രാത്രിയുടെ നിഗൂഢതയെ പിച്ചിച്ചീന്താനെന്നവണ്ണം മഴ തിമിർത്തു പെയ്തുകൊണ്ടിരുന്നു. നഗരത്തിന്റെ പാപങ്ങളെല്ലാം കഴുകിക്കളയാൻ വന്നതുപോലെ. പഴയ കെട്ടിടത്തിന്റെ ചില്ലുചുവരുകളിൽ മഴത്തുള്ളികൾ പെയ്തിറങ്ങുകയായിരുന്നു. താഴെ തിരക്കേറിയ വീഥിയിൽ പാഞ്ഞുപോകുന്ന വാഹനങ്ങളുടെ വെളിച്ചം അവയിൽ തട്ടി ചിതറുമ്പോൾ, നഗരംതന്നെ പല കഷണങ്ങളായി പൊട്ടിപ്പോയ ഒരു കണ്ണാടിപോലെ തോന്നിച്ചു.
നഗരത്തിന്റെ ഹൃദയഭാഗത്ത്, കാലത്തിന്റെ പൊടിയും മനുഷ്യരുടെ ഓർമ്മകളും വിൽക്കുന്ന ഒരു പഴയ ആന്റിക് ഷോപ്പിന്റെ മുകളിലെ മുറിയിൽ, മഴയുടെ ആരവങ്ങൾക്കിടയിലും മങ്ങിയ മഞ്ഞവെളിച്ചം തെളിഞ്ഞുകത്തുന്നുണ്ടായിരുന്നു.
മേശപ്പുറത്ത് സ്ഫടികഗ്ലാസുകൾ. അവയ്ക്കുള്ളിൽ മദ്യം. മദ്യത്തിനുള്ളിൽ വിറയ്ക്കുന്ന വെളിച്ചം.
“ഫാമിലി ഈസ് ജസ്റ്റ് എ ട്രാപ്പ്, വർമ്മ സാർ… ആ ചതിക്കുഴിയിൽ വീഴാത്തവനാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്.”
രാജേഷ് ഗ്ലാസിലേക്ക് വീണ്ടും മദ്യം പകർന്നു. സന്ദീപ് വർമ്മയെ നോക്കി ഒരു കുടിലച്ചിരി പാസ്സാക്കി.
അരികിലിരുന്ന അനിത ഗ്ലാസിന്റെ വക്കിലൂടെ വിരലോടിച്ചു. അവളുടെ കണ്ണുകളിൽ ഒരു നിമിഷം എന്തോ മിന്നി—സമ്മതമോ പരിഹാസമോ ക്ഷീണമോ, തിരിച്ചറിയാനാവാത്തൊരു ഭാവം.
“എക്സാറ്റ്ലി!”
സുനിൽ ഗ്ലാസ് ഉയർത്തി.
“ഗേൾസ് ആർ എവരിവേർ… വൈ ഗെറ്റ് സ്റ്റക്ക് വിത്ത് വൺ?”
സന്ദീപ് കസേര അനിതയുടെ അരികിലേക്ക് വലിച്ചിട്ടു.
“ജീവിതം നാല് ചുവരുകൾക്കുള്ളിലെ ആചാരബദ്ധമായ തടവറയല്ല,” അനിതയെ ഒളിക്കണ്ണിട്ടു നോക്കി അയാൾ തുടർന്നു. “ജീവിതം പുറത്താണ്. നമുക്കായി ജീവിക്കാനുള്ള ഇടം ഈ ലോകത്താണ്.”
അവരുടെ ചിരി മുറിയിൽ പടർന്നു.
പുറത്ത് കൊള്ളിയാൻ മിന്നിയതിന്റെ വെട്ടത്തിൽ ഒരു നിമിഷം നാലു മുഖങ്ങളും വെളുത്തു. തുടർന്നുണ്ടായ ഇടിമുഴക്കത്തിൽ അവരുടെ ചിരി ലയിച്ചുചേർന്നു. ചിലരുടെ ഉള്ളിലെ ശബ്ദങ്ങളുടെ കോലാഹലങ്ങൾ കൊണ്ടാവണം, പുറത്തെ ഇടിമുഴക്കങ്ങൾ പോലും കേൾക്കാനാവാതെ പോകുന്നത്.
പശ്ചാത്തലത്തിൽ ഗുലാം അലിയുടെ ശബ്ദത്തിൽ ഒരു ഗസൽ ഒഴുകിയെത്തി.
“ഹംഗാമാ ഹേ ക്യാ ബോർപാ, തോഡി സി ജോ പീ ലീ ഹേ…”
സുനിൽ മുഖം ചുളിച്ചു.
“ഈ തൈരിലെ പാട്ടുകൾ അല്ലാതെ വേറെ ഒന്നും കിട്ടാനില്ലേ?”
“അല്ലയോ മഹാനുഭാവാ!” സന്ദീപ് ചിരിച്ചു. “അങ്ങയുടെ സംഗീതാഭിരുചിയുടെ ചുമതല നാളെ മുതൽ ഞാൻ ഏറ്റെടുക്കാം.”
“എങ്കിൽ, ഐ ഗോട്ട് വേസ്റ്റഡ് കോസ് ഐ ഡിഡ്‌ന്റ് വാന്ന ഡീൽ വിത്ത് മൈസെൽഫ് ടുനൈറ്റ്… പോലെ വല്ലതും ഇടൂ.”
സുനിലിന്റെ അഭ്യർത്ഥനയിൽ വീണ്ടും ചിരി പടർന്നു—പുറത്തെ ഇടിമുഴക്കത്തേക്കാൾ ഉച്ചത്തിൽ. പക്ഷേ ആ ചിരിയുടെ ഇടയിലും ഒരു ശൂന്യതയുണ്ടായിരുന്നോ? തികഞ്ഞ നിശ്ശബ്ദതയിലെ ചെറിയൊരു ശബ്ദത്തിന്റെ പ്രതിധ്വനിപോലെ.
സന്ദീപ് വർമ്മയുടെ ജീവിതത്തിൽ ഇതൊരു പതിവായിരുന്നു. പഴയ വസ്തുക്കളെ ചുറ്റിപ്പറ്റി പുതിയ രാത്രികൾ സൃഷ്ടിക്കുക; അവയിൽ സ്വന്തം ജീവിതത്തിൽനിന്ന് ഒളിച്ചോടാൻ ശ്രമിക്കുക.
കാലം കൈവിട്ടുപോയ വസ്തുക്കളോട് സന്ദീപിന് വിചിത്രമായൊരു മമതയുണ്ടായിരുന്നു. പൊടിപിടിച്ച ഘടികാരങ്ങളുടെ നിശ്ചലമായ സൂചികളിലും, പൊട്ടിപ്പോയ കണ്ണാടികളുടെ മങ്ങിയ പ്രതിഫലനങ്ങളിലും, പഴകിയ മരത്തിന്റെ ഗന്ധത്തിലും അയാൾ ചരിത്രം വായിക്കാൻ ശ്രമിച്ചിരുന്നു.
