പൂമുഖം LITERATUREകഥ സൂതപുത്രൻ

സൂതപുത്രൻ

ഗംഗയുടെ തീരത്ത് പുൽമേടുകളില്ല, സൈകതം പോലെ നീണ്ടു കിടക്കുന്ന മണൽപ്പരപ്പുകളാണ്. കാവലായി കുറെ കാട്ടുകടമ്പുകൾ അങ്ങിങ്ങായി ചില്ലകൾ വിരിച്ച് നിൽപ്പുണ്ട്. സന്ധ്യക്ക് ചില കാട്ടുപക്ഷികൾ ആ ചില്ലകളുടെ ഇലച്ചാർത്തിനുള്ളിൽ ചേക്കേറിയിരുന്നു. ശിഖരങ്ങൾക്കുവേണ്ടി അവറ്റകൾ കലപില കൂടുന്നത് കണ്ടപ്പോൾ കർണ്ണനു രാജസദസ്സ് ഓർമ്മ വന്നു. കണ്ണിലെ കൃഷ്ണമണി പോലെ ജാത്യാഭിമാനം കാത്തുസൂക്ഷിച്ചിരുന്ന കുലനായകർ സഭയിൽ നീചജൻമങ്ങളെ തലപൊക്കാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. ജാതി പറഞ്ഞ് അവമതിച്ചിരുന്നു.
“നീ രാധേയനാണ് ! നീ സൂതപുത്രനാണ്.”

നിഴലുകൾ കെട്ടുപിണഞ്ഞ ഊടുവഴി ഇറങ്ങുമ്പോൾ കർണ്ണൻ്റെ മനസ്സ് അസ്വസ്ഥമായി.

കുരുരാജ്യത്തിൻ്റെ സാമന്തനായി; മഹാത്മാ ക്കളോടൊപ്പം രാജസദസ്സിൽ ആസനവും ലഭിച്ചു. കൗരവപാണ്ഡവൻമാരുടെ അരങ്ങേറ്റത്തിൽ അർജുനൻ്റെ ധനുർവിദ്യയെ വെന്നതിനു കൗരവനായകനായ ദുര്യോധനൻ നൽകിയ ഉപഹാരം. കുട, വെൺചാമരം മുതലായ രാജചിഹ്നങ്ങൾ ശംഖപടഹഘോഷങ്ങളോടെ പിടിപ്പിച്ചപ്പോൾ അഭിമാനം തോന്നി. കൊട്ടാരത്തിലെ അന്ത:പ്പുര സ്ത്രീകളുടെ വിഴുപ്പുകൾ വെളുപ്പിക്കുന്ന രാധേയയുടെ മകൻ ഇതാ അംഗരാജ്യത്തിൻ്റെ അധിപനായിരിക്കുന്നു! പക്ഷേ, ആ സിംഹാസനത്തിൽ ഒരു നിമിഷം പോലും ആത്മവിശ്വാസത്തോടെ ഇരിക്കാൻ പറ്റില്ലെന്ന് അന്ന് അറിയില്ലായിരുന്നു.

സായാഹ്നത്തിൽ ഗംഗാ തീരം വിജനമാണ്. ഒന്നോ രണ്ടോ പേർ വന്നാലായി, സന്ധ്യാവന്ദനത്തിന്. എങ്കിലും നദിയിലെ കുത്തിയൊഴുക്കിൻ്റെ ആരവം ആ തീരത്തെ സദാ ശബ്ദമുഖരിതമാക്കിയിരുന്നു. സായന്തനമായതോടെ ചമ്പാഗിരിയുടെ ഭീമാകാരമായ നിഴലും ഗംഗാതീരത്ത് അണഞ്ഞിരുന്നു. ജനനം മുതൽ നിഴൽ പോലെ തന്നെ പിൻതുടരുന്ന സൂതസ്വത്വത്തെ കർണ്ണൻ ഓർമ്മിച്ചു.ശ്രേഷ്ഠരായ ഭീഷ്മർക്കും ദ്രോണർക്കും കൃപർക്കും ഒപ്പം രാജസദസ്സിൽ ഇരിപ്പിടം ലഭിച്ചതിൽ അച്ഛൻ അഭിമാനം കൊണ്ടു. അതിരഥൻ അവരുടെ തേരാളിയായിരുന്നു. പക്ഷേ, രാജസദസ്സിൽ ആത്മാഭിമാനത്തോടെ ഒരു നിമിഷം പോലും ഇരിക്കാൻ മകന് കഴിഞ്ഞില്ലെന്ന് ആ പാവം അറിഞ്ഞില്ല. ഭീഷ്മരെ പോലെ രാജ്യവും സിംഹാസനവും ത്യജിച്ച ഒരു വൈരാഗിയുടെ നാവിനു വാൾത്തലപ്പിനേക്കാൾ മൂർച്ചയേറിയിരുന്നു. ജാതിയും പിതാവിൻ്റെ തൊഴിലും പറഞ്ഞ് അവമാനിക്കുന്നതിലായിരുന്നു ആ സർവ്വസംഗപരിത്യാഗിക്ക് പോലും കൗതുകം.

വര: പ്രസാദ് കാനത്തുങ്കൽ

“നിൻ്റെ പിതാവാര്? മാതാവാര്? കുലമേത് ?”
അപ്പോൾ സദസ്യരുടെ ചുണ്ടുകൾ കഴുകന്മാരുടേത്പോലെ കൂർത്തുവളയും
ഗംഗാതടത്തിലെ രാജ്യങ്ങളെ കീഴടക്കിയപ്പോൾ കുലീനരുടെ വായടപ്പിക്കാമെന്ന് വ്യാമോഹിച്ചു. കീഴടങ്ങിയ രാജാക്കന്മാർ നൽകിയ കപ്പം തൃപ്പാദത്തിൽ സമർപ്പിച്ചപ്പോൾ മഹാരാജാവിനും സന്തോഷമായി. അന്ധനായ രാജാവിൻ്റെ കണ്ണുകളിൽ കറുത്തനിലാവു പരന്നു ! പാർത്ഥനെക്കുറിച്ചുള്ള പേടി മനസ്സിൽ നിന്ന് പെയ്തൊഴിഞ്ഞതിൻ്റെ ആഹ്ലാദത്തിൽ മഹാരാജാവ് വാനോളും പുകഴ്ത്തി.

യുവരാജാവിനും ആനന്ദം അടക്കാനായില്ല. ഓടിവന്ന് പരിരംഭണം ചെയ്തപ്പോൾ വിളിച്ചു പറയാൻ തോന്നി ലോകജേതാവായ കർണ്ണനെ ഇനി സൂതപുത്രൻ എന്നു വിളിക്കാൻ ആർക്കാണ് ധൈര്യമെന്ന്. പക്ഷേ, നേരം ഇരുട്ടിവെളുത്തപ്പോൾ ഭീഷ്മർ ഓർമ്മിപ്പിച്ചു.
“നീ സൂതപുത്രനാണ് !!”

അങ്ങനെ മൂഷികസ്ത്രീ പിന്നെയും മൂഷികയായി !! അതോടെ ഒരു കാര്യം ബോദ്ധ്യമായി. ലോകം മുഴവൻ നേടിയാലും സൂതവിളിയിൽ നിന്ന് തനിക്കോ തൻ്റെ പുത്രൻമാർക്കോ ഈ ജന്മത്തിൽ മോചനമില്ല.

ഗംഗാനദിയിലേക്ക് ഇറങ്ങാൻ കൽപ്പടവുകൾ പണിതീർത്തിരുന്നു. പൊക്കമുള്ള പടവുകളിൽ ആരോ തർപ്പണം ചെയ്തതിൻ്റെ അവശിഷ്ടങ്ങൾ ചിതറികിടന്നിരുന്നു. മറഞ്ഞു പോയവരുടെ ഓർമ്മകൾ ! അവരുടെ ഓർമ്മകൾ പൂവായും ഇലചീന്തായും ധാന്യമണിയായും അലകളിൽ ഒഴുകി അപ്രത്യക്ഷമായിരുന്നു. പടവുകൾ ഇറങ്ങുമ്പോൾ കർണ്ണന് ജീവിതത്തിൽ നിന്ന് മാഞ്ഞുപോയവരെ ഓർമ്മ വന്നു.

