പൂമുഖം LITERATUREലോകകഥ ഫ്രാൻസ് കാഫ്കയുടെ മൂന്നു കഥകൾ

ഫ്രാൻസ് കാഫ്കയുടെ മൂന്നു കഥകൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

1.എന്റെ അയൽക്കാരൻ

എന്‍റെ ബിസിനസ് പൂർണ്ണമായും എന്‍റെ ചുമലുകളിലാണ്‌. ഫ്രണ്ട് ഓഫീസിൽ ടൈപ്പ് റൈറ്ററുകളും ലെഡ്ജറുകളുമായി രണ്ടു സെക്രട്ടറിമാർ, പിന്നെ, മേശയും സേഫും കൺസൾട്ടിങ്ങ് ടേബിളും ഈസി ചെയറും ഫോണുമായി എന്‍റെ ഓഫീസ്- ഇത്രയുമാണ്‌ എന്‍റെ സെറ്റപ്പ്. എല്ലാറ്റിലും ഒരു കണ്ണു വയ്ക്കാനും മാത്രം അത്ര ലളിതം, കൊണ്ടുനടക്കാൻ വളരെ എളുപ്പം. ഞാൻ ചെറുപ്പമാണ്‌; എന്‍റെ ബിസിനസ് വളരെ സുഖമായി മുന്നോട്ടു നീങ്ങുന്നു; എനിക്കു പരാതികളില്ല, എനിക്കു പരാതികളില്ല.

തൊട്ടടുത്തുള്ള ഒഴിഞ്ഞ ഫ്ലാറ്റ് പുതുവർഷം കഴിഞ്ഞയുടനേ ഒരു ചെറുപ്പക്കാരൻ വന്നു വാടകയ്ക്കെടുത്തു; അതു വാടകയ്ക്കെടുക്കുന്നത് ബുദ്ധിമോശം കാരണം ഞാൻ നീട്ടിനീട്ടിക്കൊണ്ടുപോവുകയായിരുന്നു. അതിലും ഒരു മുറിയും ഒരു ഫ്രണ്ട് ഓഫീസുമാണുള്ളത്; അധികമായി ഒരടുക്കള കൂടിയുണ്ട്. ആ രണ്ടു മുറികളും ഓഫീസായി എനിക്കുപയോഗിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു- കുറച്ചുകൂടി സൗകര്യം കിട്ടിയിരുന്നെങ്കിൽ എന്ന് ആ സെക്രട്ടറിപ്പെൺകുട്ടികൾ പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതുമാണല്ലോ; എന്നാൽ ആ അടുക്കള കൊണ്ട് ഞാനെന്തു ചെയ്യാൻ? ആ നിസാരമായ ഉത്കണ്ഠ കാരണമാണ്‌ എനിക്കാ ഫ്ലാറ്റ് കൈവിട്ടുപോയത്. ഇപ്പോൾ ആ ചെറുപ്പക്കാരനാണ്‌ അവിടെ ഇരിക്കുന്നത്. ഹരാസ്, അതാണയാളുടെ പേര്‌. അയാൾ എന്താണവിടെ ചെയ്യുന്നതെന്ന് എനിക്കറിയില്ല. വാതില്ക്കൽ ഇത്രമാത്രം എഴുതിവച്ചിട്ടുണ്ട്: “ഹരാസ്, ഓഫീസ്”. ചില അന്വേഷണങ്ങൾ നടത്തിയതിൽ നിന്നു മനസ്സിലായത് ഞാൻ ചെയ്യുന്നപോലെയുള്ള ഒരു ബിസിനസ് തന്നെയാണ്‌ അയാളുടേതെന്നും അയാൾക്കു ലോൺ കൊടുക്കരുതെന്നുപദേശിക്കാൻ മതിയായ കാരണമില്ലെന്നും ഭാവിയിൽ കണ്ണു നട്ടിരിക്കുന്ന ഒരു ചെറുപ്പക്കാരനാണയാളെന്നും അയാളുടെ ബിസിനസിന്‌ നല്ലൊരു ഭാവി ഉണ്ടായേക്കാമെന്നുമാണ്‌; അതേസമയം, മൂലധനമെന്നു പറയാൻ പ്രത്യക്ഷത്തിൽ ഒന്നും കാണാനില്ലാത്തതിനാൽ അയാൾക്കു ലോൺ കൊടുക്കണമെന്ന് തങ്ങൾ ഉപദേശിക്കുന്നില്ലെന്ന് അതിന്‍റെ മറുവശം കൂടി അവർ എടുത്തു കാണിക്കുന്നു. ഒന്നും അറിയില്ലെങ്കിൽ പതിവായി നല്കിവരാറുള്ള അതേ ഉപദേശം തന്നെ.

ചില സമയത്ത് ഹരാസിനെ ഞാൻ കോണിപ്പടിയിൽ വച്ചു കണ്ടുമുട്ടാറുണ്ട്; എപ്പോഴും വല്ലാത്ത തിരക്കാണയാൾക്ക്; എന്നെക്കടന്ന് ഒറ്റപ്പാച്ചിലാണെന്നതിനാൽ ഇന്നുവരെ ഞാൻ അയാളുടെ മുഖം ശരിക്കൊന്നു കണ്ടിട്ടില്ല. കയ്യിൽ താക്കോൽ റെഡിയായിട്ടുണ്ടാവും; എന്നിട്ടൊരു മിന്നൽ പോലെ വാതിൽ തുറന്ന്, എലിയുടെ വാലു പോലയാൾ ഉള്ളിൽ കടന്നാൽ ഞാൻ പിന്നെയും ആ നെയിം പ്ലേറ്റിനു മുന്നിൽ നില്ക്കുകയായി: ”ഹരാസ്, ഓഫീസ്.“ അതർഹിക്കുന്നതിലും അധികം തവണ ഞാൻ അതു വായിച്ചുകഴിഞ്ഞു.

ഈ തീർത്തും നേർത്ത പ്ലൈവുഡ് ഭിത്തികൾ, സത്യസന്ധമായി പണിയെടുക്കുന്നവനെ അവ ഒറ്റുകൊടുക്കുകയാണ്‌, നേരും നെറിയുമില്ലാത്തവർക്ക് കവചമൊരുക്കുകയും. എന്‍റെ ഫോൺ ഫിറ്റു ചെയ്തിരിക്കുന്നത് എന്‍റെ മുറിയെ അയല്ക്കാരന്‍റെ മുറിയുമായി വേർതിരിക്കുന്ന ചുമരിലാണ്‌; ഞാനിതു പറയുന്നത് വിരുദ്ധോക്തിയായി എടുത്താൽ മതി; കാരണം, അതിനി നേരേ എതിരേയുള്ള ചുമരിലാണെങ്കില്പോലും അടുത്ത ഫ്ലാറ്റിലുള്ളയാൾക്ക് സകലതും കേൾക്കാം.

ഫോണിൽ സംസാരിക്കുമ്പോൾ ക്ലയന്‍റുകളുടെ പേരു പരാമർശിക്കാതിരിക്കാൻ ഞാൻ സ്വയം പരിശീലിപ്പിച്ചിട്ടുണ്ട്; എന്നാലും ഒഴിവാക്കാനാവാത്ത ചില പദപ്രയോഗങ്ങളിൽ നിന്ന് അവരുടെ പേരുകൾ ഊഹിച്ചെടുക്കാൻ അത്ര വലിയ കൗശലമൊന്നും വേണ്ട. ചിലപ്പോഴൊക്കെ എന്‍റെ ഉത്കണ്ഠയുടെ രക്തസാക്ഷിയായി റിസീവറും കാതിൽ വച്ച് ഞാൻ ഫോണിനു ചുറ്റും പെരുവിരൽനൃത്തം വയ്ക്കാറുണ്ട്; എന്നിട്ടെന്താ, വായിൽ നിന്നു രഹസ്യങ്ങൾ വീണുപോകുന്നതൊഴിവാക്കാൻ എനിക്കു കഴിയാറില്ല. ഫോൺ ചെയ്യുമ്പോൾ ബിസിനസ് തീരുമാനങ്ങളെടുക്കാൻ കഴിയാതെ ഞാൻ കുഴങ്ങിപ്പോകുന്നുവെന്നും എന്‍റെ ശബ്ദം പതറിപ്പോകുന്നുവെന്നുമാണല്ലോ അതിനർത്ഥം. ഞാൻ ഫോൺ ചെയ്യുമ്പോൾ ഹരാസ് എന്തായിരിക്കും ചെയ്യുന്നത്? അതിശയോക്തിപരമായി കാര്യങ്ങൾ കണ്ടാൽ- നമ്മുടെ മനസ്സിൽ കാര്യങ്ങൾക്കൊരു തെളിച്ചം കിട്ടാൻ പലപ്പോഴും നമുക്കതു ചെയ്യേണ്ടിവരാറുണ്ടല്ലോ- എനിക്കിങ്ങനെ പറയാം: ഹരാസിന്‌ ഫോണിന്‍റെ ആവശ്യമില്ല; അയാൾ എന്‍റെ ഫോണാണ്‌ ഉപയോഗിക്കുന്നത്; ചുമരിനടുത്ത് സോഫ വലിച്ചടുപ്പിച്ചിട്ട് കാതു കൂർപ്പിച്ചിരിക്കുകയാണയാൾ; അതേ സമയം എനിക്കാണെങ്കിൽ മണിയടിക്കുമ്പോൾ ഫോണിനടുത്തേയ്ക്കോടണം, കസ്റ്റമറുടെ ആവശ്യങ്ങൾ കുറിച്ചെടുക്കണം, ദൂരവ്യാപകമായ പരിണതഫലങ്ങളുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കണം, ആളുകളെ വശത്താക്കുന്നതിൽ അടവുകൾ പലതുമെടുക്കണം; ഇതൊക്കെച്ചെയ്യുമ്പോൾ പക്ഷേ, ഹരാസിന്‌ ചുമരു വഴി ഞാനറിയാതെ ഒരു റിപ്പോർട്ട് കൊടുക്കുകയുമാണ്‌. സംഭാഷണം അവസാനിക്കുന്നതുവരെ അയാൾ കാത്തുനില്ക്കണമെന്നുതന്നെയില്ല; കാര്യങ്ങൾ തനിക്കു മതിയായത്ര വ്യക്തമായിക്കഴിഞ്ഞാൽ തന്‍റെ പതിവുവേഗതയിൽ ടൗണിലൂടെ പാഞ്ഞുപോവുകയാണയാൾ; ഞാൻ ഫോൺ താഴെ വയ്ക്കുന്നതിനു മുമ്പേ എന്‍റെ പ്ലാനുകളെ തകിടം മറിക്കാനുള്ള പണികൾ അയാൾ തുടങ്ങിക്കഴിഞ്ഞുവെന്നും വരാം.

