എം ജി രാമചന്ദ്രനും ജയലളിതയ്ക്കും ശേഷം മറ്റൊരു സിനിമാതാരം, ജോസഫ് വിജയ്, തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി ഭരണത്തിലേറുന്നത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നമ്മൾ കണ്ടു. ഒട്ടൊരു പരിഹാസ മനസ്സോടെയാണ് പലരും ഈ ‘പ്രതിഭാസ’ത്തെ നോക്കിക്കാണുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിൽ സിനിമയും സിനിമയിലെ മിന്നുന്ന താരങ്ങളും തന്നെയാണ് ഇന്നും നിയാമകം എന്നു വിശ്വസിക്കാനാണ് പലർക്കും താത്പര്യം.
തമിഴ്നാട്ടിൽ കോൺഗ്രസ്സിന്റെ പ്രതാപം അവസാനിപ്പിച്ചത് ദ്രാവിഡ രാഷ്ട്രീയം ആയിരുന്നുവല്ലൊ. സിനിമാരംഗത്തുളളവരുടെ ഇടപെടലും പ്രവർത്തനവും അതിന്റെ പിന്നിൽ ഉണ്ടായിരുന്നു എന്നതും ചരിത്രം. അണ്ണാദുരൈ ആയാലും കരുണാനിധി ആയാലും ചലച്ചിത്രരംഗത്ത് പ്രവർത്തിച്ചവർ ആയിരുന്നു, തിരക്കഥകൾ എഴുതിയവർ. എം ജി ആറും ജാനകിയും ജയലളിതയും അഭിനേതാക്കൾ ആയിരുന്നു. കഴിഞ്ഞ ഭരണത്തിലെ മുഖ്യമന്ത്രി സ്റ്റാലിൻ, നിലവിലെ മുഖ്യമന്ത്രി ജോസഫ് വിജയ്, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ എന്നിവരും സിനിമാ പശ്ചാത്തലം ഉളളവർ തന്നെയാണ്. തമിഴക രാഷ്ട്രീയം എന്നാൽ സിനിമാ രാഷ്ട്രീയം എന്ന ധാരണ നമ്മുടെ പൊതുബോധത്തിൽ ഉറച്ചുപോയതിൽ അത്ഭുതമില്ല എന്നർത്ഥം.

എന്നാൽ രാഷ്ട്രീയ നിലപാടുകളിൽ, തെരഞ്ഞെടുപ്പുകളിൽ, തമിഴ് ജനതയെ നയിക്കുന്നത് അതിഭൗതിക നായകത്വത്തോടുളള അന്ധമായ ആരാധന മാത്രമാണോ? താരപദവികൊണ്ട് ആർക്കും അധികാരത്തിലെത്താൻ മാത്രം ശുഷ്കമായ ജനാധിപത്യബോധമാണോ തമിഴ് ജനതയുടേത്?
ഇക്കാര്യം അന്വേഷിച്ച്, പഠിച്ച്, വിശകലനം ചെയ്ത് യാഥാർത്ഥ്യം അതല്ല എന്ന നിലപാടിൽ രചിച്ചിട്ടുള്ള പുസ്തകമാണ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി അനീഷിന്റെ ‘പരാജിത നായകർ: തമിഴ് താരരാഷ്ട്രീയത്തിന്റെ കഥ.’ ജോസഫ് വിജയ് എന്ന സിനിമാതാരം തെരഞ്ഞെടുപ്പിൽ എതിർ ചേരിയിൽ മത്സരിച്ച ചില കക്ഷികളുടെ പിന്തുണയോടെയാണെങ്കിലും തമിഴ്നാടിന്റെ മുഖ്യമന്ത്രിയായ അവസരത്തിലാണ് ഈ പുസ്തകം വായനയ്ക്ക് എത്തുന്നത് എന്നത് ഏറെ പ്രസക്തമാണ്.

