പൂമുഖം LITERATUREവായന അദൃശ്യ ചങ്ങലകൾ

അദൃശ്യ ചങ്ങലകൾ

ബ്രസീലിയൻ എഴുത്തുകാരനായ ഇറ്റമാർ വിയേര ജൂനിയറുടെ ക്രൂക്കെഡ് പ്ലോ എന്ന നോവൽ 2024-ലെ അന്തർദേശീയ ബുക്കർ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ബ്രസീലിൽ, അടിമത്തം നിയമപരമായി നിർത്തലാക്കിയതിനുശേഷമുള്ള കറുത്തവർഗ്ഗക്കാരായ കർഷകരുടെ ജീവിതമാണ് ഈ നോവൽ വരച്ചുകാട്ടുന്നത്. 1979-ൽ ബഹിയയിലെ സാൽവഡോറിൽ ജനിച്ച ഇറ്റമാർ വിയേര ജൂനിയർ ആഫ്രിക്കൻവംശജരെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അടിമത്തത്തിൽനിന്നു രക്ഷപെട്ട മനുഷ്യരുടെയും അവരുടെ പിൻഗാമികളുടെയും ആഫ്രോ-ബ്രസീലിയൻ കൂട്ടായ്മയായ ക്വിലോംബോയുടെ ഇക്കാലത്തും തുടർന്നുകൊണ്ടിരിക്കുന്ന സമരങ്ങളെയും വൈഷമ്യങ്ങളെയുംപറ്റി ആയിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. മോണ്ട്ക്ലെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറായ ജോണി ലോറൻസ് ആണ് ക്രൂക്കെഡ് പ്ലോ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്.

പാശ്ചാത്യ ലോകത്ത്‌ ഏറ്റവും അവസാനം അടിമത്തം നിർത്തലാക്കിയ രാജ്യമാണ് ബ്രസീൽ. ഏറ്റവുമധികം ആഫ്രിക്കക്കാരെ അടിമകളിക്കിയിരുന്നതും ബ്രസീൽ തന്നെ. 1888 മെയ് 13 ന്, ബ്രസീലിലെ ഇസബെൽ രാജകുമാരി രാജ്യത്ത്‌ അടിമത്തം അവസാനിപ്പിക്കുന്ന സുവർണ്ണ നിയമ (Golden Law)’ ത്തിൽ ഒപ്പുവച്ചു. സാങ്കേതികമായി അടിമത്തത്തിൽനിന്നു മോചനം നേടിയെങ്കിലും അടിമകളായി ജോലി ചെയ്തിരുന്ന മനുഷ്യർക്ക് തുടർന്നും ഭൂവുടമകളുടെ കാരുണ്യത്തിൽ ജീവിക്കേണ്ടിവന്നു. തോട്ടങ്ങളിൽ അടിമകളായി ജോലി ചെയ്തിരുന്നവർ അടിമത്തം നിർത്തലാക്കിയതിനുശേഷം അതേ തോട്ടങ്ങളിലെ കുടിയാന്മാരായി.

കുടിയാൻമാർക്ക് ഭൂമിയിൽ അവകാശമില്ല, അവർ തങ്ങൾക്കു വീടുവയ്ക്കാൻ അനുവദിച്ചുകിട്ടിയ സ്ഥലത്തു മണ്ണുകൊണ്ടു വീടുകെട്ടി ഭൂവുടമയ്ക്കുവേണ്ടി ജോലിചെയ്യുന്നു. ഇഷ്ടികകൊണ്ടു വീടുവയ്ക്കാൻ അവർക്ക് അനുവാദമില്ല, ചെയ്യുന്ന ജോലിയ്ക്കു പ്രതിഫലവും ലഭിക്കില്ല. പകരം അവരുടെ മൺവീടിനോടു ചേർന്നുള്ള അല്പമാത്രമായ ഭൂമിയിൽ ധാന്യങ്ങളും പച്ചക്കറികളും നട്ടുവളർത്തി അതിൽനിന്നു വിളവെടുത്തു വിശപ്പടക്കാം. കർഷകരുടെ തൊടിയിൽ വിളയുന്ന ധാന്യങ്ങളും പച്ചക്കറികളും അവരുടെ വിശപ്പടക്കാനാവശ്യമുള്ളതിൽ കൂടുതലുണ്ടെന്നു ഭൂവുടമയ്ക്കു തോന്നിയാൽ അതിൽ നിന്നും അയാൾ തൻ്റെ വിഹിതം ആവശ്യപ്പെടാം. കർഷകർക്ക് അവരുടെ സ്ത്രീകളെയും കുട്ടികളെയും കൂടെ പാർപ്പിക്കാൻ അനുമതിയുണ്ടായിരുന്നു. കാരണം അടുത്ത തലമുറയിലെ കുടിയന്മാരാകേണ്ടവരായിരുന്നു ആ കുട്ടികൾ.