പകൽ മാഞ്ഞതോടെ ഗംഗയിലെ ജലം മഞ്ഞു പോലെ തണുത്തിരുന്നു. അനന്തമായ ഹിമവൽപ്രവാഹത്തിൽ സ്പർശിച്ചപ്പോൾ കർണ്ണനു അൽപം പോലും തണുപ്പു തോന്നിയില്ല. കാരണം ഉള്ളിൽ ഒരു അഗ്നിപർവ്വതം എരിഞ്ഞിരുന്നു. മാറ്റിനിർത്തപ്പെട്ടതിൻ്റെ പേരിൽ ജനനം മുതൽ ചൂടും ഗന്ധകവും സദാ വമിപ്പിക്കുന്ന ഒരു അഗ്നിപർവ്വതം ! മുട്ടൊപ്പം ജലമായപ്പോൾ അയാൾ നിന്നു. സ്നാനം ചെയ്യാനായി ചമ്പാഗിരിയുടെ നിഴലും അയാളോടപ്പം ഇറങ്ങി വന്നിരുന്നു . ഒരു കുമ്പിൾ ജലമെടുത്ത് ചുണ്ടോട് ചേർത്തപ്പോൾ കർണ്ണന് മാതാവായ രാധയെ ഓർമ്മ വന്നു.

ചമ്പാപുരിയിലെ സൂതത്തെരുവിലാണ് കർണ്ണൻ വളർന്നത്. ആ തെരുവിലൂടെ ഹസ്തിനപുരിയിലെ കുലീനർ സഞ്ചരിക്കാറില്ല.കാരണം കുതിരച്ചാണകത്തിൻ്റെ മനംമടുപ്പിക്കുന്ന മണമാണ് അവിടെയെല്ലാം. ആ തെരുവിൽ കളിച്ചുവളരുന്ന ഓരോ കുഞ്ഞിൻ്റെ ശ്വാസത്തിലും വാക്കിലും ആ ഗന്ധം കലർന്നിരുന്നു! മുജ്ജന്മപാപം പോലെ അതു അവരെ ജീവിതാവസാനം വരെ പിൻതുടർന്നിരുന്നു. അംഗരാജാവായപ്പോൾ കർണ്ണൻ ആ തെരുവിലെ വാസം ഉപേക്ഷിച്ചു. പക്ഷേ, ജാതിയുടെ ദുർഗന്ധം വിഴുപ്പുകെട്ടു പോലെ പിൻതുടർന്നു. പവിത്രമായ ഗംഗയിൽ മുങ്ങി കുളിച്ചിട്ടും ആ കീഴാളഘ്രാണത്തിൽ നിന്ന് മോചിതനാകാൻ കഴിഞ്ഞില്ല.

കർണ്ണൻ അകലേക്ക് നോക്കി. ദൂരെ ചമ്പാപുരിയുടെ മുകളിൽ സൂര്യഭഗവാൻ സിന്ദൂരം ചാർത്തി നിന്നു.സൂതത്തെരുവിലെ വീടുകളുടെ വാതിൽപ്പടിയിൽ നിൽക്കുന്ന അമ്മമാരെ ഓർമ്മ വന്നു. അവരുടെ പുത്രന്മാർ ചെറുപ്പത്തിൽ തന്നെ നഗരത്തിലെ കുതിരപ്പന്തിയിൽ വേലയ്ക്കു പോയിരുന്നു. കുതിരയെ തുടച്ചുവൃത്തിയാക്കാനും വൈക്കോലും ധാന്യവും വെള്ളവും കൊടുക്കാനും പഠിച്ചിരുന്നു. കുറെക്കാലം കഴിയുമ്പോൾ അവർ പിതാക്കൻമാരെ പോലെ കുതിരകളെ മെരുക്കാൻ പഠിക്കും. പിന്നീട് എപ്പോഴോ തേരോടിക്കുവാനും. പുരുഷപ്രാപ്തിയിൽ അവൻ സൂതകുലത്തിൽ നിന്നുള്ള ഏതെങ്കിലും ഒരു കന്യകയെ വിവാഹം ചെയ്യും. അവൾ ഒരു പുത്രനെ പ്രസവിക്കും. ആ ശിശുവും ആ തെരുവിൽ തന്നെ പിച്ചവെച്ചു വളരും. കാലക്രമേണ അവനും കുതിരപ്പന്തിയിൽ പോകും. പിന്നെ തേരാളിയാകും.

ഒരിക്കൽ ചമ്പാപുരിയിലെ മൂപ്പൻ പറഞ്ഞു.
“മക്കളെ, നിങ്ങൾ ആരും മോശക്കാരല്ല. ക്ഷത്രിയരെ പോലെ കേമന്മാരാണ് തേരാളികളും. പക്ഷേ, കുലത്തൊഴിലിൽ തുടരുന്നതു കാരണം നിങ്ങൾക്ക് സ്വന്തം വീര്യം പ്രകടിപ്പിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് ജാതിശ്രേണിയെ നിലനിർത്തുന്ന ഈ കുലത്തൊഴിലിനെ ഭേദിക്കണം.”
കുട്ടികൾ അമ്പരുന്നു.
മൂപ്പൻ കാത്തിരുന്നു.
കർണ്ണൻ കളിയമ്പ് തൊടുക്കുന്നത് കണ്ടപ്പോൾ മൂപ്പൻ്റെ കണ്ണുകൾ തിളങ്ങി.
“കർണ്ണാ, നീ ധനുർവിദ്യ പഠിക്കണം.”
മൂപ്പൻ്റെ വാക്ക് കേട്ട് മനസ്സിൽ മോഹത്തിൻ്റെ ഞാൺ വലിച്ചു കെട്ടി. പക്ഷേ, അത് തൊടുക്കാൻ അച്ഛൻ സമ്മതിച്ചില്ല.
“മകനെ, അതിനുള്ള യോഗ്യത നമുക്കില്ല.”
രാജാക്കൻമാരുടെ രഥങ്ങൾ ഓടിക്കാൻ സൂതരെ അനുവദിച്ചിരുന്നു. പക്ഷേ, വില്ലാളിയാകാൻ ഒരിക്കലും സമ്മതിച്ചിരുന്നില്ല. അതു ക്ഷത്രിയർക്കും, ബ്രാഹ്മണർക്കും മാത്രമായി നിശ്ചയിച്ച കുലധർമ്മമായിരുന്നു.

അമ്മ അച്ഛനെ നിർബന്ധിച്ചു. ഓമനപ്പുത്രൻ്റെ താമരമുഖം വാടിയത് സഹിച്ചില്ല. സഹികെട്ട് അയാൾ ബ്രാഹ്മണരായ ഗുരുക്കളെ കണ്ട് താണുവീണ് അപേക്ഷിച്ചു. എന്നാൽ വർണ്ണാശ്രമധർമ്മങ്ങളിൽ കടുത്ത നിഷ്കർഷ വെച്ചുപുലർത്തിയിരുന്ന അവർക്ക് അത് ആലോചിക്കാൻ കൂടി കഴിയുമായിരുന്നില്ല. അവർ നിരസിച്ചു. അയാൾ നിരാശനായി. ശല്യർക്ക് തേരാളിയോട് ദയ തോന്നി. അയാൾ കൊട്ടാര ഗുരുവായ ദ്രോണനെ കണ്ട് നിർബന്ധിച്ചു. ഗുരു സമ്മതിച്ചു. കർണ്ണൻ ഗുരുകുലത്തിൽ ചേർന്നു. അതു കേട്ട് ഒരു നിഷാദബാലനും വന്നെത്തി. പക്ഷേ, അവനു വിദ്യ പകരാൻ ദ്രോണർ വിസമ്മതിച്ചു. ഏകലവ്യൻ നിരാശനായില്ല. ആചാര്യനെ മനസ്സാ ഗുരുവായി വരിച്ച് അസ്ത്രവിദ്യയിൽ അതിനിപുണനായി തീർന്നു.

