പൂമുഖം OPINION സൂചനകളെ അറിയുക; പ്രതിരോധം ശക്തിപ്പെടുത്തുക

സൂചനകളെ അറിയുക; പ്രതിരോധം ശക്തിപ്പെടുത്തുക


ഒപ്പീനിയന്‍


 

ർഗ്ഗീയത പരത്തുന്നതും മനുഷ്യനെ തമ്മിലകറ്റുന്നതുമായ ഓരോ സംഭവങ്ങളോടുമുള്ള നമ്മുടെ നിശബ്ദത കൂട്ടമരണത്തിലേക്കുള്ള ചവിട്ടുപടി പണിയുന്നതിനു സമാനമാണ് . സ്വപ്നം കാണാൻ സാധിക്കാത്ത വിധം ഇൻഡ്യാ മഹാരാജ്യത്ത് അസഹിഷ്ണുത വളരുന്നതായി കാണുന്നു. ഇതില്‍ പ്രതിഷേധിക്കുന്നത് ന്യൂനപക്ഷങ്ങളും ഇടതുപക്ഷ അനുഭാവികളും ഒറ്റപ്പെട്ട ചില ഭൂരിപക്ഷ സമുദായക്കാരും മാത്രം, സഞ്ജയ് ഭട്ടിനെപ്പോലെ ചുരുക്കം ചിലർ.

മതത്തിനതീതമായി  മനുഷ്യരെക്കാണുന്നതിനായി ലോകത്തിന്‍റെ എല്ലാ കോണിലും ആഹ്വാനങ്ങളും മറിച്ചുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളും നടക്കുന്നു. ഇന്ത്യയിലും കലാകാരന്മാരും എഴുത്തുകാരും അടങ്ങുന്ന ചിന്താശേഷിയുള്ള മനുഷ്യർ ഈ ദിശയില്‍ ചിന്തിക്കുകയും ശബ്ദിക്കുകയും ചെയ്യുന്നു. അതിനെ ഏറ്റുപിടിക്കാൻ അത്രയധികം ആളുകളെ ഉത്തരേന്ത്യയിൽ കാണാൻ സാദ്ധ്യമല്ല. ജെ എൻ യു മുതൽ നാല് സെന്റ്രൽ യൂണിവേഴ്സിറ്റികളും അഞ്ച് സ്റ്റേറ്റ് യൂണിവേഴ്സിറ്റികളും പതിമൂന്ന് ഡീംഡ് യൂണിവേഴ്സിറ്റികളും അവയുടെ ഒക്കെ കോളേജുകളും അടക്കം ഇത്രയധികം  വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള രാജ്യത്തിന്‍റെ തലസ്ഥാനത്ത് രോഹിത് വെമുല അനുസ്മരണം നടത്താനും സമരം നയിക്കാനും ഇതിലെ എത്ര സ്ഥാപനങ്ങളിലെ കുട്ടികൾ തയ്യാറായി? ജാമിയായും ജെ എൻ യൂ വും ഒഴിച്ചാൽ ഇത്തരം പ്രതിഷേധ സമരങ്ങൾ മറ്റ് സ്ഥാപനങ്ങളിൽ നടക്കാനുള്ള സാദ്ധ്യത ആലോചിക്കുമ്പോഴാണ് സോഷ്യൽ മീഡിയായിലും ചാനലുകളിലും കാണുന്നതിനപ്പുറം പ്രതിഷേധിക്കാത്ത ഒരിന്ത്യയെ നമ്മൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ബോധപൂർവ്വം കാണാതെയാവുന്നതിന്‍റെ പ്രശ്നം തെളിഞ്ഞു വരുന്നത്.

