പൂമുഖം ഓർമ്മ ഒരു രണ്ടാം ക്ലാസ് തീവണ്ടി യാത്ര

ഒരു രണ്ടാം ക്ലാസ് തീവണ്ടി യാത്ര

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

photo

(മേതിലാജിന്റെ ‘ഒരു രണ്ടാം ക്ലാസ് തീവണ്ടി യാത്ര’ എന്ന ഈ യാത്രാനുഭവം വായിച്ചു കലാകാരനായ പ്രസാദ് കുമാർ വരച്ച ചിത്രമാണിത്.)

ച്ചക്ക് ഏതാണ്ട് പന്ത്രണ്ടു മണിയോടെ ഹോട്ടലിൽ നിന്ന് ചെക് ഔട്ട് ചെയ്ത് ഓട്ടോയിൽ കയറുമ്പോൾ ബസ് സ്റ്റാൻഡ് എന്ന് പറയണമെന്നാണ് മനസ്സിൽ കരുതിയിരുന്നത്. തൃശ്‌നാപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇനി രാത്രിയിലേ നേരിട്ടുള്ള ബസ്സുള്ളൂ എന്നറിയാതെയല്ല. മധുരയിൽ ഇറങ്ങി അവിടെ നിന്ന് ആദ്യം കിട്ടുന്ന ബസ്സിൽ കയറി തിരുനെൽവേലിയിലോ, നാഗർ കോവിലിലോ ഇറങ്ങി അങ്ങിനെയങ്ങിനെ യാത്ര ചെയ്യാമെന്ന് കരുതി. അങ്ങിനെയുള്ള യാത്രകൾ എനിക്ക് എന്നും ഇഷ്ടമായിരുന്നല്ലോ. പ്രത്യേകിച്ച് ഫുട്‌ബോർഡിൽ നിന്നുള്ള യാത്രകൾ. ഏതാനും മാസങ്ങൾക്കു മുൻപ് ഒരർധരാത്രി സുഹൃത്തുമൊത്തു എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള വണ്ടി കാത്തു നിൽക്കവേ ആദ്യം വന്ന ആലപ്പുഴ വണ്ടിയിൽ ചാടിക്കയറിയതും ബസ് സ്റ്റേഷനിൽ ഇറങ്ങി കട്ടൻ ചായ കുടിച്ചു കടക്കാരനോട് രാഷ്ട്രീയം പറഞ്ഞു കൊണ്ട് നിൽക്കവേ തിരുവനന്തപുരം ബസ്സെത്തിയതും മനസ്സില്ലാ മനസ്സോടെ ചായ പകുതി ബാക്കിയാക്കി സുഹൃത്തിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി ബസ്സിൽ കയറിയതും ഓർത്തു. പണ്ടൊരിക്കൽ, യാത്രയെന്നാൽ കൈ നിറയെ കാശും ക്രെഡിറ്റ് കാർഡുകളുമായി, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മുൻകൂട്ടി ബുക്ക് ചെയ്ത്, നടത്തുന്നവയല്ലെന്നു പറഞ്ഞ, തോളിലൊരു സഞ്ചി മാത്രമായി ഒരു ഗ്രാമത്തിൽ നിന്ന് മറ്റൊന്നിലേയ്ക്ക്, ഒരു ബസ്സിൽ നിന്ന് മറ്റൊന്നിലേയ്ക്ക്…അങ്ങനെ, ഇന്ത്യ മുഴുവൻ യാത്ര ചെയ്യാൻ ഒപ്പം വരാൻ തയ്യാറുണ്ടോയെന്നു ചോദിച്ച സുഹൃത്തിനു നൽകിയ വാക്ക് ഇനിയും പാലിക്കാൻ കഴിഞ്ഞിട്ടില്ല. ഞാൻ മാത്രമല്ല ആ സുഹൃത്തും ഒരുപാട് മാറിയിരിക്കുന്നു. അങ്ങിനെയൊരു യാത്ര ഇനിയൊരു പക്ഷെ സ്വപ്നങ്ങളിൽ മാത്രം. റിട്ടയര്‍മെന്‍റൊക്കെ കഴിഞ്ഞ് ഒന്ന് ശ്രമിക്കണം, പണ്ട് ചിലരൊക്കെ കാശിക്കു പുറപ്പെട്ടു പോയിരുന്നത് എന്തിനാണെന്ന് ഇപ്പോൾ മനസ്സിലാകുന്നു. ഒരു ജീവിത കാലം മുഴുവൻ മനസ്സിൽ ഒതുക്കിവെച്ച യാത്രാ മോഹങ്ങൾ ആയിരിക്കണം അവർ അങ്ങിനെ നിറവേറ്റിയത്

