മലയോരഗ്രാമത്തിൽ കൊക്കയോട് ചേർന്നുള്ള ഏറുമാടം കെട്ടിയ ആൽമരത്തിൽനിന്ന് അധികം ദൂരയല്ലാതെയുള്ള ബെന്നിച്ചൻ്റെ വീട്ടിൽ അയാളെ, സുഹൃത്ത് ഫസൽ കൊണ്ടുവന്നു തള്ളി കടന്നു കളഞ്ഞിട്ട് ഇന്നേയ്ക്ക് മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു.
വീട്ടുവളപ്പിലെ തെങ്ങുകൾക്ക് തടമെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ഷോർട്ട് ഫിലിമിന് വേണ്ടിമാത്രം ജീവിക്കുന്ന പത്രാസ്സുകാരനായ അയാളുടെ സുഹൃത്ത് ഫസൽ പുതിയതായി സ്വന്തമാക്കിയ മഹീന്ദ്ര ഥാറിൽ വീട്ടുമുറ്റത്ത് വന്നിറങ്ങിയത്. വന്ന ഉടനെ “വേഗം റെഡിയാക്, നമുക്ക് ഒരു സ്ഥലം വരെ പോണം” എന്ന് നിർബന്ധം പിടിച്ചു.
പുറത്തെ ബഹളം ശ്രദ്ധിച്ചിട്ടാവണം “എങ്ങോട്ടേക്കാണാവോ?” എന്ന ചോദ്യശരമെറിഞ്ഞുകൊണ്ട് അയാളുടെ ഭാര്യ ഉമ്മറവാതിൽ തുറന്ന് എത്തിനോക്കിയത്.
“ഇവനെ ഒരാഴ്ചത്തേക്ക് എനിക്ക് വേണം” അവളുടെ ഭാവമാറ്റം കണ്ടിട്ടാവണം അവൻ തുടർന്നു “പേടിക്കേണ്ട… ദുശ്ശീലങ്ങൾ പഠിപ്പിക്കാനൊന്നുമല്ല… ഉള്ള ശീലത്തെ മടിമാറ്റി പൊടിതട്ടിയെടുക്കാൻ വേണ്ടി മാത്രം” എന്ന് പറഞ്ഞ് വണ്ടിയുടെ ചാവി കൊണ്ട് തല ചൊറിഞ്ഞു.
ഫസലിൻ്റെ ആജ്ഞകൾക്ക് തടസ്സം നിൽക്കാൻ അയാൾക്ക് കഴിയാത്തതുകൊണ്ട് ധൃതിയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി പുതുമണം വിട്ടുമാറാത്ത വണ്ടിക്കുള്ളിലേക്ക് കടക്കുന്നതിന് മുന്നെ, അയാൾക്കിരിക്കാനുള്ള സീറ്റിൽ കിടന്നിരുന്ന യൂട്യൂബിൽനിന്ന് ലഭിച്ച പ്ലേബട്ടണെ പിൻസീറ്റിലേക്ക് മാറ്റിവെച്ച് അതിനെകുറിച്ച് ഫസൽ വാചാലനായി. പിന്നെ ഇരുപ്പുറപ്പിക്കുമ്പോൾ “ഇന്ന് കർക്കടകം പിറന്നൂന്നാ തോന്ന്ണത്…. ഇനിപ്പൊ, തടമെടുക്കലും വളമിടലുമൊക്കെ നടന്നതു തന്നെ! പോരാത്തേന് മക്കൾടെ ഫീസടക്കേണ്ട ദിവസാണ് നാളെ” എന്ന് യാത്ര അയക്കുന്നതിനിടയിൽ അവൾ പിറുപിറുക്കുന്നുണ്ടായിരുന്നു.