തിണ്ണമിടുക്കുകളുടെ ഗ്രാമ/നഗര ജീവിതങ്ങൾ രാജ്യത്ത് വ്യാപകമാവുന്നു

അസഹിഷ്ണുത വളരുന്നതിനെതിരെ ഭൂരിപക്ഷജനത (ന്യൂനപക്ഷ ജനതയും) തരം പോലെ നിശബ്ദരാവാറുണ്ട്. അവനവനു നോവുമ്പോഴല്ലാതെയും അനീതിക്കെതിരെ രണ്ട് കൂട്ടരും ശബ്ദിക്കുമെന്നത് നമ്മുടെ വ്യാമോഹം മാത്രമായിരിക്കും. ഭൂരിപക്ഷ ജനതയുടെ മൗനം, മതാതീതമായ, വ്യത്യസ്ത ഭാഷകളും വിശ്വാസങ്ങളും മുഖങ്ങളും ഒത്തുചേർന്ന ഒരു രാജ്യമെന്ന നിലയിൽ നിന്ന് നമ്മളെ എവിടെ എത്തിക്കും എന്നതിൽ കടുത്ത ആശങ്കകളുണ്ട്. ഈ രാജ്യത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? എന്തുകൊണ്ട് അസഹിഷ്ണുത സാധാരണക്കാരായ ഇന്ത്യയിലെ  ഭൂരിപക്ഷ ജനതയെ അലോരസപ്പെടുത്തുന്നില്ല? അതിന്‍റെ ഉത്തരം പലതരത്തിൽ നമുക്ക് വായിച്ചെടുക്കാം.

mim-president-asaduddin-owaisi-and-party-s-floor-45551

എല്ലാകാലത്തും ഭരിക്കുന്നവന്‍റേയും അനുയായികളുടേയും അന്യായങ്ങൾക്കെതിരെ ശബ്ദിക്കലല്ലായിരുന്നു ഭൂരിപക്ഷത്തിന്‍റെ ഉത്തരവാദിത്വം. പകരം അവർ കാഴ്ച്ചക്കാരായിരുന്നു, അത് ഇപ്പോഴും അത് തുടരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ തീവ്ര ചിന്താഗതികളിലൂടെ ജനങ്ങളിൽ ഒരു വിഭാഗത്തിന്‍റെ മസ്തിഷ്കപ്രക്ഷാളനം സാദ്ധ്യമാക്കാന്‍ ആളുകൾ അധികമായി എത്തിച്ചേരുന്നു. അവർ ചൂണ്ടിക്കാണിക്കുന്നത്  ന്യൂനപക്ഷങ്ങൾക്ക് കിട്ടുന്നതൊന്നും ഭൂരിപക്ഷങ്ങൾക്ക് കിട്ടുന്നില്ല എന്ന കുറുക്കന്‍റെ കൗശലമാണ്. ആസുത്രിതമായ ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാതെ, കണ്ടിട്ടും കാണാതെയെന്ന തരത്തിലുള്ള  നിശബ്ദത വളരുന്നുണ്ട്. ആ നിശബ്ദതയുടെ അവസാനം ഒരു പൊട്ടിത്തെറിയായിരിക്കും. അതിൽ നിന്നും രാജ്യം അസ്ഥിരമാവുന്നതിനു തീ പടർത്താൻ എളുപ്പമായിരിക്കും. ഇത് തീവ്ര ഹിന്ദുക്കളുടെ മാത്രം സ്വപ്നമല്ല. പതിനഞ്ച് മിനിറ്റ് നിയമ പാലകരെ മാറ്റി നിർത്തിയാൽ നൂറുകോടി ഹിന്ദുക്കളെ കൊന്നു തരാം എന്നു പറഞ്ഞ ഉവൈസിമാരുടെയും സ്വപ്നമാണ്, അതു കേട്ട് ആർത്ത് തക്ബീർ ധ്വനി മുഴക്കിയ ആയിരക്കണക്കായ ആൾക്കൂട്ടത്തിന്‍റെ സ്വപ്നമാണ്. ഏത് വീടുകത്തിയാലും മതപരിവർത്തനത്തിന്‍റെ വാഴവെട്ടുന്ന ക്രിസ്ത്യൻ മിഷണറിമാരുടെ സ്വപ്നമാണ്. ഇവരെല്ലാം ചേർന്ന് കത്തിച്ചു  കളയാനാഗ്രഹിക്കുന്നത് സ്വസ്ഥമായി  ജീവിക്കാനുള്ള ശരാശരി ഇന്ത്യക്കാരന്‍റെ പാടുപെടലുകളെയാണ്. ലോകത്ത് മതം എന്ന, മനുഷ്യനെ തമ്മിലകറ്റുന്ന (അ)വിശുദ്ധ പ്രസ്ഥാനം, പകർന്ന സമാധാനത്തിന്‍റെ ആയിരം ഇരട്ടി, ജനങ്ങളെ കൊല്ലാനും യുദ്ധങ്ങൾ ഉണ്ടാക്കുവാനും പിടിച്ചു പറിക്കുവാനും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

