സുദീപ് ടി ജോർജിന്റെ ആര്യാനം വെയ്ജ’, എന്ന കഥാസമാഹാരത്തിലൂടെ
പുതുതലമുറ കഥകൾ എഴുതി അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഭാഷയിലും, ആഖ്യാനത്തിലും, വ്യത്യസ്തമായ വിഷയങ്ങൾ തെരെഞ്ഞെടുക്കുന്ന കാര്യത്തിലും ഒക്കെ ഇവർ ഏറെ മുന്നിട്ടു നിൽക്കുന്നു. അത്തരത്തിലുള്ള ശ്രദ്ധേയനായ ഒരു കഥാകൃത്താണ് സുദീപ് ടി ജോർജ്ജ്. അദ്ദേഹത്തിന്റെ ‘ആര്യാനം വെയ്ജ’, എന്ന സമാഹാരത്തിലെ കഥകളിലൂടെ പറയാൻ ശ്രമിക്കുന്നത് ഇന്നിന്റെ രാഷ്ട്രീയമാണ്. ആശകളുടെയും ആകുലതകളുടെയും നന്മകളുടെയും ഇടത്തിൽ നിന്ന് കൊണ്ടാണ് കഥാകൃത്ത് പറയാനുള്ളത് പറയുന്നത്.
രാഷ്ട്രീയത്തിന്റെയും കലാപത്തിന്റെയും വിപ്ലവത്തിന്റെയും നേർചിത്രങ്ങൾ മലയാള കഥാലോകത്തിന് ഏറെ പരിചിതമാണ്. ഈ വിഷയങ്ങൾ വിഭിന്നസ്വരങ്ങളിലൂടെ, പുതുമയോടെ, പുതുതലമുറയിലെ എഴുത്തുകാർ പറയുന്നു എന്നത് ഈ ആസുരകാലത്ത് പ്രതീക്ഷയാണ്. വല്ലപ്പോഴും, തനിക്ക് എഴുതിയേ തീരൂ എന്ന് ഉള്ളുരുകുമ്പോൾ മാത്രം എഴുതുന്ന കഥാകൃത്താണ് സുദീപ്.

ആമ, ആര്യാനം വെയ്ജ, ഹുഡുഗി, ള, ലെവൽ ക്രോസ്, പന്ത്, റാന്തൽ എന്നീ ഏഴു കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. ‘അയാൾ സ്വയം നിസ്സാരനാവുന്നു, നമ്മെ ജാഗ്രത്താക്കാൻ’ എന്ന് അവതാരികയിൽ നോവലിസ്റ്റ് എസ്.ഹരീഷ് പറയുന്നുണ്ട്. “ഒരു നല്ല എഴുത്തുകാരൻ പുറമേ പറയുന്നതിന്റെ അനുബന്ധങ്ങളോ ആഴമുള്ള വേറൊരു ജീവിതകാഴ്ചപ്പാടോ കഥകൾക്കുള്ളിൽ ചേർത്തുവെയ്ക്കാറുണ്ട്. സൂക്ഷ്മമായ മനുഷ്യാവസ്ഥകളെക്കുറിച്ചും കലയുടെ രൂപപരമായ ഭദ്രതയെക്കുറിച്ചും കൂടി ആഴത്തിൽ കഥകൾ സംവേദനം ചെയ്യുന്നുണ്ട്. അതിന്റെ പുറംതോട് മാത്രമാണ് ഉറക്കെ പറയുന്ന രാഷ്ട്രീയം. താൻ എഴുതുന്ന സമയത്ത് മികച്ച കഥാകൃത്തായി സുദീപ് മാറുന്നത് പലതും എഴുത്തിലൂടെ ധരിപ്പിക്കുന്നതു കൊണ്ട്കൂടിയാണ്. നമ്മൾ കാണുന്നതിനപ്പുറമുളളതാണ് യഥാർത്ഥ ലോകം. യഥാർത്ഥ എഴുത്തും ഒരു ഡയമെൻഷനിലുമൊതുങ്ങാതെ പല മാനങ്ങളിലേക്ക് പടരുന്നു”
കഥ പറച്ചിലിൽ വേറിട്ട ഒന്നായി മാറുകയാണ് സുദീപ് ടി ജോർജിന്റെ ആര്യാനം വെയ്ജ എന്ന കഥ. കഥയുടെ ടൈറ്റിൽ തന്നെ പ്രസക്തമാണ്. പുരാതനമായ സൊരാസ്ട്രീയൻ പുണ്യഗ്രന്ഥമായ അവെസ്തയിൽ പറയുന്ന ആര്യന്മാരുടെ ദേശം എന്നർത്ഥം വരുന്ന ആര്യാനം വെയ്ജ എന്നത് സമകാലിക രാഷ്ട്രീയത്തിനോട് കൂട്ടിവായിക്കാം. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഉത്തരേന്ത്യൻ ആന്തരിക രാഷ്ട്രീയ ഭൂമികയെ ഈ കഥയിൽ സമർഥമായി ഉപയോഗിച്ചു. ജാർഖണ്ഡിലെ ജീവിതത്തിന്റെ കെട്ട നാറ്റമുള്ള പശ്ചാത്തലം അതേ തീവ്രതയോടെ കഥയിൽ അനുഭവിപ്പിക്കുന്നു. ഈ കഥയെ കുറിച്ച് പ്രശസ്ത കഥാകൃത്ത് പിഎഫ് മാത്യുസ് പറഞ്ഞ വാക്കുകൾ പ്രസക്തമാണ്.
