പൂമുഖം നോവൽ പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും!

പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും!

ഇതൾ 11

ജീവിതം സിനിമയായിരുന്നുവെങ്കിൽ, ചങ്ക് പിളർത്തുന്ന വരികളുള്ള ഒരു പാട്ടുകൊണ്ട് ജീവിതത്തിന്റെ ചില താളുകളെ എളുപ്പത്തിൽ മറിച്ച്, അപ്പുറം കടക്കാമായിരുന്നു. നിസ്സഹായത ചൂഴ്ന്നു പിടിക്കുന്ന ഈ വെറും മനുഷ്യജന്മത്തിൽ എന്തു ചെയ്യേണ്ടു? എങ്ങനെയാണ് ഒക്കേത്തിനേയും വേഗമൊന്ന് അവസാനിപ്പിച്ച് മറ്റൊരു പുതിയ താളിലേക്ക് എത്തുക ?

” ഇന്ററസ്റ്റിംഗ്. എന്നിട്ട് ? ചിന്തിച്ചിരിക്കാതെ ബാക്കി പറയൂ, ആ കൊച്ചിനെ സ്ക്കൂളിൽ ചേർത്തോ ?”

ഓ! ഞാൻ കഥ പറയുകയായിരുന്നു അല്ലേ? ശങ്കരിയുടെ കഥ. എനിക്കറിയാം, നിങ്ങൾ കഥ കേൾക്കുവാനായാണ് എന്റെ മുന്നിൽ ഇരിക്കുന്നതെന്ന്. പക്ഷേ, ഞാനതിടയ്ക്ക് മറന്നുപോകുന്നു. എനിക്കിത് കഥയല്ലല്ലോ. എനിക്കിത് എന്താണെങ്കിലും നിങ്ങളെയത് ബാധിക്കുന്നതുമല്ലല്ലോ!

കഥ തുടരാം.

വിലയ്ക്കുവാങ്ങിയ വളർത്തുമൃഗങ്ങളിലൊന്നായി തമിഴ് നാട്ടിൽ നിന്നും എത്തിയ ആ പെൺകുട്ടി, ഉടമസ്ഥനാൽ ‘അനുവദിക്കപ്പെട്ട’ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് എനിക്കൊപ്പം വളരുന്നത് നിസ്സംഗതയോടെ, നിസ്സഹായതയോടെ, ചെറു പ്രതിരോധങ്ങളോടെ, അപൂർവം ചിലതിൽ സന്തോഷത്തോടെയും ഞാൻ കണ്ടുകൊണ്ടിരുന്നു.
ഓരോ പകലിന്റെയും അവസാനം കടന്നുവരുന്ന രാത്രികൾ, രണ്ട് പെൺകുട്ടികളുടെ സ്വകാര്യജീവിതത്തിന്റെ മാറ്റ് കൂട്ടി. അന്നന്നത്തെ സന്തോഷങ്ങളുടെ പങ്കുകൾ അതീവരഹസ്യമായി പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടു. ഞങ്ങളുടെ ശരീരങ്ങൾ വളർന്നു. മനസ്സുകളും.
രാത്രികളിൽ പലപ്പോഴും പൊട്ടിവരുന്ന ചിരികളെ അമർത്തിവെയ്ക്കുന്നതിൽ ഞങ്ങൾ പരാജയപ്പെടുകയും അമ്മയുടെ ശാസനകളെ ഏറ്റുവാങ്ങി കുറ്റവാളികളെന്നോണം തലതാഴ്ത്തി നിൽക്കുകയും ചെയ്തു.

എന്റെ ഡിഗ്രി പരീക്ഷയുടെ സ്റ്റഡിലീവിന്റെ
ആയിടയ്ക്കാണ്, നിർത്താതെയുള്ള രക്തംപോക്കിനെ തുടർന്ന് അച്ഛൻപെങ്ങളുടെ യൂട്രസ് സർജറി തീരുമാനിക്കപ്പെട്ടത്. ആശുപത്രിയിലും മറ്റും സഹായത്തിന് വൃത്തിയുംവെടിപ്പും ആരോഗ്യവുമുള്ള ഒരു സഹായിക്കുവേണ്ടിയുള്ള അവരുടെ തിരച്ചിൽ ശങ്കരിയിലാണ് അവസാനിച്ചത്.
ഭാര്യയുടെ ആരോഗ്യമാണോ, സഹോദരിയുടെ ആരോഗ്യമാണോ വലുത്? എന്ന വടംവലിയിൽ അത്തവണ അമ്മ ദയനീയമായ് പരാജയപ്പെട്ടു.

ഒന്നര മാസത്തേക്ക് ഒരു പറിച്ചുനടൽ. പതിനാറ് വയസ്സുള്ള പെൺകുട്ടിയുടെ അങ്കലാപ്പിന് എന്ത് പ്രസക്തി? അല്ലെങ്കിലും ചെടികളോട് സമ്മതം ചോദിച്ചിട്ടാണോ നാം അവരെ തോന്നും പോലെ പിഴുതെടുക്കുകയും, മറ്റൊരിടത്ത് നട്ടുവെയ്ക്കുകയും ചെയ്യുന്നത് ? പൊട്ടിപ്പോകുന്ന ചെറു വേരുകളെക്കുറിച്ച് ആരോർക്കാൻ?