തമിഴ് സിനിമയുടെ താരലോകത്ത് ഉണ്ടാവുന്ന ചെറുചലനങ്ങളെപ്പോലും രാഷ്ട്രീയമായ മുൻവിധികളോടെ നോക്കിക്കാണും വിധം ഇവിടെ സൂചിപ്പിച്ച പൊതുബോധം നമ്മളെ പരിശീലിപ്പിച്ചിട്ടുണ്ട് എന്നു പറയണം. ഈ മുൻവിധികളാണ് തമിഴ്നാടിന്റെ രാഷ്ട്രീയത്തെ ഒന്നാകെ സിനിമ വിഴുങ്ങി എന്ന വിമർശനത്തിനു കാരണം എന്നു പറയുകയാണ്, അനീഷ്. വെറുതെ പറയുകയല്ല, സാക്ഷ്യങ്ങളായി, താരപ്രഭയുടെ വെളളിവെളിച്ചം മൂലധനമാക്കി രാഷ്ട്രീയത്തിൽ ഇറങ്ങുകയും പരാജയപ്പെടുകയും ചെയ്ത ചലച്ചിത്രലോകത്തെ വമ്പന്മാരെ അണിനിരത്തുന്നുമുണ്ട്, അദ്ദേഹം. രാഷ്ട്രീയസാഗരത്തിൽ പല വേഷങ്ങളിൽ നീന്തിത്തുടിച്ച സാക്ഷാൽ ശിവാജി ഗണേശൻ മുതൽ രാഷ്ട്രീയക്കുളത്തിന്റെ വക്കിലിരുന്ന് ഇറങ്ങി നനയാൻ മടിച്ച് മടങ്ങിപ്പോയ രജനികാന്ത് വരെ ആ നിരയിലുണ്ട്!
ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്റെയും ദളിത്-തൊഴിലാളി മുന്നേറ്റങ്ങളുടെയും ഭൂമികയിൽ താരരാഷ്ട്രീയം രൂപപ്പെട്ടത് എങ്ങനെ, അതിന്റെ സ്വഭാവം എന്തായിരുന്നു, ഈ പ്രതിഭാസം രാഷ്ട്രീയത്തിന് മൂല്യച്യുതി ഉണ്ടാക്കിയോ തുടങ്ങിയ ആലോചനകളാണ് ഈ പുസ്തകത്തിലൂടെ അനീഷ് മുന്നോട്ടു വയ്ക്കുന്നത്. മാധ്യമ പ്രവർത്തകന്റെതായ സൂക്ഷ്മതയും നിരീക്ഷണ-വിശകലന വൈഭവങ്ങളും അടയാളപ്പെടുത്തുന്നുണ്ട്, ഈ പുസ്തകം.
പൊതുബോധത്തിനൊപ്പം നടക്കുകയല്ല, പൊതുബോധത്തിന് അപ്പുറമുളള ആന്തരിക യാഥാർത്ഥ്യങ്ങൾ വെളിവാക്കുകയാണ് ആത്യന്തികമായി ഒരു മാധ്യമ പ്രവർത്തകൻ ചെയ്യേണ്ടത്. അത് സത്യാന്വേഷണം മാത്രമല്ല, സ്വത്വാന്വേഷണം കൂടിയാണ്. രണ്ടും പരസ്പരപൂരകമായി ചേർന്ന് ഈ പുസ്തകത്തെ ഗൗരവതരമാക്കിയിട്ടുണ്ട്. കഥപറച്ചിൽ ശൈലിയിലുള്ള ആഖ്യാനവും കൂടി ചേർന്നപ്പോൾ പുസ്തകവായന അനായാസവും രസകരവുമായ അനുഭവം ആയിത്തീരുന്നു.
കലാരൂപങ്ങളോ കലാകാരന്മാരോ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കൾ ആവുന്നത് ലോകത്ത് അത്രയ്ക്ക് അപൂർവ്വമായ സംഗതിയൊന്നുമല്ല. കെ പി എ സി പോലുളള നാടകസംഘങ്ങളും സാംബശിവനെ പോലുളള കഥാപ്രസംഗ കലാകാരന്മാരും മറ്റും കേരളത്തിന്റെ ജനജീവിതത്തിൽ കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രം അലിയിച്ചു ചേർത്തത് ചരിത്രമാണ്. അതുണ്ടാക്കിയ ചലനങ്ങൾ ചെറുതല്ല. പക്ഷേ, ആ കലാകാരന്മാർ രാഷ്ട്രീയ പാർട്ടികളിൽ, നേതൃനിരയിൽ സജീവവുമായിരുന്നില്ല, എന്നാൽ സമീപകാലത്ത് നേരിയ ഇളക്കം സംഭവിക്കുന്നുണ്ട് എന്നതും നേര്. അങ്ങനെ വരുന്നവർ പാർട്ടികളുടെ ആശയ പ്രചരണരംഗങ്ങളിലോ പ്രവർത്തനവേദികളിലൊ ഇടപെട്ടവർ പോലുമല്ല എന്നതും വസ്തുത.