“ജാർഖണ്ഡിൽ ജീവിച്ചിട്ടില്ലാത്ത ഒരാൾക്ക് ഈ കഥ എഴുതാനാകില്ല. പണി തീർന്ന നാളുതൊട്ട് ചൂലു തൊടാത്ത, കെട്ട നാറ്റമുള്ള, ശ്വാസകോശം ചുരുങ്ങിപ്പോയ ഒരു ലോഡ്ജിൽ താമസിക്കാത്ത ഒരാൾക്ക് ഇതിലെ ലോഡ്ജിനെ വിവരിക്കാനാകില്ല. കിടക്കാനിടമില്ലാതെ, പൂർത്തിയാക്കാത്ത ഉറക്കവുമായി ചേരികളിൽ അലയുന്ന ഒരാത്മാവിനേ ഇതെഴുതാൻ കഴിയൂ. ആര്യൻമാരുടെ ദേശത്തേക്കുറിച്ച് സുദീപ് ടി. ജോർജ് എഴുതിയ ആര്യാനം വെയ്ജ എന്ന കഥ വായിക്കുമ്പോൾ അറക്കപ്പെട്ട ജീവികളുടെ ചലവും ചൗവ്വും ദേഹത്തു ചൊരിഞ്ഞതുപോലെ ഒരനുഭവം ഉണ്ടാകും. തീർച്ച.”
ഉത്തരേന്ത്യൻ ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നുള്ള മികച്ച ഒരാവിഷ്കാരമാണ് ഈ കഥ. ഒറ്റ നോട്ടത്തിൽ നമുക്കതിൽ ഒരവിശ്വസനീയത തോന്നുന്നു എങ്കിൽ അത് നാം കണ്ടു ശീലിച്ച ജീവിതപശ്ചാത്തലം മൂലമാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നത് വാക്യങ്ങളിൽ മാത്രം ഒതുങ്ങിക്കൂടുന്ന ഒന്നാണ് എന്നു കരുതിയാൽ തെറ്റില്ല. ജീവിതങ്ങളുടെ അവസ്ഥയും അതിലുണ്ടാവുന്ന മാറ്റവും മണവും നാറ്റവും അത്രയ്ക്കും വ്യത്യസ്തങ്ങളാണെന്ന സത്യത്തിന്റെ മീതെയാണ് നാം ആര്യന്മാരുടെ ദേശമാണെന്ന വീമ്പുപറയുന്നത്. ആര്യവർഗ്ഗമെന്ന് അഹങ്കരിക്കുന്നവരുടെ നിഷ്കരുണമായ ചെയ്തികളാണ് കഥയുടെ രംഗഭൂമി. കഥാന്ത്യത്തിൽ എത്തുമ്പോൾ അതിന്റെ തീവ്രമായ കാഴ്ചകളാൽ വിവരണാതീതമായ തലത്തിലേക്ക് കഥ സഞ്ചരിക്കുന്നു.
