പണ്ട്, പുതിയ സ്കൂളില്‍ ആറാം ക്ലാസില്‍ കിട്ടിയ ആദ്യചങ്ങാതിയായിരുന്നു ശിവശങ്കരന്. അതല്ലാതെ അഞ്ചോ ആറോ പേരേ ഓര്‍മ്മയിലുള്ളു. ഇപ്പോള്‍ എവിടെ, എന്തുചെയ്യുന്നു എന്നൊന്നും ആരെക്കുറിച്ചും അറിഞ്ഞുകൂട. പൊതുവേ നാട്ടുകാരിലാരുടെയെങ്കിലും ജീവിതത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ അതറിയാറുള്ളത് ഇന്നും ശിവനിലൂടെയാണ്.
ആ സമയത്ത് നാട്ടില്‍ ഉണ്ടാവുമെന്നറിയാമായിരുന്നതു കൊണ്ട് പിറന്നാളിന് വീട്ടില്‍ എത്താമെന്ന് എറ്റിരുന്നു. ശിവന്റെ എഴുപതാം പിറന്നാളും ഞങ്ങളുടെ സൌഹൃദത്തിന്റെ അറുപതാം വര്‍ഷവും ഒരുമിച്ച് ആഘോഷിക്കാനായിരുന്നു പരിപാടി. ചീരക്കൂട്ടാനും തക്കാളിരസവും പയറുപ്പേരിയും പപ്പടവുമായി ലഘുവായ നാടന്‍ ഭക്ഷണം ഒരുക്കിയിരുന്നു അംബിക.
ആദ്യകാലത്ത് എഴുത്തുകളിലൂടെയും പിന്നീട് ഫോണ്‍ വിളികളിലൂടെയും ഒടുവില്‍ സോഷ്യല്‍ മാദ്ധ്യമങ്ങളിലൂടെയും ഞങ്ങളുടെ കൂട്ടുകെട്ട് ഇന്നും ആരോഗ്യത്തോടെ തുടരുന്നു.
കണ്ടുമുട്ടുമ്പോള്‍ സംഭാഷണം ഇപ്പോഴും ഞങ്ങള്‍ ഒരുമിച്ചു വളര്‍ന്ന കാലത്തെ കുറിച്ചാവും. വഴി പിരിഞ്ഞതിന് ശേഷം രണ്ടുപേരുടേയും ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചു എന്ന് പറയാനോ കേൾക്കാനോ കാര്യമായ താത്പര്യം രണ്ടുകൂട്ടര്‍ക്കും ഉണ്ടാവാറില്ല.
ഇത്തരത്തിലുള്ള മാനസികാവസ്ഥ മനുഷ്യന്റെ പൊതുസ്വഭാവമാണെന്ന് ഒരു മിലന് കുന്ദേരക്കഥയില്‍ വായിച്ചതായി ഓര്‍മ്മയുണ്ട്.
അന്നത്തെ സഹപാഠികള്‍ ദേവിദാസന്, വേലായുധന്, ഗോപിനാഥന്, ബാലചന്ദ്രന്, വത്സല, മേരി ജോര്‍ജ്, ശകുന്തള, സരള തുടങ്ങിയവരുടെ പേരുകള്‍ സംസാരത്തിനിടയില്‍ പലപ്പോഴും കയറിവരും. ഒരേ സ്കൂളിലും കോളേജിലും പലപ്പോഴും ഒരേ ക്ലാസ് മുറിയിലും പഠിച്ച് പുറത്തുവന്ന് പല വഴിക്ക് പിരിഞ്ഞ് ആറ് പതിറ്റാണ്ടുകള്‍ പിന്നിട്ടു. ചിലരെ മാത്രം ഇടയ്ക്ക് ഒന്നോ രണ്ടോ തവണ കണ്ടു. സംസാരിച്ചു. എല്ലാവരും എന്തൊക്കെയോ ജോലി ചെയ്ത്, വിരമിച്ച്, ഭൂമിയിൽ എവിടെയൊക്കെയോ മക്കളും പേരമക്കളുമായി കഴിയുന്നുണ്ടാവണം.
ഓർമ്മയിലുള്ള അവരുടെ മുഖങ്ങളിലും ശരീരപ്രകൃതിയിലും പ്രായത്തിനനുസരിച്ച് നര, കഷണ്ടി, കുടവയർ, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ചേർത്തുവെച്ച് സങ്കൽപ്പിക്കലാണ് നേരില്‍ കാണുമ്പോള്‍ വിശേഷിച്ചും ഞങ്ങളുടെ ഒരു ഒഴിവുസമയവിനോദം. വിനോദമെന്ന് പറഞ്ഞെന്നേയുള്ളൂ. അത് തീര്‍ത്തും ഒരു വിനോദമല്ല.
