പൂമുഖം Travelയാത്ര അസം യാത്രകൾ (ഭാഗം മൂന്ന്)

അസം യാത്രകൾ (ഭാഗം മൂന്ന്)

ഇക്ര വീടുകള്‍

ഷില്ലോംഗിലേയ്ക്കുള്ള യാത്രയില്‍ അവിടവിടെ പഴയ മാതൃകയിലുള്ള ‘പതിഞ്ഞ’ വീടുകള്‍ ചൂണ്ടിക്കാണിച്ച്, വീടുകളുടെ അസം മാതൃകയാണവയെന്ന് ഡ്രൈവര്‍ വിജയ് പറഞ്ഞു. മിതഭാഷിയായിരുന്നതുകൊണ്ട് അതില്‍ കവിഞ്ഞ ഒരു വിശദീകരണമുണ്ടായില്ല. കോണ്‍ക്രീറ്റ് ഫ്ലാറ്റുകള്‍ക്കിടയ്ക്ക് ഓലയോ ലോഹത്തകിടോ മേഞ്ഞതോ ഓടിട്ടതോ ആയ ‘കെട്ടിക്കാഴ്ച’യില്ലാത്ത വീടുകള്‍ ഫോട്ടോ എടുക്കാന്‍ നിന്നുതരാതെ ഓടിമറഞ്ഞു. അവയുടെ പഞ്ചഭൂജരൂപത്തിലുള്ള പരിച്ഛേദം കുട്ടിക്കാലത്ത് വരച്ചുപഠിച്ച വീടുകളെ ഓര്‍മ്മിപ്പിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വീടുകള്‍ ആയിരിക്കും എന്നേ കരുതിയുള്ളൂ.

രണ്ട് ദിവസത്തിന് ശേഷം ദിസ്പ്പൂരില്‍ ശ്രീ മൂര്‍ത്തിയുടെ വീട്ടില്‍ തിരിച്ചെത്തി. ഒരു ദിവസം വിശ്രമിച്ചു. വീണ്ടും യാത്ര. ഇത്തവണ കാസിരംഗ നാഷണല്‍ പാര്‍ക്ക്, ആര്‍വാ ഗുഹ, ഏഴ് ശാഖകളുള്ള നോഹ്സ്ങ്തിയാങ് വെള്ളച്ചാട്ടം എന്നിവ കാണാന്‍. (സപ്തസഹോദരി സംസ്ഥാനങ്ങളില്‍ ഒന്നായ മേഘാലയയിലെ, സപ്തസഹോദരിമാര്‍ എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം !) യാത്രയുടെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ ഇടവിട്ടിടവിട്ട് നൂപുറും മോണ്‍ടുവും ആണ് ഡ്രൈവര്‍മാരായി വന്നത്. രണ്ടുപേരും സംസാരപ്രിയരായിരുന്നു. അവരാണ് ഗൃഹനിര്‍മ്മാണത്തിലെ അസം രീതി നിസ്സാരമല്ലെന്ന് മനസ്സിലാക്കിത്തന്നത്.

ആധുനിക ശൈലിയിലുള്ള വീടുകളുടെ മലവെള്ളപ്പാച്ചിലില്‍ അസം തനിമ അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന വേദനയോടെ മോണ്‍ടു തുടങ്ങിയപ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു:
സ്വന്തം നാടിനെ പറ്റി, കാലത്തെ പറ്റി, അവയിൽ വന്ന മാറ്റങ്ങളെ പറ്റി, സ്വകാര്യദു:ഖങ്ങളും നഷ്ടബോധങ്ങളുമായി ജീവിക്കുന്നവരാണ് എല്ലാവരും. നാം വിട്ടുപോന്ന നാടിനെ പോലെത്തന്നെ ഗൃഹാതുരത്വം ഉണര്‍ത്താറുണ്ട് പടിപടിയായി നമ്മെ ഉപേക്ഷിച്ചു പോകുന്ന നാടും. കഴിഞ്ഞ ലേഖനത്തില്‍ പരാമര്‍ശിച്ച മൌലിനോങ് (‘ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം’) ഗ്രാമത്തില്‍ വെച്ച് പരിചയപ്പെട്ട ഖാസി യുവതിക്ക് സ്ഥലത്തെ കുറിച്ച് അല്പം വ്യത്യസ്തമായ അഭിപ്രായമാണ് ഉണ്ടായിരുന്നത്. ഞങ്ങള്‍ സന്ദര്‍ശനം കഴിഞ്ഞ് പുറത്തേയ്ക്ക് നടന്നുകൊണ്ടിരിക്കെ അവര്‍, രണ്ട് യുവതികൾ, മുന്നില്‍ വന്നു നിന്നു. ചിരിച്ചു. പരിചയപ്പെട്ടു. അസാധാരണമായ പൊക്കവും എഴുന്നുനിന്ന കവിളെല്ലുകളും അല്പം ഇടുങ്ങിയ കണ്ണുകളും ഇരുനിറവും ഇടതുവശത്തേയ്ക്ക് നേരെടുത്ത് ഒതുക്കിയ മുടിയുമായി വന്ന രണ്ടുപേരും സുന്ദരികളായിരുന്നു. സംസാരിക്കാന്‍ മുന്‍കൈ എടുത്ത സ്ത്രീ യാത്ര പറയുന്നതിന് മുന്‍പ് ഞങ്ങളോടൊപ്പം ഒരു ഫോട്ടോവിന് ഇരുന്നുതരികയും ചെയ്തു.

