പൂമുഖം LITERATUREകഥ കുന്നക്കുടി

കുന്നക്കുടി

കോവിലിനു താഴെ , മലയടി വാരത്തെ ചുറ്റി നിൽക്കു ന്ന ചെറിയ ഊരിലാണ് കുട്ടിയുടെ വീട്.
തമിഴ് നാട്ടിലെ ചെറു ഗ്രാമങ്ങളിലൊന്നായ അവിടെ , പ്രധാനപ്പെട്ട ആകർഷണം തന്നെ
കോവിലായിരുന്നു . സ്വന്തം ഗോപുരത്തേയും ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച് സാമാന്യം വലിയൊരു മലമുകളിലായി അതങ്ങനെ വിരിഞ്ഞുനിൽക്കുന്നതു കാണാം . ദിനംപ്രതി ധാരാളം പേർ ആരാധനക്കായി അവിടേക്ക് കടന്നു വരിക പതി വാണ്. ഭക്തരെ ബസ്സ്നിലയത്തിൽനിന്ന് അടിവാരത്തേക്കെത്തിക്കാൻ മാത്രമായി കുതിരവണ്ടികൾ സവാരി ചെയ്യുന്നുണ്ട്. അടിവാരത്ത്, കോവിലിലേക്കു കയറിപ്പോകുന്ന കൽപ്പടവുകളുടെ തുടക്കത്തിലായി കുറെയേറെ ചെറുകടകളും കാണാം . അധികവും ഭക്തർക്ക് വഴിപാടിനാവശ്യമായ പൂജാസാധനങ്ങൾ വിൽക്കുന്നവയാണ്. ഭസ്മത്തിന്റേയും , കളഭത്തിന്റേയുമൊക്കെ മണം സദാ പാതസവാരിയിലേർപ്പെടുന്നതായി കാണാം . ചിനയ്ക്കുന്ന കുതിരയുടെ ശ്വാസത്തിൽപോലും കളഭം മണക്കും .
പള്ളിക്കൂടമില്ലാത്തപ്പോഴെല്ലാം മണക്കുന്ന കടകൾക്കു മുന്നിലോ , കോവിലിലേക്കുള്ള
കൽപ്പടവുകളിലെ താൽക്കാലിക താവളത്തിലോ സമയം ചെലവഴിക്കുകയാണ് കുട്ടിയുടെ പതിവ്. കാവടിയുമായി മല കയറിപ്പോകുന്നവരുടേയും , വിഭൂതിയും നെറ്റിയിലേറ്റി താഴേക്കിറങ്ങിവരുന്നവരുടേയും ഇടയിലൂ ടെ കുട്ടി ചുമ്മാ നടക്കും . റിക്കാർഡ് വെച്ച പാട്ടുകളിലൂടെ പഴയ തമിഴ് നായകർ മലമുകളിൽനിന്ന് താഴേക്ക് തൂങ്ങിയി റങ്ങും … കു ട്ടി അങ്ങനെ നടക്കും . ചുമ്മാ നടക്കുമ്പോഴും അവന്റെ അകത്ത് മറ്റൊരു ശബ്ദത്തിന്റെ മുഴക്കമായിരിക്കും . അപ്പോഴെന്നല്ല, പള്ളിക്കൂടത്തിൽ നിന്ന് മടങ്ങിയത്തി, ധൃതിയിൽ കഞ്ഞിയും ഊരുകായവും ശാപ്പിടുമ്പോഴും അതിന്റെ മൂളക്കം അവന്റെ ചെവിയിൽ നിറഞ്ഞുനിൽക്കാറുണ്ട്.
”എന്താ കണ്ണേ , നീ ചെവിയോർക്കുന്നത്?”
അമ്മ ചോദിക്കും .
കുട്ടി കണ്ണടച്ച് ചിരിക്കും . ചിരിക്കുമ്പോൾ കണ്ണടയുന്നത് അവന്റെയൊരു പ്രകൃതമാണ്. അത് അന്നേരം , താനറിയാതെ പുറത്തുവരുന്ന കണ്ണീരിനെ മറച്ചു വെക്കാൻ അവനെ സഹായിച്ചിരുന്നു . അവന്റെ കണ്ണീർ സങ്കടത്തിന്റേതായിരുന്നോ ? അല്ല. അവന്റേത് പാവപ്പെട്ടൊരു കുടുംബമാണെങ്കിലും , സങ്കടത്തിന്റെ പൊടിപടലമൊന്നും അവിടെ ആർക്കും കാണാനാവില്ല.