സാർ എങ്ങോട്ടാണ് എന്ന ഓട്ടോക്കാരന്‍റെ ചോദ്യമാണ് ഓർമ്മകളിൽ നിന്നുണർത്തിയത്. അറിയാതെ പറഞ്ഞത് റെയിൽവേ സ്റ്റേഷൻ എന്നായിരുന്നു. ഹോട്ടലിൽ നിന്നും അഞ്ചു മിനിട്ടു ദൂരമേയുള്ളൂ റെയിൽവേ സ്റ്റേഷനിലേക്ക്. തിരുവനന്തപുരത്തേക്കുള്ള എല്ലാ ട്രെയിനുകളും ഫുൾ ആണെന്നും റിസർവേഷൻ കിട്ടാനില്ലെന്നും നേരത്തെ തന്നെ അറിഞ്ഞിട്ടും സ്റ്റേഷനിലേക്ക് തന്നെ പോയത് ഏതെങ്കിലും ട്രെയിനിൽ കയറി മധുരയിൽ ഇറങ്ങാം എന്ന് കരുതി തന്നെയായിരിക്കണം

ട്രിച്ചി എയർപോർട്ട് ചെറുതും മനോഹരവും ആയിരുന്നെങ്കിൽ റെയിൽവേ സ്റ്റേഷൻ വലുതും തിരക്ക് പിടിച്ചതും ആയിരുന്നു. എങ്കിലും സ്റ്റേഷന് മുന്നിൽ റോഡിനു നടുക്ക് ഭംഗിയായി സൂക്ഷിച്ചിരുന്ന, ചരിത്രത്തിന്‍റെ ഭാഗമായ സ്റ്റീം എഞ്ചിൻ കൗതുകത്തോടെ കണ്ടു. ടിക്കറ്റ് കൗണ്ടറുകളിലെല്ലാം വലിയ തിരക്ക്. ഇൻഫർമേഷൻ കൗണ്ടറിൽ തിരുവനന്തപുരത്തേക്ക് ഉടനെങ്ങാനും വണ്ടിയുണ്ടോ എന്നന്വേഷിച്ചു. ഗുരുവായൂർ എക്സ്പ്രസ് അര മണിക്കൂറിനുള്ളിൽ വരുമെന്നറിഞ്ഞു. റിസർവേഷൻ ടിക്കറ്റുകൾ ലഭ്യമല്ലെന്നും. ജനറൽ ക്ലാസിൽ തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തു. 145 രൂപ ഇത് വളരെ കുറവാണല്ലോ എന്ന് തോന്നി

ഏതാണ്ട് പന്ത്രണ്ടു മണിക്കൂർ നീളുന്ന അവിസ്മരണീയമായ ഒരു യാത്രയുടെ തുടക്കമായിരുന്നു അത്. ജനറൽ കമ്പാർട്മെന്‍റുകൾ വണ്ടിയുടെ മുന്നിലും അവസാനവും ഈരണ്ടു ബോഗികൾ വീതമാണുള്ളത്. ഞാൻ ഏറ്റവും മുന്നിൽ പ്ലാറ്റഫോം തീരുന്നിടത്തു നിലയുറപ്പിച്ചു. എല്ലാ യാത്രകളിലും ബാഗിൽ ഒന്നോ രണ്ടോ പുസ്തകമെടുത്തു വെക്കാറുണ്ട് ഭാര്യ, ഇത്തവണ ധൃതിയിൽ പാക്ക് ചെയ്തത് ഞാൻ തന്നെയായതിനാൽ അതുമുണ്ടായില്ല. അണ്ടർ ഗ്രൗണ്ടിലൂടെ നടന്നു അഞ്ചാം നമ്പർ പ്ലാറ്റഫോമിൽ എത്തുന്നത് വരെയുള്ള എല്ലാ കടകളിലും തമിഴ് മാസികകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ

ഓരോന്നോർത്തു നിൽക്കുമ്പോൾ അതാ ട്രെയിൻ വന്നു കഴിഞ്ഞു. തിക്കിത്തിരക്കി ആദ്യ കമ്പാർട്മെന്‍റിൽ കയറിപ്പറ്റി. നിന്നു തിരിയാൻ സ്ഥലമില്ല. ഭാഗ്യം കൈയിലുണ്ടായിരുന്ന ഒരേയൊരു ബാഗ് വെക്കാൻ ഇടം കിട്ടി. മധുരയിൽ എത്തുമ്പോൾ ഒരുപക്ഷെ സീറ്റ് കിട്ടിയേക്കും. ഏതാണ്ട് മൂന്നു മണിക്കൂർ നിൽക്കുക തന്നെ. പ്രശ്നം അതല്ല നീണ്ടു നിവർന്നു നിൽക്കാനുള്ള സ്ഥലം പോലുമില്ലെന്നതാണ്. വഴിയിലൊക്കെ ആൾക്കാർ ഇരുന്നു കഴിഞ്ഞു. എന്‍റെ ഫേവറിറ്റ് സീറ്റായ വാതിൽപ്പടിയും പോയി. ആദ്യ സ്റ്റേഷൻ എത്തിയപ്പോൾ രണ്ടു മണി കഴിഞ്ഞു കാണണം. പലരും ആഹാരം കഴിക്കുന്നത് കണ്ടു. അല്പം കഴിയട്ടെ എന്ന് കരുതി.
അപ്പോഴേക്കും ചെറിയ തോതിൽ എല്ലാവരെയും പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. ഉറക്കെ സംസാരിക്കുന്ന, ആകാശ ദൂതിലെ എൻ എഫ് വർഗീസിനെ പോലെ വികടൻ എന്ന് തോന്നിച്ച, മുണ്ടു ആവശ്യത്തിലുമധികം ഉയർത്തി മടക്കിയുടുത്തിരുന്ന താടിക്കാരൻ തമിഴന്‍റെ അനവസരത്തിലുള്ള തമാശകളാണ് എല്ലാവരെയും പരസ്പരം നോക്കി പുഞ്ചിരിക്കാനും എങ്ങോട്ടാണ് യാത്ര എന്ന് കുശലം തുടങ്ങാനും പ്രേരിപ്പിച്ചത്.