“നിങ്ങള്‍ ഗ്രാമം കണ്ടുമടങ്ങുകയാണല്ലോ. അസാധാരണമായി നിങ്ങള്‍ എന്തൊക്കെയാണവിടെ കണ്ടത് ?”
ഞങ്ങള്‍ വിശദീകരിച്ചു:
“സന്ദര്‍ശകരുടെ വണ്ടികള്‍ക്ക് അകത്തേയ്ക്ക് പ്രവേശനമില്ല. അതുകൊണ്ട് കരിയും പുകയുമില്ലാത്ത അന്തരീക്ഷം. പുകവലിയും പ്ലാസ്റ്റിക് ഉപയോഗവും നിരോധിച്ചിരിക്കുന്നു. നാട്ടില്‍ സുലഭമായ ജൈവവിഘടന സ്വഭാവമുള്ള വസ്തുക്കള്‍ ദൈനംദിനജീവിതത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മാലിന്യശേഖരണത്തിന്, മുളച്ചീന്ത് മെടഞ്ഞ് ഉണ്ടാക്കിയിരിക്കുന്ന വൃത്തസ്ഥൂപാകൃതിയിലുള്ള തുറന്ന കൂടകള്‍ അവിടവിടെ മുളംകാലുകളില്‍ ഉയര്‍ത്തിനിര്‍ത്തിയിരിക്കുന്നു. ജൈവമാലിന്യം പൂര്‍ണമായും ജൈവവളം ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് ഗ്രാമത്തിലെ ഓരോ വ്യക്തിയുടെയും നിര്‍ബന്ധപങ്കാളിത്തത്തോടെയാണ്. മഴവെള്ളസംഭരണത്തിന്‍റെയും സൌരോര്‍ജ്ജത്തിന്‍റെയും കാര്യത്തിലും ഗ്രാമം ശ്രദ്ധ വെയ്ക്കുന്നു ചെറിയ പ്രദേശമാണെങ്കിലും മാതൃകാപരമായി തോന്നി.”
അകത്തേയ്ക്ക് പോകേണ്ടതില്ലെന്ന തീരുമാനത്തോടെ അവളും കൂട്ടുകാരിയും ഞങ്ങളോടൊപ്പം പുറത്തേയ്ക്ക് നടന്നു.
“ഞാനൊരു ഖാസി വംശജയാണ്. ജനിച്ചുവളര്‍ന്നത് ഇവിടെയാണ്. ചുറ്റുമുള്ള ഞങ്ങളുടെ ഗ്രാമങ്ങളത്രയും ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ എന്നുമുതലേ ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. നിങ്ങള്‍ കണ്ടത് ഞങ്ങളുടെ ഗോത്രത്തിന്‍റെ ജീവിതരീതിയാണ്. ഖാസി ഗ്രാമങ്ങളില്‍ സ്കൂളും പോസ്റ്റ് ഓഫീസും ബാങ്കും എല്ലാമുണ്ട്. ഞങ്ങളുടെ ജീവിതശൈലി പ്രദര്‍ശിപ്പിച്ച് കാശ് സമ്പാദിക്കുകയാണ് ഇവരെ പോലുള്ളവര്‍.”

