സ്വന്തമായി വീട് വാങ്ങിയതുമുതല്‍ പരിഹരിക്കപ്പെടേണ്ടതായ രണ്ട് പ്രശ്നങ്ങളെ കുറിച്ചാണ് രാച്ചയ്യയ്ക്ക് പറയാനുണ്ടായിരുന്നത്.
വീട്ടിലെ L ആകൃതിയിലുള്ള സ്വീകരണമുറിയാണ് ഒന്ന്.
L ന്‍റെ വശങ്ങള്‍ സന്ധിക്കുന്നിടത്താണ് ടി വിയും ഇരിപ്പിടങ്ങളും സെന്‍റര്‍ ടേബ്ളും അടങ്ങുന്ന യഥാര്‍ത്ഥ’സ്വീകരണമുറി’. വാതില്‍ കടന്ന് നമ്മള്‍ പ്രവേശിക്കുന്നത് ലംബത്തിന്‍റെ ആദ്യഭാഗത്തേയ്ക്കാണ്. നേരെ നടന്ന്, അറ്റത്ത് ഇടത്തോട്ട് തിരിഞ്ഞാല്‍ ഡൈനിംഗ് എരിയയിലെത്തും. ഗ്ലാസ് ടോപ് ടേബ്ളും അതിന്‍റെ ചുറ്റുമായി ആറ് കസേരകളും ക്രമീകരിച്ചിരിക്കുന്നു.
‘അനാര്‍ഭാടമായ അകക്കാഴ്ചകള്‍ !’ എന്ന് അതിഥികൾ മതിപ്പോടെ നോക്കിക്കാണാറുണ്ട്.
രണ്ടറ്റത്തായി എതിർച്ചുമരുകളിൽ, പതിഞ്ഞ ചായച്ചേരുവകളിൽ, കൂടിട്ട രണ്ട് ചിത്രങ്ങൾ –
പ്രകാശത്തിനും വായുവിനും സ്വതന്ത്രമായി വഴിനടക്കാൻ പറ്റിയ ചുറ്റുപാട് –
മൊത്തം ഓഫ് വൈറ്റ് നിറത്തില്‍ ഊന്നിയുള്ള വര്‍ണ്ണസംവിധാനം –
തൊട്ടടുത്ത ബാല്‍ക്കണിയില്‍, പ്രകാശത്തെ തടയാതെ, എതിരെയുള്ള വീടുകളില്‍ നിന്ന് സ്വകാര്യത ഉറപ്പ് വരുത്തി തൂങ്ങിക്കിടക്കുന്ന ബ്ലൈന്‍ഡ്സ് .
അഭിനന്ദിച്ച് രണ്ട് വാക്ക് പറയാതെ ആരും പോകാറില്ല.
ചിട്ടയുടെയും നിറങ്ങളുടെയും കലാപരതയുടെയും പിന്നിലെ കൈകള്‍ ഭാര്യ ഉമയുടേതാണ്. ആകര്‍ഷകമായ തുലനാവസ്ഥ തകരാറിലാക്കാതെ ജീവിച്ചുപോകേണ്ട ജോലിയേയുള്ളൂ രാച്ചയ്യയ്ക്ക്.

‘വീട്ടിലുള്ളവരെ വിടൂ – വീട് തന്നെ ചിരിച്ച്, കൈപിടിച്ച് അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നതായാണ് അനുഭവപ്പെട്ടത്.’ എന്നാണ് എഴുത്തുകാരനായ പൊതുസുഹൃത്ത് അഭിപ്രായപ്പെട്ടത്.
ഉമ ഉണര്‍ന്ന് വരുന്നതിന് മുന്‍പ് ഹാളിനെ ഒരുക്കുന്നതിലൂടെയാണ് രാച്ചയ്യയുടെ ദിവസം തുടങ്ങുന്നത്.
