ഒരു കാലത്ത് ഇടുക്കിയിലെ മാമലകളിൽ നാലാള് വട്ടം പിടിച്ചാൽ എത്താത്ത വണ്ണമുള്ളതും, ആകാശം മറയ്ക്കുന്നതും ആയ വന്മരങ്ങൾ ഉണ്ടായിരുന്നു. ആ ഹരിതകുടയെ ഭേദിക്കുവാൻ സൂര്യകിരണങ്ങൾക്ക് കഴിഞ്ഞില്ല. എന്നാൽ ആംങ്കൂർ റാവുത്തർ കൂപ്പ് ഇറക്കിയതോടെ ആകാശം തുറക്കപ്പെട്ടു. നിത്യ ഹരിതാഭമായിരുന്ന കുന്നുകളുടെ മാറിടം വെയിലേറ്റ് കരുവാളിച്ചതോടെ കാട്ടുമൃഗങ്ങൾ വിശന്നു വലഞ്ഞു.
അന്ന് നാട്ടിലെ മനുഷ്യരും പട്ടിണിയിലായിരുന്നു. രണ്ടാംലോക മഹായുദ്ധത്തെ തുടർന്നുള്ള ക്ഷാമത്തിൽ അരിവില മാനംമുട്ടെ ഉയർന്നിരുന്നു. അതോടെ മിക്കവാറും വീടുകളിൽ കഞ്ഞിവെള്ളത്തിനു പകരം കപ്പത്തൊലി തിളപ്പിച്ചത് കുടിച്ചാണ് പശിയടക്കിയിരുന്നത്. കപ്പവെള്ളം കുടിച്ച് കുട്ടികൾ മയങ്ങിവീണു. അങ്ങനെയാണ് റാവുത്തർ മരംവെട്ടിയ സ്ഥലങ്ങളിൽ ഭക്ഷ്യധാന്യങ്ങൾ കൃഷിചെയ്യാൻ സർക്കാർ അനുമതി നൽകുന്നത്. കാട്ടിലെ വിളവുകൊണ്ട് നാടിൻ്റെ പള്ളനിറയ്ക്കാമെന്ന് സർക്കാർ വിചാരിച്ചു.
സർക്കാരിൻ്റെ കണക്കുകൂട്ടൽ തെറ്റിയില്ല.ഏകദേശം ആറു മാസങ്ങൾ കഴിഞ്ഞപ്പോൾ കാഞ്ഞിരപ്പള്ളിയിലെ ചന്തയിൽ കിഴക്കുനിന്നുള്ള പത്തിരുപതു കാളവണ്ടികൾ വന്നു നിന്നു. മലപോലെ നെല്ലും കപ്പയും കയറ്റിയ കാഴ്ച കാണാൻ ചന്തകൂടാൻ വന്നവർ ഓടിക്കൂടി. ചരക്കു ഇറക്കുന്നതിനിടയിൽ വണ്ടിക്കാർ കാപ്പിക്കടയുടെ മുൻപിലെ ചെളിപിടിച്ച ബെഞ്ചിലിരുന്നു. കാപ്പിയെടുക്കുമ്പോൾ ഒരാൾ ഉപ്പുതറയിലെങ്ങാണ്ട് വിളഞ്ഞ ഒരു ഭീമൻകപ്പയുടെ കഥ പറഞ്ഞു. കടക്കാരൻ ആ കഥക്ക് കുറച്ചു പൊടിപ്പും തൊങ്ങലും ചാർത്തി ആവർത്തിച്ചു.ആ കഥ കേട്ടു മീനച്ചിൽ താലൂക്കിലെ പാവങ്ങൾ ഉള്ളതെല്ലാം കെട്ടിപ്പെറുക്കി കിഴക്കോട്ട് നടന്നു. ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത മനുഷ്യരെ ആ കഥ വശികരിച്ചിരിക്കണം.