(1913)

  1. ബിസിനസ്സുകാരൻ

എന്നോടു സഹതാപം തോന്നുന്ന ചുരുക്കം ചിലരുണ്ടായെന്നുവരാം; ഇനി അങ്ങനെയുണ്ടെങ്കിൽത്തന്നെ ഞാൻ അതറിയുന്നില്ല. എന്‍റെ നെറ്റിത്തടത്തേയും ചെന്നികളേയും വേദന പിടിപ്പിക്കാൻ മാത്രം ഉത്കണ്ഠകൾ എന്‍റെ ചെറിയ ബിസിനസ്സുകൊണ്ട് എനിക്കുണ്ടാകുന്നുണ്ട്; അതെന്തെങ്കിലും സംതൃപ്തിയുടെ പ്രതീക്ഷ നല്കുന്നുണ്ടോയെന്നു ചോദിച്ചാൽ അതുമില്ല; എന്‍റെ ബിസിനസ് അത്ര ചെറുതാണല്ലോ.

മണിക്കൂറുകൾക്കു മുമ്പേ എനിക്കു തീരുമാനങ്ങളെടുക്കേണ്ടിവരികയാണ്‌; സ്റ്റോർ കീപ്പറെ നിരന്തരം ഓർമ്മപ്പെടുത്തണം, വന്നുപോയേക്കാവുന്ന പിഴവുകളെക്കുറിച്ച് മുന്നറിയിപ്പു കൊടുക്കണം, അടുത്ത സീസണിലെ ഫാഷനുകൾ എന്തായിരിക്കാമെന്ന് ഈ സീസണിൽ കണക്കുകൂട്ടലുകൾ നടത്തുകയും വേണം; അതും എന്‍റെ പരിചയസീമയിലുള്ളവർക്കിടയിലല്ല, വിദൂരഗ്രാമങ്ങളിൽ കിടക്കുന്ന ആരെന്നറിയാത്തവരിൽ.

എന്‍റെ പണം കിടക്കുന്നത് അന്യരുടെ കൈകളിലാണ്‌; അവരുടെ സാഹചര്യങ്ങളെന്താണെന്ന് എനിക്കൊരു പിടിയുമില്ല; ഏതു നിമിഷവും അവർക്കു നേരിടേണ്ടിവരുന്നത് എന്തത്യാഹിതമാണെന്നു മുൻകൂട്ടിക്കാണാൻ എനിക്കു കഴിയുന്നില്ല; പിന്നെയല്ലേ, എനിക്കതൊഴിവാക്കാൻ കഴിയുന്നു! അവരിപ്പോൾ ധാരാളികളായിട്ടുണ്ടാവാം, ഗാർഡൻ പാർട്ടികളിൽ ബിയറൊഴുക്കുകയാവാമവർ, വേറേ ചിലർ അമേരിക്കയിലേക്കു കടന്നുകളയുന്നതിനു മുമ്പ് അതിൽ പങ്കെടുക്കുന്നുണ്ടെന്നും വരാം.

വൈകുന്നേരം കടയടയ്ക്കേണ്ട നേരത്ത് ബിസിനസ്സിന്‍റെ ഒരിക്കലും തീരാത്ത ആവശ്യങ്ങൾക്കായി എനിക്കൊന്നും ചെയ്യാൻ പറ്റാത്ത മണിക്കൂറുകൾ മുന്നിൽ നീണ്ടുകിടക്കുന്നത് പെട്ടെന്നു കാണുമ്പോൾ അന്നു കാലത്തു ഞാൻ സംഭരിച്ച ഉത്സാഹമെല്ലാം ഒരു വേലിയിറക്കം പോലെ എന്നിൽ നിന്നു വാർന്നുപോവുകയാണ്‌; തന്നെയുമല്ല, അതവിടെയും നില്ക്കാതെ എന്നെയും ഒഴുക്കിക്കൊണ്ടുപോവുകയാണ്‌, എനിക്കറിയാത്ത എവിടേക്കോ.

എന്നാലും എന്‍റെ അപ്പോഴത്തെ മനോഭാവത്തെ പ്രയോജനമുള്ള രീതിയിൽ തിരിച്ചുവിടാൻ എനിക്കു കഴിയുന്നില്ല- വീട്ടിൽ പോവുക എന്നതേ എനിക്കു ചെയ്യാനുള്ളു; കാരണം, എന്‍റെ മുഖത്തും കയ്യിലുമാകെ അഴുക്കും വിയർപ്പുമാണ്‌, എന്‍റെ കോട്ടു നിറയെ പൊടിയാണ്‌, വീഞ്ഞപ്പെട്ടികളിലെ ആണികൾ കൊണ്ടു പോറി എന്‍റെ ബൂട്ടു രണ്ടും വര വീണിരിക്കുകയുമാണ്‌. രണ്ടു കൈകളുടേയും ഞൊട്ടയൊടിച്ചുകൊണ്ടും തെരുവിൽ എതിരേ വരുന്ന കുട്ടികളുടെ തലയിൽ തടവിക്കൊണ്ടും ഞാൻ വീട്ടിലേക്കു പോകുന്നു, ഒഴുകിപ്പോകുന്നപോലെ.

പക്ഷേ വഴിക്കൊട്ടും ദൂരമില്ല. പറയും മുമ്പേ ഞാൻ വീടെത്തുകയും ലിഫ്റ്റിന്‍റെ വാതിൽ തുറക്കുകയും അകത്തേക്കു കാലെടുത്തുവയ്ക്കുകയുമാണ്‌.

പെട്ടെന്നു ഞാൻ ഒറ്റയ്ക്കായതായി എനിക്കു മനസ്സിലാകുന്നു. കോണി കയറിപ്പോകേണ്ട മറ്റുള്ളവരാകട്ടെ, കയറിയതിന്‍റെ ക്ഷീണമറിഞ്ഞും ആരെങ്കിലും ഫ്ലാറ്റിന്‍റെ വാതിൽ തുറന്നുതരാനായി കിതച്ചും കൊണ്ടു കാത്തുനിന്നും (അതവരെ ക്ഷമ കെടുത്തുകയും ശുണ്ഠി പിടിപ്പിക്കുകയും ചെയ്യുന്നുണ്ട്) പിന്നെ ഇടനാഴിയിലൂടെ നടന്ന്, പല ചില്ലുവാതിലുകളും കടന്ന് സ്വന്തം മുറിക്കുള്ളിലെത്തിയിട്ടേ ശരിക്കും ഒറ്റയ്ക്കാകുന്നുള്ളു.

എന്നാൽ എന്‍റെ കാര്യത്തിലാകട്ടെ, ലിഫ്റ്റിൽ കയറി, കാൽമുട്ടുകളിൽ കൈ കുത്തി ചെറിയ കണ്ണാടിയിൽ കണ്ണോടിക്കേണ്ട താമസം, ഞാൻ ഒറ്റയ്ക്കായിക്കഴിഞ്ഞു. ലിഫ്റ്റുയരാൻ തുടങ്ങുമ്പോൾ ഞാൻ എന്നോടുതന്നെ പറയുന്നു:

“ആരും ഒച്ചയുണ്ടാക്കരുത്, എല്ലാവരും മാറിപ്പോവുക, മരങ്ങളുടെ നിഴലത്തേക്ക്, കർട്ടനുകളുടെ പിന്നിലേക്ക്, തെരുവുകമാനങ്ങളുടെ ചുവട്ടിലേക്കു മറഞ്ഞുപോവുക.”

