പൂമുഖം നിരീക്ഷണം വിശ്വാസത്തെക്കാൾ പ്രധാനം യാഥാർത്ഥ്യം

വിശ്വാസത്തെക്കാൾ പ്രധാനം യാഥാർത്ഥ്യം

മ്മുടെ സംസ്ഥാനം അസാധാരണമായൊരു പരിതസ്ഥിതിയിലൂടെ കടന്നുപോവുകയാണ്. പ്രളയം കേരളത്തെ ഒന്നാകെ തകർത്തു കളഞ്ഞു.സ്ത്രീ പ്രവേശനവിധിയോടുള്ള അയ്യപ്പൻറെ കോപാഗ്നിയാണ് പ്രളയ കാരണമെന്നാണ് പ്രചരണം. ഹിന്ദു വർഗീയവാദികളാണ് ഇതിൻറെ ഉപജ്ഞാതാക്കൾ.സുപ്രീംകോടതിയുടെ മേലും വിധിപറഞ്ഞ ജഡ്ജിമാരുടെ മേലും പതിക്കുന്നതിന് പകരം ഈ കോപാഗ്നി കേരളത്തിലെ സാധാരണജനങ്ങളുടെ മേലും മനോഹരമായ പ്രകൃതിയുടെ മേലും വർഷിച്ചതിൻറെ യുക്തി അവർക്ക് വിശദീകരിക്കാനാവുന്നില്ല. പ്രളയം കേരളത്തെ അപ്പാടെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ അയ്യപ്പ കോപത്തെ ശമിപ്പിക്കാൻ ഇന്ന് കാണുന്നതുപോലുള്ള സംഘടിത നാമജപം ഒന്നും അവർ സംഘടിപ്പിച്ചിരുന്നുമില്ല . ഇവിടുത്തെ സാധാരണ തൊഴിലാളികളും പോലീസും സൈന്യവിഭാഗവും ചേർന്നാണ് അതിരില്ലാത്ത ദുരിതക്കയത്തിൽ നിന്ന് സാഹസികമായി അനേകം ജീവൻ രക്ഷപ്പെടുത്തിയത് . കേരള സർക്കാരിൻറെ ഇടപെടൽ പൊതുവിൽ പ്രശംസനീയമായിരുന്നുവെന്ന് നിഷ്പക്ഷമതികളെല്ലാം സമ്മതിക്കുന്നു. ഈ രക്ഷാപ്രവർത്തനങ്ങളിൽ ഒന്നും തന്നെ മേൽപ്പറഞ്ഞ പ്രചാരകരുടെ പൊടിപോലും നമ്മൾ കണ്ടിരുന്നില്ല.
തകർന്നുപോയ കേരളത്തെ പുനുദ്ധരിക്കേണ്ട നിർണായകമായ ഘട്ടത്തിലാണ് നാമിന്ന്. അനേകായിരം പേരുടെ ജീവിതം വീണ്ടെടുക്കേണ്ടതുണ്ട്. നിരവധി വീടുകൾ നിർമ്മിക്കേണ്ടതുണ്ട്.കൃഷിയും വ്യാപാരവും വ്യവസായവും എല്ലാം പുനർനിർമ്മിച്ചു കൊണ്ട് ജീവിത തിരിച്ചുപിടിക്കേണ്ടതായുണ്ട്. എന്നാൽ കേരളം എത്രതന്നെ കേണപേക്ഷിച്ചിട്ടും തരിമ്പും അനുകമ്പ കാട്ടാൻ മോദി സർക്കാർ തയ്യാറായിട്ടില്ല. കൂടാതെ, സഹായത്തിന്റെ എല്ലാ ഉറവുചാലുകളെയും ബന്ധിക്കുകയും ചെയ്തിരിക്കുന്നു. പ്രതിമകൾ നിർമ്മിക്കാൻ ആയിരക്കണക്കായ കോടികൾ ധൂർത്തടിക്കുന്ന മോദി സർക്കാർ കേരളത്തിൻറെ കണ്ണീരിന് ഒരു വിലയും കൽപ്പിക്കുന്നില്ല.