നോവലിന്റെ തുടക്കത്തിൽ സഹോദരിമാരായ ബിബിയാനയും ബെലോനിഷ്യയും മുത്തശ്ശിയുടെ പെട്ടി തുറന്ന് അതിനുള്ളിൽ ഒരു പഴയ തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കത്തി പുറത്തെടുക്കുന്നു. ആറും ഏഴും വയസ്സ് പ്രായമുള്ള പെൺകുട്ടികളായിരുന്നു അന്ന് അവർ. മുത്തശ്ശി ഡോണാന വീടിനു പുറത്തേക്കുപോയ സന്ദർഭം നോക്കിയാണ് പെൺകുട്ടികൾ കത്തി പുറത്തെടുത്തത്. ആ തിളങ്ങുന്ന ലോഹകഷ്ണം രുചിച്ചുനോക്കാനായി അവർ ഓരോരുത്തരായി അതു നാവിൽ വയ്ക്കുന്നു. രുചിച്ചശേഷം കത്തി വലിച്ചൂരി എടുക്കുമ്പോൾ രണ്ടുപെൺകുട്ടികളുടെയും നാവുകളിൽ നിന്ന് രക്തം പ്രവഹിക്കുന്നു. അവരിലിലൊരാളുടെ നാവു മുറിഞ്ഞുപോയിരുന്നു. നാവു മുറിഞ്ഞ പെൺകുട്ടി എന്നേക്കുമായി ഊമയായി മാറി. ആ സംഭവത്തിനുശേഷം അവരിലൊരാൾ മറ്റേയാളുടെ ശബ്ദമായി മാറുകയാണ്. ശബ്ദം നഷ്ടപ്പെട്ടവൾ ആംഗ്യങ്ങളിലൂടെയും ചലനങ്ങളിലൂടെയും പറയുന്ന കാര്യങ്ങൾ മറ്റെയാൾ വാക്കുകളിലേക്കു പകർന്നു. കുട്ടിയുടെ നാവറ്റുപോകാൻ കാരണമായ കത്തി ഡോണാന മുത്തശ്ശി പുഴക്കരയിൽ ഉപേക്ഷിക്കുന്നു.

ബിബിയാനയും ബെലോനിഷ്യയും ആഫ്രോ-ബ്രസീലിയൻ കർഷക സമൂഹത്തിൽ പെട്ടവരാണ്. ഈ പെൺകുട്ടികളുടെ മാതാപിതാക്കൾ അഗ്വാ നേഗ്ര തോട്ടത്തിലെ കുടിയാന്മാരായ തൊഴിലാളികളാണ്. അവരുടെ പിതാവ്, വെളിപാടുണ്ടായി രോഗശാന്തി നൽകുന്ന ആളായതിനാൽ അദ്ദേഹത്തെ തോട്ടത്തിലെല്ലാവരും ബഹുമാനിക്കുന്നുണ്ട്.

