പൂമുഖം LITERATUREകഥ ആത്മഹത്യ

ആത്മഹത്യ


അതിരാവിലെതന്നെ ജോലികളൊക്കെ ഒതുക്കി നടക്കാനിറങ്ങിയതാണ്. ചിന്തകളും ഭാവനകളും നിറഞ്ഞ പുലർകാലങ്ങൾ വിരിയുന്നതങ്ങനെയാണ്. കുശുമ്പും കുന്നായ്മയും അസൂയയും എന്നുവേണ്ട എല്ലാത്തരം ചിന്തകളും മനസ്സിലൂടെ കേറിയിറങ്ങിപ്പോകും.കഴിഞ്ഞ പ്രാവശ്യം കാണുമ്പോൾ നീതു ധരിച്ചിരുന്ന വെള്ളയും ചുവപ്പും കല്ലുകൾ വെച്ച നെക്‌ലേസ്…

അതൊന്നൊന്നര ചിന്തയായി കടന്നു കൂടിയിട്ട് കുറേയായി. ങാ നമ്മുടെ മാവും കായ്ക്കുമായിരിക്കും.ഒരു പുച്ഛഭാവം വന്നത്ആകാശത്തേക്ക് പറത്തി വിട്ടു.

ഏയ് ,ഇതെന്താ? ഇനിയിപ്പോ കളിക്കുകയാണോ?ഒന്നും പറയാൻ പറ്റില്ല ടെക്നോളജി അത്രയേറെ മുന്നോട്ടു പോയിക്കഴിഞ്ഞു മുട്ടി നിൽക്കാൻ മുന്നിൽ സ്ഥലമുണ്ടാകുന്നത് വരെ അത്രയേറെ മുന്നോട്ടു വികസിച്ചു കൊണ്ടിരിക്കും.
പറത്തി വിട്ട പുച്ഛം ചെന്ന് തട്ടിയത് മറുവശത്തു നിന്ന പനയിലായിരുന്നു .അല്ല ഇതെന്താണീ കാക്ക ഊഞ്ഞാലാടുകയാണല്ലോ, അതും പനയോലയിൽ….ഓലത്തുമ്പത്തിരുന്നൂയലാടാൻ അറബി നാട്ടിൽ അത്രയ്ക്കും തെങ്ങുകളില്ലല്ലോ. ഓ,പനയെങ്കിൽ പന.

താഴെനിന്ന് ഇത്രയും ഗോഷ്ടി കാണിച്ചിട്ടും കണ്ടില്ലേ? ഓലകൾ നിറഞ്ഞു നിൽക്കുന്നതിനാൽ കാഴ്ചക്ക് ചെറിയ തടസ്സമുണ്ട്. കുറച്ചു കൂടി മാറി നിന്ന് നോക്കാൻ ശ്രമിക്കുമ്പോഴാണ് എന്നെയും ശ്രദ്ധിക്കാൻ ആരൊക്കെയോ ഉണ്ട് എന്ന് ബോധ്യമായത്.അല്ലെങ്കിലും നമ്മള് പിന്നെ മറ്റുള്ളവരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നവരാണല്ലോ.
എന്നാലും വിടാൻ പറ്റില്ലല്ലോ.ഏഴിലംപാല പൂത്തു എന്ന് മൂളിക്കൊണ്ടു മറുവശത്തു പോയി നിന്ന് നോക്കിയ ഞാൻ അന്തംവിട്ടുപോയി.
ദൈവമേ,ആത്മഹത്യ! (അതോ കൊലപാതകമോ?) എന്തായാലും തൂങ്ങി നിൽക്കുകയാണ്.കാറ്റ് വീശിയത് കൊണ്ടാണ് ആടുന്നത്
ഒരു തമാശ കണ്ട ഞാൻ എത്ര പെട്ടെന്നാണ് മരണത്തിന്റെ തണുത്ത മുഖം അഭിമുഖീകരിക്കുന്നത്?
സാധാരണ സാഹചര്യത്തിൽ ഒരു കാക്ക ചത്തുപോയാൽ അവയുടെ കൂട്ടത്തിലുള്ള എല്ലാ പേരും ഒത്തു കൂടി നാലുപാടും അറിയിക്കുന്ന ഒരു ചടങ്ങൊക്കെ ഉള്ളതാണല്ലോ.അതൊരുപക്ഷേ മലയാളി കാക്കകൾക്കു മാത്രമായിരിക്കും. ഈ ഗൾഫിലെ കാക്കകളൊക്കെ ടിക്കറ്റ് എടുക്കാതെ കപ്പലിൽ കയറി വരുന്നവരാണെന്നാണല്ലോ വയ്പ്.

