ഒരിക്കൽ ഒരിടത്ത് ഏഴ് കിണറുകൾ ഉണ്ടായിരുന്നു. കുന്നിന്റെ മണ്ടയിലായിരുന്നിട്ടുകൂടി നല്ല തെളിനീർ ധാരാളമായി ഈ കിണറുകളിൽ ഉണ്ടായിരുന്നു. ഏതോ നട്ടുച്ചക്ക് ഉച്ചക്കിറുക്കു മൂത്ത ജിന്നുകൾ കുത്തിയവയായിരുന്നു ഈ കിണറുകൾ.
കുന്നുകളിലേക്കെന്നവണ്ണം കണ്ണുകൾ പായിച്ച് അവൾ കഥ പറയാൻ തുടങ്ങി ജിന്നുകൾ കുത്തിയ കിണറുകളുടെ കഥ. നിരപ്പായിക്കിടന്നിരുന്ന പുൽമേടുകൾക്കിടയിൽ ഇടക്കു പൊന്തിവന്ന പാറമേലായിരുന്നു ഈ കിണറുകൾ കുത്തിയിരുന്നത് പുൽമേടുകൾക്ക് ചുറ്റുമായി നിറയെ ഞാവൽമരങ്ങൾ തിങ്ങി നിന്നിരുന്നു. ഞാവൽമരത്തിന്റെ മണ്ടയിൽ കയറി നോക്കിയാൽ അങ്ങകലെ കടലും അതിനുമക്കരെ പൊന്നിന്റെ മണൽക്കുന്നുകളുള്ള പേർഷ്യയും കാണാമെന്നാണ് അബു പറഞ്ഞിരിക്കുന്നത്
അബു അങ്ങനെയാണ്. അവന് ഞാവൽ മരങ്ങളിൽ ഒരു കുരങ്ങനെപ്പോലെ ഊഞ്ഞാലാടാനറിയാം. അവന്റെ വിവരണങ്ങളിലൂടെ അവൾ പൊന്നിന്റെ കുന്നുള്ള പേർഷ്യയും അറബിക്കകടലിന്റെ അങ്ങേ അറ്റത്തുള്ള ഇഫ്രീത്തിിന്റെ കോട്ടയും കണ്ടു. ആകാശത്തിൽ കായ്ച്ചു നിന്ന കറുത്തു നീലിച്ച ഞാവൽപ്പഴങ്ങളുടെ മധുരിക്കുന്ന ചവർപ്പറിഞ്ഞു. ആ കുന്നിൻ മുകളിലുള്ള എല്ലാ ഞാവൽമരങ്ങളും അവൻ കീഴടക്കിയിരിക്കുന്നു. അവന് അതിന്റെ മുകളിൽ കയറിയാൽ ദുനിയാവിന്റെ അറ്റം വരെ കാണാൻ കഴിയും. പക്ഷേ അവൾക്കിതൊന്നും അബുവിന്റെ വിവരണങ്ങളിലൂടെയല്ലാതെ കാണാൻ കഴിഞ്ഞില്ല.
അബുവിന് നാല് വയസ്സുള്ളളപ്പോഴാണ് അബുവിന്റെ ബാപ്പ ഏഴാമത്തെ കിണറിൽ മൂന്നാം പക്കം പൊങ്ങിയത്. കിണറിലിറങ്ങാൻ പോയ ജിന്നുകളുുടെ പിന്നാലെ അബുവിന്റെ ഉമ്മയെയും തിരഞ്ഞ് ഒരു പാതിരാത്രി പാഞ്ഞു പോയതാണയാൾ.
