രാത്രി ഉറങ്ങിപോകാതെ കാർ ഓടിക്കുക എന്നത് എനിക്ക് ശ്രമകരം ആണ്. ഒന്നാമത് ഞാൻ ഒരു നല്ല ഡ്രൈവർ അല്ല. രണ്ടാമത് ഈ ഇടെ എന്റെ കാഴ്ച മങ്ങുന്നുണ്ടോ എന്ന് സംശയം ഉണ്ട്. എതിരെ വരുന്ന വണ്ടികളുടെ വെളിച്ചം എന്റെ മസ്തിഷ്‌കം പിളർന്നു പോകുമ്പോൾ കുറച്ചു നേരത്തേക്ക് അന്ധയായി പോകുന്നത് പോലെ തോന്നും. എന്നിട്ടും പാതി രാത്രി കഴിഞ്ഞു ഞാൻ ഒരു നീണ്ട കാർ യാത്രക്ക് പുറപ്പെട്ടത് നിവർത്തികേട്‌ കൊണ്ടാണ്.

കൊച്ചിയിൽ ഒറ്റക്ക് ഒരു സ്ത്രീക്ക് താമസിക്കുവാൻ ഒരു ഇടം കിട്ടുക പ്രയാസം ആണ്. പക്ഷെ സിനിമയുടെ വേരുകൾ മുഴുവൻ കൊച്ചിയിൽ തന്നെ ആയതു കൊണ്ട് ഈ നഗരത്തെ ഉപേക്ഷിക്കാനും കഴിയില്ല. എത്ര കൊതുകുകൾ വന്നാലും മുല്ലപ്പെരിയാർ ഭീതി പടർന്നാലും കൊച്ചിയിലെ ജനസംഖ്യ കൂടുകയല്ലാതെ കുറയില്ല. സിനിമയുടെ തിരശീല ഈ നഗരത്തിൽ മാത്രം വീഴില്ല. ഒരു കഥ അവസാനിക്കുന്നിടത്തു മറ്റൊന്ന് തുടങ്ങും. ഓരോ തോൽവികൾക്കും പുറകെ ജയങ്ങൾ സ്വപ്നം കണ്ടു എത്രയോ ലക്ഷം മനുഷ്യർ കൊച്ചിയിൽ ഉണ്ട്. അതിനിടയിൽ ഒരിടം ഉണ്ടായേ പറ്റൂ.

അത് കൊണ്ടാണ് ഒരു സ്ത്രീ സംഘടനയിൽ വച്ച് ഞാൻ പരിചയപ്പെട്ട മീന അവർ താമസിക്കുന്ന ഒരു വില്ലയിൽ ഒറ്റക്ക് ആണെന്നും വാടക പങ്കിടാൻ ഒരാളെ അന്വേഷിക്കുന്നു എന്നും അറിഞ്ഞപ്പോൾ ഞാൻ അവിടെ ചേക്കേറിയത്. ഒരു രാത്രി മുഴുവൻ യാത്ര ചെയ്തു പുലർച്ചെ ആണ് ആദ്യമായി ആ വില്ലയിൽ എത്തിയത്.

മീന പറഞ്ഞിരുന്നത് പോലെ ശബ്ദം ഉണ്ടാക്കാതെ ഒളിച്ചു വച്ചിരുന്ന താക്കോൽ എടുത്തു ഞാൻ പതിയെ അകത്തേക്ക് കടന്നു. മുറികളിൽ നല്ല പൂപ്പലിന്റെ മണം തോന്നി. നന്നായി അടുക്കി വച്ചിരിക്കുന്ന ആ മുറികൾക്ക് ആ ദുർഗന്ധം ഒട്ടും യോജിച്ചത് അല്ലായിരുന്നു. റാംപിൽ നടക്കുന്ന സുന്ദരിയായ സ്ത്രീക്ക് വിയർപ്പിന്റെ ഗന്ധം നമ്മൾ വിഭാവന ചെയ്യാത്തത് പോലെ ചിത്രങ്ങളിൽ കണ്ട ആ വില്ലയുടെ ഉൾഭംഗികളിൽ പൂപ്പൽ മണം ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല.

മുൻവശത്തെ വാതിൽ അകത്തുനിന്നും പൂട്ടി പതിയെ മുകളിലേക്ക് പോയി. അവിടെയാണ് എനിക്ക് പറഞ്ഞു വച്ചിരിക്കുന്ന മുറി. മുറിയുടെ വാതിൽ തുറന്നു ആദ്യം കണ്ടത് കട്ടിലിൽ പൂച്ചകളുടെ കിടക്കയാണ്. രണ്ടു ചെറിയ പൂച്ച കുട്ടികൾ ഉണ്ട് എന്ന് അവർ എന്നോട് നേരത്തെ പറഞ്ഞിരുന്നു. മൃഗങ്ങളോട് എനിക്ക് പ്രത്യേകിച്ച് അനിഷ്ടം ഇല്ലാത്തതു കൊണ്ടും സഹവർത്തിത്വത്തിൽ വിശ്വസിക്കുന്നത് കൊണ്ടും പൂച്ചകൾ എനിക്ക് ഒരു പ്രശ്നം ആയി തോന്നിയില്ല.