ദ്രോണരുടെ ശിഷ്യന്മരായിരുന്നു പാണ്ഡവരും കൗരവരും. പാണ്ഡവനായ അർജുനനെ ആയിരുന്നു ഗുരുവിന് ഏറെ പ്രിയം. അതു കാരണം അവൻ്റെ കണ്ണുകളിൽ ഔദ്ധത്യം നിറഞ്ഞിരുന്നു. തന്നെക്കാൾ സമർത്ഥനായി ഒരു ശിഷ്യൻ ഗുരുവിനുണ്ടെന്ന് കേട്ടപ്പോൾ ഫൽഗുനൻ്റെ മുഖം വാടി. ദ്രോണൻ്റെ മനസ്സലിഞ്ഞു. ഏകലവ്യനോട് ഗുരുദക്ഷിണയായി വലം കയ്യിലെ പെരുവിരൽ ഛേദിച്ചു വാങ്ങി. അന്നുതൊട്ട് അവൻ്റെ കൈവേഗം കുറഞ്ഞു വന്നു. ഒടുവിൽ അസ്ത്രങ്ങൾക്ക് ലക്ഷ്യം തെറ്റി ഒരു മരച്ചില്ലയിൽ കൊണ്ടു. ഏകലവ്യൻ വിഷാദചിത്തനായി അസ്ത്ര വിദ്യയിൽ അർജുനനെക്കാൾ കർണ്ണൻ മികവു കാട്ടിയിരുന്നു. അത് പാണ്ഡവർക്ക് ഇഷ്ടപ്പെട്ടില്ല. ജാതിപ്പേരു വിളിച്ച് കർണ്ണനെ പരിഹസിച്ചു.
“സൂതപുത്രൻ!”

ഭോജനശാലയിലും ഗംഗയുടെ പടവിലും നായ്ക്കളെ പോലെ പിൻതുടർന്നു. ബാല്യത്തിൽ നിന്ദിക്കപ്പെട്ടതും മാറ്റി നിർത്തപ്പെട്ടതും ചവിട്ടിത്താഴ്‌ ത്തപ്പെട്ടതും ഓർത്തപ്പോൾ കർണ്ണന് തൊണ്ട വരണ്ടു. ആചമനം ചെയ്ത ഗംഗാജലത്തിനു വല്ലാത്ത കയ്പ്പ് തോന്നി. രാജകുമാരന്മാരുടെ അരങ്ങേറ്റത്തിന് സ്വന്തക്കാർക്കും ബന്ധുക്കാർക്കും പൗരജനത്തിനും യഥായോഗ്യം എല്ലാം കാണാനുള്ള ഒരു സ്ഥലം അലങ്കരിച്ച് ശരിപ്പെടുത്തിയിരുന്നു. മഹാരാജാവും മഹാറാണിയും മറ്റുള്ളവരും യഥാസ്ഥാനങ്ങളിൽ വന്നിരുന്നു. രാജകുമാരന്മാരായ പാണ്ഡവരും കൗരവരും തമ്മിൽ മൈതാനത്ത് ഏറ്റുമുട്ടി. പലവിധത്തിലുള്ള യുദ്ധമുറകൾ പരീക്ഷിച്ചതു കാരണം അന്തരീക്ഷം മേഘഗർജ്ജനം പോലെ ശബ്ദമുഖരിതമായി. ഒടുവിൽ ആചാര്യൻ തൻ്റെ ബ്രഹ്മാസ്ത്രം എടുത്തു. അർജുനൻ!
ഗുരുവിനെ നമിച്ച് അവൻ തൻ്റെ അസ്ത്ര പ്രയോഗസാമർത്ഥ്യം വിദഗ്ദ്ധമായി പ്രദർശിപ്പിച്ചു. ജനങ്ങൾ കരഘോഷവും മുഴക്കി. എട്ടുനാടും പൊട്ടിയുള്ള ആ ശബ്ദഘോഷം കേട്ടപ്പോൾ ദുര്യോധനൻ്റെ മുഖം ആകാശം പോലെ വിളറി വെളുത്തു.

വര: പ്രസാദ് കാനത്തുങ്കൽ

അർജുനൻ സദസ്സിനെ വെല്ലുവിളിച്ചു. അവൻ്റെ വെല്ലുവിളി ഏറ്റെടുക്കുവാൻ ആരും തന്നെ തയ്യാറായില്ല. പാർത്ഥൻ്റെ കണ്ണുകളിലെ ഗർവ്വ് കണ്ടപ്പോൾ കർണ്ണൻ അമാന്തിച്ചില്ല. ഗുരുവിനെ നമസ്ക്കരിച്ച് മധ്യമപണ്ഡവൻ കാട്ടിയ വിദ്യകൾ ഓരോന്നായി കാണിച്ചുകൊടുത്തു. അവ കാണികളുടെ ഇടയിൽ ഒരു തർക്കത്തിനു കാരണമായി.

ആരാണ് കേമൻ ? അർജുനനോ കർണ്ണനോ?
അപ്പോൾ ദുര്യോധനൻ പറഞ്ഞു..
“ഇവർ തമ്മിൽ ഒരു ദ്വന്ദയുദ്ധം നടത്തി സാമർത്ഥ്യം തെളിയിക്കട്ടെ.”

മല്ലയുദ്ധത്തിനു സന്നദ്ധനായി കർണ്ണൻ അരമുറുക്കി. അത് പാണ്ഡവർക്ക് ഇഷ്ടപ്പെട്ടില്ല. സൂതകുലത്തിൽ പിറന്ന ഒരു വരത്തൻ ക്ഷത്രിയനെ വെല്ലുവിളിക്കുകയോ? അവർ വേദിയിലിരിക്കുന്ന ഗുരുനാഥന്മാരുടെ മുഖത്തേക്ക് ഉറ്റുനോക്കി. കൃപൻ എഴുന്നേറ്റു.

“രാജാവേ, സമൻമാർ തമ്മിലാണ് ദ്വന്ദയുദ്ധം നടത്തുക. ഇതാ കുരുവംശജാതനും കുന്തിപുത്രനും പാണ്ഡുനന്ദനനും ആയ അർജുനൻ നിൽക്കുന്നു.”
പാർത്ഥൻ രാജാവിനെ വന്ദിച്ചു.

കൃപൻ കർണ്ണൻ്റെ നേരേ തിരിഞ്ഞു.
“ഹേയ് കർണ്ണാ, നിൻ്റെ കുലമേത്? നിൻ്റെ വംശമേത്? അമ്മയാര്? അച്ഛനാര്?
കർണ്ണൻ നിശബ്ദനായി.

