പൂമുഖം Travelയാത്ര മരാക്കേഷിന്‍റെ മായാജാലം (ഭാഗം – 6)

മരാക്കേഷിന്‍റെ മായാജാലം (ഭാഗം – 6)

ദാർ എൽ ബച്ചയും ജാർഡിൻ മാർജോറെല്ലയും

1910ൽ മൊറോക്കോയിലെ സുൽത്താൻ ആയിരുന്നു മൂലി യൂസുഫിൻ്റെ ഗ്രാൻഡ് വസീർ ആയിരുന്നു താമി എൽ ഗ്ലഓയിയുടെ താമസസ്ഥലം ആയാണ് ഇത് മന്ദിരം നിർമ്മിക്കപ്പെട്ടത്. ഫ്രഞ്ച് അധിനിവേശകാലത്ത് ഇദ്ദേഹം അവരുടെ വിശ്വസ്ഥനും അത് കൊണ്ട് തന്നെ ശക്തനും ആയിരുന്നു. തൻ്റെ അധികാരവും പ്രതാപവും പ്രദർശിപ്പിക്കുന്ന വിധത്തിൽ ആഡംബരപൂർണ്ണമായ ഒരു കൊട്ടാരമാണ് അന്ന് നിർമ്മിക്കപ്പെട്ടത്. ദശകങ്ങൾക്ക് ശേഷം 2017 ലാണ് ഇത് പുനർനിർമ്മിച്ച് മ്യൂസിയം ആയി മാറ്റിയതും സന്ദർശകർക്കായി തുറന്ന് കൊടുത്തതും. മ്യൂസിയം ഒഫ് കോൺഫ്ലൂവൻസസ് എന്നും ഇത് അറിയപ്പെടുന്നു.

‘റിയാദ് ‘എന്ന നിർമ്മാണ രീതിയുടെ ഉത്തമോദാഹരണം ആണിത്. നാല് വശങ്ങളിലും ആറു മുറികളും അതിനു വേണ്ട സംവിധാനങ്ങളും മദ്ധ്യത്തിൽ മനോഹരമായ പൂന്തോട്ടവും ചേർന്നതാണ് ഈ സമുച്ചയത്തിന്‍റെ പ്രധാന ഭാഗം. ഇതോടൊപ്പം പാരമ്പര്യ രീതിയിലുള്ള ഹമാം (കുളിപ്പുരകൾ), ദൗരിയ എന്ന് വിളിക്കപ്പെടുന്ന വീട്ടുജോലിക്കാരുടെ താമസസ്ഥലം, ലൈബ്രറി, ഹറം എന്ന് വിളിക്കപ്പെടുന്ന സ്ത്രീകളുടെ താമസത്തിനുള്ള പ്രത്യേക വിഭാഗങ്ങൾ എന്നിവ ഇവിടെ കാണാം.

നിറപ്പകിട്ടുള്ള സെല്ലിജ് ടൈലുകളും മനോഹരമായ കൊത്തുപണികളോടും ചിത്രങ്ങളോടു കൂടിയ മച്ചുകളും ഇതിനെ ആകർഷണീയത വർദ്ധിപ്പിയ്ക്കുന്നു. ഹമ്മാമിലെ വെള്ളം ചൂടാക്കാൻ ഉള്ള സംവിധാനം നിർമ്മിച്ച കാലത്തെ സാങ്കേതിക വിദ്യയുടെ ഔന്നത്യം വ്യക്തമാക്കുന്നു. മൊറോക്കൻ നിർമ്മാണ വിദ്യകളുടെയും കൊത്തുപണികളുടെയും ചാരുത വെളിപ്പെടുന്ന വിധം വ്യത്യസ്തമായ വലുതും ചെറുതുമായ വാതിലുകൾ, ജനാലകൾ, കിളിവാതിലുകൾ, വീട്ടുപകരണങ്ങൾ, എന്നിവയുടെ മാതൃകകൾ കൊട്ടാരത്തിൻ്റെ പലയിടങ്ങളിലായി പ്രദർശിപ്പിച്ചിട്ടുണ്ട്.