ആദ്യ സ്റ്റേഷനിൽ നിന്ന് കുറച്ചു കുട്ടികൾ ക്രിക്കറ്റ് ബാറ്റും മറ്റുമായി ചാടിക്കയറിയിരുന്നു. അവർ വാതിൽ പടിയിൽ തന്നെ നിന്ന് ബഹളം വെച്ചു. ഇടയ്ക്കൊക്കെ പരസ്പരം പലരെയും പുറത്തേക്കു തള്ളുന്നത് പോലെ കളിച്ചു. ഒരാൾ ചെറുതായി ഭയക്കുമ്പോൾ മറ്റുള്ളവർ ഉറക്കെ ചിരിച്ചു. ഞാൻ ഓരോ തവണയും അത് കണ്ടു ഭയന്നു. എനിക്ക് പെട്ടെന്ന് വയസ്സായിരിക്കുന്നു എന്ന് ബോധ്യമായി. അവരോടു ആ കളി അവസാനിപ്പിക്കാൻ പറയണമെന്നുണ്ടായിരുന്നു. വാർദ്ധക്യം അത്രത്തോളം എത്തിയിട്ടില്ലെന്നും ഉടൻ തന്നെ മനസ്സിലായി
അപ്പോഴേക്കും നേരത്തെ രണ്ടു കുട്ടികളോടൊപ്പം കയറിയ യുവതി ഒപ്പമുണ്ടായിരുന്ന അനുജത്തിയുടെ കുഞ്ഞിന് വേണ്ടി ചുരിദാറിന്‍റെ ഷാൾ കൊണ്ട് ഒരു തൊട്ടിൽ കെട്ടിക്കഴിഞ്ഞിരുന്നു. കുഞ്ഞു സുഖമായുറങ്ങി.. ഏതാണ്ട് അറുപതു വയസ്സുള്ള മലയാളി സ്ത്രീ വിൻഡോ സീറ്റിൽ, നേരത്തെ പറഞ്ഞ, മുണ്ടു മടക്കിയുടുത്ത തമിഴനെതിർവശം ഇരിപ്പുണ്ടായിരുന്നു. ഏറ്റവുമധികം ചായയും കാപ്പിയും കുടിക്കുന്ന യാൾ ഞാനാണെന്നായിരുന്നു അവരെ കണ്ടുമുട്ടും വരെ ഞാൻ കരുതിയിരുന്നത്. പണ്ട് കോളേജിൽ സ്ഥിരമായി കാന്‍റീനിൽ ഇരുന്നുണ്ടായ ശീലമാണ്. ചായ കുടിക്കാൻ വരുന്ന ഓരോ വിദ്യാർത്ഥിയും സഖാവേ ചായ വേണോ എന്ന് ചോദിക്കും. ഉത്തരം എപ്പോഴും ഒന്നായിരുന്നു. പക്ഷെ അവർ എന്നെ കടത്തി വെട്ടി. നിറുത്തുന്ന എല്ലാ സ്റ്റേഷനുകളിൽ നിന്നും അവർ കാപ്പി കുടിച്ചു കൊണ്ടിരുന്നു. അവരുടെ സീറ്റിനു ചേർന്ന കമ്പിയിൽ തൂക്കിയിട്ടിരുന്ന ചണം കൊണ്ടുണ്ടാക്കിയ ബാഗിൽ ഒരു വലിയ ക്രിസ്ത്യൻ പള്ളിയുടെ പടം കണ്ടിരുന്നു. അത്തരത്തിലുള്ള ബാഗ് അടുത്ത ബോഗിയിലെ ചില സീറ്റുകളിലും കണ്ടതിനാൽ ഏതോ ഗ്രൂപ്പിനൊപ്പം പ്രാർത്ഥനായാത്ര കഴിഞ്ഞു മടങ്ങുകയാണെന്നും ഗ്രൂപ്പിൽ നിന്ന് ഒറ്റപ്പെട്ടു പോയതാണെന്നും ഊഹിച്ചു. അൽപനേരം കഴിഞ്ഞു ആരോടോ ഉള്ള ഫോൺ സംഭാഷണത്തിൽ അവർ ആ ഊഹം ശരി തന്നെയെന്നുറപ്പിച്ചു. തമിഴന്‍റെ ഒപ്പമുണ്ടായിരുന്ന കുട്ടിക്കായി അയാൾ ഒരു കാപ്പി ഓർഡർ ചെയ്തപ്പോഴേക്കും വണ്ടി നീങ്ങി തുടങ്ങിയിരുന്നു. കാപ്പി വാങ്ങാൻ കഴിഞ്ഞില്ല. ഉടൻ ആ സ്ത്രീ താൻ വാങ്ങിയ കാപ്പി അയാൾക്ക് നൽകി കുട്ടിക്ക് കൊടുക്കാൻ പറഞ്ഞു. കുട്ടി ചായ മൊത്തി കുടിക്കുന്നത് നോക്കി നിൽക്കവേ എന്ത് കൊണ്ടാണ് ജനറൽ കമ്പാർട്മെന്‍റിലെ യാത്രകൾ എനിക്കിത്ര ഇഷ്ടമാകുന്നത് എന്ന് ഞാന്‍ തന്നെ മനസ്സിലാക്കുകയായിരുന്നു. എ സി സ്ലീപ്പർ ക്ലാസ്സിൽ ആരും പരസ്പരം മുഖത്തോടു മുഖം നോക്കാറ് പോലുമില്ലല്ലോ. നിൽക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് മൂന്നു മണിക്കൂർ ആയിരിക്കുന്നു. വണ്ടി മധുരയെത്തുന്നു. ചെറിയ നടുവേദന ഉണ്ടോയെന്നൊരു സംശയം
ക്രിക്കറ് കളിക്കാർ എപ്പോഴോ ഇറങ്ങി പോയിരുന്നു.
മധുരയിൽ ഇറങ്ങാൻ പലരും എഴുനേറ്റു തുടങ്ങി. എനിക്ക് സീറ്റു കിട്ടി. തമിഴനോട് ചേർന്ന്. മലയാളി സ്ത്രീക്കെതിർ വശം. മധുരയിൽ നിന്ന് ഇറങ്ങിയതിലും അധികം ആളുകൾ കയറി. തിരക്കിനിടയിൽ ഒരു മലയാളി അമ്മൂമ്മയെ കണ്ടു. മുണ്ടും നേര്യതും ഉടുത്ത, മെലിഞ്ഞു തീരെ ക്ഷീണിതയായ ഒരു രൂപം. അവരെ എന്‍റെ അടുത്ത് ഇല്ലാത്ത സ്ഥലത്തു ഞാൻ പിടിച്ചിരുത്തി. ഒന്ന് ചാരാൻ പോലും കഴിയാതെ സീറ്റിനു മുൻ ഭാഗത്തു ഇരുന്നത് പോലെ ഭാവിക്കുകയായിരുന്ന അമ്മൂമ്മയെ ഞാൻ മുന്നോട്ടിരുന്നു പിന്നിലേക്ക് ചാരിയിരുത്തി. ഒരു കല്യാണത്തിന് പോയി മടങ്ങുകയാണവർ. മകനും ഭാര്യയും ഒപ്പമുണ്ട്. കൊല്ലത്തിനടുത്തു വാളത്തുങ്കൽ ആണ് അവരുടെ സ്ഥലം. ഇന്നലെ നിശ്ചയം ഇന്ന് കല്യാണം ഇവിടങ്ങളിലൊക്കെ ഇങ്ങനെയാണ് എന്നവർ ചോദിക്കാതെ തന്നെ പറഞ്ഞു.