വില്പനക്കുള്ള മരുന്നുകൾക്കും കീടനാശിനികൾക്കും മേൽ അപകടം എന്നെഴുതുന്നതുപോലെ മതങ്ങൾക്ക് മേലെ അത്യപകടം എന്നെഴുതുകയും മനുഷ്യബുദ്ധിയെ നിർജ്ജീവമാക്കുന്ന മതത്തിൽ, പ്രായപൂർത്തിയാവാതെ പ്രവേശിക്കുന്നതില്‍ നിന്ന്‍ കുട്ടികളെ വിലക്കുകയും വേണം.

അതുണ്ടായില്ലെങ്കിൽ ഇപ്പോൾ ഇന്ത്യയിൽ സംഭവിക്കുന്നത് ലോകത്തെല്ലായിടത്തും സംഭവിക്കും. മതാതീത മനുഷ്യർ ഭരണത്തിൽ ഉണ്ടാവില്ല. ഇതിനർത്ഥം ഏതെങ്കിലും ഇസത്തെ സ്വാഗതം ചെയ്യുന്നു എന്നല്ല. മനുഷ്യത്വത്തെ,  മനുഷ്യത്വത്തെ മാത്രം സ്വാഗതം ചെയ്യുന്നു എന്നാണ്.

മറ്റൊരു തരത്തിൽ പറഞ്ഞാൽ മതഭരണത്തിൽ മനുഷ്യർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ലോകവ്യാപകമാവുന്നു. അതിനെ എതിരിടാൻ മനുഷ്യസ്നേഹികളുടെ കൂട്ടായ്മകൾ ഉയർന്നുവരണം. ഉത്തരേന്ത്യയിൽ പശുവിന്‍റെ പേരിൽ പത്തല്ല ആയിരം പേരെ കൊന്നാലും അതിനെതിരെ ആരും ‘അത് തെറ്റായിപ്പോയി’ എന്നു പറയുമെന്ന് കരുതുക അത്ര എളുപ്പമല്ല. കാരണം കാട്ടു നീതികളിലാണ് ഗ്രാമപഞ്ചായത്തുകൾ നിലനില്ക്കുന്നത്. പശുവിനെ കൊല്ലുന്നത് അവിടെ തെറ്റാണ്. അത് ചെയ്തവനെ അങ്ങ് കൊന്നേക്കാം എന്ന് ഉച്ചത്തിൽ വിളിച്ചുകൂവാൻ ആളുണ്ടായാൽ അതിനെ തടയാൻ ചിന്താശേഷിയുള്ള ആരുമുണ്ടാവാൻ സാദ്ധ്യതയില്ല. ഇനി അങ്ങനെ ഒരു കൊലപാതകം ആരെങ്കിലും ചെയ്താൽ അവരെ ശിക്ഷിക്കണം എന്നുറച്ച് ആഗ്രഹിക്കുന്നവരെക്കാൾ  ‘ചത്തവൻ ചത്തു ഇനി പശുവിനെ തൊടാതെ ശ്രദ്ധിച്ചു നടന്നാൽ എല്ലാവർക്കും കൊള്ളാം’ എന്ന ചിന്താഗതിയായിരിക്കും നിയമപാലകർ മുതൽ  സാധാരണക്കാരന്‍റെ വരെ ഉള്ളിൽ ഉണ്ടാവുന്നത്. എന്നുവെച്ചാൽ അനീതി ഒരു  അലിഖിത നിയമമാക്കുവാൻ കൈക്കരുത്തിനും കൊലപാതകത്തിനും ലഹളകൾക്കും സാധിക്കും എന്നാണ്.

