ഗലീലയയിലെ പ്രഭാതങ്ങൾക്ക് എക്കാലത്തും വിയർപ്പിന്റെയും വിശപ്പിന്റെയും ഗന്ധമായിരുന്നു. അന്നന്നത്തെ അപ്പത്തിന് വേണ്ടി മനുഷ്യൻ സ്വജീവൻ പണയം വെച്ചിരുന്ന ഒരു കാലം. അങ്ങനെയൊരു പ്രഭാതത്തിലാണ്, കിഴക്കൊന്ന് വെളുത്തുവരുന്നതിനു മുൻപേ, ജെസ്രേലിലെ ചന്തയിൽ ആ സമരിയക്കാർ വന്ന് നിന്നത്. ഉടുപ്പിലാകെ വഴിയമ്പലങ്ങളിലെ പൊടിയും, കാലിൽ കഴുകിമാറ്റാത്ത അഴുക്കും. കയ്യിൽ കത്രികയും കത്തിയും. നാളെയെക്കുറിച്ചുള്ള ഒരുറപ്പും അവർക്കില്ലായിരുന്നു; ഇന്നത്തെ വിശപ്പടങ്ങുമോ എന്ന അനിശ്ചിതത്വം മാത്രം ആ മുഖങ്ങളിൽ നിഴലിച്ചു നിന്നു. എന്നാൽ അവരെ കണ്ടപ്പോൾത്തന്നെ തെരുവിൽ നിന്ന ശുദ്ധാശുദ്ധങ്ങൾ പാലിച്ചിരുന്ന യഹൂദന്മാർക്ക് വല്ലാത്ത അരിശവും സങ്കടവും വന്നു.

“ദൈവമേ, ഞങ്ങളുടെ സകല പുണ്യവും ചോർന്നുപോകുമല്ലോ ഈ മഹാപാപികളെക്കൊണ്ട്…” ജെസ്രേൽ താഴ്വരയിലെ മുന്തിരിവള്ളികളൊക്കെ വിളവെടുപ്പിന് പാകമായി നിൽക്കുന്ന സമയമാണ്. എങ്ങനെയെങ്കിലും വിയർപ്പൊഴുക്കി ഒരു ദനാറ കീശയിലാക്കി മക്കളുടെ വിശപ്പകറ്റണം എന്ന പ്രാർത്ഥനയല്ലാതെ, വേറൊരു വിചാരവും ആ പാവപ്പെട്ട സമരിയക്കാരുടെ മനസ്സിലുണ്ടായിരുന്നില്ല.

അന്നത്തെ അപ്പത്തിനു വേണ്ടിയുള്ള സമരക്കാരന്റെ ജീവിതം വെറുമൊരു നീർക്കുമിള പോലെയായിരുന്നു. എപ്പോൾ വേണമെങ്കിലും തകർന്നടിയാവുന്ന ഒന്നായിരുന്നു സാമ്പത്തികം. ഹേറോദോസ് രാജാവ് സമരിയയിൽ ഒരു കൊട്ടാരം പണിഞ്ഞപ്പോൾ, ജോലിക്കാർക്ക് ദിവസം രണ്ടു ദനാറ വെച്ചു നീട്ടിയിരുന്നു. അന്ന് സമരിയക്കാർ ഒന്നടങ്കം തോട്ടം പണി വിട്ട് കൊട്ടാരം പണിക്ക് പോയി. എന്നാൽ പണി തീർന്ന് തിരികെ തോട്ടങ്ങളിലേക്ക് വന്നപ്പോൾ യഹൂദർ അവരുടെ കൂലി നേർപകുതിയാക്കി വെട്ടിക്കുറച്ചു. പരാതിപ്പെട്ടിട്ടും പരിഭവിച്ചിട്ടും ആരും ചെവിക്കൊണ്ടില്ല. അങ്ങനെ, അധ്വാനത്തിന് വിലയില്ലാത്ത ആ ദേശത്ത് സ്വന്തം വിധിയെ പഴിച്ചിരിക്കുമ്പോഴാണ് ജെസ്രേലിൽ ഒരു ദനാറ കിട്ടുമെന്ന വാർത്ത കേൾക്കുന്നത്. പിന്നെ ഒന്നും നോക്കിയില്ല; ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിൽ സമരിയക്കാർ അങ്ങോട്ട് വെച്ചുപിടിച്ചത്.