ഡസ്റ്റര്‍ ഉപയോഗിച്ച് എല്ലാ പ്രതലങ്ങളിലും പൊടി തട്ടി –
സ്ഥാനം തെറ്റിക്കിടക്കുന്ന കുഷനുകൾ ശരിയാക്കി –
സ്വിച്ച് ബോർഡിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ചാർജറുകൾ ഊരി മേശയുടെ വലിപ്പിൽ വെച്ചടച്ച് –
സോഫയിലോ ഡൈനിങ് ടേബ്ളിന് മുകളിലോ തുറന്ന നിലയിൽ ഇരിക്കുന്ന ലാപ്ടോപ്പുകൾ അടച്ച്, അകത്ത് അവയുടെ സ്റ്റാൻഡുകളില്‍ കൊണ്ടുവെച്ച് – സെന്‍റര്‍ ടേബ്ളിന് മുകളിൽ നിന്ന് തലേന്നത്തെ പത്രം ബാൽക്കണിയിലെ ചൂരല്‍ ഷെൽഫിലേയ്ക്ക് മാറ്റി –
ഇളംപകലിന്‍റെ രശ്മികൾക്ക് വീട്ടിനകത്തേയ്ക്ക് വഴിയൊരുക്കാന്‍ കർട്ടനുകൾ രണ്ട് പാതികളിലുമായി വശങ്ങളിലേയ്ക്കൊതുക്കി –
അങ്ങനെയങ്ങനെ.
എല്ലാം കഴിഞ്ഞ്, ഒരറ്റത്ത് നിന്ന് രാച്ചയ്യ മുന്നിലെ കലാസൃഷ്ടിയിലേയ്ക്ക് കണ്ണയയ്ക്കും – ഒരു ദിവസവും മുടക്കാതെ!
വിശദാംശങ്ങളിലോരോന്നിലും നോട്ടമെത്തും. മിക്കവാറും ദിവസങ്ങളില്‍ ഫോട്ടോ എടുത്ത് അടിക്കുറിപ്പോടെ ലോകവുമായി പങ്കിടും.
കുറ്റമറ്റതെന്ന് ലോകം പറയുമ്പോഴും പ്രവേശന കവാടത്തിനടുത്തുള്ള, ‘ L ‘ ന്‍റെ ആദ്യ മൂന്നിലൊന്ന് ഭാഗം രാച്ചയ്യയുടെ കണ്ണിലും മനസ്സിലും കരടായി നിന്നു.
ഒന്നുമില്ലാതെ,
ഒന്നിനുമല്ലാതെ,
ഒരിടം !
അവിടം കൊണ്ട് എന്തുചെയ്യാം എന്ന ചോദ്യത്തിന് ഒരുത്തരം കണ്ടെത്താനാവുന്നില്ല.
ആദ്യദിവസങ്ങളില്‍, മുന്‍പത്തെ താമസസ്ഥലത്തുനിന്ന് കൊണ്ടുവന്ന ദിവാന്‍, ബോള്‍സ്റ്ററുകളും കുഷനുകളുമായി ചുമരോട് ചേര്‍ത്ത് ഇട്ടിരുന്നു. അതിഥികളില്‍ ചിലര്‍ പത്രം കൈയില്‍ എടുത്തോ ഫോണ്‍ തുറന്നോ അവിടെ ഇരുന്നില്ലെന്നില്ല.
അല്‍പ്പനേരം കഴിയുമ്പോള്‍ ഇരുന്നവരൊക്കെ അസ്വസ്ഥരായി എഴുന്നേറ്റു.
‘വീട്ടില്‍ നിന്ന് മുറിച്ചുമാറ്റിയതുപോലെ’ എന്ന് എഴുത്തുകാരന്‍ സുഹൃത്ത് –
“ശ്വാസതടസ്സം അനുഭവപ്പെടുന്നതുപോലെ!”
പുറമെ ആരുമില്ലാത്ത സമയത്ത് സ്വയം പരീക്ഷിച്ചുനോക്കി, സുഹൃത്തിന്‍റെ വാക്കുകള്‍ അതിശയോക്തിയല്ല എന്ന് രാച്ചയ്യ തിരിച്ചറിഞ്ഞു.