“രണ്ടിനേം ഒന്നിച്ചിടരുത്” ട്രാക്ടറിൽ നിന്ന് ചാടിയിറങ്ങുമ്പോൾ താവു കല്പിച്ചു. “കുഴി നാലെണ്ണം വേണം. നീളത്തിലല്ല ആഴത്തിൽ;നല്ല വണ്ണത്തിൽ”
വയലിന്റെ ഏറ്റവും ഏകാന്തമായ കോണിൽ ഞാൻ കുഴിക്കാൻ തുടങ്ങി. രണ്ടു ശരീരങ്ങളും തമ്മിൽ തൊടാതെ നാലു കുഴികളിലായി അവയെ വീതം വെച്ചത് ചാച്ചാമാരാണ്. അതു കഴിഞ്ഞതും കൊള്ളിയുരച്ചിടാൻ എന്നെ മാത്രം അവിടേക്ക് വിട്ട്, മറ്റുള്ളവരുമായി ട്രാക്ടർ ഒരു വരമ്പിനപ്പുറത്തേക്കു പിൻവാങ്ങി. കുഴികളികൾ നുറുങ്ങിക്കിടന്നത് ആ നേരത്ത് ആരും കാണാതെ ഞാൻ കൂട്ടിക്കലർത്തി. ഓരോന്നും ആരുടേതെന്ന് വേർ തിരിച്ചറിയാനാവാത്ത വിധം ശരീരത്തിനകത്തും പുറത്തും ഉള്ളതെല്ലാം കൂടിക്കലർന്ന് കാമേശ്വറും പെൺകുട്ടിയും നാലു കുഴികളിലായി കെട്ടിപ്പിടിച്ചു കിടന്നു!”
ജാതിയും മതവും പ്രണയവും ഭക്ഷണവും എല്ലാം കേവലം രാഷ്ട്രീയമാകുന്ന, അതുമായി ബന്ധപ്പെട്ടു അറും കൊലകൾ നടക്കുന്ന, ഭൂമിശാസ്ത്രത്തിൽ രേഖപ്പെടുത്താതെ കിടക്കുന്ന പ്രദേശമാണ് ഈ കഥയുടെ ഭൂമിക. പൊള്ളലോടെ ഇതിൽ പറയുന്നതൊക്കെ ഇന്നലെയും ഇന്നും നാം കേട്ടുകൊണ്ടിരിക്കുന്നതാണ്. കഥയിൽ സ്വീകരിച്ച ആഖ്യാനരീതിയു ഭാഷയും ഈ വിഷയം പറയാൻ കാണിച്ച ആർജ്ജവവും സുദീപ് ടി. ജോർജ് എന്ന യുവ എഴുത്തുകാരനിൽ പ്രതീക്ഷ നൽകുന്നു.
ഇതിൽ നിന്നും ഏറെ വ്യത്യസ്തമാണ് ‘റാന്തൽ’ എന്ന കഥ. കഥയുടെ തുടക്കം ഇങ്ങനെയാണ്:
“ഒരിക്കലും കത്തിക്കണ്ടിട്ടില്ലാത്ത ലൈറ്റ് ഹൗസിനു ചുറ്റും പഴകിക്കിടന്ന ഇരുട്ടിൽ അറ്റം വളഞ്ഞ കത്തിയുമായി നെപ്പോളിയൻ നിന്നു. കരയിലേക്കു കടൽ തേവുന്ന നിലാവെട്ടത്തിൽ തോടിനു കുറുകെയുള്ള കലുങ്കു കയറി വരുന്ന റോഡ് കാണാം. വെള്ള മണലിലൂടെ നേരെ ഓടി മുനമ്പിൻ്റെ അങ്ങേയറ്റത്തുള്ള പാറക്കൂട്ടത്തിനു നടുവിലെ പിളർപ്പും കടന്നു റോഡ് കടലിലേക്കു മറയുന്നു. തൊട്ടുപിന്നിലെ പാറയിൽ കയറി നെപ്പോളിയൻ ഒരിക്കൽക്കൂടി നോക്കി. ദൂരെനിന്ന് ഒരു വെളിച്ചം വരുന്നു. പാറയിൽനിന്ന് ചാടിയിറങ്ങി റോഡിലേക്ക് ഓടിക്കയറി. എന്നാൽ, അകലെവച്ചുതന്നെ മനസ്സിലായി, സൈക്കിളല്ല; സ്കൂട്ടറാണ്. അവനല്ല; ശിവാകറാണ്.
