പൂമുഖം LITERATUREകഥ നരിയും വരയും

നരിയും വരയും

(Inspired by Tagore – ‘Religion of Man’)

പച്ചപ്പുകളിലൂടെ ഊർന്നിറങ്ങിയ സൂര്യരശ്മികൾ കറുപ്പും മഞ്ഞയും വരകളെ തിളക്കി. ഇളകുന്ന ദൃഢപേശികൾക്ക് മുകളിൽ അവ താഴുകയും ഉയരുകയും ചെയ്തു. ശാന്തസമുദ്രത്തിൽ തിരകളെന്ന പോലെ. നരി നടക്കുകയായിരുന്നു. വിശപ്പധികമില്ലാത്ത ദിവസം. തലേന്നാളത്തെ സുഭിക്ഷമായ മാൻസദ്യയുടെ രുചി നാവിൽ തങ്ങി നിൽക്കുന്നു . നീണ്ട നാവ് പുറത്തിട്ട് നരി തന്‍റെ ചുണ്ടുകൾ നക്കി.

കുറ്റിക്കാട്ടിലെ വളർന്ന പുല്ലുകൾക്കിടയിലൂടെ നടന്ന് നടന്ന് താൻ നദീതീരത്തെത്തിയെന്ന് പെട്ടെന്നാണ് നരി അറിഞ്ഞത്. ഒരു നനുത്ത കാറ്റ് പുഴയുടെ ഈർപ്പവുമേന്തി തന്‍റെ ദീര്‍ഘശരീരത്തെ പരിചരിച്ചു കുളിർപ്പിക്കുന്നു. ആ സുഖാനുഭവത്തിൽ നദിക്കരയിലൂടെ നരി പതുക്കെ നടന്നു. സൂര്യവെളിച്ചത്തിന്‍റെ പ്രതിഫലനോഷ്മളതയിൽ
മിഥ്യാഭിമാനത്തോടെ നദി കുലുങ്ങിചിരിച്ചുകൊണ്ടിരുന്നു. അതിന്‍റെ നിഷ്ഫലതയിൽ നരിക്കു ചിരി വന്നു. അപ്പോഴാണ് എവിടെയോ ഒരനക്കം ശ്രദ്ധയിൽ പെട്ടത്. നരി ജാഗരൂഗനായി, കിട്ടാവുന്ന മറകളിൽ പതുങ്ങി. വളരെ നേർത്ത കൊച്ചുവീചികളായി വരുന്ന ഒരു ശബ്ദം. അത് വളരെ ദൂരത്തു നിന്നല്ലെന്നു നരിയറിഞ്ഞു, അത് നീങ്ങിക്കൊണ്ടിരിക്കയല്ലെന്ന് മനസ്സിലാക്കുകയുംചെയ്തു.

പതുക്കെ എഴുന്നേറ്റു ആ ശബ്ദം കേട്ട സ്ഥലം ലക്ഷ്യമാക്കി ശ്രദ്ധയോടെ നീങ്ങി. കുറച്ചു പോയപ്പോൾ ശബ്ദത്തിന്‍റെ ഉറവിടം കണ്ടു. നദിയുമായി ഉറക്കെ എന്തൊക്കെയോ സംവദിച്ച് , നദിയെ പുണർന്ന്, നദിയാൽ പുണരപ്പെട്ട്, നീന്തിക്കളിക്കുന്ന ഒരു ബാലിക.

ഒരു പുൽക്കൂൂട്ടത്തിലൊളിച്ച് നരി അവളെ ശ്രദ്ധിച്ചു. പിന്നെ ചുറ്റുവട്ടവും. ആരെങ്കിലും……?

ഇല്ല. മറ്റാരെയും കാണാനില്ല. ഗ്രാമാതിർത്തിക്കടുത്താണെങ്കിലും കുട്ടി ഒറ്റക്കാണെന്ന് അത് മനസ്സിലാക്കി. അവളെ നോക്കിയിരുന്നപ്പോൾ തന്‍റെയുള്ളിൽ വാത്സല്യം ചുരന്നു വരുന്നത് നരിയറിഞ്ഞു.

മൂളിപ്പാട്ട് പാടിയും എന്തൊക്കെയോ പറഞ്ഞും കുട്ടി കരയിലേക്ക് വന്നു. പിന്നെ കൽക്കഷണം പോലെ എന്തോ എടുത്തു ദേഹത്ത് തേയ്ക്കാൻ തുടങ്ങി. അത് അവളുടെ ദേഹമാകെ വെളുത്ത നുരകൾ സൃഷ്ടിക്കുന്നത് നരി അത്ഭുതത്തോടെ നോക്കിനിന്നു . എന്താണത്? ധൈര്യം സംഭരിച്ചു അത് മെല്ലെ മുൻപോട്ടു നീങ്ങി.

ശബ്ദം കേട്ട് കുട്ടി തല പൊക്കി നോക്കി. ആ കണ്ണുകളിൽ ആശ്ചര്യവും ഭയവും. നരി നിന്നു. പിന്നെ ആവുന്നത്ര മൃദുലമായി പറഞ്ഞു : “പേടിക്കേണ്ട !”