ചെറിയ പുസ്തകഷെല്‍ഫും അപ്പുറവും ഇപ്പുറവുമായി രണ്ട് കസേരകളും പരീക്ഷിച്ചുനോക്കി. ഇരിപ്പുമുറിയുടെ ആത്മാവിനോട് കലഹിച്ച് കുറച്ചുനാള്‍ അത് തുടര്‍ന്നു –
ഒത്തുതീര്‍പ്പാവുന്നില്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ അവസാനിപ്പിച്ചു.
സാമാന്യം വളര്‍ന്ന് നില്‍ക്കുന്ന ചെടിച്ചട്ടിപ്പനകള്‍ രണ്ടെണ്ണം അല്പം ഇടവിട്ട് വെച്ചുനോക്കി.
ഏച്ചുകൂട്ടല്‍ വല്ലാതെ മുഴച്ച് നില്‍ക്കുന്നതായി തോന്നിയപ്പോള്‍ അതും വേണ്ടെന്ന് വെച്ചു.
ആ തരിശില്‍ ഇരുന്ന് കളിക്കാന്‍ കുട്ടികളും വിമുഖരാണെന്ന് തോന്നിയിട്ടുണ്ട്.
സ്വന്തം അവസ്ഥ രാച്ചയ്യ അവതരിപ്പിച്ചത് ഇങ്ങനെയാണ് :
“ഞങ്ങള്‍ കൂര്‍ഗുകാര്‍ക്ക് എല്ലാറ്റിലും ഒരു കച്ചവടക്കണ്ണുണ്ട്. പണമായിട്ടുതന്നെ വേണമെന്നില്ല – ലാഭമുണ്ടാക്കാത്ത അഥവാ നഷ്ടമുണ്ടാക്കുന്ന എന്തെങ്കിലും ഒന്ന് നമ്മുടെ ചെലവില്‍ നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അതിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമെടുത്ത് നടപ്പിലാക്കുന്നത് വരെ ഉറക്കം വരില്ല.”
നഷ്ടപ്പെട്ട പല്ലുണ്ടാക്കിയ വിടവ് വെളിപ്പെടുത്തി രാച്ചയ്യ ചിരിച്ചു.
“എന്തെങ്കിലും ചെയ്ത് അതിനെ വീടിന്‍റെ ഭാഗമാക്കണം ! ”
പ്രശ്നപരിഹാരവിഷയത്തില്‍ ഓഫീസില്‍ തനിക്ക് കിട്ടുന്ന അംഗീകാരത്തിനെ പറ്റി വാചാലനാവാറുള്ള രാച്ചയ്യയ്ക്ക് ഇരിപ്പുമുറിയുടെ നഗ്നമായ തുടക്കം ഉറക്കത്തിലും ഉണര്‍വിലും തലവേദനയായി.
“തലവേദനയ്ക്കുള്ള മരുന്ന് എവിടെയോ ഉണ്ട്. ഞാനത് കണ്ടെത്താതിരിക്കില്ല !”
ശുഭാപ്തിവിശ്വാസം കൈവിടാതെ രാച്ചയ്യ പറഞ്ഞു.
മൂന്ന് മാസത്തെ വിദേശയാത്രയ്ക്ക് തൊട്ടുമുന്‍പ് യാത്ര ചോദിക്കാന്‍ ചെന്നതായിരുന്നു, ഞങ്ങള്‍.
ശയ്യാവലംബിയായി കഴിയുന്ന അമ്മയാണ് രാച്ചയ്യയുടെ രണ്ടാമത്തെ ‘പ്രശ്നം’.
അമ്മയെ ‘സുഹൃത്തിന്‍റെ അമ്മ’ എന്ന് പറയുന്നതിനെക്കാള്‍ രാച്ചയ്യയെ ‘സുഹൃത്തിന്‍റെ മകന്‍’ എന്ന് പറയാനാണെനിക്കിഷ്ടം. നാല്‍പ്പതിലധികം കൊല്ലമായി ‘അമ്മ’യെ അടുത്തറിയാം. ഇപ്പോള്‍ വയസ്സ് തൊണ്ണൂറ് കഴിഞ്ഞു. ഇടുപ്പെല്ലിന്‍റെ ശക്തി ക്ഷയിച്ചതുകാരണം കിടപ്പാണ് എന്നതൊഴിച്ചാല്‍ മക്കളെക്കാള്‍ ആരോഗ്യവതിയാണ്.