പല്ലു കടിച്ചുപിടിച്ചുകൊണ്ട് ഞാനിതു പറയുമ്പോൾ ലിഫ്റ്റിൻ്റെ അർദ്ധതാര്യമായ ജനാലച്ചില്ലിനു പുറത്ത് കോണിപ്പടിയുടെ കൈവരികൾ ജലപാതം പോലെ താഴേക്കു വീഴുകയായിരുന്നു.

“പറന്നുപോകൂ; ഞാനിന്നേവരെ കാണാത്ത നിങ്ങളുടെ ചിറകുകൾ താഴ്വാരത്തെ ഗ്രാമത്തിലേക്കു നിങ്ങളെ കൊണ്ടുപോകട്ടെ; ഇനി അതല്ല, നിങ്ങൾക്കങ്ങനെയൊരാഗ്രഹമുണ്ടെങ്കിൽ, പാരീസിലേക്കു തന്നെയാവട്ടെ.

”എന്നാൽ ജനാലയിലൂടെയുള്ള കാഴ്ച്ച കാണാതെപോകരുത്- മൂന്നു തെരുവുകളിൽ നിന്നും ഒരേ സമയം ജാഥകൾ കടന്നുവരുന്നതും ഒന്ന് മറ്റൊന്നിനു വഴി മാറുന്നതിനു പകരം ഒരുമിച്ചുചേരുന്നതും അവസാനത്തെയാളും കടന്നുപോയി ചത്വരം സാവധാനം പഴയപടിയാകുന്നതും കണ്ടു നിങ്ങളാനന്ദിക്കണം. നിങ്ങളുടെ തൂവാലകൾ വീശിക്കാണിക്കുക, സ്തബ്ധരാവുക, വികാരഭരിതരാവുക, എന്തു സൗന്ദര്യമാണ് ആ കടന്നുപോയ സ്ത്രീക്കെന്നത്ഭുതപ്പെടുക.

“മരപ്പാലത്തിലൂടെ പുഴ കടക്കുക, കുളിക്കുന്ന കുട്ടികളെ നോക്കി തലയാട്ടുക, അങ്ങകലെയുള്ള പടക്കപ്പലിൽ നിന്നുയരുന്ന ഒരായിരം നാവികരുടെ ആഹ്ളാരവങ്ങളിൽ വിസ്മിതരാവുക.

”പാവത്താനെപ്പോലെ തോന്നുന്ന ആ മനുഷ്യനെ പിന്തുടരുക, അയാളെ ഒരിടനാഴിയിലേക്കു പിടിച്ചുതള്ളി കയ്യിലുള്ളതെല്ലാം കവരുക, പിന്നയാൾ പതുക്കെ ഇടതുവശത്തെ ഇടത്തെരുവിലേക്കു തിരിഞ്ഞു പോകുന്നത് ഇരുകൈകളും കീശയിലാഴ്ത്തി നോക്കിനില്ക്കുക.

“കുതിരപ്പോലീസുകാർ ഒറ്റതിരിഞ്ഞു കുതിച്ചുവരുന്നു, കടിഞ്ഞാൺ വലിച്ചു നിങ്ങളെയവർ പിന്നിലേക്കു തള്ളിമാറ്റുന്നു. ആയിക്കോട്ടെ- വിജനമായ തെരുവുകൾ കണ്ട് അവർക്കു വെറി പിടിക്കും, ഞാൻ പറഞ്ഞില്ലേ. ഇപ്പോൾത്തന്നെ അവർ പിരിഞ്ഞുപോകാൻ തുടങ്ങിക്കഴിഞ്ഞു, ഈരണ്ടു പേരായി, വളവുകൾ സാവധാനം വളഞ്ഞ്, തുറസ്സായ കൂട്ടുപാതകളിലൂടെ പറന്ന്.”

അപ്പോഴേക്കും എനിക്കിറങ്ങാൻ നേരമാകുന്നു; ലിഫ്റ്റിന്‍റെ വാതിൽ തുറന്ന് ഞാൻ ഡോർബെല്ലടിക്കുന്നു. വേലക്കാരി വാതില്ക്കലെത്തുകയും ഞാനവൾക്ക് ഒരു ഗുഡ് ഈവനിങ്ങ് പറയുകയും ചെയ്യുന്നു.

(1913)

  1. ഒരു കൊച്ചുസ്ത്രീ

ഇനി ഞാൻ പറയാൻ പോകുന്നത് ഒരു കൊച്ചുസ്ത്രീയെക്കുറിച്ചാണ്‌; നന്നേ മെലിഞ്ഞ ദേഹപ്രകൃതി; അതാണെങ്കിൽ ലേസിട്ടു മുറുക്കിക്കെട്ടിയതും; ഞാൻ കാണുമ്പോഴൊക്കെ ഒരേ വേഷത്തിലാണവൾ; തടിയെ ഓർമ്മിപ്പിക്കുന്ന മഞ്ഞിച്ചുനരച്ച നിറത്തിൽ, അതേ നിറത്തിലുള്ള ചില തൊങ്ങലുകളോ കുടുക്കുകളോ കൊണ്ടു മോടി പിടിപ്പിച്ച ഒരു വേഷം; ഒരിക്കലും തല മറയ്ക്കില്ല; വിളറിയ മഞ്ഞനിറത്തിലുള്ള നീളൻ മുടി അലങ്കോലമായിട്ടല്ലെങ്കിലും പാറിപ്പറന്നുകിടക്കും. ലേസിട്ടു മുറുക്കിക്കെട്ടിയിട്ടുണ്ടെങ്കിലും ചലനങ്ങളുടെ ചടുലതയ്ക്ക് ഒരു കുറവുമില്ല; അവൾ അതൊന്നു പെരുപ്പിച്ചുകാട്ടുകകൂടിച്ചെയ്യുന്നുണ്ട്. ഇടയ്ക്കൊക്കെക്കാണാം, കൈകൾ ഇടുപ്പിൽ കുത്തിയിട്ട് ഉടലിന്റെ മേല്ഭാഗം പെട്ടെന്നവൾ വശത്തേക്കു വെട്ടിത്തിരിക്കുന്നത്. അവളുടെ കൈകളെക്കുറിച്ചുള്ള എന്റെ തോന്നൽ വ്യക്തമാക്കണമെങ്കിൽ എനിക്കിങ്ങനെ പറഞ്ഞാലേ പറ്റൂ: വിരലുകൾ ഒന്നിനൊന്ന് ഇത്ര വേർതിരിഞ്ഞുനില്ക്കുന്ന ഒരു കൈ അവളുടേതല്ലാതെ ഞാൻ കണ്ടിട്ടില്ല; എന്നാൽ അവളുടെ കൈകൾക്ക് ശരീരശാസ്ത്രപരമായ എന്തെങ്കിലും വിലക്ഷണതയുണ്ടോ എന്നു ചോദിച്ചാൽ അതുമില്ല.