“ഒക്കെ ശരിയാക്കാം!, കർക്കടത്തിൽ മർക്കടമുഷ്ടി വേണ്ട എന്നല്ലേ ചൊല്ല്, അതോണ്ടാ പോണത്” എന്ന് അയാൾ പ്രതികരിച്ചത് അവൾ കേട്ടോ എന്തോ, ഹോണടിച്ച് കൊണ്ട് യാത്രയാരംഭിക്കുമ്പോൾ തെങ്ങിന് തടമെടുത്തതിൽ എന്തോ കൊത്തി തിന്നിരുന്ന ചെമ്പോത്ത് ശബ്ദമുണ്ടാക്കികൊണ്ട് പറന്ന് മാവിൻ ചില്ലയിൽ സ്ഥാനം പിടിച്ചിരുന്നു. വണ്ടിക്കുള്ളിൽ മെഹ്ദി ഹസ്സന്റെ ശബ്ദത്തിൽ ”അബ് കെ ഹം ബിച്ച്ഡേ തൊ ശായദ് കഭീ ഖാബോം മേം മിലേ…” എന്ന ഗാനം യാത്രക്ക് പ്രത്യേക മൂഡ് നൽകി. ആസ്വാദനത്തിൻ്റെ രസച്ചരട് മുറിച്ച് കൊണ്ട് ”നിന്നോട് കുറേയായി ആവശ്യപ്പെടുന്ന ഒരു കാര്യംണ്ട്,… ഓർമ്മയുണ്ടോ? എന്ന ഫസലിൻ്റെ ചോദ്യത്തിന് ഇല്ലെന്ന അർത്ഥത്തിൽ അയാൾ കണ്ണിറുക്കിയപ്പോൾ “മക്കൾടെ ഫീസൊക്കെ ഞാൻ അടച്ചോളാം. പകരം ഒരു ഷോർട്ട് ഫിലിമിനുള്ള കഥ… അത് ഈ ആഴ്ച നീ സാധിപ്പിച്ചു തരണം!” എന്ന ആവശ്യം അവൻ ഉന്നയിച്ചു.
”അത്തരം മേഖലയെ കുറിച്ചോ സാധ്യതകളെ കുറിച്ചോ ഇത് വരെ ചിന്തിക്കാത്തത് കൊണ്ട് ആ പരുവത്തിലൊരു കഥ സാധ്യമാകുമെന്ന് തോന്നുന്നില്ല. അതിനാണേൽ എന്നെ തിരിച്ച് വീട്ടിലാക്കിയേക്ക്” എന്ന് അയാൾ തറപ്പിച്ചു പറയുകയും ചെയ്തു.
”കഴിയും, നിനക്ക് കഴിയണം!… ഇനി ഒരു ഒഴിവുകഴിവുകളും സാധ്യമല്ല….” എന്ന് പറഞ്ഞു കൊണ്ട് ഫസൽ വണ്ടിയുമായി ബ്ലൂടൂത്തിൽ പെയർ ചെയ്തുവെച്ച മൊബൈലിൽ സ്പീഡ് ഡയൽ നമ്പറിൽ ക്ലിക്ക് ചെയ്തു. മണിയടിയൊച്ച കേൾക്കുന്നതിന് മുന്നെ തന്നെ മറുതലക്കൽ “പുറപ്പെട്ടോ?” എന്ന ചോദ്യം ഉച്ചത്തിലുള്ള ശബ്ദത്തിൽ മുഴങ്ങി.
”പുറപ്പെട്ടു, കക്ഷിയെ ഞാൻ കയ്യോടെ പിടികൂടിയിട്ടുണ്ട് അച്ചായോ, ഉച്ചയോട് കൂടി അവിടെ എത്തും” എന്ന് മറുപടി നൽകി ഫോൺ കട്ട് ചെയ്തു.
ഫോൺ വിളിക്കിടയിൽ പാതിയിൽ മുറിഞ്ഞുപോയ “രഫ്ത രഫ്ത വൊ മേരി”ക്ക് വീണ്ടും ജീവൻ വെച്ചിരുന്നു. മഴ നൃത്തംവെക്കുന്ന മുന്നിലെ ഗ്ലാസ്സിൽ ഗസലിൻ്റെ ഈണത്തിനൊപ്പം വൈപ്പറുകൾ താളം പിടിച്ചുകൊണ്ടിരുന്നു.
ആരുടെയെങ്കിലുമൊക്കെ നിർബന്ധത്തിന് വഴങ്ങി എന്തെങ്കിലുമൊക്കെ എഴുതിപ്പിടിപ്പിക്കാനുള്ള കഴിവ് തനിക്കില്ലെന്ന് അയാൾ ഫസലിനെ ബോധിപ്പിച്ചെങ്കിലും നിശ്ചയിച്ചുറപ്പിച്ച പ്രകാരം വണ്ടിയുമായി അവൻ അതിവേഗം മുന്നോട്ട് കുതിച്ചുകൊണ്ടേയിരുന്നു.