കലപില കൂട്ടിക്കൊണ്ടു കുറെ സ്ത്രീ തൊഴിലാളികളും കയറിയിരുന്നു മധുരയിൽ നിന്നും അവർ മറ്റു പലരെയും പോലെ നിലത്തിരുപ്പുറപ്പിച്ചു. അടുത്ത നഗരത്തിൽ ജോലിക്കു പോകുന്നവർ ആകണം. അടുത്തിരുന്ന താടിക്കാരൻ തമിഴൻ അവരിൽ നേതാവിനെ പോലെ തോന്നിച്ച സ്ത്രീയെ,മകനെ എഴുന്നേൽപ്പിച്ചു മടിയിലുരുത്തി സ്ഥലമുണ്ടാക്കി, അടുത്തിരിക്കാൻ ക്ഷണിച്ചു. അവർ കൂട്ടത്തിലെ ഏറ്റവും യുവതിയും ലജ്‌ജാവതിയും ആയ സ്ത്രീയോട് അവിടെ പോയിരിക്കാൻ പറഞ്ഞു. അവർ ആദ്യമായി ജോലിക്കു പോയി തുടങ്ങുകയാവണം. മറ്റുള്ളവരുടെ പരുക്കൻ ഭാവം അവരുടെ മുഖത്തും വന്നു ചേരാൻ ഇനിയും വർഷങ്ങൾ കഴിയും. അവർ ലജ്ജയോടെ അയാളുടെ അടുത്തിരിക്കാൻ വിസമ്മതിച്ചു ഒടുവിൽ നേതാവെന്ന് തോന്നിക്കുന്ന സ്ത്രീയുടെ നിർബന്ധത്തിനു വഴങ്ങി അവർ അവിടെ പോയിരുന്നു. അയാളുടെ മകനെ എടുത്തു അവരുടെ മടിയിൽ ഇരുത്തി. അയാൾ എന്തൊക്കെയോ അവരോടു സംസാരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവർ ലജ്‌ജാ പൂർവ്വം മറുപടി പറഞ്ഞു. അടുത്ത സ്റ്റേഷനിൽ അയാൾ വെറുതെ പുറത്തേക്കിറങ്ങി. അവർ ആശ്വാസ പൂർവ്വം മറ്റുള്ളവരോടൊപ്പം നിലത്തു ചെന്നിരുന്നു. നേതാവെന്ന് തോന്നിക്കുന്ന സ്ത്രീ അയാൾ വലിയ കുശുകുശുപ്പാണോ എന്ന് അവരോടു ആരാഞ്ഞു. അപ്പോൾ അവരുടെ മുഖത്തെ ഗൗരവഭാവം മാഞ്ഞു പോയിരുന്നു. കിണറ്റു വക്കിൽ വെള്ളമെടുക്കാൻ വന്ന സ്ത്രീകൾ പരദൂഷണം പറയുന്നത് പോലെ അടക്കിപ്പിടിച്ചായിരുന്നു അവരുടെ സംസാരം. ഒടുവിൽ കുഴപ്പമൊന്നുമില്ലെന്നു ബോധ്യമായപ്പോൾ അവർ ആ യുവതിക്ക് ക്ലാസ്സ് എടുക്കാൻ തുടങ്ങി. നമ്മുടെ ഗ്രാമം പോലെ തന്നെയാണ് ഈ ട്രെയിൻ എന്നും പരസ്പരം സഹകരിച്ച് എല്ലാവരും യാത്ര തുടരേണ്ടുന്നതുണ്ടെന്നും മറ്റും മറ്റും

