പൂമുഖം LITERATUREലേഖനം എം എസ്.സ്വാമിനാഥനും മഞ്ജീരദത്തയുടെ സിനിമയും.

എം എസ്.സ്വാമിനാഥനും മഞ്ജീരദത്തയുടെ സിനിമയും.

ഒരു നേരനുഭവം

എഴുപതുകളുടെ തുടക്കത്തിലാണ് ഞങ്ങളുടെ കുട്ടിക്കാലം. അക്കാലത്തെ മനുഷ്യരുടെ തീവ്രമായ അനുഭവം വിശപ്പ് തന്നെയായിരുന്നു. സാമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ എല്ലാം സ്ഥാനം ഈ അനുഭവങ്ങൾക്കും പിന്നിലായിരുന്നു. മലയാളിയുടെ ഭക്ഷണ ശീലങ്ങളിലൊന്നായും അടങ്ങാത്ത വിശപ്പിനെ നേരിയ തോതിലെങ്കിലും ശമിപ്പിച്ചു പോന്നതും ആ കാലത്ത് ബ്രസീൽ ജന്മം നല്കി പോർച്ചുഗീസുകാർ ഇന്ത്യയിലെത്തിച്ച മരച്ചീനിയായിരുന്നു. വേറെയും ചില കിഴങ്ങു വർഗ്ഗങ്ങൾ കൂടി മലയാളിയുടെ ഭക്ഷണ ശീലങ്ങളിൽ ഒഴിച്ചുകൂടാത്തതായി.

പല തരം ചേമ്പുകളും കാച്ചിലും ചേനയുമെല്ലാം ആ കാലത്ത് മലയാളിയുടെ വിശപ്പടക്കിപ്പോന്നു. തവരയും മുരിങ്ങയും, ചീരയും വാഴക്കാമ്പും മാമ്പും മറ്റ് ഇലക്കറികളും മാത്രം ഭക്ഷണത്തിലെ പോഷക ഘടകങ്ങളായി. കൂടെ അക്കാലത്ത് തികച്ചും ദുർലഭമല്ലാതെ ലഭിച്ചിരുന്ന മത്തിയും. അപൂർവ്വമായി പയറും ഉഴുന്നും മുത്താറിയും മലബാറിലെങ്കിലും കൃഷിയിടങ്ങളിൽ ഇടം പിടിച്ചു. (ഇവയിൽ പലതും യഥാർത്ഥത്തിൽ അക്കാലത്തെ മദ്ധ്യവർഗ്ഗങ്ങളിൽ മാത്രം ഒതുങ്ങി). ഇതിനു പുറമെ കൃഷി ചെയ്തു പോന്നതിൽ പ്രധാനമായവ നെല്ലു തന്നെ!

എം എസ് സ്വാമിനാഥന്‍

നെല്ലറകളെന്ന് വിശേഷിപ്പിക്കാവുന്ന പാടശേഖരങ്ങൾ വിരലുകൊണ്ട് എണ്ണിയെടുക്കാവുന്നവ കുട്ടനാടിന് വെളിയിലും ഉണ്ടായിരുന്നു. (ജന്മിത്വത്തിന്‍റെ ക്രൂരമായ വ്യവസ്ഥകൾ നിലനില്ക്കുന്ന കാലം! വിളവിലെ വലിയ പങ്കും ജന്മിമാരുടെ പത്തായങ്ങൾ നിറച്ചു) അപ്പോഴേക്കും പുനം കൃഷി എന്ന പേരിലറിയപ്പെട്ട കരനെൽകൃഷി മലയോരങ്ങളിലും കരഭൂമികളിലും വിതച്ചു കൊയ്യാൻ തുടങ്ങിയിരുന്നു. എങ്കിലും മറ്റേതൊരു സംസ്ഥാനത്തുമെന്ന പോലെ വിശപ്പു തന്നെയായിരുന്നു മലയാളിയുടെ തീവ്രമായ അനുഭവം. ചുരുക്കത്തിൽ ജനസംഖ്യാനുപാതികമായ ഭക്ഷ്യോൽപാദനം എന്ന സ്വപ്നം എത്രയോ അകലെയായിരുന്നു. കോളനി ഭരണകാലത്തെ ബ്രിട്ടീഷുകാരുടെ കാർഷിക സമീപനം ഭക്ഷ്യോൽപാദന വർദ്ധനവായിരുന്നില്ല, മറിച്ച് നാണ്യവിളകളുടെ വാണിജ്യവൽക്കരണവും കയറ്റുമതിയുമായിരുന്നല്ലോ!