പക്ഷേ, സ്വന്തം വീട്ടിൽ ഒരു മനുഷ്യഹൃദയം പതിയെ പഴകിക്കൊണ്ടിരുന്നത് മാത്രം അയാൾക്ക് കാണാനായില്ല.
കാലം ഉപേക്ഷിച്ച ഓരോ വസ്തുവിനും അയാൾ വില നിശ്ചയിച്ചു. തന്റെ കൈകൾക്കുള്ളിൽതന്നെ തകർന്നുകൊണ്ടിരുന്ന ഒരു ജീവിതത്തിന്റെ വില മാത്രം അയാൾക്ക് ഒരിക്കലും മനസ്സിലായില്ല.
നഗരത്തിന്റെ ശബ്ദങ്ങൾ ഒന്നൊന്നായി മങ്ങിത്തുടങ്ങുമ്പോഴാണ് സന്ദീപ് വീട്ടിലെത്തുക. വാതിൽ തുറക്കുമ്പോൾ, പലപ്പോഴും കാത്തിരിപ്പിന്റെ മുഷിപ്പെന്നവണ്ണം ഒരു വിളക്ക് മാത്രം കത്തിക്കിടക്കും.
മേശപ്പുറത്ത് തണുത്തുപോയ ചായ. തുറന്ന പുസ്തകം. അരികിൽ ഒരു നോട്ടുബുക്ക്.
അത് അനുപമയുടേതായിരുന്നു. അനുപമയ്ക്ക് കവിത എഴുതുന്ന ശീലമുണ്ടായിരുന്നു. അതിലും വിചിത്രമായൊരു ശീലമുണ്ടായിരുന്നതിലൂടെയാണ് അവരുടെ ബന്ധത്തിന് തുടക്കം കുറിച്ചത്—കാലം ഉപേക്ഷിച്ച വസ്തുക്കളോട് അവൾക്കുണ്ടായിരുന്ന ഒരുതരം ആത്മബന്ധം.
പഴയ താക്കോലുകളും മഷി വറ്റിയ ഫൗണ്ടൻ പേനകളും തുരുമ്പെടുത്ത വിളക്കുകളും തകർന്ന കളിപ്പാട്ടങ്ങളും പഴയ കണ്ണാടികളും… മറ്റുള്ളവർക്ക് ഉപേക്ഷിക്കപ്പെട്ടവയായി തോന്നുന്ന വസ്തുക്കളിൽ അവൾ കാലത്തിന്റെ കൈയെഴുത്ത് കണ്ടിരുന്നു.
ഒരു പൊട്ടിയ വിളക്കിൽ ഒരിക്കൽ അതിനു ചുറ്റും കൂടിയിരുന്ന ഒരു കുടുംബത്തിന്റെ സന്ധ്യ. ഒരു നിശ്ചല ഘടികാരത്തിൽ നിശ്ചലമാക്കപ്പെട്ട ഒരു നിമിഷം. ഒരു കണ്ണാടിയിൽ ഇനി ഇല്ലാത്ത ഒരു മുഖം.
വസ്തുക്കൾ മരിച്ചാലും ഓർമ്മകൾ മരിക്കില്ലെന്ന് അവൾ വിശ്വസിച്ചിരുന്നു.
അവളുടെ ആദ്യകാല കവിതകളിലും അതിന്റെ നിഴലുണ്ടായിരുന്നു. വിവാഹത്തിന് മുമ്പ് ചില കവിതകൾ ചെറിയ മാസികകളിൽ പ്രസിദ്ധീകരിച്ചിരുന്നു. നഷ്ടപ്പെട്ട കാലത്തെക്കുറിച്ചും വസ്തുക്കളിൽ ഒളിഞ്ഞിരിക്കുന്ന മനുഷ്യരുടെ കഥകളെക്കുറിച്ചും ഒരിക്കലും വരാത്ത പുലരികളെക്കുറിച്ചുമായിരുന്നു അവൾ കൂടുതലും എഴുതിയിരുന്നത്.
ഒരിക്കൽ അവൾ എഴുതിയിരുന്നു:
“വാതിലുകളില്ലാത്തൊരു മുറിയിൽ
ഞാൻ രാത്രികളിൽ
പുറത്തേക്കുള്ള വഴി വരയ്ക്കുന്നു.
പുലരുമ്പോൾ ആരോ വന്ന്
ആ വഴി മായ്ച്ചുകളയുന്നു.”
അച്ചടിമഷി പുരണ്ട ആ വരികൾ ഒരുനാൾ തന്റെ ജീവിതത്തിന്റെ പ്രവചനമായി മാറുമെന്ന് അവൾ അറിഞ്ഞിരുന്നില്ല.
വിവാഹത്തിന് വർഷങ്ങൾക്കുമുമ്പ്, മഴചാറിക്കൊണ്ടിരുന്ന ഒരു വൈകുന്നേരമാണ് അനുപമ ആദ്യമായി സന്ദീപിന്റെ ആന്റിക് ഷോപ്പിൽ കയറിയത്.
കടയ്ക്കുള്ളിൽ പഴയകാലത്തിന്റെ ഗന്ധമുണ്ടായിരുന്നു—മരത്തിന്റെ, ലോഹത്തിന്റെ, ആരും ഇനി ഓർക്കാത്ത സുഗന്ധദ്രവ്യങ്ങളുടെ…
ചില്ലുപെട്ടിക്കുള്ളിലെ ഒരു പഴയ വെള്ളിക്കണ്ണാടിക്കുമുന്നിൽ അവൾ നിന്നു.
“ഇഷ്ടമായോ?”
പിന്നിൽനിന്നായിരുന്നു സന്ദീപിന്റെ ശബ്ദം.
“ഇതിന് എത്ര പഴക്കമുണ്ട്?”
“ഏകദേശം നൂറ് വർഷം.”
“ഇതിൽ ആരൊക്കെ നോക്കിയിട്ടുണ്ടാകും?”
സന്ദീപ് ചിരിച്ചു.
“അത് ആർക്കും അറിയില്ല.”
അവൾ കണ്ണാടിയിൽനിന്ന് കണ്ണെടുക്കാതെ പറഞ്ഞു:
“അതാണ് ഇതിന്റെ സൗന്ദര്യം.”
അവൻ അവളെ നോക്കി.
“നിങ്ങൾ കവിത എഴുതുന്നുണ്ടോ?”
അവൾ അമ്പരന്നു.
“എങ്ങനെ മനസ്സിലായി?”
“മറ്റുള്ളവർ പഴയ കണ്ണാടിയിൽ പൊടിയും പഴക്കവും സ്വരൂപവും കാണും. നിങ്ങൾ അതിൽ ആളുകളെ തിരയുന്നു.”
അവൾ ചിരിച്ചു.
