പൂമുഖം POLITICS “രാഷ്ട്രീയ ജാഗ്രത ഉയർത്തിപ്പിടിക്കുന്ന ജനവിധി.”

“രാഷ്ട്രീയ ജാഗ്രത ഉയർത്തിപ്പിടിക്കുന്ന ജനവിധി.”

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

2018 ൽ പ്രളയ ജലം കേരളത്തെ വിഴുങ്ങുമ്പോൾ ചെങ്ങന്നൂര്‍ എംഎൽ എ ഗത്യന്തരമില്ലാതെ നിലവിളിക്കുകയുണ്ടായി നാളത്തെ പ്രഭാതം 50000 ത്തോളം ശവങ്ങൾ കണികാണേണ്ടി വരുമെന്നായിരുന്നു ആ വിളി . പ്രതിപക്ഷ നേതാവ് സൈന്യത്തിന്‍റെ സഹായം തേടാത്തതിൽ അരിശം കൊള്ളുകയായിരുന്നു . സൈന്യത്തിനുവേണ്ടി കേന്ദ്രത്തിനോടാവശ്യപ്പെട്ടിട്ടുണ്ട് എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി കേട്ടുകൊണ്ടാണ് ആ രാത്രി കേരളവും ലോകത്തെമ്പാടുമുള്ള മലയാളികളും ഉറങ്ങാൻ പോയത് അഥവാ ഉറക്കമിളച്ചത് . നേരം പുലർന്നപ്പോൾ കണ്ടത് കൂറ്റൻ മത്സ്യബന്ധന വള്ളങ്ങൾ അതിരുകാണാത്ത ജലപ്പരപ്പിലേക്ക , ഒറ്റപ്പെട്ടതും മുങ്ങാറായതുമായ തുരുത്തുകളെ ലക്ഷ്യമാക്കി തുഴഞ്ഞു നീങ്ങുന്നതാണ് സാധാരണ വാഹനങ്ങൾക്ക് സഞ്ചാരസാധ്യത നഷ്ടപ്പെട്ട നിരത്തുകളിലൂടെ ടോറസ്‌ ലോറികൾ കരുത്തോടെ മുന്നേറുന്നതാണ് .

” ഈ നാട്ടിലെ വെള്ളത്തെ അറിയുന്നവർ വേണം രക്ഷാ പ്രവർത്തനത്തിന് “

പ്രായോഗികമതിയായ ഒരു ഭരണകർത്താവിന്‍റെ ക്രാന്ത ദർശിത്വമാണത് . സർക്കാർ മുന്നോട്ടുവെച്ച 3000 രൂപ നിരക്കിലുള്ള പ്രതിഫലം നിരസിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾ പറഞ്ഞത് ആരും മറന്നിട്ടുണ്ടാവില്ല . ‘ഞങ്ങൾക്കറിയുന്ന പ്രവൃത്തി ഞങ്ങൾ ചെയ്തു . മത്സ്യത്തൊഴിലാളികളാണ് നമ്മുടെ സൈന്യം എന്ന് മുഖ്യമന്ത്രി പറഞ്ഞുവല്ലോ .അതുമതി ‘ എന്ന അവരുടെ പ്രതികരണം കേരളം മാത്രമല്ല ലോകം തന്നെ കൃതജ്ഞതയോടെ അംഗീകരിച്ചു. ഒരൊറ്റ രാത്രി കൊണ്ടുള്ള ഏകോപനം ആ നേതാവിന്‍റെ നിർവഹണ ശേഷിക്കും സാക്ഷ്യമാണ്

കേരളത്തിന് പ്രളയ സഹായം കൊടുക്കരുതെന്ന് ആഹ്വാനം ചെയ്തവരുണ്ടായി പ്രതിപക്ഷത്ത്. അപ്പോഴും കിട്ടിയ വാഹനങ്ങളിൽ സംസ്ഥാനത്തെ യുവശക്തി കുതിക്കുകയായിരുന്നു രക്ഷാപ്രവർത്തനത്തിന് , ശുചീകരണത്തിന്. വിഭവ സമാഹരണത്തിനും വിതരണത്തിനും .