പ്രാദേശികച്ചുവ തോന്നാത്ത നല്ല ഇംഗ്ലിഷിലാണ് യുവതി സംസാരിച്ചത്. ഉയര്‍ന്ന സാക്ഷരതാനിലവാരമുള്ള സംസ്ഥാനമാണ് മേഘാലയ. കണ്ടുവളര്‍ന്ന ഖാസി ഗ്രാമം മറ്റൊന്നായി മാറിയതിലുള്ള ഗൃഹാതുരത്വം ആണ് അവളെക്കൊണ്ട് അങ്ങനെ പറയിച്ചത് എന്ന് ഞാന്‍ കരുതുന്നു. അസം പാരമ്പര്യവീടുകള്‍ക്ക് ഒരു പരിധി വരെ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പണ്ട് സര്‍വസാധാരണമായിരുന്ന ഓലപ്പുരകളോട് സാദൃശ്യമുണ്ട്. ഉദാഹരണത്തിന് ഇവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മുഖ്യസാമഗ്രികള്‍ മണ്ണ്, കുമ്മായക്കൂട്ട്, ചാണകം, മരം, മുള, ഓല എന്നിവയാണ്. അവയെല്ലാം പ്രാദേശികമായി ലഭിക്കുന്നവയായതിനാല്‍ നിര്‍മ്മാണച്ചെലവ് തീർത്തും കുറവാണ്. ഓല (അഥവാ ഓട്) മേഞ്ഞിരിക്കുന്ന മേല്‍ക്കട്ടിയുടെ പ്രതലങ്ങള്‍ മഴവെള്ളം എളുപ്പം വാര്‍ന്നൊഴിയുന്നതിനായി ചെരിച്ചാണ് സംവിധാനം ചെയ്തിരിക്കുന്നത്. വലിയ ജനലുകളും വാതിലുകളും പ്രകാശവും വായുസഞ്ചാരവും ഉറപ്പാക്കുന്നു. മരപ്പലകകൾ ഉപയോഗിച്ചുള്ള നിലം ഈ വീടുകളിൽ പതിവാണ് – മൊസൈക്ക് ടൈലുകളും കോൺക്രീറ്റും ഉപയോഗിച്ചുള്ളവയും ഉണ്ടെങ്കിലും.

നമ്മുടെ നാട്ടിലെ പഴയകാലഓലപ്പുരകളില്‍ നിന്ന് ചില കാര്യങ്ങളില്‍ ഇവ വ്യത്യസ്തവുമാണ്. മഴക്കാലത്തെ രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ നിന്നും വെള്ളക്കെട്ടുകളില്‍ നിന്നും ക്ഷുദ്രപ്രാണികളടക്കം വന്യജീവികളിൽ നിന്നും രക്ഷ കിട്ടുന്നതിനായി, തൂണുകള്‍ക്ക് മേലെയാണ് പലപ്പോഴും ഇവ കെട്ടിപ്പൊക്കുന്നത്. കല്ലും ഇഷ്ടികയും സിമന്‍റും ഉപയോഗിച്ചാണ് തൂണുകള്‍ നിര്‍മ്മിക്കുക. അവയ്ക്ക് മീതെ ഉറപ്പിന് വേണ്ടി ചുമരുകളുടെ ഒരു മീറ്ററോളം വരുന്ന ആദ്യഭാഗം ഇഷ്ടികയും കല്ലും ഉപയോഗിച്ച് നിർമ്മിക്കുന്നു. മുളമ്പരമ്പുകള്‍ ചേര്‍ത്തുപിണച്ചുവെച്ച് അവയ്ക്ക് മുകളില്‍ കുമ്മായക്കൂട്ടും ചാണകവും കലര്‍ത്തി തേച്ചുപിടിപ്പിച്ചാണ് ചുമരുകള്‍ മുഴുമിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ ഇടവിട്ടുണ്ടായ തീവ്രതയേറിയ രണ്ട് ഭൂമികുലുക്കങ്ങളെ അതിജീവിച്ച ചരിത്രം ഈ ലളിതഭവനങ്ങള്‍ക്കുണ്ട്. ആധുനിക രീതിയില്‍ നിര്‍മ്മിക്കപ്പെട്ട വീടുകള്‍ക്ക് അങ്ങനെ അവകാശപ്പെടാനാവില്ല. പരിസ്ഥിതി സൌഹൃദം നിലനിര്‍ത്തിയും കാര്‍ബണ്‍ കാല്‍പ്പാട് പരമാവധി കുറച്ചുമാണ് ഇക്ര ഭവനങ്ങളുടെ നിര്‍മ്മാണം.