പുരാവസ്തുക്കളുടെ വിലയെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കെ സന്ദീപ് പറഞ്ഞു:
“പഴയ വസ്തുക്കൾക്ക് ഓർമ്മയുണ്ട്, അനുപമ. അതുകൊണ്ടാണ് അവയ്ക്ക് വില.”
അവൾ അവനെ നോക്കി.
“മനുഷ്യർക്കോ?”
സന്ദീപ് കുറച്ചുനേരം മിണ്ടാതിരുന്നു.
“മനുഷ്യർ മറക്കാനാണ് പഠിക്കുന്നത്.”
അപ്പോഴാണ് അവൾ ബാഗിൽനിന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു സാഹിത്യ മാസിക പുറത്തെടുത്തത്. അതിൽ പ്രസിദ്ധീകരിച്ച തന്റെ കവിതയുടെ പേജ് തുറന്ന് സന്ദീപിന് നീട്ടി.
സന്ദീപ് ആദ്യം വെറുതെ ഓടിച്ചുവായിക്കുക എന്ന ഉദ്ദേശത്തോടെ നോക്കിയതായിരുന്നെങ്കിലും, രണ്ടുവരി വായിച്ചപ്പോഴേക്കും അയാളുടെ മുഖത്ത് കൗതുകം തെളിഞ്ഞു. പിന്നെ മുഴുവൻ കവിതയും ഒരുതരം അസാധാരണമായ ആവേശത്തോടെ വായിച്ചുതീർത്തു.
കവിതയുടെ അവസാന വരികളിൽ അയാൾ കുറച്ചുനേരം കണ്ണുറപ്പിച്ചു:
“മറക്കുക എന്നത്
ഓർമ്മയെ കൊല്ലലല്ല—
അത് മറ്റൊരു മുറിയിലേക്ക്
പൂട്ടി വെക്കലാണ്.
ഒരു ദിവസം ആ മുറിയുടെ താക്കോൽ
നമ്മുടെ തന്നെ കൈയിൽ
വീണ്ടും വന്നു ചേരും.”
സന്ദീപ് മാസിക പതുക്കെ മടക്കി അവളുടെ നേരെ നീട്ടി.
“ഇത് കവിതയല്ല, അനുപമ…”
അവൾ അയാളെ നോക്കി.
“പിന്നെ?”
“മറക്കാൻ ശ്രമിക്കുന്ന ഒരാളുടെ ഉള്ളിൽ ഓർമ്മ എങ്ങനെ ഒളിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്.”
അവൾ ഒന്നും പറഞ്ഞില്ല.
സന്ദീപ് വീണ്ടും ചിരിച്ചു.
“നിനക്കറിയാമോ, ഈ കവിതയിലെ ഏറ്റവും അപകടകരമായ വരി ഏതാണ്?”
അവൾ അൽപം അത്ഭുതത്തോടെ അയാളെ നോക്കി.
അയാൾ മാസിക വീണ്ടും വാണ്ടി കവിതയിലെ അവസാന രണ്ടു വരികളിൽ വിരൽവെച്ചു.
“താക്കോൽ നമ്മുടെ തന്നെ കൈയിൽ വീണ്ടും വന്നു ചേരും.”
അയാൾ തുടർന്നു:
“ഈ വരി. മനുഷ്യൻ എത്ര മറന്നാലും, അവന്റെ ഉള്ളിൽ ചില വാതിലുകൾ ഒരിക്കലും അടയുന്നില്ലെന്ന് നീ പറയുന്നുണ്ട്.”
അന്ന് ആ വാക്കുകൾ അവൾക്ക് ഇഷ്ടപ്പെട്ടു. അതിലുപരി, തന്നെ ഇത്ര കൃത്യമായി വായിച്ച ഒരാളെ കണ്ടെത്തിയ സന്തോഷം അവളുടെ ഉള്ളിൽ ഒരു ചെറുവെളിച്ചമായി.
പിന്നീട്, അതേ വാക്കുകളുടെ ഉള്ളിലായിരുന്നു അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഞ്ചന ഒളിഞ്ഞിരുതെന്ന് അറിയാതെ അവൾ വീണ്ടും വീണ്ടും ആ കടയിൽ വരാൻ തുടങ്ങി.
പഴയ പുസ്തകങ്ങളുടെയും ചിത്രങ്ങളുടെയും നിശ്ചല ഘടികാരങ്ങളുടെയും കഥകൾക്കിടയിൽ അവർ പതിയെ പരസ്പരം വായിച്ചുതുടങ്ങി. അവൻ അവളുടെ കവിതകളിലും, അവൾ അവന്റെ ഓർമ്മകളുറങ്ങുന്ന വസ്തുക്കളിലും തങ്ങളെത്തന്നെ കണ്ടെത്തി. ഒരു പഴയ പുസ്തകത്തിന്റെ മണവും മഴനനഞ്ഞൊരു സന്ധ്യയുടെ നിശ്ശബ്ദതയും പോലെ, ആരും അറിയാതെ അവരുടെ അടുപ്പം പ്രണയമായി പടർന്നു; ഒടുവിൽ, ഒരു പ്രഖ്യാപനവുമില്ലാതെ, അത് പരിണയത്തിലേക്ക് ഒഴുകിച്ചേർന്നു.
പഴയ വസ്തുക്കളുടെ ഓർമ്മകൾ ഇത്ര സ്നേഹത്തോടെ കാത്തുസൂക്ഷിക്കുന്ന മനുഷ്യന് ഒരാളുടെ ഹൃദയം എങ്ങനെ ഉപേക്ഷിക്കാനാകും എന്ന ഉറപ്പും വിശ്വാസവും അവൾക്കുണ്ടായിരുന്നു.
വിവാഹത്തിന്റെ ആദ്യകാലങ്ങളിൽ അവളുടെ കവിതകളിൽ മഴയും പുഴയും പൂക്കളും നിറഞ്ഞിരുന്നു. ഒരു കുഞ്ഞിന്റെ കാലടിശബ്ദം കാത്തിരിക്കുന്ന വീട്ടിനുള്ളിൽ, അവൾ മനസ്സുകൊണ്ട് ഒരു ചെറിയ മുറി മാറ്റിവെച്ചിരുന്നു. ശൂന്യമായ ആ മുറിയിൽ, അവളുടെ സ്വപ്നങ്ങളുടെ കാറ്റിൽ ഒരു തൊട്ടിൽ പതുക്കെ ആടിക്കൊണ്ടിരുന്നു.
പിന്നെ, അവരുടെ ജീവിതത്തിലേക്ക് ആശുപത്രികളുടെ വെള്ളച്ചുവരുകളും പരിശോധനാമുറികളുടെ തണുത്ത വെളിച്ചവും കാത്തിരിപ്പിന്റെ നീണ്ട ഇടനാഴികളും റിപ്പോർട്ടുകളുടെ നിർദയമായ അക്ഷരങ്ങളും ക്ഷണിക്കപ്പെടാതെ കടന്നുവന്നു.