കടുത്ത യാതനയിൽപ്പെട്ട് കേരള ജനതയും സർക്കാരും ഉഴലുമ്പോഴാണ്, ശബരിമലയിലെ തുലാമാസ പൂജയും മണ്ഡലപൂജയും മറ്റും കടന്നുവന്നിട്ടുള്ളത്. ഈ പൂജക്കാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും കോലാഹലങ്ങളും നാം കണ്ടുകൊണ്ടിരിക്കുകയാണ്. കടുത്ത യാഥാർഥ്യങ്ങളിൽനിന്ന് കേന്ദ്രത്തിലെ കൊടും ക്രൂരത സൃഷ്ടിക്കുന്ന ദുരിതങ്ങളിൽനിന്ന് വഴിതെറ്റിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഇവ എന്ന് നാം തിരിച്ചറിയണം . ഇവ വരുത്തിവയ്ക്കുന്ന സാമ്പത്തികവും മാനവികോർജ്ജപരവുമായ നഷ്ടത്തിലേക്ക് വിരൽ ചൂണ്ടാനും ഞാനാഗ്രഹിക്കുന്നു. ആവർത്തിച്ചുകൊണ്ടിരിക്കുന്ന നാമജപപ്രതിഷേധങ്ങൾക്കും വഴിതടയലിനും ഹർത്താൽ ആക്രമണങ്ങൾക്കും രഥയാത്രകൾക്കും ആൾക്കൂട്ട അക്രമപരമ്പരകൾക്കും എത്ര കോടികളും ഊർജവും ചെലവാകുന്നു! ക്രമസമാധാന പാലനത്തിനായി സർക്കാർ റവന്യൂവരുമാനത്തിലെ എത്ര പങ്ക് നീക്കിവെയ്ക്കേണ്ടിവരുന്നു! ശബരിമലയിലെ പതിനായിരക്കണക്കായ പോലീസുകാരുടെ നിലനിൽപ്പിനു വേണ്ടതും, പ്രതിരോധപരമായ രാഷ്ട്രീയ യോഗങ്ങൾക്കും നിയമാഭ്യാസങ്ങൾക്കും ആവശ്യമായതും എത്രയാണ് ഒരുപക്ഷേ കേരളത്തിൻറെ പുനരുദ്ധാരണത്തിന് ഉപയോഗപ്പെടുത്താവുന്ന കോടിക്കണക്കായ ധനവും അളവില്ലാത്ത ഊർജ്ജവുമാണ് ഈ വിധം പാഴ്ചിലവായി ഒഴുകിപ്പോകുന്നത്. ഇതു മറ്റൊരു പ്രളയമാണ്, കോപാഗ്നിയാണ്. കേരളത്തെ തീർത്തും ചാമ്പലാക്കാനുള്ള ഗൂഢാലോചനയിൽനിന്നാണ് ഇത് ഉരുവായിട്ടുള്ളത്.
ഇത് ശബരിമല ശാസ്താവിന് വേണ്ടിയുള്ളതല്ല കേരളത്തിലെ പുരോഗമനപരവും ജനകീയവുമായ ചരിത്രത്തെഅടിസ്ഥാനത്തിൽ തകർക്കാനുള്ള ശ്രമമാണ് അയ്യങ്കാളിയുടെയും ശ്രീനാരായണ ഗുരുവിന്റെയും കൃഷ്ണപിള്ളയുടെയും മറ്റു മഹൽവ്യക്തികളുടെയും പരിശ്രമംകൊണ്ട് നേടിയെടുത്തിട്ടുള്ള എല്ലാ നവോത്ഥാനത്തെയും ഇത് കടപുഴക്കുന്നു, തന്ത്രിമാരുടെയും രാജഭരണത്തിൻറെയും കാലത്തിലേക്ക് നമ്മെ പുറകോട്ടടിപ്പിക്കുന്നു.ആചാരം എന്നതിനേക്കാൾ ഇതൊരു രാഷ്ട്രീയ സമരമാണ് സംഘപരിവാറിൻറെ ദുരാഗ്രഹങ്ങൾക്ക് മുമ്പിൽ എന്നും തടയിട്ടു നിൽക്കുന്ന പുരോഗമന പ്രസ്ഥാനങ്ങളുടെ കോട്ട തകർക്കുകയെന്നതാണ് ഇതിൻറെ ഉദ്ദേശ്യം.