ഭക്ഷണത്തിന് നിയന്ത്രണങ്ങളില്ല.
കാഴ്ചക്കുറവോ കേള്‍വിക്കുറവോ ഇല്ല.
ബി പി യില്ല – ഷുഗറില്ല –
ഓര്‍മ്മക്കുറവൊഴികെ വാര്‍ദ്ധക്യകാലരോഗങ്ങളൊന്നുമില്ല.
ഓര്‍മ്മക്കുറവ് –
അതൊരു കുറവാണ് എന്ന് സമ്മതിക്കുന്നു.
രാവിലെ പ്രാതലിന്‍റെ സമയമാവുമ്പോഴേയ്ക്ക്, സഹായത്തിന് നില്‍ക്കുന്ന ചെറുപ്പക്കാരി അമ്മയെ കുളിപ്പിച്ച്, വസ്ത്രം മാറ്റിക്കൊടുത്ത്, മുടി ചീകിക്കെട്ടി, നെറ്റിയില്‍ വട്ടത്തില്‍ വലിയ ചുവന്ന പൊട്ട് ചാര്‍ത്തി സുന്ദരിയാക്കിയിട്ടുണ്ടാവും.
വീട്ടില്‍ ആരെങ്കിലും വന്നാല്‍ ഒരേ ചോദ്യം പലയാവര്‍ത്തി ചോദിച്ചും താളം തെറ്റിയ ഓര്‍മ്മകളില്‍ നിന്നെടുത്ത കഥകള്‍ പലയാവര്‍ത്തി പറഞ്ഞും അമ്മ നിര്‍ത്താതെ സംസാരിക്കും.
പഴയ അമ്മയില്‍ നിന്ന് ഈ പുതിയ അമ്മയിലേയ്ക്ക് കാതങ്ങളുടെ ദൂരമുണ്ട്.
അമ്മയെ കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധി പേര്‍ വരും. വരുന്നവര്‍, അഞ്ച് മുതല്‍ പത്ത് മിനുട്ട് വരെ മുറിയില്‍ അമ്മയോടൊപ്പമിരിക്കും.
കൃത്യമായ ആശയവിനിമയം എന്ന് പറയാനാവില്ലെങ്കിലും എന്തെങ്കിലും ഒക്കെ ചോദിക്കുകയും പറയുകയും ചെയ്യും.
അത് കഴിഞ്ഞ് മുറിയില്‍ നിന്ന് പുറത്തുവരും.
അല്‍പസമയം മൌനമവലംബിച്ചിരിക്കും.
ദീര്‍ഘനിശ്വാസത്തോടെ അമ്മയുടെ പഴയകാലം ഓര്‍മ്മിക്കും.
എന്ത് പ്രാപ്തിയുള്ള സ്ത്രീ ആയിരുന്നു എന്ന് അനുഭവകഥകള്‍ പങ്കുവെയ്ക്കും.
‘ആയ കാലത്ത്’ ഒരു സ്കൂള്‍ പ്രിന്‍സിപ്പലോ ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകയോ ആയിരുന്നെങ്കില്‍ അമ്മ എവിടെ എത്തിപ്പെട്ടേനേ എന്ന് അദ്ഭുതപ്പെടും.
സഹതാപസ്വരത്തില്‍ ആശ്വാസവാക്കുകള്‍ പറയും.
നമ്മെയോരോരുത്തരേയും കാത്തിരിക്കുന്ന അവസാനകാലത്തെ കുറിച്ച് ആശങ്കകള്‍ കൈമാറും.
ആ സന്ദര്‍ശനങ്ങള്‍ക്ക് നിയതമായ സമയവും ശൈലിയുമുണ്ട്.
മാസത്തിലൊരിക്കല്‍ അമ്മയെ കാണാന്‍ ഞാനും പോകാറുണ്ട്.