ഒടുവിൽ ഒരു സത്യം അവർക്കുമുന്നിൽ തുറന്നു—കുഞ്ഞില്ലായ്മയുടെ കാരണം അനുപമയായിരുന്നില്ല; പിതൃത്വത്തിലേക്കുള്ള വാതിൽ സന്ദീപിൻ്റെ ശരീരത്തിലാണ് അടഞ്ഞുകിടന്നിരുന്നത്.
വൈദ്യശാസ്ത്രത്തിന് അത് ഒരു റിപ്പോർട്ടിലെ വരി മാത്രമായിരുന്നു. പക്ഷേ സന്ദീപിന്റെ പുരുഷാഭിമാനത്തിൽ ആ വരി ആഴത്തിലുള്ളൊരു വിള്ളൽ വീഴ്ത്തി.
സത്യത്തെ നേരിടാനുള്ള ധൈര്യം അവനുണ്ടായില്ല. പകരം, സ്വന്തം പരാജയത്തിന്റെ നിഴൽ അനുപമയുടെ മേൽ വീഴ്ത്തി, അവളുടെ നിശ്ശബ്ദതയെ കുറ്റത്തിന്റെ തെളിവാക്കി മാറ്റുകയായിരുന്നു.
“നിന്നിൽ എന്തോ പ്രശ്നമുണ്ട്.”
ആദ്യം അത് സംശയമായിരുന്നു. പിന്നെ ആരോപണം. അവസാനം വിധി.
സത്യം അറിയുന്ന ഒരാൾക്ക് കള്ളത്തോട് എല്ലായ്പ്പോഴും വാദിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യത്തോടെ അനുപമ മിണ്ടാതിരുന്നു.
സന്ദീപിന്റെ രാത്രികൾ നീണ്ടു. മദ്യത്തിന്റെ പുളിച്ചഗന്ധം അണിഞ്ഞ വസ്ത്രങ്ങളിലേക്കും വീട്ടിന്റെ ചുവരുകളിലേക്കും പടർന്നു. വാക്കുകൾ മൂർച്ചയുള്ളവയായി. പിന്നെ പ്രഹരങ്ങളായി.
പുറത്തുള്ള ലോകത്തോട് “സ്വാതന്ത്ര്യം” പ്രസംഗിച്ചിരുന്ന മനുഷ്യൻ സ്വന്തം വീട്ടിൽ ഒരു സ്ത്രീയുടെ ശ്വാസംപോലും നിയന്ത്രിക്കാൻ തുടങ്ങി.
ഓരോ അപമാനത്തിനും ശേഷം അനുപമ തന്റെ ഉള്ളിൽനിന്ന് ഒരു വാതിൽകൂടി അടച്ചു. ഒടുവിൽ അവൾക്കുള്ളിൽ വാതിലുകളില്ലാത്ത ഒരു മുറിമാത്രം ശേഷിച്ചു. അവിടെ അവളും അവളുടെ ശ്വാസവും കവിതകളും മൗനങ്ങളും മാത്രം.
മഴ നഗരത്തെ മുഴുവൻ മായ്ച്ചുകളയാൻ ശ്രമിക്കുന്നതുപോലെ തുള്ളിമുറിയാതെ പെയ്തുകൊണ്ടിരുന്ന ഒരു രാത്രി, സന്ദീപ് പതിവിലധികം മദ്യപിച്ചിരുന്നു.
വാക്കുകൾ ആദ്യം വന്നു. പഴയ ആരോപണങ്ങൾ. പഴയ അപമാനങ്ങൾ. പിന്നെ പ്രഹരങ്ങൾ.
അനുപമ ഒന്നും പറഞ്ഞില്ല.
അവൾ മുറിയിലേക്ക് നടന്നു. വാതിൽ അടച്ചു.
മേശപ്പുറത്ത് അവളുടെ കവിതാനോട്ടുബുക്ക് തുറന്നുകിടന്നു. അവൾ അത് എടുത്തു. വെള്ളപ്പേജിലേക്ക് ഏറെ നേരം നോക്കി.
പിന്നെ എഴുതി:
“ഇന്ന് കണ്ണാടിയിൽ
എന്റെ മുഖമുണ്ടായിരുന്നില്ല—
എന്റെ പേരിൽ
വാടകയ്ക്ക് താമസിച്ചിരുന്ന
ഒരാൾ മാത്രം.
മുഖം—എന്റേത്.
കണ്ണുകൾ—എന്റേത്.
പക്ഷേ ആ കണ്ണുകളിൽ
ഞാനുണ്ടായിരുന്നില്ല.
അവൾ നോക്കിയിരുന്നത്
എന്നെയല്ല;
എന്നിൽ നിന്ന്
പുറത്തേക്കുള്ള
ഒരു വാതിലിനെയായിരുന്നു.
ഞാൻ ചോദിച്ചു—
‘നീ ആരാണ്?’
അവൾ ചിരിച്ചു.
ആ ചിരിയിൽ
എന്റെ ജീവിതത്തിന്റെ
ശേഷിച്ചിരുന്ന ശബ്ദങ്ങളെല്ലാം
ഞാൻ കേട്ടു.
കണ്ണാടിയിലെ പ്രതിബിംബം
ഞാനാണെന്ന് തെളിയിക്കാൻ
എന്റെ മുഖം തന്നെ
എനിക്ക് തെളിവായിരുന്നില്ല.
അപ്പോൾ മനസ്സിലായി—
സ്വന്തം മുഖം നഷ്ടപ്പെടുന്നതിലും
ഭയാനകം
സ്വന്തം ജീവിതത്തിൽ
സ്വയം അന്യയായിപ്പോകുന്നതാണ്.
അവൾ വീണ്ടും ചോദിച്ചു—
‘ഇനി?’”
പേന വിരലുകളിൽനിന്ന് വഴുതി.
അവൾ തല ഉയർത്തി.
മുന്നിൽ കണ്ണാടി. കണ്ണാടിക്കുള്ളിൽ അവൾ തന്നെയുണ്ടായിരുന്നു. എങ്കിലും ഏറെക്കാലമായി കാണാതായ ഒരാളെ പെട്ടെന്ന് മുന്നിൽ കണ്ടതുപോലെ അവൾ ആ മുഖം നോക്കി നിന്നു.
ചിതറിയ മുടി. ഉറക്കമില്ലാത്ത കണ്ണുകൾ. അധരത്തിനരികിലെ ചോരപൊടിഞ്ഞ നേർത്ത മുറിവ്.
അവൾ അടുത്തേക്ക് നീങ്ങി. കണ്ണാടിയിലെ സ്ത്രീയും അടുത്തേക്ക് വന്നു.
അനുപമ കൈ ഉയർത്തി. പ്രതിബിംബവും കൈ ഉയർത്തി.
അവൾ കൈ താഴ്ത്തി.
ഒരു നിമിഷം വൈകിയാണ് പ്രതിബിംബം കൈ താഴ്ത്തിയതെന്ന് അവൾക്ക് തോന്നി.