” എനിക്ക് പോകേണ്ട മാക്കാ.. മാക്കാ ഒന്ന് സാറിനോട് പറയാമോ? ഭയമാകുന്നു. തൊട്ടു നോക്ക്യേ.. എന്നോടെ നെഞ്ച് ചത്തം കേട്ടില്ലേ ഠപ്പോ ഠപ്പോ ന്ന്?”

നിറയുന്ന കണ്ണുകളെ അവളിൽ നിന്നും. ഒളിപ്പിച്ച്
” എറണാകുളം നല്ല സ്ഥലമാണ്. ഒന്നരമാസം ‘ദാ’ ന്ന് പറയുന്ന സ്പീഡിൽ പോകും. എന്റെ പരീക്ഷയും കഴിയും. നിന്നെ വിളിച്ചുകൊണ്ട് പോരാൻ അച്ഛനൊപ്പം ഞാനും വരും. അന്നേരം നമ്മൾക്ക് അവിടൊക്കെ കറങ്ങാം. “

“ഉം… എന്നെ കൂട്ടീട്ട് വരാൻ ഉറപ്പായും മാക്കായും വരുമോ ?”

“ശ്ശോ.. ഈ പെണ്ണ്. നീ ഒന്നാലോചിച്ചേ.. ഇവിടെ ഈ അടുക്കളയും, തൊഴുത്തും, പണികളും മാത്രം മതിയോ ? ഇങ്ങനെയെങ്കിലും മറ്റ് മനുഷ്യരേയും നാടിനേയും കാണാമല്ലോ..”

” ഉം..”

“എന്ത് ഉം..? അവിടെ നിനക്ക് അടുക്കളപ്പണിയൊന്നും ചെയ്യണ്ട, അമ്മയുടെ ശാസന കേൾക്കേണ്ട, ഹോസ്പിറ്റലിൽ അച്ഛൻപെങ്ങൾക്കൊപ്പം വെറുതെ ഇരിക്കാം..
ഈ ” വെറുതെ ഇരിപ്പിന്റെ” സുഖം നിനക്കറിയില്ലല്ലോ… ഹോ! അതൊരു ഒന്നൊന്നര സുഖാണ് എന്റെ കുട്ട്യേ…”

മഴവില്ലിന്റെ സൗന്ദര്യം മൊത്തത്തിൽ ആവാഹിച്ച് അവളിൽ ചിരി വിരിഞ്ഞു. എനിക്ക്…. എനിക്കത് മതിയായിരുന്നു.

അവളില്ലാത്ത പതിനേഴാമത്തെ രാത്രി!

എത്ര വായിച്ചിട്ടും തലയിൽക്കയറാത്ത കെമസ്ട്രി നോട്ട് അടച്ചുവെച്ച് ജനലഴികളിലൂടെ ആകാശം നോക്കിനിന്നു. അവളുടെ ഇഷ്ടവിനോദമാണിത്. വാനനിരീക്ഷണം. അത്യാവശ്യപ്പെട്ട് എന്തെങ്കിലും പഠിക്കുമ്പോഴാവും അവൾ കുലുക്കി വിളിക്കുക,
” മാക്കാ ദേ പാര് പാര് .. നച്ചത്രം ഓടുന്നു”

വലിയ കണ്ണുകൾ ഉരുട്ടി അവളത് പറയുമ്പോൾ ചിരിവരും.

“നച്ചത്രം അല്ല കുട്ട്യേ.. നക്ഷത്രം. ‘ക്ഷ’ .. പറഞ്ഞേ..”
മലയാളത്തിലേക്ക് ഇനിയും പൂർണ്ണമായും വഴങ്ങാത്ത അവളുടെ നാവിലെ തമിഴ് ചുവയെ മന:പൂർവം കളിയാക്കി ഞാൻ തിരുത്തി പറയുമ്പോൾ,

” ഓഹോ.. അപ്പിടിയാക്കുമോ.. നാനേ തമിഴത്തിയാക്കും. തമിഴത്തി. സെന്തമിഴ് എന്നോടെ തായ്മൊഴി.. ‘അങ്ങനെ പറ, ഇങ്ങനെ പറ..’ മാക്കാവോടെ ഈ മലയാളം അല്ല കേട്ടോ”
ഒൻപതുവയസ്സിൽ നഷ്ടപ്പെട്ട നാടിന്റെയും ഭാഷ യുടെയും സുഗന്ധവും രുചിയും ഒരിക്കലും നഷ്ടപ്പെട്ടുപോകാൻ സമ്മതിക്കാതെ ഉള്ളിലവൾ കാത്തുവെച്ചിരുന്നു.

അവളിൽ താളംപിടിച്ച് അവളുടെ അപ്പാ പാടിയിരുന്ന, ഞങ്ങളുടെ സ്വകാര്യതകളിൽ അവൾ മൂളാറുള്ള ഭാരതിയാർ വരികൾ എന്റെ നാവിലന്നേരം ചുവച്ചു. സ്വയം മറന്ന് ഞാൻ ആ വരികൾ മൂളിക്കൊണ്ടേയിരുന്നു

“തീക്കുൾ വിരലെ വെയ്ത്താൽ – നന്ദലാലാ –
നിന്നെ തീണ്ടും ഇമ്പം
തോൻട്രുതടാ നന്ദലാലാ…”

എനിക്ക് അവളെ കാണണം … ശങ്കരിയെ..
എന്റെ ജ്ഞാനശങ്കരിയെ

വര : പ്രസാദ് കാനത്തുങ്കൽ

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like