പ്രദേശത്തെ കാലാവസ്ഥയും ഭൂചലന സാദ്ധ്യതകളും കണക്കിലെടുത്ത് ശാസ്ത്രീയമായി ഇവ രൂപകല്‍പ്പന ചെയ്തത്, ഇംഗ്ലീഷുകാര്‍ തന്നെയായിരുന്നു എന്ന് വായിച്ചു. അവരുടെ അധിനിവേശത്തിന് മുന്‍പ് പണക്കാരായ നാട്ടുകാര്‍ കൂറ്റന്‍ മാളികകളിലും പാവപ്പെട്ടവര്‍ കുടിലുകളിലുമായിരുന്നുവത്രെ ജീവിച്ചിരുന്നത്. ഇന്ന് എന്തായാലും ഈ പുതിയ പാരമ്പര്യരീതികള്‍ ഇഷ്ടപ്പെടുന്നവരാണ് പൊതുജനം എന്നുവേണം അനുമാനിക്കാന്‍.

വെയില്‍ പെയ്ത് സോഹ്റ
പിറ്റേന്ന് ഫെബ്രുവരി 24 ആം തിയ്യതി രാവിലെ, ഏറ്റ നേരത്തില്‍ നിന്ന് ഒരു മണിക്കൂറോളം വൈകി ഞങ്ങള്‍ സോഹ്‌റയിലേയ്ക്ക് പുറപ്പെട്ടു. പഴം എന്ന അര്‍ത്ഥം വരുന്ന ‘സൊഹ്’ ഉം ചുമക്കുക എന്നര്‍ത്ഥം വരുന്ന ‘റാ(ഹ്)’യും ചേര്‍ന്നാണ് സോഹ്റ ഉണ്ടായതത്രെ. പത്തൊമ്പതാം ശതകത്തിന്‍റെ ആദ്യവര്‍ഷങ്ങളില്‍ ഇവിടെ സ്വന്തം താവളം ഉറപ്പിച്ച ഇംഗ്ലീഷുകാര്‍ സോഹ്റയെ ചെറയാക്കി. രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നെത്തിയ സഞ്ചാരികള്‍ ഗ്രാമങ്ങളുടെ കൂട്ടം എന്ന അര്‍ത്ഥത്തില്‍ അതിനോടൊരു പുഞ്ജി കൂടി ചേര്‍ത്ത് ചെറാപ്പുഞ്ജിയാക്കി. ഓറഞ്ചിന്‍റെ നാടാണ് ചെറാപ്പുഞ്ജി എന്നും കണ്ടു. ലോകത്തില്‍ ഏറ്റവും മഴ ലഭിക്കുന്ന സ്ഥലമായി താഴ്ന്ന ക്ലാസ് തൊട്ട് നമ്മളൊക്കെ മനസ്സിൽ ‘ചിറാപ്പുഞ്ചി’ കൊണ്ടുനടന്നപ്പോഴും ഖാസിഗോത്രക്കാരായ ദേശീയജനത സ്വന്തം നാടിനെ സോഹ്റയായി മാത്രം കണ്ടു. പതിനെട്ട് കൊല്ലം മുന്‍പ്, 2007 ല്‍ ഗോത്രജനതയുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തെ മാനിച്ച് മേഘാലയ സര്‍ക്കാര്‍ സ്ഥലത്തെ സോഹ്റയായി പുനര്‍നാമകരണം ചെയ്തു- നമ്മളിന്നും ചിറാപ്പുഞ്ചിയിലാണെങ്കിലും !

നാല്‍പ്പത് കൊല്ലം മുന്‍പ്, 1985 ല്‍, ഏറ്റവും മഴ ലഭിക്കുന്ന സ്ഥലം എന്ന പട്ടം മൌസിന്‍റാമിന് കിട്ടി. സോഹ്റയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം ദൂരെ അല്പം താഴെയായി കിടക്കുന്ന ഈ കൊച്ചുപട്ടണവും മേഘാലയയില്‍ തന്നെ ഉള്ളതാണ്. സോഹ്റയില്‍ മഴയുടെ വാര്‍ഷികഅളവ് കുറഞ്ഞുവരുന്നതായും മൌസിന്‍റാമില്‍ അത് അല്‍പ്പാല്‍പ്പമായി കൂടിവരുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