മൈതാനത്തിൽ നിന്ന് ഒരു കൂട്ടച്ചിരി ഉയർന്നു. അസ്ത്രവിദ്യ കാട്ടിയപ്പോൾ പ്രോത്സാഹിപ്പിച്ച ജനങ്ങൾ എല്ലാം മറന്ന് പരിഹസിച്ചു. കർണ്ണന് വല്ലാത്ത പാരവശ്യം തോന്നി. ഒരു കവിൾ ജലം കൂടി കുടിച്ചുതീർത്തു. ദുര്യോധനൻ്റെ കാരുണ്യത്തിൽ അംഗരാജാവായി. പക്ഷേ, കുലമേത്, അമ്മയാര്, അച്ഛനാര് എന്ന ചോദ്യങ്ങൾ തുടർന്നു കൊണ്ടിരുന്നു. പ്രതിബിബം പോലെ അവ എവിടെയും മുന്നിൽ നടന്നു. എങ്കിലും തളർന്നില്ല. വാശിയോടെ അസ്ത്രങ്ങൾ ലക്ഷ്യത്തിലേക്ക് എയ്തു. പക്ഷേ,ഒരിക്കൽ പോലും ദ്രോണാചാര്യൻ അഭിനന്ദിച്ചില്ല. ആവനാഴിയിൽ നിന്ന് വാത്സല്യം മുഴുവൻ എടുത്തു നൽകിയത് പ്രിയശിഷ്യനായ അർജുനനായിരുന്നു. അതിൽ ഇടറിയില്ല. കൂടുതൽ വാശിയോടെ പഠിച്ചു. അർജുനനും വാശിയായി. ഗുരുവിനെ പ്രീതിപ്പെടുത്തി അണ്ഡകടാഹങ്ങളെ ചുട്ടെരിക്കുന്ന ബ്രഹ്മാസ്ത്ര വിദ്യ സ്വായത്തമാക്കി. ആ വിദ്യ പഠിക്കണമെന്ന് കർണ്ണനും മനസ്സിൽ ആഗ്രഹം ജനിച്ചു. ഗുരുവിനെ കണ്ട് അപേക്ഷിച്ചു. ദ്രോണർ ചിരിച്ചു.

“നീ ക്ഷത്രിയനല്ലല്ലോ… ക്ഷത്രിയൻമാർക്കും ബ്രാഹ്മണർക്കും മാത്രമേ ബ്രഹ്മാസ്ത്ര വിദ്യ പഠിക്കാൻ പാടുള്ളു എന്നതാണ് ശാസ്ത്രം.”
കർണ്ണന് കടുത്ത ഇച്ഛാഭംഗം തോന്നി.

അന്ന് ആദ്യമായി മനസ്സ് നൊന്തു. സൂതകലത്തിൽ ജനിച്ചു പോയതിൽ ഹൃദയം നുറങ്ങി. പക്ഷേ, പിൻവാങ്ങിയില്ല. മഹേന്ദ്രഗിരിയിൽ വസിക്കുന്ന ഒരു മുനി ബ്രഹ്മാസ്ത്ര വിദ്യ പഠിപ്പിക്കുന്നുണ്ടെന്ന് കൂട്ടുകാരിൽ ഒരാൾ പറഞ്ഞു കേട്ടു. കർണ്ണൻ സന്തുഷ്ടനായി. പക്ഷേ, അദ്ദേഹം ബ്രാഹ്മണരെ മാത്രമേ പഠിപ്പിക്കുകയുള്ളു. അവൻ നിരാശനായി. അവൻ ഒരു ഉപായം പറഞ്ഞു കൊടുത്തു. അങ്ങിനെയാണ് ഒരു മുനികുമാരൻ്റെ വേഷം ധരിച്ച് ഗുരുവിൻ്റെ അടുത്ത് ചെന്നത്.ബ്രാഹ്മണ കുലത്തിൽ ജനിച്ചവനാണെന്ന് കേട്ടപ്പോൾ പരശുരാമൻ്റെ പുരികങ്ങൾ വില്ലുപോലെ വളഞ്ഞു. എണ്ണിയാൽ ഒടുങ്ങാത്ത അസ്ത്രങ്ങൾ മിഴികളിൽ നിറച്ചിരുന്നു. പരശുരാമൻ കർണ്ണനിൽ സംപ്രീതനായി.

ഒരിക്കൽ ആശ്രമമുറ്റത്ത് ശിഷ്യന്മാർ അസ്ത്രവിദ്യ അഭ്യസിക്കുമ്പോൾ കാട്ടിൽ മേയുന്ന ഒരു മാനിനെ കണ്ടു. അതിനെ വീഴ്ത്താനായി ഒരാൾ അസ്ത്രങ്ങൾ തൊടുത്തു. പക്ഷേ, ലക്ഷ്യത്തിൽ കൊണ്ടില്ല. കർണ്ണൻ പുഞ്ചിരിച്ചു. ഒരു ശരം വിട്ടു. തൽക്ഷണം ഒരു മൃഗം നിലം പതിച്ചു. അവൻ കർണ്ണനെ അഭിനന്ദിച്ചു. പക്ഷേ, അതൊരു മഹർഷിയുടെ പശുവായിരുന്നു. കർണ്ണൻ ക്ഷമയാചിച്ചെങ്കിലും ആ മുനിവര്യൻ ചെവിക്കൊണ്ടില്ല. കണ്ണുകളിൽ ഉഗ്രകോപം ജ്വലിച്ചു.
“നീ പോരിന്റെ നിർണായക ഘട്ടത്തിൽ നിൻ്റെ തേർച്ചക്രങ്ങൾ ഭൂമിയിൽ താണുപോകട്ടെ!”

ബ്രാഹ്മണ ശാപം ഓർത്തപ്പോൾ കർണ്ണൻ്റെ കരം വിറച്ചു. ഉച്ചയ്ക്ക് ആശ്രമത്തിൻ്റെ ഇറയത്താണ് പരശുരാമൻ വിശ്രമിച്ചിരുന്നത്. പ്രിയപ്പെട്ട ശിഷ്യൻ്റെ മടിയിൽ തലവെച്ചാണ് ശയിച്ചിരുന്നത്. ഒരിക്കൽ കർണ്ണൻ്റെ മടിയിൽ ഉറങ്ങുമ്പോൾ എവിടെ നിന്നോ ഒരു വണ്ട് പറന്നെത്തി. നിശ്ചലനായി ഇരിക്കുന്ന കർണ്ണനെ കണ്ടപ്പോൾ അതിന് ഒരു രസം തോന്നി. കൂർത്തിരുന്ന കൊമ്പുകൾ കൊണ്ട് അവൻ്റെ തുടയിൽ തുളച്ചുതുടങ്ങി. കർണ്ണൻ പുളഞ്ഞു.
അസഹനിയമായ വേദന തോന്നിയെങ്കിലും ആ വണ്ടിൻ്റെ ശല്യം സഹിച്ചു. കാരണം ഗുരുവിൻ്റെ നിദ്രക്ക് വിഘ്നം വരരുത്. വണ്ട് തുളച്ചുതുളച്ച് കയറിയപ്പോൾ തുടയിലെ മുറിവിൽ നിന്ന് ചോര വസന്തത്തിലെ നീർച്ചാൽ പോലെ ഒഴുകി. ചുടുരക്തം വീണ് ഗുരുവിൻ്റെ ദേഹം നനഞ്ഞു. പരശുരാമൻ ഉണർന്നു.
“എന്താ ഭാർഗവകുമാരാ”
ദുഷ്കർമ്മിയായ ആ വണ്ടിനെ ചൂണ്ടി കാണിച്ചു കൊടുത്തു. പരശുരാമൻ കോപിച്ചു. കണ്ണുകളിൽ നിന്നുള്ള ഉഗ്രകിരണമേറ്റ് വണ്ട് കത്തി ചാമ്പലായി.
കർണ്ണൻ മുറിവ് കെട്ടി. ശിഷ്യൻ്റെ മുറിവുകണ്ടപ്പോൾ ഗുരുവിന് ഒരു സംശയം തോന്നി. ഇത്രയും കഠിനമായ വേദന സഹിക്കാനുള്ള കഴിവ് ഒരു ബ്രാഹ്മണനുണ്ടോ?
“സത്യം പറയൂ നീ ബ്രാഹ്മണ കുലത്തിൽ പിറന്നവനാണോ?”
കർണ്ണൻ തലകുനിച്ചു.
“സത്യം പറഞ്ഞില്ലെങ്കിൽ നിന്നെ നാം ശപിക്കും.”
കർണ്ണൻ കാൽക്കൽ വീണു.
“ഗുരോ, ഹസ്തിനപുരിയിലെ സൂതനായ അതിരഥൻ്റെയും രാധയുടെയും പുത്രനാണ് ഞാൻ. ബ്രഹ്മാസ്ത്രവിദ്യ പഠിക്കാനുള്ള മോഹം കൊണ്ടാണ് ഞാൻ വ്യാജം പറഞ്ഞത്. അങ്ങ് എന്നോട് പൊറുക്കണം.”
പരശുരാമൻ്റെ കോപം ഇരട്ടിയായി
“ഹോ വഞ്ചക, കളവു പറഞ്ഞ് പഠിച്ച വിദ്യ അത്യാവശ്യസമയത്ത് നീ മറന്നു പോകട്ടെ.”

