പൂമുഖം LITERATUREകവിത വേദനയുടെ രസതന്ത്രം

വേദനയുടെ രസതന്ത്രം

പൊട്ടിയ
സ്ലെയ്റ്റിലെഴുതിയ
കണക്ക്
തെറ്റിയിട്ട്
ടീച്ചർ
ബെഞ്ചിൽ
നിർത്തിയ
സ്കൂൾ
അവിടെയുണ്ട്
പുതിയ രൂപത്തിലും
നല്ല
മാറ്റത്തിലും
എന്നിട്ടും
എന്തിനാണ്
അവിടെത്തന്നെ
നിൽക്കുന്നത്
ഓർമ്മകളുടെ
അടികൊള്ളാൻ

ഉത്സവത്തിരക്കിനിടയിൽ
ആഗ്രഹങ്ങളുടെ
കീശയിൽ
തപ്പി
നോക്കിയപ്പോൾ
കിട്ടാത്ത
അഞ്ചു
പൈസയും
തപ്പിയങ്ങനെ
അത്ഭുതങ്ങളുടെ
പുതിയ
ലോകത്ത്
ഓർമ്മകളുടെ
തുണ്ടും തപ്പി
പിന്നെയും
പഴയ
കൗതുകത്തോടെ
എന്തിനു നിൽക്കുന്നു ഓർമ്മകളുടെ
കണ്ണീർമഴ
നനയാനോ

പ്രണയിനിയെ
കാത്തുനിന്ന
വഴിയും
മഴയും
വെയിലും
മാറിയില്ലേ
അവൾ
പിരിഞ്ഞ
വഴിയും
ഋതുക്കളും
ഒരുപാട് മാറിയില്ലേ
പുതിയ
വഴികളിൽ
നീയും തനിച്ചല്ലേ
എന്നിട്ടും
എന്തിനാണ്
ആ വഴികൾ
മാത്രമിത്ര
മനോഹരമാകുന്നത്
കാലിൽ
പൊടിയുന്നത്
ഹൃദയത്തിന്റെ
രക്തമായിട്ടും

ജീവിതത്തിന്റെ ഓർമ്മകൾ സുന്ദരമാണെന്ന്
പറഞ്ഞ്
മനസ്സ് പറ്റിക്കുമ്പോൾ

ഞാൻ കുടിച്ച
ദുരിതങ്ങളുടെ
കയ്പ്പ്
മധുരമെന്നോതാൻ
നീ
പാടുപെടുകയാണെങ്കിലും

ദുഃഖങ്ങൾ
ജീവിതത്തിന്റെ
കൂട്ടിലിട്ട
മുട്ടകൾക്ക്
വെറുതെ
അടയിരിക്കുന്നു

തെറ്റിയ
കണക്കുകളുടെ
ബെഞ്ചിൽ വെറുതെ എഴുന്നേറ്റു
നിന്ന്
വലിയവൻ ആവുകയാണ്

എങ്കിലും,
ചേർത്തുനിർത്തിയ
സ്നേഹത്തിനപ്പുറം

ഓർമ്മകളുടെ
വെയിലിൽ
വിയർത്ത്
ദുരിതങ്ങളുടെ
ഒഴിഞ്ഞിടങ്ങളിലിരുന്ന്
മനസ്സിപ്പോഴും
പഴയ പ്രണയ
ലേഖനം
വായിക്കുന്നു.

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.