ശബരിമല ശാസ്താവിന്റെ ഐതിഹ്യത്തിൽ സ്ത്രീത്വത്തോടും മാതൃത്വത്തോടുമുള്ള ആദരവാണ് ഉയർന്നുനിൽക്കുന്നത്. ആർത്തവം ജനന പ്രക്രിയയുടെ വേർതിരിക്കാനാവാത്ത ഭാഗമാണ് പരിപാവനമായ കാര്യമാണ് അതിൽ അശുദ്ധിയുടെയോ അപമാനത്തിന്റെയോ യാതൊരു വിഷയവുമില്ല. ഹരിഹരസുതൻ സർവജീവജാലങ്ങൾക്കുമേലും കൃപാകടാക്ഷങ്ങൾ ചൊരിയുന്നു എന്ന് പറയുന്ന അതേസമയം തന്നെ സ്ത്രീ ദർശനം സംഭവിച്ചാൽ ശുദ്ധീകരണം നടത്തണമെന്നും നടയടക്കണമെന്നും പറയുന്നതിൽ ക്രൂരമായ വൈരുദ്ധ്യം ആണുള്ളത്. ഇത് പുരുഷാധിപത്യത്തിന്റെ പ്രാകൃതമായ ആശയാചാരങ്ങളാണ്.സ്ത്രീകളുടെ ആത്മാഭിമാനത്തെ ഇത് എല്ലായ്പ്പോഴും പരിഹസിക്കുകയും ഞെരിച്ചുടക്കുകയും ചെയ്യുന്നു.ആ നിലയ്ക്ക് യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി സ്ത്രീകൾക്ക് നേരെയുള്ള അയിത്താചാരത്തെ വേരോടെ പിഴുതെറിയുന്ന സ്വാഗതാർഹമായ വിധിയാണ്.
സുപ്രീംകോടതി വിധി അംഗീകരിക്കുകയില്ലെന്നാണ് RSS ന്റെയും സംഘപരിവാറിന്റെയും നിലപാട്.BJP അധ്യക്ഷൻ അമിത് ഷാ അത് പരസ്യമായി തന്നെപ്രഖ്യാപിച്ചിട്ടുണ്ട്. കോടതിവിധികളോടുള്ള ഈ പുച്ഛം, ഈ ധിക്കാരം അത്ഭുതപ്പെടുത്തുന്നില്ല.തനിക്കെതിരെ കേസ് വാദം കേട്ട ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ,ഒരിടയ്ക്ക് സംശയത്തിന്റെ നിഴലിൽ വന്ന അമിത് ഷാ കോടതി വിധികളെ സ്വാഗതം ചെയ്താലേ അത്ഭുതമുള്ളൂ.എന്നാൽ ഭരണഘടന പാലിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ നമ്മുടെ പ്രധാനമന്ത്രി മൻ കീ ബാത്തിലൂടെയും മൈതാന പ്രസംഗങ്ങളിലൂടെയും അതിരറ്റ വാചാലത പ്രകടിപ്പിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ശബരിമല വിഷയത്തേയുംസുപ്രീം കോടതി വിധിയെയും തൻറെ അനുചരന്മാർ നടത്തുന്ന അക്രമങ്ങളെയും കോടതിയലക്ഷ്യത്തെയും പറ്റി പുലർത്തുന്ന മൗനം തികച്ചും കുറ്റകരമാണ്. അയോധ്യ കേസ് ഗോരക്ഷ തുടങ്ങിയ നിരവധി വിഷയങ്ങളിലെന്ന പോലെ ശബരിമല വിഷയത്തിലും BJP യുംRSS ഉം ആൾക്കൂട്ട അക്രമകാരികളെ തെരുവിൽ ഇറക്കിയിരിക്കുകയാണ്. ശബരിമല ക്ഷേത്രത്തിൻറെ നടപ്പന്തൽ വരെ അവർ അക്രമങ്ങൾ അഴിച്ചുവിട്ടു. വിമാനത്താവളത്തിലും പ്രസ്ക്ലബ്ബ് കെട്ടിടത്തിലും നടുറോഡിലും സ്ത്രീകളെ തടഞ്ഞുവയ്ക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന യുവതികളുടെ വീടുകൾ തല്ലിത്തകർക്കുകയും ചെയ്യുന്നു.നാമജപത്തെ തെറിവിളിയായും കൂക്കിവിളിയായും പരിവർത്തനപ്പെടുത്തി കൊണ്ടിരിക്കുന്നു. ഭിന്നാഭിപ്രായം പുലർത്തുന്നവരുടെ ഓഫീസുകളിലും വീടുകളിലും കരി ഓയിൽ പ്രയോഗിക്കുകയും ആശ്രമത്തെ പോലും അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. കേരളത്തെ മറ്റൊരു കലാപഭൂമിയാക്കാൻ ലഭിച്ച സുവർണാവസരമാണിതെന്ന് BJP നേതാക്കൾ തന്നെ സ്റ്റേജ് ഷോകളിൽ പ്രഖ്യാപിക്കുന്നു. ചെന്നിത്തലമാർ വെറും രാഷ്ട്രീയ കോമാളികളായി സ്വയം അപഹാസ്യരാവുന്നു.പുരോഗമന ലക്ഷ്യപ്രാപ്തിക്കായി മുൻനിന്ന് പ്രവർത്തിക്കുന്നവരെ വിളിക്കുന്നത് ആക്ടിവിസ്റ്റുകൾ എന്നാണെന്ന് തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെട്ട കടകംപള്ളിമാർ ആക്ടിവിസ്റ്റുകളെ ഓടിച്ചു വിടാൻ ചൂരലുമായി മലമുകളിൽ കാത്തിരിക്കുന്നു.ഭരണഘടന പാലിക്കുമെന്ന് പ്രഖ്യാപിക്കുന്ന കേരള മുഖ്യമന്ത്രിയുടെ ബാധ്യത യുവതികളെ തിരിച്ചയക്കലായി പരിണമിച്ചിരിക്കുന്നു.