ഈ കൊച്ചുസ്ത്രീയ്ക്ക് എന്നെ തീരെ തൃപ്തിയില്ല; എന്നെ വിമർശിക്കാൻ എന്തെങ്കിലും കാരണം അവൾ കണ്ടുകൊണ്ടേയിരിക്കും; ഞാനവളോട് ഒരു നീതിയും കാണിക്കുന്നില്ല എന്ന മട്ടാണ്‌; ഞാൻ ഒന്നു തിരിഞ്ഞാൽ, ശ്വാസം വിട്ടാൽത്തന്നെ അതവളെ നീരസപ്പെടുത്തുന്നുണ്ടെന്നപോലെയാണ്‌. സ്വന്തം ജീവിതത്തെ ഏറ്റവും ചെറിയ ഭാഗങ്ങളായി വിഭജിച്ചിട്ട് അതിൽ ഓരോ ഭാഗത്തെയും പ്രത്യേകമായി എടുത്തുനോക്കിയാൽ അതിലുമുണ്ടാവും അവളെ ഈറ പിടിപ്പിക്കുന്നതെന്തെങ്കിലും എന്നത് തീർച്ചയാണ്‌. ഞാൻ അവളെ ഇത്ര വെറി പിടിപ്പിക്കുന്നത് എന്തു കാരണം കൊണ്ടാണെന്ന് ഞാൻ പലപ്പോഴും ആലോചിച്ചുനോക്കിയിട്ടുണ്ട്; അതിനി എന്നെ സംബന്ധിച്ചതെന്തും അവളുടെ സൗന്ദര്യബോധത്തിന്‌, അവളുടെ നീതിബോധത്തിന്‌, അവളുടെ ശീലങ്ങൾക്ക്, അവളുടെ നിഷ്ഠകൾക്ക്, അവളുടെ പ്രതീക്ഷകൾക്കെതിരായി പോകുന്നതുകൊണ്ടാണെന്നുവരാം- അത്രയും ഒന്നിനൊന്നു പൊരുത്തമില്ലാത്ത പ്രകൃതങ്ങൾ ഉണ്ടാകാമല്ലോ; എന്നാലും ആ വസ്തുത അവളെ ഇത്രമാത്രം ക്ലേശിപ്പിക്കുന്നതിനു കാരണമെന്താണ്‌? എന്റെ പേരിൽ മനഃക്ലേശം തോന്നാനും മാത്രം ഒരു ബന്ധം ഞങ്ങൾ തമ്മിൽ ഇല്ല. ഞാനവൾക്ക് വെറും ഒരപരിചിതനായ നിലയ്ക്ക് എന്നെ അങ്ങനെ മാത്രം കാണാനുള്ള ഒരു തീരുമാനമെടുക്കേണ്ട കാര്യമേയുള്ളു (ഒരെതിർപ്പിനും നില്ക്കാതെ ഞാനതിനെ സ്വാഗതം ചെയ്യാനാണു പോവുക); എന്റെ അസ്തിത്വത്തെ പൂർണ്ണമായി മറന്നുകളയാനുള്ള തീരുമാനമെടുക്കേണ്ട കാര്യമേയുള്ളു ( ഞാൻ അതൊരിക്കലും അവളുടെ മേൽ കെട്ടിവയ്ക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്തിട്ടില്ല)- അവളുടെ യാതനകൾക്കെല്ലാം ഒരവസാനമുണ്ടാവും. (ഇവിടെ എന്റെ കാര്യം ഞാൻ വിട്ടുകളയുകയാണ്‌, അവളുടെ പെരുമാറ്റം സ്വാഭാവികമായും എനിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്ന വസ്തുതയെക്കുറിച്ചും ഞാൻ ഒന്നും പറയുന്നില്ല; കാരണം, അവൾ അനുഭവിക്കുന്നതുവച്ചു നോക്കുമ്പോൾ എന്റെ മാനസികപ്രയാസം ഒന്നുമല്ലെന്ന പൂർണ്ണബോദ്ധ്യം എനിക്കുണ്ട്.) അതേ സമയം അവളുടെ മാനസികപ്രയാസത്തിൽ എന്നോടെന്തെങ്കിലും മമതയുടെ ഒരംശവുമില്ലെന്ന് സംശയമില്ലാത്തവിധം എനിക്കു വ്യക്തവുമാണ്‌; എന്നെ ഏതെങ്കിലും രീതിയിൽ നന്നാക്കിയെടുക്കണമെന്നൊന്നും അവൾക്കില്ല; എന്റെ കാര്യത്തിൽ അവൾക്കെതിർപ്പുള്ളതൊന്നും ജീവിതത്തിൽ എന്റെ മുന്നേറ്റത്തിനു വിഘാതമാവുന്നതുമല്ലല്ലോ. പിന്നെ, എന്റെ ജീവിതവിജയമൊന്നും അവൾക്കു താല്പര്യമുള്ള കാര്യവുമല്ല; അവൾക്കു താല്പര്യമുള്ള ഒരേയൊരു കാര്യം അവളുടെ വ്യക്തിപരമായ ദൗത്യമാണ്‌: അതാവട്ടെ, ഞാൻ അവൾക്കേല്പിക്കുന്ന പീഡനങ്ങൾക്കു പ്രതികാരം ചെയ്യുക എന്നതും ഭാവിയിൽ ഞാനേല്പിച്ചേക്കാവുന്ന പീഡനങ്ങൾക്കു തടയിടുക എന്നതുമാണ്‌. അവളുടെ ഈ തീരാത്ത ക്ഷോഭം തീർക്കുന്നതിലേക്കു നയിക്കുന്ന ഒരു വഴിയെക്കുറിച്ച് ഒരിക്കൽ ഞാനവളുടെ ശ്രദ്ധ തിരിക്കാൻ നോക്കിയതാണ്‌; എന്നാൽ അതവളെ കൊണ്ടുചാടിച്ച മനക്കുഴപ്പം കണ്ടപ്പോൾ ഇനി അങ്ങനെയൊരു ശ്രമം നടത്താനില്ലെന്ന് ഞാൻ തീരുമാനിച്ചു.

