പൂമുഖം LITERATUREകവിത നിനക്കുള്ള കത്ത്

നിനക്കുള്ള കത്ത്

നിന്റെ മേൽവിലാസമെഴുതിയ കത്തു്
നിന്നെത്തേടി യാത്രയായി
മാറാല തൂങ്ങിയ കതകു പറഞ്ഞു
“പോയല്ലോ, എങ്ങോട്ടാണെന്നും
എപ്പൊ വരുമെന്നും പറഞ്ഞില്ല ”
നിന്റെ ഇടത്താവളങ്ങളെ തേടി
കത്തു വീണ്ടും യാത്ര തുടങ്ങി

ഒന്നാം ഇടത്താവളം പറഞ്ഞു
” എന്റടുത്തു വന്നിട്ടൊത്തിരി നാളായി ”

രണ്ടാം ഇടത്താവളം പറഞ്ഞത്
” വന്നാരുന്നു, ഒടനെപോകേം ചെയ്തു”

മൂന്നാം ഇടത്താവളത്തിന്റെ കോലായിൽ
കത്തു് വർത്താനം കേട്ടിത്തിരി നേരമിരുന്നു.
“അയ്യോ, ഇന്നലെ വന്നെങ്കി കാണായിരുന്നു.
കൊറേ ദെവസം ഇവടെ ഒണ്ടായിരുന്നേ
രാത്രി ഏറെ വൈകും വരെ ഉറങ്ങാതിരിക്കും
എന്തൊക്കെയോ എഴുതി കൂട്ടും
മുറ്റത്തേക്കു കാലു നീട്ടി ചവിട്ടുകല്ലിൽ
അരമതിൽ ചാരി അങ്ങനേയിരിക്കും
മാനത്തു നോക്കിനിലാവിനോടെന്തോ പറയും പോലെ
പ്രിയമുള്ള ആരെയോ ഓർക്കുന്ന പോലെ
ഇടയ്ക്കു നെടുവീർപ്പിടും
കണ്ണുകൾ ഇറുകെയടയ്ക്കും
ആരോ അരികിലുണ്ടെങ്കിൽ
എന്നു കൊതിക്കുന്ന പോലെ
ഇനീപ്പൊ പറഞ്ഞിട്ടെന്താ കാര്യം!

നാലാം ഇടത്താവളം ധൃതിയിൽ പറഞ്ഞു
” ദിപ്പൊ പോയതേ ഉള്ളൂ
ദൂരയാത്രയ്ക്കാണ് ”

കത്തിനു മടുത്തു മടക്കയാത്രയായി
തിരികെയെത്തിയപ്പോൾ കേട്ടത്
കത്തയച്ച ആളെപ്പറ്റിയും വിവരമൊന്നു മില്ലെന്ന്
ജീവൻ തുടിക്കുന്ന അനാഥമായ
കത്തിനെ ആരോ
ജീവനറ്റു തുടങ്ങിയ അനാഥർക്കൊപ്പം
ചാക്കിൽ കെട്ടി മൂലയ്ക്കിട്ടു.

Comments
Print Friendly, PDF & Email

You may also like