”നേരത്തെ ഞാൻ വിളിച്ചത് ബെന്നിച്ചനെയാണ്. പുള്ളിയുടെ വീട്ടിലേക്കാണ് നമ്മൾ പോകുന്നത്, ആളൊരു അരസികനാണ്… അവിടെ ഏറുമാടം എന്നപേരിലൊരു റിക്കവറിസർവ്വീസ് നടത്തുന്നു… ചുരുക്കി പറഞ്ഞാൽ ആസ്തമ രോഗിയായ ഒരു ഒറ്റയാൻ.” ഫസൽ വിശദീകരിച്ചു തുടങ്ങി.
”അരസികനായ ആളുടെ വീട്ടിലിരുന്നാണോ ദൌത്യം നിർവ്വഹിക്കേണ്ടത്?”
ചിരിച്ചുകൊണ്ട് അയാൾ ചോദിച്ചത് ഫസൽ ശ്രദ്ധിക്കാൻ വഴിയില്ല; ഓവർടേക്ക് ചെയ്ത് മുന്നിലേക്ക് ചാടി അലസമായി വണ്ടിയോടിക്കുന്നവനെ ഹോണടിച്ച് തെറി വിളിക്കുന്ന തിരക്കിലായിരുന്നു അവൻ.
“ബെന്നിച്ചനെ പരിചയപ്പെട്ടത് ബഹുരസമാണ്” ഫസൽ പറഞ്ഞുതുടങ്ങി… ”ഒരു ദിവസം സന്ധ്യയോടടുത്ത സമയത്ത് കാട്ടുവഴിയിൽവെച്ച് എൻ്റെ കയ്യിൽ മുമ്പുണ്ടായിരുന്ന വണ്ടി ബ്രേക്ക്ഡൗൺ ആയി. കൂടെ വൈഫും കുട്ടികളും. വിജനമായ വഴിയിൽ പ്രാർത്ഥനയോടെ കാത്തിരുന്ന ഞങ്ങൾക്ക് മുന്നിലൊരു ബൈക്ക് യാത്രികൻ.. ഏതോ ഒരു വ്ളോഗർ ആണെന്ന് പിന്നീട്ട് മക്കൾ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്, പുള്ളി വിളിച്ച് ഏർപ്പാടാക്കി തന്നതാണ് ബെന്നിച്ചൻ്റെ റിക്കവറിയെ. ആശ്രയമറ്റവൻ്റെ മുന്നിലേക്ക് ദൈവദൂതനെ പോലൊരാൾ കടന്നു വരികാന്നൊക്കെ പറയില്ലെ? അത് പോലെ, അന്ന് മുതൽ കൂട്ട് കൂടിയതാണ്“
”എവിടെത്തി, എങ്ങോട്ടാ പോക്ക്? ആ ചെങ്ങായിനോട് മെല്ലെ വണ്ടി ഓടിച്ചാ മതീന്ന് പറ്യേണംട്ടാ!“ അകലം കുടുംതോറും അടുപ്പം വർദ്ധിക്കുന്ന ഒരു പ്രതിഭാസമാണ് താനെന്ന് തെളിയിക്കുന്നതിനുള്ള ചോദ്യങ്ങളും ഉപദേശങ്ങളുമായി പതിവുതെറ്റിക്കാതെ അയാളുടെ ഭാര്യയുടെ ഫോൺകോളെത്തി.
‘’യാത്രയിലാണ്, സ്ഥലം പരിചിതമല്ല, അവിടെയെത്തി വിളിക്കാം…” സമാശ്വാസവാക്കുകളിലൊതുക്കി ഫോൺ കട്ടാക്കുമ്പോൾ കോടയിറങ്ങിയ വീഥിയിലൂടെ ഒരുപറ്റം ആടുകൾ റോഡു മുറിഞ്ഞ് കടക്കുന്നതിന് വേണ്ടി വണ്ടി നിറുത്തിയിട്ടിരുന്നു. അവയെ നോക്കുന്ന ആളാവണം, നടക്കാൻ ഏറെ പ്രയാസപ്പെടുന്ന, കാലിന് സാരമായ എന്തോ അസുഖം ബാധിച്ച, ക്ഷീണിതനായ ഒരു ചെറുപ്പക്കാരനും പിറകെ ഉണ്ടായിരുന്നു.
