അന്ന്..
ഓല മേഞ്ഞ വീട്..
ഓലമെടഞ്ഞ ചെറ്റഭിത്തി..
ഓടിട്ടതാണേൽ
ഒരു വീടിനൊരു മുറി,
അല്ലേൽ രണ്ട്..
രണ്ടിനും നടുക്കൊരു
ഇടനാഴി.

ഓലച്ചെറ്റയിൽ കൊരുത്തിട്ട,
അല്ലേൽ
ഇടനാഴിഭിത്തിയുടെ
തേക്കാത്ത കട്ടയിടുക്കിൽ
ആണിമേൽ തൂങ്ങിയാടുന്ന
കണ്ണാടി.
മുഖം നോക്കുന്ന കണ്ണാടി.

മുൻവാതിൽ കടന്നു
വരുന്ന എല്ലാർക്കും
കണ്ണാടി കാണാം,
മുഖം നോക്കാം,
വന്നവരാരെന്ന്
കണ്ണാടിക്കും കാണാം.

ഗൗളിക്കും അരണക്കും
ചിലന്തിക്കും തേളിനും
വേട്ടാവളിയനുംവരെ
മുഖം നോക്കാനൊരേയൊരു
കണ്ണാടി.

വന്നോരും പോന്നോരും
നിന്നോരും
കണ്ണാടിയെ നോക്കി
ചിരിക്കും,
മുഖം മിനുക്കും,
ചിലപ്പോ
കണ്ണ് നിറഞ്ഞു നില്കും,
കുസൃതി നിറഞ്ഞ
സ്വകാര്യം പറയും,
ആരോടോ ഉള്ള
പരിഭവം പറയും,
പരാതി പറയും,
സങ്കടോം പറയും,
അഭിനയിച്ചും കാണിക്കും.

കണ്ണാടി എല്ലാം കാണും,
കേൾക്കും,
ചിരിച്ചോരോട്
ചിരിച്ചു കാണിക്കും,
സ്വകാര്യം പറഞ്ഞോരോട്
തിരിച്ചും പറയും,
പരാതി പറയും,
പരിഭവം പറയും
സങ്കടോം പറയും,
അഭിനയിച്ചും കാണിക്കും.

മുന്നിലുള്ളോരുടെ
മുഖത്തുള്ളതും
അകത്തുള്ളതും
കണ്ണാടിക്ക് സ്വന്തം,
എല്ലാമറിയുന്ന
കണ്ണാടി വീടിന്റെ
മനക്കണ്ണാടിയാകും.

ഒരാൾ പറഞ്ഞ
പരിഭവം,
ഒരാളുടെ സങ്കടം,
ഒരാളുടെ കണ്ണ് നിറഞ്ഞത്,
കണ്ണാടി മറ്റുള്ളോരോടും
പറയും..
എല്ലാരുമെല്ലാമറിയും,
പിന്നെയാർക്കും
സ്വന്തം പരിഭവമില്ല,
പരാതിയില്ല, സങ്കടമില്ല,
എല്ലാമെല്ലാവർക്കും സ്വന്തം.

എല്ലാരും നോക്കി നോക്കി,
എല്ലാരേം നോക്കി നോക്കി
കണ്ണാടി മഞ്ഞിക്കും,
കണ്ണാടിക്കുമൊടുവിൽ
കണ്ണ് കാണാണ്ടാവും .

ഒരു വീടിനൊരു കണ്ണാടി,
കണ്ണാടി തൂങ്ങിക്കിടക്കുന്ന
ആണിക്ക് മേൽ
ഒരു ചീർപ്പ്.
ഒരു കണ്ണാടിക്കോരേയൊരു
ചീർപ്പ്.
എല്ലാവർക്കും മുഖം
കാണാനൊരു കണ്ണാടി.
എല്ലാവർക്കും മുടി
ചീകാനൊരു ചീർപ്പ്.

ഒറ്റ ചീർപ്പിൽ
മൂത്തോരും ചീകും
മൂക്കാത്തോരും ചീകും.
ചീർപ്പിലാകെ മുടിയാകും,
എണ്ണ പുരണ്ടതും
പുരളാത്തതും,
വെളുത്തതും
കറുത്തതും.