കിടക്ക മാറ്റി വിരിക്കാം എന്ന് ഓർത്തു മുറിയുടെ ഉള്ളിലേക്ക് കയറിയതും പാൽ പുളിച്ചതു പോലെയുള്ള മറ്റൊരു ഗന്ധം. ആ മുറിയുടെ ഒരു കോണിൽ പൂച്ചകളുടെ വിസൃജ്യങ്ങൾ ലിറ്റർ ബോക്സ് എന്ന ഓമനപ്പേര് ഉള്ള ഒരു പ്ലേറ്റിൽ!

പ്രാണായാമം ചെയ്തു കൊണ്ട് വേഗം ടോയ്ലറ്റിലേക്ക് കയറി. അവിടെയും അതെ ഗന്ധം. ഫാസ്റ്റ് ഫോർവേഡ് ചെയ്തത് പോലെ പെട്ടെന്ന് ഒന്ന് ഫ്രഷ് ആയി എവിടെ ഒന്ന് തല ചായ്ക്കും എന്ന ആശയക്കുഴപ്പത്തിൽ അവിടെ കുറച്ചു നേരം ശ്വാസം പിടിച്ചു നിന്നു. എത്രയൊക്കെ മൃഗങ്ങളോട് സ്നേഹം ഉണ്ട് എന്ന് പറഞ്ഞാലും എനിക്ക് പൂച്ച കാഷ്ടം മണക്കുന്ന മുറിയിൽ കിടന്നു ഉറങ്ങാൻ കഴിയില്ല. അവിടെ നിൽക്കുംതോറും ശർദിൽ തെകിട്ടി വന്നുകൊണ്ടിരുന്നു. ആ മുറിയുടെ പുറത്തു തറയിൽ ഒരു മെത്ത ഇട്ടിട്ടുണ്ട്. ഉറക്കം കണ്ണുകളെ വലിച്ചു അടക്കുന്നത് കൊണ്ട് എവിടെ എങ്കിലും ഒന്ന് കിടന്നേ മതിയാകു എന്ന് തോന്നി. പൂച്ച കാഷ്ഠത്തിന്റെ ആ പുളിച്ച മണത്തിന്റെ ശക്തി ആ മുറിയിൽ കിടന്നു ഞാൻ തിരിച്ചറിഞ്ഞു. ഒരു ചെറിയ പാത്രത്തിലെ വിസൃജ്യങ്ങൾക്ക് എങ്ങനെ വാതിലും ചുവരുകളും ഭേദിച്ചു എന്റെ നാസാഗ്രങ്ങളിൽ വന്നു തങ്ങിനിൽക്കാൻ കഴിയുന്നു എന്ന് ഓർത്തു ഞാൻ അത്ഭുതപ്പെട്ടു. മൂക്ക് പൊത്തികൊണ്ടു കുറച്ചു നേരം ഒന്ന് മയങ്ങി.

കാലിന്റെ പുറത്തു സൂചി കൊണ്ടു പോലെയുള്ള കുത്തുകൾ ആണ് എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. രണ്ടു പൂച്ചകൾ ഞാൻ ഒരു ക്യൂഷൻ ആണ് എന്ന് കരുതിയിട്ടാകും പുറത്തുകൂടെ ചാടി കളിക്കുന്നു. അവയുടെ നഖങ്ങൾ ഗ്രിപ്പിനു വേണ്ടി എന്റെ വസ്ത്രങ്ങളിലും അതിന്റെ അടിയിലെ എന്റെ തൊലിയിലുമായി ഖഡ്ഗമുനകൾ പോലെ കൊരുത്തു കൊണ്ട് അവർ എനിക്ക് മുകളിലൂടെ ഓടി കളിച്ചു.

ഉറക്കം വിട്ടുമാറിയില്ല എങ്കിലും ഞാൻ ചാടി എഴുന്നേറ്റു. ക്യൂഷൻ എഴുന്നേൽക്കുന്ന അപൂർവ കാഴ്ച കണ്ടു പൂച്ചകൾ ഒന്ന് ഞെട്ടി. എന്നിട്ടു എനിക്ക് ചുറ്റും ഓടി കളിയ്ക്കാൻ തുടങ്ങി. മീന അപ്പോഴും മുറിക്ക് പുറത്തേക്ക് വന്നിട്ടില്ല. അവരുടെ മുറിയിൽ നിന്നും എസിയുടെ തണുപ്പ് പടികൾ ഇറങ്ങിയപ്പോൾ എന്റെ കാലിൽ വന്നു തൊട്ടു. എസിയുടെ മുരൾച്ചയും പൂച്ചയ്ക്കളുടെ മ്യാവുവും ഒരു പ്രതേകതരം പശ്ചാത്തല സംഗീതം വായിച്ചു.