ങാ അതെന്തോ ആവട്ടെ.എന്തായാലും കാക്ക മരിച്ചു കഴിഞ്ഞു.അഥവാ ആത്മഹത്യ ചെയ്തു.അവർക്കു ചാനലുകളും സോഷ്യൽ മീഡിയയുമൊക്കെ ഉണ്ടാവുമോ എന്നറിയില്ല. എന്നാലിപ്പോൾ ഒപ്പം നിൽക്കുന്ന ഫോട്ടോയും പോസ്റ്റി ആദരാഞ്ജലി നിറഞ്ഞു കവിയുന്നുണ്ടാവും.ചാനലുകളിൽ തീപ്പൊരി അഭിപ്രായ പ്രകടനങ്ങൾക്കിടയിൽ ആത്മഹത്യ ചെയ്ത കാക്ക ഭസ്മമായിപ്പോയേനെ!

സീരിയൽ കില്ലിംഗ് ആണല്ലോ ട്രെൻഡ്.ആ വഴിക്കു ഓരോ ചർച്ചകൾ ഉണ്ടാവേണ്ടതാണ്.മരിച്ചവനെ വീണ്ടും വീണ്ടും കൊല്ലുകയും അവനിൽ ചാർത്താൻ കഴിയുന്ന എല്ലാ വിധ ഭൂഷണങ്ങളും ഉൾക്കൊള്ളിക്കുകയും . ഇനിയും ചിലപ്പോൾ വാ വിട്ടതൊക്കെ ഉന്നം പിഴച്ചാൽ ഒരു മാപ്പിൽ കാര്യം തീർക്കാനും മതി .

എന്നാലും എന്തിനാവും ആത്മഹത്യ?ചിന്തകൾ പല ദിക്കിലേക്ക് യാത്ര തുടങ്ങി.

പ്രവാസിയായ കാക്ക ആത്മഹത്യ ചെയ്തതിൽ പ്രവാസിയായ ഞാനും മനസ്സാ അനുശോചനം അറിയിച്ചു. ആത്മഹത്യ ചെയ്യുന്ന പ്രവാസി പുത്തരിയൊന്നുമല്ല.പക്ഷെ കാരണങ്ങൾ അന്വേഷിക്കാൻ ആരുമില്ലാതെ ഊഹാപോഹങ്ങളിൽ തട്ടി, ഒടുവിൽ മറവിയിലേക്കു കൂപ്പുകുത്തുകയാണ് പതിവ്. കടക്കെണിയാണ് പ്രധാനമായ ഒരു വിഷയം .ഇവിടെ എന്തായാലും കാക്ക കടം വാങ്ങിയാലും ജയിലിൽ ആവുകയോ തൂക്കിക്കൊല്ലുകയോ (?) ഇല്ലില്ല.അങ്ങനെ ഉണ്ടാവാൻ വഴിയില്ല.

വേനലറുതിയൊക്കെ അനുഭവിച്ച ശേഷം ഇങ്ങനൊരു ശ്രമം. അതും ആരുംഇതുവരെ അറിഞ്ഞില്ല എന്നതാണത്ഭുതം.എന്തിനു, കഴിഞ്ഞ മാസം കാറിടിച്ചു മരിച്ച ഷെരീഫ്. ആരറിഞ്ഞു അവൻ മരിച്ചെന്നു? മാറിയും മറിഞ്ഞും ഫോണിലേക്കു വന്ന കാളുകൾ .ഫോണെടുക്കാതെ വന്നപ്പോൾ മെസ്സേജിലേക്കു വന്ന തെറികൾ ഒക്കെ അവന്റെ മരവിച്ച ദേഹത്തിനു അറിയാനായില്ലല്ലോ.പിന്നെയും ദിവസങ്ങൾ കഴിഞ്ഞു മോർച്ചറിയിൽ. നിയമവും നിയമമില്ലായ്മയും പ്രവാസിക്ക് പുത്തരിയല്ല

ഒന്നുറക്കെ വിമർശിക്കാൻ പോലുമാവില്ലല്ലോ.സ്വന്തം കഞ്ഞിയിൽ പാറ്റയിടാൻ ആരാ ശ്രമിക്കുക?അതുപോലെ ഏതെങ്കിലും അപകടത്തിലായിരിക്കുമോ ഇതും സംഭവിച്ചിരിക്കുക? കാരണക്കാരായവരും ഇരയും എല്ലാം നഷ്ടപ്പെട്ടവരാകുന്നു.

ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി. കാക്ക എങ്ങിനെയാണ് ഈ ഓലയിൽ തൂങ്ങിയാടുന്നത്?കത്തെഴുതി വെച്ചുള്ള ആത്മഹത്യകൾ ധാരാളമാണിവിടെ.ആരെഴുതി എന്നത് പിന്നത്തെ കാര്യം.നാട്ടിൽ പോയി തിരികെ വന്ന രണ്ടാം നാൾ ജോൺ എന്തിനാവും റൂമിലെ ഫാനിൽ തന്റെ ജീവിതം അവസാനിപ്പിച്ചത്?അവന്റെ മൂന്നാമത്തെ കുഞ്ഞിന്റെ ചോറൂണിനായിട്ടാണ് അവൻ നാട്ടിൽ പോയത്.എന്നിട്ടും …

പിടിതരാത്ത മനസ്സ് .ഏതോ ഒരു നിമിഷത്തിന്റെ വന്യമായ വിളികളാവണം എല്ലാം ഉപേക്ഷിക്കുവാനോ അതോ എല്ലാത്തിൽ നിന്നും രക്ഷ നേടാനോ ശ്രമിക്കുന്നത് .അല്ലെങ്കിൽ സാമൂഹ്യപ്രവർത്തകനും സഹൃദയനുമായ ജയദേവൻസാർ എന്തിനാവും സ്വന്തം കാറിൽ കടലിലേക്ക് ഡ്രൈവ് ചെയ്തത്?

അല്ല , ഇനി ഇപ്പോൾ ഈ കാക്ക ഒരു കാമുകിയാണോ? പ്രേമ നൈരാശ്യമാകുമോ?പ്രവാസ ലോകത്തു ആത്മഹത്യ ചെയ്യുന്ന സ്ത്രീകൾ പൊതുവെ കുറവാണെന്ന് തോന്നുന്നു. കൂടുതലും കുടുംബത്തോടൊപ്പം ആവും പ്രവാസത്തിലേക്കു വരുന്നത്.

കാമുകിപ്പട്ടം അണിഞ്ഞ കാക്ക എന്തായാലും ഭർത്താവിനേയും ബന്ധക്കാരേയുമൊക്കെ തരാതരം പോലെ കെണിയുണ്ടാക്കി ദൈവത്തിങ്കൽ അർപ്പിച്ച മോളിയെക്കുറിച്ചും ചാനലുകളിലെ അന്വേഷണാത്മകമായ ചർച്ചകളെക്കുറിച്ചും അറിഞ്ഞിരിക്കാൻ വഴിയില്ല.എങ്കിൽ ഒരുപക്ഷേ പുതിയ ഒരു മാനം കണ്ടെത്തി ആത്മഹത്യയിൽ നിന്നും രക്ഷ നേടിയേനെ .

ഇനിയിപ്പോൾ കുടുംബപ്രശ്‌നങ്ങൾ?അത്തരം പ്രശ്നങ്ങൾ കുറവൊന്നുമല്ല.ദിവസവും അന്നന്നത്തെ ഭക്ഷണം മാത്രം മതിയെന്നു ശഠിക്കുന്ന ഭർത്താവിന് രണ്ടുമൂന്നു ദിവസം മുന്നേ വച്ച കറികളൊക്കെ ഭംഗിയായി ചൂടാക്കിക്കൊടുക്കുന്ന ചേച്ചി. ചേച്ചിയും ജോലിക്കു പോകുന്നുണ്ട്.അടുക്കള എന്ന ഭൂപ്രദേശം ആ വീടിനുണ്ടെന്നു പുള്ളിക്കാരന് അറിയില്ലാന്നു മാത്രമല്ല എവിടെയെങ്കിലും വിരുന്നു പോയാൽ ,ഡീ ,അവിടത്തെ സൂസ്സീടെ ഉപ്പേരി തേങ്ങയൊക്കെയിട്ട് ഇളക്കി …അത് പോലെ വേണം ഉപ്പേരി ഉണ്ടാക്കാൻ .എന്നൊക്കെ ഒരു പരിധിയും ഇല്ലാതെ തട്ടിവിടുമ്പോൾ മൂന്നു നാലു ദിവസമായതൊക്കെ ചേച്ചി ചിരിച്ചുകൊണ്ട് വിളമ്പും.(തലേ ദിവസത്തേത് കൊടുക്കില്ല.ചിലപ്പോൾ ഇടി കിട്ടിയാലോ!)ഇതൊക്കെ എന്ത് എന്നാണ് ചേച്ചിയുടെ ചിന്ത.