1943 ലെ കടുത്ത ബംഗാൾ ക്ഷാമം (ഇന്നത്തെ ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ, കിഴക്കൻ ഇന്ത്യ മുഴുക്കെ) മൂന്ന് ദശലക്ഷം പേരുടെ ജീവനാണ് കവർന്നെടുത്തത്. ഇത് ഒരു ഇന്ത്യൻ യാഥാർത്ഥ്യം മാത്രമായിരുന്നില്ല താനും. കോളനി വാഴ്ചയിൽ നിന്ന് വിമുക്തമായതും തുടരുന്നതുമായ മറ്റേതൊരു രാജ്യത്തിലെയും ഭക്ഷ്യവസ്തുക്കൾ അത്യാവശ്യത്തിനും മതിയാകാത്ത വിധം പരിമിതപ്പെട്ടതായിരുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ആദ്യ വർഷങ്ങളിൽ ഭക്ഷ്യോൽപാദനം വർദ്ധിപ്പിക്കാനാവശ്യമായ ക്രിയാത്മകമായ പദ്ധതികളൊന്നും ആസൂത്രണം ചെയ്യാൻ കഴിയാതെ പോയി. കാർഷിക മേഖലയിൽ ജൈവസാങ്കേതികവിദ്യയുടെ ആശയം പിച്ചവെച്ചു തുടങ്ങുന്നതേയുള്ളു താനും.

ഈ ഘട്ടത്തിലാണ് കാർഷിക മേഖലയിൽ അനിവാര്യമായ ഗവേഷണങ്ങൾ നടക്കുന്നത്. ജനിതക ശാസ്ത്രത്തിന്‍റെ അതിവിപുലമായ സാധ്യതകൾ ലോകത്തിന്‍റെ പട്ടിണി മാറ്റാൻ എങ്ങനെ ഉപയോഗിക്കാമെന്ന ചർച്ച വെറും ഒരാശയമെന്നതിലുപരി ലോകത്തെല്ലായിടത്തും വിശേഷിച്ച് bio-tech പാഠശാഖകളുള്ള സർവ്വകലാശാലകളിൽ ഇടം പിടിക്കുന്നത് ഈ കാലഘട്ടത്തിലാണ്.

ലോകത്തിലെ എരിയുന്ന വയറുകളെക്കുറിച്ചോർത്ത് വിയർത്തവരെല്ലാം പുതിയ സാധ്യതകളിലേക്ക് കണ്ണുനട്ടിരിപ്പായി. അമേരിക്കൻ അഗ്രോണമിസ്റ്റായ നോർമൻ ബോർലോഗ് എന്ന കാർഷിക ശാസ്ത്രജ്ഞനിൽ നിന്ന് മഹത്തായ ആശയം എന്ന നിലയിൽ ‘ഹരിതവിപ്ലവം’ എന്ന സംജ്ഞ കാർഷിക വൈജ്ഞാനിക മേഖലയിൽ അടയാളപ്പെടുത്തപ്പെട്ടു. ലോകം പുതിയ ഒരു വിപ്ലവത്തിന് തുടക്കമിടുകയാണ്. ഇതിന്‍റെ ഇന്ത്യയിലെ പ്രോൽഘാടകനും വക്താവും എം.എസ്. സ്വാമിനാഥനെന്ന മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥനായിരുന്നു. ജന്മം കൊണ്ട് തമിഴ് നാട്ടിലെ കുംഭകോണത്തുകാരനായിരുന്നെങ്കിലും കുട്ടനാടുമായദ്ദേഹത്തിനുണ്ടായ ചാർച്ച അവിടുത്തെ മനുഷ്യരുടെ ജീവിതദുരിതങ്ങളെക്കൂടി നേരിൽ കാണാനിടയാക്കി.