ഉറക്കം തൂങ്ങിയ കണ്ണുകളുമായി ഞാൻ താഴെ സോഫയിൽ പോയി കിടന്നു. പടികളിലൂടെ ചാടിയും മറിഞ്ഞും ഹൈ ജമ്പ് ചെയ്തുമൊക്കെ പൂച്ചകൾ താഴെയും എത്തി. നേരത്തെ അവർ ചാടിയ ഇടങ്ങളിൽ തൊലി പോയ വേദന ഉള്ളത് കൊണ്ട് കൂടുതൽ റിസ്ക് എടുക്കാൻ എനിക്ക് മനസ്സ് വന്നില്ല. ഞാൻ ഉറക്കത്തെ ത്യജിക്കാൻ തീരുമാനിച്ചു. അടയുന്ന കണ്ണുകളെ ഒന്ന് ഉണർത്താൻ പതിയെ ചെന്ന് ചായ ഇടുവാൻ ഉള്ള ജോലികൾ തുടങ്ങി. പാത്രങ്ങളും ചായപൊടിയും എല്ലാം എന്റെ കാറിന്റെ പിന് സീറ്റിലെ കവറിൽ ഉണ്ടായിരുന്നു. ഒരു ചായ കുടിച്ചപ്പോൾ താഴത്തെ മുറിയിൽ നിന്നും സുമ എന്ന് പേരുള്ള ഒരു സ്ത്രീ ഉറക്കം തെളിഞ്ഞു എഴുന്നേറ്റ് വന്നു. അങ്ങനെ ഒരു കഥാപാത്രം അവിടെ ഉണ്ടായിരുന്നു എന്ന് മീന പറഞ്ഞിരുന്നില്ല. ഒറ്റക്ക് താമസിക്കുന്നു. 3 മുറികൾ. മുകളിലെ മുറി എടുത്തോളൂ എന്ന് മാത്രം ആണ് പറഞ്ഞത്. താഴെ ഗസ്റ്റ് മുറി ആണ്. സുമ അവരുടെ അതിഥി ആയിരിക്കാം.

ആ നേരം മുതൽ സുമ എന്നോട് സംസാരിച്ചു തുടങ്ങി. നല്ല രസമുള്ള സംസാരം. കഥ പറയുന്നത് പോലെ അവരുടെ ജീവ ചരിത്രം ഒട്ടുമിക്കതും എന്നോട് പറഞ്ഞു. മരിച്ചു പോയ അവരുടെ അമ്മയെ പറ്റി, മനസ്സിന്റെ താളം തെറ്റിപ്പോയ കുടുംബത്തിലെ മുതിർന്ന മുത്തശ്ശിമാരെ പറ്റി, അവരുടെ വിവാഹങ്ങളെ പറ്റി, ഓരോ വിവാഹങ്ങളിലും ഉള്ള അവരുടെ കുട്ടികളെപ്പറ്റി, അവരിലെ അമ്മയെപ്പറ്റി.

മീന അപ്പോഴേക്കും എഴുന്നേറ്റ് അവരുടെ കാര്യങ്ങളിൽ തിരക്കിൽ ആയി.

‘എനിക്ക് കമ്മിറ്റ്മെന്റ് ഇഷ്യൂ ഉണ്ട്. അത് കൊണ്ട് എനിക്ക് ഔപചാരികതകൾ പറ്റില്ല’ എന്നവർ ആദ്യമേ പറഞ്ഞിരുന്നു. ഞാൻ ഔപചാരികതകൾ പ്രതീക്ഷിക്കുന്ന ഒരാൾ അല്ലാത്തത് കൊണ്ട് എനിക്ക് അത് വിഷയം ആയിരുന്നില്ല. ഒരു ആൾത്തിരക്കിൽ ആരുടേയും കണ്ണിൽ പെടാതെ ആരുമായും സംസാരിക്കാതെ അദൃശ്യമായി നില്ക്കാൻ ആണ് എനിക്ക് ആഗ്രഹം. അത് കൊണ്ട് എന്നെ ശ്രദ്ധിക്കാതെ ഇരുന്നാൽ അത്രയും എനിക്ക് സന്തോഷം.

സുധയുടെ കഥയുടെ ഇന്റർവെൽ ആയപ്പോൾ മീന അടുക്കളയിലേക്ക് കയറി. ഒട്ടും പ്രസന്നമല്ലാത്ത ശരീര ഭാഷ.

‘എനിക്ക് ഓ സി ഡി ഉണ്ട്. അത് കൊണ്ട് ഇവിടം എല്ലാം എന്റെ രീതിക്ക് വയ്ക്കണം’

പണ്ട് സൈക്കോളജിൽ ഓ സി ഡിയെ കുറിച്ച് പഠിച്ചത് ഞാൻ ഒന്ന് കൂടെ ഓർത്തു എടുത്തു. പല തരത്തിലെ ഓ സി ഡികൾ ഉണ്ട്. മീനയുടെ ഓ സി ഡിയുടെ പ്രത്യേകത ജനലുകൾ തുറക്കില്ല എന്നതാണ്. ജനൽ തുറക്കാതെ കാലങ്ങളായി വീടിന്റെ ഉള്ളിലെ ഈർപ്പം കെട്ടി നിന്നാകണം അവിടെ എല്ലാ മുറികളിലും പൂപ്പലിന്റെ മണം.