സമൂഹത്തിൽ ഉന്നതങ്ങളിലും സ്വന്തം വീടിനകത്തു ഒരു വിലയുമില്ലാതെയും എന്നു തോന്നുന്ന ചിലരുണ്ട് .അവർ ഒരു പരിധിവരെ സ്നേഹത്തിനു കൊതിക്കുന്നവരാണ്. വീട്ടിലെല്ലാരും പോയിക്കഴിഞ്ഞു സോഷ്യൽ മീഡിയയിൽ ജീവിക്കുന്നതും സങ്കടങ്ങൾ പറയാനും കേൾക്കാനും അഭ്യുദയ കാംക്ഷികളായ സൗഹൃദങ്ങൾ എത്തുന്നതും ഇന്ന് സാധാരണയായി.ഋതു പറയാറുള്ളത് പോലെ ‘ഹരി എന്നെ ഒന്നിനും നോ പറയില്ല .പുള്ളിയുടെ ഇഷ്ടങ്ങൾക്കു ഞാനും .എനിക്കെന്റെ ഫ്രണ്ട്‌സ് .എന്ജോയ്മെന്റ്സ് ,പുള്ളിക്ക് പുള്ളിയുടെ ‘ മാങ്ങയുടെ പുളി അറിയുന്നപോലെയാണ് ചില കുടുംബങ്ങൾ.

ചില സ്വപ്നജീവികളുണ്ട്.സ്നേഹത്തിൽ വീണുപോകും. പിന്നെ വിളിയായി,കാണലായി ,പുകിലായി,കയറായി ഫാനായി അങ്ങനെയങ്ങു പോകും. അത് പോലെ ഒന്നാകുമോ ഇവിടെ സംഭവിച്ചത്? കുറച്ചു മാസങ്ങളായി ഒരു കുടുംബം ഇവിടെ ആലിൽ താമസിക്കുന്നുണ്ട്. അവരുടേത് പ്രണയമായിരുന്നിരിക്കണം. എവിടെന്നോ പറന്നുവന്ന ഒരു ജോഡി.ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ്‌ മനസ്സിലാകുന്നത് അവർ ആലിൽ കൂടു കൂട്ടുകയാണ്. ആരെങ്കിലും അതിനടുത്തു ചെന്നാൽ രണ്ടു പേരും ബഹളമുണ്ടാക്കി ചുറ്റും പറക്കും. മുട്ടയിട്ടു ഇപ്പോൾ കുഞ്ഞുങ്ങളും ആയിക്കാണണം. വേറെ ചില കാക്കകളൊക്കെ ഇപ്പോൾ കുറച്ചു നാളായി ഇവിടേയ്ക്ക് വിസിറ്റ് ഉണ്ട് താനും. അതെ, സംശയം!അതിൽ ഒരാളാണോ പനയോലയിൽ?

ആവോ, എന്തായാലും പ്രദേശത്തു ഇപ്പോൾ വേറാരും ഇല്ല.കരുതിക്കൂട്ടിയുള്ള ഒരു കൊലപാതകത്തിന്റെ സാദ്ധ്യതകൾ തള്ളിക്കളയാനും ആവില്ല.കാരണം ഓലയിലെ മരണക്കാഴ്ച അങ്ങനെയാണ്. ഒലക്കാലിനിടയിൽ തല കുരുങ്ങി(ക്കി)യ നിലയിൽ! ഒരുപക്ഷെ കാമുകീ കാമുകന്മാരുടെ ഉന്മാദവേളയിൽ തല കുരുങ്ങി മരണം സംഭവിച്ചതുമാകാം.ആരുടെയും ശ്രദ്ധയിൽപ്പെടാതെ അപരൻ മുങ്ങിയിട്ടുണ്ടാകാം. സാധ്യതകളുടെ അപാരപ്പട്ടികയിൽ നിരത്താൻ ഇനിയും ധാരാളം സദർഭങ്ങൾ ഉണ്ടെന്നിരിക്കെ,കത്തെഴുതി കോലാഹലമുണ്ടാക്കി രക്തസാക്ഷിയാവാനും മതി. രാജ്യവും രാജാവും അതിനിടയിലെ പ്രജകളും.

പാവംകാക്ക. ഇന്ന് രാത്രി വീശിയടിക്കുന്ന മരുക്കാറ്റിൽ നിലതെറ്റി താഴെ വീണേക്കാം.പറന്നെത്തുന്ന മണൽക്കൂനകൾ ശവമഞ്ചം ഒരുക്കിയേക്കാം.

അകാലത്തിൽ പൊലിഞ്ഞ കാക്കേ, നിനക്കെന്റെ ആദരാഞ്ജലി.

ചിത്രം : മധുസൂദനൻ അപ്പുറത്ത്

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like