കൊത്തുപണികൾ നിറഞ്ഞ മേൽത്തട്ട്

‘ബെച്ചാ കഫേ’ എന്ന ഒരു കഫറ്റേറിയ ഇതിനകത്ത് പ്രവർത്തിക്കുന്നുണ്ട്. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നുള്ള പല രുചികളുള്ള കാപ്പിപ്പൊടി ഇവിടെ വില്പനയ്ക്കുണ്ട്. ഉച്ചഭക്ഷണത്തിന് സമയമായത് കൊണ്ട് ഞങ്ങൾ ഇവിടെ നിന്ന് കാപ്പിയും ലഘുഭക്ഷണവും കഴിക്കാൻ തീരുമാനിച്ചു. കൗണ്ടറിൽ രജിസ്റ്റർ ചെയ്താൽ ടേബിൾ ഒഴിയുന്നതനുസരിച്ചാണ് വിളിക്കുക. ഞങ്ങൾക്ക് ഏകദേശം ഒന്നര മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. ആ സമയം ഞങ്ങൾ മ്യൂസിയം വിശദമായി കാണാനും ഫോട്ടോകൾ എടുക്കാനും വേണ്ടി ഉപയോഗിച്ചു.

കൊത്തുപണികൾ നിറഞ്ഞ മേൽത്തട്ട് 

ഇതിൻ്റെ നടുമുറ്റത്തുള്ള ഓറഞ്ച് മരങ്ങളും ഫൗണ്ടനുകളും നിറഞ്ഞ പൂന്തോട്ടം ധാരാളം കിളികളുടെ ആവാസസ്ഥലമാണ്. ഏപ്രിൽ മാസത്തിൽ അവിടെയെത്തിയ ഞങ്ങൾക്ക് മുഴുത്ത് പഴുത്ത ഓറഞ്ചുകൾ നിറഞ്ഞ മരങ്ങളാണ് കാണാൻ കഴിഞ്ഞത്. നടവഴികൾ സെറാമിക് ടൈലുകൾ പാകിയതാണ് ഇതിനുള്ളിലെ നടവഴികൾ. അതിമനോഹരമായ ഒരു കാഴ്ചയായിരുന്നു ആ പൂന്തോട്ടം.

പിന്നീട് ഞങ്ങൾ ജാർഡിൻ മാർജൊറെല്ലെ എന്ന മാരക്കാഷിലെ പ്രസിദ്ധമായ ബൊട്ടാണിക്കൽ ഗാർഡനിലേക്കാണ് പോയത്. പ്രവേശനത്തിനായി വലിയ ക്യൂവാണ് അവിടെ കണ്ടത്. ഓൺലൈൻ ടിക്കറ്റ് വാങ്ങിയിട്ടു പോലും ക്യൂവിൽ കുറേ നേരം നിൽക്കേണ്ടി വന്നു. രണ്ട് ഏക്കർ വലിപ്പമുള്ള ഈ പൂന്തോട്ടം ഫ്രഞ്ചു ചിത്രകാരനായ ജാക്ക് മാർജോറെല്ലെ 1923 ല്‍ നിർമ്മിച്ചതാണ് 1950 വരെ അദ്ദേഹവും ഭാര്യയുമായിരുന്നു അതിനുള്ളിലെ വില്ലയിലെ താമസക്കാർ. അവസാനകാലത്ത് ഇതിന്‍റെ നടത്തിപ്പിനായുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടിയ അദ്ദേഹം കുറച്ചുഭാഗം ചെറിയ കഷണങ്ങളായി മുറിച്ച് വിറ്റിരുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം കുറേക്കാലം ഇത് അനാഥമായി കാട് പിടിച്ച് കിടന്നു.

1980ലാണ് ഫാഷൻ ഡിസൈനർമാരായിരുന്ന യെസ് സെൻറ് ലോറൻറും പിയറി ബെർജെയും ചേർന്ന് ഇത് വാങ്ങി നവീകരിച്ചത്. സമുച്ചയത്തിൽ പൂന്തോട്ടം കൂടാതെ വില്ലയിൽ പ്രവർത്തിക്കുന്ന ബർബർ മ്യൂസിയം, വൈഎസ് എൽ മ്യൂസിയം എന്നിവയും കാണാം.