പരശുരാമൻ്റെ ശാപം ഓർത്തപ്പോൾ കർണ്ണൻ്റെ ഹൃദയം വിറച്ചു. ഗംഗയിൽ നിന്ന് ഒരു കുമ്പിൾ ജലമെടുത്ത് കർണ്ണൻ പ്രോക്ഷണം ചെയ്തു. ഒഴുകുന്ന പുഴയിലേക്ക് തെറിച്ചുവീണ നാലഞ്ച് തുള്ളികൾ പരിഹസിക്കുന്നതു പോലെ കർണ്ണന് തോന്നി. ബ്രഹ്മജ്ഞാനം നേടിയ ആചാര്യന് ശിഷ്യൻ്റെ പെരുവിരൽ മുറിച്ചു വാങ്ങാം. നിലം തൊട്ട് മാപ്പ് അപേക്ഷിച്ചാലും കണ്ണടച്ച് ശപിക്കാം. ഇതെന്ത് നീതിയാണ്?

മൂപ്പൻ പറഞ്ഞതു പോലെ ദളിതർ പോരാടേണ്ടത് ചെറിയ കുറ്റങ്ങൾക്ക് പോലും വലിയ ശിക്ഷ നിയാമകമായ ഒരു വ്യവസ്ഥയോടാണ്. തോൽക്കുന്ന യുദ്ധങ്ങൾ! അതുകൊണ്ട് തന്നെ സൂത ജീവിതത്തിൽ ധർമ്മാധർമ്മങ്ങൾ അനുസരിക്കുന്നതിൽ ഒരത്ഥവും ഇല്ല. തന്നെയുമല്ല അത് വിഡ്ഢിത്തവും ആണ്.. അതുകൊണ്ട് അവസരം നോക്കി മേലാളർക്ക് കനത്ത പ്രഹരം ഏൽപ്പിക്കുകയാണ് വേണ്ടത്. അതിനായി നിങ്ങൾ പകയുടെ ഒരു കനലെങ്കിലും മനസ്സിൽ അണയാതെ സൂക്ഷിച്ചു വെക്കണം!

അരക്കില്ലത്തിൽ വെച്ച് പാണ്ഡവരെ ഒന്നടങ്കം ചുട്ടെരിക്കാൻ ദുര്യോധനൻ ആളെ അയച്ചപ്പോൾ കർണ്ണൻ്റെ മനസ്സിൽ പകയുടെ പന്തം ആളിക്കത്തി. പക്ഷേ, അവർ എങ്ങിനെയോ രക്ഷപ്പെട്ടു. പക്ഷേ, യുവരാജാവ് വീണ്ടും കെണിയൊരുക്കി.

പാണ്ഡവ അഗ്രജനായ ധർമ്മപുത്രർ ചൂത് കളിയിൽ തൽപ്പരനായിരുന്നു. ശകുനിയമ്മാവൻ കള്ളച്ചൂതിൽ അടിയറവ് പറയിച്ചപ്പോൾ പാണ്ഡവരും പത്നി ദ്രൗപതിയും അടിമകളായി. മായാസഭയിൽ വെച്ച് തന്നെ പരിഹസിച്ച പാണ്ഡവ റാണിയെ വിളിച്ചു വരുത്തി സഭാഗൃഹം അടിച്ചു വൃത്തിയാക്കാൻ ദുര്യോധനൻ കൽപ്പിച്ചു. പക്ഷേ, അവർ വിസമ്മതിച്ചു. യുവരാജാവിനു വാശിയായി. ഒരു അടിമയ്ക്ക് ഇത്ര അഹങ്കാരമോ? പാണ്ഡവപത്നിയെ കൂട്ടി കൊണ്ടുവരാൻ ദുശാസ്സനെ അയച്ചു. അയാളുടെ ബലത്തിനു മുന്നിൽ ദ്രൗപതിയുടെ ജൽപ്പനങ്ങൾ വില പോയില്ല. പനങ്കുല പോലെ അഴിഞ്ഞ് കിടന്ന മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ചു കൊണ്ടുവന്നു. സഭയിൽ അവൾ തൻ്റെ അടിമത്വം ചോദ്യം ചെയ്തു.

“അടിമയായ ഒരാൾക്ക് ഭാര്യയെ അടിമയാക്കാമോ?”
വികർണ്ണൻ പാഞ്ചാലിയെ അനുകുലിച്ചു. പക്ഷേ, കർണ്ണൻ എതിർത്തു.
“പുരുഷൻ അടിമയായാലും ഇല്ലെങ്കിലും ശരി സ്ത്രീ എന്നും പുരുഷൻ്റെ അടിമയാണ്.”
ആ വാദഗതിയാണ് പാഞ്ചാലിയുടെ ഏകവസ്ത്രം അഴിച്ചെടുക്കാൻ ദുശ്ശാസ്സനെ പ്രേരിപ്പിച്ചത്.

ദ്രൗപദിയിൽ നിന്ന് ഒരു അപമാനം കർണ്ണനും നേരിട്ടിരുന്നു. ത്രൈലോക്യ സുന്ദരിയായ ദ്രൗപദിയുടെ സ്വയംവരത്തിന് പിതാവ് ദ്രുപദൻ ഒരു വിളംബരം പുറപ്പെടുവിച്ചു. അത് കേട്ട് ഗംഗാതടത്തിലെ വീരന്മാർ എല്ലാം പാഞ്ചാല രാജധാനിയിൽ എത്തിചേർന്നു. പക്ഷേ, വിവാഹത്തിനു നിശ്ചയിച്ച ശൗര്യപരീക്ഷയിൽ കുടുങ്ങാനായിരുന്നു വിധി. ദുര്യോധനനും പരാജിതനായി. എന്നാൽ കർണ്ണൻ ആർക്കും കുലക്കാൻ സാധിക്കാത്ത ആ വില്ല് കുലച്ചു. പിന്നെ ആകാശത്ത് നാട്ടിയ വിചിത്രയന്ത്രത്തിൻ്റെ പഴുതിലൂടെ തൊടുക്കാനായി ഒരു ബാണം എടുത്തു. അപ്പോൾ ദ്രൗപദി ഒരു കുലസ്ത്രീയുടെ തനിനിറം കാട്ടി.

“ഞാൻ ഒരു സൂതപുത്രനെ വരിക്കുകയില്ല.”
കർണ്ണന് അരിശവും സങ്കടവും വന്നു. സ്വയംവര മത്സരത്തിൽ പങ്കെടുക്കാൻ പറകൊട്ടിയറിയിക്കുക. എന്നിട്ട് സ്വയം ലംഘിക്കുക ?
കർണ്ണൻ ചുറ്റിനും നോക്കി. മഹാത്മാക്കളായ കറച്ച് മുനിമാരും രാജാക്കന്മാരും സദസ്സിൽ ഇരുന്നിരുന്നു. അധർമ്മത്തിനെതിരെ ഒരു വാക്ക് ഉരിയാടാൻ മടിച്ചു.
കർണ്ണൻ വില്ല് താഴെ വെച്ചു. താഴ്ന്ന ജാതിയിൽ ജനിച്ചതിൻ്റെ പേരിൽ ആദ്യമായല്ല അപമാനിക്കപ്പെടുന്നത്. പക്ഷേ, ഒരു പെണ്ണിൽ നിന്ന് അവഹേളനം ഉണ്ടായപ്പോൾ ഹൃദയത്തിൽ ഒരു ബ്രഹ്മാസ്ത്രം കൊണ്ടതു പോലെ തോന്നി. അന്നു മനസ്സിൽ കുറിച്ചിട്ടു.