തമിഴകത്ത് മുൻപേതന്നെ കാര്യങ്ങൾ വ്യത്യസ്തമാണ്, വിശിഷ്യാ ദ്രാവിഡ രാഷ്ട്രീയത്തിൽ. നാടകവും പിന്നീട് സിനിമയും അവർ രാഷ്ട്രീയ പ്രചരണായുധമാക്കുന്നുണ്ട്. ലോകത്ത് പലയിടത്തും ഇതുപോലെ കല പ്രചരണോപാധി ആയി മാറിയിട്ടുണ്ട്. ശക്തമായ ആശയവിനിമയമാണത്. ജനങ്ങളിലേക്കുളള ഇറങ്ങൽ. അവരുടെ ചിന്തകളെ തീ പിടിപ്പിക്കൽ.
എന്നാൽ ഒരു ഘട്ടം കഴിയുമ്പോൾ ഇതിനു മാറ്റം വരുന്നു. കലയെ അപ്രസക്തമാക്കി കലാകാരന്മാരുടെ താരമൂല്യത്തെ വിനിമയോ(വിപണനോ)പാധിയാക്കി ജനങ്ങളെ ആകർഷിക്കുക എന്ന ലളിതയുക്തിയിലേക്ക് ദ്രാവിഡ രാഷ്ട്രീയം വഴിതിരിയുന്നു. അങ്ങനെയാണ് താരരാഷ്ട്രീയം ഉദയം കൊള്ളുന്നത്. ദ്രാവിഡ മുന്നേറ്റ കഴകം എസ് എസ് രാജേന്ദ്രനെയും ശിവാജി ഗണേശനെയും എം ജി രാമചന്ദ്രനെയും അവരുടെ ക്രൗഡ് പുള്ളേഴ്സ് ആയി തന്നെയാണ് ഗോദയിലിറക്കിയത്. അഭിനേതാവ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളോട് ഉണ്ടാവുന്ന വൈകാരികതയിലൂന്നിയ കാഴ്ചക്കാരുടെ ഐക്യപ്പെടലാണ് താരാരാധന. അഭിനേതാവിന്റെ വ്യക്തിത്വമോ സ്വഭാവമോ സാമൂഹ്യബോധമോ താരാരാധനയെ സ്വാധീനിക്കുന്നില്ല. സ്വാധീനിക്കുന്നത് തിളക്കമുറ്റ പ്രകടനാപരത മാത്രം. ഈ താരത്തിളക്കം കണ്ട് ഓടിക്കൂടുന്ന ഒരു ആൾക്കൂട്ടം അണ്ണാദുരൈയ്ക്കും കരുണാനിധിയ്ക്കും അന്ന് ആവശ്യമായിരുന്നു.

എം ജി ആറും അണ്ണാ ദുരൈയും
ഈ ആൾക്കൂട്ട ധ്രുവീകരണത്തിന്റെ ബലത്തിൽ തന്നെയാണ് സിനിമാ കലാകാരന്മാർ ക്രമേണ ദ്രാവിഡ രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടുന്നവരായി മാറുന്നത്. മറ്റെങ്ങും സ്ഥായിത്വം ലഭിച്ചിട്ടില്ലാത്ത ഒരു ‘പ്രതിഭാസം’ അങ്ങനെ തമിഴ്നാട്ടിൽ സംഭവിക്കുകയാണ്.
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏതാനും ചില അപവാദങ്ങൾ ഒഴികെ, മിക്കയിടത്തും സിനിമാതാരങ്ങളെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അങ്ങോട്ട് ചെന്ന് ഒപ്പം ചേർക്കുമ്പോൾ തമിഴ് രാഷ്ട്രീയത്തിൽ രാഷ്ട്രീയ ഭിക്ഷാംദേഹികളായ താരങ്ങൾ സാധ്യത തേടി പ്രബല കക്ഷികളിൽ അണി ചേരുന്നതാണ് കാണുക. ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്ന നടന്മാരിൽ ഏതാനും ചിലർ ഒഴികെ എല്ലാവരും ദ്രാവിഡകക്ഷികളിലാണ് ആദ്യം രാഷ്ട്രീയം പയറ്റുന്നത്. സ്വന്തം താരമൂല്യം അനുസരിച്ച് അധികാര പദവികളിലേക്ക് പരിഗണന കിട്ടാതെ വരുമ്പോൾ അവർ കക്ഷി മാറുന്നതു കാണാം. അതല്ലെങ്കിൽ സ്വന്തമായി പുതിയ പാർട്ടി ഉണ്ടാക്കും. കേവലമായ അധികാരമോഹവും സ്വന്തം താരപ്രഭയിലും ആരാധകക്കൂട്ടത്തെ സംബന്ധിച്ചുമുളള അമിത വിശ്വാസവും ജനാധിപത്യത്തിനുണ്ടാക്കുന്ന പരിക്കുകൾ നിസ്സാരമല്ല.
