പൂമുഖം LITERATUREകഥ ഒപ്പാരിപ്പാട്ട്

ഒപ്പാരിപ്പാട്ട്

”എട്ടടീ വീടിരുക്ക്…
ഇരുക്ക് മെത്തെയ് ഇങ്കെരുക്ക്…
ഇന്തടഞ്ചൈ സുടുകാട്…
നീങ്ക ഇരുക്ക മണം തേടിട്ടിങ്കെ…
പത്തടി വീടിരുക്കെ…
പടുക്ക മെത്തെയ് ഇങ്കിറുക്കെ…
പാടടച്ച സുടുകാട്…
പടുക്ക മണം തേടിട്ടിങ്കെ…”

തൻ്റെ ആക്രിക്കടയിലെ ജീവനക്കാരായ തമിഴന്മാർ താമസിക്കുന്നിടത്തുനിന്ന് പതിവിനു വിപരീതമായി ഈണത്തിൽ അലമുറയിട്ട് പതംപറഞ്ഞുള്ള പാട്ട് കേട്ടതുകൊണ്ടാണ് ഗിരി അങ്ങോട്ട് തിരിച്ചത്.

അച്ഛൻ രംഗസ്വാമിയോടൊപ്പം കഴിയുന്ന തേൻമൊഴി, പിണങ്ങിക്കഴിയുന്ന ഭർത്താവിന്റെ മരണവാർത്ത ഏറെ വൈകിയാണെങ്കിലും അറിയാൻ കഴിഞ്ഞതിനെത്തുടർന്ന് കെട്ടുതാലി അറുത്തുമാറ്റുവാനും കാല്‍ വിരലുകളിലെ മോതിരം ഊരുവാനും വേണ്ടി അപദാനങ്ങൾ വാഴ്ത്തിപ്പാടുന്നതാണെന്ന് അറിഞ്ഞപ്പോൾ ഗിരിയുടെ ഉള്ളിന്റെയുള്ളിലും ചില കണക്ക് കൂട്ടലുകൾ നടത്തിയിരുന്നതിനാലാവാം ഗൂഢമായ ഒരു മന്ദഹാസം ചുണ്ടിൽ വിരിഞ്ഞു.

ഒപ്പാരിപ്പാട്ടിലെ സങ്കടപെയ്ത്തിനിടയിലും അന്തിച്ചുവപ്പിലേറെ ചന്തം വെച്ചിരിക്കുന്നു തേൻമൊഴിക്കെന്നും ഇനി തൻ്റെ ആഗ്രഹം കേൾക്കുമ്പോൾ “കുടിയനും തെമ്മാടിയുമാണെങ്കിലും കണവനെൻ്റെ കടവുൾ മാതിരി” എന്ന പതിവ് പല്ലവി കേൾക്കേണ്ടി വരില്ലല്ലോ എന്നുമുള്ള ആത്മഗതം പന്തലിച്ചു നിൽക്കുന്ന മരത്തിലെ ചില്ലകൾതേടി പക്ഷികൾ ചേക്കേറാൻ കലപിലകൂട്ടുന്ന ബഹളത്തിനിടയിലേക്ക് ഒപ്പാരിപാട്ടിനൊപ്പം ലയിച്ചു ചേർന്നു.