വിശേഷങ്ങള്‍ ചോദിച്ചും പറഞ്ഞും പത്ത് മിനുട്ട് മുറിയില്‍ ചെലവിടാറുണ്ട്. എന്‍റേത് പക്ഷേ ഔപചാരികസന്ദര്‍ശനമല്ല
“വരൂ ..വരൂ..” എന്ന് ചിരിച്ച് വരവേല്‍ക്കുന്നത് എന്നെ തിരിച്ചറിഞ്ഞിട്ടല്ല എന്നറിയാം.
തൊണ്ടയിൽ ഒരു ഗദ്ഗദം വന്നുടയും.
നാല് പതിറ്റാണ്ടുകാലത്തെ ഓര്‍മ്മകളില്‍, സ്വയം നഷ്ടപ്പെട്ടുകഴിഞ്ഞ അമ്മയുടെ ഈ അവസാന അദ്ധ്യായം വരെയുള്ള, ഒരുപാടൊരുപാട് തിളങ്ങുന്ന ചിത്രങ്ങളുണ്ട്.
“ഇനി എന്നാണ് കാണുക ?”
യാത്ര പറഞ്ഞ് എഴുനേൽക്കുമ്പോൾ എന്നും എന്‍റെ രണ്ട് കൈകളും ചേര്‍ത്തുപിടിച്ച്, അമ്മ ചോദിക്കും !
(എല്ലാവരോടുമുള്ള അമ്മയുടെ അവസാനചോദ്യമാണ് !)
“നാളെ വരാം.”
എന്നത്തേയും എന്‍റെ ഉത്തരം !.
“വന്നുകണ്ടത് വലിയ സന്തോഷമായി. “
ആ പറച്ചിലില്‍ കാര്യമില്ലെന്ന് രാച്ചയ്യ പറയും.
(‘കാര്യമുണ്ടെ’ന്ന എന്‍റെ തോന്നൽ ഞാൻ പുറത്തേയ്‌ക്കെടുക്കില്ല!)
“അഞ്ച് മിനുട്ട് കഴിഞ്ഞ്, ആരാണ് വന്നിരുന്നതെന്ന് ചോദിച്ചാല്‍ അമ്മയ്ക്ക് ഓര്‍മ്മിക്കാന്‍ കഴിയാറില്ല.”
സമയകാലബോധം പോയിട്ട് വര്‍ഷങ്ങളായി. എന്നാലും പെട്ടെന്ന് ഒരാള്‍ക്ക് പിടികൊടുക്കാതെ കുശലപ്രശ്നം തുടങ്ങാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള തന്‍റേടം അമ്മയ്ക്കുണ്ട്.
കത്തിയുടെ വായ്ത്തലയെ ഓര്‍മ്മിപ്പിക്കുന്ന ഫലിതബോധം, ഈ നിലയില്‍ കിടക്കുമ്പോഴും, ഇടയ്ക്കൊക്കെ പുറത്തുവരും.
സ്കൂള്‍ പ്രിന്‍സിപ്പലായി വിരമിച്ച, മകള്‍ ഗൌരി, മിക്കവാറും ദിവസങ്ങളില്‍ അമ്മയെ കാണാന്‍ എത്താറുണ്ട്. രണ്ട് തെരുവുകള്‍ക്കപ്പുറമാണ് അവരുടെ വീട്.
പാന്‍റും ഷര്‍ട്ടും ധരിച്ച്, ക്ലോസ് ക്രോപ് ചെയ്ത മുടി ആണുങ്ങളെ പോലെ ചീകിവെച്ച് വരുന്ന മകളെ തിരിച്ചറിയാതെ അമ്മ പാടുപെടും.
‘ദാ അവന്‍ വന്നിട്ടുണ്ട്.’ എന്നാണ് അകത്തേയ്ക്ക് വിളിച്ചുപറയുക.
എനിക്ക് കോഫിയുമായി വന്ന ഗൌരിയെ ചൂണ്ടി അമ്മ എന്നോട് ചോദിച്ചു:
“ഇവനെ മനസ്സിലായോ? “
അമ്മയ്ക്ക് കരുതിയിരുന്ന പ്ലേറ്റും ഗ്ലാസും മുന്നില്‍ വെയ്ക്കാതെ ഗൌരി പറഞ്ഞു.