തൊട്ടടുത്തുള്ള ടൗൺഷിപ്പിലെ കൊച്ചു സലൂണിൽ ബാർബറായി ജോലി ചെയ്യുകയായിരുന്നു. അവന്റെ അപ്പാവ്. രാത്രി വൈകിമാത്രം വീട്ടിലെത്തുമെന്നൊരു ദോഷം മാത്രമേ അയാളേപ്പറ്റി പറയാനുള്ളൂ . അങ്ങനെയാണെങ്കിലും , കുട്ടിക്കു വേണ്ടി പലമാതിരി തീൻപണ്ടങ്ങൾ വാങ്ങിക്കൊണ്ടു വരാൻ അയാൾ മറക്കാറില്ല. അമ്മയോടും വളരെ സ്നേഹത്തോടെ പെരുമാറുന്നതേ അവൻ കണ്ടിട്ടുള്ളു . മറ്റു പലരേയും മദ്യപാനികളാക്കിയ ടൗൺഷിപ്പ് അയാളോട് എന്തായാലും അത്തരത്തിൽ പെരുമാറിയിട്ടില്ല. തിളക്കമുള്ള പുഞ്ചിരി സദാ നിറഞ്ഞുനിൽക്കുന്ന അപ്പാവിന്റെ മുഖം കാണുന്നതു തന്നെ ഐശ്വര്യമാണ്.
”കണ്ണേ , ഊഞ്ഞാലാട്ടണോ ?”
എല്ലാ ദിവസവും അപ്പാവ് ചിരിച്ചുകൊണ്ട് ചോദിക്കും . ‘കണ്ണ്’ ഉറങ്ങിക്കോട്ടേയെന്ന്
കരുതിയിട്ടാവാം . വീടെന്ന ആ ഒറ്റമുറിക്കുള്ളിൽ കുട്ടിക്ക് നല്ലൊരു ഊഞ്ഞാലുണ്ടായിരുന്നു . അതിലിരുന്ന് ആടുന്നതാണ് വീട്ടിനകത്തെ അവന്റെ മുഖ്യമായ നേരംപോക്ക്. വൈകിയെത്തുന്ന
അപ്പാവിനോടൊപ്പം കുറേ നേരം കഴിച്ചു കൂട്ടാതെ പെട്ടെന്ന് ഉറങ്ങുന്ന പതിവ് അവനില്ല. അപ്പാവ് മിക്കപ്പോഴും നിലത്തിരുന്നു ഭക്ഷണം കഴിക്കുമ്പോൾ, നിർത്താതെ ഊഞ്ഞാൽ ആട്ടിക്കൊടുക്കും . കൃത്യമായ മധ്യ ഭാഗത്തെ സ്ഥിരമായി സ്പർശിച്ചു കൊണ്ട് ഊഞ്ഞാൽ ഇരു ഭാഗത്തേക്കും തുല്യമായി ആടിക്കൊണ്ടിരിക്കെ , കുട്ടിക്ക് അകത്തുനിന്ന് ആ പതിവു മൂളക്കം കടന്നു വരും . നല്ല സുഖമാണ് അത്. സങ്കടവുമാണ്. രണ്ടായാലും അവന്റെ കണ്ണുകൾ ഈറനണിയും .
തിരുവിഴാക്കാലങ്ങളിലൊക്കെ കോവിലിൽ ധാരാളം പരിപാടികൾ നടക്കും . നൃത്തവും , സംഗീതക്കച്ചേരികളായിരിക്കും അധികവും . മലയിലാകെ നക്ഷത്ര ക്കുഞ്ഞുങ്ങളേപ്പോലെ
തോന്നിക്കുന്ന കളർബൾബുകൾ വന്നു നിറയുന്ന വർണ്ണാഭമായ ദിവസങ്ങളായി രിക്കും ,അതെല്ലാം . അമ്മയുടെ പരുപരുത്ത കൈകളിൽ മുറുക്കെപ്പിടിച്ച് തിരക്കിനിടയിൽ അവൻ കോവിലിലെത്തും . കൽപ്പടവുകളിലൂടെ മുകളിലേക്കു കയറുമ്പോഴും , അതിലൂടെ താഴോട്ടിറങ്ങുമ്പോഴുമെല്ലാം കാതുകളിലേക്ക് ആ മുളക്കം കടന്നു വരും . അതെന്താണെന്ന് അവന് ഒട്ടും അറിയില്ല. ആഴത്തിനും , ഉയരത്തിനുമിടയിൽ യാത്ര ചെയ്യുന്നതിനിടയിൽ, മധ്യ ഭാഗം തരണം ചെയ്യുമ്പോഴാണ് അത് മിക്കവാറും കടന്നു വരുന്നതെന്ന് അവൻ ശ്രദ്ധിച്ചിട്ടുണ്ട്.