അവൾ പെട്ടെന്ന് പിന്നോട്ടുമാറി.
മുറിയിലെ വെളിച്ചം വിറച്ചുകൊണ്ടിരുന്നു.
കണ്ണാടിയിലെ സ്ത്രീ ചിരിച്ചു.
ആ ചിരിയിൽ സന്തോഷമുണ്ടായിരുന്നില്ല. വർഷങ്ങളായി അടച്ചിട്ടിരുന്ന ഒരു മുറിക്ക് പെട്ടെന്ന് വാതിൽ കിട്ടിയതിന്റെ വിചിത്രമായ ആശ്വാസംപോലെയായിരുന്നു അത്.
“നീ ആരാണ്?”
അനുപമ ചോദിച്ചു.
ഉത്തരം—തികഞ്ഞ നിശ്ശബ്ദത.
പക്ഷേ ഒരു ശബ്ദം.
വളരെ അടുത്ത്. വളരെ ഉള്ളിൽ.
“ഇനി?”
മുറിയിലെ വിറച്ചുകൊണ്ടിരുന്ന വെളിച്ചം ഉള്ളിലേക്ക് ആവാഹിച്ചെടുത്തവളെപ്പോലെ അവൾ ഭയപ്പെട്ടുക്കൊണ്ട് കിതച്ചു.
ശബ്ദം കണ്ണാടിയിൽ നിന്നാണോ വന്നത്? അല്ലെങ്കിൽ അവളുടെ ഉള്ളിലെ ഏതോ അടഞ്ഞ മുറിയിൽ നിന്നോ?
അവൾക്കറിയില്ല.
വീണ്ടും കണ്ണാടിയിലേക്ക് നോക്കി.
പ്രതിബിംബത്തിന്റെ അധരങ്ങൾ ചലിക്കുന്നതായി തോന്നി.
“ഇനി?”
അവൾ കണ്ണടച്ചു.
കവിതാനോട്ടുബുക്ക് നിലത്തുവീണു.
ഒരു പേജ് കാറ്റിൽ മറിഞ്ഞു.
അതിൽ എഴുതിയിരുന്നത്:
“വാതിലുകളില്ലാത്തൊരു മുറിയിൽ…”
അവൾക്ക് അപ്പോൾ തോന്നി—മരണം ഒരു മതിലല്ല. ഒരു വാതിലാണ്. അതിനപ്പുറം പോകുക മാത്രമാണ് ഇനി ബാക്കിയുള്ളത്.
അജ്ഞാതമായൊരു ശക്തി തന്നിലേക്ക് ആഴ്ന്നിറങ്ങുന്നതുപോലെയുള്ള തോന്നലിൽ, മരിച്ചു മണ്ണടിഞ്ഞുപോയവരുടെ രൂപങ്ങൾ കണ്ണാടിയിലെ പ്രതിബിംബത്തോടൊപ്പം അവൾ കണ്ടു. മുറി നിറയെ ചിരപരിചിതമായ ഒരു സിംഫണിയുടെ അലയൊലികൾ പടർന്നു.
അതിനുശേഷം നടന്നതെന്താണെന്ന് അവൾക്ക് ഒരിക്കലും പൂർണ്ണമായി ഓർമ്മയുണ്ടായിരുന്നില്ല.
ആശുപത്രിയിൽ കണ്ണുതുറന്നപ്പോൾ, മേൽക്കൂരയിലെ വെളുത്ത ചതുരം അവൾക്ക് ആകാശംപോലെ തോന്നി. അണുനാശിനിയുടെ ഗന്ധത്തിനും യന്ത്രങ്ങളുടെ മന്ദമായ താളത്തിനുമിടയിൽ ശരീരം മാത്രം ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. പക്ഷേ ജീവിക്കാനുള്ള കാരണം ഇനിയും അകലെ എവിടെയോ ആയിരുന്നു.
കരയിലേക്കെത്തിയ ശരീരം കിടക്കയിൽ നിശ്ചലമായിരുന്നെങ്കിലും, അവളുടെ മനസ്സ് അപ്പോഴും ആഴമുള്ള വെള്ളത്തിൽ മുങ്ങി, നഷ്ടപ്പെട്ടതെന്തോ തിരയുകയായിരുന്നു. വിഫലമായ ശ്രമങ്ങൾക്കൊടുവിൽ കരയിലേക്കെറിയപ്പെട്ട മീനിനെപ്പോലെ അവൾ പിടഞ്ഞു.
“കൗൺസിലിംഗ് വേണ്ടി വന്നേക്കും.”
അശരീരി പോലെ ആരോ പറഞ്ഞത് അവളുടെ കാതുകളിൽ പതിച്ചു.
അങ്ങനെയാണ് മീര അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്—മുറിവുകളിൽ വിരൽവെക്കാതെ അവയ്ക്കരികിൽ നിശ്ശബ്ദമായി ഇരിക്കാൻ അറിയുന്ന ഒരു കൗൺസിലർ.
ശാന്തമായ ശബ്ദവും, ഉത്തരങ്ങൾ പിടിച്ചെടുക്കാൻ തിടുക്കമില്ലാത്ത കണ്ണുകളുമായിരുന്നു അവളുടെ സാന്നിധ്യത്തിന്റെ ഭാഷ.
ആദ്യ കൂടിക്കാഴ്ചയിൽ, ഏറെ നേരം മൗനത്തിന്റെ അരികിലിരുന്ന ശേഷം മീര പതുക്കെ ചോദിച്ചു:
“കവിത എഴുതുമോ?”
അനുപമ അത്ഭുതത്തോടെ നോക്കി.
“ഇപ്പോൾ ഇല്ല.”
“മുമ്പ്?”
“എഴുതിയിരുന്നു.”
“എന്തുകൊണ്ട് നിർത്തി?”
അനുപമ കുറച്ചുനേരം മിണ്ടാതിരുന്നു.
“വാക്കുകൾ എന്നെ വഞ്ചിച്ചു.”
മീര ചെറുതായി ചിരിച്ചു.
“വാക്കുകൾക്ക് അത്ര ശക്തിയുണ്ടോ?”
“ചിലപ്പോൾ.”
“അപ്പോൾ അവയെ വീണ്ടും വിശ്വസിക്കാൻ പഠിക്കാം.”
അത്ര മാത്രം.
ആ ദിവസം മീര അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല. ഉപദേശിച്ചില്ല. അവളുടെ മുറിവിന് പേരിടാനും ശ്രമിച്ചില്ല.
മുറിവിനരികിൽ ഇരുന്ന് അതിന് ഉണങ്ങാനുള്ള സമയം നൽകുന്നതുപോലെ അവൾ കാത്തിരുന്നു.
ദിവസങ്ങൾ കടന്നുപോയി.
മീരയുടെ ചോദ്യങ്ങൾക്ക് അനുപമ ഉത്തരങ്ങൾ തേടി.