ഗിരി അങ്ങനെയാണ് തഞ്ചത്തിൽ പാത്തും പതുങ്ങിയും -കാത്തിരിക്കേണ്ടവയെ കാത്തിരുന്നും- ആഗ്രഹിച്ച കാര്യങ്ങൾ സാധിച്ചെടുക്കും, അതിരുകളെ വേർതിരിക്കുന്ന വേലിക്കോ മതിലിനോ അപ്പുറമിപ്പുറം നിഷ്പ്രയാസം പ്രവേശിക്കാൻ പ്രത്യേകം നൈപുണ്യമുള്ളതുകൊണ്ടാണത്രെ ഗിരിയുടെ പേരിനൊപ്പം കീരിയെന്ന വിശേഷണം നാട്ടുകാർ കൂട്ടിച്ചേർത്തിട്ടുള്ളത്. അത് മാത്രമല്ല, പ്രതിയോഗിയെ തോൽപ്പിക്കാൻ നീട്ടിവളർത്തിയ നഖങ്ങൾകൊണ്ട് മാന്തുന്ന സ്വഭാവം കൂടിയുണ്ടെന്ന് അടുത്തറിയാവുന്നവർ പറയുന്നുമുണ്ട്. അങ്ങനെയാവാം ഗിരി പിന്നീട് കീരിയെന്നോ കീരിഗിരിയെന്നോ അറിയപ്പെടാൻ തുടങ്ങിയത്. അതെന്തായാലും അന്നുമിന്നും നാട്ടുകാർ, തന്നെ കീരിയെന്നാണോ ഗിരിയെന്നാണോ വിളിക്കുന്നത് എന്ന് തിരിച്ചറിയാൻ നന്നേ പാടുപ്പെടുന്നുണ്ട് എന്ന കാര്യം ഉറപ്പ്.

വർഷങ്ങൾക്കുമുൻപ് വീടുവിട്ടിറങ്ങിപ്പോയി തമിഴ്നാട്ടിലേതോ പടക്കകമ്പനിയിലായിരുന്നു ജോലിയെങ്കിലും ആക്രികച്ചവടക്കാരനായ അച്ഛൻ വേലു ആശാൻ്റെ മരണ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഈയടുത്തകാലത്ത് നാട്ടിൽ സ്ഥിരമാക്കി അച്ഛൻ്റെ കച്ചവടം ഏറ്റെടുത്ത് നടത്തുകയാണ് ഗിരി. ആക്രിക്കച്ചവടത്തിൻ്റെ അപാരമായ സാധ്യതകളും അമിതലാഭവും ബോധ്യപ്പെട്ടത് മുതൽ തൻ്റെ അച്ഛന് പട്ടയമായി പതിച്ചുകിട്ടിയ പത്ത് സെൻ്റിനോട് ചേർന്ന് കാടുപിടിച്ചുകിടന്നിരുന്ന സ്ഥലം വിലയ്ക്ക് വാങ്ങി ഹോളോബ്രിക്സ്കൊണ്ട് കെട്ടി ഷീറ്റിട്ട് കമ്പിവേലി വളച്ച് കെട്ടി കൂടുതൽ സൗകര്യമൊരുക്കി കച്ചവടത്തെ ഒന്നുകൂടി മെച്ചപ്പെടുത്താൻ ഗിരിമറന്നില്ല, “അന്നത്തിന് വകതരുന്ന എടപാടിനെ കാര്യമായി ഗൗനിക്കാതെ ജീവിതത്തിലൊരു പുണ്ണാക്കും ഉണ്ടാക്കാൻ കഴിയില്ല” എന്ന തന്റെ അച്ഛൻ വേലു ആശാൻ്റെ ഉപദേശത്തെ ചെവിക്കൊണ്ടതിനാലാവാം അങ്ങനെ ഒരു മാറ്റം.
തൻ്റെകച്ചവടത്തിന് എല്ലാസ്ഥലത്തും പതിവുള്ളതുപൊലെ കീരിഗിരിക്കും ആക്രിസാധനങ്ങൾ നാടുനീളെ തേടിത്തിരഞ്ഞ് ശേഖരിച്ചെത്തിക്കാൻ അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യമായ സഹായം തേടിയിരുന്നതിനിടയിലേക്കാണ് ആരോ തൻ്റെ മേൽവിലാസമെഴുതിക്കൊടുത്ത കടലാസ് തുണ്ടുമായി, ഇത്പോലൊരു പകൽ മറയുന്ന നേരത്ത് യാത്രാക്ഷീണം മറച്ചുവെച്ച് രംഗസ്വാമിയും മകൾ തേൻമൊഴിയും ജീവിതത്തിലേക്കുള്ള ഉപ്പ് തേടി കടന്നുവരുന്നത്. അന്ന് നോട്ടമിട്ടതാണെങ്കിലും അവളുടെ കണവനോടുള്ള ഭക്ത്യാദരവ് എന്നും തടസ്സമായി നിന്നു. ഇന്നിപ്പോൾ ഒപ്പാരിപ്പാട്ടിൻ്റെ അകമ്പടിയിൽ അഴിച്ചു മാറ്റിയത് ആ കണവന്റെ ഒഴിയാബാധ കൂടിയാണെന്ന് തിരിച്ച് വീട്ടിലേക്കുള്ള നടത്തത്തിൽ ഓർത്തപ്പോൾ അതുവരെയുണ്ടായിരുന്ന മന്ദഹാസം ചിരിയിലേക്ക് വഴിമാറുകയും അത് അൽപ്പം ഉച്ചത്തിലായിപ്പോയോ എന്ന സന്ദേഹം ഉടലെടുക്കുകയും ചെയ്തു.