അവര്‍ക്കോരോരുത്തര്‍ക്കുമായി അങ്ങനെ ഞങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത കൃത്യമായി തുടരുന്ന ജീവിതമുണ്ട്. ആ അര്‍ത്ഥത്തില്‍ അവരെല്ലാം എപ്പോഴും ഞങ്ങളുടെ കാഴ്ചപ്പുറത്തും കേൾവിപ്പുറത്തും ഉണ്ടെന്ന തോന്നലാണ് കാര്യം. അതൊരാശ്വാസമാണ്.
അതേ സമയം ദൂരെയെവിടെയോ ഇരുന്ന്, അവരൊക്കെ ഞങ്ങളെ കുറിച്ചും അങ്ങനെ പലതും സങ്കല്‍പ്പിച്ചുകൂട്ടുകയായിരിക്കും എന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതയിലെന്ന പോലെ കൌതുകം കൊള്ളുകയും ചെയ്യും.
കാണാമറയത്ത് സമാന്തരമായി മുന്നേറുന്ന ജീവിതങ്ങളെ കുറിച്ച് ഒന്നും അറിയാതെ, അതില്‍ ആകാംക്ഷയോ ആശങ്കയോ ഇല്ലാതെ ജീവിച്ചുപോകാന്‍ നമുക്ക് കഴിയുന്നു എന്നത് എന്തൊരു സങ്കടപ്പെടുത്തുന്ന അദ്ഭുതമാണ്!
അവരിലാരുടെയെങ്കിലും ഫോണ്‍ നമ്പര്‍ കൈയിലുണ്ടെങ്കില്‍ ഒന്ന് വിളിച്ചുനോക്കാം എന്ന നിരുപദ്രവമായ ഒരു നിര്‍ദേശം മൂന്നുപേരിലാരോ മുന്നോട്ട് വെച്ചു. ബാലചന്ദ്രന്റേയും ജന്മദിനം ഇതേ ദിവസമാണെന്ന് ശിവന് പറയാറുള്ളത് ഓര്‍മ്മയുണ്ട്. കോളേജ് വിട്ടുകഴിഞ്ഞ് ഇരുപതോ ഇരുപത്തഞ്ചോ കൊല്ലങ്ങള്‍ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച് അപ്രതീക്ഷിതമായി ബാലനേയും കുടുംബത്തേയും കണ്ടിരുന്നു. മകന് എഞ്ചിനീയറിംഗിലും മകള്‍ക്ക് ചിത്രംവരയിലുമാണ് താത്പര്യം എന്ന് പറഞ്ഞതായോര്‍ക്കുന്നു. രണ്ടും അച്ഛന്റെ താത്പര്യങ്ങളുടെ തുടര്‍ച്ചയാണെന്ന് പറഞ്ഞ് അന്ന് മൂപ്പര് ഭാര്യയെ കളിയാക്കിയതും ഓര്‍മ്മയിലുണ്ട്.
“പതിവായി വിളിച്ച് ബാലന് ആശംസകള്‍ കൈമാറാറുണ്ട്. ” ശിവന് പറഞ്ഞു.
“മഹാമാരിക്കാലം വരെയും അത് തുടര്‍ന്നു. അടച്ചിരിപ്പുകാലം മനസ്സിനകത്തും ഉയരത്തില്‍ മതിലുകള്‍ കെട്ടി അത് മുടക്കി.”
ആ പതിവ് പുനരാരംഭിക്കാം എന്നും അതില്‍ ഞാനും കക്ഷി ചേരാമെന്നും ഞാന്‍ പ്രതികരിച്ചു..
പുസ്തക ഷെല്‍ഫിലും മേശയുടെ വലിപ്പിനകത്തും അന്വേഷിച്ച് ഫോണ്‍ നമ്പറുകള്‍ കുറിച്ചുവെച്ചു പഴകിപ്പിഞ്ഞിയ ഡയറി പുറത്തെടുത്തു.
ആദ്യതവണ ഫോണ്‍ നിശബ്ദത പാലിച്ചു. രണ്ടാം വിളി തെറ്റി വേറെയേതോ നമ്പറിലേയ്ക്ക് പോയി. അടുത്തതില്‍ അങ്ങേയറ്റത്ത് മണിയടിച്ചു.