അവർ നടന്ന് അന്നത്തെ ഹൈറേഞ്ചിൻ്റെ പ്രവേശനകവാടമായ അയ്യപ്പൻകോവിൽ എന്ന ‘സിറ്റി’യിൽ എത്തിയിരിക്കണം. ഇടുക്കിയിൽ സിറ്റി എന്നു പറഞ്ഞാൽ അന്നും ഇന്നും അഞ്ചാറ് ചായക്കടകളും നാലഞ്ച് പലചരക്ക് കടകളും മൂന്നാല് മീൻ – ഇറച്ചി കടകളും വഴിയോര ചന്തയും അടങ്ങുന്ന സാമാന്യം വലിയ ഒരു കവലയാണ്. പക്ഷേ, ആ മനുഷ്യർക്ക് ആ പ്രദേശത്തെങ്ങും കൃഷിചെയ്യാൻ ഒരു തുണ്ട് ഭൂമി പോലും ലഭിച്ചില്ല. ഭൂമിയെല്ലാം അലോട്ട്മെൻ്റ് കൊടുത്തവർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുകയായിരുന്നല്ലോ സർക്കാർ. എങ്കിലും അവർ മടങ്ങിപോയില്ല. നാട്ടിൽ ചെന്നിട്ട് എന്തെടുക്കാനാണ്? കാലുവെന്ത നായ്ക്കളെ പോലെ അവർ അലഞ്ഞുനടന്നു.പക്ഷേ,ഒരു കപ്പക്ക് ഉടലെടുക്കാനുള്ള മണ്ണുപോലും കിട്ടിയില്ല.
ഇടുക്കിയിൽ പിന്നെയും കൂപ്പിറക്കികൊണ്ടിരുന്നു. മരങ്ങൾ വെട്ടിയ മണ്ണ് അവർ തെളിച്ചെടുത്തു. പക്ഷേ, അവിടെ നെല്ല് വിതയ്ക്കാൻ ഫോറസ്റ്റുകാർ സമ്മതിച്ചില്ല. അവർ നിരാശരായി. കുറച്ചു പേർ നാട്ടിലേക്ക് മടങ്ങി. ശേഷിച്ചവർ ഫോറസ്റ്റ്കാരുടെ ശല്യമില്ലാത്ത ഭൂമിതേടി നടന്നു. ഉപ്പുകണ്ടത്തിനപ്പുറത്ത് കുറെ തെളിഞ്ഞ ഭൂമിയുണ്ടെന്ന് ഒരു കാളവണ്ടിക്കാരൻ പറഞ്ഞ് കേട്ടു. അവർ നടന്നു.
ചില്ലികൊമ്പൻ്റെ ശല്യം കാരണം ചക്കകാനത്ത് കൃഷി സാധ്യമായിരുന്നില്ല. ആളുകൾ പിൻമാറി. അഞ്ചാറുമാസം കൊണ്ട് മരക്കുറ്റികളിൽ നിന്ന് ഒരാൾ പൊക്കത്തിൽ കിളിപ്പുകൾ ഉയർന്നിരുന്നു. അവയെ കാട്ടുവള്ളികൾ മലമ്പാമ്പിനെ പോലെ ചുറ്റിവരിഞ്ഞിരുന്നു.. അതെല്ലാം വെട്ടിമാറ്റുക അത്ര എളുപ്പമായിരുന്നില്ല. എങ്കിലും സാഹസികരായ ആ മനുഷ്യരുടെ ആവേശക്കൊടുങ്കാറ്റിനു മുമ്പിൽ എല്ലാ പടർപ്പും മഞ്ഞ് പോലെ അപ്രത്യക്ഷമായി.
വെട്ടിത്തെളിച്ച ഉഴവിൽ അവർ നടപ്പുവഴി പോലെയുള്ള നീണ്ട ഏരികൾ എടുത്തു. കപ്പ കൂമ്പൽ എടുക്കുമ്പോൾ ആ മനുഷ്യരുടെ മുഖം ഇലവിൻ പൂവ് പോലെ ചുവന്നിരുന്നു. അലോട്ട്മെൻട് ഭൂമിയിൽ നിന്നും കൊണ്ടുവന്ന കപ്പത്തണ്ടുകളാണ് മുറിച്ച് നട്ടത്. പക്ഷേ,കപ്പയുടെ മണം പിടിച്ച് ആനയും പന്നിയും വന്നപ്പോൾ അവർക്ക് ഉറക്കം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. സ്വപ്നങ്ങളും നാട്ടുകഥകളും പറഞ്ഞ് അവർ രാത്രികൾ വെളുപ്പിച്ചു. നീണ്ട കാത്തിരിപ്പിനൊടുവിൽ കപ്പച്ചെടികൾ വളർന്നു. ഗദ പോലെയുള്ള ഒരു കിഴങ്ങ് മാന്തിയെടുത്തപ്പോൾ തൊമ്മച്ചൻ തൻ്റെ കഷ്ടപ്പാടുകളെല്ലാം മറന്നു. അയാൾ ഭാര്യയോട് പറഞ്ഞു.
“ചത്താലും ശരി ജീവിച്ചാലും ശരി ഇനി നാട്ടിലെ പട്ടിണിയിലേക്കില്ല.”