‘എന്തെഡാ നെപ്പോളിയാ?’ ശിവാകർ വണ്ടി അരികിൽ കൊണ്ടു വന്നു നിർത്തി.
‘ഒന്നുമില്ല. കടലീന്ന് നല്ല കാറ്റ്. കൊറച്ചു നേരം ഇതിലേ നടക്കാനൊരു തോന്നൽ.’
‘ഈ നേരത്തിത് പതിവുള്ളതല്ലല്ലോ!’ ശിവാകറിന്റെ ശബ്ദം വായുവിൽ ഒരു ആശ്ചര്യചിഹ്നമിട്ടു.”
പ്രധാന കഥാപാത്രമായ നെപ്പോളിയൻ ഒരു കുടുംബസ്നേഹിയാണ്. പതിനാറുകാരനുമായുള്ള അയാളുടെ അഭിപ്രായ വ്യത്യാസമാണ് കഥയുടെ വിഷയം. എങ്കിലും കഥയുടെ അകക്കാമ്പിൽ എത്തുമ്പോൾ ആ പതിനാറുകാരനും അയാൾ തന്നെ എന്ന തോന്നൽ ഉണ്ടാവും. അവനവന്റെ യാഥാർഥ എതിരാളി അവനവൻ തന്നെ എന്ന ആശയമാണ് കഥയിലൂടെ കൊണ്ടുവരുന്നത്.
കഥയുടെ തുടക്കം വായനക്കാരനെ ഒരു നിഗൂഢമായ, ആകാംക്ഷാഭരിതമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകുന്നു. ഒരിക്കലും കത്തിക്കാത്ത ലൈറ്റ് ഹൗസിന്റെ ഇരുട്ടിൽ നെപ്പോളിയൻ എന്ന കഥാപാത്രം, അറ്റം വളഞ്ഞ കത്തിയുമായി നിൽക്കുന്ന രംഗം ഒരു സിനിമാറ്റിക് ദൃശ്യം പോലെ വ്യക്തമാണ്. കടലിന്റെയും നിലാവെളിച്ചത്തിന്റെയും പശ്ചാത്തലം, പാറക്കൂട്ടങ്ങൾക്കിടയിലൂടെ മറയുന്ന റോഡ്, ഒപ്പം ശിവാകറിന്റെ അവതരണം—ഇവയെല്ലാം കഥയുടെ തുടക്കത്തിൽ തന്നെ ഒരു നാടകീയതയും രഹസ്യാത്മകതയും സൃഷ്ടിക്കുന്നു.
നെപ്പോളിയന്റെ മനസ്സിൽ എന്തോ ഒരു കാത്തിരിപ്പ് അല്ലെങ്കിൽ ഉദ്ദേശം ഉണ്ടെന്ന് ആദ്യം തന്നെ തോന്നിക്കുന്നുണ്ട്.എന്നാൽ ശിവാകറിന്റെ ചോദ്യവും സംശയവും ആ ഉദ്ദേശത്തെ ചോദ്യം ചെയ്യുന്നു. ഈ സംഭാഷണവും രംഗവും കഥയുടെ കേന്ദ്ര ആശയത്തിന്റെ—അതായത്, മനുഷ്യന്റെ ആന്തരിക സംഘർഷവും ബാഹ്യയാഥാർഥ്യവുമായുള്ള പോരാട്ടം- സൂചന നൽകുന്നു.
ഈ സമാഹാരത്തിലെ എല്ലാ കഥകളും ഇതുപോലെ ഏറെ വ്യത്യസ്തവും ആഖ്യാനത്തിൽ പുതുമ തേടുന്നതും വായനക്കാരെ ആഴത്തിൽ സ്പർശിക്കുന്നവയുമാണ്സുദീപ് വളരെ കുറച്ചേ എഴുതാറുള്ളൂ. ഇതിലെ തന്നെ പല കഥകളും അഞ്ചോ ആറോ വർഷങ്ങൾ ആയി എഴുതിയിട്ട്. കുറെ അധികം എഴുതുക എന്നതിലേറെ എഴുതുന്നതത്രയും കാമ്പുള്ളതാവുക എന്ന നിർബന്ധം ഉള്ള കഥാകൃത്താണ് സുദീപ് ടി ജോർജ്ജ്.
കവര്: ജ്യോതിസ് പരവൂര്