“ങ്ങ്ഹാ, ഒരു കാര്യം പറയാൻ മറന്നു, ഇവിടെ റെയ്ഞ്ച് കിട്ടാത്തത്. കൊറേ നേരമായി ശ്രമിച്ചോണ്ടിരിക്കുവാ!, ഉച്ചക്ക് ഭക്ഷണം ഇവിടെ വന്നിട്ട് നമുക്കൊരുമിച്ചു കഴിക്കാം. സോഫിയാൻ്റിടെ ഫാമിൽ നിന്ന് നല്ലൊരു താറാവിനെ പിടിച്ചറുത്ത് റോസ്റ്റാക്കിവെച്ചിട്ടുണ്ട്. കൂട്ടിന് കിടിലൻ നെയ്ച്ചോറും” എന്ന് ഓർമ്മിപ്പിക്കുന്നതിന് ബെന്നിച്ചൻ വീണ്ടും വിളിച്ചു.
പിന്നെ വഴിനീളെ ബെന്നിച്ചൻ്റെ പാചക നൈപുണ്യത്തെ കുറിച്ചുള്ള വായിൽ വെള്ളമൂറുന്ന രീതിയിലുള്ള അവതരണമായിരുന്നു.
‘‘നീ, ഒരു കാര്യം ചെയ്തേക്ക്! ഈ ഷോർട്ട് ഫിലിമും വട്ടുമൊക്കെ അവസാനിപ്പിച്ച് ഒരു ഫുഡ് വ്ളോഗ് തുടങ്ങിക്കോ! നിൻ്റെ അവതരണ ശൈലി വെച്ച്നോക്കുമ്പോൾ കാഴ്ചക്കാർ ഏറും…”
ഫസൽ ചിരിച്ചെങ്കിലും ബ്രേക്കിട്ട പോലെ ഗൗരവം വരുത്തി.
‘‘ഈ ഷോർട്ടു ഫിലിമും ക്യാമറയും പാഷനുമൊക്കെയായി നടക്ക്ണതിൻ്റെ സുഖം വ്ളോഗിലൊന്നും കിട്ടില്ലടോ” എന്നു പറഞ്ഞ് ഹെയർ പിന്നുകളിൽ ലാഘവത്തോടെ ഓടിച്ചു കയറി.
അൽപം മുൻപ് പെയ്ത മഴയുടെ ശേഷിപ്പുകൾക്കൊപ്പം കോടയിറങ്ങി വഴിയിൽ പുകമറ തീർത്തുക്കൊണ്ടിരുന്നു. “ആയിയേ… ബാരിഷോം കാ മൗസം ഹെ………” എന്ന പങ്കജ് ഉദാസിൻ്റെ ഗസൽ സെർച്ച് ചെയ്ത് പ്ലേ ചെയ്യിച്ച് താളം പിടിച്ചു കൊണ്ട് ഫസൽ മഴയേയും മഞ്ഞിനേയും ഇരുവശമുള്ള കാപ്പിത്തോട്ടത്തേയും ആസ്വദിക്കാൻ അയാൾക്ക് പഠിപ്പിച്ചുകൊണ്ടിരുന്നു. തുറന്നിട്ട വിൻഡോയിലൂടെ നുഴഞ്ഞുകയറിയ ശീതക്കാറ്റിന് ലാങ്കിപൂക്കളുടെ മണമുണ്ടായിരുന്നു. തുടർന്ന് ഗുൽമോഹറുകൾ ചുവപ്പുവിരിച്ച മെയിൻ റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഒരു കലാകാരൻ്റെ മനോഹരമായ പെയ്ൻ്റിംഗ് പോലെ കൊക്കയോട് ചേർന്നുള്ള ആൽമരത്തിൽ കരവിരുതാൽ അലങ്കരിച്ചൊരുക്കിയ ഏറുമാടവും അതിനോട് അധികം ദൂരെയല്ലാതെ ഒറ്റമുറി വീടും നിൽക്കുന്നതിന് മുന്നിൽ അവർ വണ്ടിയിറങ്ങി. അവരെ പ്രതീക്ഷിച്ചിട്ടെന്നവണ്ണം ‘ഏറുമാടം’ എന്ന് ബോർഡെഴുതിവെച്ച റിക്കവറി വണ്ടിയിൽചാരി, കറുത്ത ജുബ്ബയും തുണിയും ധരിച്ച് ഒലീവ് തടിയിൽ തീർത്ത മണികളിൽ വെള്ളികെട്ടിയ കുരിശുമാല കഴുത്തിലണിഞ്ഞ് ഒരു പരുക്കൻ രൂപം കാത്ത് നിൽപ്പുണ്ടായിരുന്നു.
“ബെന്നിച്ചാ, ഇതാണ് കക്ഷി” ഫസൽ അയാളെ പരിചയപ്പെടുത്തി.