Norman Borlouge

ബംഗാൾ ക്ഷാമം കൊണ്ട് മരിച്ച മനുഷ്യരുടെ ഓർമ്മ എം.എസ്. സ്വാമിനാഥന്‍റെ വിദ്യാഭ്യാസ ഗതിയെത്തന്നെ മാറ്റി മറിച്ചു. “ഹരിത ജനിതകം’ എന്ന മനുഷ്യവംശത്തിന്‍റെ രാശി മാറ്റിയെഴുതിയ പുതു ജാതകത്തിന്‍റെ രചനയിൽ അദ്ദേഹം വ്യാപൃതനായി.

ഇന്ത്യയിൽ ഹരിതവിപ്ലവത്തിന് തുടക്കമിടാൻ സമയമായി. ഗോതമ്പ് ഉത്തരേന്ത്യയിലും ലോകത്തെല്ലായിടത്തും ഉപയോഗിച്ചു വരുന്ന ഭക്ഷ്യയോഗ്യമായ ധാന്യമാണ്‌. മാത്രമല്ല, കാർബോഹൈഡ്രേറ്റിനാൽ സമ്പന്നമെങ്കിലും അരിയോളം വരാത്തതിനാൽ ആ കാലത്തെ മാനദണ്ഡപ്രകാരം ആരോഗ്യ സാധ്യതകളേറെയുള്ളതായി കണക്കാക്കിപ്പോരുകയുമുണ്ടായി. ഇതിനിടയിൽ മെക്സിക്കൻ കുറ്റി ഗോതമ്പു ജനുസ്സുകളിൽ പുതിയ പരീക്ഷണങ്ങൾ നടന്നു. ഇന്ത്യൻ മണ്ണ്, കാലാവസ്ഥ സാഹചര്യങ്ങളിൽ ഈ ഇനത്തിനെ ബയോടെക്സാങ്കേതിക വിദ്യയിലൂടെ പറിച്ചുനടാൻ എം.എസ്.സ്വാമിനാഥന്‍റെ നേതൃത്വം തീരുമാനിച്ചു. എങ്കിലും ദക്ഷിണേന്ത്യയിൽ അരി ആഹാരം കഴിക്കാത്തവരെ പൊതുവെ ഒന്നിനും കൊള്ളാത്തവരായി കണക്കാക്കിപ്പോന്നിരുന്നല്ലോ അന്നും! രണ്ടാം ഘട്ടം നെല്ലിലാണ് പരീക്ഷണങ്ങൾ നടന്നത്.

ക്രമേണ ഇന്ത്യൻ ജനതയിലെ വലിയ വിഭാഗം ശരാശരി മാനദണ്ഡം കണക്കാക്കിയാൽ ശുദ്ധപട്ടിണിയിൽ നിന്നും മോചിതരായി തുടങ്ങി. ഞങ്ങളുടെ തലമുറ എം.എസ്.സ്വാമിനാഥനോടും നോർമൻ ബോർലോഗിനോടും സസ്യ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളോടും കടപ്പെട്ടിരിക്കുന്നു എന്ന് അറുപതുകളിൽ ഇന്ത്യയിൽ ജീവിച്ച മനുഷ്യർ അവരുടെ മുഴുപട്ടിണിക്കാലത്തെ കണ്ണീരുകൊണ്ട് സാക്ഷ്യപ്പെടുത്തുകയുണ്ടായി.

