പൂമുഖം LITERATUREകഥ പാദ രക്ഷകൾ

പാദ രക്ഷകൾ

 

ണക്ക് ട്യൂഷൻ കഴിയുമ്പോഴേയ്ക്കും മണി അഞ്ചര .നാൽപ്പതോളം കുട്ടികൾ ഞെരുങ്ങിയിരിക്കുന്ന ക്‌ളാസ് മുറിയിൽ എല്ലാവരും വിയർത്തു .ഫാനിന്‍റെ വേഗതയെ നോക്കി കുട്ടികൾ നെടുവീർപ്പെട്ടു .ഒരു കാലിന് സുഖമില്ലാത്ത കണക്ക് അദ്ധ്യാപകന്‍റെ മൃദുവായ വാക്കുകൾക്ക് അവർ കാത് കൂർപ്പിച്ചു ..പത്താം ക്ലാസ്സാണ് .സ്‌കൂളിൽ കണക്ക് മാഷ് ലീവിലായിട്ട് മൂന്നു മാസം കഴിഞ്ഞു

ട്യൂഷൻ കഴിഞ്ഞതും ആൺകുട്ടികൾ തിരക്കി കൂട്ടി പുറത്തിറങ്ങി .സിതാരയും സീമയും ഒന്നിച്ച് പുറത്തിറങ്ങി .സിതാര തന്‍റെ ഷൂസ് തപ്പി പരതിക്കൊണ്ടിരുന്നു .സീമയും കൂടെ കൂടി