“ഹലോ ..”
മുഴക്കമുള്ള ശബ്ദം. ശിവന്റെ കണ്ണുകള്‍ വികസിച്ചു.
“ബാലചന്ദ്രന്റെ വീടല്ലേ?”
ആവേശം പുറത്തുകാണിക്കാതെ ക്ഷമാപണസ്വരത്തില്‍ ശിവന് ചോദിച്ചു.
“അതെ…?“
പിന്നെ രണ്ടുപേരും ഒരേ സമയം അന്യോന്യം ചോദിച്ചു:
“ആരാണ് സംസാരിക്കുന്നത്?”
“സ്കൂളില്‍ ഒപ്പം പഠിച്ച ശിവശങ്കരന് ആണെന്ന് പറയൂ.“
“സര്, ഞാന്‍ ശ്രീകുമാര്‍ -അയല്‍ക്കാരനാണ്. ഇവരെല്ലാവരും കൂടി രാവിലെ പുറത്തു പോയതാണ്. ഇപ്പോള്‍ വന്നുവെന്ന് തോന്നുന്നു. അപ്പുറത്ത് കാറിന്റെ ഒച്ച കേട്ടു. ഫോണ്‍ ഹരിക്ക് കൊടുക്കട്ടേ? ”
“ബാലചന്ദ്രനില്ലേ? “
“…………… സര്, ബാലന് …ബാലന് പോയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. ഹരിയും കൂട്ടരും ശ്രാദ്ധത്തിൽ പങ്കുകൊള്ളാൻ പതിവ് പോലെ ഏത്തിയതാണ്. എല്ലാ ശ്രാദ്ധത്തിനും എല്ലാവരും ഉണ്ടായിരിക്കണം എന്നത് അവരുടെ അമ്മയ്ക്ക് നിര്‍ബന്ധമാണ്. ഫോൺ അവര്‍ക്ക് കൊടുക്കട്ടേ?”
ശിവന് ഒരു നിമിഷം മിണ്ടാതെ നിന്നു. പിന്നെ താഴ്ന്ന ശബ്ദത്തില്‍ അവസാനിപ്പിച്ചു.
“അവരെ പരിചയപ്പെട്ടിട്ടില്ല, ശ്രീകുമാർ.– ബാലചന്ദ്രന് …പോയത് അറിഞ്ഞില്ല. എന്ത് പറയണമെന്ന് അറിയുന്നില്ല. തമ്മില്‍ എഴുത്തുകുത്തും ഫോണും ഒന്നും പതിവുണ്ടായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ എവിടെയോ സുഖമായി വിശ്രമജീവിതം നയിക്കുന്നുണ്ടെന്നായിരുന്നു വിശ്വാസം. തത്ക്കാലം ഫോണ്‍ വെയ്ക്കട്ടെ. അടുത്തൊരു ദിവസം ഞാന്‍ ഹരിയെ വിളിക്കാം. എനിക്ക് സംസാരിക്കണം”
ഫോണ്‍ വെച്ചുകഴിഞ്ഞ് ഞങ്ങള്‍ അന്യോന്യം നോക്കി മിണ്ടാതിരുന്നു.
വര : പ്രസാദ് കാനാത്തുങ്കൽ
ഞങ്ങളുടെ കഥകളില്‍ ബാലചന്ദ്രന് ആരോഗ്യവാനായിരുന്നു. ചില്ലറ ശാരീരിക അവശതകളുള്ള ഭാര്യയോടൊപ്പം വടക്കേ ഇന്ത്യയിലോ വിദേശത്തോ മക്കളുടെ കൂടെ പോയി മാസങ്ങള്‍ ജീവിക്കുന്നയാളായിരുന്നു.
അപൂര്‍വം ചിലപ്പോഴൊക്കെ ചിത്രം വരച്ചും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും വരയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ചും ഇപ്പോഴും മനസ്സില്‍ ജീവിക്കുന്ന ഒരാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഭൂമിയില്‍ ഇല്ലായിരുന്നു എന്ന് ഞങ്ങള്‍ ഞങ്ങളെ എങ്ങനെ വിശ്വസിപ്പിച്ചെടുക്കും?
അറിയില്ല.
കവർ : ജ്യോതിസ് പരവൂർ
വര : പ്രസാദ് കാനാത്തുങ്കൽ