ശരീരസൗന്ദര്യസംരക്ഷണത്തിനും അവയെക്കുറിച്ചുള്ള സങ്കല്പനങ്ങൾക്കും തുടർന്നുള്ള ചർച്ചകൾക്കുമൊക്കെ കാലം വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പണ്ടത്തെപ്പോലെ, “എത്രകാലമായി കണ്ടിട്ട്? നിങ്ങളങ്ങ് തടിച്ചു പോയല്ലോ!’ ‘എന്നോ,’ ‘വല്ലാതെ മെലിഞ്ഞു പോയല്ലോ, ഡയറ്റിങ് ആണോ? ഷുഗറുണ്ടോ?” എന്നൊക്കെയോ അന്വേഷിക്കുന്നവർ അപരിഷ്കൃതരായി മാറിയ കാലമാണിത്. ‘എൻറെ ശരീരം; എൻറെ സൗകര്യം’ (My Body; My Choice) പോലുള്ള മുദ്രാവാക്യങ്ങൾ മുന്നോട്ട് കയറി നിൽക്കുന്ന കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. ഒപ്പം, സ്വന്തം ശരീരഘടനയെ കുറിച്ച് ആകുലരാവുന്നവരെയും, സൗന്ദര്യ സംരക്ഷണത്തിനായി ‘ഏതറ്റം വരെയും പോകാൻ തയ്യാറാ’യി നിൽക്കുന്നവരെയും നമുക്കിടയിൽ കാണാം. ചിലരൊക്കെ സ്വന്തം ആകാരഭംഗി വർദ്ധിപ്പിക്കാനായി എത്ര പണം ചിലവഴിക്കാനും തയ്യാറായി നില്‍ക്കുന്നു. ആണിനുള്ളിലെ പെണ്ണും, പെണ്ണിനുള്ളിലെ ആണും പരിപൂര്‍‌ണ്ണ സ്വാതന്ത്ര്യം പ്രാപിച്ചു പുറത്തുവരുന്നതും നാം കാണുന്നുണ്ട്. അക്കാര്യം തന്നെ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനായി എത്ര പണം വേണമെങ്കിലും ചിലവാക്കാന്‍ മുമ്പോട്ടുവരുന്നവരേയും നാം യാത്രകളില്‍ കണ്ടുമുട്ടാറുണ്ട്. അങ്ങനെയുള്ള ഒരു കാലത്താണ് ഇറേനിയൻ ചലച്ചിത്രകാരിയായ അഫ്‌സാന സലാരിയെ നാം ഇത്തരമൊരു വിഷയവുമായി ഈ വര്‍ഷം കണ്ടുമുട്ടുന്നത്.

നിയന്ത്രണങ്ങളേറുന്തോറും അവയുണ്ടാക്കുന്ന വായുരിക്തമായ സമ്മർദ്ദ മേഖലകളിലേക്ക് ഇറേനിയൻ സിനിമ കടന്നുചെല്ലാനുള്ള ധൈര്യം കാണിക്കാറുണ്ട്. നമുക്ക് പരിചിതമായ സിനിമക്കാരിൽ കൂടുതൽ പേരും അത്തരം ഒളിസിനിമകളെടുത്തവരാണ്. കനത്ത രാഷ്ട്രീയ നിയന്ത്രണങ്ങളാണ് ഇത്തരം സിനിമകളെ ഒളിവിൽ കഴിയാൻ പ്രേരിപ്പിക്കുന്നത്. അത്തരം സാഹസങ്ങളിലേയ്‌ക്കൊന്നും പോകാതെ തന്നെ തനിക്കു പറയാനുള്ള വിഷയങ്ങള്‍ ദൃശ്യഭംഗിയോടെ അവതരിപ്പിക്കാനാവുമെന്ന് തെളിയിക്കുകയാണ്‌, ‘ടെഹ്റാൻ, അണ്ടർ ദ് സ്‌കിന്‍’ (Tehran, Under the Skin) എന്ന ചിത്രത്തിലൂടെ, യുവസം‌വിധായികയായ അഫ്‌സാന സലാരി.

