ഇനിയെന്റെ ഉദകക്രിയ.

മൗനം മുളയ്ക്കുന്ന പട്ടടയിൽ നിന്നും
പൂക്കാതെ വാടിവീണ,
കരിഞ്ഞുപോയ,
എന്റെ അസ്ഥികളും;
എരിഞ്ഞടങ്ങിയ,
വേരറ്റ സ്വപ്നങ്ങളുടെ
ഒരു പിടി ചാമ്പലും എടുക്കുക,

മനസ്സിനെ
ഒരു കൊടി ദർഭയാൽ
പവിത്രം ചാർത്തുക.

ചത്ത മോഹങ്ങളുടെ
വരണ്ട കുരലിനു
ഒരുതുള്ളി ജലം നൽകുക.

ഒരു നുള്ള് എള്ളും,
ഒരു കൈ പൂക്കളും ചേർത്ത്
മനസ്സിൽ ബാക്കിയായ
എന്റെ ഓർമകളെ
ഒരു ഉരുളയാക്കി പുറത്തു വയ്ക്കുക.
മറവിയുടെ കാവതിക്കാക്കകൾ
എടുത്തുകൊള്ളട്ടെ

കരയറിയാത്ത,
കഥകളുടെ കടലുപ്പിൽ
എന്റെ ആ ചിതാവശിഷ്ടങ്ങളെ
നിമജ്ജനം ചെയ്യുക.

എന്റെ വാക്കുകളെ കൊന്ന
നാക്കുകൾക്കും,
എന്റെ മനസ്സിനെ എരിയിച്ച
ചിതാഗ്നി നാളങ്ങൾക്കും
സ്വസ്തി!
ഇനിയെന്റെ മൗനത്തിന്റെ
അലർച്ചകൾ മുഴങ്ങട്ടെ!

+ posts

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത മഴൂർ എന്ന ഗ്രാമത്തിൽ ജനിച്ചു. നാടകങ്ങൾക്ക് വേണ്ടിയും, സിനിമ ആൽബങ്ങൾ എന്നിവയ്‌ക്ക് വേണ്ടിയും ഗാനങ്ങൾ രചിച്ചു. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചലച്ചിത്ര സംവിധാന രംഗത്തും വോയിസ്‌ ആർട്ടിസ്റ്റ്, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.