ഇക്കാര്യത്തിൽ ഒരുത്തരവാദിത്വം എനിക്കുണ്ടെന്നും വേണമെങ്കിൽ പറയാം; കാരണം, ആ സ്ത്രീ എനിക്കെത്ര അപരിചിതയാണെങ്കിലും ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേയൊരു കാര്യം ഞാൻ കാരണം അവൾക്കുണ്ടാകുന്ന നീരസം, അല്ലെങ്കിൽ, അവളനുവദിച്ച് ഞാൻ അവൾക്കുണ്ടാക്കുന്ന നീരസം മാത്രമാണെങ്കിലും അതിൻ ഫലമായി അവൾക്കുണ്ടാകുന്ന ശാരീരികപ്രയാസങ്ങൾ ഞാൻ കണ്ടില്ലെന്നു നടിക്കാൻ പാടില്ലാത്തതാകുന്നു. ഇടയ്ക്കിടെ, ഇപ്പോഴാണെങ്കിൽ കൂടെക്കൂടെയും, ഞാൻ കേൾക്കുന്നുണ്ട്, ഉറക്കമില്ലാത്തതു കാരണം മുഖത്തൊരു വിളർച്ചയും തല വെട്ടിപ്പൊളിക്കുന്ന തലവേദനയും കൊണ്ട് അവൾ കാലത്തെഴുന്നേറ്റു വരുന്നതിനെക്കുറിച്ച്, ജോലിക്കു പോകാൻ തീരെ പറ്റാത്ത സ്ഥിതിയിലാവുന്നതിനെക്കുറിച്ച്. അവളുടെ വീട്ടുകാർക്ക് അവളെപ്രതി നല്ല വിഷമമുണ്ട്; അവളുടെ അവസ്ഥ ഇങ്ങനെയാവാൻ എന്താണു കാരണമെന്നു കണ്ടുപിടിക്കാൻ അവർ ശ്രമിക്കുന്നുമുണ്ട്; എന്നാൽ ഇന്നുവരെ അതിനൊരു വിശദീകരണം കണ്ടെത്താൻ അവർക്കു കഴിഞ്ഞിട്ടില്ല. അതറിയുന്ന ഒരേയൊരാൾ ഞാൻ മാത്രമാണ്‌; അവൾക്കെന്നോടു പണ്ടേയുള്ളതും ഇന്നും തുടരുന്നതുമായ ആ നീരസമാണ്‌ കാരണം. അവളുടെ പേരിൽ അവളുടെ ബന്ധുക്കൾക്കുള്ള ഉത്കണ്ഠ എനിക്കില്ല; മനക്കരുത്തും പിടിച്ചുനില്ക്കാനുള്ള മനസ്സുറപ്പും അവൾക്കുണ്ട്; അത്രയും കടുത്ത നീരസമുള്ള ഒരാൾക്ക് അതിന്റെ അനന്തരഫലങ്ങൾ അതിജീവിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം; ആളുകളുടെ സംശയം എനിക്കുമേൽ തിരിയാൻ വേണ്ടി ഇതെല്ലാം അവളുടെ ഒരു നാടകമാണോ എന്ന ഒരു സംശയം കൂടി എനിക്കുണ്ടെന്നു പറയണം. എന്റെ അസ്തിത്വം തനിക്കെന്തുമാത്രം പീഡാജനകമാണെന്ന് തുറന്നു പ്രഖ്യാപിക്കാൻ അവളുടെ അഭിമാനം അവളെ അനുവദിക്കില്ല; എനിക്കെതിരായി അന്യരുടെ പിന്തുണ തേടുന്നത് സ്വന്തം വിലയിടിക്കുന്നതായിട്ടാണ്‌ അവളെടുക്കുക; വെറുപ്പു മാത്രമാണ്‌, ഒടുങ്ങാത്ത വെറുപ്പു മാത്രമാണ്‌ അവളെ എന്നോടു ബന്ധപ്പെടുത്തുന്നത്; ഈ അധമമായ സംഗതി നാലാളുകൾക്കു മുന്നിൽ വച്ചു ചർച്ച ചെയ്യുന്നത് ഓർക്കുമ്പോൾത്തന്നെ ലജ്ജാകരമായിട്ടാണ്‌ അവൾക്കു തോന്നുന്നത്. അതേ സമയം, തന്നെ നിരന്തരസമ്മർദ്ദത്തിലാക്കുന്ന ഈ കാര്യത്തെക്കുറിച്ചു മിണ്ടാതിരിക്കുന്നതും അവൾക്കു താങ്ങാൻ പറ്റുന്നില്ല. അതിനാൽ ഒരു സ്ത്രീയുടെ കൗശലത്തോടെ അവൾ ഒരു മദ്ധ്യമാർഗ്ഗം കണ്ടെത്താൻ നോക്കുകയാണ്‌; നിശ്ശബ്ദയായി, ഒരു നിഗൂഢശോകത്തിന്റെ ബാഹ്യാവിഷ്കാരങ്ങൾ കൊണ്ടുതന്നെ ഇക്കാര്യം പൊതുജനാഭിപ്രായമെന്ന കോടതിക്കു മുന്നിൽ കൊണ്ടുവരാൻ നോക്കുകയാണവൾ. പൊതുജനത്തിന്‌ എന്നെക്കുറിച്ച് വ്യക്തമായ ഒരഭിപ്രായം ഉണ്ടായിക്കഴിഞ്ഞാൽ എന്റെ പേരിൽ പൊതുവായ ഒരു നീരസം ഉടലെടുക്കുമെന്നും അതിന്റെ സ്വാധീനത്തിലുള്ള വലുതും പ്രബലവുമായ ശക്തികൾ അവളുടെ താരതമ്യേന ദുർബ്ബലമായ സ്വകാര്യനീരസത്തിനു സാധിക്കുന്നതിനേക്കാൾ വേഗത്തിലും ആധികാരികമായും ഖണ്ഡിതമായും എന്റെ വിധി തീരുമാനിക്കുമെന്നും അവൾ പ്രതീക്ഷിക്കുന്നുണ്ടെന്നും വരാം; പക്ഷേ അപ്പോഴാണ്‌, ഒരു ദീർഘശ്വാസമെടുത്തുകൊണ്ട് അവൾ പിന്മാറുന്നതും എനിക്കു പുറം തിരിയുന്നതും. ഇനി അതുതന്നെയാണ്‌ അവളുടെ പ്രതീക്ഷയെങ്കിൽ അവൾ നിരാശപ്പെടാനാണു പോകുന്നതെന്ന് എനിക്കു പറയേണ്ടിവരും. പൊതുജനം അവളുടെ വേഷമാടാൻ പോകുന്നില്ല; ഒരാക്ഷേപവും അതെന്നിൽ കണ്ടെത്താൻ പോകുന്നില്ല, ഏതു ഭൂതക്കണ്ണാടി വച്ചെന്നെ പരിശോധിച്ചാലും. അവൾ കരുതുന്നപോലെ അത്ര ഉപയോഗമില്ലാത്ത ജീവിയല്ല ഞാൻ; സ്വയം പുകഴ്ത്താൻ ഒരാഗ്രഹവും എനിക്കില്ല, ഇക്കാര്യത്തിൽ വിശേഷിച്ചും; അസാധാരണമായ ഉപയുക്തത കൊണ്ട് ശ്രദ്ധയാകർഷിക്കുന്നയാളല്ല ഞാനെങ്കിൽ മറിച്ചുള്ള കാരണം കൊണ്ടും ഞാൻ അങ്ങനെയല്ല എന്നെങ്കിലും എനിക്കു പറയാം. അവൾക്കു മാത്രമാണ്‌ ഞാൻ അപ്രകാരം കാണപ്പെടുന്നത്, അവളുടെ വെളുവെളെ വെളുത്ത ആ കണ്ണുകൾക്കു മാത്രം; മറ്റൊരാളെ അതു വിശ്വസിപ്പിക്കുന്നതിൽ അവൾ വിജയിക്കാൻ പോകുന്നില്ല. എങ്കിൽ അക്കാര്യത്തിൽ എനിക്കു മനസ്സമാധാനത്തോടെ ഇരിക്കാമെന്നോ? അല്ല, അങ്ങനെയല്ലെന്നു തോന്നുന്നു; എന്തെന്നാൽ, ഞാൻ എന്റെ പെരുമാറ്റം കൊണ്ട് അവളുടെ ജീവിതം ദുരിതമയമാക്കുകയാണെന്ന് ആളുകളറിഞ്ഞുവെന്നിരിക്കട്ടെ- കണ്ണിലെണ്ണയുമൊഴിച്ചു നോക്കിയിരിക്കുന്ന ചിലർ, സ്ഥിരോത്സാഹികളായ കുറേ പരദൂഷണക്കാർ, ആ രീതിയിൽ അതിനെ കാണാൻ തുടങ്ങിക്കഴിഞ്ഞു, അല്ലെങ്കിൽ തങ്ങൾക്കങ്ങനെ കാണാമെന്ന ഒരു സൂചന എനിക്കു തരികയെങ്കിലും ചെയ്തു- ലോകം മുന്നോട്ടു വന്ന്, ഞാനെന്തിനാണ്‌ ഇത്ര പിടിവാശിയോടെ ആ പാവം കൊച്ചുസ്ത്രീയെ ഇങ്ങനെ പീഡിപ്പിക്കുന്നതെന്നും അവളുടെ ശവമടക്കു കണ്ടേ ഞാൻ അടങ്ങുകയുള്ളോയെന്നും അതു നിർത്താനുള്ള സാമാന്യബോധവും മാനുഷികമര്യാദയും എന്നാണു ഞാൻ കാണിക്കുക എന്നും എന്റെ മുഖത്തു നോക്കി ചോദിച്ചാൽ അതിനൊരു മറുപടി പറയാൻ എനിക്കു നന്നായി കഷ്ടപ്പെടേണ്ടിവരും. അവൾ കാണിക്കുന്ന ആ രോഗലക്ഷണങ്ങളിൽ എനിക്കത്രയ്ക്കങ്ങു വിശ്വാസം വന്നിട്ടില്ലെന്നു സമ്മതിക്കുകയാണോ ഞാൻ ചെയ്യേണ്ടത്? സ്വന്തം അപരാധത്തിൽ നിന്നൊഴിവാകാനായി ഒരു മര്യാദയുമില്ലാതെ അന്യരെ അപരാധികളാക്കുകയാണു ഞാൻ എന്ന അസുഖകരമായ പ്രതീതി ജനിപ്പിക്കുകയല്ലേ അതുകൊണ്ടുണ്ടാവുകയുള്ളു? അവളുടെ അവസ്ഥ യഥാർത്ഥമാണെന്ന വിശ്വാസം എനിക്കുണ്ടെങ്കിൽത്തന്നെ, ആ സ്ത്രീ എനിക്കാരുമല്ലെന്നതിനാൽ, ഞങ്ങൾ തമ്മിലുള്ള ബന്ധം അവളുടെ സൃഷ്ടിയാണെന്നതിനാൽ, അവളുടെ വീക്ഷണത്തിലേ അതിനു നിലനില്പുള്ളൂ എന്നതിനാൽ എനിക്കവളോട് സഹതാപത്തിന്റെ ഒരു തരി പോലുമില്ലെന്നു തുറന്നുപറയാൻ എന്നെക്കൊണ്ടാകുമോ? ആരുമെന്നെ വിശ്വസിക്കാൻ പോകുന്നില്ല എന്നു ഞാൻ പറയുന്നില്ല; ആളുകൾ എന്നെ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്തേക്കാം; അങ്ങനെയൊരു ചോദ്യമുദിക്കുന്ന ഘട്ടത്തിലേക്കുപോലും അവരെത്തണമെന്നുമില്ല; ദുർബ്ബലയും രോഗിണിയുമായ ഒരു സ്ത്രീയുടെ കാര്യത്തിൽ എന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം ഇന്നതായിരുന്നു എന്ന് രേഖപ്പെടുത്തുകമാത്രമേ അവർ ചെയ്തുള്ളു എന്നുവരാം; അതുതന്നെ മതിയായ വിധത്തിൽ എനിക്കു പ്രതികൂലമായിക്കഴിഞ്ഞു. കാരണം, എന്റെ മറുപടിക്കെതിരായി, മറ്റെന്തു മറുപടി ഞാൻ പറഞ്ഞാലും അതിനെതിരായി, വരാൻ പോകുന്നത് ഇതിനൊക്കെപ്പിന്നിൽ ഒരു സ്നേഹബന്ധം സംശയിക്കാതിരിക്കാൻ ലോകത്തിനു കഴിയുന്നില്ല എന്നതായിരിക്കും, അങ്ങനെയൊരു ബന്ധം ഇല്ലേയില്ലെന്ന് സുവ്യക്തമാണെങ്കിലും ഇനി, അങ്ങനെയൊന്നുണ്ടെങ്കിൽ അത് അവളുടെ ഭാഗത്തു നിന്നെന്നതിനെക്കാൾ എന്റെ ഭാഗത്തു നിന്നാണുണ്ടാകുന്നതെങ്കിലും; ഒന്നുമല്ലെങ്കിൽ അവളുടെ വിലയിരുത്തലുകളുടെ മൂർച്ചയേയും സ്വന്തം വാദങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിലുള്ള നിതാന്തപരിശ്രമത്തേയും ബഹുമാനത്തോടെ ഞാൻ കാണുകയും ചെയ്തേനെയല്ലോ, അതേ ഗുണങ്ങളെ എനിക്കെതിരായുള്ള ആയുധങ്ങളായിട്ടാണ്‌ അവൾ ഉപയോഗപ്പെടുത്തുന്നത് എന്ന വസ്തുത ഇല്ലായിരുന്നുവെങ്കിൽ. എന്നോടൊരു സുഹൃദ്ബന്ധത്തിന്റെ എത്രയും ചെറിയൊരു കണിക പോലും അവളുടെ ഭാഗത്തില്ല; ആ ഒരു കാര്യത്തിൽ അവളുടെ ആത്മാർത്ഥതയും സത്യസന്ധതയും സംശയിക്കാനില്ല; എന്റെ അവസാനത്തെ പ്രതീക്ഷ കിടക്കുന്നതും അതിലാണ്‌; അങ്ങനെയൊരു ബന്ധത്തെക്കുറിച്ചൊരു പ്രതീതി ജനിപ്പിക്കുന്നത് എന്നോടുള്ള അവളുടെ സമരതന്ത്രത്തെ സഹായിക്കുമെന്നായാല്ക്കൂടി അങ്ങനെയെന്തെങ്കിലും ചെയ്യാൻ മാത്രം അവൾ സ്വയം മറക്കാൻ പോകുന്നില്ല. ഇത്തരം കാര്യങ്ങളിൽ ഒരു ബോധവുമില്ലാത്ത പൊതുജനം പക്ഷേ, സ്വന്തം അഭിപ്രായത്തിൽ ഉറച്ചുനില്ക്കുകയും അനിവാര്യമായും എന്നെ തള്ളിപ്പറയുകയും ചെയ്യും.