കുട്ടിയുടെ കണ്ണുകൾ അത്ഭുതവും ജിജ്ഞാസയും കൊണ്ട് വിടർന്നു വിടർന്നു വന്നു. സംസാരിക്കുന്ന നരിയമ്മാവൻ !

” അതെന്താ? ” നരി ചോദിച്ചു.

” ഏത് ?” കുട്ടി തിരിച്ചും ചോദിച്ചു .

” ആ കല്ല്- ദേഹത്ത് തേക്കുന്നത് ? “

” ഓ ! അതോ ! അത് സോപ്പ്”

“എന്ന് വെച്ചാൽ?”

” ഇത് തേച്ചു വൃത്തിയായി കഴുകിയാൽ ശരീരം പള പളാ തിളങ്ങും. “

” കറുപ്പ് മാറി വെളുപ്പാകുമോ? ” നരിക്കു സംശയം.

” ആകുമായിരിക്കും, അറിയില്ല .”

പറഞ്ഞ ശേഷം കുട്ടി നരിയെ ചോദ്യരൂപത്തിൽ നോക്കി. മഞ്ഞയും കറുപ്പും ഇട കലർന്ന ശരീരത്തിലെ കറുത്ത വരകളാണ് ചോദ്യത്തിന് പിന്നിലെന്ന് കുട്ടിക്ക് തോന്നി.

” ശ്രമിക്കുന്നോ? ” ഇതിനകം ധൈര്യം പൂർണമായും വീണ്ടെടുത്ത കുട്ടി ചോദിച്ചു.

” ങും ..” നാണം വന്നെങ്കിലും നരി ആവാമെന്ന് തലയാട്ടി.

” വാ !” കുട്ടി ക്ഷണിച്ചു.

നരി തന്‍റെ വലിയ ശരീരം മെല്ലെ മെല്ലെ വെള്ളപ്പരപ്പിനടുത്തെത്തിച്ചു. എന്നിട്ട് മണലിൽ കുട്ടിയുടെ അടുത്ത് കിടന്നു. ആ കല്ലും വെള്ളവും ചേർത്ത് , കുട്ടി തന്‍റെ ദേഹത്തിലാകെ നുരകളും പതകളും വിന്യസിക്കുന്നതു൦ തന്‍റെ കൊച്ചു കൈകൾ കൊണ്ട് പേശികളെ തലോടുന്നതും നരി കണ്ടറിഞ്ഞു. പിന്നെ കണ്ണടച്ചാസ്വദിച്ചു.

കണ്ണ് തുറന്നപ്പോൾ കുട്ടി തന്നെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നു..

തന്‍റെ ദേഹത്തിലെ മണ്ണും അവിടവിടെ പറ്റി നിന്നിരുന്ന പുല്ലും പോയതൊഴിച്ചാൽ തനിക്കു മാറ്റമൊന്നും കണ്ടില്ല.

കറുപ്പ് കറുപ്പ് തന്നെ. മഞ്ഞ മഞ്ഞയും. നരിക്ക് നിരാശ തോന്നി. കുട്ടിക്ക് നിരാശയുണ്ടോ എന്ന് മനസ്സിലായില്ല.

” കറുപ്പ് പോകുന്നില്ല. വേറെ സോപ്പ് കൊണ്ട് നോക്കാം. ” കുട്ടി പറഞ്ഞു.

നരി ചിരിച്ച് തലയാട്ടി.

” ഇത് എന്‍റെ ഉള്ളിലെ കറുപ്പാണ് – ഉള്ളിലെ മഞ്ഞയും ! ഇത് തൊലിപ്പുറത്ത് എന്തെങ്കിലും തേച്ച്, കളയാനാവില്ല . തേച്ചാൽ പുറത്തെ ചളിയും പുല്ലും മാറിക്കിട്ടും. അത്രതന്നെ ! സാരമില്ല, ഇത് എന്‍റേതാണ് പോവില്ല.” നരി ആലോചനാമഗ്നനായി പറഞ്ഞു.

നദിയെയും താലോലിച്ചു വന്ന കാറ്റ് അവരുടെ നിശ്ശബ്ദതയെ കുളിര്‍മയോടെ താലോലിച്ചു. അവർക്കിടയിൽ ഒരു ധ്യാനം തങ്ങി നിന്നു.

” ഞാൻ പോകട്ടെ , നന്ദി! ” അതും പറഞ്ഞു മെല്ലെ തിരിഞ്ഞു നടക്കുന്ന നരിയുടെ ചുവടുകളിൽ ഒരു പുതിയ താളം.കുട്ടി അത് നോക്കി നിന്നു . പിന്നെ ആലോചിച്ചു.
എന്‍റെ ഉള്ളിലും വരകളുണ്ടാകുമോ ? സോപ്പ് തേച്ചാൽ പോകാത്ത ആഴത്തിലുള്ള വരകൾ ?

Based on : Tagore’s lines which inspired this: Ref: Chapter IX ( Artist), of Religion of Man
“A child comes to me and commands me to tell her a story. I tell her of a tiger which is disgusted
with the black stripes on its body and comes to my frightened servant demanding a piece of soap.”

വര : പ്രസാദ് കാനത്തുങ്കൽ

കവർ ഡിസൈൻ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like