“ഇന്ന് എന്‍റെ ചോദ്യത്തിന് ഉത്തരം പറഞ്ഞാലേ അമ്മയ്ക്ക് ഞാനിത് തരൂ.“
അമ്മയുടെ അടുത്ത്, കിടക്കയില്‍ ഇരുന്ന് അവള്‍ ചോദിച്ചു.
“അമ്മ പറയൂ – ഞാന്‍ ആണാണോ പെണ്ണാണോ ?”
അമ്മ കുറച്ചുനേരം അവളുടെ മുഖത്ത് നോക്കിക്കിടന്നു. പിന്നെ ചിരിച്ച്, ഒരു നിമിഷം എന്നെ നോക്കി. വീണ്ടും ഗൌരിയുടെ മുഖത്ത് നോട്ടമുറപ്പിച്ച് . ചോദിച്ചു.
“അതിപ്പൊ, …….ഞാനെങ്ങനെയാണ് പറയുക ? നിനക്കല്ലേ അറിയൂ? “
അതാണ് അമ്മ !
ഉമയ്ക്ക് അമ്മയെ കുറിച്ച് പരാതികളില്ല.
“കിടപ്പിലാണെങ്കിലും വേദനകളൊന്നുമില്ലല്ലൊ. കഴിയുന്നത്ര കാലം അമ്മ നമുക്കൊക്കെ വേണ്ടി അങ്ങനെ ജീവിച്ചിരിക്കട്ടെ.”
പിന്താങ്ങാന്‍ അമ്മയുടെ മകന് വയ്യ. തന്‍റെ പക്ഷം അവതരിപ്പിക്കാന്‍, കൊല്ലങ്ങള്‍ക്ക് മുന്‍പേ മരിച്ചുപോയ കാരണവരുടെ കഥ പറയും രാച്ചയ്യ, .
കോഫി എസ്റ്റേറ്റിൽ നിന്നും കെട്ടിടവാടകകളിൽ നിന്നും കുടുംബത്തിന് നല്ല സുസ്ഥിരവരുമാനമുണ്ടായിരുന്ന കാലത്താണ്, നാല്‍പ്പത്തഞ്ച് തികയുന്നതിന്
മുന്‍പ്, ബെല്ലിയപ്പ അമ്മാമന് രോഗബാധയുണ്ടായത്. ചെറിയ ചികിത്സയില്‍ കാര്യങ്ങള്‍ ഒതുങ്ങില്ലെന്ന് ഡോക്റ്റര്‍ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന, പണച്ചെലവേറിയ ശസ്ത്രക്രിയ നടത്തണം. ആയുഷ്ക്കാലം മുഴുവന്‍, സങ്കീർണ്ണപാര്‍ശ്വഫലങ്ങളുള്ള മരുന്ന് കഴിക്കുകയും വേണം.
ഒന്നും ഭയപ്പെടാനില്ലെന്ന് ആവര്‍ത്തിച്ച് ഉറപ്പ് കൊടുത്ത് ചികിത്സയ്ക്ക് പ്രേരിപ്പിച്ച സുഹൃത്തായ ഡോക്റ്ററില്‍ നിന്ന് അമ്മാമന് അറിയേണ്ടിയിരുന്നത് ഒരേയൊരു കാര്യം :
“സര്‍ജറിക്ക് ശേഷം, ജീവിതത്തിന്‍റെ ക്വാളിറ്റിയില്‍ ഒരു കുറവും വരില്ല എന്ന ഉറപ്പ് തരാമോ, ഡോക്റ്റര്‍ ? തന്നാല്‍ ഞാന്‍ സമ്മതിക്കാം. ”
സ്വന്തം ജീവന്‍റെ കാര്യമായാലും അതാണ് കൊഡഗു രീതി.
വിദേശത്തായിരുന്നപ്പോള്‍ പത്തുദിവസത്തില്‍ ഒരിക്കലെങ്കിലും രാച്ചയ്യയുടെ വിളി വരും. ഇല്ലെങ്കില്‍ ഞാനങ്ങോട്ട് വിളിക്കും.