“അല്ലേലും ഊശാൻതാടിയും ജുബ്ബയും തോൾസഞ്ചിയുമൊക്കെ ഈ സിനിമക്കാരുടെ കോപ്രായങ്ങളല്ലേർന്നോ? വൃത്തിയും മെനയുമുള്ളോരും എഴുത്തുകാരായി ഭൂമിമലയാളത്തില് ഉണ്ടെന്ന് അടുത്ത കാലംവരെ അറിഞ്ഞിരുന്നേ ഇല്ല” പാറപ്പുറത്ത് ചിരട്ട ഉരക്കുന്ന തരത്തിലുള്ള ബെന്നിച്ചൻ്റെ ശബ്ദത്തോട് യാതൊരു സാമ്യവുമില്ലാത്തതായിരുന്നു തുടർന്നുകേട്ട ഗിനിക്കോഴികളുടെ കരച്ചിൽ പോലെയുള്ള ചിരി. ചിരിയൊടുങ്ങും മുന്നെ ശ്വാസഗതിയിലെ താളപ്പിഴയെ ഇൻഹേലറിലെ രണ്ടു ഡോസെടുത്ത് ശരിപ്പെടുത്തുമ്പോൾ അടുത്തെവിടെയോ താമസിക്കുന്ന മയിൽ ആ ചിരി കരച്ചിലായ് ഏറ്റെടുത്തിരുന്നു.
“എഴുത്തുകാരൻ എന്ന് വിശേഷിപ്പിക്കാൻ മാത്രം ഞാനൊന്നും കാര്യമായിട്ടെഴുതിയിട്ടില്ല”
“ഇനി കാര്യമാവാലോ” എന്നു പറഞ്ഞ് ബെന്നിച്ചൻ അവരെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു. നെയ്യിൽ വറുത്തെടുത്ത ഉള്ളിയുടെ മണം ആ ഒറ്റമുറിവീട്ടിൽ നിറഞ്ഞു നിന്നിരുന്നു.
വിശപ്പിന് മുന്നിലേക്ക് കുരുമുളകിട്ടു വഴറ്റിയ താറാവ്റോസ്റ്റും നെയ്ച്ചോറും നിരന്നു. പ്രാർത്ഥനയോടെ പ്രാരംഭം കുറിച്ച ബെന്നിച്ചന് അഭിമുഖമായിരുന്നിരുന്ന അയാൾക്കു നേരെ നോക്കി “എഴുത്തുകാരോട് എനിക്ക് പണ്ടേ അസൂയയാണ്, എന്നാത്തിനാ എന്ന് ചോദിച്ചാൽ അതങ്ങനെയാന്ന് കൂട്ടിക്കോ! യവന കഥയിലെ പ്രൊമിത്യൂസാണ് എഴുത്തുകാരെന്ന് എനിക്ക് തോന്നാറുണ്ട്! പണ്ട് വെളിച്ചം കട്ടെടുത്ത് സമ്മാനിച്ചെങ്കിൽ വെളിച്ചമായേക്കാവുന്ന സ്വന്തം അനുഭവമോ അല്ലേൽ മറ്റുള്ളോരുടെ അനുഭവങ്ങളോ മോട്ടിച്ചല്ലേ ലോകത്തിന് നൽകുന്നത്… Every art possessed by man comes from Prometheus… എന്നല്ലേ?” എന്ന് ചോദിച്ചപ്പോൾ രുചിയുടെ ആസ്വാദനത്തിന് മുറിവേൽക്കാതിരിക്കാൻ മറുത്ത് പറയാതെ ശരിവെച്ച് കൊടുക്കാനേ അയാൾക്ക് കഴിഞ്ഞുള്ളു.എങ്കിലും എന്തെങ്കിലും പറയാതിരുന്നാൽ എന്തു വിചാരിക്കുമെന്ന ചിന്തയാവാം ”വെളിച്ചം കട്ടെടുത്ത് നൽകിയതിനാണത്രെ പ്രൊമിത്യൂസിനെ ബന്ധനസ്ഥനാക്കിയത്… വെളിച്ചമെന്നാൽ ജ്ഞാനോദയമെന്നും അർത്ഥമുണ്ട്” എന്ന് പ്രതികരിക്കാൻ അയാളെ പ്രേരിപ്പിച്ചത്. അത് വരെ മുഴങ്ങി കേട്ടിരുന്ന മയിലിൻ്റെ കരച്ചിൽ നേർത്ത്നേർത്ത് ദൂരേക്ക് പോയിരുന്നു. ഭക്ഷണശേഷവും മുറി നിറയെ നെയ്യിൽ വറുത്തെടുത്ത ഉള്ളിയുടെ ഗന്ധം നിറഞ്ഞുനിന്നിരുന്നു. കൂടെ നിശബ്ദതയും.