കുട്ടിയുടെ സംസാരശേഷി നഷ്ടപ്പെടാൻ കാരണമായ കത്തി നോവലിലെ ഒരു പ്രധാന കഥാപാത്രമാണ്. പലതലമുറകളിലുള്ള സ്ത്രീകളുടെ കയ്യിൽ പലസന്ദർഭങ്ങളിലായി അത് കഥയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ക്രൂക്കെഡ് പ്ലോ നോവലിന് മൂന്നു ഭാഗങ്ങളുണ്ട്, മൂന്നു വ്യത്യസ്ത ആഖ്യാതാക്കളും. നോവലിന്റെ ആദ്യഭാഗം ബിബിയാനയും രണ്ടാം ഭാഗം ബെലോനിഷ്യയും മൂന്നാം ഭാഗം മത്സ്യത്തൊഴിലാളി സ്ത്രീയായിരുന്ന സാന്താ റീറ്റയുടെ ആത്മാവുമാണ് വിവരിക്കുന്നത്.

സംസാരശേഷി നഷ്ടപ്പെട്ട ബെലോനിഷ്യ സ്വന്തമായി ഭൂമിയില്ലാത്ത, അടിച്ചമർത്തപ്പെട്ട, ശബ്ദമുയർത്താൻ കെൽപ്പില്ലാത്ത സമൂഹത്തിന്റെ പ്രതീകമാണ്. മുറിഞ്ഞ നാവുകൊണ്ട് ബെലോനിഷ്യ കലപ്പ (പ്ലോ) എന്നു പറയാൻ ശ്രമിക്കുന്നു. എന്നാൽ ഒരു വികൃത ശബ്ദം (ക്രൂക്കെഡ് പ്ലോ) മാത്രമാണ് അവളുടെ നാവിൽനിന്നു വരുന്നത്.

ബെലോനിഷ്യയുടെ തോബിയാസുമൊത്തുള്ള ഹ്രസ്വകാല ദാമ്പത്യം അസ്വസ്ഥകൾ നിറഞ്ഞതായിരുന്നു. ഇവിടെ അവൾ തോട്ടം തൊഴിലാളികൾക്കിടയിലെ ദുരിതം അനുഭവിക്കുന്ന സ്ത്രീകളുടെ പ്രതീകമാകുന്നു. അടിച്ചമർത്തപ്പെട്ടവരും നിരാശരും മദ്യപാനികളുമായ പുരുഷന്മാരുടെ പീഡനങ്ങൾക്ക് ഇരകളാകാൻ വിധിക്കപ്പെട്ടവരായിരുന്നു ഈ സ്ത്രീകൾ. ബിബിയാന അഗ്വാ നേഗ്രയുടെ പരിമിതികളിൽ നിന്നു രക്ഷപെട്ട് സ്വന്തം ഭൂമിയിൽ കൃഷി ചെയ്യണമെന്നുള്ള ആഗ്രഹത്തോടെ സെവേരോയോടൊപ്പം ഒളിച്ചോടുന്നു. തങ്ങളുടെ പൂർവികർ അടിമകളാക്കപ്പെട്ടത് എങ്ങനെയെന്ന് സെവേരൊ ബിബിയാനയ്ക്ക് വിവരിച്ചുകൊടുക്കുന്നുണ്ട്. അയാളോടൊപ്പം പുറംലോകത്തു മെച്ചപ്പെട്ട ഒരു ജീവിതം അവളും സ്വപ്നം കാണുന്നു.

തോബിയാസിൻ്റെ മരണശേഷം ബെലോനിഷ്യ സ്വന്തം വീട്ടിലേക്ക് മടങ്ങി. അപ്പോഴേക്കും ബിബിയാനയും സെവേരോയും കുട്ടികളും അവിടേക്കു മടങ്ങി എത്തിയിരുന്നു.