രണ്ട് വർഷങ്ങൾക്കു ശേഷം കോവിഡ് പിടിച്ചുലച്ചപ്പോൾ ആരോഗ്യ പ്രവർത്തനത്തിന് സന്നദ്ധരായ, ഒന്നും കൂടുതൽ കാംക്ഷിക്കാതെ വാർത്തയുടെ വെള്ളിവെളിച്ചത്തിൽ ഇത്തിരി ഇടം പോലും തേടാതെ , തങ്ങളുടെ അദ്ധ്വാനം പൊതുജനത്തിന് സമർപ്പിച്ച ആരോഗ്യ പ്രവർത്തകരും യുവസൈന്യവുമുണ്ടായി ഇവിടെ . വേതനമില്ലാതെ അഭിനന്ദനസാക്ഷ്യപത്രം മാത്രം പ്രതിഫലം വാഗ്ദാനം ചെയ്ത സർക്കാർ പരസ്യത്തിന് അനുകൂലമായി പ്രതികരിച്ചത് ലക്ഷങ്ങൾ ആണ് . കൊല്ലും കൊലയും സ്ത്രീപീഡനവും ഉണ്ടാവുമ്പോൾ മാത്രം മുഖവും പാർട്ടി വിലാസവും ചാർത്തിക്കിട്ടുന്ന യുവജനത്തിന്‍റെ മറ്റൊരു മുഖം. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും സമാനമായ ഒരു ജനകീയ പദ്ധതി കോവിഡ് കൈകാര്യം ചെയ്യുവാൻ വേണ്ടി രൂപീകൃതമായില്ല . ഒരു ജനതയിൽ അന്തർലീനമായ പ്രവർത്തന ക്ഷമതയും മാനുഷികതയും സാമൂഹ്യബോധവും കണ്ടറിയുകയും ആവശ്യം വരുമ്പോൾ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് സമാഹരിക്കുകയും ഫലപ്രദമായി വിന്യസിക്കുകയും ചെയ്യുക – അതാണ് ഇടതു സർക്കാർ ഈകാലയളവിൽ ചെയ്തത് .

അത് സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലും മുക്കിലും മൂലയിലും അനുഭവവേദ്യമായി. അത് നമുക്ക് അളക്കാൻ കഴിയുക കോൺഗ്രസിന്‍റേയും ബി ജെ പി യുടേയും തീവ്ര പ്രതികരണങ്ങളിലാണ് . ശബരിമലയിൽ അത് അഴിഞ്ഞാടി മുഖ്യ കക്ഷികളായ മുസ്ലിം ലീഗിനേയും കോൺഗ്രസ്സിനേയും സി പി എം നേയും മാറി മാറി പ്രതിക്കൂട്ടിൽ നിർത്തുന്ന കേന്ദ്ര ഏജൻസി ഇടപെടലുകളിൽ ആ പരിഭ്രാന്തി മറ നീക്കി പുറത്തു വന്നു. ഇത് തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകം പക്ഷേ ഐക്യ ജനാധിപത്യ മുന്നണി കാണിച്ചില്ല .

തുടക്കം മുതൽ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന പോലീസ് അതിക്രമങ്ങൾ, അടുത്ത അനുയായികളെപ്പോലും വെറുപ്പിച്ച മാവോയിസ്റ്റ് കൊലപാതകങ്ങൾ, സ്ത്രീപീഡന കേസുകളിലെ മെല്ലെപ്പോക്ക്, പ്രകൃതി വിരുദ്ധ വികസന പദ്ധതികളോടുള്ള ആസക്തി എന്നിവ പിണറായി ഭരണത്തിന്‍റെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്ന പിഴവുകളായിരുന്നു . പക്ഷെ പ്രാദേശിക ഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഉള്ള തെരഞ്ഞെടുപ്പിൽ അവ അത്രതന്നെ സ്വാധീനം ചെലുത്തിയില്ല എന്ന് വേണം നിരൂപിക്കുവാൻ . പ്രതിസന്ധികളെ തരണം ചെയ്യുന്നതിൽ സർക്കാർ പ്രദർശിപ്പിച്ച ദൃഢ നിശ്ചയവും അതിനിടയിലും മന്ദഗതിയിലാവാത്ത വികേന്ദ്രീകൃത വികസനവും ആണ് വോട്ടർ പരിഗണിച്ചത് .