പിന്നെയും മനുഷ്യർ ഹൈറേഞ്ചിലേക്ക് വന്നുകൊണ്ടിരുന്നു. കൃഷി ചെയ്യാനായി കാടുകൾ വെട്ടി തീയിട്ടു. അതേസമയം ആന മുതൽ കാട്ടാട് വരെയുള്ള ആയിരക്കണക്കിന് ജന്തുക്കൾക്ക് സ്തന്യം പകർന്നിരുന്നത് ആ കൊടുങ്കാടുകളായിരുന്നു. കൂപ്പ് വെട്ടിയതോടെ അവയെല്ലാം കൊടും പട്ടിണിയിലായി. കാട്ടുമൃഗങ്ങൾ നിലവിളിച്ചു. ഫോറസ്റ്റുകാർ അത് കേട്ടില്ലെന്ന് ഭാവിച്ചു. പക്ഷേ, സ്ഥലംമാറി വന്ന ഒരു റെയിഞ്ചർ കേട്ടു. അയാൾക്ക് ആ സാധുമൃഗങ്ങളോട് ദയ തോന്നിയിരുന്നു. നിത്യഹരിതമായ കാടുകൾ നശിച്ചതാണ് മൃഗങ്ങളൂടെ സ്വൈര്യക്കേടിനു നിദാനമെന്ന് മനസ്സിലായി. പിന്നെ അമാന്തിച്ചില്ല, ഗാർഡുമാരുടെ ഒളിച്ചുകളി അവസാനിപ്പിക്കാൻ. വനഭൂമി കയ്യേറിയവർക്ക് എല്ലാം നിയമപ്രകാരമുള്ള നോട്ടീസ് കൊടുത്തു.
ചക്കകാനത്തെ കൃഷിക്കാർ ദു:ഖിതരായി. അതുകണ്ട് പാർട്ടിക്കാർ അയ്യപ്പൻകോവിലിൽ പോയി റെയിഞ്ചറെ കണ്ടു.
“പാവങ്ങളാണേ സാറേ ..”
റെയിഞ്ചർ പറഞ്ഞു.
“വനഭൂമി കയ്യേറിയവരുടെ കാര്യമാണെങ്കിൽ ഒരു വീട്ടുവീഴ്ചയും എൻ്റെ പക്കൽനിന്ന് പ്രതീക്ഷക്കേണ്ട “.
അവർ ചിരിച്ചു. നേതാവിൻ്റെ കക്ഷത്തിൽ ഒരു പൊതി കരുതിയിട്ടുണ്ടായിരുന്നു. കയ്യേറ്റക്കാരിൽ നിന്നും പിരിച്ച അഞ്ചും പത്തും ഇരുപത്തഞ്ചും പൈസകൾ. ഒട്ടിപ്പിടിച്ചിരുന്ന ആ നാണയത്തുട്ടുകൾ കണ്ടപ്പോൾ രാമൻകുട്ടിനായരുടെ കണ്ണുകൾ മഞ്ഞളിച്ചില്ല.
“സോറി, കാട് എനിക്ക് അമ്മയെപ്പോലെയാണ് “
അവർ അത്ഭുതപ്പെട്ടു.
കാടിനെക്കുറിച്ചുള്ള തീക്ഷ്ണവികാരം നിമിത്തം റെയിഞ്ചർ ഒരു കാട്ടാനയായി. ചക്കകാനത്തിലെ ഉഴവിൽ നട്ടിരുന്ന കപ്പയും കാച്ചിലും വാഴയും എല്ലാം പിഴുതെടുത്ത് ദൂരെയെറിയുമ്പോൾ അയാളുടെ ഉള്ളിൽ ഒരു ചില്ലിക്കൊമ്പൻ ചിന്നം വിളിച്ചിരുന്നു. ഒന്നു തലചായ്ക്കാനായി കുടിയേറ്റക്കാർ കുന്നിൻചെരിവുകളിൽ ഏറുമാടങ്ങളും പുല്ലുമേഞ്ഞ കുടിലുകലും തീർത്തിരുന്നു. ഒറ്റത്തള്ളിന് അവയെ തട്ടിമറിക്കുമ്പോൾ അയാളുടെ കണ്ണുകൾ പാത്തിക്കാലനെ പോലെ തിളങ്ങിയിരുന്നു. രാത്രിയിലെ അസ്ഥി തുളക്കുന്ന കാറ്റിൽ നിന്ന് രക്ഷപ്പെടാൻ സ്ത്രീകൾ അരിച്ചാക്കുകളെ അഭയം പ്രാപിച്ചു
ചക്കകാനത്തെ കുടിയേറ്റക്കാർ നിരാശരായില്ല. അവർ ഒരിക്കൽകൂടി കുഴികുത്തി തൂണുകൾ കല്ലും മണ്ണുമിട്ടുറപ്പിച്ചു. പിന്നെ കാട്ടുകമ്പുകൾ വെച്ചുകെട്ടി പുല്ലുമേഞ്ഞു. പക്ഷേ, അവർക്ക് ആനവയൻ ഷെഡുകളിൽ ഏറെ കാലം കിടക്കാനായില്ല. കാരണം കയ്യേറ്റഭൂമിയിലെ വീടുകൾക്കും
വിളകൾക്കും മണ്ണെണ്ണയൊഴിച്ച് തീവെക്കാൻ റെയിഞ്ചർ ഉത്തരവിട്ടിരുന്നു..