അകലെ കുന്നിന് മുകളിൽ സായാഹ്ന സൂര്യൻ ചുവന്നിരുന്നു. ചുവന്ന പട്ട് ചേല പോലെ പശ്ചിമാംബരവും തുടുത്തു. താഴ്വരയിൽ നുഴഞ്ഞുകയറുന്ന ഇരുട്ടിനെ കണ്ട് കർണ്ണൻ നിശ്ചലനായി.

അജ്ഞാതവാസം കഴിഞ്ഞ് പാണ്ഡവർ കരാർ പ്രകാരം രാജ്യം മടക്കി ചോദിച്ചു. ദുര്യോധനൻ ചിരിച്ചു. അർജുനന് വാശിയായി.

“യുദ്ധം കൂടാതെ കഴിച്ചാൽ കൗരവർക്ക് സന്തോഷമായി ജീവിക്കാം. യുദ്ധം തുടങ്ങിയാൽ പിന്നെ നിങ്ങളിൽ ഒരാൾ പോലും ജീവിക്കില്ല. കാരണം ഞങ്ങൾക്ക് തുണയായി ഭഗവാൻ കൃഷ്ണനുണ്ട്. അതുകൊണ്ട് ഇതിൽ ഏതാണ് ഇഷ്ടമെന്ന് ദുര്യോധനന് തീർച്ചപ്പെടുത്താം.”

പാർത്ഥൻ്റെ സന്ദേശം കേട്ട് കൗരവസഭയാകെ സ്തംഭിച്ചു പോയി. അത്ഭുതം കോപം, താപം, ഭയം വ്യസനം. പശ്ചാത്താപം മുതലായ വികാരങ്ങൾ സദസ്യരുടെ മുഖത്ത് തെളിഞ്ഞു. ഭീഷ്മർ ഒരു ഒളിയമ്പ് എയ്തു.
“ഉണ്ണി ദുര്യോധനാ, സ്വന്തം തപസ്സുകൊണ്ട് ത്രിലോകത്തെ വെല്ലുന്ന നരനാരായണൻമാരാണ് ശ്രീകൃഷ്ണാർജ്ജുനമാർ അവരെ ജയിക്കാൻ നിനക്ക് കഴിയുമോ?”

പിതാമഹാൻ്റെ തിരുവായ്ക്കെതിരെ ഉരിയാടാൻ സദസ്യർ ഭയന്നു. എന്നാൽ കർണ്ണൻ മടിച്ചില്ല.
“ശത്രുക്കളോട് എതിർക്കുകയെന്നതാണ് ക്ഷത്രിയ ധർമ്മം. അവരെ ഭയപ്പെട്ട് സന്ധി ചെയ്യുന്നത് അങ്ങയെ പോലുള്ള വീരന്മാർക്ക് ചേർന്നതല്ല. അത് ഭീരുത്വമാണ്. പാണ്ഡവൻമാരെപ്പറ്റി അങ്ങ് എത്ര കണ്ട് പുകഴ്ത്തിയാലും എതിർത്തു വന്നാൽ അവരെയെല്ലാം കൊല്ലാനുള്ള അസ്ത്രങ്ങൾ എനിക്കുണ്ട്.”

പക്ഷേ, ഭീഷ്മർക്ക് ആ വീരവാദം ഇഷ്ടപ്പെട്ടില്ല. ഒരിക്കൽ കൂടി കാളകൂടം ചീറ്റി..
“ഹേ സൂതപുത്രാ, നിൻ്റെ ഈ ആത്മപ്രശംസയെല്ലാം പാർത്ഥനെ മുമ്പിൽ കാണുന്നതുവരെയേ ഉണ്ടാവുകയുള്ളൂ. യുദ്ധവീരനായ കിരീടിയെവിടെ? നരാധമനും ഭീരുവുമായ നീയെവിടെ? വെറുതെ വീമ്പു പറയുന്ന ഇവൻ വെറും സൂതബുദ്ധിയാണ്. സിംഹത്തിൻ്റെ മുമ്പിൽ കുറുക്കൻ ചെന്നാൽ എന്തുണ്ടാകുമോ, അതാണ് ഉണ്ടാകുക.”

ഭീഷ്മരുടെ ‘നാരായാണാസ്ത്ര’മേറ്റ് കർണ്ണൻ നിശ്ചേതനായി.

രാജസദസ്സിൽ നിന്നേറ്റ അപമാനം കഴുകി ക്കളയാനായി നേരെ ഗംഗയിൽ ചെന്ന് മുങ്ങിക്കുളിച്ചു. അസ്ഥികൾ കോച്ചുന്ന ഗംഗയുടെ നീരൊഴുക്കിൽ മുങ്ങി നിവർന്നാൽ ആജന്മപാപങ്ങളെല്ലാം തീർന്നു പോകുമെന്നാണ് ചൊല്ല്. പക്ഷേ, ഭീഷ്മരുടെ അധിക്ഷേപം വേർപിരിയാൻ മടിച്ചു. ഒരിക്കൽ കൂടി ഗംഗയിൽ മുങ്ങിക്കുളിക്കുമ്പോൾ കർണ്ണൻ ഓർത്തു. എത്ര കഴുകിയാലും തൈലം തളിച്ചാലും സൂതഗന്ധം തന്നെ വിട്ടു പോകില്ല’. അതിൽ നിന്ന് തനിക്കും പുത്രൻമാർക്കും ഒരിക്കലും മോചനം ഇല്ല. മരണം വരെ കാറ്റു പോലെ ആ ഗന്ധം തങ്ങളെ പിൻതുടരും.

സ്നാനം കഴിഞ്ഞ് കർണ്ണൻ നദിയിൽ നിന്നു കയറി. ശിരസ്സിൽ നിന്ന് ഒലിച്ചിറങ്ങിയ ജലകണങ്ങളെ നദിയിൽ നിന്നു വീശിയ കാറ്റ് ഒപ്പിയെടുത്തു. പടവുകൾ കയറുമ്പോൾ കൃഷ്ണൻ പറഞ്ഞത് ഓർമ്മ വന്നു.

“നീ രാധയുടെയും അതിരഥൻ്റെയും പുത്രനല്ല. വിവാഹത്തിനു മുമ്പ് കുന്തീ ദേവിക്ക് പിറന്ന പുത്രനാണ്. ഈ സത്യം അറിഞ്ഞാൽ യുധിഷ് ഠിരൻ നിൻ്റെ കാൽക്കൽ വീണ് നമസ്ക്കരിക്കും.പിന്നെ നീയായിരിക്കും പാണ്ഡവരുടെ രാജാവ്”

കർണ്ണൻ ചിരിച്ചു.
“ദുര്യോധനൻ എന്നെ അംഗരാജ്യത്തിന് അധിപനാക്കിയപ്പോൾ എൻ്റെ മാതാവാര് ? പിതാവാര്? കുലമേത്? എന്ന ചോദ്യങ്ങൾക്ക് അവസാനമാകുമെന്ന് വിചാരിച്ചു. പക്ഷേ, അത് തുടർന്നു. ഇനിയിപ്പോൾ കുരുവംശത്തിൻ്റെ സിംഹാസനത്തിൽ ആസനസ്ഥനായാലും ആ ചോദ്യങ്ങൾ തുടരില്ല എന്നതിന് എന്താണ് ഉറപ്പ്?
അപ്പോൾ കൃഷ്ണൻ ചക്രായുധം എടുത്തു.
“കർണ്ണാ, നീ ഒരു വാക്ക് പറഞ്ഞാൽ പാണ്ഡവ രാജ്ഞിയായ ദ്രൗപതി നിനക്ക് വേണ്ടി തല്പം വിരിക്കും. നീ അവളുടെ ആറാമൂഴക്കാരനാകും. ഒരിക്കൽ നിന്നെ അപമാനിച്ച രാജകുമാരി നിൻ്റെ പുത്രൻമാരെ ഉദരത്തിലും വഹിക്കും.”
കർണ്ണൻ്റെ കണ്ണുകൾ തിളങ്ങി.