പ്രളയ കാലത്ത് മലയാളി യുവത ആഗോളമായി രക്ഷാപ്രവർത്തനത്തിലും പുനരധിവാസ ശ്രമങ്ങളിലും ഏർപ്പെട്ടപ്പോൾ കോവിഡ് കാലത്ത് എവിടെയും ദൃശ്യമായിരുന്നത് ഡി വൈ എഫ് ഐ പോലെയുള്ള ഇടതു യുവജന സംഘടനകളായിരുന്നു ഈ പരീക്ഷണ ഘട്ടത്തിൽ രണ്ടിടത്തായി നാല് ഇടതു യുവ പ്രവർത്തകർ രാഷ്ട്രീയ ശത്രുതക്ക് ഇരകളായി. അപ്പോഴും മുൻകാലങ്ങളിലെപ്പോലെ പകരക്കൊലകൾ നടത്തി തങ്ങളുടെ സന്നദ്ധപ്രവർത്തനങ്ങളെ താറടിക്കുവാൻ ഇടതു യുവ സംഘടനകൾ മിനക്കെട്ടില്ല എന്നത് പ്രതീക്ഷ നൽകുന്ന മാറ്റത്തിന്‍റെ സൂചനയാണ് . അത് പോലെ സമാനതയില്ലാത്ത സഹകരണ മാതൃകയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ സമൂഹ അടുക്കളകൾ കാഴ്ചവെച്ചത് . മഹാ നഗരങ്ങളും കേന്ദ്ര സർക്കാരും കൈവിട്ട കുടിയേറ്റ തൊഴിലാളികൾ റെയിൽ പാളങ്ങളിലും ഹൈവേയിലും മരിച്ചു വീണപ്പോൾ കേരളസർക്കാർ അവരോട് അർഹമായ കരുതൽ കാണിച്ചു .സംസ്ഥാനത്തിന്‍റെ സർവ സന്നാഹങ്ങളെയും വിഭവങ്ങളെയും സജ്ജമാക്കുകയും ഏകോപിപ്പിക്കുകയും ചെയ്തതിന്‍റെ ക്രെഡിറ്റ് പിണറായി സർക്കാരിന്‍റെ പ്രതിച്ഛായ വർദ്ധിപ്പിച്ചു ജനം എല്ലാം കണ്ടും കേ ട്ടും തന്നെയാണ് തീരുമാനങ്ങൾ എടുക്കുന്നത്.

മഹാമാരിയാണ് ഇടതു മുന്നണിക്ക് അസാധാരണമായ ഒരു ജനസമ്പർക്ക വേദി നൽകിയത് . മുഖ്യമന്ത്രി ജനവുമായി നിത്യവും നടത്തിയ ആശയ വിനിമയം പൊതുവെ വസ്തു നിഷ്ഠമായിരുന്നു . മറ്റു സംസ്ഥാനങ്ങളിൽ ഏതാനും ആഴ്ചകൾക്കു ശേഷം കോവിഡ് പ്രതിരോധവും നിയന്ത്രണവും ഒരു മുൻഗണനാ പദ്ധതി എന്ന സ്ഥാനത്തു നിന്ന് അല്പമെങ്കിലും പുറകോട്ടു പോയപ്പോഴും കേരളത്തിലെ ഇടതു സർക്കാർ സ്ഥിരമായി കണക്കുകളും വിവരങ്ങളും ജാഗ്രതാ നിർദേശങ്ങളും അച്ചടക്ക നടപടികളുമായി ജനത്തെ അഭിമുഖീകരിച്ചു. ആരോപണങ്ങളും റെയ്‌ഡുകളും അറസ്റ്റുകളും കോടതി നടപടികളും ദിവസേന പുതു ബോക്സ് ഓഫീസ് ഹിറ്റുകൾ അവതരിപ്പിക്കുമ്പോഴും സർക്കാർ വൃത്തങ്ങൾ , പ്രത്യേകിച്ച് മുഖ്യമന്ത്രി, പ്രദർശിപ്പിച്ച മന:സാന്നിധ്യം ആരോപണങ്ങളുടെ ആഘാതം കുറക്കുവാൻ സഹായിച്ചിട്ടുണ്ട് തെരഞ്ഞെടുപ്പ് ചുറ്റുപാടിൽ അതിനൊക്കെ വളരെ പ്രാധാന്യമുണ്ട് . കേന്ദ്ര ഏജൻസികളുടെ ഇടപെടലുകൾ ഒരു overkill ആയി എന്ന് പറയാം.