പുസ്തകത്തിന്റെ അവതാരികയിൽ പി എൻ ഗോപീകൃഷ്ണൻ ഈയവസ്ഥയെ നന്നായി വിലയിരുത്തുന്നുണ്ട്. ഭരണഘടനാ ശില്പി അംബേദ്കറെ ആണ് അദ്ദേഹം ചേർത്തു പിടിക്കുന്നത്. ഭരണഘടന ഉടലെടുക്കുമ്പോൾ വളരെ നേരിയ ജനാധിപത്യ പരിശീലനമേ നമ്മുടെ ജനതയ്ക്ക് ഉണ്ടായിരുന്നുള്ളു. അതിനാൽ അധികാരത്തിലേക്കുളള വഴി മാത്രമായി ജനാധിപത്യത്തെ പരിമിതപ്പെടുത്താനുളള സാധ്യത അംബേദ്കർ ചൂണ്ടിക്കാട്ടുകയുണ്ടായി. അതിനെ മറികടക്കാൻ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ മുൻനിർത്തിയുളള സാമൂഹ്യ ജനാധിപത്യം എന്ന പരികല്പനയാണ് അദ്ദേഹം മുന്നോട്ടു വച്ചത്. സാമൂഹ്യ ജനാധിപത്യം തടസ്സപ്പെട്ടാൽ ഭരണാധികാരം കയ്യാളാനുളള സാങ്കേതിക പ്രക്രിയ മാത്രമായി തെരഞ്ഞെടുപ്പുകൾ മാറും. സമത്വബോധം, സ്വാതന്ത്ര്യബോധം, സാഹോദര്യബോധം എല്ലാം മാഞ്ഞുപോകും. താരരാഷ്ട്രീയം സാമൂഹ്യ ജനാധിപത്യം നിർവ്വീര്യമാക്കുന്ന ഒരു ഗണരാഷ്ട്രീയമായാണ് ഗോപീകൃഷ്ണൻ വിലയിരുത്തുന്നത്. അതായത്, ആൾക്കൂട്ട രാഷ്ട്രീയം. പരസ്പരം ഉത്തരവാദിത്വമില്ലാത്ത നേതൃത്വവും അണികളും എന്നു പറയാമെന്നു തോന്നുന്നു.
എംജി ആറും ജയലളിതയുമൊക്കെ ആരാധകരെ രാഷ്ട്രീയവല്കരിച്ചവരും മിടുക്കോടെ രാഷ്ട്രീയാവസ്ഥകളെ കൈകാര്യം ചെയ്തവരും സാമൂഹ്യനീതി, യുക്തിചിന്ത, ജാതിവിരുദ്ധത എന്നിവയിലൂന്നിയ ക്ഷേമരാഷ്ട്രമെന്ന ദ്രാവിഡമാതൃക പിന്തുടർന്നവരും നിലപാടുളളവരും ആണെന്ന സൂചനകൾ പുസ്തകം നൽകുന്നുണ്ട്. വിജയിക്കാൻ താരമൂല്യം മാത്രം മതിയോ എന്ന സമസ്യയെ യുക്തിസഹമായി പൂരിപ്പിയ്ക്കുക എന്ന ദൗത്യമാണ് അനീഷ് ഏറ്റെടുത്തത്. ഒരുപാടു നടീനടന്മാർ വിവിധ രാഷ്ട്രീയ കക്ഷികളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും എല്ലാവരുടേയും ജയാപജയങ്ങൾ പഠനവിധേയമാക്കുന്നില്ല. സ്വന്തമായി രാഷ്ട്രീയ മേൽവിലാസം ഉണ്ടാക്കിയവരും സ്വന്തമായി പാർട്ടി ഉണ്ടാക്കിയവരും മാത്രമേ ഇവിടെ പരിഗണനയിൽ വന്നിട്ടുള്ളു. അവർ ചെറുമിനുകളല്ല, വമ്പൻ സ്രാവുകളാണ്. എന്നിട്ടും ഇടറി വീണെങ്കിൽ കാര്യം സ്പഷ്ടം: താരസിംഹാസനത്തിൽ ഇരുന്നതുകൊണ്ടു മാത്രം രാഷ്ട്രീയ സിംഹാസനം കരഗതമാകുകയില്ല.