സുമ അവരുടെ മുറിയിൽ ചെന്ന് ഒരു ഇൻഹേലർ എടുത്തു വലിച്ചു. പൂപ്പൽമണം കിട്ടുമ്പോൾ അവരുടെ ശ്വാസകോശം എപ്പോഴും പണിമുടക്കും എന്നും മീനയോടു ജനൽ തുറന്നിടാൻ പറഞ്ഞാൽ കേൾക്കില്ല എന്നും തുറന്നു ഇട്ടിരിക്കുന്നത് കണ്ടാൽ അവർ ശകാരിക്കും എന്നൊക്കെ സുമ ശ്വാസം മുട്ടലോടെ പറഞ്ഞു. ശ്വാസം ഒന്ന് വീണ്ടുകിട്ടിയപ്പോൾ സുമ പിന്നെയും കഥ തുടർന്നു. ചെറുകഥകളായി തുടങ്ങിയവ ഉച്ചയോടു അടുപ്പിച്ചു ഒരു നോവൽ രൂപത്തിൽ ആയി. വൈകുന്നേരം ആയപ്പോഴേക്കും അത് പല നോവലുകളാണ് വളർന്നു.

സുമ പണ്ട് ഒരു സന്യാസി ആയിരുന്നു. അമ്മയുടെ മരണശേഷം അവർ ദീക്ഷ എടുത്തു ഉത്തരേന്ത്യയിൽ ഒരു ആശ്രമത്തിൽ ആയിരുന്നു എന്നൊക്കെ പറഞ്ഞു. ഗംഗയുടെ തീരത്തു കയർ കൊണ്ടുള്ള കട്ടിലിന്മേൽ ആകാശം നോക്കി കിടന്ന അനുഭവങ്ങളും ജടപിടിച്ച മറ്റുസന്യാസിമാരുമായുള്ള സംഭാഷണങ്ങളും ഒക്കെ അവർ പറഞ്ഞു. കർപ്പൂരത്തിന്റെ മണമുള്ള അമ്മയുടെ ഓർമ്മകൾ നിലനിർത്താൻ പൂജ ചെയ്തു തുടങ്ങിയ അവരുടെ യവ്വനത്തെ കുറിച്ച് കേട്ടപ്പോൾ അവരോടു ഒരു സ്നേഹം തോന്നി. സന്യാസവും കാവി വസ്ത്രവും കഴിഞ്ഞു ആണ് അവർ വിവാഹം കഴിക്കുന്നത്. തോറ്റുപോയ ഒരു ബന്ധം. പിന്നീട് എല്ലാം തോറ്റുപോയ സംരംഭങ്ങൾ. സന്യാസത്തിലൂടെ അവർക്ക് മോക്ഷവും ബോധോദയവും കിട്ടിയില്ല എങ്കിലും ഉന്നതങ്ങളിലെ പല ബന്ധങ്ങളും അവർക്ക് കാവിയിലൂടെ കിട്ടി. ഇപ്പോൾ ഒരു തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന അവരുടെ കാതിൽ കർണ യക്ഷികൾ കഥകൾ പറഞ്ഞു കൊടുക്കാറുണ്ടത്രെ. ആ പറഞ്ഞ കഥകൾ എല്ലാം ഒരു തിരക്കഥയായി എഴുതി ഉണ്ടാക്കി അവരുടെ ഉന്നത ബന്ധങ്ങളിലൂടെ എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹത്തിൽ ആണ് അവർ കൊച്ചിയിൽ ഇടക്ക് വരുന്നത്.

സുമയുടെ ഭാഷയ്ക്ക് മീനയുടേതിൽ നിന്നും വ്യത്യസ്തമായ ഒരു വൃത്തിയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഉറക്കം വന്നിട്ടും എന്റെ കണ്ണുകൾ അടഞ്ഞു പോയിട്ടും ഞാൻ വെറുതെ കേട്ടിരുന്നത്.

ഒരു ഓഡിയോ ബുക്ക് ആസ്വദിക്കുന്നത് പോലെ.

ഇടയ്ക്കു പൂച്ചകൾ നമുക്ക് ചുറ്റും ഓടി കളിച്ചു. സുമയ്ക്ക് പൂച്ചകളെ വളരെ ഇഷ്ടമാണ്. അത് ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ ഇടാൻ ഉള്ള ഇഷ്ടം അല്ല. പൂച്ച എന്ന മൃഗത്തിന്റെ അസ്തിത്വത്തോട് ഉള്ള യഥാർഥ സ്നേഹം. പൂച്ചകൾ സുമയുടെ കയ്യിലും തോളിലും ഒക്കെ ഇരിക്കുന്നത് കണ്ടു മീനയ്ക്ക് പ്രകടമായ അസൂയ ഉണ്ടാകാറുണ്ട്. അവർ അവരുടെ സ്വന്തം ആണെന്നും മറ്റൊരാളെ പൂച്ചകൾ സ്നേഹിക്കുന്നതോ അനുസരിക്കുന്നതോ മീനയ്ക്ക് ഇഷ്ടം അല്ല എന്നും ദൃഢമായ ഭാഷയിൽ പറഞ്ഞു. ആദ്യം അത് തമാശ ആണ് എന്നാണ് ഞാൻ കരുതിയത്. പക്ഷെ പൂച്ചകൾ സുമയുടെ അരികിൽ സ്നേഹം പ്രകടിപ്പിക്കുംതോറും മീനയുടെ ശരീര ഭാഷ മാറിക്കൊണ്ടേ ഇരുന്നു. സുമയെ മറ്റു കാര്യങ്ങളിൽ കുറ്റം പറയാനും പരിഹസിക്കാനും തുടങ്ങിയപ്പോൾ പൂച്ചകളോട് സുമ അകലേക്ക് പോകുവാൻ ഒരു ചിരിയോടെ അഭ്യർഥിച്ചു.