ഹിന്ദു താലിബാനിസം

ദൈവത്തിന്‍റെ പ്രതിനിധിയാണ് ഗോമാതാവ്. എല്ലാ മതങ്ങൾക്കും ഇത്തരം കഥകളിൽ വിശ്വാസം കൂടുതലാണ്.  ഗോമാതാവും വിശുദ്ധഗ്രന്ഥവും ഒക്കെ കരിമരുന്ന് പോലെ തൊട്ടാൽ പൊട്ടിത്തെറിക്കുന്ന വസ്തുക്കളാണ്.  ഇവ മനുഷ്യന് ഏത് നിമിഷവും ജീവൻ നഷ്ടപ്പെടാനും ലഹളകൾ ഉണ്ടാക്കാനും ഉപകരിക്കുന്ന എന്തോ ആയി മാറിക്കഴിഞ്ഞു. പരിവർത്തനത്തിനായ് വാദിച്ച ചേകന്നൂർ മൗലവിയെ കൊന്നവരെ പിടിക്കണം എന്നാഗ്രഹിച്ച മുസ്ളീമുകളുടെ എണ്ണം ഒരു ശതമാനം പോലും ഉണ്ടാവില്ല എന്ന സത്യത്തെ ഒളിപ്പിച്ച് വെയ്ക്കുന്നത് നമ്മളെല്ലാവരും ചേർന്നാണല്ലൊ. ജീഹാദിനെ മതഗ്രന്ഥം പുകഴ്ത്തുന്ന സാഹചര്യത്തിൽ ജീഹാദിന് സമാനമായ എന്തുകാര്യം ചെയ്താലും മതവിശ്വാസികൾ തള്ളിപ്പറയാൻ സാദ്ധ്യതയില്ല. ജോസഫിന്‍റെ കൈവെട്ടിയ അതേ ആൾക്കൂട്ടത്തിലെ ചിലരെ എസ് ഡി പി ഐ എന്ന ബാനറിൽ മത്സരിപ്പിച്ച് ജയിപ്പിച്ചത് അത്ര ചെറുതായിക്കാണണ്ട. അതിന്‍റെ വലിയ പതിപ്പ് ബിജെപിയും വിശ്വഹിന്ദു പരിഷത്തും രാജ്യവ്യാപകമായി ഒരുക്കുകയാണ്. മതമെന്നു പറയുന്ന അശ്ളീലത്തിന്‍റെ പിന്തുണയുണ്ടെങ്കിൽ കൈവെട്ടുകാർക്കും കൊലപാതകികൾക്കും പെരുമ്പാവൂർ മുനിസിപ്പൽ കൗൺസിലർ തൊട്ട് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി വരെയാകുവാൻ സാധിക്കും എന്ന സത്യം നമുക്ക് മുന്നിൽ തെളിഞ്ഞ് നില്പുണ്ട്.

