കോവിഡ് മൂലം നടപ്പു പാദത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ എൺപതിനായിരം കോടി രൂപയുടെ കമ്മിയാണ് വിലയിരുത്തുന്നതെന്ന ധനകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, ചാനൽ ചർച്ചയ്ക്കെത്തിയ ആസൂത്രണ ബോർഡംഗങ്ങൾ മേഖല തിരിച്ച് നഷ്ടത്തിന്റെ കണക്ക് നിരത്താൻ തുടങ്ങിയപ്പോഴാണ്, ചുവരിലെ ക്ളോക്കിൽ സമയം പതിനൊന്നടിച്ചത്. കാർഷിക മേഖലയിൽ 1500 കോടിരൂപ, ടൂറിസം മേഖലയ്ക്ക് ഇരുപതിനായിരം കോടി രൂപ, റെസ്റ്റോറന്റിന് ഇത്ര,സ്വയം തൊഴിൽ സംരംഭകർക്ക് ഇത്ര, കൺസ്ട്രക്ഷൻ, വ്യാപാരം, ഗതാഗതം എന്നിങ്ങനെ ആ പട്ടിക നീണ്ടു പോയപ്പോൾ ഹരിഹരവർമ്മയുടെ കണ്ണുകളിൽ ഉറക്കം ഊടും പാവും നെയ്യാൻ തുടങ്ങിയിരുന്നു. പ്ലാനിങ്ങ്ബോർഡിലെ ഇരുപത്തിയെട്ട് വർഷത്തെ, സേവനത്തിനിടെ കേട്ട് വിരസമായ കണക്കുകൾ തന്നെ തലങ്ങും വിലങ്ങും. മടുപ്പിന്റെ അധിനിവേശത്തെ ചെറുക്ക വയ്യാതായപ്പോൾ, മേശപ്പുറത്തിരുന്ന ജഗ്ഗിൽ നിന്ന് ഒരുഗ്ലാസ്സ് വെള്ളം പകർത്തിക്കുടിച്ചുകൊണ്ട് അയാൾ ടി വി ഓഫ് ചെയ്തു.
കോവിഡിന് ശേഷമുള്ള ലോകത്തെപ്പറ്റി നാളെ പങ്കെടുക്കാനുള്ള സൂം മീറ്റിങ്ങിൽ പറയേണ്ട കാര്യങ്ങളെപ്പറ്റി അയാൾ ആലോചനയിലാണ്ടു. മഹാമാരി വരുത്തി വച്ച ശൂന്യതയിൽ നിന്ന് ലോകം മുക്തമാകാൻ വർഷങ്ങൾ തന്നെയെടുത്തേക്കാം. ദൃഷ്ടിഗോചരമല്ലാത്ത ഒരു ജീവിയിലൂടെ കാലം അതിന്റെ പ്രതിപ്രവർത്തനം നടത്തുന്നു എന്നു വേണം കരുതാൻ.
വീട്ടിലെ മറ്റെല്ലാ അംഗങ്ങളും ഉറങ്ങിയ ശേഷവും ഹരിഹരവർമ്മ ചിന്തകളുടെ ലോകത്ത് കൂടി ഊന്നുവടി കുത്തി നടന്നു. മാസങ്ങൾ നീണ്ട ലോക്ക് ഡൗണിൽ, രൂപക്കൂട്ടിലെ വിശുദ്ധ രൂപങ്ങൾ പോലെ, വീടിന്റെ നാലു ചുവരുകൾക്കിടയിൽ ബന്ധിതരായിപ്പോയ മനുഷ്യ ജീവികൾ.അവശ്യസാധനങ്ങളൊക്കെ ശേഖരിച്ചു വച്ചിട്ടുള്ളതിനാൽ ഉണ്ണുക ഉറങ്ങുക മോദസ്ഥിതരായിരിക്കുക എന്നതിൽ കവിഞ്ഞ് മനുഷ്യർക്ക് മറ്റൊരു പണിയുമില്ല. കേവലമൊരു വൈറസിനെ പേടിച്ച്, മാളങ്ങളിലൊളിക്കേണ്ടി വന്ന മനുഷ്യരാശിയുടെ ഗതികേട്, ചരിത്രം ഏത് വിധത്തിലാവും രേഖപ്പെടുത്തുക എ ന്നോർത്ത് വർമ്മ നെടുവീർപ്പിട്ടു.
കുറച്ചു ദിവസമായി പുറം ലോകത്തെ പ്രകൃതിയിലേക്കൊന്ന് ഇറങ്ങിയിട്ട്.ഇനിയും അധിക കാലം ഈ അടച്ചിരിപ്പ് ശരിയാവില്ല.