ഒരു തവണ വിളിച്ചപ്പോള്‍ അമ്മയെ അടുത്തുള്ള വയോജനകേന്ദ്രത്തിലേയ്ക്ക് മാറ്റിയ വിവരം രാച്ചയ്യ പറഞ്ഞു.
“അമ്മയുടെ പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമായി.” –
രാച്ചയ്യ അതവതരിപ്പിച്ച രീതി എനിക്കിഷ്ടപ്പെട്ടില്ല.
“- കൂടെ നിന്നിരുന്ന പെണ്‍കുട്ടിക്ക് അവിടെയും തുടരാം. അവളുടെ അസാന്നിദ്ധ്യത്തിലും അമ്മയുടെ കാര്യങ്ങള്‍ കൃത്യമായി നോക്കിനടത്തുന്നതിന് ജീവനക്കാരുണ്ടാവും. കുളി, ഭക്ഷണം, ആരോഗ്യപരിരക്ഷ തുടങ്ങി എല്ലാത്തിലും മികച്ച ശ്രദ്ധ ലഭിക്കും എന്ന അനുഭവസ്ഥരുടെ വാക്ക് വിശ്വസിച്ചാണ് തീരുമാനിച്ചത് – ചെലവ് മൂന്ന് മടങ്ങാകും – എന്നാലും –-”
ക്ഷമ ചോദിക്കുന്ന മട്ടിലാണ് രാച്ചയ്യ സംസാരിച്ചതെന്ന് തോന്നി.
ഇക്കാലത്ത് അത് അസാധാരണമായ കാര്യമല്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എഴുപതും എണ്‍പതും കഴിഞ്ഞ അച്ഛനമ്മമാരില്‍ ഏറെ പേർ അത്തരം സ്ഥാപനങ്ങളിലാണ്.
എന്നിട്ടും ആ വാക്കുകള്‍ നടുക്കത്തോടെയാണ് കേട്ടത്.
എന്ത് പറയണമെന്നറിയാതെ ഇരുന്നപ്പോള്‍ രാച്ചയ്യ തുടര്‍ന്നു.
“കൂട്ടത്തില്‍ പറയട്ടെ – ഹാളിന്‍റെ പ്രശ്നത്തിനും പരിഹാരമായി.!”
പുതിയ വിഷയത്തില്‍ ചാടിപ്പിടിച്ച് ഞാന്‍ ചോദിച്ചു :
“അതെങ്ങനെ ? “
“ അത് ….. , വരുമ്പോള്‍ നേരില്‍ കണ്ടാല്‍ മതി.” രാച്ചയ്യ ശബ്ദമുണ്ടാക്കി ചിരിച്ചു.
തിരിച്ചെത്തി, രണ്ടാഴ്ച കഴിഞ്ഞാണ് ഞാന്‍ രാച്ചയ്യയെ കാണാന്‍ പുറപ്പെടുന്നത് – ഇന്നലെ.
അമ്മയില്ലാത്ത വീട് സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ വിചിത്രമായ ഒരു ചിത്രമാണ് മനസ്സില്‍ വന്നത് :
‘അമ്മയോടൊപ്പം അമ്മ കിടന്നിരുന്ന മുറിയും വീട് വിട്ട് പോയിരിക്കുന്നു ! രാച്ചയ്യയുടെ നഷ്ടപ്പെട്ട പല്ല് പോലെ, ഇല്ലാതായ ആ മുറി, വീടിന്‍റെ ആ വശത്ത് വലിയ വിടവ് അവശേഷിപ്പിച്ചിരിക്കുന്നു.’
ആ മുറിയില്ലായ്മയെ നേരിടാന്‍ കഴിയണേ എന്നായിരുന്നു വീട്ടില്‍ നിന്ന് ഇറങ്ങിയത് മുതല്‍ പ്രാര്‍ത്ഥന.
ഉമ്മറവാതില്‍ ചാരി, വീടിന് പുറത്ത് നില്‍പ്പുണ്ടായിരുന്നു രാച്ചയ്യ. ഞാന്‍ തൊട്ട് മുന്നിലെത്തിയപ്പോള്‍ ചാരിയ വാതില്‍ തള്ളിത്തുറന്ന് അകത്തേയ്ക്ക് കൈ കാണിച്ചു.