“നിനക്ക് ഏറ്റവും കൂടുതൽ ഭയമുള്ളത് എന്താണ്?”
“വീട്.”
“എന്തുകൊണ്ട്?”
“എന്നെ കാത്തിരിക്കും.”
“ആര്?”
അനുപമ കുറച്ചുനേരം അവളെ നോക്കി.
“ഞാൻ.”
മീര ഒന്നും പറഞ്ഞില്ല.
ആ മൗനം അനുപമയെ പതിയെ സംസാരിക്കാൻ പഠിപ്പിച്ചു.
ആദ്യമായി കരച്ചിൽ വന്നു. പിന്നെ കോപം. പിന്നെ അപമാനം.
പിന്നെ ഒരു ദിവസം—ചിരി.
അവൾക്കുതന്നെ പരിചയമില്ലാത്ത ഒരു ചിരി.
കൗൺസിലിംഗ് നീണ്ടു.
മീര അവളോട് ശക്തയാകാൻ ആവശ്യപ്പെട്ടില്ല. ദുർബലയാകാനുള്ള അവകാശം നൽകി. കരയാനുള്ള അവകാശം. കോപിക്കാനുള്ള അവകാശം. “ഇല്ല” എന്ന് പറയാനുള്ള അവകാശം.
ഒടുവിൽ—സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനിക്കാനുള്ള അവകാശം.
ഒരു ദിവസം മീര പറഞ്ഞു:
“ഒരു പുരുഷൻ നിന്നെ സ്നേഹിക്കുന്നില്ല എന്നതുകൊണ്ട് നീ അപൂർണ്ണയാകുന്നില്ല, അനു. ഒരിക്കൽ നീ നിന്നെത്തന്നെ സ്നേഹിക്കുന്നത് നിർത്തുമ്പോഴാണ് യഥാർത്ഥത്തിൽ നീ നിന്നിൽ നിന്ന് അകലുന്നത്.”
അനുപമ മിണ്ടാതെ കേട്ടു.
“നമ്മൾ ചെറുപ്പം മുതൽ കേട്ടുവളർന്ന ചില വാക്കുകൾ ശരീരത്തിൽ രോഗാണുക്കളെപ്പോലെ കയറിപ്പറ്റും. അവയെ പുറത്താക്കാൻ സമയം വേണം.”
പക്ഷേ അവളുടെ ഉള്ളിൽ കൂടുതൽ നേരം മുഴങ്ങിയത് മറ്റൊരു വാചകമായിരുന്നു:
“നീ നിന്നെ നഷ്ടപ്പെടുത്തിയിട്ടില്ല. നിന്നെ കാണാനുള്ള കണ്ണാണ് നഷ്ടപ്പെട്ടത്.”
കുറെ ദിവസങ്ങൾക്കുശേഷം അനുപമ വീണ്ടും എന്തോ കുത്തിക്കുറിക്കാൻ ശ്രമിച്ചു..
കുറിച്ചവ വളരെ ചെറുതായിരുന്നു:
“മുറിയുടെ ചുവരിൽ
ഒരു ജനൽ വരച്ചു.
പുറത്തേക്ക് പോകാനല്ല—
അകത്തേക്ക് വെളിച്ചം വരാൻ.”
മീര അത് വായിച്ചു.
“ഇത് കവിതയാണോ?”
അനുപമ ചിരിച്ചു.
“അല്ലേ?”
“എനിക്ക് തോന്നുന്നത് ഇത് ഒരു ജനലാണ്.”
അനുപമ വീണ്ടും ചിരിച്ചു.
ഏറെക്കാലത്തിനുശേഷം സ്വന്തം ചിരി അവൾക്ക് അന്യമായി തോന്നിയില്ല.
ഒരു ദിവസം മീര അവളുടെ പഴയ കവിതകൾ വായിക്കുകയായിരുന്നു.
“നിനക്ക് മലയാളം നന്നായി എഴുതാനറിയാം.”
“ഒരിക്കൽ അറിയാമായിരുന്നു.”
“അല്ല. ഇപ്പോഴും അറിയാം.”
അനുപമ ഒന്നും പറഞ്ഞില്ല.
“ജോലി ചെയ്യാൻ തയ്യാറാണോ?”
അവൾ തല ഉയർത്തി.
“എനിക്ക്?”
“അതെ. നിനക്ക്.”
“എന്ത് ജോലി?”
“എന്റെ പരിചയത്തിലുള്ള ഒരു ചെറിയ പ്രസാധനസ്ഥാപനത്തിൽ എഡിറ്റോറിയൽ അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. കൈയെഴുത്തുപ്രതികൾ വായിക്കണം, പ്രൂഫ് നോക്കണം, ചെറിയ കുറിപ്പുകൾ തയ്യാറാക്കണം. നിനക്ക് പറ്റും.”
അനുപമയുടെ മുഖത്ത് സംശയം.
“എനിക്ക് അതൊക്കെ കഴിയുമോ?”
മീര ചിരിച്ചു.
“നിനക്ക് കഴിയുമോ എന്ന് മുൻകൂട്ടി തീരുമാനിക്കേണ്ടത് നീയല്ല.”
“പിന്നെ?”
“പോയി ചെയ്തു നോക്ക്. കഴിയുന്നില്ലെങ്കിൽ പഠിക്കൂ. പക്ഷേ നിനക്ക് കഴിയില്ലെന്ന് മുൻകൂട്ടി തീരുമാനിക്കരുത്.”
അനുപമ മേശപ്പുറത്തിരുന്ന തന്റെ കവിതകളിലേക്ക് നോക്കി.
“ഞാൻ ഇതുവരെ ജോലി ചെയ്തിട്ടില്ല.”
“അതുകൊണ്ടാണ് തുടങ്ങേണ്ടത്.”
“നിങ്ങൾ ശിപാർശ ചെയ്യുമോ?”
മീര തലകുലുക്കി.
“ശിപാർശ ചെയ്യാം. ജോലി നിനക്കുവേണ്ടി ഞാൻ ചെയ്യില്ല.”
അനുപമ സംശയത്തോടെ’അവളെ നോക്കി.
“കാരണം, നീ ഇനി ആരുടേയും സഹായത്തിൽ ജീവിക്കേണ്ടതില്ല.”
മീര അല്പം നിർത്തി.
“ഞാൻ വാതിൽ കാണിച്ചുതരാം. അതിലൂടെ നടക്കേണ്ടത് നീയാണ്.”
അനുപമയുടെ കണ്ണുകൾ നിറഞ്ഞു.
അവൾ പതുക്കെ പറഞ്ഞു:
“ഞാൻ നടക്കാം.”
ജോലിയുടെ ആദ്യദിവസം അവൾ ഏറെ നേരം ഓഫീസിന്റെ വാതിലിനുമുന്നിൽ നിന്നു. പഴയ ശീലപ്രകാരം തിരിഞ്ഞുപോകണമെന്നൊരു തോന്നൽ.
