പൂമുഖം LITERATUREലേഖനം ഇടുക്കി ഡാമിന് അമ്പതാണ്ട്

ഇടുക്കി ഡാമിന് അമ്പതാണ്ട്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കേരളത്തിൻ്റെ ഇരുൾ അകറ്റിയ ഇടുക്കി ഡാം യാഥാർത്ഥമായിട്ട് അമ്പതാണ്ട്.1964 ൽ ആരംഭിച്ച ഡാം നിർമ്മാണം തൊഴിലാളി സമരങ്ങളും കാലാവസ്ഥയുടെ പ്രാതികൂല്യവും നിമിത്തം ഇഴഞ്ഞാണ് നീങ്ങിയിരുന്നത്. അടിയന്തിരാവസ്ഥ കാലത്താണ് ഇടുക്കി ഡാമിൻ്റെ നിർമ്മാണം തടസ്സങ്ങളില്ലാതെ പൂർത്തിയായത്. 1976 ഫെബ്രുവരി 12 ന് ഡാമിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നിർവ്വഹിച്ചു.

ഹൈറേഞ്ചിൻ്റെ മലയോരങ്ങളെ നെടുകെ പിളർക്കുന്ന പെരിയാർ കുറവൻ മലയുടെ അടിവാരത്തുവെച്ച് കേരള കോൺഗ്രസിനെപ്പോലെ പിളർന്ന് ഒരു ഭാഗം ഇടുക്കി വഴിയും മറ്റെ ഭാഗം ചെറുതോണി വഴിയുമാണ് നൂറ്റാണ്ടുകളായി ഒഴുകിയിരുന്നത്. എങ്കിലും ചെറുതോണിക്ക് താഴെയുള്ള വെള്ളക്കയത്തു വെച്ച് ഇവ തമ്മിൽ യോജിച്ചിരുന്നു. അന്നും ഇന്നും പെരിയാറിന് കുറുകെ കടക്കുക അത്ര എളുപ്പമല്ല ; ചങ്ങാടം വഴിയാണ് ആദ്യകാലത്ത് ഊരാളിമാരും വാഴവര ഭാഗത്ത് നിന്ന് മന്നാൻമാരും മറുകര കണ്ടിരുന്നത്.

1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കി ഡാമിൻ്റെ ചരിത്രം ആരംഭിക്കുന്നത്. വഴികാട്ടിയായി എത്തിയ ആദിവാസി മൂപ്പൻ കൊലുമ്പനാണ് പുരാണകഥകൾ പറയുന്ന കുറവൻ കുറത്തി മലയിടുക്കുകൾ അദ്ദേഹത്തിനു കാട്ടിക്കൊടുത്തത്.

ആ മലയിടുക്ക് ജോണിനെ ഹഠാദാകർഷിച്ചു. ഇവിടെ ഒരു അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും ഉതകുമെന്ന് അദ്ദേഹത്തിനു തോന്നി. എഞ്ചനീയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാദ്ധ്യതകളെക്കുറിച്ച്‌, തിരുവിതാംകൂർ ഗവൺമെന്റിനു ആദ്യറിപ്പോർട്ടു സമർപ്പിച്ചു.

പിന്നീട് 1937ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്നീ എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിനനുകൂലമായി പഠനറിപ്പോർട്ടു സമർപ്പിച്ചെങ്കിലും തിരുവിതാംകൂർ സർക്കാർ തയ്യാറായില്ല. തുടർന്നും പെരിയാറിനെയും, ചെറുതോണിയെയും ബന്ധിപ്പിച്ച്‌, അണക്കെട്ടു നിർമ്മിക്കാൻ വിവിധ പഠനറിപ്പോർട്ടുകൾ ഉണ്ടായി. എങ്കിലും 1963 വരെ കാത്തിരിക്കേണ്ടി വന്നു കേന്ദ്ര ആസൂത്രണക്കമ്മിഷന്റെ അംഗീകാരം കിട്ടാൻ.

ഇടുക്കി ഡാം വന്നതോടെയാണ് മലനാട് ജില്ല ഇടുക്കിയായത് .കാനഡയുടെ സാങ്കേതിക സഹകരണത്തോടെയാണ് KSEB ഇടുക്കിയിൽ ഡാം നിർമ്മിച്ചത്. ചെറുതോണിപ്പുഴയിലൂടെ ഒഴുകുന്ന ജലം ശേഖരിക്കാൻ ചെറുതോണിയിലും കിളിവള്ളിത്തോട്ടിലെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും ഓരോരോ അണക്കെട്ടുകൾ നിർമ്മിച്ചു. അതിൻ്റെ ഫലമായി നിരവധി കുന്നുകളും ഗ്രാമങ്ങളും ജലസമാധിയിലായി. ചരിത്രപ്രസിദ്ധമായ അയ്യപ്പൻകോവിൽ ക്ഷേത്രവും കുടിയേറ്റഗ്രാമമായ വൈരമണിയും അങ്ങനെയാണ് ഓർമ്മയായത്. ഇടുക്കിഡാമിൻ്റെ പേരിലാണ് 1961ൽ അയ്യപ്പൻകോവിലെ കർഷകരെ നിഷ്കരുണം കുടിയിറക്കിയത്. അതിനെ ത്തുടർന്നാണ് AKG യുടെ സത്യാഗ്രഹം അരങ്ങേറിയത്.

