പൂമുഖം LITERATUREകവിത ഓണം കഴിഞ്ഞുതീരാത്തത്

ഓണം കഴിഞ്ഞുതീരാത്തത്

മേഘത്തിനിരിയ്ക്കുവാൻ
മാനം വലിച്ചു കൊണ്ടുപോകും ഒരോലക്കീറ്
ഇനിയും ഉണങ്ങിയിട്ടില്ലാത്തത്
അടർന്നുവീണു തീരാത്തത്

അത് ഓണക്കീറ് എന്ന് തിരുത്തുവാൻ
കൂടെപ്പോകും തുമ്പി
തുമ്പിയുടെ മുമ്പിലേയ്ക്ക്
ഓണത്തിന്റെ സാവകാശചലനം നീക്കിവെയ്ക്കും ചിങ്ങം

വലിച്ചുകൊണ്ടുപോകുന്ന
ഓലക്കീറിന്റെ ശബ്ദം
ഇരുന്നു കീറിമെടഞ്ഞെടുക്കും
മൃദംഗത്തിന് മുകളിൽ വിരലുകൾ
പൊട്ടിച്ചൊഴിച്ച
ഒരു പാട്ടിന്റെ വാരിക്കീഴ്

മുറ്റങ്ങളിൽ വന്ന് നീട്ടിപ്പെയ്യും മഴയോലകൾ
അവയിൽ ചിറകുകൾ മറച്ച്
പറന്നുപറ്റും
പനിനീർക്കുരുവികൾ

വിരിഞ്ഞുകഴിഞ്ഞാൽ
പൂക്കൾ ചെയ്യുന്നതെന്തും
ചെയ്യേണ്ടതുണ്ട് ഞാൻ
എനിയ്ക്കെന്ന വാക്ക് മാത്രം മറ

കുടമുല്ല പൂവിലെ
വിരിയുന്നതിന്റെ ഏകാന്തത
വിരിയുന്നത്
കൊത്തിക്കൊണ്ട് വെയ്ക്കും മുല്ലപ്പൂവിലെ കിളി

മുറുക്കാൻ ചെല്ലത്തിൽ
വെറ്റിലയോടൊപ്പം എടുത്തുവെച്ചത്
വെളുപ്പാൻകാലം മറ്റൊരു കിളി

പൂവായി വിരിഞ്ഞ്
കുടിലിൽ കിളിയായി ജീവിക്കും
മുല്ലപ്പൂവ്

താൻ നാണം കുണുങ്ങിയാണെന്ന്
വിശ്വസിയ്ക്കും
ഏകാന്തത എന്ന വിഷയത്തിൽ
ക്ലാസ് എടുക്കുവാൻ വരും
വിഷാദിയായ അദ്ധ്യാപകൻ

അവളുടെ നാഭിയുടെ ആഴം
ഐച്ഛികവിഷയമായി എടുത്ത്പഠിയ്ക്കും
സൈലൻസ് എന്ന് പേരുള്ള ശലഭത്തോട്
ഇല്ലാത്ത ഡസ്ക്കിലടിച്ച്
ആകാശത്തിന്റെ ശബ്ദമുണ്ടാക്കി
ബഹളമുണ്ടാക്കാതിരിയ്ക്കുവാൻ
പറഞ്ഞേക്കാവുന്ന
അധ്യാപകനാവുകയാണ്
നെല്ലിയിലയിലെ മഞ്ഞ

ശ്രദ്ധിയ്ക്കാമെങ്കിൽ ഇവിടെ
ക്ലാസ്മുറി
ഒരു വിരിഞ്ഞ ഹൈഡ്രാഞ്ചി

എഴുത്തിന്റെ ഉലുക്കുകൾ കഴിഞ്ഞ്
കവിതയുടെ കായ്ക്കാത്ത നെല്ലിമരം
വാക്കിന്റെ നെല്ലിയില

കരണം മറിച്ചിലുകൾക്കൊടുവിൽ
നിലത്ത്,
നിലംപറ്റികിടക്കും ഇലകൾക്കിടയിൽ
മഞ്ഞപുരട്ടി നിലാവ് ഉരുട്ടിയെടുക്കും
ചന്ദ്രൻ കടിച്ച നെല്ലിയ്ക്ക

എന്നേ വലിച്ചിഴയ്ക്കുന്നു ഭാഷ
ഒരു വാക്കിലേയ്ക്ക് മെടയുന്നു

അടർന്നുവീണ
ഒരോലയല്ല ഞാൻ
എന്റെ ഉടൽ ഓരോലമടലല്ല
എന്റെ ഉടൽ എന്റെയല്ല
തെച്ചിപ്പൂക്കളിലെ ചുവപ്പ് പോലെ
വിളിച്ചുപറയുന്നുണ്ട് ഞാൻ

വലിച്ചിഴയ്ക്കുന്നതിന്റെ ശബ്ദത്തിൽ
പങ്കെടുക്കുന്നുണ്ട് എന്റെ കാതുകൾ
വലിച്ചിഴയ്ക്കുന്നതിന്റെ പാടുകളിൽ
പൊങ്ങിക്കിടക്കും എന്റെ ഉടലും പൊക്കിൾക്കൊടിയും

പിടിച്ചുനിൽപ്പുകൾക്ക് ശേഷം
ഇഴയ്ക്കുന്നതിൽ
പിടിച്ചുകിടപ്പുകളിൽ മുറുകെ
പിടിയ്ക്കുന്നുണ്ട് എന്റെ വിരൽ

കാണാം വീടുകളിൽ
മുലപ്പാൽ കൊണ്ട് മടഞ്ഞ
മുലകൾക്ക് താഴെ
മേൽക്കൂര ഒരരക്കെട്ട്
അവയിൽ കവിതനുണയും കുഞ്ഞുങ്ങൾ
അവ മുട്ടിലിഴയുന്നു

അരികിൽ
കഴിഞ്ഞകാലത്തെ
തള്ളവിരൽപ്പൂക്കളങ്ങൾ

ഇനിയും ഇലയടർത്തിയിട്ടില്ലാത്ത
നെല്ലിമരം
അതിന്റെ കരണം മറിയും
ഇല
എന്റെ മസ്തിഷ്ക്കത്തിലെ
ചുരുളുന്നകോശം തുറന്ന്
അതിൽ മറവിയുണ്ടോ
ഇലകളിൽ പുരട്ടാൻ മഞ്ഞയുണ്ടോ
എന്ന് പരിശോധിച്ച്
തിരിച്ചുവെയ്ക്കുന്നു.

നിലാവിന്റെ ഒതുക്കുകല്ല്

പുറത്ത്
ഗൃഹാതുരത്വത്തിലേയ്ക്ക്
പോയിട്ട് വന്ന ഒരു പൂവാവുകയാണ്
ഓണം
അത് അതിന്റെ മണം
വെള്ളമൊഴിച്ച്
മഞ്ഞയിൽ ഉരച്ചുകഴുകുന്നു.

കവർ ഡിസൈൻ : വിത്സൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like