“എന്താ ഗിര്യേ! പതിവില്ലാത്തൊരു ചിര്യും കളിയും? വല്ല കോളുമൊത്തോ?” എന്ന് പകൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സ്ഥലത്തെ സർക്കിൾ മൈക്കിൾസാറിൻ്റെ ചോദ്യത്തിൽനിന്നും ചിരി ഉച്ചത്തിൽ തന്നെയായിരുന്നെന്ന് ബോധ്യപ്പെട്ടു.

“ഏയ് ഒന്നൂല്ല സാറെ, വെറുതെ ഒരോന്നോർത്ത്…!” എന്ന് ജാള്യതയോടെ മൊഴിഞ്ഞ് നെഞ്ചോട് കയറ്റിയ മടക്കിക്കുത്തഴിച്ചിട്ട് വഴിയോരത്തേക്ക് ബഹുമാനത്തോടെ ഒതുങ്ങി നിന്നു.
”താൻ ഇന്നലെ സ്റ്റേഷൻ്റെ പിന്നിലെ ഹോസ്‌പിറ്റൽ കോമ്പൗണ്ടിൽ കറങ്ങിത്തിരിയുന്നത് കണ്ടല്ലോ? എന്ത് പറ്റി?”
വലതുകാലിലെ കെട്ടുകാണിച്ച് “തുരുമ്പെടുത്ത സാധനങ്ങളുമായി ഇടപഴകുന്നതല്ലേ? കുതിരമുഖത്തായതോണ്ട് ഒണങ്ങാനും പാട്, അതോണ്ടൊന്ന്, കാണിക്കാൻ പോയതാ!” എന്ന് വളരെ താഴ്മയോടെ പറഞ്ഞു.
“താൻ ഇതിനുമുന്നെ തമിഴ്നാട്ടിൽ തൂത്തുക്കുടീലായിരുന്നോ?”
“അല്ല! ശിവകാശിയില്!” എന്ന മറുപടിയിൽ സംശയത്തിന്റെ പോലീസ്കണ്ണുകൾ ഗിരിയെ നന്നായൊന്ന് ഉഴിഞ്ഞു.
മറ്റുള്ളവരുടെ മുന്നിലെപ്പോഴും ഗിരി ‘’ആരെടാ?” എന്ന ചോദ്യത്തിന് ‘’ഞാനാടാ!” എന്ന ഭാവത്തിലുള്ള നടപ്പാണെങ്കിലും പോലീസിനെ കാണുമ്പോൾ മനഃപൂർവ്വമൊന്നു ഒതുങ്ങുമെന്ന കരക്കമ്പി നാട്ടിലുണ്ടുതാനും.
“ഒതുങ്ങേണ്ടിടത്ത് ഒതുങ്ങിയില്ലെങ്കിൽ ഒതുക്കാൻ തക്കം പാർത്ത് നടക്കുന്നോരാണ് അവരെപ്പോഴും! അതോണ്ട് ലേശം ഒതുങ്ങുന്നതാണ് ബുദ്ധി” എന്ന് ഗിരി മറുപടി കൊടുക്കുന്നതും പതിവാണ്.