ജനാഭിലാഷങ്ങളെ തൃപ്തിപ്പെടുത്താത്ത, സ്വന്തം നിലനില്പിനുവേണ്ടി അവസരവാദ രാഷ്ട്രീയം പയറ്റിയ, കൃത്യവിലോപം കാണിച്ച താരങ്ങളാണ് വീണുപോയത്. അതിൽ ശിവാജി ഗണേശൻ, എസ് എസ് രാജേന്ദ്രൻ, ഭാഗ്യരാജ്, ടി രാജേന്ദ്രൻ, വിജയകാന്ത്, ശരത്കുമാർ, കമൽഹാസൻ, കാർത്തിക് എന്നീ നായകഭീമന്മാരുണ്ട്. കരുണാസ്, സീമാൻ എന്നീ കുട്ടിഭീമന്മാരും. ഇവർ സ്വന്തമായി രാഷ്ട്രീയ ഇടം സൃഷ്ടിച്ചവർ, പാർട്ടി ഉണ്ടാക്കി നയിച്ചവർ. ഒപ്പംതന്നെ, കയറാതെ താഴെവീണ രജനിയും പരാജിത നായകനാണ്.

കൂട്ടത്തിൽ പറയട്ടെ, പരാജിത നായകരുടെ പരാജയകാരണങ്ങൾ കേവലം സിനിമക്കാരുടെത് മാത്രമായി ചുരുക്കാവുന്നതല്ല. ഇന്ത്യയിലെ തരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഇത്തരം ദുരന്തങ്ങൾ പലതുണ്ട്, പലമട്ടിൽ.
നേരത്തെ സൂചിപ്പിച്ചതു പോലെ ഈ നായക വ്യക്തിത്വങ്ങൾ മിക്കവരും ദ്രാവിഡ കക്ഷികളിൽ രാഷ്ട്രീയം തുടങ്ങിയവരാണ്. അങ്ങനെ അല്ലാത്തവർ ദ്രാവിഡ കക്ഷികളിലാണ് ഒടുങ്ങുന്നത്. ചിലർ കക്ഷികൾ മാറി മാറി ബി ജെ പിയിൽ എത്തുന്നുണ്ട്. അടിസ്ഥാനപരമായ നിലപാടുകളോ രാഷ്ട്രീയ വിശകലന വൈഭവമോ മിക്കവർക്കുമില്ല.
കുറച്ചെങ്കിലും ഓളം സൃഷ്ടിച്ചത് വിജയകാന്ത് ആയിരുന്നു. ശ്രീലങ്കൻ വംശീയ യുദ്ധത്തെ മുൻനിർത്തി തമിഴ് ഭാഷാദേശീയതയുടെ വൈകാരികതയായിരുന്നു അദ്ദേഹത്തിന്റെ തുരുപ്പുചീട്ട്. സാഹചര്യം അനുകൂലവും. എന്നാൽ അനുകൂല സാഹചര്യം സ്ഥായിയായ അവസ്ഥ ആയിരുന്നില്ല. ഒരു പരിധിയോളം വിജയിച്ചശേഷം വിജയകാന്തിന് കാലിടറേണ്ടിവന്നത് രാഷ്ട്രീയാകാശത്തെ വെട്ടിയൊതുക്കി സ്വന്തം കാഴ്ചപ്പുറം വരെ ചുരുക്കിയതു കൊണ്ടാണ്.
കരുണാനിധിയുടെയും ജയലളിതയുടെയും നിര്യാണങ്ങൾ ദ്രാവിഡ രാഷ്ട്രീയത്തിൽ ഉണ്ടാക്കിയ വിടവിൽ പുതിയ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയ പ്രവേശം നടത്തിയ കമൽഹാസന് ഹിന്ദുത്വവിരുദ്ധ, അഴിമതിരഹിത രാഷ്ട്രീയം എന്ന കാഴ്ചപ്പാട് ഉണ്ടായിരുന്നു. ആരാധകവൃന്ദവും. ഇല്ലാതെപോയത്. രാഷ്ട്രീയത്തിന്റെ അടിസ്ഥാന പാഠങ്ങളാവണം.