ഒരിക്കൽ ഹൃദയത്തിൽ കുടിയേറിയ പാഞ്ചാലിയെ ആശ്ലേഷിക്കാൻ കഴിയും .ആ ലാവണ്യത്തെ ഒന്ന് മാറോട് ചേർത്താൽ ഒരു പക്ഷേ, ഇതപര്യന്തമുള്ള കദനങ്ങളെ അടക്കാനും കഴിയും.

“ശരി, അങ്ങ് പറഞ്ഞത് പോലെ ഞാൻ ആറാം ഊഴക്കാരനാകും. പക്ഷേ, ആ ഹൃദയത്തിൽ ഈ സൂതപുത്രന് ഒരിടം ലഭിക്കുമോ?”

സ്ത്രീഹൃദയത്തിന്റെ ഉള്ളറകൾ അറിയുന്ന കൃഷ്ണൻ നിശ്ശബ്ദനായി.

ഒരിക്കൽ കൂടി കാറ്റ് വിശി. അകലെ ചമ്പഗിരിക്കു മുകളിൽ കെടാൻ പോകുന്ന പന്തം പോലെ സൂര്യൻ ആളിക്കത്തി. മണൽപ്പരപ്പിൽ വീണ നിഴലുകൾ ഭൂതം കണക്കെ വളർന്നിരുന്നു. സൂര്യഭഗവാനെ നോക്കി കർണ്ണൻ രക്ഷാമന്ത്രം ജപിച്ചു തുടങ്ങി. നയനങ്ങൾ സന്ധ്യപോലെ അർദ്ധനിമീലിതങ്ങളായി. ഗംഗയുടെ തീരത്ത് ഗായത്രിമന്ത്രം മുഴങ്ങി. ആകാശത്ത് സൂര്യൻ കെട്ടിരുന്നു. എങ്കിലും മാനത്ത് ഒരു തുണ്ട് വെളിച്ചം ശേഷിച്ചു.

അകലെ നിന്ന് ആരോ വരുന്ന പദസ്വനം കർണ്ണൻ കേട്ടു. നദിതീരത്തേക്കുള്ള കാട്ടുപാതയിലൂടെ ആരോ വരുന്നുണ്ട്. ധർമ്മപുത്രർ ആരെയെങ്കിലും ചട്ടം കെട്ടി അയച്ചതാണോ? നാട്ടുവെളിച്ചത്തിൽ രണ്ടു സ്ത്രീകൾ മണൽപ്പരപ്പിലേക്ക് നടന്നുവരുന്നത് കണ്ടു.
ആരാണവർ?
ഒരു പക്ഷേ, കൃഷ്ണൻ ശട്ടം കെട്ടി അയച്ചതാണോ?

മണൽപ്പരപ്പിൽ നിശ്ചലനായി നിൽക്കുന്ന കർണ്ണനെ കണ്ട് പരിചാരിക പിൻവാങ്ങിയപ്പോൾ കുന്തീദേവി തനിച്ചായി. ഹൃദയത്തിൽ നിറഞ്ഞ ധൈര്യമെല്ലാം ചോർന്നു. ഒടുവിൽ ഭഗവാനെ ധ്യാനിച്ച് ഒരു വിധം പറഞ്ഞു.

“മകനെ , എന്നു വിളിക്കാൻ എനിക്ക് അർഹതയില്ല. എങ്കിലും നിന്നെ ഒമ്പതു മാസം ഉദരത്തിൽ വഹിച്ച അമ്മയാണ് ഞാൻ.”
വടക്കുനിന്ന് ഒരു കാറ്റ് വീശി. കുഞ്ഞ് നഷ്ടപ്പെട്ട ഒരമ്മയുടെ നിലവിളി ആ കാറ്റിൽ മുഴങ്ങി. ജനനം മുതൽ പിൻതുടർന്ന വേദനയും അപമാനങ്ങളും വിസ്മരിച്ച് കർണ്ണൻ പറഞ്ഞു.

“അഭിവന്ദ്യയായ എൻ്റെ മാതാവേ, എൻ്റെ ഈ ശരീരവും തുച്ഛമായ പ്രാണനും അവിടുത്തെ ദാനമാണ്. ഞാൻ അങ്ങയെ നമിക്കുന്നു.”
അയാൾ ശിരസ്സ് നമിച്ചു.

സൂതതെരുവിൽ വളരുന്ന മകനെക്കുറിച്ച് പരിചാരിക പറഞ്ഞ് കുന്തിദേവി കേട്ടിരുന്നു. പക്ഷേ, നാണക്കേട് ഓർത്ത് പുത്രനെ കാണാനുള്ള മോഹം മനസ്സിലൊതുക്കി. പുത്രൻമാരുടെ അരങ്ങേറ്റ സമയത്താണ് കർണ്ണനെ നേരിൽ കാണുന്നത്. ഹൃദയത്തിൽ അഭിമാനം തോന്നി. പക്ഷേ, അത് ഒരു ദ്വന്ദയുദ്ധത്തിലേക്ക് വഴിതെളിച്ചപ്പോൾ ഉള്ളം കാറ്റത്തെ കരിയി ല പോലെ വിറച്ചു. ചോരക്കുഞ്ഞിനെ നദിയിൽ ഉപേക്ഷിച്ച തെറ്റിൻ്റെ അനന്തരഫലം. അപ്പോൾ സത്യം വിളിച്ചുപറയാൻ തോന്നിയതാണ്.

“കർണ്ണൻ എൻ്റെ മകനാണ്.”
പക്ഷേ, മടിച്ചു.സുയോധനൻ്റെ പരിഹാസത്തിനു മുന്നിൽ ജീവിതകാലം മുഴുവൻ ചൂളിപോകുന്ന പുത്രന്മാരെക്കുറിച്ച് ഓർത്തപ്പോൾ കണ്ണടച്ചു. കാലങ്ങളോളം ഗാന്ധാരിയമ്മയെ പോലെ മിഴിയടച്ചു.. ഒടുവിൽ ജേഷ്ഠൻ്റെ കരത്താൽ അനുജന്മാർ മരിക്കുന്ന ഗതികേട് കൃഷ്ണൻ ഓർമ്മിപ്പിച്ചപ്പോൾ നയനങ്ങൾ തുറന്നു. പിന്നെ പകൽ മായാൻ കാത്തിരുന്നു.