പിന്നെ മീര പറഞ്ഞ വാക്ക് ഓർമ്മവന്നു:
“വാതിൽ കാണിച്ചുതരാം. അതിലൂടെ നടക്കേണ്ടത് നീയാണ്.”
അവൾ അകത്തേക്ക് നടന്നു.
പുതിയ ജീവിതങ്ങൾ പലപ്പോഴും പ്രഖ്യാപനങ്ങളോടെയല്ല തുടങ്ങുന്നത്. ഒരു ചെറിയ ഒപ്പിൽ. ഒരു പുതിയ മേശയിൽ. അപരിചിതരായ ചില മനുഷ്യരുടെ ഇടയിൽ ഇരിക്കുന്ന ആദ്യദിവസത്തിൽ.
മാസങ്ങൾ പതിയെ ഒഴുകിപ്പോയി. അനുപമ വാക്കുകൾ തിരുത്തിയും കൈയെഴുത്തുകൾ വായിച്ചും മറ്റുള്ളവരുടെ കഥകളിലൂടെ സ്വന്തം മുറിവുകളുടെ നിഴലുകൾ കടന്നുപോകുന്നതറിഞ്ഞും ജീവിതത്തെ വീണ്ടും വായിക്കാൻ പഠിച്ചു.
ഓരോ കഥയിലും മനുഷ്യർ ഏതെങ്കിലുമൊരു വാതിൽ തേടുന്നതായി അവൾ കണ്ടു—ഒരാൾക്ക് പ്രണയം, മറ്റൊരാൾക്ക് ജോലി, ചിലർക്ക് ഒരു വാക്ക്, ചിലർക്ക് ക്ഷമ. വാതിലുകൾ എല്ലാം പുറത്തേക്കല്ല; ചിലത് നമ്മിലേക്കുതന്നെയാണ് തുറക്കുന്നതെന്ന് അവൾ പതിയെ തിരിച്ചറിഞ്ഞു.
ആദ്യ ശമ്പളത്തിന്റെ സന്ദേശം ഫോണിൽ തെളിഞ്ഞുനിന്നപ്പോൾ, തുകയെക്കാൾ അവളുടെ കണ്ണിൽ തെളിഞ്ഞത് മറ്റൊന്നായിരുന്നു—സ്വന്തം പേരിൽ ആദ്യമായി എഴുതപ്പെട്ട ഒരു ചെറിയ സ്വാതന്ത്ര്യം.
അവളുടെ ആത്മധൈര്യം ശമ്പളത്തിൽനിന്നല്ല വളർന്നത്. സ്വന്തം ജീവിതത്തിന്റെ ചെലവ് സ്വയം വഹിക്കാനും സ്വന്തം തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും കഴിയുമെന്ന തിരിച്ചറിവിൽ നിന്നായിരുന്നു അത്.
കുറച്ച് മാസങ്ങൾക്ക് ശേഷം അവൾ സ്വന്തം പേരിൽ ഒരു ചെറിയ മുറി വാടകയ്ക്കെടുത്തു.
മുറിയിൽ വലിയ ഫർണിച്ചറുകളൊന്നുമുണ്ടായിരുന്നില്ല. ഒരു മേശ. കുറച്ച് പുസ്തകങ്ങൾ. ഒരു കസേര. ജനലിനരികിൽ ഒരു ചെടി. ചുവരിൽ ഒരു പഴയ കണ്ണാടി…
ആ മുറിയിൽ ആദ്യമായി അവളുടെ ജീവിതം അവളുടെ മാത്രമായിരുന്നു.
ഒരു വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുംവഴി പഴയ ആന്റിക് ഷോപ്പിന്റെ മുന്നിലെത്തിയപ്പോൾ, ചില്ലിനപ്പുറം കിടന്നിരുന്ന വെള്ളിക്കണ്ണാടി അവളുടെ കാലുകളെ നിർത്തിച്ചു.
ഒരു നിമിഷം കാലം പിന്നിലേക്ക് തുറന്നു—പഴയ കവിതയും സന്ദീപിന്റെ ശബ്ദവും ഓർമ്മയിൽ തെളിഞ്ഞു:
“പഴയ വസ്തുക്കൾക്ക് ഓർമ്മയുണ്ട്…”
കണ്ണാടിയിൽ അവൾ കണ്ടത് പഴയ അനുപമയെയല്ല, മുറിവുകളിലൂടെ കടന്നുവന്ന ഇന്നത്തെ തന്നെ ആയിരുന്നു.
അപ്പോൾ മറ്റൊരു വാക്ക് ഉള്ളിൽ തെളിഞ്ഞു:
“മനുഷ്യർ മറക്കാനാണ് പഠിക്കുന്നത്.”
അവൾ മൃദുവായി പുഞ്ചിരിച്ചു.
വസ്തുക്കൾ ഓർമ്മകളെ സൂക്ഷിച്ചേക്കാം; മനുഷ്യർക്ക് അവയെ അതിജീവിച്ച് മുന്നോട്ട് നടക്കാനും കഴിയും.
അവൾ തിരിഞ്ഞുനോക്കാതെ നടന്നു.
സന്ദീപ് അറിഞ്ഞില്ല—അവന്റെ മുന്നിൽ നിശ്ശബ്ദമായി ഒരു ജീവിതം മാറിക്കൊണ്ടിരിക്കുകയാണെന്ന്.
ഒരു വൈകുന്നേരം വാതിൽക്കൽ എത്തിയ അനുപമയെ കണ്ടപ്പോൾ സന്ദീപ് സോഫയിൽ നിന്ന് പതുക്കെ എഴുന്നേറ്റു. മേശപ്പുറത്തെ മദ്യക്കുപ്പി പകുതിയിലേറെ കാലിയായിരുന്നു. ടെലിവിഷനിൽ നേരിയ ശബ്ദത്തിൽ ഒരു പഴയ പാട്ട് നീങ്ങിക്കൊണ്ടിരുന്നു.
അനുപമ ഒന്നും പറയാതെ മേശപ്പുറത്ത് ഒരു കവർ വെച്ചു.
സന്ദീപ് അത് തുറന്നു നോക്കി.
കുറച്ചുനേരം അയാളുടെ കണ്ണുകൾ ആ കടലാസിൽ തന്നെ നിന്നു.
“എന്താണിത്?”
“മോചനപത്രം.”
അയാൾ പരിഹാസത്തോടെ ചിരിച്ചു.
“നീ എന്നെ വിട്ടുപോകുമെന്നോ?”
“അതെ.”
“എവിടേക്ക്?”
അനുപമ മറുപടി പറഞ്ഞില്ല.
സന്ദീപ് അവളെ സൂക്ഷിച്ചുനോക്കി. പെട്ടെന്ന് എന്തോ ഓർത്തെടുത്തതുപോലെ അയാളുടെ മുഖത്ത് ഒരു പരിഹാസപുഞ്ചിരി തെളിഞ്ഞു.