അങ്ങനെ , ആ വർഷം കോവിലിൽ കച്ചേരിക്കായി വന്നെത്തിയത് കുന്നക്കുടി
വൈദ്യനാഥനായിരുന്നു . കോവിൽമലപോലെ ഉയരമുണ്ടായിരുന്നു അദ്ദേഹത്തിന്റെ മൂക്കിന്.
ഇരു വശത്തുമുള്ള മേലാപ്പുകൾക്കിടയിൽ മൂക്ക് മുന്നോട്ടു തള്ളിനിൽക്കുന്നത് കൗതുകത്തോടെ കുട്ടി നോക്കിനിന്നു . നെറ്റിയും , വിഭൂതിയും തമ്മിൽ പരസ്പരം മാറിപ്പോകുന്നമട്ടിലായിരുന്നു
കാര്യങ്ങൾ. എല്ലാവരേയും സാകൂതം നോക്കി , ആരോടെന്നില്ലാതെ അദ്ദേഹം വെളുക്കെ ചിരിച്ചു . അനിയത്തിക്കുട്ടിയുടെ മുടി പിടിച്ച് കുസൃതി കാണിക്കുന്ന കുട്ടിയെപ്പോലെ യാണ് അദ്ദേഹം തന്റെ കൈയി ലെ സംഗീതോപകരണത്തോട് പെരുമാറിയത്. അതിൽനിന്ന് ആദ്യശബ്ദം ഉയർന്നതോടെ , മൂളക്കം കേൾക്കാൻ തുടങ്ങി. പക്ഷേ , അത്തവണ തലയ്ക്കകത്തുനിന്നല്ല അത് കടന്നുവന്നത്. അവനാകെ വിജൃംഭിച്ചു . അപ്പോൾ, ഇതാണല്ലേ അത്!
”അമ്മാ , അതെന്താണ്?”
കുട്ടി ചോ ദി ച്ചു .
”അതാണ് വയലിൻ, കണ്ണേ .”
അമ്മ മറുപടി പറഞ്ഞു.
”അമ്മാ , എനിക്കത് വേണം .”
താനറിയാതെ കുട്ടി പറഞ്ഞു.
അമ്മ വാ പൊളി ച്ചത് ആ നരച്ചഇരുട്ടിലും അവൻ കണ്ടു . അവരുടെ ദിവസവരുമാനത്തിന്റെ പരിധിയിൽ ഒതുങ്ങുന്നതായി രുന്നില്ല അതൊന്നും . കുട്ടി കണ്ണു നിറച്ചത് പക്ഷേ , പാവം അമ്മ കണ്ടില്ല.
”അമ്മാ അവര് ആരാണ്?”
കച്ചേരി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോൾ കുട്ടി അടുത്ത ചോദ്യം പുറത്തെടുത്തു.


”അവരാണ് കുന്നക്കുടി വൈദ്യനാഥൻ.”
ബഹുമാനം വിരിഞ്ഞകണ്ണുകളോടെ അമ്മ പറഞ്ഞു.
പിറ്റേന്ന്, കോവിൽമലയെ വകഞ്ഞ്, വെയിൽ പുറത്തുവന്നപ്പോൾ, കുട്ടി കോവിലിലേക്കു വെച്ചു പിടിച്ചു . പടിക്കെട്ടിൽ, തിരുവിഴാത്തിരക്കിന്റെ ബാക്കിപത്രമെന്നോണം ആൾക്കൂട്ടത്തിന്റെ നടവട്ടം . അതൊന്നും വകവെക്കാതെ അവൻ പടിക്കെട്ടുകൾ കയറി , മു കളിലെത്തി. അവിടെ പുലരിയുടെ വെയിൽക്കാറ്റിൽ മുഖം ഉണക്കുന്ന കുന്നക്കുടിയെ വൈകാതെ അവൻ കണ്ടെത്തുകതന്നെ ചെയ്തു . അഥവാ , അങ്ങനെ തോന്നി . തോന്നലാണല്ലോ കാണപ്പെട്ട സത്യം .
”അയ്യാ , പെരിയവരേ , എനിക്ക് വയലിൻ വേണം .”
കുന്നക്കുടി പല്ലുകൾ മുഴുവൻ വെളിക്കു കാണിച്ച് ചിരിച്ചു .
”നീ വാ .”
അവന്റെ കുഞ്ഞിക്കൈ പിടിച്ചു കൊണ്ട് അദ്ദേഹം മലയിറങ്ങി, ടൗൺഷിപ്പിലെത്തി, നേരെ സംഗീതോപകരണങ്ങൾ വിൽക്കുന്ന കടയിലേക്കു കയറി .