കുട്ടികളുമായി കയറിയ യുവതി കുറെയധികം സമയമായി നിൽക്കുകയാണ് എന്‍റെ നടുവേദന ഓർത്തപ്പോൾ അവരെ അൽപ്പനേരം ഇരുത്തണമെന്നു തോന്നി. അവരോടു ഇരിക്കാൻ പറഞ്ഞു ഞാൻ വാതിലിനടുത്തേക്കു നിന്നു.. അപ്പോഴാണ് മനസ്സിലായത് ഇടയ്ക്കിടെ പുറത്തേക്കിറങ്ങുന്ന തമിഴൻ മറ്റുള്ളവർക്ക് ഇരിക്കാനായി മാറി കൊടുക്കുകയായിരുന്നു എന്ന്. നമ്മൾ ചെറുപ്പക്കാരല്ലേ എന്ന് അയാൾ എന്നോട് പറഞ്ഞു അത് പൂർണ്ണമായും സത്യമായി തോന്നിയില്ലെങ്കിലും ആ പുകഴ്ത്തൽ ഞാൻ മുഖവിലക്കെടുത്തു. പിന്നെ ഞങ്ങൾ തമ്മിൽ മറ്റുള്ളവർക്കായി സീറ്റൊഴിഞ്ഞു കൊടുക്കാനുള്ള ഒരു തരം മത്സരം തന്നെയായിരുന്നു എന്ന് പറയാം.