കേരളത്തിന്‍റെ രാഷ്ട്രീയ വഴക്കം അനുസരിച്ചു അടുത്ത നിയമസഭാ വിജയവും മുഖ്യമന്ത്രിസ്ഥാനവും ലഭിക്കുമെന്ന കോൺഗ്രസിന്‍റെ പ്രതീക്ഷയെ പിടിച്ചു കുലുക്കുന്നതായിരുന്നു പിണറായി സർക്കാരിന്‍റെ ക്രിയാത്മക ഭരണം . പക്ഷെ മുൻവിവരിച്ച പ്രതിസന്ധികളിൽ കോൺഗ്രസ് ജനശ്രദ്ധ പിടിച്ചു പറ്റുന്ന പ്രതിപക്ഷമായി മുന്നോട്ടു വന്ന് ആ വെല്ലുവിളിയെ നേരിടാൻ ശ്രമിച്ചില്ല . ജനങ്ങൾ വോട്ടു നൽകി തെരഞ്ഞെടുത്തവരാണ് തങ്ങളെന്ന് വിസ്മരിച്ചതു പോലെ വിമർശനത്തിനു മാത്രം മുൻ‌തൂക്കം നൽകുകയായിരുന്നു പാർട്ടി നേതൃത്വം . പ്രതിപക്ഷ ജാഗ്രത സർക്കാരിന്‍റെ സാഹസികമായ പല തീരുമാനങ്ങളും തിരുത്തുവാനും ഭേദഗതി ചെയ്യുവാനും സഹായിച്ചു എന്നത് അവഗണിക്കുന്നില്ല . എന്നാൽ അതിൽക്കവിഞ്ഞ് പ്രളയ പുനർനിർമ്മാണത്തിലോ കോവിഡ് മാനേജ്മെന്‍റിന്‍റെ ഗ്രൗണ്ട് ലെവൽ പ്രവർത്തനങ്ങളിലോ അവർ സാന്നിധ്യം തെളിയിച്ചില്ല , ഒറ്റപ്പെട്ട പിഴവുകളെ പർവ്വതീകരിച്ചു ആരോഗ്യ പ്രവർത്തകരെ നിരുത്സാഹപ്പെടുത്താൻ അത്യുത്സാഹം കാണിക്കുകയും ചെയ്തു .ചിട്ടയായ ആശുപത്രി /ക്വാറന്റൈൻ അനുഭവങ്ങൾ നേടിയവരിൽ ഭിന്ന രാഷ്ട്രീയക്കാരും രാഷ്ട്രീയമില്ലാത്തവരും ഉണ്ടായിരുന്നു എന്നതോർമ്മിച്ചില്ല . വീണ്ടും അധികാരത്തിൽ വന്നാൽ തങ്ങൾ കേരളത്തെ അപനിർമിക്കും എന്ന അവസാന നിമിഷ സെൽഫ് ഗോളിന് പാർട്ടി വലിയ വിലകൊടുക്കേണ്ടിയും വന്നു .

രാജ്യത്ത് സത്യം ശരശയ്യയിൽ മോക്ഷം കാത്തു കിടക്കുന്ന ഉത്തരായണ കാലത്ത് കൃത്യവും വസ്തുതാപരവുമായ വാക്കുകളെ ജനം സ്വീകരിക്കും . കേരളത്തിലെ ജനങ്ങൾ ബി ജെ പിയെ ശങ്കയോടെ അകറ്റി നിർത്തുന്നുണ്ടെങ്കിൽ അവിടെ സത്യത്തിന് ഒരു റോൾ ഉണ്ട് . നോട്ടു നിരോധനം സാമ്പത്തിക ശുദ്ധീകരണത്തിനാണെന്നും കള്ളപ്പണം തടയാനാണെന്നും ആണയിട്ടതിനു ശേഷം പ്രധാനമന്ത്രിയുടെ പേരിൽ തന്നെ ഉറവിടം ഗോപ്യമായി വെയ്ക്കാവുന്ന പി എം കെയർ ഫണ്ട് തുടങ്ങുക , സംസ്ഥാനങ്ങൾക്ക് നികുതി വരുമാനം വെട്ടിപ്പില്ലാതെ ലഭിക്കുമെന്ന വാഗ്ദാനത്തിനു ശേഷം സംസ്ഥാനങ്ങളെ നികുതി പരാധീനതയിൽ പെടുത്തുക എന്നീ നടപടി ദൂഷ്യങ്ങളിൽ നിഷ്പക്ഷർ സത്യ വിരോധം കാണുന്നുണ്ട് വസ്തുതകൾ മറച്ചു പിടിക്കൽ അഥവാ മുഖംമൂടിയണിഞ്ഞ് അവതരിപ്പിക്കൽ .അതുവഴി അധികാരം കേന്ദ്രീകരിക്കൽ . “ഒരൊറ്റ ഇന്ത്യ ഒരൊറ്റ …”.എന്ന സൂത്രവാക്യം ഫെഡറലിസത്തിനും, സംസ്ഥാനങ്ങളുടെ തനിമക്കും ഭീഷണിയായാണ് കേരളം കണ്ടത്.