പ്രഭാതത്തിന്റെ ആദ്യകിരണം ഭൂമിയിൽ പതിച്ചപ്പോൾത്തന്നെ ഹരിഹരവർമ്മ തന്റെ പഴയ ദിനചര്യ പ്രകാരം കുളിച്ച്, നെറ്റിയിൽ നനവുള്ള ചന്ദനക്കുറിയും വരച്ച്,വലത്തേ കയ്യിൽ ഉടുമുണ്ടിന്റെ കോന്തല ഉയർത്തിപ്പിടിച്ച് ഗേറ്റ് കടന്ന് പുറത്തിറങ്ങി.
“നിങ്ങളിതെന്തിന്റെ പുറപ്പാടാണ് മനുഷ്യാ!”
ഉറക്കത്തിൽ നിന്ന് കണ്ണും തിരുമ്മി, പിന്നാലെ ഒച്ചയിട്ട ഭാര്യയ്ക്ക് മുഖം കൊടുക്കാതെ, അയാൾ ഒരു കിലോമീറ്റർ അകലെയുള്ള അമ്പലം ലക്ഷ്യമാക്കി നടന്നു. കണ്ണുകൾക്ക് വിശ്വസിക്കാനാവാത്ത വിധം പ്രകൃതി രജസ്വലയായ ഒരു കന്യകയുടെ മാദകത്വത്തോടെ പച്ച വിരിച്ച് നിൽക്കുന്നു.മരത്തലപ്പുകളിൽ പുലരിക്കിളികൾ മൽസരിച്ച് പാടുന്നു. ടാറിട്ട വഴികൾക്കൊക്കെ കറുപ്പിന്റെ മിഴിവ്. നേരം പുലരുന്നതേയുള്ളു, പ്രധാനനിരത്തിലൂടെ നായ്ക്കളും പൂച്ചകളും കോഴികളുമൊക്കെ മിണ്ടീം പറഞ്ഞും നടക്കുന്നു. തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും പൂർണമായ ഇടങ്ങളിലേക്ക് ശത്രുവായ മനുഷ്യരുടെ കടന്നു കയറ്റം അവറ്റകൾ ഇഷ്ടപ്പെടുന്നില്ലായെന്ന് ആ നോട്ടം കണ്ടാലറിയാം. തങ്കപ്പൻമേസ്തിരിയുടെ വീടിന്റെ മതിൽക്കെട്ടിനുമേൽ കയറി നിന്ന് കഴുത്തു നീണ്ട ഒരു താമ്രചൂഢം, അരുണാഭമായ പ്രഭാതത്തിന് ആശംസകളർപ്പിച്ചുകൊണ്ട് നീട്ടിക്കൂവി. ഉദിച്ചു വരുന്നേയുള്ളുവെങ്കിലും സൂര്യപ്രകാശത്തിന് വല്ലാത്തൊരു തെളിമയുണ്ടെന്ന് വർമ്മയ്ക്ക് തോന്നി.

കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോൾ, വഴിവക്കിലെ മാവിൻ ചോട്ടിലും പ്ളാവിൻ കൊമ്പിലുമൊക്കെ വിളഞ്ഞു പഴുത്ത പഴങ്ങളുടെ വിശുദ്ധഗന്ധം അയാളുടെ നാസാരന്ധ്രങ്ങളിൽ തുളച്ചു കയറി. അണ്ണാറക്കണ്ണന്മാരും പഴംതീനിക്കിളികളും അയാളെക്കണ്ടതും അടക്കം പറഞ്ഞ് ചിരിച്ചു. മാവിൻകൊമ്പത്തിരുന്ന ഒരു പാപ്പാത്തിക്കിളി പൊടുന്നനെ പാട്ട് നിർത്തി എന്തൊക്കെയോ പിറുപിറുത്തു. പ്രകൃതിയുടെ സുന്ദരമായ സ്വാതന്ത്ര്യത്തിന്റെ ഭാഗഭാക്കായി എത്രയെത്ര പക്ഷി കുടുംബങ്ങളാണ് കുറഞ്ഞ കാലം കൊണ്ട്, ഇക്കണ്ട മരങ്ങളിലൊക്കെ കൂട്കെട്ടിയിരിക്കുന്നതെന്ന് വർമ്മ അതിശയിച്ചു. കാലിൽ തടഞ്ഞ ഒരു പഴുത്ത മാങ്ങ എടുക്കാനായി കുനിഞ്ഞപ്പോഴാണ് പള്ളിപ്പെരുന്നാളിന് പ്രസുദേന്തി എഴുന്നള്ളുന്നത് പോലെ നിറശോഭയോടെ വിടർന്നു നിൽക്കുന്ന തൊട്ടാവാടിപ്പൂക്കളെ ശ്രദ്ധിച്ചത്. ഇലകൾ പോലും നിവർന്നു നിൽക്കാൻ അനുവദിക്കാതെ ചവിട്ടിമെതിച്ചിരുന്ന മനുഷ്യ പീഡന ങ്ങളൊക്കെ അവ മറന്നു പോയത് പോലെ.