ഒരു ദിവസം മലഞ്ചെരിവുകളിലെ കുടിലുകൾ ബലിപീഠങ്ങളായി. താഴ് വരയിലെ ധാന്യബലികളിൽ നിന്ന് അഗ്നിയും പുകയും ആകാശത്തേക്ക് ഉയർന്നു. തൊമ്മച്ചൻ്റെ വീടും ചാരമായിരുന്നു. ഒരു പിടി ചാരം കയ്യിലെടുത്ത് അയാൾ ഉറക്കെ നിലവിളിച്ചു.
“എൻ്റെ ദൈവമേ, എൻ്റെ ദൈവമേ, എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു … “
ഭാര്യ മേരിയുടെ കഴുത്തിൽ കരിപുരണ്ട ഒരു ജപമാല കിടന്നിരുന്നു. ആ മാലയൂരി മുത്തുമണികളിൽ തെരുപ്പിടിച്ചപ്പോൾ അവളുടെ കണ്ണുകളിൽ നിന്ന് ദു:ഖത്തിൻ്റെ രഹസ്യം കരകവിഞ്ഞൊഴുകി. ഗദ്സേമൻ തോട്ടത്തിലെ ചോരവിയർത്തത് ചൊല്ലിയപ്പോൾ അവൾ വ്യാകുലമേരിയും ആയി. നയനങ്ങളിൽ പൊടിഞ്ഞ കണ്ണുനീരിൽ ചുടുരക്തം കലർന്നിരുന്നു.
ആ വേനലിൽ അവർ പാറപ്പുറത്ത് കിടന്നു. തൊമ്മച്ചനും ഭാര്യയും ഒരു മരച്ചുവട്ടിലും.കപ്പയും കാച്ചിലും നട്ട ഉഴവിൽ കാടും പടലും കിളിർത്തിരുന്നു. വാശിയോടെ അവയെല്ലാം തഴച്ചുവളർന്നു. കാടിൻ്റെ മധുരപ്രതികാരം! അയാൾക്ക് ഉറക്കം വന്നില്ല. മേരി ഗർഭിണിയാണ്. പട്ടിണിയും പരിവട്ടവും കൊണ്ട് ആ മുഖം വെള്ളകൂമ്പാള പോലെ വിളറിയിരുന്നു. പിന്നെ അയാൾ അമാന്തിച്ചില്ല ഒരിക്കൽ കൂടി കാടും പടലും വെട്ടിതെളിക്കാൻ.. പുതുമഴ പെയ്തപ്പോൾ അയാൾ ഉഴവിൽ വിത്തെറിഞ്ഞു.
ചക്കകാനം താഴ് വര ഒരു കടലായി. കിഴക്കൻകാറ്റിൽ ഉയർന്ന പച്ചത്തിരകൾ കണ്ട് മേരി സങ്കടങ്ങൾ മറന്നു. നെൽചെടികൾ പൊൻകതിരിട്ടപ്പോൾ ഒരിക്കൽ കൂടി അവളുടെ പ്രതീക്ഷകൾക്ക് പൊൻനിറം വെച്ചു. പക്ഷേ, ഫോറസ്റ്റുകാരുടെ വരവോടെ ആ പ്രതീക്ഷകൾ കരിഞ്ഞ് ചാമ്പലായി. തീയിടാൻ വന്ന ഫോറസ്റ്റുകാർക്കെതിരെ ചിലർ വാക്കത്തിയും തൂമ്പായും ഉയർത്തി. തൊമ്മച്ചനും ഒരു വാക്കത്തി എടുത്തിരുന്നു. കുടിയേറ്റക്കാരുടെ രോഷം കണ്ട് ഫോറസ്റ്റുകാർ പിൻവാങ്ങി.