ഇടുക്കി ഡാമിലെ ജലം മൂലമറ്റം പവർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. അഞ്ചു കൂറ്റൻ ടർബനുകളാണു് രാപ്പകൽ അവിടെ കറങ്ങുന്നതു്. പവർ ഹൗസിൽ നിന്ന് പുറം തള്ളുന്ന ജലം കുടയത്തുരിനെയും കാഞ്ഞാറിനെയും ഹരിതാഭമാക്കുന്നു. മലയാള സിനിമക്കാരുടെ പ്രിയപ്പെട്ട ലോക്കേഷനാണ് അവിടം. നിരവധി ചിത്രങ്ങളാണ് ഈ സ്ഥലങ്ങളിൽ ചിത്രികരിക്കപ്പെട്ടത്.

കുളമാവിൽ നിന്നുള്ള ടണലിനെ കൂടാതെ വേറെയും തുരങ്കങ്ങളുണ്ട്. നാരക കാനത്ത് നിന്നുള്ള ടണൽ അവയിൽ ഒന്നാണ്. വേനൽകാലത്ത് ഇത് വരണ്ടു കിടക്കും. ഇതുവഴി നിരവധി പേരാണ് മീൻ പിടുത്തത്തിനും മറ്റും ഇടുക്കി ഡാമിൽ പോയിരുന്നത്. അവരിൽ ചിലർ മരിച്ചതിനെ തുടർന്ന് ടണലിന് KSEB ഗ്രില്ലിട്ട് കാവൽ ഏർപ്പെടുത്തി. ഡാം നിർമ്മാണ വേളയിൽ പുറത്തേക്ക് ജലം ഒഴുകി പോകാനായി കുറവൻ മലയിലും ഒരു തുരങ്കം തീർത്തിരുന്നു. പക്ഷേ, ഡാം പൂർത്തിയായപ്പോൾ അത് സിമിൻ്റിട്ട് അടച്ചു. ഡാം ടോപ്പിലേക്ക് വരാൻ കുറത്തി മലയിലും ടണൽ പണികഴിപ്പിച്ചു. അതു ഇന്നും അങ്ങനെ തന്നെ കിടക്കുന്നു. കുറത്തി മലയുടെ ഭാഗത്തായി ഡാമിൻ്റെ ഉള്ളിലേക്ക് ഇറങ്ങാൻ ലിഫ്റ്റുണ്ട്. സുരക്ഷാ പരിശോധനക്കായി നിരവധി ഗ്യാലറികളും നിർമ്മിച്ചിട്ടുണ്ട്.

മൂലമറ്റം പവർഹൗസിന് ആവശ്യമായ ജലം പെരിയാറിൽ നിന്ന് ലഭിക്കുമെന്നാണ് KSEB കരുതിയത്. എങ്കിലും 3-4 തവണ് ഇടുക്കി ഡാം വറ്റിവരളുകയുണ്ടായി. ഇത് മുന്നിൽ കണ്ട് ഇരട്ടയാറിലും കല്ലാറ്റിലും ഡൈവേർഷൻ ഡാമുകൾ കെട്ടി ടണലുകൾ വഴി ജലം എത്തിച്ചത് ഗുണകരമായി. അതു പോലെ ഇക്കാലയളവിൽ ഇടുക്കി ഡാം നിറഞ്ഞ് കവിഞ്ഞതിനെ തുടർന്ന് 3-4 തവണ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്.

ഇടുക്കി ഡാമിൻ്റെ ക്യാച്ച്മെൻ്റ് ഏരിയയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ പട്ടയം ലഭിക്കാത്തവരുണ്ട്. 10 ചെയിൻ പ്രദേശമെന്നാണ് ഇത് അറിയപ്പെടുന്നത്. ദീർഘകാലത്തെ സമരത്തിന് ഒടുവിൽ ഇരട്ടയാർ, കല്ലാർ പ്രദേശക്കാർക്ക് പട്ടയം ലഭിച്ചു.എങ്കിലും മേരികുളം കാഞ്ചിയാർ ദേശനിവാസികൾക്ക് ലഭിച്ചിട്ടില്ല. ഇടുക്കി ഡാമിനോട് ചേർന്നു കിടക്കുന്ന അഞ്ചുരുളി ,കല്യാണതണ്ട്. കാൽവരി മൗണ്ട് തുടങ്ങിയവ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

ഇടുക്കിജില്ല കുടിയേറ്റ ഭൂമിയാണ്. ആയിരക്കണക്കിന് ഏക്കർ ഭൂമി കുടിയേറി കാടു വീട്ടിത്തെളിയിച്ച്‌ പരിസ്ഥിതി നാശം വരുത്തിയെന്ന് മുഖ്യ ധാരയിൽ വിമർശനമുണ്ട്. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളും അതിനോട് ചേർന്ന രണ്ടു ജലശേഖരങ്ങളും (saddle dams) ചേർന്നാൽ ഏകദേശം 60 ചതുരശ്ര കിലോമീറ്റർ വിസ്തൃതി വരും. ഇത്രയും സ്ഥലത്തെ കാടുകളെയും കുന്നുകളെയും ആണ് ഇടുക്കി ഡാം വിഴുങ്ങിക്കളഞ്ഞത്. ഇതിലെ പരിസ്ഥിതി നാശത്തെ കുറിച്ച് ആരും ചൂണ്ടിക്കാണിച്ചിട്ടില്ല.

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.