എങ്കിലും മഹത്തായ ഈ പ്രസ്ഥാനനത്തിനും ആശയത്തിനുമെതിരായ ഒരു twist ലോകത്തെല്ലാ ഇടത്തും ഏതാണ്ട് ഒരേ കാലത്താണ് രൂപം കൊള്ളുന്നത്. ഇന്ത്യയിൽ വന്ദന ശിവയെപ്പോലുള്ള പരിസ്ഥിതിവാദികൾ പോലും പഞ്ചാബിലും ഹരിയാനയിലും നടപ്പിലാക്കിയ നവീനമായ കാർഷിക പരീക്ഷണങ്ങൾക്കെതിരായ വാദമുഖങ്ങളുമായി രംഗത്തു വന്നു. പരിസ്ഥിതിനാശം, കടുത്ത കീടനാശിനി പ്രയോഗം, തദ്ദേശീയമായ വിത്തിനങ്ങളുടെ തിരോധാനം, ദരിദ്രകർഷകർ കടക്കെണിയിലായി അങ്ങനെ പോകുന്നു, വാദകോലാഹലങ്ങൾ! ഇന്ത്യയിലെ പട്ടിണിക്ക് ഏറെക്കുറെ ശമനമുണ്ടായ ഘട്ടത്തിൽ തൊണ്ണൂറുകളുടെ തുടക്കത്തിലാണ് പ്രധാനമായും ഇത്തരം വാദഗതികൾ ആദ്യമായി തലയുയർത്തപ്പെടുന്നത്. സൂക്ഷമമായ അർത്ഥത്തിൽ പുതിയ വിത്തിനങ്ങളും രാസവളങ്ങളും കീടനാശിനികളും പരിസ്ഥിതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരിക്കാം. എന്നിരിക്കിലും മനുഷ്യരുടെ പട്ടിണിക്കെതിരായ ലോകത്തിലെത്തന്നെ ആദ്യ സംരഭമായിരുന്നു, ഇവ. മാത്രവുമല്ല, അഭൂതപൂർവ്വമായ ജനസംഖ്യ മറ്റൊരു പ്രതിസന്ധിയായിരുന്നു. മാൽത്തൂസിയൻ നിരീക്ഷണം പോലെ കൃഷിഭൂമിയുടെ ദൗർലഭ്യം ഭക്ഷ്യ വിതരണത്തിലെ കുറവിന് വലിയ കാരണമായി. ദാരിദ്ര്യവും മറ്റൊരർത്ഥത്തിൽ ജനസംഖ്യാ വർദ്ധനവിനും കാരണമായി. extensive എന്നതിന് പകരം intensive എന്ന നിലയിലേക്ക് കൃഷി ഭൂമിയെ ഉപയോഗപ്പെടുത്തേണ്ടി വന്നു. അല്ലായിരുന്നില്ലെങ്കിൽ നമ്മുടെ സ്വാഭാവിക വനഭൂമിയിലെ ആയിരക്കണക്കിന് ഹെക്ടറുകളിൽ കൃഷി വ്യാപിപ്പിച്ചാൽപ്പോലും ഇന്ത്യയിലെ ഭക്ഷ്യ പ്രശ്നം യഥാർത്ഥത്തിൽ പരിഹരിക്കാൻ കഴിയുമായിരുന്നില്ല.

മഞ്ജീദത്ത ചിത്രീകരണത്തിനിടയിൽ

ഈ ഘട്ടത്തിൽത്തന്നെയാണ് ഡൽഹി ആസ്ഥാനമായി ഡോക്യുമെന്ടറി സിനിമകൾ ചെയ്തു കൊണ്ടിരുന്ന ബംഗാളിയായ ശ്രീമതി മഞ്ജീരദത്ത ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ “Seeds of Plenty, Seeds of sorrow” (സമൃദ്ധിയുടെ വിത്തുകൾ, ദു:ഖത്തിൻന്‍റെ വിത്തുകൾ) എന്ന തന്‍റെ ഡോക്യുമെൻററിയുമായി യാത്ര നടത്തുന്നത്. 1992 ൽ ? ഞങ്ങളുടെ ഗ്രാമമായ മൊകേരിയിലും അവർ സിനിമ പ്രദർശിപ്പിക്കുകയുണ്ടായി. സിനിമ പഞ്ചാബിലേയും ഹരിയാനയിലേയും കർഷകരുമായി നടത്തുന്ന അഭിമുഖങ്ങളിലൂടെയാണ് പുരോഗമിക്കുന്നത്. അശാസ്ത്രീയമായ വളപ്രയോഗത്തെപ്പറ്റി, അതിനാൽത്തന്നെ കൃഷിഭൂമിയുടെ സ്വാഭാവികമായ ഫലഭൂയിഷ്ടത നഷ്ടപ്പെട്ടു പോയതിനെക്കുറിച്ച്, ചെറുകിട കർഷകർ കടക്കെണിയിൽപെട്ടു പോയതിനെക്കുറിച്ചൊക്കെ സംസാരിക്കുന്നുണ്ട്, അവിടത്തെ കർഷകർ; എങ്കിലും ആദ്യകാലത്ത് ലഭിച്ച വിള സമൃദ്ധിയെ ചൂണ്ടിക്കാണിക്കാൻ അവർ മടിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. എങ്കിലും പാരിസ്ഥിതികമായ വിഷയം ചർച്ചയ്ക്ക് വരുമ്പോൾ പുതു വീക്ഷണക്കാരിൽ നിന്നുമുണ്ടാകാനിടയുള്ള സ്വീകാര്യത വലുതായിരിക്കുമല്ലോ! അവരിൽപ്പലരും പട്ടിണിയുടെ കയ്പും കണ്ണീരും അനുഭവിക്കേണ്ടി വന്നവരുമല്ലല്ലോ!