കയ്യേറ്റക്കാരുടെ ഭീഷണി നേരിടാൻ റെയിഞ്ചർ പോലീസുകാരെ ചട്ടം കെട്ടി. അതു കേട്ട് ആണുങ്ങളെല്ലാം ആനക്കാട്ടിൽ കയറിയൊളിച്ചു. പെണ്ണുങ്ങളാകട്ടെ അടുത്തുള്ള ഒരു പള്ളിയിൽ അഭയം തേടിയിരുന്നു. ചാണകം മെഴുകിയ പള്ളിയുടെ തറയിൽ മുട്ടുകുത്തി ദു:ഖത്തിൻ്റെ രഹസ്യം ചൊല്ലാൻ തുടങ്ങി. പക്ഷേ,ആ പ്രാർത്ഥന ആകാശത്തിൽ എത്തിയില്ല. ഫോറസ്റ്റുകാർ സർവ്വതും നശിപ്പിച്ചു. കരിമ്പിൻകാട്ടിൽ കയറിയ ആനക്കൂട്ടത്തെപ്പോലെ താഴ് വരയിലെ കൃഷിയിടങ്ങൾ ഓരോന്നായി ചവുട്ടി മെതിച്ചു. കുടിലുകൾക്ക് തീവെക്കാനും റെയിഞ്ചർ ഉത്തരവിട്ടിരുന്നു.
ഫോറസ്റ്റുകാർ ഒരു കുടിലിൻ്റെ മുറ്റത്ത് എത്തി. ടിന്ന് തുറന്ന് ഗാർഡ് കുറെ മണ്ണെണ്ണ മേച്ചിൽ പുല്ലിലേക്ക് ഒഴിച്ചു. റെയിഞ്ചർ തീപ്പെട്ടിക്കൊള്ളിയുരച്ചു. പക്ഷേ, മലമുകളിൽ നിന്ന് വീശിയ കാറ്റിൽ തീ കെട്ടുപോയി. അയാൾ കാത്തു. കുടിലിൻ്റെ അകത്ത് നിന്ന് ഒരു ശബ്ദം കേട്ടു. ധൈര്യം സംഭരിച്ച് റെയിഞ്ചർ ആ കുടിലിൻ്റെ അകത്തേക്കു കയറി.
കുടിലിൻ്റെ മൂലക്ക് ഗർഭിണിയായ മേരി കിടന്നിരുന്നു. അവൾക്ക് പള്ളിയിലേക്ക് നടക്കാൻ കഴിഞ്ഞില്ല. കാരണം അവൾക്ക് മാസം തികഞ്ഞിരുന്നു. വരുന്നത് വരട്ടെയെന്നു വിചാരിച്ചു കുടിലിൽ തന്നെ കിടന്നു. നേരം കഴിഞ്ഞപ്പോൾ അവൾക്കു പ്രസവ വേദനയാരംഭിച്ചു.
പ്രസവവേദനയുടെ വേലിയേറ്റത്തിൽ അവൾ കേണു കൊണ്ടിരുന്നു.
“വെള്ളം “
ആ വിളി കേട്ടപ്പോൾ റേഞ്ചർക്ക് അമ്മയെ ഓർമ്മവന്നു. അയാൾ രാമൻകുട്ടിയായി. ഒരു പാത്രം വെള്ളം കോരിക്കൊണ്ടുവന്നു ആ വിളറിയ ചുണ്ടുകളിലേക്ക് ഇറ്റിച്ചുകൊടുത്തു.
മേരി കണ്ണുതുറന്നു. റെയ്ഞ്ചറെ കണ്ട് അവൾ കരം കൂപ്പി. അയാൾ നിശ്ചലനായി. അപ്പോഴെക്കും ഗാർഡു പോയി ഒരു പ്രായം ചെന്ന സ്ത്രീയെ വിളിച്ചുകൊണ്ടു വന്നിരുന്നു. അയാൾ പുറത്തിറങ്ങി. അല്പനേരം കഴിഞ്ഞപ്പോൾ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടു. റെയ്ഞ്ചർ പറഞ്ഞു.
“നമുക്ക് പോകാം. “
പോലീസുകാർ അത്ഭുതപ്പെട്ടു. കുടിയിറക്ക് മതിയാക്കാൻ ഉത്തരവിട്ടതിൽ ഗാർഡുമാരും അമ്പരന്നിരുന്നു. അവർ മടങ്ങി. എന്തായാലും പിന്നീട് കുടിയിറക്കാൻ റെയ്ഞ്ചർ മടിച്ചു. ചക്കകാനംകാരുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
കവർ: ജ്യോതിസ് പരവൂർ