അന്ന് ഉറങ്ങാൻ കിടന്നപ്പോൾ ഗിരിയുടെ തീരുമാനങ്ങൾക്ക് ശക്തി കൂടിയിരുന്നു. ഇത് വരെയുള്ള ജീവിതത്തിൽ നിന്നൊരു മാറ്റം അനിവാര്യമാണ്. രംഗസ്വാമിയോട് ഇനി കാര്യം പറയണം. അടുക്കും ചിട്ടയുമില്ലാതെ അലങ്കോലമായി കിടന്നിരുന്ന മുറിയിലെ സീറോബൾബിൻ്റെ അരണ്ട വെളിച്ചത്തിൽ ഗിരിയുടെ ചിന്തകളെ കൂട്ടുപിടിച്ച ബീഡിപ്പുകകൾ ലക്ഷ്യം കാണാനാവാതെ അലഞ്ഞു. ഉത്തരത്തിൽ ഇരപിടിക്കാനൊരുങ്ങിരുന്ന ഒരു പല്ലി പിടിവിട്ട് നിലംപതിച്ച് വാലുമുറിച്ചിട്ട് ഓടിമറഞ്ഞെങ്കിലും ജീവൻ്റെ അവശേഷിപ്പിൽ വാൽക്കഷ്ണം ഗിരിയുടെ മനസ്സ് പോലെ തറയിൽ കിടന്നുപിടഞ്ഞു.

ദുഃഖാചരണത്തിൻ്റെ ഭാഗമായിട്ടായിരിക്കണം രണ്ട് ദിവസം അച്ഛനെയും മകളെയും ജോലിക്കൊന്നും കാണാൻ കഴിയാത്തതിലുള്ള സങ്കടം, ചുമരിൽ ചില്ലിട്ടുതൂക്കിയ അച്ഛൻ വേലുആശാനോട് “ഇത്രേം കാലായിട്ട് വല്ല സഹായോം ചോയ്ച്ചിട്ട് എടങ്ങേറുണ്ടാക്കീട്ടുണ്ടോ? വല്ല്യെ, വല്ല്യെ ആൾക്കാരോടൊപ്പമല്ലെ ജീവിതം! ഒന്ന് ശെര്യാക്കി തന്നുടെ!” എന്ന് ചോദിക്കാൻ ഗിരി മറന്നില്ല. വേലുആശാൻ ഒരു രാഷ്ട്രീയപാർട്ടിയിലും വിശ്വസിച്ചിരുന്നില്ലെങ്കിലും ആക്രിക്കടയുടെ ചുമരിൽ ഗാന്ധിജിയുടേയും നെഹ്റുവിൻ്റെയും അംബേദ്കറിൻ്റെയും ഫ്രെയിം ചെയ്ത ചിത്രങ്ങൾ വേലുആശാനോടൊപ്പം ഇടംപിടിച്ചിരുന്നു. ഉപേക്ഷിക്കപ്പെട്ടവയുടെ കൂട്ടത്തിൽ കിട്ടിയ അവയെ അന്ന് ബഹുമാനാർത്ഥം “പോയത്തക്കാർ ഭരിക്കുന്നകാലത്ത് ഇവരെയൊക്കെ വലിച്ചെറിഞ്ഞാലും പിറന്നമണ്ണിൽ കൂറുള്ളോൻക്ക്, ഇവര് ഇടനെഞ്ചില് കുടിയേറി പാർത്തോരാണ്” എന്നും പറഞ്ഞ് ചുമരിൽ തൂക്കപ്പെട്ടവരാണ് ആ വലിയ കൂട്ടുകാർ. ഉത്തരം കിട്ടാത്ത സഹായ അഭ്യർത്ഥന കുടിച്ചു വറ്റിച്ച വാറ്റിനൊപ്പം പുളിച്ചു തികട്ടി ഛർദ്ദിച്ച് പുളിമണം പരത്തി കിടന്നു.