എനിക്കിനി ചെയ്യാൻ ശേഷിച്ചത് ലോകം കയറി ഇടപെടുന്നതിനു മുമ്പ് സ്വയം മാറുക എന്നതാണ്‌; എന്നു പറഞ്ഞാൽ, അവൾക്കെന്നോടുള്ള നീരസം ഇല്ലാതാകുന്നത്രയും അളവിൽ മാറുക എന്നല്ല ( അവളുടെ നീരസം ഇല്ലാതാവുക എന്നത് അചിന്ത്യമാണ്‌), അതിനെ ഒന്നു മയപ്പെടുത്തുക എന്നുമാത്രം. ശരിയാണ്‌, പലപ്പോഴും ഞാൻ എന്നോടുതന്നെ ചോദിച്ചിട്ടുള്ളതുമാണ്‌, എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ ശരിക്കും അത്രയ്ക്കങ്ങു സംതൃപ്തനാണോ, അതിൽ എന്തെങ്കിലും മാറ്റം വരുത്താൻ ആഗ്രഹം തോന്നാതിരിക്കാനെന്ന്; ആവശ്യമാണെന്ന ബോദ്ധ്യത്തിൽ നിന്നല്ലെങ്കില്ക്കൂടി അവളെ ഒന്നു സമാധാനിപ്പിക്കാൻ വേണ്ടിയെങ്കിലും ചില നീക്കുപോക്കുകൾ വരുത്താൻ എനിക്കു സാധിക്കേണ്ടതല്ലേയെന്ന്. മാറാൻ ആത്മാർത്ഥമായ ചില ശ്രമങ്ങൾ ഞാൻ നടത്തുകയും ചെയ്തിരുന്നു, കുറച്ചു ശ്രമവും ശ്രദ്ധയുമൊക്കെ വേണ്ടിവന്നിരുന്നുവെങ്കില്ക്കൂടി; എനിക്കതു ഹിതകരമായി തോന്നുകയും ചെയ്തിരുന്നു, എന്നല്ല, ഞാനതാസ്വദിക്കുകയും ചെയ്തു. ചിലചില മാറ്റങ്ങൾ വരികയും ചെയ്തതാണ്‌; എല്ലാവർക്കും കാണത്തക്കവിധം അത്ര വ്യക്തമായിരുന്നതിനാൽ അതിലേക്കവളുടെ ശ്രദ്ധ പ്രത്യേകമായി ക്ഷണിക്കേണ്ടിവന്നില്ല; അങ്ങനെയുള്ള കാര്യങ്ങൾ എന്നെക്കാൾ മുമ്പ് അവൾ കാണാറുണ്ടല്ലോ, എന്റെ മനസ്സിലിരുപ്പുകൾ കൂടി അവൾ അറിയാറുള്ളതുമാണ്‌; പക്ഷേ, ഞാനതിൽ വിജയം കണ്ടില്ല. എങ്ങനെ വിജയിക്കാനാണ്‌? അവൾക്കെന്നോടുള്ള അനിഷ്ടം, എനിക്കിപ്പോൾ വ്യക്തമായി മനസ്സിലാകുന്നപോലെ, അടിസ്ഥാനപരമായ ഒന്നാണ്‌; അതിനെ ഇല്ലാതാക്കാൻ ഒന്നിനുമാവില്ല, എന്നെ ഇല്ലാതാക്കുന്നതിനു പോലും; ഞാൻ ആത്മഹത്യ ചെയ്തുവെന്ന് അവൾ കേട്ടുവെന്നിരിക്കട്ടെ, അവളുടെ രോഷം നിയന്ത്രണം വിട്ടതായിരിക്കും. അവൾക്ക്, കുശാഗ്രബുദ്ധിയായ ഒരു സ്ത്രീയെന്ന നിലയ്ക്ക്, അവൾക്കിതു മനസിലാകാത്തത് എനിക്കു സങ്കല്പിക്കാൻ പറ്റുന്നില്ല; എന്നു പറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് അവളുടെ പ്രയത്നങ്ങളുടെ നിരർത്ഥകത മാത്രമല്ല, എന്റെ നിഷ്കളങ്കത കൂടിയാണ്‌, എത്രയൊക്കെ ഇച്ഛാശക്തി പ്രയോഗിച്ചാലും അവളുടെ ആവശ്യങ്ങൾ നടപ്പാക്കാൻ പറ്റാത്ത എന്റെ കഴിവുകേടിനെക്കൂടിയാണ്‌. അവൾക്കിതൊക്കെ അറിയാമെന്നതിൽ സംശയമൊന്നുമില്ല; തന്റെ പോരാളിപ്രകൃതം കാരണമായി യുദ്ധക്കലികൊണ്ടു നില്ക്കുമ്പോൾ അവൾ ഇതെല്ലാം മറന്നുപോകുന്നുവെന്നുമാത്രം; അതേസമയം എന്റെ അസന്തുഷ്ടപ്രകൃതമാവട്ടെ (സഹജപ്രകൃതിയായതിനാൽ അതിൽ എനിക്കൊന്നും ചെയ്യാനില്ല), കോപം കൊണ്ടു മതി മറന്നു നില്ക്കുന്ന ആരുടെയും ചെകിട്ടിൽ താക്കീതു നല്കുന്ന ഒരു സൗമ്യപദം മന്ത്രിക്കാൻ എന്നെ പ്രേരിപ്പിക്കുന്ന വിധത്തിലുള്ളതുമാണ്‌. ഞങ്ങൾ ഒരിക്കലും അന്യോന്യം മനസ്സിലാക്കുക എന്നതുണ്ടാവാൻ പോകുന്നില്ല. പിന്നെയും പിന്നെയും ഒരു പ്രഭാതത്തിന്റെ പുതുമയിലേക്കു ഞാനിറങ്ങിച്ചെല്ലുമ്പോൾ കാണുന്നത് ഇതായിരിക്കും: ഞാൻ കാരണം നീരസം മുറ്റിയ ഒരു മുഖം, ഈർഷ്യ പിടിച്ചു പിളുത്തിയ ചുണ്ടുകൾ, എന്താണതിന്റെ പരിണതഫലം എന്നു മുൻകൂട്ടി അറിഞ്ഞുകൊണ്ടുള്ള ചുഴിഞ്ഞ നോട്ടം (എത്ര ക്ഷണികമാണെങ്കിലും ഒന്നും വിടാതെ കാണുന്ന ആ നോട്ടം എന്നെയൊന്നു തൊട്ടുരുമ്മിക്കടന്നുപോവുകയേയുള്ളു), നിഷ്കപടമായ ആ മുഖത്തു ചാലു കീറിയ കയ്പൻ പുഞ്ചിരി, ആകാശത്തേക്ക് വിഷാദത്തോടെയുള്ള ആ കണ്ണു പായിക്കൽ, ബലം കിട്ടാൻ വേണ്ടി ഇടുപ്പിന്മേലുള്ള ആ കൈ കുത്തൽ, ഒടുവിൽ, വിളറിയും വിറച്ചും കൊണ്ട് പൊട്ടിപ്പുറപ്പെടുന്ന കോപവും വെറുപ്പും.