പച്ച വിരിച്ച വയലിൽ വിളഞ്ഞു മുറ്റിയ കതിർക്കുലകൾക്കിടയിലൂടെ പുരോഹിതഭാവത്തിൽ വെളുത്ത ളോഹയിട്ട കൊക്കുകൾ കാറ്റിന്റെ കുമ്പസാരം കേൾക്കുന്നു. കണ്ടത്തിൽ മേയാനിറങ്ങിയ പശുക്കിടാരികൾ അയാളെ അപരിചിത ഭാവത്തിൽ തലയുയർത്തി നോക്കി.കുറേ തവളകളും ഒന്നുരണ്ട് നീർക്കോലികളും വരമ്പത്ത് കയറിയിരുന്ന് സെക്രട്ടറിയേറ്റ് പിക്കറ്റിങ്ങിനെന്നപോലെ മുദ്രാവാക്യം വിളിക്കുന്നു. അതു വഴി വന്ന ഒരു കീരിപ്പയ്യൻ പാമ്പ് പെണ്ണിന്റെ പ്രണയപല്ലവിക്ക് അനുപല്ലവി പാടുന്നു. എന്തൊരു പരമാനന്ദ ലഹരി. വാസ്തവത്തിൽ ഒടേതമ്പുരാൻ ആരേയും ശത്രുക്കളായി ഭൂമിയിലേക്ക് അയച്ചിട്ടില്ലെന്ന് വർമ്മ ചിന്തിച്ചു.
കൈത്തോട്ടിലെ കണ്ണാടിച്ചില്ലു പോലുള്ള ജലപ്പരപ്പിൽപരൽമീനുകൾ പുളച്ചു മറിയുന്നു. തഴച്ചു മുറ്റിയ കൈതോലപ്പടർപ്പിൽ നിന്ന് കൈതപ്പൂക്കളുടെ അസാധ്യഗന്ധം നുകർന്ന് എത്ര ഉൽസാഹത്തോടെയാണ് തോടങ്ങനെ വളഞ്ഞു പുളഞ്ഞൊഴുകുന്നത്. തോട്ടിലിറങ്ങി ഒന്നൂടെ കുളിച്ചാലോയെന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ്, പാട്ടു സീനിലെ എക്സ്ട്രാ നടിമാരെപ്പോലെ, ക്വാക്,ക്വക് എന്ന് പിന്നാമ്പുറം കുലുക്കി വന്ന താറാപ്പെണ്ണുങ്ങൾ ജലോപരിതലത്തിലേക്ക് അനായാസേന വഴുതിയിറങ്ങിയത്. തണുത്ത കാറ്റ് വയലേലകളെ തൊട്ട് നൃത്തം ചവിട്ടിച്ചു. കാറ്റത്തുലഞ്ഞ ഗൗരീഗാത്രത്തെങ്ങുകൾ അപ്സരസ്സുകളെപ്പോലെ അംഗവിക്ഷേപം നടത്തുന്നു. കുരുത്തോലകളുടെ ഹൃദ്യമായ മഞ്ഞ നിറം. പൊടുന്നനേ ആകാശക്കോണിലെവിടെയോ മേഘങ്ങൾ ഇണ ചേർന്ന മട്ടിൽ ചെറിയ ചാറ്റൽമഴത്തുള്ളികൾ ഭൂമിയിലേക്കിറ്റി. അതുവരെ, മൈക്കൾജാക്സനെപ്പോലെ മുന്നോട്ടും പിന്നോട്ടുമാഞ്ഞ്, വാട്ട് എബൗട്ട് സൺറൈസ് , വാട്ട് അബൗട്ട് റെയിൻ എന്ന് ഹിപ് ഹോപ്പ് കളിച്ച് നിന്ന ഒരു ചാരക്കുളക്കോഴി മഴ നനയാതെ ചേമ്പിലക്കാട്ടിലേക്ക് പതുങ്ങിക്കയറി.
