്ത്രു ക്കോലപ്പനും, ബിച്ചോർമ്മനും, നെടുമ്പാലിയനും, ചെറപ്പോതിയും തൊണ്ടച്ചനും ആഖ്യാനത്തിലൂടെ പുനർജ്ജനിക്കുന്നു. തുളുനാടിൻ്റെ സാംസ്കാരിക വൈവിധ്യങ്ങളുടെ ഈറ്റില്ലങ്ങളിലേക്ക് നോവൽ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. പൊലിയന്ദ്രവും, മറ്ത്ത്കളിയും കാമപൂജയും പാട്ടുസാഹിത്യത്തിൻ്റെയും മണിപ്രവാളത്തിൻ്റെയും പ്രചാരവുമെല്ലാം ഉൾപ്പെടുന്ന സാംസ്കാരികപാഠങ്ങൾ നോവലിൽ നിരത്തിയിരിക്കുന്നു. മുഖ്യധാരാ സംസ്കാരത്തിനെ പ്രതിരോധിച്ച തുളു സംസ്കൃതിയുടെ ഉറവകൾ തിരയുന്നു. ഇത്രമേൽ സാംസ്കാരിക വിശദാംശങ്ങളോടെ അടിത്തട്ടിൽ നിന്നു കൊണ്ടുള്ള ചരിത്ര ഭാവന മലയാളനോവൽകല ദർശിച്ചിട്ടില്ല തന്നെ.

ഈ നോവലിലെ പാരിസ്ഥിതിക ഭാവനയാണ് ഏറ്റവും ആകർഷകമായി തോന്നിയത്. ആവാസവ്യൂഹത്തെ സമഗ്രമായി സ്പർശിച്ചുകൊണ്ടാണ് അംബികാസുതൻ്റെ ആഖ്യാനം മുന്നേറുന്നത്. ഗതകാലത്തിൻ്റെ യഥാർത്ഥ പുന:സൃഷടിയെന്നു തോന്നും. കാർഷിക സംസ്കൃതി, വിത്തുകൾ, വിളകൾ, ജന്തുക്കൾ, പക്ഷികൾ, പൂക്കൾ, മരങ്ങൾ, കാട്, വന്യ ജീവികൾ, മഴ, പുഴകൾ, തോടുകൾ, മത്സ്യങ്ങൾ ,ഉരഗങ്ങൾ, കല, ആയോധനം, ആയുധം വസ്ത്രം, പാർപ്പിടം, ജാതി ഉപജാതിഭേദങ്ങൾ ക്ഷേത്രങ്ങൾ, ജ്യോതിഷം,വാസ്തുവിദ്യ, തുടങ്ങി സമസ്തവും ഛായാഗ്രഹണ കലയിലെന്ന പോലെ വാക്കുകളിൽ വർണ്ണനകളിൽ, കുടിയിരുത്തുന്നു. ശരിക്കും ചലച്ചിത്രകലയിലെന്ന പോലെ ദൃശ്യപ്പെരുക്കത്തോടെ.ചരിത്രം അനുഭൂതിയായി നിറയുന്നു, വടക്കൻ മലബാറിൻ്റെ വാമൊഴികളും നാട്ടുപദങ്ങളും ഉച്ചാരണഭേദങ്ങളും ഈ എഴുത്തുകാരൻ്റെ ജൈവ ഭാവനയ്ക്ക് തിളക്കമേറ്റുന്നു.സമഭാവനയുടെയും പാരസ്പര്യത്തിൻ്റെയും രാഷ്ട്രീയത്തെ ജാതി രാഷ്ട്രീയം തകർത്തെറിഞ്ഞതിൻ്റെ കഥയാണ് അല്ലോഹലൻ.’ജാതി വിഷം എത്രത്തോളം മനുഷ്യരെ തമ്മിലകറ്റുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നു എന്ന അന്നും ഇന്നും പ്രസക്തമായ പ്രമേയമാണ് ഈ നോവലിൽ അവതീർണ്ണമാകുന്നത് എന്ന് ‘നോവലിസ്റ്റ് പറയുന്നു. ബ്രാഹ്മണആചാര്യനെ വഴിയിൽ തടഞ്ഞു നിർത്തി പുലയൻ ചോദിച്ച ചോദ്യം,

“നീങ്കളെ കൊത്ത്യാലും ചോരല്ലേ ചൊവ്വറേ
നാങ്കളെ കൊത്ത്യാലും ചോരല്ലേ ചൊവ്വറേ
പിന്നെന്തിന് ചൊവ്വറ് കുലം പിശക് ന്നേ”
എന്ന ചരിത്രത്തിലെ ചോദ്യം ലോകം, ലജ്ജയോടെ കേൾക്കുക. അങ്ങനെ അല്ലോഹലൻ പുതിയ ബോധ്യങ്ങളിലേക്ക്, ഫിക്ഷൻ വായനയുടെ അനുഭൂതിയിലേക്ക് വായനക്കാരെ നയിക്കുന്നു.

ആർ ചന്ദ്രബോസ്

കവർ : ജ്യോതിസ് പരവൂർ

Comments

You may also like