പന്ത്രണ്ട് മാസവും മഴ ലഭിക്കുന്ന സോഹ്റയും മൗസിന്‍റാമും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളുമാണ് എന്നത് പുതിയ അറിവായിരുന്നു. മഴയുടെ അളവില്‍ വന്ന കുറവും ജലസംഭരണമാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള പൊതുജനത്തിന്‍റെ അറിവില്ലായ്മയും ജനസംഖ്യാവര്‍ദ്ധനവും കാരണമായി പറയുന്നുണ്ട്. ഉപരിതലമണ്ണിലെ ചുണ്ണാമ്പുകല്ലിന്‍റെ സാന്നിദ്ധ്യവും ഒരു കാരണമാവാം. സോഹ്റയിലേയ്ക്കുള്ള യാത്ര തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ക്ക് മുന്നില്‍ അങ്ങോട്ടും എതിര്‍ വശത്തെ സമാന്തരപാതയില്‍ ഇങ്ങോട്ടും വാഹനങ്ങളുടെ നെടുങ്കന്‍ നിരകള്‍ നിശ്ചല ചിത്രമായി മുന്നില്‍ നിവര്‍ന്നു.

അടഞ്ഞ കാർജനാലകൾപ്പുറം പൊങ്ങിപ്പടര്‍ന്ന പൊടിപടലത്തിലൂടെ, ഷില്ലോംഗിലെ മലമ്പാതകളിലെ നീങ്ങാത്ത ട്രാഫിക് കുരുക്കുകളിലൂടെ, കുന്നുകൾ ചുരണ്ടിയെടുത്ത് മണ്ണുമാന്തികൾ കുത്തനെ വരച്ചെടുത്ത ചുവന്ന (?) വരക്കുറികൾ നിശ്ശബ്ദം നിലവിളിക്കുന്ന ‘ഇര’ക്കാടുകളിലൂടെ ബീഹാറിയായ ഡ്രൈവർ വിജയ് ക്ഷമയോടെ ചക്രം തിരിച്ചു. തിരകള്‍ക്ക് മേലെ നീങ്ങുന്ന തോണിയില്‍ എന്ന പോലെ ഞങ്ങള്‍ കാറിനകത്ത് ചാഞ്ഞും ചെരിഞ്ഞും കുലുങ്ങിയും എടുത്തെറിയപ്പെട്ടും ഇരുന്നു. ശരീരത്തിലെ സന്ധിബന്ധങ്ങളെ വെല്ലുവിളിച്ച അനുഭവം. ഒപ്പം മനസ്സിനെ വേദനിപ്പിച്ചതും. അമ്പതിലധികം കിലോമീറ്റർ ദൂരം നീണ്ട ആ യാത്രയിൽ റോഡ് നിര്‍മ്മാണത്തിന്‍റെ ഭാഗമായി മല ഇടിച്ചും തുരന്നും പ്രവര്‍ത്തനനിരതമായി എണ്ണമറ്റ ജെ സി ബികള്‍ കണ്ടു. എതിര്‍ക്കാനാവാതെ കിടന്ന പ്രകൃതിയിലേയ്ക്ക് കൂര്‍ത്ത പല്ലുകളും തുറന്ന വായുമായി കഥകളിയരങ്ങിലെ രൌദ്രഭീമനെ പോലെ ജെ സി ബി കള്‍ താണു. ഡ്രൈവര്‍ ഒഴികെ നാലുപേരും മുതിര്‍ന്ന പൌരന്മാരാണ്. നേരത്തേ പുറപ്പെടാനായിരുന്നെങ്കില്‍ തിരക്ക് കൂടുന്നതിന് മുന്‍‌പേ നമുക്ക് ബഹുദൂരം പിന്നിടാന്‍ കഴിയുമായിരുന്നേനേ എന്ന് കുറ്റപ്പെടുത്തുന്ന മട്ടിലല്ലെങ്കിലും വിജയ് പറഞ്ഞു. അപ്പോഴും വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാനേ ആവുമായിരുന്നുള്ളൂ. കുറെ ദൂരം റോഡ് ഒരു സങ്കല്‍പ്പം മാത്രമായിരുന്നു. ദിസ്പ്പൂരിൽ നിന്ന് ഷില്ലോംഗിലേയ്ക്ക് വന്ന ദേശീയപാതയും നിർമ്മാണകാലത്ത് ഈ മലമ്പ്രദേശത്ത് ഇതേ അവസ്ഥയിൽ ആയിരുന്നിരിക്കണം – ഞങ്ങൾ യാത്ര ചെയ്തുകൊണ്ടിരുന്ന വഴിയും നാളെ തീര്‍ച്ചയായും അതിന്റെ നിലവാരത്തിലേയ്ക്കെത്തും എന്ന് പ്രതീക്ഷിക്കാം.