തെരുവിൽ വെളിച്ചം വീണുതുടങ്ങിയപ്പോൾ തോട്ടം കാര്യസ്ഥൻ ചന്തയിലെത്തി. കാത്തുനിന്ന യഹൂദന്മാരും സമരിയക്കാരും ഒരുപോലെ പ്രതീക്ഷയോടെ നോക്കി. എന്നാൽ വിജാതിയുടെ നേരേ പുച്ഛം നിറഞ്ഞതായിരുന്നു കാര്യസ്ഥന്റെ നോട്ടം. അവൻ യഹൂദന്മാരായ പണിക്കാരെ മാത്രം വിളിച്ച്, ഒരു ദനാറ കൂലി ഉറപ്പിച്ച് തോട്ടത്തിലേക്ക് നടന്നു. സമരിയക്കാർ ഇളിഭ്യരായി നിന്നു.

ഉച്ചയാകുമ്പോഴേക്കും അവൻ മടങ്ങിവന്ന് തങ്ങളെ വിളിക്കുമെന്നൊരു ഒരു നേരിയ പ്രതീക്ഷയുടെ നൂൽപ്പാലത്തിലായിരുന്നു പിന്നീട് അവരുടെ കാത്ത്നിൽപ്പ് .

വെയിൽ മൂത്തു. ആകാശത്തുനിന്ന് സൂര്യൻ ഒരു ദാക്ഷിണ്യവുമില്ലാതെ അവരെ വറുത്തു കോരി. ചൂടും വിശപ്പും അവരുടെ അനിശ്ചിതത്വത്തിന്റെ ആക്കം കൂട്ടി. യാത്രയിൽ എപ്പഴോ തിന്ന ഒരപ്പക്കഷ്ണം മാത്രമാണ് വയറ്റിലുള്ളത്. തോട്ടത്തിൽ യഹൂദന്മാർക്ക് മുതലാളി അപ്പവും ഇറച്ചിയും വിളമ്പുന്നതിൻ്റെ മണം കാറ്റിൽ വന്നപ്പോൾ സമരിയക്കാരുടെ കുടൽ കരിഞ്ഞു. ഒരു ദനാറ മോഹിച്ച് പോന്നതിൽ മുപ്പനെ ചിലർ കുറ്റപ്പെടുത്തി.

“ഇതിലും ഭേദം അര ദനാറായ്ക്ക് വേല ചെയ്യുന്നതായിരുന്നു.”

മൂപ്പൻ പറഞ്ഞു.

” അത് അടിമത്തമാണ് “

അവരെ കുറ്റപ്പെടുത്താൻ മനസ്സു വന്നില്ല. വിശപ്പിന്റെ വിളിക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായനാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

മൂന്നാം മണിക്കൂറിലും കാര്യസ്ഥൻ വന്നു. ഇപ്രാവശ്യം തങ്ങൾക്ക് നറുക്കുവീഴുമെന്ന് സമരിയക്കാർ കൊതിച്ചു. എന്നാൽ ചന്തയിൽ അലസരായി നിന്നിരുന്ന കുറെ യഹൂദന്മാരെ നിർബന്ധിച്ച് അവൻ കൂടെക്കൂട്ടി. പോകുന്ന പോക്കിൽ അവരിലൊരാൾ തിരിഞ്ഞുനിന്ന് സമരിയക്കാരെ നോക്കി പുച്ഛിച്ചു ചിരിക്കാനും മറന്നില്ല. അവർ കണ്ണടച്ചു. എങ്കിലും മൂപ്പൻ പറഞ്ഞു:

“സാരമില്ല പിള്ളേരേ, അടുത്ത ഊഴം നമ്മുടേതാണ് തീർച്ച” മൂപ്പൻ്റെ യാതൊരു ഉറപ്പുമില്ലാത്ത ആ വാക്കുകളിൽ കെട്ടിപ്പിടിച്ച് അവരവിടെത്തന്നെ നിന്നു.

