വീടെന്ന് കരുതി
ഒരിടത്തും
കുറച്ചധികം കാലം
തങ്ങരുത്.
ചുവരുകളിൽ
നമ്മുടെ നിഴൽ പതിയും.
ജനൽപ്പാളികളിൽ
വിരലടയാളങ്ങൾ ബാക്കിയാവും.
അടുക്കളയിലെ പാത്രങ്ങൾ
നമ്മളെ കാത്തിരിക്കാൻ പഠിക്കും.
വാതിൽ തുറക്കുന്ന ശബ്ദം
വീടിന് പരിചയമാവും.
അത്രയൊക്കെയേ വേണ്ടൂ
ഒരു സ്ഥലത്തെ
സ്വന്തമെന്ന് വിളിക്കാൻ.
പക്ഷേ,
കല്ലിൽ തീർത്തതൊന്നും
അവസാനത്തെ ഇടമല്ല.
വേരുകൾ
വളരുന്നുണ്ടെന്ന് കരുതി
മണ്ണിനെ മുറുകെ പിടിക്കരുത്.
കാലുറപ്പിച്ച മണ്ണ്
വഴുതിപ്പോകുമ്പോൾ
വീഴാതിരിക്കാൻ
വളർന്നേ തീരൂ.
വളരുന്തോറും
കാൽക്കീഴിലെ നിലം
ഇളകിക്കൊണ്ടിരിക്കും.
നിൽക്കാൻ
നമുക്ക് അവകാശമില്ലല്ലോ.
വളർച്ച
നിൽക്കുന്നതുവരെ
കണ്ടുതീർക്കാനിനിയും
ഒരുപാട് ബാക്കിയുണ്ടാവും.
വീടുവിട്ടുപോകുന്ന ദിവസം
ഒന്നും കാര്യമായി സംഭവിക്കില്ല.
അലമാര കാലിയാകും.
പുസ്തകങ്ങൾ കെട്ടിവെക്കും.
ചാർജർ അഴിച്ചെടുക്കും.
പിന്നെ
വാതിൽ പൂട്ടും.
താക്കോൽ
തിരിയും.
വീട്, ഇറങ്ങാൻ നേരം
എളുപ്പം കൂടെപ്പോരുന്നതാവണം-
ഒട്ടും ഭാരമില്ലാതെ,
നെഞ്ചിലൊതുങ്ങുന്ന
ചൂട്.
ബാക്കിയെല്ലാം
ഇറങ്ങുന്നിടത്ത്
ഇറക്കിവെച്ചേക്കണം.
നമ്മൾ താമസിച്ചിരുന്ന
ഇടമല്ല ഒടുവിൽ
വീട്-
പുതുതായി എത്തിയിടത്തും
പൂർണ്ണമായും തുറന്നിട്ടില്ലാത്ത
ഒരു സ്യൂട്ട്‌കേസാണ്.
കവി. കഥാകൃത്ത്. സാഹിത്യ-സിനിമാ നിരൂപകൻ.
സാമൂഹ്യമാദ്ധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും, കഥകളും, നിരൂപണങ്ങളും, പഠനങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലയാളത്തിലെ മുൻനിര പ്രസാധകസ്ഥാപനങ്ങൾ നടത്തുന്ന പുസ്തക ചർച്ചകളിലും, പാനൽ സംവാദങ്ങളിലും, എഴുത്തുകാരുമായുള്ള അഭിമുഖങ്ങളിലും സജീവമായി പ്രവർത്തിച്ചു പോരുന്നു.
ടി.സി.എസ്സിൽ സോഫ്റ്റ്വെയർ എൻജിനീയറായി സേവനമനുഷ്ടിക്കുന്നു.

