1986 മുതൽ പ്രധാന വിഷയങ്ങളിൽ ഡോക്യുമെൻടറികളുമായി മഞ്ജീരദത്ത ഇന്ത്യൻ സിനിമയിലുണ്ട്. “All Roads closed” ആണ് ആദ്യമായി പുറത്തു വരുന്ന സിനിമ. അടിമവേലയോളം വരുന്ന കരാർ തൊഴിലാളികളുടെ ജീവിതത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച വീഡിയോ കൂടിയായിരുന്നു അത്.
ഇങ്ങനെ എന്തുകൊണ്ടും സ്വീകാര്യതയുള്ള ചലച്ചിത്രകാരിയായിരിക്കുമ്പോഴും “ഹരിത വിപ്ലവം” എന്നത് അടിസ്ഥാനപരമായി മൂന്നാം ലോക രാജ്യങ്ങളിലെ മനുഷ്യരുടെ വിശപ്പാറ്റാനുള്ള ശക്തമായ പരീക്ഷണമായിരുന്നു എന്ന നിലയിൽ മനസ്സിലാക്കുന്നതിൽ തികഞ്ഞ അലംഭാവം കാണിച്ച സിനിമയായിരുന്നു “Seeds of Plenty Seeds of sorrow”!

പ്രദർശനത്തിനു ശേഷം ചലച്ചിത്രകാരിയുമായി നടത്തിയ പൊതുചർച്ചയിൽ ഈ കാര്യം ശക്തമായി ഞങ്ങൾ ഉന്നയിക്കുകയുണ്ടായി. പൊതുചർച്ചയ്ക്ക് ശേഷവും പ്രദർശന ഹാളായ യുറീക്കാ കോളജിന്‍റെ ബെഞ്ചിൽ ആ കാലത്തെ പട്ടിണി, കുട്ടികൾ എന്ന നിലയിൽ ഞങ്ങൾ അനുഭവിച്ചതെങ്ങനെയാ യിരുന്നുവെന്ന് ചലച്ചിത്രകാരിയുമായി ഏറെ നേരം സംസാരിക്കുകയുണ്ടായി! സിനിമ ഉയർത്തുന്ന പ്രശ്നങ്ങൾ ചർച്ചയ്ക്ക് വെക്കുമ്പോൾ തന്നെയും ഹരിതവിപ്ലവം പട്ടിണിക്കെതിരായ പരീക്ഷണം എന്ന നിലയിൽ ഉയർത്തിപ്പിടിക്കേണ്ടതായിരുന്നു, എന്ന് ഞങ്ങൾ ചർച്ചയിൽ അടിവരയിട്ടിരുന്നു.

Seeds of Plenty Seeds of sorrow

എം. എസ്. സ്വാമിനാഥൻ വിടപറഞ്ഞ ദു:ഖഭരിതമായ വേളയിൽ പട്ടിണിയെക്കുറിച്ചും അതിനെ തരണം ചെയ്ത മാർഗ്ഗങ്ങളെക്കുറിച്ചും ഓർക്കാതിരിക്കാൻ ആയിരത്തി തൊള്ളായിരത്തിഏഴുപതുകളിൽ ജീവിച്ച ഇന്ത്യൻ പൗരന് എങ്ങനെയാണ് കഴിയുക? വിമർശനങ്ങൾ എന്തു തന്നെയായാലും ഈ കാർഷിക – ഭക്ഷ്യ വിപ്ലവത്തെ എങ്ങനെയാണ് ചെറുതായി കാണാൻ കഴിയുക?

Comments
Print Friendly, PDF & Email

You may also like