”ഇതാ , ഇതെടുത്തോ .”
ചില പരീക്ഷണങ്ങൾക്കു ശേഷം , ഒരെണ്ണം തെരഞ്ഞെടുത്ത് കുന്നക്കുടി പറഞ്ഞു. കടക്കാരന്റെ പരാതിയിൻമേൽ പോലീസ് വന്നെത്തിയപ്പോ ഴും , കുട്ടി ഈകഥതന്നെ യാണ് പറഞ്ഞത്. ഉണ്ടക്കണ്ണുകൾ ചുമ്മാ മിഴിച്ചു കൊണ്ട് കുട്ടി നിന്നു . അവൻ കള്ളനാണെന്ന് ഒട്ടും തോന്നിച്ചില്ല. വയലിൻ തന്റെ നെഞ്ചോടു ചേർത്തുവെച്ച് അവൻ അനങ്ങാതെ നിന്നു .
മുറുക്കിയ മീശക്കു പിന്നിൽ അയഞ്ഞുനിന്ന് എസ്.ഐ പു ഞ്ചി രി ച്ചു .

”എങ്കിൽ, നിന്റെ കുന്നക്കുടി സാറെവിടെ ?”
അയാൾ കാരുണ്യത്തോടെ ചോദിച്ചു .
കുട്ടി മുന്നിലേക്ക് ചൂണ്ടിക്കാണിച്ചു . എന്നാൽ, അവിടെ ആരെയും കണ്ടില്ല. അന്നേരം ,പിന്നിൽ നിന്ന് ഒരു കോൺസ്റ്റബിൾ തന്റെ മേലധികാരിയുടെ ചാരത്തേക്ക് കുറച്ചു കൂടി നീങ്ങിവന്നു .
”എനിക്കു കാണാം , സാർ.”
അവൻ പറഞ്ഞു.
എസ്.ഐ. വിസ്മയി ച്ചു . ഒരു നിമിഷം , തന്റെ കണ്ണുകൾക്ക് തകരാർ സംഭവിച്ചോ എന്ന് അദ്ദേഹം
വിഭ്രമിച്ചിട്ടുണ്ടാവാം .
”അത് പക്ഷേ , കുന്നക്കുടി സാറല്ല, ഒരു കൊച്ചു കുഞ്ഞിന്റെ വിശാലഭാവി തന്നെയാണ്.”
കോൺസ്റ്റബിൾ വിശദമാക്കി .
മറ്റൊരു കുട്ടിയെ എന്നോണം കോൺസ്റ്റബിളിനെത്തന്നെ സാകൂതം നോക്കി നിന്നു , എസ്.ഐ.
തീരാമോഹത്തിൽ തുടങ്ങി, അവിടെ ത്തന്നെ അവസാനിക്കുന്ന ജീവിതസഹജമായ സംഗീതപാരമ്പര്യം അകമേ സൂക്ഷിച്ച ഒരാളായിരുന്നു അവൻ. സംഗീതത്തിനു മുകളിൽ
കാക്കി വസ്ത്രങ്ങളിട്ടു മൂടിയതിന്റെ നീണ്ടഓർമ്മകൾ നീളെ ചുമക്കുന്ന ഒരു പാവം പോലീസുകാരൻ! അത്തരം ഒരാൾക്കു മാത്രമല്ലേ കുട്ടിയെപ്പോലെ അതൊക്കെ കാണാനൊക്കൂ ?
അന്നേരം , ഒരു മൂളക്കം കേട്ടു . തനിക്കകത്തുനിന്നായിരിക്കുമെന്ന് കുട്ടി കരുതിയെങ്കിലും , അത്
പുറപ്പെട്ടത് പുറത്തുനിന്നാണ്. വയലിൻ അതിന്റെ തന്ത്രികളിൽ സ്വയം മിടിക്കുന്നത് അവിടെ എല്ലാവരും നോക്കി നിന്നു . അനിയത്തിക്കുട്ടിയുടെ മുടി പിടിച്ച് കുസൃതി കാണിക്കുന്ന
കുട്ടിയെപ്പോലെ ആരോ ആ സംഗീതോപകരണത്തോട് പെരുമാറുന്നുണ്ട്.
ഇത്തവണ, ആർദ്രമായി നിറഞ്ഞുതുളുമ്പിയത് കുട്ടിയുടെ കണ്ണുകൾ മാത്രമായിരുന്നില്ല.

വര : പ്രസാദ് കാനത്തുങ്കൽ

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like