അടുത്ത കാലത്ത്, ഇതാദ്യമായി (അതെനിക്ക് ഒരത്ഭുതമായിട്ടാണു തോന്നിയത്), ഈ സംഗതിയെക്കുറിച്ചുള്ള ചില സൂചനകൾ ഞാനെന്റെ ഏറ്റവുമടുത്ത ഒരു സ്നേഹിതനുമായി പങ്കുവയ്ക്കുകയുണ്ടായി; എന്നുപറഞ്ഞാൽ, പലതും പറയുന്നതിനിടയിൽ ഒന്നുരണ്ടു വാക്കുകൾ; അതത്ര പരിഗണനാർഹമായി തോന്നരുതെന്നതിനാൽ യഥാർത്ഥത്തിൽ അതിനുള്ള പ്രാധാന്യത്തിലും ഒരു പടി താഴ്ത്തിയാണ്‌ (വസ്തുനിഷ്ഠമായി നോക്കിയാൽ അതെത്ര ചെറിയ സംഗതിയാണെന്ന് എനിക്കറിയാമല്ലോ) ഞാൻ പരാമർശിച്ചതും. വിചിത്രമെന്നു പറയട്ടെ, എന്നിട്ടുകൂടി എന്റെ സ്നേഹിതൻ അതവഗണിക്കുകയല്ല ചെയ്തത്; അവൻ സ്വന്തനിലയ്ക്ക് അതിൽ കൂട്ടിച്ചേർക്കുകയും മറ്റൊരു വിഷയത്തിലേക്കും തെന്നിപ്പോകാതിരിക്കുകയും അതിനെക്കുറിച്ചു കൂടുതൽ സംസാരിക്കാൻ താല്പര്യം കാണിക്കുകയും ചെയ്തു എന്നതാണ്‌ വാസ്തവം. അതുമല്ല വിചിത്രം: സുപ്രധാനമായ ഒരു കാര്യത്തിൽ അവൻ അതിനെ വിലതാഴ്ത്തിക്കാണുകയും ചെയ്തു; കാരണം, കുറച്ചു കാലത്തേക്ക് മറ്റെവിടെയെങ്കിലും പോയി താമസിക്കാൻ അവൻ എന്നെ ഉപദേശിക്കുകയായിരുന്നു. അതിലധികം ബുദ്ധിശൂന്യമായ ഒരുപദേശം ഉണ്ടാവുക വയ്യ; സ്ഥിതി വളരെ ലളിതമാണെന്നതു വാസ്തവം തന്നെ; ഒന്നടുത്തുവന്നു നോക്കാൻ മിനക്കെടുന്ന ആർക്കും കാര്യം പിടി കിട്ടാനേയുള്ളു; എന്നുവച്ച്, ഞാൻ പോകുന്നതുകൊണ്ട് എല്ലാം, അല്ലെങ്കിൽ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഗതികൾ, പരിഹരിക്കപ്പെടുമെന്നു വരാവുന്നത്ര ലളിതവുമല്ല. നേരേ മറിച്ച്, പോകാതിരിക്കാൻ നോക്കുകയാണു ഞാൻ ചെയ്യേണ്ടത്; എന്തെങ്കിലും പ്ലാൻ എന്റെ മനസ്സിലുണ്ടെങ്കിൽ അതിതായിരിക്കണം: പുറംലോകത്തിനു കൈ കടത്താൻ ഇട കിട്ടാത്ത ഇപ്പോഴത്തെപ്പോലെ അതിനെ അതിന്റെ ഇടുങ്ങിയ അതിരുകളിൽത്തന്നെ സൂക്ഷിക്കുക; എന്നു പറഞ്ഞാൽ, ഞാൻ എന്റെ ഇപ്പോഴത്തെ സ്ഥിതിയിൽ അടങ്ങിക്കിടക്കുകയും കണ്ണിൽ പെടാവുന്ന വലിയ മാറ്റങ്ങൾക്കിടകൊടുക്കാതിരിരിക്കുകയും ചെയ്യുക; എന്നു പറയുമ്പോൾ, ഇക്കാര്യത്തെക്കുറിച്ച് ആരോടും ഒന്നും മിണ്ടാതിരിക്കുക; അതുപക്ഷേ ഇതെന്തോ അപകടം പിടിച്ച രഹസ്യമായതുകൊണ്ടൊന്നുമല്ല, മറിച്ച്, തികച്ചും വ്യക്തിപരമായ ചെറിയൊരു സംഗതിയായതുകൊണ്ടും അതിനാൽ ലാഘവത്തോടെ കാണേണ്ടതും തുടർന്നും അങ്ങനെതന്നെ വയ്ക്കേണ്ടതുമായതുകൊണ്ടാണ്‌. അങ്ങനെ നോക്കുമ്പോൾ എന്റെ സ്നേഹിതന്റെ അഭിപ്രായങ്ങൾ കൊണ്ട് പ്രയോജനമൊന്നും ഉണ്ടായില്ലെന്നു പറയാനും പറ്റില്ല; അതിൽ നിന്ന് പുതുതായൊന്നും ഞാൻ പഠിച്ചില്ലെങ്കിലും എന്റെ ആദ്യത്തെ നിലപാടിനെ ബലപ്പെടുത്താനെങ്കിലും അതുതകിയല്ലോ.

ഒന്നുകൂടി സൂക്ഷ്മമായി ആലോചിച്ചുനോക്കുമ്പോൾ ഈ സംഗതിയുടെ കാര്യത്തിൽ ഇപ്പോഴുണ്ടായിരിക്കുന്ന മാറ്റങ്ങൾ ശരിക്കുമൊരു മാറ്റമല്ല, എനിക്കതിനോടുള്ള മനോഭാവത്തിലെ മാറ്റങ്ങളാണെന്നും തോന്നുന്നു. ഈ മനോഭാവം, ഒരു വശത്ത്, കൂടുതൽ സംയമനമുള്ളതും പൗരുഷമുറ്റതുമാവുകയും കാര്യത്തിന്റെ ഉള്ളിലേക്ക് കുറച്ചുകൂടി ആഴത്തിലേക്കു പോവുകയും ചെയ്യുമ്പോൾ മറുവശത്ത്, നിരന്തരമായ ആഘാതങ്ങളുടെ സ്വാധീനത്താൽ, എത്ര ചെറുതാണെങ്കിലും എനിക്കു നിയന്ത്രിക്കാൻ പറ്റാത്ത ഒരസ്വാസ്ഥ്യത്തിന്റെ നേരിയ ഛായ കൈവരിക്കുകയുമാണ്‌.