കറുപ്പ് വെളുപ്പിനെ
കളിയാക്കും,
അതുകണ്ട് ലോകം
അമ്പരക്കും,
കറുപ്പ് വെളുപ്പിനെ
കളിയാക്കുകയോ!!!
കറുപ്പിന്റെ കുസൃതിയിൽ
വെളുപ്പ് ചിരിക്കും,
കറുപ്പാകുവാൻ കൊതിക്കും.

പരസ്പരം കുരുങ്ങി,
കറുപ്പിന്റുടലും
വെളുപ്പിന്റുടലും ഒന്നാകും.
അമ്മൂമ്മേം
കൊച്ചുമോളും
ഒന്നിച്ചൊരു പായയിൽ
ഉറങ്ങും പോലെ.

കണ്ണാടിയെ ചേർന്നു
രണ്ടാണിക്കു മേൽ
ഒരു തടിപ്പലക,
അതിന്മേലൊരു
കുട്ടിക്കൂറ പൌഡർ,
അല്ലേലൊരു പോണ്ട്സ്,
പിന്നൊരു കരിമഷി ഡബ്ബ,
ഒരു ശിൻഗാർപൊട്ടിന്റെ കുപ്പി.

എല്ലാർക്കും എല്ലാം
ഒന്നേയൊന്ന്.
എല്ലാ വിരൽത്തുമ്പും
സ്പർശിക്കുന്ന,
എല്ലാ കഷ്ടപ്പാടുകളും
എല്ലാ വിയർപ്പും
ഒന്നിക്കുന്ന,
ഒരുമയുടെ ഡബ്ബ,
ഒരുമയുടെ കുപ്പി.

എല്ലാരും ഒന്നേയൊന്ന്
വരുന്നോരും പോന്നോരും
ഒന്ന്.
മനുഷ്യർക്കും
പ്രാണികൾക്കും ഒന്ന്.
എല്ലാർക്കും എല്ലാം
ഒന്നേയൊന്ന്.

ഇന്ന്,
ഒരു വീടിനു നാല് മുറി.
ഓരോ മുറിയിലും
ഓരോ കണ്ണാടി.
വരുന്നോർക്ക് വേറെ,
ആൾ വലിപ്പമുള്ളത്.
അടിമുതൽ മുടി വരെ
കാണാനുള്ളത്,
സ്വന്തം കാര്യം മാത്രം
കാണുന്നത്,
മറ്റാരെയും കാണാനാകാത്തത്,
പരസ്പരം
ആരുമൊന്നുമറിയാറില്ല

പറഞ്ഞു കൊടുക്കാൻ
എല്ലാമറിയുന്ന,
എല്ലാവരെയുമറിയുന്ന
ഒരു കണ്ണാടിയുമില്ല.

വീട്ടിലോരോരുത്തർക്കും
ഓരോ ചീർപ്പ്.
കറുപ്പിനൊന്ന്,
വെളുപ്പിനൊന്ന്,
കറുപ്പിപ്പോഴും
വെളുപ്പിനെ കളിയാക്കും,
ഒന്നിച്ചു കുരുങ്ങിക്കിടന്നല്ല,
ഒരു പായയിൽ ഉറങ്ങിയിട്ടുമല്ല.
കറുപ്പ് കളിയാക്കുമ്പോൾ
വെളുപ്പിന്റെ കണ്ണ് നിറയും.

എല്ലാരുമൊന്നിച്ചു
പങ്കിട്ടെടുക്കുന്ന
ഒന്നുമില്ലിവിടെ.
ഡബ്ബയുമില്ല, കുപ്പിയുമില്ല,
വിരൽത്തുമ്പുകൾ
ഒന്നാകുന്നില്ല,
വിയർപ്പും കൂടിച്ചേരാറില്ല,
ആരുടെ കഷ്ടപ്പാടും
ആരും അറിയാറില്ല,
ആർക്കും അറിയുകേം വേണ്ട.
എല്ലാർക്കുമെല്ലാം
വെവ്വേറെയാണ്..
എനിക്ക് വേറെ..
നിനക്ക് വേറെ..

കവർ : സുധീർ Ma

+ posts

പന്തളം നഗരസഭയിലെ കുരമ്പാല ആണ് സ്വദേശം. ദുബായിൽ ഒരു ഓട്ടോമൊബൈൽ ട്രൈഡിങ് കമ്പനിയുടെ ലോജിസ്റ്റിക് വിഭാഗത്തിൽ ജോലി.
"ചില്ലക്ഷരങ്ങൾ "എന്ന പേരിൽ ഒരു കവിതസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.