കനംവെച്ച് തുടങ്ങിയ നിശബ്ദതയെ മുറിച്ച് “ബെന്നിച്ചാ! നിങ്ങൾക്ക് പറയാനുള്ളത് പുള്ളിയോട് പറഞ്ഞ്, നല്ലൊരു കഥ തയ്യാറാക്കൂ. കഴിഞ്ഞ ഷോർട്ട് ഫിലിമിൻ്റെ ഫൈനൽവർക്കുകൾ തീർത്ത് ഒരാഴ്ച തികഞ്ഞാൽ ഞാൻ ഓടിയെത്തും. അതിനുള്ളിൽ എല്ലാം സെറ്റാക്കിയിരിക്കണം“ എന്ന് ഫസൽ പറഞ്ഞത് കേട്ട് അയാൾ ഫസലിനേയും ബെന്നിച്ചനേയും മാറി മാറി നോക്കി.
അത് ശ്രദ്ധിച്ചിട്ടാവണം “നിൻ്റെ നമ്പറിൽ ഗൂഗിൾപേ ഇല്ലേ?” എന്ന് ഫസൽ ചോദിച്ചത്. ഉണ്ടെന്ന തലയാട്ടലിനെ തുടർന്ന് അക്കൗണ്ടിൽ ഒരു തുക വരവ് വെച്ചതിൻ്റെ മെസ്സേജ് ലഭിച്ചതുകണ്ട് അയാൾ ആശ്ചര്യപ്പെട്ടു. “ഫീസടച്ചേക്ക്! കൂടെ നല്ലൊരുകഥയും റെഡിയാക്ക്.. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാൻ മറക്കേണ്ട!, ബെന്നിച്ചാ, നോക്കിക്കോണേ” എന്നും പറഞ്ഞ് ധൃതിപ്പെട്ട് ഫസൽ മഴയിലേക്ക് ഇറങ്ങി പോകുമ്പോഴും അയാളുടെ മരവിപ്പ് വിട്ട് മാറിയിരുന്നില്ല.
“എഴുതാൻ താങ്കൾക്കിവിടം ഉപയോഗിക്കാം! ഞാനാ ഏറുമാടത്തിലും വണ്ടിയിലുമൊക്കെയായി കാണും” തറയിൽ അരിച്ചു നടന്നിരുന്ന അട്ടയുടെ മേലെ ഉപ്പെടുത്ത് വിതറി “ദോണ്ടെ ഇവൻമാരിവിടെ അനുവാദം ചോദിക്കാതെ എഴുന്നെള്ളും, കയ്യോടെ ഉപ്പെടുത്ത് ഇട്ടേച്ചാൽ എല്ലാം ശുഭം” എന്നു പറഞ്ഞ് ബെന്നിച്ചൻ ഗിനിക്കോഴിയുടെ ശബ്ദത്തിൽ ചിരിച്ചു. വലതുവശത്തെ ചില്ലുജാലകത്തിലൂടെ, പുകമറയിലൂടെ മലനിരകൾ കാണാമായിരുന്നു.