കുന്തിയുടെ മാറിടം തുടിച്ചു.
“മകനെ, മാപ്പ്. അല്ലാതെ എന്ത് വാക്കാണ് നിന്നോട് ഞാൻ പറയുക.”
കർണ്ണൻ അമ്മയെ സാന്ത്വനിപ്പിച്ചു.
“അമ്മ സങ്കടപ്പെടരുത്. എന്നെ ഉപേക്ഷിച്ചതോർത്ത് ഒട്ടും വിഷാദിക്കേണ്ട, എല്ലാം വിധിയാണ്.”
മകൻ്റെ വാക്കുകൾ കുന്തിയെ അമ്പരപ്പിച്ചു. സൂതത്തെരുവിൽ വളർന്നതാണ് കർണ്ണൻ. എങ്കിലും കുലീനരെ പോലെയാണ് ആ വാക്കുകളും ചിന്തകളും. ഇത്രയും യോഗ്യനായ ഒരു മകനെ ഉപേക്ഷിക്കേണ്ടി വന്നതിൽ അവരുടെ നെഞ്ച് വിങ്ങിപ്പൊട്ടി. മണൽപ്പരപ്പിൽ ഒരു കണ്ണീർകണം വീണു.
“ശരിയാണ് എല്ലാം വിധിയാണ്”
കർണ്ണൻ നെടുവീർപ്പെട്ടു. “ആസന്നമായ കൗരവ,പാണ്ഡവ ബലപരീക്ഷയിൽ ആരൊക്കെ ശേഷിക്കുമെന്ന് ഒരു നിശ്ചയവും ഇല്ല. പ്രണയം പോലെ അനിശ്ചിതമാണ് മഹായുദ്ധത്തിലെ ജയവും. അതിൽ ആരൊക്കെ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യും എന്ന് സാക്ഷാൽ കൃഷ്ണനു പോലും അറിയില്ല.
“അമ്മയെ ഒന്നു കാണാനായല്ലോ.. സന്തോഷമായി.”
കുന്തിക്ക് സമാധാനമായി. കൃഷ്ണൻ പറഞ്ഞതു പോലെ രാജാവാകാൻ സർവ്വഥാ യോഗ്യൻ തന്നെ. അവർ മകൻ്റെ കരം കവർന്നു .
“ജീവിതത്തിൽ ചെയ്ത ഒരു തെറ്റിനു എനിക്ക് പരിഹാരം ചെയ്യണം. മകനേ, നീ എൻ്റെ കൂടെ വീട്ടിലേക്ക് വരണം. ഇനിയുള്ള കാലം നീ പാണ്ഡവഭവനത്തിൽ അനുജന്മാരോടൊപ്പമാണ് കഴിയേണ്ടത്.”
കർണ്ണൻ നിരസിച്ചു.
“അതു പാടില്ല അമ്മേ , കാരണം ഞാൻ വന്നാൽ അത് എന്നെ പൊന്നു പോലെ വളർത്തിയ അമ്മക്കും അച്ഛനും വല്ലാത്ത മനപ്രയാസമുണ്ടാകും. അവരെ വിഷമിപ്പിക്കാൻ എനിക്ക് വയ്യാ.”
കുന്തി വാശിപിടിച്ചു.
“മകനേ കർണ്ണാ, നീ വന്നാൽ ദുര്യോധനൻ ഒരു സമാധാനസന്ധിക്ക് തയ്യറാകും. ആയിരക്കണക്കിന് അമ്മമാർക്ക് ആൺമക്കളെ നഷ്ടപ്പെടില്ല, ഭാര്യമാർക്ക് ഭർത്താക്കന്മാരെയും”
കർണ്ണൻ തലയാട്ടി.
“ഒക്കെ ശരിയാണ്. അംഗരാജ്യത്തിൻ്റെ രാജസ്ഥാനം നൽകിയ യുവരാജാവിനെ ഉപേക്ഷിച്ച് മഹാരാജാവായാൽ സമസ്ത ലോകവും അമ്മയുടെ മകനെ ചതിയനെന്ന് പഴിക്കുന്നത് കേൾക്കണമോ?”
മകൻ്റെ ദുർഘടസ്ഥിതി കണ്ട് മനസ്സലിഞ്ഞു..
“ഇല്ല. നിന്നെ ഞാൻ നിർബന്ധിക്കില്ല. എങ്കിലും പോരാട്ടത്തിന് ഇറങ്ങുമ്പോൾ മകനെ ഒരു കാര്യം മറക്കരുത്. എതിർ ഭാഗത്ത് നിൽക്കുന്നവരിൽ നിൻ്റെ കൂടെപ്പിറപ്പുകളുണ്ട്.”
കർണ്ണൻ തലയാട്ടി.
“അമ്മ ഭയപ്പെടെണ്ടാ. അമ്മയുടെ മക്കളിൽ അർജുനനെ മാത്രമേ ഞാൻ നേരിടുകയുള്ളു.”
കുന്തി തളർന്നു. കർണ്ണൻ ആശ്വസിപ്പിച്ചു.
“അമ്മ ഒട്ടും ദു:ഖിക്കണ്ട. ഈ മഹായുദ്ധത്തിൽ ജയിക്കുക അർജുനനാണ്. കാരണം എനിക്ക് ഒരു ശാപമുണ്ട്.”
കുന്തി തുറിച്ചു നോക്കി.
“അത്യാവശ്യ സമയത്ത് ഞാൻ പഠിച്ച അസ്ത്ര വിദ്യ മറന്നു പോകുമെന്ന് ഗുരുശാപമുണ്ട്….. അതുകൊണ്ട് ഈ മഹായുദ്ധത്തിൽ പാണ്ഡുവിൻ്റെ മക്കൾക്കാണ് ജയം”
ബ്രഹ്മണശാപം കേട്ട് കുന്തി നിലവിളിച്ചു.
“മകനേ, കർണ്ണാ”
കർണ്ണന് ആത്മവ്യഥ തോന്നി.
“സാരമില്ല അമ്മേ, ശാപങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങാൻ സൂതപുത്രൻ്റെ ജീവിതം എന്തിന് ബാക്കിയാവണം?”

കർണ്ണനെ പുഴയിൽ ഉപേക്ഷിച്ചതിൽ കുന്തിക്ക് കഠിനമായ കുറ്റബോധം തോന്നി. ഒരു വാക്ക് ക്ഷമാപണം പറഞ്ഞെങ്കിലേ തൻ്റെ ആത്മാവിന് സ്വസ്ഥത ലഭിക്കുകയുള്ളൂ.
“മകനെ, ഈ അമ്മക്ക് മാപ്പുതരു”
കർണ്ണൻ നിലവിളിച്ചു.
“ജന്മം തന്ന മാതാവ് മകനോട് മാപ്പ് ചോദിക്കരുത്. മറിച്ചേ ആകാവു. ഒരിക്കലും അപേക്ഷിക്കരുത് അവിടുന്ന് കല്പിക്കണം”
കർണ്ണൻ്റെ വാക്കുകൾ കേട്ട് കുന്തിദേവി അതീവ ദു:ഖിതയായി
“മകനേ ,നിനക്കു വേണ്ടി ഇതുവരെ ഒന്നും ചെയ്യാൻ ഈ അമ്മക്ക് കഴിഞ്ഞിട്ടില്ല. പറയുക, നിനക്കെന്താണ് വേണ്ടത്?”
കർണ്ണൻ നിശബ്ദനായി
യുദ്ധത്തിനു ഇറങ്ങുമ്പോൾ ശത്രുക്കൾ കുലനാമം വിളിച്ച് അപമാനിക്കാതിരിക്കില്ല. അപ്പോൾ ആത്മധൈര്യം പകരാൻ നെഞ്ചിൽ അമ്മയുടെ പ്രിയപ്പെട്ട ഓർമ്മകൾ ഉണ്ടാവണം.
കർണ്ണൻ അമ്മയുടെ പാദങ്ങളിൽ വീണു. ഒരു തുള്ളി കണ്ണീർക്കണം പാദത്തിൽ പതിഞ്ഞു. അടുപ്പത്ത് നിന്ന് തെറിച്ച എണ്ണത്തുള്ളി വീണ പോലെ കുന്തിക്ക് പൊള്ളി. അവർ ഒന്നനങ്ങി. അപ്പോൾ കർണ്ണൻ ഒരു നുള്ള് പാദരേണുക്കൾ എടുത്ത് മാറോട് ചേർത്തു.
ഇരുളിൽ കുന്തി വിങ്ങിപ്പൊട്ടി.
രാത്രിയായത് പരിചാരിക ഓർമ്മിപ്പിച്ചപ്പോൾ കുന്തി യാത്ര പറഞ്ഞു.
“അനാമയം സ്വസ്തി”
അവർ നടന്നു. ശിരസ്സ് കുനിച്ച് വിജനമായ മണൽപ്പരപ്പിലൂടെ നടന്നകലുന്ന അമ്മയെ കണ്ട് കർണ്ണൻ നെടുവീർപ്പിട്ടു.

കവർ: സി. പി. ജോൺസൺ

Comments

You may also like