ഞാന്‍ ഉള്ളിലേയ്ക്ക് കാലെടുത്തുവെച്ചു.
ഹാളിന്‍റെ വീതിയിലും പൊക്കത്തിലും കള്ളികളായി തിരിച്ച് പ്ലൈവുഡ് പലകകള്‍ പിടിപ്പിച്ച മരത്തിന്‍റെ വലിയ ചട്ടക്കൂട് ഹാളിന്‍റെ ആ ആദ്യ മൂന്നിലൊന്നിനെ ജനാലകളില്ലാത്ത ഒരു നീളന്‍ മുറിയാക്കിയിരിക്കുന്നു!
ഒരറ്റത്ത് അകത്തേയ്ക്കുള്ള വഴിയായി വാതിലിന്‍റെ ആകൃതിയില്‍ ഒരു തുറന്ന വായ്!
“ഇതിനെ ഔപചാരിക സ്വീകരണമുറിയാക്കി. വീട്ടിന്നകത്ത് കയറ്റി സല്‍ക്കരിക്കേണ്ടതില്ലാത്തവരെ സൌകര്യം പോലെ ഇവിടെ സ്വീകരിക്കാമല്ലോ !”
ഉയരം കുറഞ്ഞ ഒരു മടക്കുമേശയും ചുറ്റും മുള കൊണ്ടുള്ള നാല് മോഡകളുമായി ഒരു മുറിമുറി!
ഉമ അകത്ത്, അറ്റത്തെ ‘വായോരം’ ചേർന്ന് നിന്നതേയുള്ളു. ആ മുഖത്ത് ഒരു നിസ്സഹകരണം ധ്വനിച്ചിരുന്നുവോ എന്ന് ഓർത്തെടുക്കാനാവുന്നില്ല.
അമ്മയുടെ മുറി –
കിടക്കുന്നതിന്നടുത്തുള്ള ചുമരിലെ രണ്ട് വിരൽപ്പാടുകളൊഴികെ അമ്മയുടേതായ എല്ലാം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു.
പുതിയ കട്ടില്‍ , ഇരിപ്പിടങ്ങള്‍, പൂക്കള്‍, നിറങ്ങള്‍ ……..
സോഫയില്‍ അഭിമുഖം ഇരുന്ന് ചായ കുടിക്കുമ്പോള്‍ രാച്ചയ്യ ചിരിച്ചു :
“എന്ത് തോന്നി ?”
അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. രാച്ചയ്യയുടെ ചിരിയുടെ തിളക്കം !
നഷ്ടപ്പെട്ട പല്ലിന്‍റെ സ്ഥാനത്ത് ഒരു സ്വര്‍ണ്ണപ്പല്ല് വന്നിരിക്കുന്നു !
“നന്നായിരിക്കുന്നു.”
ചായ നുണഞ്ഞുകൊണ്ട് ഉമയോടാണ് ഞാന്‍ പറഞ്ഞത് –
അത് രാച്ചയ്യയ്ക്കുള്ള മറുപടിയാവാം – സ്വർണപ്പല്ലിനുള്ള അഭിനന്ദനമാവാം – ചായയെ കുറിച്ചുള്ള അഭിപ്രായവുമാവാം -.
ശേഷം, പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട രാച്ചയ്യയുടെ വീട് എന്നെ മുറിയൻ ഹാളിൽ നിന്ന് ജനാലകളില്ലാത്ത നീളൻ മുറിയിലേക്കും അവിടെനിന്ന് കൂടുതൽ ശക്തിയിൽ പുറത്തേയ്‌ക്കും പിടിച്ചുതള്ളി.
മുഖമടച്ച് ഞാൻ വീണു. താടിയിലും കൈമുട്ടിലും നീറ്റലോടെ, അവിടെ നിന്ന് കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന എന്റെ അടുത്തേയ്ക്ക് രാച്ചയ്യയും തൊട്ടുപിന്നാലെ ഉമയും ഓടിയെത്തി.
കവർ: ജ്യോതിസ് പരവൂർ