കള്ളിമുൾച്ചെടികളുടെ തോട്ടം

പല നാടുകളിൽ നിന്നുള്ള ചെടികളും മരങ്ങളും ഇവിടെ കാണാമെങ്കിലും കള്ളിമുൾച്ചെടികളുടെ വിഭാഗമാണ് ഏറ്റവും വലുത്. മൊറോക്കോയിലേത് കൂടാതെ ആഫ്രിക്ക, അമേരിക്കൻ ഭൂഖണ്ഡം തുടങ്ങിയ പലയിടങ്ങളിൽ നിന്നുള്ള ഇനങ്ങളും ഇവിടെ നട്ടുവളർത്തിയിട്ടുണ്ട്. പല തരത്തിലുള്ള പനകൾ, മുളയിനത്തിൽപ്പെട്ട ചെടികൾ എന്നിവ ഇവിടെക്കാണാം. ധാരാളം അഗേവ് (തെക്കൻ അമേരിക്കയിൽ കാണുന്ന കൈത പോലെ കട്ടിയുള്ള ഇലകളോട് കൂടിയ ഒരു ചെടി) ബൊഗെയിൻവില്ലകളും ഇവിടെ കണ്ടു. അവിടവിടെ കാണുന്ന തടാകങ്ങൾ ചെറിയ ചാലുകൾ കൊണ്ട് പരസ്പരം ബന്ധിക്ക പ്പെട്ടിരിക്കുന്നു.

കള്ളിമുൾച്ചെടികളുടെ  തോട്ടം

കടും നിറത്തിലുള്ള നീലയും മഞ്ഞയും ചുമപ്പും പെയിൻറ് ചെയ്ത വലിയ ചെടിച്ചട്ടികളും വേലികളും ഇടതൂർന്നു വളർന്നു നിൽക്കുന്ന കടും പച്ച നിറത്തിലുള്ള ചെടികളുടെ പാശ്ചാത്തലത്തിൽ മനോഹര ദൃശ്യം ഒരുക്കുന്നു. ഇവിടെയുള്ള വില്ല മുഴുവനും പ്രത്യേകതരം കൊബാൾട്ട് ബ്ലൂ എന്ന തിളങ്ങുന്ന നീല നിറം കൊണ്ടാണ് പെയിൻറ് ചെയ്തിരിക്കുന്നത്. പ്രത്യേകമായി നിർമ്മിച്ചെടുത്ത നിറത്തിൻ്റെ പേറ്റൻ്റ് ഇവർക്ക് സ്വന്തമാണ്. ധാരാളം സന്ദർശകർ ഈ പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയത് കാണാമായിരുന്നു.

ശാന്ത സുന്ദരമായ ഈ തോട്ടത്തിനകത്ത് ധാരാളം ബഞ്ചുകളും മറ്റനേകം ഇരിപ്പിടങ്ങളും വള്ളിക്കുടിലുകളും ഒരുക്കിയിട്ടുണ്ട്. ആഫ്രിക്കയിൽ സാധാരണ കാണപ്പെടുന്ന ധാരാളം പക്ഷികളുടെ ആവാസസ്ഥലവും കൂടിയാണിത്.

സെന്റ് ലോറന്റിന്‍റെയും സുഹൃത്തിന്‍റെയും സ്മാരകം

സെന്റ് ലോറന്റിന്‍റെയും സുഹൃത്തിന്‍റെയും സ്മാരകം

2008 സെൻറ് ലോറൻസ് മരിച്ചപ്പോൾ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം ചിതാഭസ്മം ഈ തോട്ടത്തിൽ ആകെ വിതറിയിരുന്നു. സ്വവര്‍ഗാനുരാഗിയായിരുന്ന അദ്ദേഹത്തിന്‍റെയും പങ്കാളിയുടെയും ഒന്നിച്ചുള്ള സ്മാരക കുടീരവും ഇവിടെ ഒരു ഭാഗത്തുണ്ട്. ഇവരുടെ രണ്ടുപേരുടെയും പേരിലുള്ള ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് ഇപ്പോൾ ഗാർഡനുകളും മ്യൂസിയങ്ങളും നടത്തുന്നത്. 70 മൊറോക്കൻ ദിർഹമാണ് പ്രവേശന ഫീസ്.

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.