“ഓഹ്…” അയാൾ പതുക്കെ ചിരിച്ചു കൊണ്ട് തുടർന്നു.
“നിനക്കിപ്പോൾ അവളാണല്ലോ എല്ലാം.”
അനുപമയുടെ കണ്ണുകളിൽ ഒരു നിമിഷം മിന്നൽ പാഞ്ഞു.
“ആര്?”
“മീര.”
മുറിയിലെ നിശ്ശബ്ദത പെട്ടെന്ന് കനത്തു.
“പകൽ മുഴുവൻ അവളുടെ കൂടെ. നിന്റെ പ്രശ്നങ്ങൾ അവളോട്. നിന്റെ ജീവിതം അവളോട്. ഇപ്പോൾ എന്നെ വിട്ടുപോകാനും അവളുടെ കൈപിടിച്ചാണോ?”
അനുപമ അയാളെ നോക്കി നിന്നു.
സന്ദീപിന്റെ ശബ്ദത്തിൽ ഇപ്പോൾ പരിഹാസത്തേക്കാൾ വിഷമുണ്ടായിരുന്നു.
“നിങ്ങൾ തമ്മിൽ എന്താണ് നടക്കുന്നത്, അനു?”
അവൾ മിണ്ടിയില്ല.
“ഞാൻ ചോദിച്ചതാണ്.”
“നിനക്ക് എന്താണ് കേൾക്കേണ്ടത്?”
“സത്യം.”
അനുപമ പതുക്കെ ചിരിച്ചു.
“സത്യം?”
അവൾ മേശപ്പുറത്തിരുന്ന മോചനപത്രത്തിലേക്ക് നോക്കി.
“സ്വന്തം പരാജയത്തിന് ഒരു സ്ത്രീയെ കുറ്റപ്പെടുത്താൻ കഴിയുന്ന മനുഷ്യന് മറ്റൊരാളുടെ സൗഹൃദത്തിൽ പോലും അപവാദം മാത്രമേ കാണാൻ കഴിയൂ.”
സന്ദീപ് മിണ്ടാതായി.
അനുപമ തുടർന്നു:
“മീര എന്റെ ജീവിതത്തിലേക്ക് വന്നത് എന്നെ നിന്നിൽ നിന്ന് അകറ്റാനല്ല, എന്നിൽ നിന്ന് ഞാൻ അകന്നുപോയത് തിരിച്ചറിയാൻ വേണ്ടിയാണ്.”
അവൾ ഒരു നിമിഷം നിശ്ശബ്ദയായി.
“നിനക്ക് അത് മനസ്സിലാകില്ല, സന്ദീപ്. കാരണം നീ ഒരിക്കലും എന്നെ ഒരു മനുഷ്യയായി കണ്ടിട്ടില്ല. ആദ്യം ഭാര്യയായി. പിന്നെ ഒരു പരാജയത്തിന്റെ കാരണമായി. ഇപ്പോൾ നിന്റെ സംശയങ്ങൾക്ക് ഒരു ശരീരമായി.”
സന്ദീപിന്റെ മുഖം മുറുകി.
“അപ്പോൾ മീര?”
അനുപമ വാതിലിനരികിലേക്ക് നടന്നു.
തിരിഞ്ഞുനോക്കാതെ അവൾ പറഞ്ഞു:
“അവൾ എന്നെ സ്വന്തമാക്കാൻ വന്നതല്ല.
എനിക്ക് എന്നെ തന്നെ തിരിച്ചെടുക്കാൻ സഹായിക്കാനാണ് വന്നത്.”
അവൾ വാതിൽ തുറന്നു.
പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു.
“പിന്നെ ഒരു കാര്യം കൂടി, സന്ദീപ്…”
അവൾ തിരിഞ്ഞുനിന്നു.
“ഒരു സ്ത്രീയുടെ സൗഹൃദത്തെ നിന്റെ സംശയത്തിന്റെ ഭാഷയിൽ അളക്കേണ്ട. നിനക്ക് മനസ്സിലാകാത്ത ഒരു ബന്ധത്തിന് പേരിടാനുള്ള അവകാശം നിനക്കില്ല.”
വാതിൽ അടഞ്ഞു.
മുറിയിൽ സന്ദീപ് മാത്രം.
മേശപ്പുറത്ത് തുറന്നുകിടന്ന മോചനപത്രത്തിനുമുകളിൽ ജനൽച്ചില്ലിലൂടെ വന്ന വെളിച്ചം വിറച്ചുകൊണ്ടിരുന്നു.
ഒരിക്കൽ പ്രണയമൊഴുകിയിരുന്ന അവർക്കിടയിൽ സ്ഥായിയായ ഒരു നീണ്ട മൗനം മാത്രം അവശേഷിപ്പിച്ച് കൊണ്ട് അനുപമ മഴയിലേക്കിറങ്ങിയപ്പോൾ അവളുടെ മനോമുകുരത്തിൻ്റെ താളുകൾക്കുള്ളിൽ
“കണ്ണാടിക്കുള്ളിൽ ഒരിക്കൽ
സ്വയം നഷ്ടപ്പെട്ട ഞാൻ താമസിച്ചിരുന്നു.
ഒരു ദിവസം അവൾ വാതിൽ തുറന്നു—
പുറത്തേക്കല്ല, എന്നിലേക്കായിരുന്നു.
അന്ന് മരിച്ചത് ഞാൻ ആയിരുന്നില്ല;
എന്നിൽ ജീവിച്ചിരുന്ന മറ്റൊരാളായിരുന്നു.”
എന്ന് വെറുതെ കുറിച്ചിടാൻ ശ്രമിച്ചു…
അപ്പോൾ വാതിൽക്കൽ നിന്നിരുന്ന അവളുടെ പഴയ നിഴലിനെ മഴ പതുക്കെ മായ്ച്ചുകൊണ്ടിരുന്നു.
തൃശ്ശൂർ ജില്ലയിലെ കൊച്ചനൂർ സ്വദേശിയാണ്. അബുദാബിയിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു. സൈബർ മീഡിയകളിലും ആനുകാലികങ്ങളിലും ചെറുകഥകൾ എഴുതുന്നു. ഒറ്റക്കാള (പെൻഡുലം ബുക്സ്) , നാലോറപുരാണം (ബാഷോ ബുക്സ് ) എന്നീ കഥാ സമാഹരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്നാമത്തെ കഥാസമാഹാരം ഒപ്പാരി സാഹിതീപബ്ലിക്കേഷൻ താമസിയാതെ പുറത്തിറക്കുന്നു. സാഹിതി റൈറ്റേഴ്സ് പുരസ്കാരം, പാറ്റ് ടാഗോർ പുരസ്കാരം, യു.എഫ്.കെ അസ്മോ പുത്തൻച്ചിറ പുരസ്കാരം, ദോഹ കോറസ് സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്..


