ഭൂകമ്പങ്ങളുടെയും മണ്ണിടിച്ചിലുകളുടെയും കൂടി നാടാണ് ഉത്തരപൂര്‍വേന്ത്യന്‍ സംസ്ഥാനങ്ങള്‍. എത്തിക്കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷം ഭൂചലനത്തിന്‍റെ ഒരു കുഞ്ഞനുഭവം ഞങ്ങള്‍ക്കും ലഭിച്ചു. രാത്രി മൂന്ന് മണിക്ക് ദിസ്പ്പൂരിലെ മൂര്‍ത്തിയുടെ വീട്ടില്‍ അപരിചിതമായ ഒരു ഇളക്കം അനുഭവപ്പെട്ട് ഞാനുണര്‍ന്നു. താഴത്തെ നിലയില്‍ നിന്നോ അയല്‍പക്കത്തെ വീടുകളില്‍ നിന്നോ ഒക്കെയായി ആള്‍ക്കാര്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടു. മുറിയിലെ വസ്തുക്കള്‍ ചലിച്ചതായി സ്വപ്നം കണ്ടതായിരിക്കും എന്ന ധാരണയില്‍ ഞാന്‍ വീണ്ടും ഉറക്കത്തിലേയ്ക്ക് വഴുതി. രാവിലെ പത്രത്തില്‍ ഭൂചലനത്തിന്‍റെ ഗ്രാഫ് കണ്ടപ്പോഴാണ് അത് സ്വപ്നമായിരുന്നില്ല എന്നറിഞ്ഞത്. ഇത്തരം ‘ചെറിയ ചെറിയ ഭൂകമ്പങ്ങള്‍’ പതിവാണെന്നായിരുന്നു വീട്ടുകാരുടെ മറുപടി. ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ബംഗ്ലാദേശില്‍ ആയിരുന്നു എന്നണോര്‍മ്മ.

മലമ്പാതയിലെ മുടിപ്പിന്‍ വളവുകളില്‍, അരുണാചല്‍പ്രദേശില്‍ വിശേഷിച്ചും, പലയിടത്തും തെന്നി താഴോട്ടിറങ്ങിയതെന്ന് വ്യക്തമാവുന്ന ചുണ്ണാമ്പ് പാറകളുടെ ഷീറ്റുകളും ഉരുളന്‍ കല്ലുകളും പൊട്ടും പൊടിയും കാണാം. മഴക്കാലത്ത് മണ്ണിടിച്ചിലുകള്‍ പതിവാണെന്ന് വിജയ് പറഞ്ഞു. പ്രകൃതിദുരന്തങ്ങളിൽ പെട്ട് വഴിയില്‍ കുടുങ്ങിയവരുടെ രക്ഷയ്ക്ക് തയ്യാറായി എപ്പോഴും പട്ടാളവും വായുസേനയും പോലീസും ഉണ്ടായിരിക്കും– രക്ഷാപ്രവർത്തനങ്ങൾക്ക് പട്ടാളവും ഹെലിക്കോപ്റ്റർ വഴി ഭക്ഷണവും മരുന്നും എത്തിക്കാൻ വായുസേനയും തിരക്കും ബഹളവും നിയന്ത്രിക്കാൻ പോലീസും!

പറഞ്ഞുകേട്ട, നനഞ്ഞുകുതിര്‍ന്ന ചിറാപ്പുഞ്ചിക്ക് പകരം വെയില്‍ പെയ്യുന്ന സോഹ്റയാണ് ഞങ്ങളെ കാത്തിരുന്നത്. വഴിക്ക് ഉച്ചഭക്ഷണത്തിന് കയറിയ റെസ്റ്റോറന്‍റിന്‍റെ ചുറ്റുവട്ടങ്ങളില്‍ നിന്ന് കൊണ്ട ചാറ്റല്‍ മഴ, ഞങ്ങളുടെ രണ്ടാഴ്ച നീണ്ട ഉത്തരപൂര്‍വേന്ത്യന്‍ യാത്രയിലെ രണ്ടാമത്തേതും അവസാനത്തേതും ആയ മഴയനുഭവമായിരുന്നു. തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെങ്കിലും വര്‍ഷം മുഴുവനും മഴ ലഭിക്കുന്ന സ്ഥലമാണ് സോഹ്റ. നവംബര്‍ മുതലുള്ള നാല് മാസങ്ങള്‍ പ്രായേണ വരണ്ട കാലാവസ്ഥയാണ്.