മൂന്നാം നാൾ രംഗസ്വാമിയോട് തേൻമൊഴിയെ തന്റെ ഇണയാക്കിത്തരാൻ ഗിരി കേണപേക്ഷിച്ചെങ്കിലും “പടുകുഴിയിൽ വീണ മകൾ രണ്ട് ദിവസം മുന്നെ കരക്ക് കേറിയതേ ഉള്ളു… വീണ്ടും അത്തരമൊരു കുഴിയിലേക്ക് തള്ളിയിടാനെനിക്ക് വയ്യ!” എന്ന് തീർത്തു പറഞ്ഞുകൊണ്ട് തൊഴുതു നിന്നതേയുള്ളു രംഗസ്വാമി.

ഏറെ നാളായ് ഹൃദയത്തിൽ കൊരുത്തുകൂട്ടിയ സ്വപ്നങ്ങളെ ഒരു എതിർപ്പിൽ കുഴിച്ചുമൂടാൻ തയ്യാറാവാത്തത് കൊണ്ട്, ചോദ്യം തേൻമൊഴിയുടെ നേർക്കും തൊടുത്തെങ്കിലും പരിഭ്രമത്തോടെ അവൾ രംഗസ്വാമിയുടെ ചാരത്തേക്ക് ചേർന്നു നിന്നു. അറുത്തുമാറ്റാനാവാത്ത ആശയെ നേടിയെടുത്തേ താൻ അടങ്ങുവെന്ന് തീരുമാനിച്ചുറച്ചതിനാലാവാം വാക്കുകൾ വക്കാണത്തിലേക്ക് വഴിമാറിയതും ആളുകൾ തടിച്ചുകൂടിയതും. വാക്കുതർക്കങ്ങൾക്കിടയിൽ “ഇവളെൻ്റേതാണ്“ എന്നു പറഞ്ഞ് തേൻമൊഴിയെ തന്നോട് ചേർത്ത് നിറുത്തിയത് തടയാൻവന്ന രംഗസ്വാമിയുടെ കവിളിൽ നീട്ടിവളർത്തിയ നഖം കൊണ്ട് ഗിരി മാന്തിയതും ചേരിതിരിഞ്ഞുളള ചർച്ചാ വിഷയമായി. ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി കീരിയെന്ന വിളിയെ അന്വർഥമാക്കുന്ന തരത്തിൽ തല വെട്ടിച്ചും തിരിഞ്ഞു നോക്കിയും മുന്നോട്ടുള്ള കുതിപ്പിന് വേഗത കൂട്ടി എങ്ങോട്ടെന്നില്ലാതെ ഭ്രാന്തനെപ്പോലെ പാഞ്ഞുപോയ ഗിരിയെ ആരും തടയാനോ എതിർക്കാനോ നിന്നില്ല.

വര : റാഫി കല്ലൂർ

“ഓൻക്ക് കെട്ടിച്ച് കൊടുത്തോണ്ട് കൊഴപ്പമൊന്നുമില്ല” എന്ന ഒരു കൂട്ടരുടെ ശുപാർശയെ “നല്ല ചേലായി, ഓൻക്കിതന്നെ ഒരു പണ്യാ, പാതിരാക്ക് പലേടത്തും ഓൻ്റെ ഇടപാടുകൾ നടക്കുന്നുണ്ട്” എന്ന വാദം കൊണ്ട് മുറിച്ചു. കൂട്ടത്തിൽ തമിഴ് അറിയാവുന്ന ഒരാൾ രംഗസ്വാമിയെ അടുത്ത് വിളിച്ച് മോളെയും കൂട്ടി വേറെ എവിടെയെങ്കിലും വല്ല വേല നോക്കിക്കോളാനും കൂടെ സ്റ്റേഷനിൽ പോയി ഒരു പരാതികൊടുക്കാനും നിർദ്ദേശിച്ചത് ഏവരും ശരിവെച്ചു.

നിർബന്ധങ്ങൾക്ക്‌ വഴങ്ങി തനിയെ സ്റ്റേഷനിൽ പരാതിപ്പെടാൻ പോയ രംഗസ്വാമി സർക്കിൾ മൈക്കിൾസാറിനെ അന്വേഷിച്ചെങ്കിലും “എന്തോ കേസന്വേഷണത്തിൻ്റെ ഭാഗമായി പുറത്ത് പോയിരിക്ക്യാണ്, എന്ത് വേണം?” എന്ന ധാർഷ്ട്യത്തിലുള്ള ചോദ്യത്തിന് മുന്നിൽ പകച്ചു.

