മാരിയമ്മയ്ക്കെന്നും
മണ്ണിൻതറയില്
മഞ്ഞത്തും മഴയത്തും,
പല്ലു കിടുങ്ങണ
എല്ലു വിറയ്ക്കണ
കുളിരുള്ളകാലത്തും
രാത്രി മുഴുക്കെയാ-
ശീമക്കൊന്നക്കാലു
നാട്ടിയ കൂരയിൽ
ആകാശം നോക്കി
കിടക്കാലോ!
ഇരുൾപൂക്കും കാട്ടിലെ
മിന്നാമിനുങ്ങുകൾ
കുന്നിൻചരിവിലെ
ആകാശച്ചോട്ടീന്ന്
ഒന്നല്ലൊരായിരം
താരകപ്പൂക്കളെ
ആരാരുംകാണാതെ
കട്ടുകൊണ്ടോന്നിട്ട്
കാട്ടിലും മേട്ടിലും
മരമായമരത്തിലും
തഞ്ചത്തിൽ തൂക്കുന്ന
കാണാലോ!
കാക്കേടേം പൂച്ചേടേം
കഥകൾപറഞ്ഞിട്ട്
ഉണ്ണിയുരുള
ഉരുട്ടിക്കൊടുക്കണ
മാനത്തമ്മേടെ
ഒക്കത്തിരുന്നിട്ട്,
വായും തുറക്കാതെ
ഉരുളകൾ ഉണ്ണാതെ
കിലുകിലെ ചിരിക്കണ
കുസൃതിക്കുടുക്കേടെ
കുട്ടിക്കുറുമ്പുകൾ
രാവേറെനോക്കി
രസിക്കാലോ!

മന്തറേലിന്നോളം
തീയെരിഞ്ഞീടാത്ത
പൊട്ടിപ്പൊളിഞ്ഞോ
രടുപ്പിന്റരികില്
ചുരുണ്ടുകിടക്കണ
പാണ്ടനേംചാരീട്ട്,
എരിയുന്നവയറിന്റെ
സങ്കടംകേൾക്കാതെ
ആരുമേയില്ലെന്ന
നോവറിയിക്കാതെ
ഉണ്ണാതുറങ്ങാതെ
മാനത്ത്നോക്കീട്ട്
തോന്നുന്നപാട്ടുകൾ
പാടാലോ.!
(മാരിയമ്മ…
പൊട്ടിപ്പൊളിഞ്ഞ മണ്തറയിൽ
ബലമില്ലാത്ത രണ്ടോ മൂന്നോ ശീമക്കൊന്നക്കമ്പുകൾ നാട്ടി,
കീറത്തുണികൾ വലിച്ചു കെട്ടിയ
കൂരയിൽ ഒറ്റയ്ക്ക് പാർത്തവൾ.
അവൾക്ക് മാരനെന്നൊരു
മകനുണ്ടായിരുന്നു,
എവിടെയായിരുന്നോ ആവോ..
ആ തറയിൽ ഒരിക്കലും തീ പുകഞ്ഞു കണ്ടിട്ടില്ലാത്ത ഒരടുപ്പുണ്ടായിരുന്നു ,
ചിലപ്പോഴൊക്കെ അതിൽ ചുരുണ്ടുകിടന്നുറങ്ങുന്ന ഒരു പാണ്ടൻ പട്ടിയും,
അടുപ്പിനരികിലായി പൊട്ടിയ ചട്ടികളുടെ ഏതാനും കഷണങ്ങളും.
മത്തന്റെഇലയും ചോദിച്ചു മുഷിഞ്ഞ വേഷത്തിൽ വടികുത്തി ,പടി കടന്നു
വീട്ടിലേക്ക് വരുന്ന മാരിയമ്മയെന്ന ചെറിയൊരു സ്ത്രീയുടെ ചിത്രമുണ്ട് മനസ്സിൽ..
അവർ വരുന്ന വഴിയിൽ കുറുകെ വടി വച്ച് വീഴ്ത്തുന്ന വികൃതികളായ കുട്ടികളും…
ഒടുവിൽ ഒരുദിവസം മഴനനഞ്ഞുകുതിർന്ന വെറുംതറയിൽ മരിച്ചുകിടന്ന ശുഷ്‌ക്കിച്ചൊരു മനുഷ്യരൂപം..
ഓർമ്മയിലെമാരിയമ്മ.)
കവർ: ജ്യോതിസ് പരവൂർ