സംസ്ഥാനത്തെ ബി ജെ പി ഘടകത്തിന് പറ്റിയ പിഴവ് അവർ തങ്ങളെ കേവലം കേന്ദ്രത്തിന്‍റെ ഒരു foot note ആയി കണ്ടു എന്നുള്ളതാണ് . കേന്ദ്രനേതൃത്വത്തിന്‍റെ പ്രീതി ലഭിക്കാനുള്ള വ്യഗ്രതയിൽ തരം കിട്ടുമ്പോഴൊക്കെ തദ്ദേശീയ ജനതയെ ഇകഴ്ത്തുന്നതിൽ അഭിരമിച്ചു . പ്രകൃതി ക്ഷോഭങ്ങളുടെ മുൻപിൽ പോലും ഈ നാടിനും നാട്ടുകാർക്കും വേണ്ടി കേന്ദ്രത്തിനെ സമീപിച്ചില്ല . വിദേശ സഹായം തടസ്സപ്പെടുത്തിയതിനെ പിൻതുണച്ചു . കേരളത്തിൽ നിന്ന് സഹമന്ത്രി സ്ഥാനം വഹിക്കുന്ന വി മുരളീധരൻ സംസ്ഥാനത്തെ അഭിമുഖീകരിക്കുമ്പോൾ ‘ഞങ്ങൾ ‘എന്ന് കേന്ദ്ര സർക്കാരിനോട് ചേർന്നുനിന്നാണ് വാദിക്കുക .കേരളം മുഴുവൻ ഇടതു രാഷ്ട്രീയക്കാരാണെന്നും മത തീവ്രവാദത്തെ ഊട്ടി വളർത്തുന്നവരാണെന്നും ആവർത്തിച്ചു . സംസ്ഥാനത്തെ ന്യുനപക്ഷങ്ങൾക്കിടയിൽ ഒരു വശത്തു മുസ്ലിമുകളെ വേട്ടയാടുവാനും മറുവശത്തു ക്രിസ്ത്യൻ സഭാ നേതൃത്വത്തെ പ്രീണിപ്പിക്കുവാനും ശ്രമിച്ചു .ശബരിമലയിൽ കോടതി വിധി സ്വീകരിക്കുന്നതിലൂടെ പാർട്ടിക്ക് പോറലേൽക്കാതെ തന്നെ പുരോഗമന ഹിന്ദുവിനെ വശത്താക്കാൻ കഴിയുമായിരുന്നപ്പോൾ വികലമായ നിലപാട് മുറുകെപ്പിടിക്കുകയും സമത്വവാദികളും സ്വതന്ത്ര ചിന്തകളുള്ളവരും ആയ സ്ത്രീകളുടെ മുഴുവൻ വിരോധം സമ്പാദിക്കുകയും ചെയ്തു. കേന്ദ്ര ബി ജെ പി നേതൃത്വത്തിന്‌ വിടുവായന്മാരായ സംസ്ഥാനഭാരവാഹികളെയും ചാനൽ വക്താക്കളെയും കാശിനു വിലയില്ലെന്ന് അവർ സമ്മതിക്കില്ലെങ്കിലും, നാട്ടുകാർക്കറിയാം . തൃശൂർ മേയർ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനെ തോൽപ്പിച്ചു കൊണ്ടാണ് പ്രേക്ഷകർ അദ്ദേഹത്തിന്‍റെ ചാനൽ സാന്നിദ്ധ്യത്തെ എഴുതി തള്ളിയത്.