ഭയപ്പാടോടെയുള്ള “കീരി മാന്തി” എന്ന ഉത്തരം കേട്ട് സ്റ്റേഷനിൽ ചിരി പടർന്നത് നോക്കിനിൽക്കാനെ രംഗസ്വാമിക്ക് കഴിഞ്ഞുള്ളു.

പുറക് വശത്തെ താലൂക്കാശുപത്രിയിലേക്ക് ചൂണ്ടി “ഇന്തമാതിരി കേസൊക്കെ വെളിയില് റൈറ്റ് സൈഡിലെ, ഗെയ്റ്റില് പോയി അങ്കെ സൊന്നാ പോതും…” എന്ന കോൺസ്റ്റബിളിൻ്റെ വാക്കുകളെ അനുസരിച്ച് പടിയിറങ്ങിപോകുന്ന രംഗസ്വാമിയെ നോക്കി സ്റ്റേഷനിൽ വീണ്ടും ചിരി പടർന്നിരുന്നു.

“കടവുളേ, നീ താൻ കാവലെന്ന്“ പ്രാർത്ഥിച്ച് വേണ്ടസമയത്ത് വേണ്ടപോലെ സംസാരിക്കാനും പെരുമാറാനുമറിയാത്ത തൻ്റെ നാവിനെ പഴിച്ച് രംഗസ്വാമി താമസസ്ഥലത്തേക്ക് തന്നെ മടങ്ങിയെത്തിയപ്പോൾ “നീങ്ക ഭയങ്കരമാന ആളപ്പാ!” എന്നു പറഞ്ഞ് പലരും സന്തോഷത്തോടെ ഓടിവന്ന് എതിരേറ്റു. തൻ്റെ പരാതിയുടെ പുറത്ത് ഗിരിയെ തേടി പോലീസ് എത്തിയിരുന്നു എന്നുകൂടി കേട്ടപ്പോൾ എന്ത് പറയണമെന്നറിയാതെ തേൻമൊഴിയെ ചേർത്ത് നിറുത്തി മൂർദ്ധാവിൽ ചുംബിച്ച് ”എല്ലാമൈ കടവുൾ താൻ’’ എന്നു മന്ത്രിച്ചു. നേരം സന്ധ്യയോട് അടുക്കുമ്പോൾ ചേക്കേറാനുള്ള പക്ഷികളുടെ പതിവ് കലപില തുടങ്ങിയിരുന്നു.

അധികം താമസിയാതെ മുകളിലെ മിന്നിമറയുന്ന വെളിച്ചത്തോടൊപ്പം സൈറണും മുഴക്കി ആക്രികടയിലേക്ക് പാഞ്ഞുപോകുന്ന പോലീസ് ജീപ്പിനെ ശ്രദ്ധിച്ച് നിൽക്കുമ്പോൾ ഉഗ്രസ്ഫോടനത്തോടെ ആക്രിക്കട അഗ്നിക്കിരയാകുന്നത് എല്ലാവരിലും ഭയമുളവാക്കി. കാര്യമറിയാൻ തടിച്ച് കൂടിയ ജനങ്ങൾക്കിടയിലേക്ക് പോലീസുകാർ വിലങ്ങണിയിച്ച് വലിച്ചിഴച്ച് കൊണ്ടുവന്നിട്ട ഗിരി മുഖം താഴ്ത്തി നിലത്തിരുന്നു. മൈക്കിൾസാറിനും മേലുദ്യോഗസ്ഥർക്കുമൊപ്പം തമിഴ്നാട് പോലീസിനെയും കണ്ടപ്പോൾ ജനങ്ങൾക്ക് സന്ദേഹമിരട്ടിച്ചു.

