വാക്കുകൾ ബന്ധനത്തിലാക്കിയ
ഒരു മുയലും,അതിനു കാവലായി
ഒരു വേട്ടക്കാരനും.
അതോർക്കുമ്പോൾ ദേഹത്താകെ
മുരിങ്ങക്കറ ഒഴുകുന്നപോലെ
ചുവന്നും ഒട്ടിയും നിൽക്കുന്ന ഞാൻ
“ഞാൻ വെള്ളമൊഴിച്ചു തരാം, നീ വളരൂ”. അങ്ങനെയല്ലേ ആദ്യം പറഞ്ഞത്?
ക്രമേണ ഇലകൾ കരിഞ്ഞു തുടങ്ങി
ഇളകിയാടി, ചരിഞ്ഞുകുടഞ്ഞു,
ഉണങ്ങിയ ഉപ്പ് ഇത്തിൾ പോലെ ബഹുകോശങ്ങളിലും.
പുകഞ്ഞു കത്തി, നെഞ്ച് വിങ്ങി
ഓരോവേരും മണ്ണിനെ
ചേർത്തുപിടിച്ചു പുളഞ്ഞു കരഞ്ഞു
ഇലകളെല്ലാം ഓട്ടവീണു,
എട്ടുകാലി വലകെട്ടി
പ്രാണികൾ ചിറകൊട്ടി,
ശ്വാസംമുട്ടി ചത്തു
കരിഞ്ഞുതുടങ്ങിയ ചില്ലകൾ
ഇനിയൊന്നുമില്ലബാക്കി-
യെന്നോതി നിലത്തു വീണു.
ചട്ടിയിൽനിന്നും മണ്ണോടു കൂടി
ദൂരെ വീണ പേരില്ലാപ്പൂവ്,
പിന്നെ അതേ ചട്ടിയിൽ പുതുമണ്ണിൽ
വേറൊരു പൂവ്..
പൂവിനെ ചുംബിക്കാൻ ചെല്ലവേ
വിഷക്കൊത്തു കൊണ്ടു
നീലിച്ചു പോയ നീ.
വലയിൽ പൊതിഞ്ഞു
കഷണങ്ങളായിക്കിടന്ന
മൂലയിൽനിന്നും ഞാൻ
പുതുമഴയിൽ കുതിർന്നതുപോലെ
പൊട്ടി മുളച്ചു.
ഉള്ളിൽനിന്നും ശ്വാസം മുട്ടിച്ചിരുന്ന
വേട്ടക്കാരനും ചുവന്ന മുയലും
ഇറങ്ങിയോടി.
കവർ: ജ്യോതിസ് പരവൂർ