തെരഞ്ഞെടുപ്പ് ഫലം മറനീക്കി പുറത്തു കൊണ്ടുവന്നിരിക്കുന്ന ചില അപ്രിയ യാഥാർത്ഥ്യങ്ങളുണ്ട്. ഒന്ന് ബി ജെ പി യുടെ വർദ്ധിക്കുന്ന വോട്ടു ബാങ്ക് . അടിസ്ഥാനതലത്തിൽ പാർട്ടി പ്രവർത്തകർ നടത്തി വരുന്ന സന്നദ്ധ സേവനങ്ങൾ അവരുടെ ജനസ്വാധീനം വർധിപ്പിച്ച പോസിറ്റീവ് ഘടകമാണ്. ജില്ലയിൽ 18 എന്ന കണക്കിൽ സേവാ ഭാരതി പണികഴിപ്പിച്ചു കൊടുത്ത പ്രളയ പുനരധിവാസ ഗേഹങ്ങൾ മികച്ചവയാണ് . ഭരണം കിട്ടിയ പാലക്കാട് നഗര സഭയിലെ വനിതാ അധ്യക്ഷൻ സ്വന്തം പാർട്ടിയിലെ തൊഴുത്തിൽ കുത്തുകാരോടും പ്രതിപക്ഷങ്ങളോടും പൊരുതി നിന്ന് കൊണ്ട് ദൃഷ്ടി ഗോചരമായ വികസന പ്രവർത്തനങ്ങൾ നഗരത്തിന് നൽകുകയുണ്ടായി. അവർ ഇത്തവണ 28 സീറ്റുകൾ നേടി കേവല ഭൂരിപക്ഷത്തിലെത്തിയത് സ്വാഭാവികം .ഒപ്പം ദേശീയ പാർട്ടിയുടെ ഹിന്ദുത്വാഭിമാന പ്രതിച്ഛായയിൽ മോഹിതരായ മധ്യ വർഗം എണ്ണത്തിൽ വർദ്ധിച്ചു വരികയാണ് .അസത്യങ്ങളും അർദ്ധ സത്യങ്ങളും നിറഞ്ഞ വാട്സ് അപ് അക്കാദമിയിലൂടെയും അനുദിനം പങ്കാളിത്തം പെരുകിവരുന്ന ക്ഷേത്ര /ആൾദൈവാശ്രമ സദസ്സുകളിലൂടെയും ജാത്യഭിമാനം നിലനിന്ന അസ്സൽ ഹിന്ദുത്വയുടെ കല്പിത മാഹാത്മ്യം ഒരധിനിവേശ സസ്യത്തെ പോലെ പടർന്നു പിടിക്കുന്നുണ്ട്. ലോക് ഡൌൺ കാലത്തെ കിറ്റുകൾ മോദിജിയുടേതാണെന്ന്‍ ബി ജെ പിയുടെ പ്രചാരണ വാഹനത്തിൽ നിന്നും നാട്ടുകാരായ വോട്ടർമാരുടെ വായിൽ നിന്നും കേൾക്കാനിടയായി .

മറ്റൊരു വശത്ത് ഇസ്ലാമിലെ തീവ്രവാദ സംഘടനകൾ മതമില്ലാ പേരണിഞ്ഞു പൊയ്ക്കാലുകളിൽ ബഹുജനപക്ഷം നിന്ന് വിലപേശുന്നുണ്ട് . സമ്പത്ത് കുന്നുകൂടുന്ന സഭാ നേതൃത്വങ്ങൾ ഹിന്ദുത്വ ശക്തികളുമായി അവസരവാദിത്ത കൊടുക്കൽ വാങ്ങലുകളിൽ ആഭിമുഖ്യം പ്രദർശിപ്പിക്കുന്നുണ്ട് .പ്രാദേശിക സംഘടനകൾ അവിടവിടെ അരാഷ്ട്രീയ കംപാർട്മെന്‍റ് കയ്യടക്കുന്നുണ്ട്. ഇത്തരം പ്രതിലോമ പ്രവണതകൾക്കെതിരെ മുഖ്യ ധാരാ രാഷ്ട്രീയ കക്ഷികൾ ജാഗരൂകരാവുകയില്ല എന്ന് ഏകദേശം വ്യക്തമായിരിക്കുന്നു . പക്ഷെ വോട്ടർ ജാഗ്രത കാണിക്കണം .

കേരളത്തിന്‍റെ മനസ്സിൽ “കാതലുള്ള ഒരു ധിക്കാരമുണ്ട് ” തങ്ങൾ എന്ത്‌ കഴിക്കണമെന്നും എന്ത് കാണണമെന്നും എവിടെയൊക്കെ പോകാമെന്നും ആർക്ക് വോട്ടു ചെയ്യണമെന്നും തീരുമാനിക്കാനുള്ള ധിക്കാരം . അതാണിപ്പോൾ പ്രകടമായത് .

പി എൽ ലതിക

Comments
Print Friendly, PDF & Email

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

You may also like