“അയ്യോ ഷൂസ് കാണുന്നില്ല .ഇവിടെ മൂലയ്ക്ക് ഊരിവച്ചതാണ് .ഏതെങ്കിലും ആൺകുട്ടികൾ എടുത്ത് കാണും .മുഴിഞ്ഞ രണ്ടു മൂന്നു ജോഡികൾ പുറത്ത് ഇനിയും കാണാം .അവയൊന്നും സിതാരയുടേതല്ല .ഈ വര്‍ഷം ‘അമ്മ നാന്നൂറ് രൂപ കൊടുത്ത് വാങ്ങി തന്നതാണ് .ഇന്ന് തീയതി ഇരുപത്തിയേഴ് .അങ്കണവാടി ടീച്ചറായ അമ്മയ്ക്ക് ശമ്പളം കിട്ടാൻ ഇനിയും കുറച്ച് ദിവസം കഴിയും .ഇതെല്ലാം ഓർത്ത് സിതാര ഒന്നുകൂടി ആ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെ വരാന്ത അരിച്ചു പെറുക്കി .നിരാശയോടെ സോക്സ് മാത്രം ധരിച്ച് പഴകിയ മരപ്പലകൾ കൊണ്ടുണ്ടാക്കിയ ഏണിയിറങ്ങി .ഉച്ചയ്ക്ക് ടിഫിൻ കഴിച്ചതാണ് .വാട്ടർ ബോട്ടിലിൽ ബാക്കി വന്ന വെള്ളം കുടിച്ചു .ഇന്നിനി നടന്നു പോകാനും കഴിയില്ല .ബസിൽ പോകാം .ചില്ലറയുണ്ട് .സോക്സ് മാത്രം ധരിച്ച് ബസിൽ കേറുമ്പോൾ ഏറെ ശ്രദ്ധിച്ചു .അമ്മയോട് ഇനി എന്ത് പറയും .കഴിഞ്ഞ വർഷമാണ് അച്ഛൻ മരിച്ചത് .ക്യാൻസറായിരുന്നു .സൗഭാഗ്യങ്ങളെല്ലാം കെട്ടുപോയ ഒരു രാത്രി .എങ്കിലും അമ്മ അതേ സ്‌കൂളില്‍ തുടരാൻ പറഞ്ഞു .
സിതാര കഴിയുന്നത് പോലെ പഠിയ്ക്കുന്നുണ്ട് .വീണ്ടും ഒരു നാനൂറ് രൂപ .’അമ്മ എവിടന്നു എടുത്ത് തരാനാണ് .അതും ഈ മാസാവസാനം .ബസിറങ്ങി സീമയോട് പറഞ്ഞ് സിതാര വീട്ടിലേക്ക് നടന്നു .തൊട്ടടുത്തുള്ള വീട് എത്രയോ ദൂരമുള്ളത് പോലെ .ഇരുണ്ടു തുടങ്ങിയിട്ടുണ്ട് . ചുറ്റിലുമുള്ള വീടുകളിൽ നിന്ന് വെളിച്ചം .നാളെ പോയാൽ ഷൂസ് മാറിയെടുത്തയാൾ തിരികെ കൊണ്ടു വരുമോ? അല്ലെങ്കിലും സ്വന്തം ഷൂസ് തിരിച്ചറിഞ്ഞു കൂടേ. ആരോ കരുതി കൂട്ടി എടുത്തതാണ്. ട്യൂഷന് പോകാൻ തുടങ്ങിയിട്ട് ഒരാഴ്ചയായതേയുള്ളൂ. കണക്ക് ഒന്നും വിശദീകരിക്കാനാവാത്ത കുറെ സൂത്രവാക്യങ്ങൾ മാത്രമായി ചുരുങ്ങിയപ്പോഴാണ് ക്‌ളാസിലെ എല്ലാവരും ട്യൂഷന് പോയി തുടങ്ങിയത് .കണക്ക് ടീച്ചർ വരുന്ന സൂചനയൊന്നും സ്‌കൂളിൽ നിന്നും കിട്ടിയില്ല .അങ്ങനെ അമ്മയോട് ചോദിച്ച് സിതാരയും ട്യൂഷന് ചേർന്നു. 750 രൂപ, ആഴ്ചയ്ക്ക് മൂന്നു ക്‌ളാസുകൾ .
യൂണിഫോമിന്‍റെ കൂടെ ഷൂസ് ഇല്ലാതെ നാളെ സ്‌കൂളിൽ എങ്ങനെ പോകാനാണ് .മഴയുണ്ടെങ്കിൽ മാത്രം ചെരുപ്പിടാം .അല്ലെങ്കിൽ അസംബ്ലിയിൽ മുന്നിൽ നിർത്തിക്കും .ഇന്ന് ശനിയാഴ്ച ആയാൽ മതിയായിരുന്നു .നാളെ ഒരു ദിവസം പോകാതിരുന്നാലും അമ്മയ്ക്ക് ശമ്പളം കിട്ടാൻ ഇനിയും രണ്ടു മൂന്നു ദിവസമുണ്ട് .അതുവരെ എന്ത് പറഞ്ഞ് ഷൂസിടാതെ സ്‌കൂളിൽ പോകും .സീമയ്ക്ക് മാത്രമല്ലെ സത്യമറിയൂ.
ട്യൂഷൻ മാഷോട് ഷൂസിന്‍റെ കാര്യം പറഞ്ഞിട്ട് ഒരു കാര്യവുമില്ല .അമ്മയോട് ഷൂസ് നഷ്ടപ്പെട്ട കാര്യം പറയാവുന്നതേയുള്ളൂ .പക്ഷെ മറ്റൊരു ഷൂസ് വാങ്ങുന്നതെങ്ങനെ എന്നുള്ളതാണ് സിതാരയ്ക്കും അമ്മയ്ക്കും ഇടയിലുള്ള ചോദ്യം

വീട് എത്താറായി .’അമ്മ മുറ്റത്ത് തന്നെയുണ്ട് .അലക്ഷ്യമായി സിതാര നടന്നു .തൊട്ടടുത്തുള്ള കല്ലിൽ കാലിടറി .”അയ്യോ അമ്മേ ” അവൾ വേദന കൊണ്ട് നിലവിളിച്ചു ”
അമ്മ ഓടി വന്നു .”സൂക്ഷിച്ച് നടന്നൂടെ മോളെ ,എന്താ പറ്റിയത് ”
കാലിന്‍റെ വേദനയിലും സിതാരയ്ക്ക് ചെറിയൊരു ആശ്വാസം തോന്നി. നാളെ ചെരുപ്പിട്ട് പോകാം

Comments
Print Friendly, PDF & Email

You may also like