അബുവിനെ പെറ്റ നാൽപതാം നാളാണ് അബുവിന്റെ ഉമ്മ ജിന്നുകൾ പേർഷ്യയിൽ നിന്നും പൊന്നുമായി വരുന്നത് കണ്ടത്. അന്നു മുതൽ അവർ അയാൾക്കും മക്കൾക്കും വിഭവസമൃദ്ധമായ ഭക്ഷണം ജിന്നുകൾക്കൊപ്പം വിളമ്പി ക്കൊടുക്കാൻ തുടങ്ങി. പക്ഷേ തങ്ങൾക്ക് മുമ്പിൽ നിരത്തി വെച്ച ഞെളുക്കു പാത്രത്തിൽ അയാൾക്കും ആറു വയസ്സുകാരിയായ അവൾക്കും ഒന്നും കാണാൻ കഴിഞ്ഞില്ല. കുഞ്ഞിന് പാലു ചുരത്താൻ അവളുടെ മുലകൾ വിസമ്മതിച്ചു. ജിന്നുകൾക്കൊപ്പം വയറുനിറയെ ഭക്ഷണം കഴിക്കുന്ന അബുവിന് പാൽ കൊടുക്കില്ലെന്ന വാശിയിലായിരുന്നു അവൾ. പലവട്ടം അയാൾ പറഞ്ഞിട്ടും അബുവിന്റെ ഉമ്മ കൂട്ടാക്കിയില്ല. പട്ടിണി കിടന്ന് വാവിട്ട് കരയുന്ന കുഞ്ഞിനെ കണ്ടപ്പോൾ അയാളുടെ നിയന്ത്രണം തെറ്റി. അവളുടെ കവിളിൽ ചുകപ്പ് പടർന്നു…. അന്നു രാത്രി അവൾ ജിന്നുകൾക്കൊപ്പം ഏഴാം കിണറിലേക്ക് യാത്രയായി.

കുന്നിന്റെ കിഴക്കേ തലയിൽ ഉരുണ്ടുകൂടി നിന്ന പാറയുടെ മണ്ടയിൽ നിന്നാൽ തേരട്ട പോലെ അരിച്ചുനീങ്ങുന്ന തീവണ്ടികൾ കാണാം. ആ വണ്ടികളൊക്കെ ദുനിയാവിന്റെ അറ്റങ്ങളിലേക്ക് ആളുകളെയും കയറ്റി പോകുകയാണ്. കറുത്ത പുക മാത്രം ഇടക്കൊക്കെ കുന്നിന്റെ മുകളിലുള്ള മേഘങ്ങളെയും ലക്ഷ്യമാക്കി കുതിച്ചു.
ഞാവൽമരങ്ങൾക്കും മുകളിൽ ഉരുണ്ടു കൂടിയ മേഘങളെ പിടിക്കാനായിരുന്നു അബു അവളുടെ വാക്കും കേൾക്കാതെ കുതിച്ചു കയറിയത്. മേഘങ്ങളും വിട്ടു കൊടുത്തില്ല. അവ കുന്നിനു ചുറ്റും കറുത്ത കോട്ട കെട്ടാൻ തുടങ്ങി. അബുവും വിട്ടില്ല. അവൻ കോട്ടയുടെ മുകളിലൂടെ ദുനിയാവിന്റെ മറ്റേ അറ്റം കാണാനായി കുതിച്ചു കയറിക്കൊണ്ടിരുന്നു. പരക്കം പാഞ്ഞ മേഘങ്ങൾക്കിടയിലൂടെ ചിതറിത്തെറിച്ച സ്വർണ്ണമാലകൾ അബുവിന്റെ ശരീരമാകെ ചുറ്റി. അവൻ ഞാവൽ പഴം പോലെ നീലിച്ചു കറുത്തു. മേഘങ്ങൾക്കിടയിലൂടെ ദുനിയാവിന്റെ മറ്റേ അറ്റത്തിലേക്ക് ഊർന്നിറങ്ങി.
അന്നാദ്യമായി ജിന്നുകൾ കുത്തിയ കിണറുകളിലെ തെളിനീർ ചുവന്നു. അവളുടെ കണ്ണുകളിലൂടെ അവ ഊർന്നിറങ്ങി.
കവർ: ജ്യോതിസ് പരവൂർ