അഗ്വാ നേഗ്ര തോട്ടം ഭൂമിയെക്കുറിച്ചോ കുടിയാന്മാരെക്കുറിച്ചോ അറിവില്ലാത്ത ഒരാൾ വാങ്ങുന്നതോടെ തൊഴിലാളികളുടെ ജീവിത കൂടുതൽ ദുരിതത്തിലാകുന്നു. അവരുടെ പൂർവ്വികർ അന്ത്യവിശ്രമം കൊള്ളുന്ന ഇരുന്നൂറു വർഷത്തിലധികം പഴക്കമുള്ള സെമിത്തേരിയിൽ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നത് പുതിയ ഭൂവുടമ വിലക്കിയതു തൊഴിലാളികൾക്ക് അപമാനമായി. ആ മണ്ണിൽത്തന്നെ ലയിച്ചുചേരേണ്ടവരാണ് തങ്ങളെന്ന് അവർ വാദിച്ചു. വിശുദ്ധ ദൈവങ്ങളും ആത്മാക്കളും കഥയിലുടനീളം പലരിലൂടെയും വെളിപ്പെടുന്നുണ്ട്. ജീവിച്ചിരിക്കുന്നവർക്കൊപ്പം അവരും നീതിയ്ക്കായി പൊരുതുന്നു.

തൊഴിലാളികൾക്ക് അവർ പണിയെടുക്കുന്ന മണ്ണുമായി വേർപെടുത്താൻ കഴിയാത്ത ആത്മബന്ധമുണ്ട്. അവർക്കു മണ്ണിന്റെ സ്പന്ദനങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. ബിബിയാനയുടെയും ബെലോനിഷ്യയുടെയും പിതാവ് കൃഷിഭൂമിയിൽ എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ നിലത്തു കിടന്ന് തന്റെ ചെവി മണ്ണോടു ചേർത്ത് ഭൂമിയുടെ ആഴങ്ങളിലെ ശബ്ദങ്ങൾ ശ്രവിക്കുമായിരുന്നു. ഡോക്ടർ രോഗിയുടെ ഹൃദയമിടിപ്പ് കേൾക്കുന്നതുപോലെ എന്നാണ് അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയെ നോവലിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

ബിബിയാനയുടെ ഭർത്താവ് സെവേരൊ തൊഴിലാളികളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു ബോധവൽക്കരിക്കാനും സംഘടിപ്പിക്കാനും ശ്രമിച്ചു. എന്നാൽ തന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയും മുൻപേ സെവേരൊ സ്വന്തം വീട്ടുവാതിൽക്കൽ വെടിയേറ്റു മരിച്ചു.

ഒടുവിൽ, കഥയുടെ തുടക്കത്തിൽ ചെറിയ പെൺകുട്ടികളായിരുന്ന, ഇപ്പോൾ മുതിർന്നവരായി മാറിയ, ബെലോനിഷ്യയും ബിബിയാനയും ചേർന്ന് പുതിയ ഭൂവുടമയെ കൊലപ്പെടുത്തുന്നു. രാത്രികളിൽ, മത്സ്യത്തൊഴിലാളിയായ സാന്താ റീറ്റയുടെ ആത്മാവ് ആ രണ്ടു പെൺകുട്ടികളുടെ ശരീരത്തിലേക്ക് ഇഴഞ്ഞു കയറി അയാളെ കൊല്ലാൻ അവരുടെ ശരീരത്തെ ഉപയോഗിക്കുയായിരുന്നുവത്രേ!

നിയമപരമായി സ്വതന്ത്രരായെങ്കിലും അടിമത്തത്തിന്റെ അദൃശ്യമായ ചങ്ങലകളിൽ വീർപ്പുമുട്ടി കഴിയേണ്ടിവന്ന മനുഷ്യരുടെ കഥയാണ് ക്രൂക്കെഡ് പ്ലോ. അടിമത്ത വ്യവസ്ഥ നിയമപരമായി നിരോധിച്ചതിന് ശേഷവും അടിമകളാക്കപ്പെട്ട മനുഷ്യർക്കു ലഭിച്ചത് ‘സ്വാതന്ത്ര്യത്തിന്റെ മുഖപടമണിഞ്ഞ അടിമത്തം (Enslavement dressed up as freedom)’ തന്നെയാണെന്ന് ഇറ്റമാർ വിയേര ജൂനിയർ ക്രൂക്കെഡ് പ്ലോയിലൂടെ പറയുന്നു.

Comments

You may also like