ഉച്ചവെയിൽ തലയ്ക്കു മുകളിൽ കത്തിയെരിഞ്ഞു. വീട്ടിൽ പട്ടിണികിടക്കുന്ന കുഞ്ഞുങ്ങളെ ഓർത്തപ്പോൾ ചിലർക്ക് കരച്ചിൽ വന്നു. നാളെയെന്താകും എന്ന ഭയം അവരെ വേട്ടയാടി. വഴിപോക്കരായ ചില വീഞ്ഞുകുടിയന്മാർ അത് കണ്ട് “മടിയന്മാരുടെ കള്ളക്കണ്ണീര്” എന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചു. വിധിയെ ശപിച്ച് അവർ തലകുനിച്ചു നിന്നു.

പകൽ അവസാനിക്കാറായി. തെരുവിലെ പനമരങ്ങളുടെ നിഴലുകൾ അവർക്കു നേരെ പല്ലിളിച്ചു നീണ്ടുവന്നു. ഒഴിഞ്ഞ കൈകളോടെ എങ്ങനെ കുടിലുകളിലേക്ക് മടങ്ങുമെന്നോർത്ത് അവർക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. ഇരുൾ വീഴാൻ തുടങ്ങിയതോടെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച അവസ്ഥയിലായി അവർ. പതിനൊന്നാം മണിക്കൂറായപ്പോൾ, ഇരുൾ വീഴുംമുമ്പ് മടങ്ങാമെന്ന് കൂട്ടത്തിലൊരാൾ പറഞ്ഞെങ്കിലും മൂപ്പൻ വഴങ്ങിയില്ല.

അപ്പോഴാണ് അകലെ നിന്നൊരു കാൽപ്പെരുമാറ്റം കേട്ടത്. അത് കാര്യസ്ഥനായിരുന്നില്ല, സാക്ഷാൽ തോട്ടം ഉടമസ്ഥൻ തന്നെയായിരുന്നു! അയാൾ നേരെ വന്ന് അവരോട് കയർത്തു: “നിങ്ങളെന്താടോ പകൽ മുഴുവൻ ഇവിടെ വെറുതെ നിൽക്കുന്നത്?”

Digital illustration : Varsha Menon

അവർ ദയനീയമായി പറഞ്ഞു: “ഞങ്ങളെ ആരും പണിക്ക് വിളിക്കാത്തതുകൊണ്ടാണ യജമാനനെ ..”

അയാൾ അവരെ സൂക്ഷിച്ചൊന്നു നോക്കി. ഒരുറപ്പുമില്ലാത്ത ആ ജീവിതത്തിന്റെ ഗതികേട് അയാൾക്ക് മനസ്സിലായി. അയാൾ പറഞ്ഞു:

“എന്നാൽ നിങ്ങളും ചെന്ന് വിളവെടുക്കുക .”

അവർ പുഞ്ചിരിച്ചു. പകൽ മുഴുവൻ അനുഭവിച്ച അനിശ്ചിതത്വത്തിന്റെ ഭാരം ആ ഒറ്റവാക്കിൽ ഇല്ലാതായി.

തോട്ടത്തിലെ വിളവെടുപ്പ് കഴിഞ്ഞിരുന്നില്ല. പഴുത്ത മുന്തിരികൾ പാഴായി പോകുമല്ലോ എന്ന് ഓർത്ത് വിഷണ്ണനായിരുന്ന മേൽനോട്ടക്കാരന് സമരിയക്കാരെ കണ്ടപ്പോൾ ആശ്വാസമായി. അവസാനത്തെ ഒരു മണിക്കൂർ ചോര നീരാക്കി അവർ പണിയെടുത്തു. വെട്ടുകിളികൾ പച്ചപ്പിനോട് ചെയ്യുന്നതു പോലെ മുന്തിരി വള്ളികൾ അവർ പെട്ടെന്ന് കാലിയാക്കി. ഈ സായാഹ്നത്തിൽ ഒരു ദനാറ കിട്ടുമെന്ന പ്രതീക്ഷയൊന്നും അവർക്കില്ലായിരുന്നു. വെറും കയ്യോടെ മടങ്ങുന്നതിലും ഭേദമെന്നു വിചാരിച്ചാണ് ആത്മാർത്ഥമായി പണിയെടുത്തത്.

വിളവെടുപ്പ് കഴിഞ്ഞു. കാര്യസ്ഥൻ ആദ്യം അവസാനമെത്തിയ സമരിയക്കാരെ വിളിച്ചു. അര ദനാറയുടെ സഞ്ചി തുറക്കാൻ തുടങ്ങിയപ്പോൾ ഉടമസ്ഥൻ വിലക്കി. അയാൾ ഓർമ്മിപ്പിച്ചു.