ഭൂമിയുടെ തുറസ്സ്, ശീതവായുവിന്റെ ഹവിസ്സ്..മുഖത്തു വീണ മഴത്തുള്ളികൾക്കൊപ്പം അയാൾ ഭൂമിയുടെ മണം ആഞ്ഞു വലിച്ചു
പഞ്ഞമില്ലാത്ത പടിഞ്ഞാറൻ കാറ്റിൽ എത്ര അവകാശബോധത്തോടെയാണ് ഓരോ കാട്ടിലയും ഭൂമിയിലേക്ക് അടർന്നു വീഴുന്നതെന്ന് ഹരിഹരവർമ്മ അതിശയിച്ചു. പൊടുന്നനേ മഴ മാഞ്ഞു. തൊപ്പിപ്പാള വച്ച്, തലയും കുനിച്ച് വരുന്ന കുറുമ്പൻ പുലയനെപ്പോലെ ഒരു തൊപ്പിക്കാരൻ മരംകൊത്തി ആഞ്ഞിലിത്തടിയിലിരുന്ന് മരം മുട്ടുന്നു. അതിന്റെ കണ്ണുകളിലെ ഭാവം പ്രത്യാശയുടേതോ അതോ വൈവശ്യത്തിന്റേതോ എന്ന് അയാൾ സൂക്ഷിച്ചു നോക്കി. കിഴക്കൻ മലമേടുകളിൽ നിന്ന് ഒരു പക്ഷേ നാട് കാണാനിറങ്ങിയതാവും അത്.
തെക്കോട്ടുള്ള വളവിൽ, അച്ചുണ്ണ്യായരും രാഘവക്കൈമളുമൊക്കെ നാട്ടുവിശേഷം പറയാനിരിക്കുന്ന പീടികക്കോലായിലേക്ക് പാണൽ വള്ളികൾ പടർന്നു കയറിയിരിക്കുന്നു. റാക്ക് പാത്തുമ്മ ചാരായം വാറ്റിയിരുന്ന ചാവടിയും, , ബംഗാളികൾ ചീട്ട് മലർത്തിയിരുന്ന കുറ്റിക്കാടുമെല്ലാം പുല്ലും കാട്ടുവള്ളികളും കയ്യടക്കിയിരിക്കുന്നു. ദുൽഖർ സൽമാനെപ്പോലെ താടിയുള്ള സുമുഖനായ ഒരു കോലാട് കഴുത്തിലെ മണിയും കിലുക്കി, തന്റെ നൈസർഗ്ഗിക സൗന്ദര്യത്തിൽ മുഗ്ദ്ധനായി അയാളുടെ മുന്നിലൂടെ നടന്നു പോയി. അതുവരെ കാണാതിരുന്ന സമൃദ്ധമായ പച്ചപ്പ് കണ്ടിട്ടാവണം അതിന്റെ കണ്ണുകളിൽ അസാധാരണമായ ഒരു വിജയാഹ്ലാദം തിളങ്ങിക്കണ്ടത്.
മനുഷ്യലോകത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതിനെപ്പറ്റി പ്രകൃതിക്ക് ഒരു പിടിയും കാണില്ല. സമയത്തിന്റേയും കാലത്തിന്റേയും വൃത്തപരിധിക്കുള്ളിൽ ആധുനികമനുഷ്യന്റെ എല്ലാ ആകുലതകളേയും എന്നെന്നേക്കുമായി വീടിന്റെ ഞെരുക്കങ്ങളിലേക്ക് ത ളച്ചിടുമ്പോൾ,ദൈവം കരുതിയിട്ടുണ്ടാവും അവൻ കുറെക്കാലം ടിക് ടോക് ഫാൻ പേജുകളിലും ട്രോളുകളിലും അഭിരമിക്കട്ടേയെന്ന്. പകരം വയ്ക്കാനില്ലാത്ത അവന്റെ ആവിഷ്കാരങ്ങളെല്ലാം സ്ക്രീൻ വെളിച്ചത്തിൽ മാത്രം ഒതുങ്ങട്ടേയെന്ന്. തന്റെ പെരുവിരൽ കൊണ്ട്, ഭൂഗോളം കറക്കി വിടുമ്പോൾ, മനുഷ്യാഹങ്കാരത്തിന് അറുതി വരുത്താൻ ഈ സൂക്ഷ്മജീവിയേയും ദൈവം തന്നെയായിരിക്കും ഒരു പക്ഷേ കൂടെ പറഞ്ഞയച്ചത്. സഹസ്രാബ്ദങ്ങളോളം ഈ ലോക്ഡൗൺ ഇങ്ങനെ തുടർന്നു പോയാലും പ്രകൃതിക്ക് ഒന്നും സംഭവിക്കാനില്ല. മനുഷ്യകരങ്ങളാൽ സംഭവിച്ച് എല്ലാ ഗിരിവിഷാദങ്ങളിൽ നിന്നും മുക്തമായി പൂർവ്വാധികം വർണ്ണശബളതയോടെ, ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങിക്കൊണ്ടേയിരിക്കും. ഋതുക്കൾ മാറി മറിയും.പൂക്കൾ ചിരിക്കും, കിളികൾ പാടും, പുഴയൊഴുകും, മഴയും മഞ്ഞും വെയിലും സ്നേഹത്തിന്റെ ലയഭംഗികൾ തീർക്കും.