പല ഭാഷകളില്‍ സ്വാഗതം പറയുന്ന ബോര്‍ഡുമായി നിന്ന റെസ്റ്റോറന്‍റ് മൊത്തമായും കൊണ്ടുനടത്തിയിരുന്നത് ഒരേ പ്രായത്തിലും രൂപത്തിലുമുള്ള കൃശഗാത്രികളായ എട്ടൊമ്പത് യുവതികളായിരുന്നു. ഒരേസമയം ഒരുപാട് കണ്ണാടികളില്‍ ഒരാളുടെ പ്രതിബിംബങ്ങള്‍ കാണുന്നത് പോലെയായിരുന്നു അനുഭവം. ചുറുചുറുക്കോടെ ഓടിനടന്ന് അവര്‍ ജോലി ചെയ്തു. എല്ലായിടത്തും കാണാറുള്ളതുപോലെ അളവ് ഊണും അളവില്ലാത്ത ഊണും ഉണ്ടായിരുന്നു. രണ്ടാമത്തെ ഇനം, പങ്കിടാന്‍ അനുവദിക്കില്ലെന്ന് പുറത്തെ ബോര്‍ഡില്‍ വലുതായും വ്യക്തമായും എഴുതിവെച്ചിരുന്നു. മുന്‍കൂര്‍ പണം കൊടുത്ത് ടോക്കണ്‍ വാങ്ങിക്കുമ്പോള്‍ കൌണ്ടറില്‍ ഇരുന്ന സ്ത്രീ ഓരോരുത്തരോടും സംഗതി വിശദീകരിക്കുന്നുമുണ്ടായിരുന്നു.

അടുത്ത മേശയില്‍ അച്ഛനും അമ്മയും ചേര്‍ന്ന് മകനെ മാറിമാറി ഊട്ടിക്കൊണ്ടിരുന്നത് കണ്ടപ്പോള്‍ നിയമലംഘനത്തിന് വളഞ്ഞ വഴികള്‍ കണ്ടെത്താന്‍ മനുഷ്യനുള്ള അപാരമായ കഴിവ് ഓര്‍ത്ത് അത്ഭുതപ്പെടുകയായിരുന്നു ഞങ്ങള്‍. അല്പം അകലെ ചുമര്‍ ചാരി നിന്നിരുന്ന ജീവനക്കാരികളുടേയും നോട്ടം അവരിലായിരുന്നു എന്ന് ഞാന്‍ ശ്രദ്ധിച്ചു. ആ വഴി വന്ന ജീവനക്കാരിയോട് ദമ്പതികള്‍ രണ്ടാമത് ചോറും കറികളും ആവശ്യപ്പെട്ടു. ചുമര്‍ ചാരി നിന്നവരില്‍ രണ്ടുപേര്‍ മേശയ്ക്കടുത്തെത്തി. ഉച്ചത്തില്‍ സംസാരിച്ചും ദേഷ്യപ്പെട്ടുമുള്ള പുരുഷന്‍റെ ശ്രമങ്ങളെ സംഘം ചേര്‍ന്ന സ്ത്രീശക്തി പരാജയപ്പെടുത്തി. കാഷ് കൌണ്ടറില്‍ ഇരുന്ന യുവതി മൂന്നാമത്തെ കൂപ്പണുമായി വന്ന് നീതി നടപ്പാക്കി. ഊണ് കഴിഞ്ഞ് മുഷിപ്പോടെ കുടുംബം ഇറങ്ങിപ്പോയി. റെസ്റ്റോറന്‍റ് ജീവനക്കാരികളുടെ മുഖങ്ങളില്‍ തെളിഞ്ഞ പുഞ്ചിരി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ മുഖങ്ങളിലേയ്ക്കും പടര്‍ന്നു.

(തുടരും)

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.