എന്റെ കാലിലെ മുറിവുകൾ അപ്പോഴും നീറി കൊണ്ട് ഇരുന്നത് കൊണ്ടാകാം എനിക്ക് പൂച്ചകളോട് പ്രത്യേകിച്ച് വാത്സല്യം ഒന്നും തോന്നിയില്ല. ഓരോ തവണയും ഓർമയിൽ ആ മുറിയുടെ ദുർഗന്ധം മാത്രം തെകിട്ടി വന്നു കൊണ്ടിരുന്നു. പൂച്ചകൾ പിന്നെയും സുമയുടെ മടിയിൽ തന്നെ കയറി ഇരുന്നു. സ്നേഹം പ്രകടം ആക്കാൻ ഭയന്ന് സുമയും.

മീന അതൊന്നും കണ്ടില്ല എന്ന മട്ടിൽ ഒരു ജന്മിയെ പോലെ ആ വീട് മുഴുവൻ ശബ്ദമുണ്ടാക്കി നടന്നു. ചെറിയ കരകരപ്പ് ഉള്ള ഒരു പ്രത്യേക ശബ്ദം ആണ് മീനയുടേത്. അതിൽ അവർ ഇടക്ക് അധികാരത്തോടെ സുമയെ ചീത്ത പറഞ്ഞു കൊണ്ടിരുന്നു. അവരുടെ മുറിയിൽ ഫാൻ ഓഫ് ചെയ്യാത്തതിന്, കിടക്ക ചുളിവ് ഇല്ലാത്ത വിരിക്കാത്തതിന്, ഗ്ലാസ് സ്ഥാനം മാറ്റി വൈച്ചതിനു. ഒരു കുടിയാനെ പോലെ സുമ അതൊക്കെ ചിരിയോടെ കേട്ടിരുന്നു.

‘എന്താ ചെയ്ക എനിക്ക് പോയി താമസിക്കാൻ വേറെ ഇടം ഇല്ല’ സുമ പറഞ്ഞു. വാടക കൊടുക്കാതെ ഇടയ്ക്കു വന്നു താമസിക്കുന്നതാണ് സുമ. എത്ര ചീത്ത പറഞ്ഞാലും സുമ ഒരു ചിരിയോടെ അത് കേട്ട് ഇരിക്കും.

മീന പൂച്ചകളെ ലാളിക്കുന്നതു ഒട്ടും പൂച്ചത്വം ഇല്ലാതെ ആണ് എന്നാണ് സുമയുടെ അഭിപ്രായം. മനുഷ്യ കുഞ്ഞുങ്ങളെപോലെ വലിച്ചു എടുക്കുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും അവറ്റകളെ സ്നേഹിച്ചു അസ്വസ്ഥരാക്കുകയും ചെയ്തു കൊണ്ടിരിക്കുമ്പോൾ അവർക്ക് പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ വരും എന്നാണ് സുമ പറയുന്നത്. വേദനിപ്പിക്കാതെ വേണം ഏതു ജീവിയേയും സ്നേഹിക്കാൻ എന്ന് എനിക്കും തോന്നിയിട്ടുണ്ട്.

ആ പൂച്ചകളുടെ അമ്മപൂച്ചയുടെ പ്രസവകാലം മീന ഒരു മുറിയിൽ എ സി ഇട്ടു അതിനെ പരിപാലിച്ചതും സുഖമായി പ്രസവിപ്പിച്ചതും കാരണം പൂച്ച കുഞ്ഞുങ്ങളിൽ അമ്മപൂച്ചയേക്കാൾ അധികാരം മീനയ്ക്ക് ഉണ്ട് എന്ന് അവർ വിശ്വസിച്ചു. ആ പൂച്ച പ്രസവിച്ച മുറിയായിരുന്നു എനിക്ക് തന്നത് എന്നും ഞാൻ ആ നിമിഷം ഓർത്തു. അതിനു ശേഷം ഒരിക്കലും തുറക്കപ്പെടാത്ത ആ മുറിയുടെ ചുമരുകൾക്കുള്ളിൽ പ്രസവത്തിന്റെയും ചോരയുടെയും രണ്ടു തലമുറയുടെ മലമൂത്രാദികളുടെ ഓർമ്മകഗന്ധികൾ തങ്ങി നിൽപ്പുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു.

സുമയെ പറഞ്ഞു തുടങ്ങിയ കുറ്റങ്ങൾ പതിയെ എനിക്കും കിട്ടി തുടങ്ങി. വിറപ്പിക്കുന്ന ഒരു ശബ്ദത്തിൽ അധികാരത്തോടെ ഉള്ള ശകാരങ്ങൾ.