NYT2008111120371605C

ഗ്രാമ സഭകളിൽ കടന്നുകൂടിയ തീവ്ര ഹിന്ദുത്വവാദികളുടെ ഹൈജാക്കിങ്ങ് തന്ത്രം നൂറ് ശതമാനം വിജയിച്ചതിന്‍റെ ആരവമാണ് മരത്തിൽ കൊന്ന് കെട്ടിത്തൂക്കപ്പെട്ടതും അടിച്ചു കൊന്നതും കൊല്ലാനിരിക്കുന്നതുമായ നിസ്സഹായരുടെ ദൈന്യമരണവാർത്തകൾ ഒരു തുടർക്കഥയാവുന്നത്. പാക്കിസ്ഥാനിൽ ഇഷ്ടമില്ലാത്ത ഒരു ന്യൂനപക്ഷക്കാരനെ കൊല്ലാനോ  വീടുകത്തിക്കാനോ ന്യൂനപക്ഷക്കാരെ ഒരു ഗ്രാമത്തിൽ നിന്നും മുഴുവനായ് ആട്ടി പ്പായിക്കാനോ ഒക്കെ അവിടുത്തെ സാധാരണക്കാരനായ മുസ്ളീമിന് വളരെ എളുപ്പമാണ്. വിശുദ്ധഗ്രന്ഥം കത്തിച്ചു എന്നും ദാണ്ടെ ഇത് ലവന്‍/ളു ചെയ്തതാണെന്നും വിളിച്ചു കൂവിയാൽ പരമ കാരുണികനായ ദൈവം(?) നേരിട്ടിറങ്ങിവന്നാൽ പോലും ആ കുഞ്ഞിനെ ആൾകൂട്ടം അക്രമിച്ചിരിക്കും .വൈകാതെ മതക്കോടതി കുറ്റാരോപിതനെ/യെ എറിഞ്ഞു കൊല്ലാനൊ തൂക്കികൊല്ലാനൊ വിധിക്കും. (ആൾക്കൂട്ടം അതിനു മുന്നേ കൊന്നില്ലെങ്കിൽ മാത്രം).  സമാനമായ അവസ്ഥ ഭാരതത്തിൽ മതത്തിന്‍റെ പേരിൽ ഇത്ര നാളും ഇല്ലായിരുന്നു. ഇപ്പോള്‍, അത് വന്നു ചേർന്നതിന്‍റെ ശംഖധ്വനിയാണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. മുസ്ളീമിന്‍റെ പുണ്യഗ്രന്ഥം കത്തിച്ചു എന്ന്‍ ആരോപിക്കപ്പെട്ടവന്‍റെ അതേ  അവസ്ഥയിലായിരിക്കുന്നു ഹിന്ദുവിന്‍റെ പശുവിനെ തൊട്ടു എന്നാരോപിക്കപ്പെടുന്നവന്‍റെ ജീവിതവും. പശുവിറച്ചിയുടെ കള്ളക്കഥകളും കെട്ടുകഥകളും ചേർന്ന ഭീകര ലോകം അന്നം തേടിയിറങ്ങിയ ഒരു പതിനഞ്ചുകാരനെ തൂക്കിലിടുന്നതു പോലെ  എത്ര നീചമായും വരും .അത് മാത്രമല്ല അതിനെ അനുകൂലിക്കുന്ന മതഭ്രാന്തർ  കൊച്ചു കേരളത്തിൽ മലയാളത്തിൽ എഴുതുന്ന ഈയുള്ളവന്‍റെ ഫെയ്സ് ബുക്ക് വാളിൽ പോലും ഇയാളാരാണ്- ഏതോ കമ്മ്യുണിസ്റ്റ് ഭീകരനാണ് എന്ന തരത്തിൽ ചിന്തിക്കുന്ന ബുദ്ധിയില്ലാത്ത ഒരു സംഘിയുടെ രൂപത്തിലും വരും. ഓശാന പാടാൻ മാത്രമറിയാവുന്ന, പത്രങ്ങളിൽ വന്നത് എടുത്ത് വിളമ്പി ഇത് പശു ആരാധകർ കൊന്നതല്ല പകരം കൊള്ളക്കാരാണെന്ന പോലീസേമാന്‍റെ മൊഴി അച്ചടിച്ചത് ഒരുളുപ്പും ഇല്ലാതെ വിളമ്പുന്നത് നമ്മുടെ ഫെയ്സ് ബുക്ക് വാളിൽ ഇട്ട് പ്രതിരോധം തീർത്തതായ് സ്വയം ആശ്വസിക്കും. മോഷ്ടിക്കാൻ വരുന്ന വഴി കൊല്ലുകയും കെട്ടിത്തൂക്കുകയും ചെയ്യുമോ എന്നൊന്നും ചിന്തിക്കാതെ മതമെന്ന ക്രൂരതയെ ന്യായീകരിക്കാൻ ബുദ്ധിയെ ചാണകക്കുഴിയിൽ തള്ളുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്, മതത്തിൽ പ്രവേശിച്ച എല്ലാ മന്ദബുദ്ധികളുടെയും ആഭരണമായി മാറിയിട്ടുണ്ട്. ഇവരെല്ലാം പഴയ ഗോത്രയുദ്ധ പോരാളികളാണ്. അവരെ നമ്മൾ ഭയന്നേ  തീരു. കാരണം അവർക്ക് ചിന്താശേഷിയില്ല പകരം കൊന്ന് തള്ളുമ്പോൾ ജയിക്കും എന്നുള്ള  അന്ധ വിശ്വാസം മാത്രം. ഇവരെ അക്ഷരാഭ്യാസം ചെയ്യിച്ച് നേരെയാക്കുവാൻ നിവൃത്തിയില്ലാ എന്നു കരുതി മാറിയിരിക്കുന്ന എല്ലാ ദേശസ്നേഹികളുടെയും ശ്രദ്ധയ്ക്ക്, നമ്മുടെ ശബ്ദങ്ങൾ അവരുടെ ജീവിതത്തെ മാറ്റിമറിക്കാൻ പര്യാപ്തമാണ്. ആ പാഴ്ഗ്രന്ഥങ്ങളിൽ ഇല്ലാത്ത മനുഷ്യസ്നേഹത്തിന്‍റെ യഥാർത്ഥമുഖം കൊണ്ട് നമുക്കവരെ നേരെയാക്കാം.