താരത്തിളക്കവും ആരാധകരും സാധാരണയായി ഏതെങ്കിലും അതിരുകൾക്കുളളിൽ ഒതുക്കാവുന്നതല്ല. താരം തന്നെ അതിരുകളിൽ ഒതുങ്ങിയാലോ? ശുദ്ധമായ ജാതി രാഷ്ട്രീയം കളിക്കുന്ന താരങ്ങളുമുണ്ട് ഇക്കൂട്ടരിൽ. പ്രത്യയശാസ്ത്രപരമായ നിലപാടോ ആശയവ്യക്തതയോ പല താരങ്ങൾക്കും ഇല്ല. അവരുടെ തെരഞ്ഞെടുപ്പ് സഖ്യങ്ങൾക്കൊന്നും ന്യായമോ യുക്തിയോ തൊട്ടുകൂട്ടാൻ പോലുമില്ല. അതുകൊണ്ട് പരാജിതരിൽ ചിലരുടെ വീഴ്ചകൾ അനിവാര്യമായിരുന്നു. ചിലരുടെത് സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ പിടിവിട്ടതും. കേവലം താരപ്രഭകൊണ്ട് മാത്രം അതിജീവിക്കാൻ കഴിയുന്ന ബലഹീനതകൾ അല്ല ഇവയൊന്നും.
വാസ്തവത്തിൽ ജയലളിതായുഗത്തിനു ശേഷം തമിഴ്നാട്, താരരാഷ്ട്രീയത്തോട് വൈമുഖ്യം കാണിച്ചു തുടങ്ങിയതാണോ ഇവരിൽ ചിലരുടെ വീഴ്ചകൾക്ക് കാരണം? കമൽഹാസന്റെ യുക്തിപൂർവ്വമായ വിടുതലും രജനിയുടെ പിന്മാറ്റവും അക്കാരണം കൊണ്ടു കൂടിയാവില്ലേ? അനീഷ് ആ വഴിക്ക് ചിന്തിക്കാത്തതിന് ഒരു പക്ഷേ കാരണങ്ങൾ വേറെ ഉണ്ടാവാം.
പരാജയകാരണങ്ങൾ യുക്തിസഹം ആവുമ്പോൾ തന്നെ, താരമൂല്യമല്ലാതെ പ്രാഥമികമായി വിജയികൾക്ക് കരുത്തായി മറ്റെന്തുണ്ടായിരുന്നു എന്ന സംശയം ബാക്കിയാവുന്നുണ്ട്. ഒടുവിലത്തെ തെരഞ്ഞെടുപ്പിൽ നടന്നത് താരരാഷ്ട്രീയത്തിന്റെ വിജയമാണോ? അതോ പ്രഹസന രാഷ്ട്രീയത്തിന്റെ മറവിൽ ഹിംസാത്മക രാഷ്ട്രീയത്തിന്റെ വിളവിറക്കലായിരുന്നോ?. തമിഴ്നാടല്ലേ, സിനിമാഭ്രാന്തല്ലേ എന്ന ലളിതയുക്തിയിൽ നമ്മളാ ചോദ്യങ്ങൾ സ്വയം ചോദിക്കാതിരിക്കുകയാണ് എന്നും. ചില മുൻവിധികൾ വൻചതികൾക്ക് മറയാക്കാൻ എളുപ്പമാണ്.
ഈ പുസ്തകം ഇങ്ങനെ പലതരം ചിന്തകൾക്ക് വഴിവെക്കുന്നു എന്നതാണ് അതിന്റെ മികവ്. ഈ പലമ ഒരു പക്ഷേ തമിഴ് രാഷ്ട്രീയത്തിന്റെ അന്തർധാരയും ആവാം. പലതും വായിച്ചെടുക്കേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തൽ ആയി അനീഷിന്റെ ‘പരാജിത നായകർ, തമിഴ് താര രാഷ്ട്രീയത്തിന്റെ കഥ’ പരിഗണിക്കേണ്ടതും ചർച്ച ചെയ്യേണ്ടതും ഉണ്ട്.
……………………………………………………………………………………………………………………………………………………………………………..
പരാജിത നായകർ : തമിഴ് താരരാഷ്ട്രീയത്തിന്റെ കഥ
ടി. അനീഷ്
പ്രസാധനം: ലോഗോസ് ബുക്സ്
വില: ₹. 220.00
'യുറീക്ക'യുടെ മുൻ പത്രാധിപരാണ്. ബാലസാഹിത്യകാൻ. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് , കേരള സംസഥാന പരിസ്ഥിതി കൗൺസിൽ എന്നിവയുടെ പുരസ്കാരങ്ങൾ അബുദാബി ശക്തി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

