അതിനിടെ ഏതോ ഒരു സ്റ്റേഷനിൽ നിന്ന് ആറേഴു ചാക്ക് അരിയുമായി ഒരു തമിഴ് കച്ചവടക്കാരി സ്ത്രീ കയറി. എല്ലാവരുടെയും സീറ്റിനടിയിലിരുന്ന ലഗേജുകൾ ഒതുക്കി,കാലു മാറ്റി, ഓരോ ചാക്കുകളും അവർ സുരക്ഷിതമായി തിരുകി കയറ്റി. ഓരോ പ്ലാസ്റ്റിക് ചാക്കും ഏതാണ്ട് ഇരുപത്തഞ്ചു കിലോഗ്രാം ഭാരം വരും. ചാക്കരി നീക്കി വെക്കാൻ അവരെ സഹായിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഇത്രയധികം നേരം നിന്നതു മൂലമുണ്ടായ നടുവേദന എന്നെ ആ സാഹസത്തിൽ നിന്ന് പിന്തിരിപ്പിച്ചു. എത്ര അനായാസമായാണ് അവർ ആ ചാക്കുകൾ കൈകാര്യം ചെയ്തത്
കുറേക്കഴിഞ്ഞപ്പോഴാണ് മഞ്ഞ സാരിയുടുത്ത, നീണ്ടു മെലിഞ്ഞ, മുടി പറ്റെ വെട്ടിയ, പല്ലുന്തിയ സ്ത്രീയെ ശ്രദ്ധിച്ചത്. അവർ ആ അരി കച്ചവടക്കാരിയോട് സംസാരിച്ചുകൊണ്ടേയിരുന്നു. പുഴുങ്ങിയ കടല വിൽക്കാൻ വന്ന സ്ത്രീക്കും അവരെ പരിചയമുണ്ടായിരുന്നു. ഞാൻ ഒന്ന് പുറത്തേക്കിറങ്ങി. വഴിയിൽ ഒരു മലയാളി നിലത്തിരിക്കുന്നുണ്ട്. ഞാൻ കുശലം തുടങ്ങി. നാടെവിടെയെന്നു ചോദിച്ചപ്പോൾ കൊല്ലത്തിനടുത്തു വാളത്തുങ്കൽ എന്ന് മറുപടി. ഹോ അകത്തു ഒരമ്മയിരിക്കുന്നുണ്ട് നിങ്ങളുടെ സ്ഥലക്കാരി എന്ന് ഞാൻ. അതെന്‍റെ അമ്മയാണെന്ന് അയാൾ. ഒരു കല്യാണത്തിന് പോയി വരികയാണെന്നും ഇവിടങ്ങളിലൊക്കെ ഇന്ന് നിശ്ചയം നാളെ കല്യാണം അങ്ങിനെയാണെന്നും അയാൾ ആവർത്തിച്ചു

തിരുനെൽവേലി കഴിഞ്ഞിട്ടുണ്ടാകണം. അടുത്ത സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ ഒരു പോലീസുകാരൻ നേരെ കയറി വന്നു, മഞ്ഞ സാരിയുടുത്ത, മുടി പറ്റെ വെട്ടിയ, സ്ത്രീയുടെ മുന്നിൽ നിന്നു. ഒന്നും മിണ്ടാതെ പുറത്തേക്കു വരാൻ ആംഗ്യം കാട്ടി. ആ സ്ത്രീ അനുസരണയോടെ ഇറങ്ങിപ്പോയി. വണ്ടി സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. അല്പം കഴിഞ്ഞു അവർ മടങ്ങി വന്നു അരിക്കച്ചവടക്കാരിയോട് നൂറു രൂപാ ആവശ്യപ്പെട്ടു. അത് വാങ്ങുമ്പോൾ അവരുടെ കൈയ്യിൽ അമ്പതു രൂപയുടെ രണ്ടു ചുളുങ്ങിയ നോട്ടുകൾ ഇരിക്കുന്നത് ഞാൻ കണ്ടു. പോലീസുകാരൻ അതിനു വഴങ്ങിയില്ലെന്നർത്ഥം.
ആദ്യ കാഴ്ചയിൽ ദമ്പതികളെന്നു തോന്നിച്ച രണ്ടു വൃദ്ധർ കയറിയപ്പോൾ ഞാൻ വീണ്ടും എഴുന്നേറ്റു. അവരെക്കാൾ നന്നേ ക്ഷീണിതനും നടക്കാൻ ബുദ്ധിമുട്ടുമുള്ളവനുമായിരുന്നു പ്രായക്കൂടുതൽ തോന്നിച്ച. അയാൾ.. തമ്പിയാണ് എന്നവർ പറഞ്ഞപ്പോൾ അത്ഭുതം തോന്നി. അവർക്കും അരിക്കച്ചവടക്കാരിക്കും പാറശാലയാണ് പോകേണ്ടിയിരുന്നത്. വണ്ടി അവിടെ നിർത്താത്തതിനാൽ നെയ്യാറ്റിൻ കരയിറങ്ങും. പള്ളിയിൽ പോയി മടങ്ങി വരുന്ന നമ്മുടെ മലയാളി സ്ത്രീയ്ക്കും നെയ്യാറ്റിൻ കര തന്നെയാണ് ഇറങ്ങേണ്ടത്. ബാലരാമപുരത്താണ് വീട്. വീട്ടിൽ രാവിലെ മുതൽ കറണ്ടില്ലെന്നു അവർ ദുഖിച്ചു.