ഒരന്തിമതീരുമാനം, അതെത്ര ആസന്നമാണെന്ന് ഇടയ്ക്കൊക്കെ തോന്നിയാലും, അടുത്തൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നു സ്വയം ഓർമ്മിപ്പിക്കുമ്പോൾ ഒരു സമാധാനമൊക്കെ എനിക്കിപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ട്; തീരുമാനങ്ങളുണ്ടാകുന്നതിലെ വേഗതയെ ഉള്ളതിലേറെയായി കാണാനുള്ള ഒരു പ്രവണത നമുക്കുണ്ട്, ചെറുപ്പത്തിൽ വിശേഷിച്ചും; എന്റെ കൊച്ചു ന്യായാധിപതി എന്നെ കണ്ട മാത്രയിൽ മോഹാലസ്യപ്പെടുന്നപോലെയാവുകയും കസേരയിലേക്ക് ഒരു വശം ചരിഞ്ഞ് ചടഞ്ഞുവീഴുകയും ഒരു കൈ കൊണ്ട് കസേരയുടെ പിൻഭാഗത്തു പിടിച്ചിട്ട് മറ്റേക്കൈ കൊണ്ട് തന്റെ ഉടുപ്പിന്റെ ചരടിൽ തിരുപ്പിടിക്കുകയും ചെയ്യുമ്പോൾ, രോഷവും നൈരാശ്യവും കലർന്ന കണ്ണീർത്തുള്ളികൾ അവളുടെ കവിളുകളിലൂടെ ധാരയായി ഒഴുകുന്നതു കാണുമ്പോൾ എനിക്കു തോന്നിപ്പോകാറുണ്ട്, നിർണ്ണായകമായ ആ മുഹൂർത്തം അടുത്തുകഴിഞ്ഞിരിക്കുന്നുവെന്ന്, എന്റെ ഭാഗം വിശദീകരിക്കാൻ എന്നെ വിളിച്ചുവരുത്താനുള്ള സമയം ആഗതമായിരിക്കുന്നുവെന്ന്. എന്നിട്ടെന്താ, ഒരന്തിമതീരുമാനവുമില്ല, ഒരു വിളിച്ചുവരുത്തലുമില്ല; പെണ്ണുങ്ങൾക്കു തോന്നുമ്പോഴൊക്കെ മോഹാലസ്യപ്പെടാം; അതിനൊക്കെ ഓടിച്ചെല്ലാൻ ലോകത്തിനെവിടെ നേരമിരിക്കുന്നു? ഇക്കഴിഞ്ഞ വർഷങ്ങളിൽ ശരിക്കും എന്താണ്‌ നടന്നിരിക്കുന്നത്? ഒന്നുമില്ല, അത്തരം സന്ദർഭങ്ങൾ, ചിലപ്പോൾ മയത്തിലും ചിലപ്പോൾ കടുപ്പത്തിലും, ആവർത്തിച്ചുവന്നിരുന്നു എന്നല്ലാതെ; അതിനാൽ അവയുടെ ആകത്തുക മുമ്പത്തേക്കാൾ കൂടുതലായി എന്നല്ലാതെ. ആളുകൾ സമീപത്തു ചുറ്റിപ്പറ്റി നടക്കാനും തുടങ്ങി, ഒരവസരം കിട്ടിയാൽ ഒരു കൈ സഹായിക്കാനായി; പക്ഷേ അവർക്കങ്ങനെയൊരവസരം കിട്ടുന്നില്ല; ഇതേവരെ അവർ തങ്ങളുടെ ഘ്രാണശേഷിയെ മാത്രമാണ്‌ ആശ്രയിച്ചിരുന്നത്; എന്നാൽ മണത്തുനടക്കുന്നതുകൊണ്ട് മൂക്കുകൾ സദാ പ്രവൃത്തിനിരതമാകുമെന്നല്ലാതെ മറ്റു ഗുണമൊന്നുമില്ലല്ലോ. അതെന്നും അങ്ങനെതന്നെയായിരുന്നു; എന്നുമുണ്ടാവും, താങ്ങിത്തൂങ്ങിനടക്കുന്ന വകയ്ക്കു കൊള്ളാത്തവന്മാർ; ബന്ധുത്വം പറഞ്ഞുകൊണ്ട് തങ്ങളുടെ സാന്നിദ്ധ്യം ന്യായീകരിക്കുന്നവർ. എപ്പോഴുമവർ നിരീക്ഷണത്തിലായിരുന്നു, അവരുടെ നാസാദ്വാരങ്ങൾ ഏതുനേരവും തുറന്നിരിക്കുകയായിരുന്നു; എന്നിട്ടുമെന്താ, ഇപ്പോഴുമവർ ആ നില്പു തന്നെ. ഒരേയൊരു വ്യത്യാസം, എനിക്കവരെ ഓരോരുത്തരേയും ക്രമേണ തിരിച്ചറിയാൻ പറ്റിത്തുടങ്ങി എന്നതാണ്‌, എനിക്കവരുടെ മുഖങ്ങൾ വേറിട്ടറിയാറായി എന്നതാണ്‌; മുമ്പു ഞാൻ കരുതിയിരുന്നത് അവർ അവിടെയും ഇവിടെയും എവിടെയും നിന്ന് തെന്നിയെത്തുകയായിരുന്നുവെന്നും ഈ സംഗതി അളവുകൾ കവിഞ്ഞു വളരുകയാണെന്നും ഒരു തീരുമാനമെടുക്കേണ്ട ഘട്ടത്തിലേക്ക് അത് സ്വയം ചെന്നെത്തുമെന്നുമായിരുന്നു. എന്നാൽ ഇന്നെനിക്കു നല്ല തീർച്ചയാണ്‌, ഇതെന്നും ഇങ്ങനെതന്നെയായിരുന്നുവെന്ന്, ഒരു തീരുമാനമെടുക്കുന്നതിന്റെ ആസന്നതയുമായി വലിയ ബന്ധമൊന്നും അല്ലെങ്കിൽ ഒരു ബന്ധവും അതിനില്ലെന്ന്. പിന്നെ, തീരുമാനത്തിന്റെ കാര്യമാണെങ്കിൽ- അതിനെ കുറിക്കാൻ ഞാനെന്തിന്‌ അങ്ങനെ വലിയ ഒരു പേരുപയോഗിക്കണം? പൊതുജനാഭിപ്രായം ഇക്കാര്യത്തിൽ ഇടപെടുന്ന ഒരുനാളുണ്ടായെന്നിരിക്കട്ടെ- അതു നാളെയാവണമെന്നില്ല, മറ്റേന്നാളാവണമെന്നില്ല, ഇനി, അങ്ങനെയൊരുനാളുണ്ടായില്ലെന്നും വരാം-, ഞാനെന്നും ആവർത്തിച്ചുപറഞ്ഞിട്ടുള്ളപോലെ, അതിനതിൽ ഇടപെടേണ്ട ഒരു കാര്യവുമില്ലെങ്കില്ക്കൂടി, അങ്ങനെയുണ്ടായെന്നിരിക്കട്ടെ, തീർച്ചയായും ഞാനതിൽ നിന്നു പുറത്തുവരിക പരിക്കു പറ്റാതെയാവില്ല; എന്നാല്ക്കൂടി ആളുകൾ ഇക്കാര്യം കണക്കിലെടുക്കും: അതായത്, പൊതുജനത്തിന്‌ അറിയാത്തയാളല്ല ഞാനെന്ന്, അതിനെ വിശ്വസിച്ചും അതിന്റെ വിശ്വാസം നേടിയും പൊതുജനമദ്ധ്യത്തിൽ ജീവിക്കുകയായിരുന്നു ഞാനെന്ന്, അതിനാൽ അപ്രസന്നയായ ഈ കൊച്ചുസ്ത്രീയ്ക്ക്, എന്റെ ജീവിതത്തിൽ അടുത്ത കാലത്തു കയറിവന്ന ഈ സ്ത്രീയ്ക്ക്, -ഇടയ്ക്കൊന്നു പറയട്ടെ, മറ്റൊരാളായിരുന്നെങ്കിൽ തൊന്തരപ്പെടുത്തുന്ന ഈ മുള്ളൻകായയെ ആരും കേൾക്കാത്ത വിധം കാല്ക്കീഴിലിട്ടു ഞെരിച്ചുപൊട്ടിക്കുമായിരുന്നു- ആകെ ചെയ്യാവുന്നത് സമൂഹം അതിലെ ബഹുമാന്യനായ ഒരംഗമായി എന്നെ അംഗീകരിച്ചുകൊണ്ട് എനിക്കു തന്ന ബിരുദത്തിൽ വികൃതമായ ചെറിയൊരു കുത്തിവരയ്ക്കൽ നടത്താം എന്നതുമാത്രമാണെന്ന്. ഇങ്ങനെയൊക്കെയാണ്‌ ഇപ്പോഴത്തെ അവസ്ഥ ചെന്നുനില്ക്കുന്നത്; അതെനിക്കെന്തെങ്കിലും അസ്വാസ്ഥ്യമുണ്ടാക്കുന്നതാണെന്നു പറയാനുമില്ല.

അതേ സമയം, ഇത്രയും കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ ചെറിയൊരളവിൽ എനിക്ക് ഒരുത്കണ്ഠ വളർന്നുവന്നിട്ടുണ്ടെന്നുള്ളത് ഈ സംഗതിയുടെ പ്രാധാന്യവുമായി ഒരുതരത്തിലും ബന്ധപ്പെട്ടതല്ല. നിരന്തരമായി മറ്റൊരാളുടെ നീരസത്തിനു പാത്രമാകാൻ ഒരാൾക്കും കഴിയില്ല, ആ നീരസം കാരണമില്ലാത്തതാണെന്ന് അയാൾ കാണുന്നുണ്ടെങ്കില്ക്കൂടി; അയാളുടെ സ്വസ്ഥത ഇല്ലാതാവുകയാണ്‌; എന്തെങ്കിലുമൊരു തീരുമാനമുണ്ടാകാൻ കാത്തുകാത്തിരിക്കുന്ന അവസ്ഥയിലേക്കെത്തുകയാണയാൾ, അതിൽ അത്രയധികം വിശ്വാസം വയ്ക്കേണ്ടെന്ന വിവേകമുണ്ടെങ്കില്ക്കൂടി. ഭാഗികമായി, പ്രായം കൂടുന്നതിന്റെ ഒരു ലക്ഷണം കൂടിയാണത്; യൗവ്വനത്തിൽ യാതൊന്നും അഭംഗിയല്ല; യൗവ്വനത്തിന്റെ അദമ്യമായ ഓജസ്സിൽ അനാകർഷകമായ വിശദാംശങ്ങൾ കാണപ്പെടാതെയാകുന്നു; ഒരാൾക്ക് ചെറുപ്പത്തിൽ മിഴിച്ചുനോക്കുന്ന സ്വഭാവമുണ്ടായിരുന്നെങ്കിൽ ആരുമത് ഒരു തെറ്റായി കണ്ടിരിക്കില്ല, ആരുമത് ശ്രദ്ധിച്ചിട്ടുകൂടിയുണ്ടാവില്ല, അയാൾ പോലും; എന്നാൽ വാർദ്ധക്യത്തിൽ ശേഷിക്കുന്നത് അവശിഷ്ടങ്ങളാണ്‌, ഒന്നൊഴിയാതെ ആവശ്യമുള്ളവ, ഒന്നും പുതുക്കിയെടുക്കാൻ പറ്റാത്തവ, ഓരോന്നും സൂക്ഷ്മനിരീക്ഷണത്തിലുള്ളതും; പ്രായം ചെന്ന ഒരാളുടെ മിഴിച്ചുനോട്ടം വ്യക്തമായ ഒരു മിഴിച്ചുനോട്ടമാണ്‌, അതു തിരിച്ചറിയാൻ ഒരു പ്രയാസവുമില്ല. അതയാളുടെ അവസ്ഥ കൂടുതൽ മോശമായതാണെന്നു പറയാൻ പറ്റില്ല എന്നുമാത്രം.

ഏതു കോണിലൂടെ നോക്കിയാലും എനിക്കു തോന്നുന്നതിതാണ്‌- അതു ഞാൻ മാറ്റിപ്പറയില്ല- അതായത്, ഈ ചെറിയ കാര്യത്തെ എന്റെ കൈ കൊണ്ട് പതുക്കെയെങ്കിലും ഒന്നു മറച്ചുപിടിച്ചാൽ ഇനിയുമേറെക്കാലം സ്വസ്ഥമായി, ലോകത്തിന്റെ ശല്യമില്ലാതെ, എനിക്കു ജീവിച്ചുപോകാം, ഈ സ്ത്രീയുടെ കോപാവേശമൊക്കെ ഇരിക്കെത്തന്നെ.

(1924)

വര : പ്രസാദ് കാനത്തുങ്കൽ

കവർ ഡിസൈൻ :വിൽസൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like