മനുഷ്യൻ പ്രകൃതിക്ക് ഒരനിവാര്യതയേ അല്ല. എന്നിട്ടും എന്തെല്ലാം പുകിലുകളാണ് അവരിവിടെ കാട്ടിക്കൂട്ടിയത്. വിഷം ചീറ്റുന്ന ലോഹത്തുമ്പികൾ വട്ടമിട്ട് പറന്ന ഒരു സമയമുണ്ടായിരുന്നു ഒരിക്കൽ
ഈ നാട്ടിൽ. അന്ന് പൂക്കളിലെ തേൻ പോലും വിഷമയമായിരുന്നു. ചത്തുമലച്ച ചിത്രശലഭങ്ങളും വണ്ടുകളും. പരാഗണം നടത്താൻ വണ്ടുകളില്ലാതെ അന്യം നിന്നുപോയ എത്രയോ സസ്യജാലങ്ങൾ. യഥേഷടം വളരുവാനുള്ള മരങ്ങളുടെ മോഹങ്ങളെയെല്ലാം അവർ കോടാലിയുടേയും കത്രികയുടേയും വായ്ത്തലയ്ക്കിരയാക്കി. ഭൂമിയിലെ മണ്ണും കിനാക്കളും കവർന്നെടുത്ത് ജൈവവ്യവസ്ഥയെത്തന്നെ തകിടം മറിച്ചു. ഒരു മരച്ചില്ല പോലുംബാക്കിയാക്കാതെയല്ലേ നഗരവൽക്കരണം നടപ്പിലാക്കിയത്. എന്നിട്ട് ആഗോളതാപനത്തിൽ പ്രകൃതി ക്ഷോഭിക്കുന്നുവെന്ന മുറവിളിയും.
നടന്നുനടന്ന് അമ്പലക്കുളത്തിനടുത്തെത്തിയത് വർമ്മ അറിഞ്ഞതേയില്ല. കുളത്തിലാകെ ഇളം പച്ച പായൽ പടർന്നു കയറിയിരുന്നു.ഗാഗുൽത്തായിലെ രക്തപുഷ്പങ്ങൾ പോലെ അവയ്ക്ക് നടുവിൽ വിരിഞ്ഞുനിൽക്കുന്ന ചെന്താമരപ്പൂക്കൾ.
മാസ്കും കയ്യുറകളുമിട്ട് നാലഞ്ച് കാക്കിവേഷധാരികൾ അമ്പലവളവ് താണ്ടി നടന്ന് വരുന്നത് കണ്ടപ്പോൾ,നേരിയൊരു ഉൾഭയത്തോടെ ഹരിഹരവർമ്മ അമ്പലക്കുളത്തിന്റെ ഇറമ്പിലേക്ക് പതുങ്ങി നിന്നു. മാസ്ക് വയ്ക്കാതെ പുറത്തിറങ്ങിയാൽ അയ്യായിരം രൂപയാണ് പിഴ.കാരണമില്ലാതെ കറങ്ങുന്നതിന് വേറേയും.
അയാൾ മെല്ലെ പോക്കറ്റിൽ നിന്ന് തൂവാലയെടുത്ത് മൂക്കും വായും വരിഞ്ഞു കെട്ടി. മഴ നനഞ്ഞ താമരമൊട്ടിൽ പറ്റിപ്പിടിച്ചിരുന്ന ഒരു പച്ച കുഞ്ഞൻ തവള നാക്ക് പുറത്തിട്ട്, സ്വന്തം യുക്തി കൊണ്ട്, പ്രപഞ്ചത്തെ അളക്കുന്ന മനുഷ്യജീവികളിലൊരാളെ നോക്കി പരിഹസിച്ച് മുരണ്ടു.
വര : പ്രസാദ് കാനത്തുങ്കൽ
കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്