മുകളിലെ മുറിയിലെ ശ്വാസം ഇല്ലായ്മ കാരണം എനിക്ക് പിന്നെയും ഇടം ഇല്ലാതെ ആയി. ഒടുവിൽ താഴെ സോഫയിൽ കിടക്കുകയല്ലാതെ വേറെ നിവൃത്തി ഇല്ല. പക്ഷെ തലയിണയും പുതപ്പും മീന കണ്ടാൽ പ്രശ്നം ഉണ്ടാക്കും. മീന ഉണരുന്നതിനു മുന്നേ ഞാൻ ഉണർന്ന് അതൊക്കെ ഒതുക്കി വൃത്തിയാക്കിയില്ലെങ്കിൽ അവരുടെ ശകാരം കേട്ട് ഞാൻ എന്റെ ദിവസം തുടങ്ങേണ്ടി വരും. കൊച്ചിയിലെ കൊതു സമൂഹം മുഴുവൻ ഞാൻ കൊണ്ട് വന്നത് പോലെ ആണ് മീന പലപ്പോഴും സംസാരിക്കുക. ഞാൻ വന്നതിനു ശേഷം ആ വീട്ടിൽ കയറിയ കൊതുകളിൽ പദ്മതീർത്ഥത്തിന്റെ അടയാളങ്ങൾ ഉണ്ടായതു കൊണ്ട് ആണോ എന്നറിയില്ല അവ ഒക്കെ എന്റെ കൂടെ തിരുവനന്തപുരത്തു നിന്നും സഞ്ചരിച്ചു എത്തിയതാണ് എന്ന് അവർ വാദിച്ചു.

ആ വില്ലയിൽ 48 മണിക്കൂർ കഴിഞ്ഞപ്പോൾ എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി. ഞാൻ ഒരു കുട്ടിയും മീന എന്റെ അമ്മയും ആണെന്ന് തോന്നി.

അധികാരത്തോടെയും ശകാരത്തോടെയും എന്നോട് അമ്മയല്ലാതെ മറ്റാരും സംസാരിച്ചിട്ടില്ല. അമ്മയുടെ മുന്നിൽ എന്ന പോലെ തിരിച്ചൊന്നും പറയാൻ കഴിയാതെ അവരെ അനുസരിക്കാൻ ആണ് എന്റെ നെർവസ് സിസ്റ്റം എന്നോട് പറഞ്ഞത്.

അത് ഒരു ട്രോമാ റെസ്പോൺസ് ആണ് എന്ന് എനിക്കറിയാം. പണ്ട് കിട്ടിയ അടികളുടെയും തൊഴികളുടെയും ഓർമ. അത് ശരീരത്തിലേക്ക് കൊണ്ട് വരുന്ന അനുസരണ.

അത് ഒരു വല്ലാത്ത ശ്വാസം മുട്ടൽ ആയിരുന്നു. അധികാരത്തോടെ പൂച്ചകളെയും സുമയെയും എന്നെയും ശകാരിച്ചു കൊണ്ട് നടക്കുന്ന മീനയുടെ മുന്നിൽ പെട്ടെന്ന് പ്രതികരിക്കാൻ ശേഷി ഇല്ലാതെ ആയി. കൊടുമൺ പോറ്റിയുടെ മനയിൽ ചെന്ന് പെട്ടത് പോലെ എതിർക്കാൻ കഴിയാതെ ആശയകുഴപ്പഴിൽ ഞാൻ 48 മണിക്കൂർ ചെലവഴിച്ചു.

വൈകുന്നേരങ്ങളിൽ മീന മദ്യപിക്കുമ്പോൾ ജന്മിയുടെ വേഷം അഴിച്ചു വയ്ച്ചു മനുഷ്യരെ പോലെ സംസാരിക്കും. അപ്പോൾ മാത്രം അവർ ചിരിക്കും. അപ്പോൾ മാത്രം അവരോടു സ്വസ്ഥമായി സംസാരിക്കാം. പക്ഷെ മദ്യത്തിന്റെ കെട്ട്‌ വിടുമ്പോൾ അവർ പറഞ്ഞതും കേട്ടതും ഒന്നും ഓര്മയില്ലാതെ പിന്നെയും അടുത്ത പകൽ ജന്മിയുടെ വേഷം എടുത്തു അണിയും.