അല്ലെങ്കിൽ, കാവി ചോരയിൽ ചുമന്നുവരുന്ന, മാറിയ കാലത്ത് കപട ദേശഭക്തർ കാട്ടിക്കൂട്ടുന്ന കൊലവിളികൾ, ഫത്വകൾ എന്നിവയെ ഭൂരിഭാഗജനത എതിർക്കാത്തതിൽ നമുക്ക് ആശങ്കപ്പെടാൻ ഒരർഹതയുമില്ല,  നമ്മളവരെ എതിർക്കാൻ മടിക്കുന്ന കാലത്തോളം. മതമെന്ന വിഷം കുടിച്ച മനുഷ്യരെ തിരികെ മനുഷ്യത്വത്തിലേക്ക് കൊണ്ട് വരേണ്ട ബാദ്ധ്യത നമുക്കുണ്ട്. അനീതിക്കെതിരെ അവരെയുണർത്താൻ നമ്മുടെ ശബ്ദങ്ങൾ പര്യാപ്തമാണ്.  ദളിതുകളോടും പിന്നോക്കക്കാരോടും ഉത്തരേന്ത്യൻ സവർണ്ണന്‍റെ ഉള്ളിലെ ഭ്രാന്തിന്‍റെ ചവിട്ടിത്തള്ളലിന്‍റെ പത്തിലൊന്ന് അനുഭവിക്കാത്തവരാണ്‌ ഈ രാജ്യത്തെ ന്യൂനപക്ഷങ്ങൾ. ന്യൂനപക്ഷങ്ങൾക്ക് കിട്ടുന്ന പരിഗണനയുടെ നൂറിലൊന്ന് കിട്ടാത്തവരാണ്‌ ഭൂരിപക്ഷ ജനതയിലെ പിന്നോക്കക്കാർ. അവരുടെ ശബ്ദത്തെ മുൻ നിരയിലെത്തിക്കാനല്ല, ഒപ്പമെത്തി ക്കാനല്ല,  പകുതിയെങ്കിലും എത്തിക്കാൻ ഒരു നൂറ്റാണ്ട് മതിയാവുമോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. പക്ഷെ അതിനായി പ്രവർത്തിക്കുന്ന മനുഷ്യസ്നേഹികളെ വളർത്താൻ നമുക്ക് സാധിച്ചാൽ സുസ്ഥിര ഇന്ത്യ സുശക്ത ഇന്ത്യ എന്ന സ്വപ്നം പൂവണിയും.അതിന്‌ വിഘാതമാവുന്നത് സത്യത്തിൽ മതഭ്രാന്തരുടെ,  മനുഷ്യവിരുദ്ധരുടെ പരസ്പരയുദ്ധത്തിന്‍റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കലാപാഹ്വാനങ്ങളാണ്‌ . അവയെ  അതിജീവിക്കണം. അസഹിഷ്ണുതയെ കിള്ളിയെറിയുന്നതിനൊപ്പം ഇതും നമ്മുടെ മുഖ്യ അജൻഡയാവണം


 

Comments
Print Friendly, PDF & Email

You may also like