താടിക്കാരൻ തമിഴന് ഇറങ്ങാനുള്ള ഇടമെത്തി. അയാൾ പുറത്തിറങ്ങിയപ്പോൾ ഞാൻ കൈയുയർത്തിക്കാട്ടി. അയാളും സന്തോഷപൂർവ്വം പ്രത്യഭിവാദനം ചെയ്തു. എന്നിട്ടു കണ്ണടച്ച് മയങ്ങുകയായിരുന്ന ബാലരാമപുരംകാരിയെ വിളിച്ചുണർത്തി യാത്ര പറഞ്ഞു. അവർക്കും സന്തോഷമായി

അരിക്കച്ചവടക്കാരി ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അരിച്ചാക്കുകൾ വഴിയിലേക്ക് നീക്കി വെച്ചു. വഴിയടഞ്ഞിരിക്കുന്നതിനാൽ തങ്ങൾ എങ്ങിനെയിറങ്ങുമെന്നു വൃദ്ധയും ‘തമ്പി’യും ആശങ്കപ്പെട്ടു. വിഷമിക്കേണ്ട നിങ്ങളെ ഇറക്കിയ ശേഷമേ ഞാൻ ഇറങ്ങൂവെന്ന് കച്ചവടക്കാരി അവർക്കുറപ്പു നൽകി. അതുവരെ നിലത്തു കിടന്നുറങ്ങുകയായിരുന്ന താടി നരച്ചൊരാൾ നിങ്ങൾ ഇറങ്ങിക്കോളൂ അരി ഞാനിറക്കിത്തരാം എന്നവരോട് പറഞ്ഞു

നെയ്യാറ്റിൻ കരയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള ദൂരം ഞാൻ എന്തൊക്കെയോ ആലോചിച്ചിരുന്നു

ഒടുവിൽ രാത്രി പന്ത്രണ്ടരയ്ക്കു തിരുവനന്തപുരം സ്റ്റേഷന് പുറത്തെത്തിയപ്പോൾ, എവിടേക്കാണ് പോകേണ്ടത് ഒരു ഓട്ടോറിക്ഷക്കാരന്‍റെ ചോദ്യം. ആറ്റിങ്ങൽ എന്ന് ഞാൻ. അതിനെന്താ നമുക്ക് ഓട്ടോയിൽ പോകാം എന്ന് അയാൾ. 35 കിലോമീറ്റർ ഓട്ടോയിലോ അതിലും നല്ലതു ടാക്‌സിയല്ലേ എന്ന് ഞാൻ.
“സാർ നല്ല റോഡ് ആണ് നല്ല കണ്ടീഷൻ വണ്ടിയും നമുക്ക് കഥകളൊക്കെ പറഞ്ഞു ഇങ്ങനെ പോകാം. ഇടയ്ക്കു ഒരു ചായയും കുടിക്കാം……”
പറഞ്ഞതിന് നേരെ വിപരീതമായി ഇതും കൂട്ടിച്ചേര്‍ത്തു.: “സാറിനേതായാലും ഇനി ഉറങ്ങിയാൽ പോരെ എനിക്കൊരു നല്ല ഓട്ടവും കിട്ടും………..”
അയാൾ സംസാരിച്ചു കൊണ്ടിരുന്നു

ഈ രാത്രി ഇങ്ങനെ തന്നെയാണ് അവസാനിക്കേണ്ടത് എന്ന് എനിക്ക് തോന്നി. ഓട്ടോയിൽ കയറി, ‘ചായ നിർബന്ധം– കഥ പോരട്ടെ..’ എന്ന് ഞാനും.

Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

You may also like