സുമയ്ക്ക് ചിത്തഭ്രമം ഉള്ളത് കൊണ്ട് മരുന്ന് ഇല്ല എങ്കിൽ അവരുടെ വ്യക്തിത്വവും വിശ്വാസവും അനിശ്ചിതമാണ് എന്ന് മനസ്സിലായി. ആ അവസ്ഥയോട് എനിക്ക് സഹതാപം തോന്നി എങ്കിലും അവരുടെ സാനിധ്യത്തിൽ പരിപൂർണമായും വിശ്വസ്തതയോടെ നില്ക്കാൻ കഴിയാതെയായി. സുമയ്ക്ക് ചെറുതായി മോഷണ സ്വഭാവം കൂടെ ഉണ്ട് എന്ന് തമാശ ആയി മീന മദ്യപിച്ചപ്പോൾ പറഞ്ഞു. ഏതോ ഹോട്ടലിൽ നിന്നും ഗ്ലാസ് പതിയെ എടുത്തു കൊണ്ട് വന്നു എന്നും മറ്റാരോ അത് കണ്ടു പിടിച്ചു എന്നും പറഞ്ഞു ചിരിച്ചു. ഒരു ഭാവ മാറ്റവും ഇല്ലാതെ ‘എനിക്ക് ആ ഗ്ലാസ് ഇഷ്ടപ്പെട്ടത് കൊണ്ട് ഞാൻ എടുത്തു’ എന്ന് സുദൈര്യം പറയുന്ന സുമയെ കണ്ടപ്പോൾ ഞാൻ പതിയെ എന്റെ പെട്ടികൾ പൂട്ടി വയ്ച്ചു.

പുകയൂതി കൊണ്ട് ബാൽക്കണിയിൽ ഇരുന്നു എന്തോ ആലോചിച്ചു ഇരിക്കുന്ന മീനയെയും അവരുടെ അടുത്ത് ശിവമൂലിയുടെ സ്മൃതിയിലും വിസ്മൃതിയിലും ഇരിക്കുന്ന സുമയെയും കണ്ടപ്പോൾ പല വേഷങ്ങൾ കെട്ടിയാടുന്ന തെയ്യത്തിന്റെ കടുത്ത ഛായ കൂട്ടുകൾ മനസ്സിലേക്ക് വന്നു. ബോധമസ്സിൽ അല്ലാതെ അലറിവിളിച്ചു തീക്കനലിലൂടെ നൃത്തം ചെയ്യുന്ന, സ്വയം ദേവിയായി മാറി എന്ന് കരുതി ഭക്തരോട് ആജ്ഞാപിക്കുന്നു തെയ്യ കോലങ്ങൾ. അവർ വേഷം കെട്ടുമ്പോൾ ആണോ അത് അഴിച്ചു വയ്ക്കുമ്പോൾ ആണോ യഥാർത്ഥ രൂപം എന്ന് എനിക്ക് അറിയില്ല. അവരിലെ പ്രജ്ഞ ആണോ പ്രജ്ഞ ഇല്ലായ്മയാണോ സത്യം? അവരുടെ മുഖത്തെ ഛായങ്ങൾ ആണോ തൊലിയാണോ യഥാർത്ഥ അവരുടെ മുഖങ്ങൾ?

പുകച്ചുരുളുകൾക്കിടയിൽ ഇരിക്കുന്ന രണ്ടുപേരെയും കണ്ടു എനിക്ക് ഭയവും സഹതാപവും തോന്നി. ജീവിതത്തിലെ എത്രയോ യുദ്ധങ്ങളുടെ കാണാ മുറിവുകൾ അവരുടെ മനസ്സിൽ ഉണ്ട്. ആ മുറിവുകളെ മറയ്ക്കുവാൻ അവർ കണ്ടെത്തിയ ഒരു പരിജ മാത്രം ആയിരിക്കാം അവരിൽ നമ്മൾ പുറമെ കാണുന്നതൊക്കെയും.

ദേഷ്യവും അധികാരവും ഭ്രാന്തും എല്ലാം ജീവിതത്തിന്റെ ആ മുറിവുകളെ മറ്റുള്ളവരിൽ നിന്നും മറച്ചു പിടിക്കാനുള്ള തീവ്ര ശ്രമങ്ങൾ ആയിരിക്കാം. അവർ അറിയാതെ എടുത്തു അണിയുന്ന ആ ചമയങ്ങൾക്ക് പുറകിൽ ഉറക്കെ കരയുന്ന രണ്ടു അനാഥർ ഉണ്ട് എന്ന് എനിക്ക് തോന്നി.

സുമ മുന്നിൽ ഇല്ലാത്തവരെ കണ്ടു കൊണ്ടും നിശബ്ദതയിൽ സ്ത്രീകളുടെ ശബ്ദം കേട്ടുകൊണ്ടും ഇരിക്കുന്നു എന്ന് അവർ പറഞ്ഞു. മരുന്ന് കഴിക്കാത്ത ദിവസങ്ങളിൽ അവരുടെ മനസ്സ് അസ്വസ്ഥം ആകും.

എന്നോട് സംസാരിച്ചു ഇരുന്നത് കൊണ്ട് ആകും അവർ അന്ന് മരുന്ന് കഴിച്ചിരുന്നില്ല. ഒരു മലവെള്ളപ്പാച്ചിൽ പോലെ അവരുടെ ശാന്തമായ ഭാവം രാത്രി ആയപ്പോഴേക്കും മാറി. കാണാത്തതും കേൾക്കാത്തതും അവർക്കു ചുറ്റും നിറഞ്ഞു. ഞാൻ അവരുടെ ശത്രു പക്ഷത്തു ആയി. ശിവമൂലി എന്ന് അവർ വിളിക്കുന്ന എന്തോ സേവിച്ചതു കൊണ്ട് ആകാം അവരുടെ കണ്ണുകളിൽ ചുണ്ടക്കായ് പൂവിന്റെ നീര് വീണത് പോലെ ചുവന്നു വന്നു.

