ബ്യുണസ് അയേഴ്‌സിൽ നവംബർ 27 ന് നടന്ന മറഡോണയിലെ അന്ത്യകർമ്മങ്ങളിൽ, കോവിഡ് നിബന്ധനങ്ങൾ കാരണം, കുറച്ചു പേർക്ക് മാത്രമേ പങ്കെടുക്കാൻ കഴിഞ്ഞുള്ളു. പക്ഷെ പുറത്ത് ആയിരങ്ങൾ പോലീസിന്‍റെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങി തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരൻ മൈതാനത്ത് കളിക്കാന്‍ ഇറങ്ങുമ്പോൾ ആശംസകൾ അർപ്പിക്കുന്നത് പോലെ അവർ ആർപ്പ് വിളികളുമായി, പതാകകളേന്തി വന്നു.
സ്‌പെയിനിൽ നടന്ന 82 ലെ ലോകകപ്പിൽ മറഡോണയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിലും അർജന്റീന ആദ്യ റൗണ്ടിനപ്പുറം കടന്നില്ല. എങ്കിലും നിഷ്കളങ്കനായ ചെകുത്താൻ (Innocent Devil) എന്ന് പത്രക്കാർ വിശേഷിപ്പിച്ചിരുന്നു. 86 ലെ മെക്‌സിക്കോ വേൾഡ് കപ്പിൽ, മൈതാനത്തെ മറഡോണയുടെ ദേവ നർത്തനം ലോകത്തെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ, ഡീഗോയുടെ ആരാധകരാക്കി. പേരിൽ തന്നെ ദൈവ സ്പർശമുള്ള ഡീഗോയുടെ ബോൾ നിയന്ത്രണവും വേഗതയും, ഗോൾ മുഖത്ത് എത്താനുള്ള തിടുക്കവും കിക്കുകളുടെ വൈവിധ്യവും അക്ഷരാർത്ഥത്തിൽ കാണികളെ മറ്റൊരു ലോകത്തെത്തിച്ചു. ഡീഗോ, ലോകകപ്പ് ഫുടബോളിൽ തെക്കൻ അമേരിക്കയുടെ ഭൂപടം ഉറപ്പിച്ച് വൻകരകളുടെ ദൂരം കുറച്ചു. ബ്രസീലും, അർജന്‍റീനയുമില്ലാത്ത ലോകകപ്പിനെക്കുറിച്ച് ആലോചിച്ചു നോക്കു (2018 ലെ സെമി ലൈനപ്പിൽ അവരില്ലായിരുന്നു എന്നത് യാഥാർഥ്യം).
ക്വാർട്ടറിൽ ഇംഗ്ലണ്ടുമായിട്ടായിരുന്നു അർജന്‍റീനയുടെ കളി. 1982 ലെ ഫാക്‌ലാൻഡ്‌സ് ദ്വീപുകൾക്ക് വേണ്ടിയുള്ള യുദ്ധത്തിൽ ഇംഗ്ലണ്ടിനോട് തോറ്റ ജനതയായിരുന്നു അർജന്‍റീന. അതിനുള്ള പ്രതികാരം കൂടിയായി ക്വാർട്ടറിലെ ജയം. മറഡോണയുടെ ആദ്യഗോൾ ദൈവത്തിന്‍റെ കൈ കൂടി ചേർന്നത് എന്ന രീതിയിൽ വ്യഖ്യാനിക്കപ്പെട്ടപ്പോൾ രണ്ടാം ഗോൾ ഫുട്ബോൾ ചരിത്രത്തിൽ, നൂറ്റാണ്ടിലെ മികച്ച ഗോളായി. ആറോളം കളിക്കാരെ നിഷ്പ്രഭരാക്കി ഗോൾ കീപ്പർ പീറ്റർ ഷിൽട്ടനെ കൂടി കബളിപ്പിച്ച ഗോൾ. 86 ലെ ലോകകപ്പ് മറഡോണയുടേതാണോ, എന്ന പത്രക്കാരുടെ ചോദ്യത്തിന് മറഡോണയുടെ ലോക കപ്പ് ആണെങ്കിൽ ഇത് അർജന്‍റീനയുടെ കൂടി ലോകകപ്പ് ആയിരിക്കും എന്നാണ് മറഡോണ പറഞ്ഞത്.