അപരിചിതത്വത്തിൽ നിന്ന് വിടുതൽ ലഭിക്കാൻ “നിങ്ങൾക്കിവിടെ മറ്റാരുമില്ലേ?” എന്ന ചോദ്യമെറിഞ്ഞ് അയാൾ ഉത്തരത്തിനായ് കാത്തിരുന്നു. ചുമരിലെ പഴഞ്ചൻ ക്ലോക്കിലെ പെൻഡുലമാടുന്ന ശബ്ദത്തെ ദീർഘനേരം കേൾക്കേണ്ടി വന്നതിന് ശേഷം മാത്രം “ഞാനിവിടൊരു ഒറ്റാൻ തടിയാ” എന്ന ഉത്തരം ലഭിച്ചു, പിന്നെ പുറത്തെ റോഡിനപ്പുറത്തുള്ള കുന്നിൻ ചെരിവിലേക്ക് ചൂണ്ടി “ദോണ്ടെ! ദാ,അവിടെ ഒരു വീടുണ്ടാർന്നു, അതിലായിരുന്നു ഞാനും അപ്പച്ചനും അമ്മച്ചിയുമൊക്കെ താമസിച്ചേർന്നത്” അയാൾ ബെന്നിച്ചൻ ചൂണ്ടിയ ഭാഗത്തേക്ക് സൂക്ഷിച്ച് നോക്കിയെങ്കിലും കാട്ടുചെടികൾ പടർന്നു പന്തലിച്ചു നിൽക്കുന്നതല്ലാതെ മറ്റൊന്നും കാണാൻ കഴിഞ്ഞില്ല. “ആറു വർഷം മുന്നെ അമ്മച്ചിയെ കർത്താവ് വിളിച്ചു, അപ്പച്ചനിൽ നിന്ന് രക്ഷിച്ചൂന്ന് പറയുന്നതാവും ശരി” തൻ്റെ ശബ്ദവും മുഖവും രൗദ്രമാകുന്നത് അയാൾ ശ്രദ്ധിക്കുന്നുണ്ടെന്ന ബോധ്യമായപ്പോൾ ബെന്നിച്ചൻ ശാന്തത കൈ കൊണ്ട് തുടർന്നു “അത്രക്കും മുരടനായിരുന്നു അപ്പച്ചൻ, അമ്മച്ചി പോയേൽപ്പിന്നെ വല്ലപ്പോഴും മാത്രം ഉപയോഗിച്ചേർന്ന ഈ വീട്ടിൽ ഞാൻ സ്ഥിരമാക്കി. അത് ഒരു കണക്കിന് നന്നായി! അല്ലേൽ രണ്ടു വർഷം മുന്നത്തെ ഉരുൾപൊട്ടലിൽ അപ്പനോടൊപ്പം ഞാനും പോയേനെ!” പിന്നെയുണ്ടായ മൗനത്തിലേക്ക് പഴഞ്ചൻ ക്ലോക്കിൻ്റെ പെൻഡുലശബ്ദം അരിച്ചു കയറാൻ തുടങ്ങി.
“കാലം കണക്ക് തീർക്കാന്നും കാവ്യനീതിയെന്നും നിങ്ങള് എഴുതിപിടിപ്പിക്കാറില്ലെ?” ചോദ്യത്തിന് മൗനമല്ലാതെ മറുത്തൊന്നും അയാളിൽ നിന്ന് ലഭിക്കാത്തത് കൊണ്ടാവണം ബെന്നിച്ചൻ തുടർന്നു “അത്തരമൊരു അന്ത്യമായിരുന്നു പിടിവാശിക്കാരനായ അപ്പൻ്റേത്! അതോണ്ടാണല്ലോ കർത്താവ് ഉടലോ, കിടപ്പാടോ അവശേഷിപ്പിക്കാതെ മണ്ണിലെവിടെയോ ഒളിപ്പിച്ചത്” എന്നുപറഞ്ഞ് കൊണ്ടിരിക്കുമ്പോൾ ഇടതടവില്ലാതെയുള്ള മണിയടിയടിയെ തുടർന്ന് ഫോണെടുത്ത് ‘“എവിടെ? ഇപ്പൊ വന്നേക്കാം!” എന്ന ഉറപ്പ് നൽകി “ഒരു കോളൊത്തിട്ടുണ്ട്, പോയി നോക്കിയേച്ചു വരാവെ!” എന്നു മുഴുമിപ്പിക്കുന്നതിന് മുന്നെ റിക്കവറിവാൻ സ്റ്റാർട്ട് ചെയ്ത് പുറപ്പെട്ടു.
ഒറ്റപ്പെടലിൻ്റെ വീർപ്പുമുട്ടലിൽ നിന്ന് മോചനം ലഭിക്കുന്നതിന് വേണ്ടി മൊബൈലിലെ ഗൂഗിൾഡോക് ആപ് തുറന്ന് പുതിയ ഒരു ഷീറ്റെടുത്ത് എഴുതാനുള്ള കഥയുടെ തലവാചകമായി ഏറുമാടമെന്ന് കുറിച്ച് ഉരുളെടുത്ത ഭാഗത്തേക്ക് തന്നെ അയാൾ നോക്കിയിരുന്നു.