മീന സ്വബോധത്തോടെ ധൈര്യത്തിന്റെ ഒരു പുറം ചട്ട എടുത്തു അണിഞ്ഞു കൊണ്ട് ഉള്ളിലെ വിറയലുകൾ മറച്ചു വയ്ക്കുന്നു എന്ന് എനിക്ക് കാണാമായിരുന്നു.

മുറിവുകൾ ഉള്ള മനുഷ്യർ ഒരുമിച്ചു വരുമ്പോൾ നമുക്കാർക്കും കേൾക്കാൻ കഴിയാത്ത ഭാഷയിൽ പരസ്പരം ആ നോവുകൾ ആണ് സംസാരിക്കുന്നതു. അത് ഒരു പക്ഷെ പരസ്പരം ഉപബോധമനസ്സിനെ അസ്വസ്ഥം ആക്കിയേക്കാം.

ഒരു ഡാൻസ് ബാറിന്റെ നിറങ്ങളുള്ള വെളിച്ചം കണ്ണുകൾ അന്ധമാക്കുന്നത് പോലെ എനിക്ക് തോന്നി. ഒരു ചിലന്തിവല പോലെ എന്നെ വരിഞ്ഞു മുറുകുവാൻ തുടങ്ങിയ അവരുടെ സാന്നിധ്യത്തെ ഞാൻ പൊട്ടിച്ചു തള്ളി മാറ്റി. അശുഭമായ സംഗീതത്തിന്റെ ചുവടുകൾ പോലെ അവരുടെ രണ്ടുപേരുടെയും പാതനിസ്വനങ്ങൾ എന്നെ അസ്വസ്ഥമാക്കി. പൂച്ചകളുടെ കൂർത്ത നഖങ്ങളുടെ ഖഡ്ഗങ്ങൾ എനിക്ക് നേരെ അവർ വീശി. അദൃശ്യമായ കൈകൾ കൊണ്ട് എന്നെ ശ്വാസംമുട്ടിക്കുന്നതു പോലെ പൂച്ചകളുടെ വിസൃജ്യങ്ങൾ എനിക്ക് ചുറ്റും സ്വതന്ത്ര സഞ്ചാരം നടത്തി. ഒരിറ്റു വായുവിനായി തപസ്സിരിക്കുന്ന ആ മുറികളുടെ ഉൾപ്രതലങ്ങൾ പോലെ എന്റെ ഉള്ളും പിടച്ചു. മീനയുടെ ദൃഷ്ടി പോലും പ്രഹരങ്ങൾ പോലെ തോന്നി. മീനയുടെ ചുരുണ്ട മുടിയും തുളയ്ക്കുന്ന നോട്ടവും വായിച്ചെടുക്കാൻ കഴിയാത്ത ഭാവവും എന്നെ ഭയപ്പെടുത്തി. അവരുടെ ചുണ്ടിൽ പുകഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് കൊള്ളി ആരുടെയോ ചിതയെ ഓർമപ്പെടുത്തി.

അവിടെ എനിക്ക് കൂടുതൽ സമയം ചെലവഴിക്കാൻ കഴിയില്ല.

ആ അസ്വസ്ഥത ഞാൻ സഹിക്കേണ്ടത് ഇല്ലല്ലോ. ആ റിസ്ക് ഞാൻ എന്തിനു എടുക്കണം?

48 മണിക്കൂർ കേട്ട ശകാരങ്ങളുടെ മറുപടികൾ കൊടുത്തിട്ടു ഇറക്കി വയ്ച്ച എന്റെ സാധനങ്ങൾ എടുത്തു തിരിച്ചു കാറിൽ കയറ്റി ഞാൻ എന്റെ ജീവനും കൊണ്ട് അവിടെ നിന്നും രക്ഷപ്പെട്ടു.

ഒരു നീണ്ട കാർ യാത്ര. രാത്രിയുടെ കറുത്ത ആത്മാവിലൂടെ, കണ്ണിലേക്ക് തുളച്ചു കയറുന്ന വെളിച്ചങ്ങൾക്ക് എതിരെ. ഉറങ്ങാൻ കഴിയാത്ത നീണ്ട യാത്ര. എന്റെ മനഃസമാധാനത്തിലേക്ക്.

കവർ: എം എ സുധീർ

+ posts

എഴുത്തുകാരി, ചലച്ചിത്രപ്രവർത്തക. നിള, അപ്പുറം, എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംവിധാനവും നിർവഹിച്ചു. ദായം എന്ന ചിത്രത്തിന് തിരക്കഥ എഴുതി. IFFK, KIFF, MAMI, FAJR തുടങ്ങിയ ഫിലിം ഫെസ്റ്റിവലു കളിലേയ്ക്ക് മത്സര വിഭാഗങ്ങളിൽ ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. New York Indian film festival, Indian film festival of Melbourne, Sydney, Indo German film festival, Berlin തുടങ്ങിയവയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 2024 ൽ ഏറ്റവും നല്ല സംവിധായികയ്ക്കുള്ള കേരള ക്രിറ്റിക്സ് അവാർഡ് ലഭിച്ചു.