പറഞ്ഞത് പോലെ മെക്സിക്കോയിലെ അസ്റ്റാക്ക സ്റ്റേഡിയത്തിലെ ഒരു ലക്ഷത്തിലേറെ കാണികളെ സാക്ഷിയാക്കി അർജന്‍റീന രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജർമ്മനിയെ തോൽപ്പിച്ച് കിരീടം നേടി. അഞ്ച് ഗോളുകൾ നേടിയ മറഡോണയ്ക്ക് ഗോൾഡൻ ബോൾ പുരസ്‌കാരം. ഇംഗ്ലണ്ടിന്‍റെ ലിനേക്കർക്കായിരുന്നു ഗോൾഡൻ ബൂട്ട് പുരസ്‌കാരം. മറഡോണ മരിച്ച ദിവസം ലിനേക്കർ അനുശോചനത്തിൽ പറഞ്ഞു,’ഡീഗോ ദൈവത്തിന്‍റെ കൈകളിൽ എത്തിച്ചേർന്നു.
ദേശീയ ടീമിന് വേണ്ടിയായാലും ക്ലബിന് വേണ്ടി ആയാലും പത്താം നമ്പർ ജേഴ്സിയണിഞ്ഞ് മറഡോണ മൈതാനത്ത് ഇറങ്ങുമ്പോൾ, അദ്ഭുതം നടക്കുമെന്ന് ലോകത്തെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ വിശ്വസിക്കുന്നു. പത്താം നമ്പറിന്‍റെ കുതിപ്പിന് തുടക്കം നൽകിയത് മറഡോണ തന്നെ. വെള്ളയിൽ നീല വരകളുള്ള ജേഴ്സിയണിഞ്ഞ് ലോകകപ്പ് ഉയർത്തിപ്പിടിച്ച ഡീഗോ മറഡോണയുടെ ചിത്രം കോടിക്കണക്കിന് ഫുട്ബോൾ ആരാധകരുടെ, കളിക്കാരുടെ മനസ്സിൽ പതിഞ്ഞ ചിത്രമാണ്. ചില ഭ്രാന്തിന് യാഥാർത്ഥ്യവുമായി ബന്ധമില്ലല്ലോ.
86 ലെ വേൾഡ് കപ്പ് വിശേഷങ്ങൾ പത്രങ്ങളിൽ വായിച്ചറിഞ്ഞതായിരുന്നു. 90 ലെ വേൾഡ് കപ്പിൽ ബാംഗ്ലൂരിലെ വ്യോമസേന പരിശീലന കേന്ദ്രത്തിൽ കടുത്ത ഗൃഹാതുരതയിൽ കഴിയുന്ന കാലം. ഉദ്‌ഘാടന മത്സരത്തിന് കാത്ത് ടി വി റൂമിൽ കുറച്ച് മലയാളി, ബംഗാളി സുഹൃത്തുക്കളും. കാമറോണുമായുള്ള അർജന്‍റീനയുടെ മത്സരം ഒരു ഗോളിന് തോറ്റത് നിരാശയായി. മറഡോണയുടെ സാന്നിധ്യം നൽകിയ ആത്മവിശ്വാസവും ഗോൾ കീപ്പർ ഗോയ്‌കൊച്ചിയയുടെ അവിശ്വസനീയമായ പ്രകടനവും കൊണ്ട് അർജന്‍റീന ഫൈനലിലെത്തി. വിവാദമായ പെനാൽറ്റിയിലൂടെ ജർമ്മനി കപ്പടിച്ചു.
94 ലെ യു എസ് ലോകകപ്പിൽ നൈജീരിയക്കെതിരെ കനീജിയയുടെ മിന്നുന്ന രണ്ട് ഗോളുകളോടെ 2 -1 ന് അർജന്‍റീന മത്സരം ജയിച്ചതാണ്. പിന്നീടാണ് മയക്ക് മരുന്ന് പരിശോധനയിൽ മറഡോണ പിടിക്കപ്പെട്ട വാർത്ത പുറത്ത് വരുന്നത്. ഞെട്ടൽ ഉണ്ടാക്കിയ വാർത്ത. ആ വാർത്തയുടെ നടുക്കത്തിൽ അടുത്ത മത്സരം ബൾഗേറിയയോട് തോറ്റു. മൂന്നാമത്തെ മത്സരം റൊമാനിയയോട് 3 -2 ന് തോറ്റ് നിൽക്കുമ്പോൾ മറഡോണ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു.
