പൂമുഖം മണ്ണിര മഴക്കാലം

മഴക്കാലം

 

ണ്ടത്തെ ഞങ്ങളുടെ തറവാട് കുടപ്പനയോല കൊണ്ട് കെട്ടി മേഞ്ഞ ഒരു ചെറിയ വീടായിരുന്നു. തഴച്ചു വളർന്ന ഒരു കാട് പോലെ വലിയ പറമ്പ് വീടിനെ പൊതിഞ്ഞു നിന്നു. പറമ്പിന്റെ ചില തട്ടുകളിൽ മുത്തശ്ശൻ നട്ട് പിടിപ്പിച്ച കപ്പയും കാച്ചിലും ചേമ്പും ചേനയുമെല്ലാം തല ഉയർത്തി നിന്നു.കീരിയും ഉപ്പനും ഉടുമ്പും എലിയും കാട്ടുമുയലും പാമ്പുകളും അനേകം പക്ഷികളും പറമ്പിൽ, സ്വന്തം ഇടങ്ങൾ കണ്ടെത്തി ജീവിച്ചു. മുത്തശ്ശൻ അവയെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചു. തറവാടിന്റെ നീളൻ ഇറയത്തു ഇട്ട കട്ടിലിൽ ഒരു തഴ പായയും വലിയ കമ്പിളിയും വിരിച്ച് ആയിരുന്നു മുത്തശ്ശൻ കിടന്നിരുന്നത്. കട്ടിലിന്റെ തലപ്പെട്ടിയിൽ മുറുക്കാൻ ചെല്ലവും ഒരു ബാറ്ററി ടോർച്ചും പിച്ചാത്തിയും കാണും.മഴക്കാലം വന്നാൽ പിന്നെ ഞാൻ മുത്തശ്ശന്റെ കൂടെ ആകും കിടക്കുക. കമ്പിളി കൊണ്ട് മൂടി പുതച്ചു മുത്തശ്ശൻ എന്നെ ചേർത്ത് പിടിക്കും. മുത്തശ്ശന എനിക്കിഷ്ടമുള്ള ഒരു മുറുക്കാൻമണം ഉണ്ടായിരുന്നു. ഉറങ്ങും വരെ മുത്തശ്ശൻ തന്റെ ചില ഓർമ്മകൾ എനിക്ക് കഥ പോലെ പറഞ്ഞ് തരും. ചില രാത്രികളിൽ താഴെ കണ്ടത്തിൽ ഊത്ത മീൻ കയറി വരും. അമ കൊണ്ട് നെയ്ത മീൻ കൂടുകൾ കണ്ടത്തിന്റെ മുറി വരമ്പുകളിൽ ഉറപ്പിച്ചു വെക്കാൻ മുത്തശ്ശനോടൊപ്പം ഞാനും കൂടും. ഞെരിച്ചു പെയ്യുന്ന മഴയത്തു കുട കാറ്റ് പറത്തും. പാതിരാ കഴിയുമ്പോൾ മുത്തശ്ശൻ എന്നെയും കൂട്ടി മീൻ ഉണ്ടോ എന്നു നോക്കാൻ പോകും. ഞാൻ മീനുകളെ ഇടാനുള്ള ഒരു കൂട കയ്യിൽ കരുതും. ഇരുട്ടിലൂടെ ടോർച്ചു വെട്ടത്തിൽ ഞങ്ങൾ നടക്കും. തണുപ്പ് കൊണ്ട് ഞാൻ ഇടയ്ക്ക് വിറക്കും. അങ്ങനെ ചെന്ന് നോക്കുമ്പോൾ കാണുന്ന കാഴ്ച ഞങ്ങളെ ഞെട്ടിക്കും. കൂട് നിറഞ്ഞു പെരുത്ത്, ഇടം കിട്ടാതെ മീനുകൾ കൂട്ടമായി കൂടിന്റെ വാതിലിൽ തിക്കി തിരക്കുകയാവും. മുത്തശ്ശൻ എന്നെ നോക്കി ഒരു ചിരി ചിരിക്കും. എന്റെ ഭാഗ്യം കൊണ്ടാണ് അത്രയും മീനുകൾ വന്നത് എന്നാണ് മുത്തശ്ശൻ പറയുക. എനിക്ക് അത് കേൾക്കുമ്പോൾ വലിയ അഭിമാനം തോന്നും. കൂട്ടിൽ നിന്നും മീനുകളെ പെറുക്കി ഇടുമ്പോൾ വലിപ്പമുള്ള മീനുകളെ മാത്രമേ മുത്തശ്ശൻ എടുത്തുള്ളൂ. ചെറിയ മീൻകുട്ടികളെ മുത്തശ്ശൻ വാത്സല്യത്തോടെ തിരികെ തോട്ടിലെ വെള്ളത്തിലേക്ക് ഇറക്കി വിടും. എന്നിട്ട് നനഞ്ഞ, തണുത്ത കൈകൾ കൊണ്ട് എന്നെ ചേർത്തു പിടിച്ചു, മീൻ കൂടയുമായി വീട്ടിലേക്ക് നടക്കും.

Comments
Print Friendly, PDF & Email

You may also like