വസ്ത്രധാരണരീതികളില്‍ കനത്ത നിയന്ത്രണമുള്ള ഇറാനിൽ എങ്ങനെയാണ്‌ ഇത്രയേറെ സൗന്ദര്യവര്‍ദ്ധനകേന്ദ്രങ്ങള്‍ എന്നുള്ള ചോദ്യങ്ങളെയൊക്കെ അപ്രസക്തമാക്കിക്കൊണ്ടാണ്‌ ടെഹ്റാൻ ലോകത്തിന്‍റെ ശരീരസൗന്ദര്യതലസ്ഥാനമായി മാറിയിരിക്കുന്നത്. മൂക്കിന്‍റെ രൂപവ്യത്യാസത്തോടെയുള്ള മുഖകാന്തിവര്‍ദ്ധന, ശരീരത്തിലെ അമിതമായ കൊഴുപ്പിന്‍റെ നിവാരണം, രൂപനിയന്ത്രണം തുടങ്ങിയ കാര്യങ്ങളിലാണ് ഇത്തരം കൊസ്‌മേറ്റിക് സർജറികേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. അവിടെ വരുന്നവരുടെ ആവശ്യങ്ങളെക്കുറിച്ചും, അവരുടെ പ്രശ്നനിവാരണങ്ങളെക്കുറിച്ചും കൂടുതൽ അറിയാനാണ് ഇത്തരം കേന്ദ്രങ്ങളിലേക്ക് സലാരി എത്തുന്നത്. ആകാംക്ഷയും അനുകമ്പയും തമാശയുമൊക്കെ മാറിമാറി പ്രതിഫലിക്കുന്ന കാഴ്ചകളാണ് ഈ വാര്‍ത്താചിത്രം അവതരിപ്പിക്കുന്നത്. ലഭ്യമായ സ്വകാര്യതയിലൂടെത്തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യാവുന്ന നിലയില്‍ സമൂഹമാധ്യമങ്ങൾക്കും ഇപ്പോള്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

ഒരുവശത്ത് സ്ത്രീസ്വാതന്ത്ര്യത്തിനുള്ള അടക്കിപ്പിടിച്ച അലയൊലികള്‍. മറുവശത്ത് രാഷ്ട്രീയ ഭരണകേന്ദ്രങ്ങളിൽ നിന്ന് അവര്‍ക്കുമേല്‍ പിടിമുറുക്കുന്ന നിയന്ത്രണങ്ങൾ. ഇവ രണ്ടും എങ്ങനെയാണ് ഒരുമിച്ച് യാത്ര ചെയ്യുന്നത്? ഈ രണ്ടു ചിന്തകൾ പോലും ഒരുമിച്ചുവരുന്നതില്‍ വൈരുദ്ധ്യമില്ലേ?

ഇറാനിൽ വളർന്ന ആളാണ് സലാരി. ഇപ്പോൾ ഫ്രാൻസിൽ ആണ് താമസം. സലാരി സ്ത്രീകളുമായി അവരുടെ ശാരീരിക സൗന്ദര്യ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ് ‘ടെഹ്റാൻ, അണ്ടര്‍ ദ് സ്കിന്‍’ എന്ന ചിത്രത്തിലൂടെ. മുമ്പ് The Forbidden Strings എന്ന വാര്‍ത്താചിത്രം നിര്‍മ്മിക്കുകയും, The Silhouettes എന്ന വാര്‍ത്താചിത്രം സം‌വിധാനം നിര്‍‌വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. 2024 ല്‍ അഫ്‌സാന നിര്‍മ്മിച്ച് ലെയ്‌ല അമീനി സം‌വിധാനം ചെയ്ത A Sister’s Tale എന്ന ചിത്രത്തിന്‍റെ ആഗോളപ്രദര്‍ശനോദ്ഘാടനവും ടൊറോന്‍റോ രാജ്യാന്തരചലച്ചിത്രമേളയിലായിരുന്നു.

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് പൊതുവേ ഇറേനിയന്‍ സ്ത്രീകളെക്കുറിച്ച് ഏകശിലാത്മകമായ ഒരു ധാരണയാണുള്ളത്. അതിൻറെ പ്രധാനകാരണം അവരുടെ വസ്ത്രധാരണരീതികളും മതത്തിനധീനപ്പെട്ട അസ്വതന്ത്രജീവിതവുമാണ്. ഇങ്ങനെയുള്ള ഒരനുമാനങ്ങൾക്കും നിഗമനങ്ങൾക്കും വഴിപ്പെടാതെയാണ്, ഒരു പുതിയ കാലഘട്ടത്തിന്‍റെ ആളായി നിന്ന് അഫ്‌സാന സലാരി സാമൂഹിക വ്യവസ്ഥിതികളെ സാക്ഷി നിർത്തി ഇറാനിയൻ ജീവിതങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നത്.

ഫ്രാൻസിന്‍റെയും ഇറാന്‍റെയും സ്വീഡന്‍റെയും സഹകരണങ്ങളോടെ ചിത്രീകരിക്കപ്പെട്ട ഈ ചിത്രത്തിന്‍റെ ദൈർഘ്യം 84 മിനിറ്റാണ്. TIFF ഡോക്യുമെന്‍ററി വിഭാഗത്തിൽ സെപ്റ്റംബർ 11, 15, 17 തീയതികളിലായി മൂന്ന് പ്രദർശനങ്ങളാണ്‌ ഈ ചിത്രത്തിനുള്ളത്.

ടെഹ്‌റാന്‍ സര്‍‌വ്വകലാശാലയില്‍ നിന്ന് എഡിറ്റിങില്‍ ബിരുദം നേടിയ അഫ്‌സാന സലാരി, പാരീസ് സര്‍‌വ്വകലാശാലയില്‍ നിന്ന് ക്രിയാത്മകസം‌വിധാനത്തില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

കവർ: ജ്യോതിസ് പരവൂർ