ബാഴ്സിലോനയ്ക്ക് വേണ്ടി കളിച്ചെങ്കിലും ഇറ്റാലിയൻ ക്ലബായ നപ്പോളിയിലാണ് മറഡോണയുടെ തിളക്കമാർന്ന ഫുടബോൾ ജീവിതമുണ്ടായത്. 84 ൽ നപ്പോളിയിൽ ചേർന്ന് 87 ൽ നപ്പോളിക്ക് ആദ്യ ഇറ്റാലിയൻ കിരീടം നേടിക്കൊടുത്തു. യുവേഫ കപ്പും നേടി. 95 ൽ ബൊക്കാ ജൂനിയേഴ്സിൽ കളിക്കാരനായി മടങ്ങിയെങ്കിലും 97ൽ കളിയിൽ നിന്ന് വിരമിച്ചു. പിന്നീട് ലഹരി വിമുക്ത ചികിത്സ. 2008 ൽ അർജന്‍റീനയുടെ ദേശീയ ടീമിന്‍റെ കോച്ചായി. 2010 ലോക കപ്പിൽ ക്വാർട്ടറിൽ ജർമ്മനിയോട് നാല് ഗോളുകൾക്ക് തോറ്റത് കോച്ചെന്ന നിലയിലുള്ള പടിയിറക്കത്തിന് കാരണമായി.
2011 ൽ യൂ എ യിലെ അൽ വാസൽ ക്ലബിന്‍റെ കോച്ചായി. ഏറ്റവും ഒടുവിൽ അർജന്‍റീനയിലെ ജിംനാസിയ ക്ലബിന്‍റെ കോച്ചായിരുന്നു. കളിക്കാരന്‍റെ പ്രതിഭ പരിശീലകനിലേയ്ക്ക് മാറ്റപ്പെട്ടില്ല എന്നത് സത്യം. ഒരു പക്ഷെ ഫുട്ബോൾ മൈതാനത്ത് എത്തുമ്പോൾ മറഡോണയ്ക്ക്, എത്ര മാർക്ക് ചെയ്താലും പിടി കൊടുക്കാതെ കുതറി യോടുന്ന മറഡോണയ്ക്ക്, കോച്ചിന്‍റെ കൗശലങ്ങളും നിയന്ത്രണങ്ങളും സ്വീകാര്യമായിട്ടുണ്ടാവില്ല.
രണ്ടായിരത്തിൽ നൂറ്റാണ്ടിലെ കളിക്കാരനെ തെരഞ്ഞെടുക്കാൻ ഇന്‍റർനെറ്റിലൂടെ വോട്ടെടുപ്പ് നടത്തിയപ്പോൾ മറഡോണ ഒന്നാമതെത്തി. പക്ഷെ ഫിഫ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ പെലെയെയും മറഡോണയെയും സംയുക്ത വിജയികളായി പ്രഖ്യാപിച്ചു. രണ്ടാം പെലെയാണോ എന്ന പത്രക്കാരുടെ ചോദ്യത്തിന് “എനിക്ക് മറഡോണയായാൽ മതി, രണ്ടാം പേലെയാകേണ്ട” എന്നാണ് മറഡോണ പറഞ്ഞത്. ഫുടബോളിനെ മനസ്സിൽ കൊണ്ട് നടക്കുന്ന ആരാധകർക്ക് മിഡ്ഫീൽഡിൽ നിന്ന് പ്രതിരോധത്തെ കീറി മുറിച്ച് ഗോൾ മുഖത്തേയ്ക്ക് ശരം പോലെ വരുന്ന ഡീഗോയെ എങ്ങനെ വിസ്മരിക്കാനാകും. നൂറ്റാണ്ടിലെ ഗോളിന്‍റെ കാവ്യാത്മകയെക്കുറിച്ച് ഇനിയും വിശദീകരിച്ചു തീർന്നിട്ടില്ല അവർക്ക്.
ചെഗുവേരയുടെ മുഖം കയ്യിലും, കാസ്ട്രോയുടെ മുഖം കാലിലും പച്ച കുത്തിയിരുന്ന മറഡോണ രാഷ്ട്രീയ അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഫിഡൽ കാസ്ട്രോയോട് അഗാധമായ സൗഹൃദം. വെനിസ്യൂലയിലെ ഹ്യുഗോ ഷാവേസ്, ബൊളിവായിലെ ഇവോ മൊറാലസ് എന്നീ നേതാക്കളോടും അടുപ്പം പുലർത്തി.
അമേരിക്കയെപ്പറ്റി പറഞ്ഞത് “I hate everything that comes from States, I hate it with all my strength” എന്നാണ്.
അഞ്ചടി അഞ്ചിഞ്ച് കാരൻ മൈതാനത്ത് തിടമ്പെടുത്തുള്ള ദേവ നർത്തനം പോലെ കാണികളെ വിസ്മയിപ്പിച്ചു. പന്തുമായുള്ള മാന്ത്രിക ബന്ധം. പെലെ അനുസ്മരിച്ചു പോലെ ആകാശ മൈതാനത്ത്, ഒരിക്കൽ ഒന്നിച്ചു കളിയ്ക്കാമെന്ന് ഓരോ ആരാധകനും മോഹിയ്ക്കാം. നക്ഷതങ്ങൾ സാക്ഷിയായി.
PHOTOS CREDIT: LANACION.COM.AR
ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.