” അവർ സമരിയാക്കാരാണ്. “

യജമനൻ്റെ സ്വരം ഉയർന്നു.

“അവർക്ക് ഓരോ ദനാറ വീതം കൊടുക്കുക.”

കാര്യസ്ഥൻ ഞെട്ടി. അവൻ മനസ്സില്ല മനസ്സോടെ ഓരോ ദനാറ നൽകി.

കാര്യസ്ഥൻ ആദ്യം വന്ന യഹൂദർക്ക് ഒരു നാണയം നീട്ടി. അതുകണ്ട് അവർക്ക് അരിശം വന്നു. അവർ പരാതിപ്പെട്ടു.

“അവസാനം വന്ന ഈ സമരിയക്കാർ വെറും ഒരു മണിക്കൂറല്ലേ പണിയെടുത്തുള്ളൂ? ഞങ്ങൾ വെയിലത്ത് കിടന്ന് ഉരുകിയതിന് ഒരു വിലയുമില്ലേ?”

ഉടമസ്ഥൻ ശാന്തമായി മറുപടി പറഞ്ഞു:

“സുഹൃത്തേ, ഞാൻ നിന്നോട് എന്ത് അന്യായമാണ് ചെയ്തത്? ഒരു ദനാറയ്ക്കല്ലേ നമ്മൾ തമ്മിൽ വേതനം ഉറപ്പിച്ചത്? എന്റെ കാശ് എനിക്ക് ഇഷ്ടം പോലെ കൊടുത്തു കൂടെ?”

യജമാനന്റെ വാക്കുകൾ കേട്ട് അവർ ലജ്ജിച്ച് തല താഴ്ത്തി.

മടങ്ങും മുമ്പ് ഒരു ദനാറ തന്നതിന് മൂപ്പൻ യജമാനനെ കണ്ടു. യജമാനൻ പറഞ്ഞു:

“ഇത് നിങ്ങളുടെ ഒരു മണിക്കൂറിലെ അധ്വാനത്തിനുള്ള കൂലിയല്ല. പകൽ മുഴുവൻ ആ ചന്തയിൽ വിശപ്പും അപമാനവും സഹിച്ച് നിന്ന ഒരു കാത്തിരിപ്പില്ലേ, അതിനുള്ള എൻ്റെ സമ്മാനമാണ്.”

സമരിയക്കാരുടെ കണ്ണു നിറഞ്ഞു.

ഇരുളുവീണ വഴികളിലൂടെ ഗ്രാമത്തിലേക്ക് മടങ്ങുമ്പോൾ അവർക്ക് വഴി തെറ്റിയില്ല. കൈകളിലിരുന്ന ദനാറകൾ പാതകളിൽ വെളിച്ചം നൽകിയിരുന്നു. മൂപ്പൻ ഓർത്തു; നീതിക്കായുള്ള കാത്തിരിപ്പുകൾക്ക് ഈ ലോകത്ത് ചിലപ്പോൾ വിചിത്രമായ രീതിയിലാണ് ഉത്തരം ലഭിക്കുക.

അയാൾ നടന്നു.

കവർ : വിൽസൺ ശാരദ ആനന്ദ്

നോവലിസ്റ്റ്, കഥാകൃത്ത്, നവമാധ്യമ എഴുത്തുകാരൻ
കുറച്ചു കാലം ഇംഗ്ലീഷ്, ഫ്രഞ്ച് അദ്ധ്യാപകൻ.
ദർശന ഫിലിം സൊസൈറ്റി, YM A പബ്ളിക് ലൈബ്രറി
സെക്രട്ടറിയായിരുന്നു.
ദ കിഡ്, പാഥേർ പാഞ്ചാലി, അടൂർ ചിത്രങ്ങളെക്കുറിച്ച്
ടെലിവിഷൻ ഡോക്യാമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്.
നോവൽ : ഗോൾഡ്കപ്പ് (1999 ), ദാവീദിന്റെ പുസ്തകം (2021 ), യെറുശലേമിലേയ്ക്കുള്ള പാത (2023)
വിവാഹിതൻ, കട്ടപ്പന- ഇരട്ടയാറിൽ താമസിക്കുന്നു.
Email : sunnykollara@gmail.com