“നാടിനും വീടിന്നും ഉപകാരമില്ലാതെ നന്നേ ചെറുപ്പത്തില് നാടുവിട്ട് പോയോനാ സാറെ!”
“ഓനെ കണ്ടപ്പളേ, ഇക്ക് തോന്ന്യേർന്ന്… ഓനാള് ശര്യല്ലാന്ന്…”
“ഓൻ്റെ കാലിലെ കെട്ട്കണ്ടാ! കഴിഞ്ഞാഴ്ച തെക്കേലെ മാലതീടെ വീട്ടീന്ന് പാതിരാക്ക് കീരി പായ്ണ പോലെ പായ്ണത് കണ്ടപ്പോൾ ഇറയത്ത് തിരുകിവെച്ച അരിവാള് എടുത്ത് കാല് നോക്കി ഒരേറ് കൊടുത്തു… പിഴക്കാത്ത ഉന്നത്തിൻ്റെ നിലവിളി വിഴുങ്ങി കൊണ്ടുള്ള ഓട്ടമായിരുന്നു കാണാൻ ചേല്”
“ന്നാലും ത്പ്പൊ എന്തിനായ്ക്കാരം?”

എന്നിങ്ങനെ ആൾക്കൂട്ടത്തിന്റെ കുശുകുശുപ്പിന് ശബ്ദം വെച്ച് തുടങ്ങിയിരുന്നു.
ആൾക്കൂട്ടത്തോടും അഭിപ്രായങ്ങളോടും കഴുത്ത് കൂർപ്പിച്ച് തലവെട്ടിച്ച് ഗിരിപ്രതികരിച്ചു.
അഗ്നിയ്ക്കിരയായി കൊണ്ടിരിക്കുന്ന ആക്രിക്കടയുടെ തീയണക്കാനുള്ള ശ്രമങ്ങൾ അപ്പോഴേക്കും തുടങ്ങിയിരുന്നു.

സംഭവമറിഞ്ഞെത്തിയ ചാനലുകാർ നീട്ടിയ മൈക്കിലേക്ക് “പ്രമാദമായ ശിവകാശി പടക്കകമ്പനി സ്ഫോടന കേസിലെ പ്രതിയാണ് കീരിയെന്ന് വിളിപ്പേരുള്ള ഈ ഗിരി, ഇദ്ദേഹത്തിന്റെ കമ്പനി മുതലാളിയെയും മകളായ കാമുകിയെയും ഗർഭിണിയായപ്പോൾ ഉപേക്ഷിക്കുന്നതിന് വേണ്ടി അവിടെയിട്ട് നിഷ്കരുണം കൊലപ്പെടുത്തി പടക്ക കമ്പനിക്ക് തീകൊടുത്ത് രക്ഷപ്പെട്ടു പോന്നതാണ്, മാസങ്ങളോളമായി ഇവരോടൊപ്പമുള്ള അന്വേഷണം ഗിരി ശിവകാശിയിലായിരുന്നു എന്ന് ഉറപ്പു വരുത്തിയതോടെ പൂർത്തീകരിച്ച് ഇന്ന് അറസ്റ്റ് ചെയ്യാൻ വന്നതോടെ ഇവിടെയും സമാന അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചു.” എന്ന മൈക്കിൾ സാറിൻ്റെ വിശദീകരണം കേട്ടു നിന്നവരിൽനിന്നും “കടവുളേ, നീങ്ക പെരിയോരയ്യാ.” എന്ന രംഗസ്വാമിയുടെ ശബ്ദം അന്തരീക്ഷത്തിൽ വേറിട്ട് മുഴച്ചു നിന്നു. ചാനലുകാരുടെ മറുചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ഗിരിയെ തൂക്കിയെടുത്ത് പോയ പോലീസ് ജീപ്പിനെ ചാനലുകാരും നാട്ടുകാരും അനുഗമിച്ചു.

ആക്രിക്കടയിലെ തീ പൂർണമായും അണയാതെ പുകഞ്ഞുനിന്നതിനാൽ രാത്രി ഏറെ വൈകിയും അഗ്നിശമന സേന സംഭവസ്ഥലത്തുതന്നെ തുടർന്നിരുന്നു.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like