വിശ്വാസികളെയും ഭക്തരെയും പ്രതിനിധീകരിക്കുന്നവർ തങ്ങളാണെന്നാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും അവകാശവാദം. ഭക്തരെല്ലാവരും ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർക്കുകയാണെന്നാണ് അവരുടെ പ്രചരണം.ധൈര്യമുണ്ടെങ്കിൽ എല്ലാ അക്രമങ്ങളും നിർത്തിവെച്ചു ശാന്തമായ അന്തരീക്ഷം ശബരിമലയിലും തെരുവുകളിലും പുലരാൻ മിനിമം ഒരാഴ്ചയെങ്കിലും അവസരം നൽകി നോക്കൂ. അപ്പോഴറിയാം തങ്ങളുടെ അവകാശവാദം എത്രമാത്രം പൊള്ളയായിരുന്നുവെന്ന്. വസ്തുനിഷ്ഠസാഹചര്യവും സാംസ്കാരിക രാഷ്ട്രീയ സാഹചര്യവും സ്ത്രീകൾക്ക് തുല്യ നീതി ഉറപ്പുവരുത്താൻ ഉതകുന്നതായി പരിണമിച്ചു കൊണ്ടിരിക്കുകയാണ്. കോടതികളിൽ മാത്രമല്ല എല്ലാ രംഗങ്ങളിലും സ്ത്രീകൾ അവഹേളനങ്ങൾക്കും വിവേചനങ്ങൾക്കും അടിച്ചമർത്തലിനും എതിരായ പോരാട്ടത്തിലാണ്.ഈ പ്രവണതയെ ഇല്ലാതാക്കാൻ ഒരു ശക്തിക്കും സാധ്യമല്ല. ഈ സമരത്തിൽ നിയമ രംഗത്തിലെ പോരാട്ടത്തിനും പ്രാധാന്യമുണ്ട്. ഇന്ത്യൻ ഭരണഘടനയെ പിച്ചിചീന്തി സ്വേച്ഛാധിപത്യ ഭരണംനടപ്പിലാക്കാനും മനുസ്മൃതിയെ നിയമം ആക്കാനും ഫാസിസ്റ്റുകൾ ശ്രമിക്കുമ്പോൾ ഇന്ത്യൻ ഭരണഘടനയുടെ നിലനിൽപ്പിനുവേണ്ടിയുള്ള പോരാട്ടം ജനാധിപത്യവാദികളുടെ ഒരു മുദ്രാവാക്യമായി തീർന്നിരിക്കുന്നു.
വിശ്വാസത്തിൻറെ പ്രശ്നമല്ല ജീവിതത്തിൻറെ പ്രശ്നമാണ് പരമപ്രധാനം മഹാപ്രളയവും പിന്നീട് വർഗീയ കോമരങ്ങളും തകർത്തുകളഞ്ഞ കേരളത്തിൻറെ യഥാർത്ഥ ജീവിതങ്ങളിലേക്ക് നാം നമ്മെ തിരിച്ച് കൊണ്ടുവരണം. മത-ജാതിഭിന്നതകളെയും ലിംഗ വ്യത്യാസങ്ങളെയും പ്രളയം ഒഴുക്കി കൊണ്ടുപോവുകയും പരസ്പരം കൈകോർത്തു നിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഈ പാഠത്തെ ഭസ്മമാക്കാൻ ഒരു നാമജപത്തേയും അനുവദിച്ചുകൂടാ. കേരളത്തിൻറെ പ്രകൃതിയെയും കേരളീയ ജീവിതത്തെയും തകർത്തുകളയുന്നതിനായി കേന്ദ്രം നടത്തുന്ന ഫാസിസ്റ്റ് നടപടികൾക്കു നേരെ ശക്തമായി പോരാടേണ്ട സമയമാണിത്. ഇത് ഒരു അടിയന്തിര ചുമതലയാണ്. ഒരു ജനാധിപത്യ ക്രമത്തിന് വേണ്ടിയുള്ള സുദീർഘമായ പോരാട്ടത്തിന്റെ ഭാഗമാണിത്.
Comments
Print Friendly, PDF & Email

You may also like