പരുക്കനായ പിതാവിൻ്റെ സ്വഭാവദൂഷ്യം കൊണ്ട് ദൈവം കൊടുത്ത ശിക്ഷയാണ് ഉരുൾപൊട്ടലെന്ന ത്രെഡ്ഡിൽ നിന്ന് വിശേഷിച്ച് എന്ത് എഴുതാനാണ്? ആ ഒരു പ്രതലത്തിൽ ഷോർട്ട്ഫിലിമിന് എന്തു സാധ്യതയാണുള്ളത്? തൻ്റെ ഉപജീവനമാർഗ്ഗമായത്കൊണ്ട് അപകടത്തെ “കോളൊത്തിട്ടുണ്ട്” എന്ന് വിശേഷിപ്പിക്കുന്ന റിക്കവറി വാഹനമുടമയെപറ്റി എഴുതിയാൽ ഒത്തിരി കേട്ടിട്ടുള്ള ശവപ്പെട്ടി കച്ചവടക്കാരന്റെ കഥയിൽനിന്ന് എന്ത് വ്യത്യസ്തതയാണ് ഒരു ഷോർട്ട് ഫിലിമിലൂടെ നൽകാൻ കഴിയുക? എത്ര ആലോചിച്ചിട്ടും ഒരെത്തുംപിടിയും കിട്ടാത്തതിനാൽ അയാൾ ചില്ലുജാലകത്തിലൂടെ പുറംകാഴ്കൾ കണ്ടാസ്വദിക്കുമ്പോൾ തലവാചകമായി കുറിച്ചിട്ട ഗൂഗിൾഡോക്കിലെ “ഏറുമാടം“ എന്ന് അയാൾ എഴുതിയത് തെളിഞ്ഞു തന്നെ കിടന്നു.
“താനേതാടാ കൊച്ചനേ?” എന്ന പുറത്ത്നിന്ന് കയ്യിലൊരു സഞ്ചിയുമായി അകത്തേക്ക് എത്തിനോക്കിയുള്ള, കോട്ടൻസാരിക്കുള്ളിലെ പ്രായമായ സത്രീയുടെ ചോദ്യം കേട്ടാണ് അയാൾ ചിന്തയിൽ നിന്ന് ഉണർന്നത്.
“ഞാൻ ബെന്നിച്ചൻ്റെ കൂട്ടുകാരനാണ്” എന്ന് അയാൾ ഒരുവിധം പറഞ്ഞൊപ്പിച്ചെങ്കിലും സംശയം അവശേഷിക്കുന്ന മുഖഭാവത്തോടെ അവർ സൂക്ഷിച്ചു നോക്കി കൊണ്ടിരുന്നു.
“താനാണോ കഥ എഴുതാൻ വന്ന ബെന്നീടെ പ്രൊമിത്യൂസ്! അങ്ങനെ വരട്ടെ!” എന്നുറക്കെപ്പറഞ്ഞ് പിന്നെ സ്വരം താഴ്ത്തി “അവനേയ്, ലേശം കിറുക്കുണ്ടേലും സ്നേഹംള്ളോനാ, സോഫിയാൻറീന്ന് പറഞ്ഞാൽ ബെന്നിക്ക് ജീവനാ, അവനൊന്നും പറഞ്ഞില്ലേ?”
അപരിചിതത്വത്തിൻ്റെ മറനീക്കാൻ വഴിമരുന്നിട്ട കച്ചിത്തുരുമ്പിൽ തന്നെ മുറുക്കെപ്പിടിച്ച് “ഇന്ന് ഭക്ഷണം കഴിക്കുമ്പോൾ കൂട്ടിയ താറാവ് ആൻറിയുടേതാണെന്നും ആൻ്റിക്ക് ഫാമുള്ള വിവരവും ഒക്കെ പറഞ്ഞിരുന്നു”
“വയറ്റീപ്പെഴപ്പിനുള്ള മാർഗ്ഗമാണ് കൊച്ചനേ, ജീവിക്കേണ്ടായോ?” എന്നു പറഞ്ഞു കഴിയുമ്പോഴേക്ക് കണ്ഠമിടറുകയും മുഖത്ത് ദു:ഖം നിഴലിക്കുകയും ചെയ്തിരുന്നു. ഒരു ദീർഘനിശ്വാസത്തിന് ശേഷം “ആട്ടെ! മോന്റെ പേരെന്തുവാ” എന്ന ചോദ്യത്തിന് ഒട്ടുമാലോചിക്കാതെ പൊടുന്നനെയുള്ള അയാളുടെ “പ്രൊമിത്യൂസ്“ എന്ന ഉത്തരം കേട്ട്, നിറഞ്ഞ കണ്ണുകളെ സാരിത്തലപ്പുകൊണ്ട് തുടച്ച് ഒന്നുമുരിയാടാതെ പുറത്തെ കോടയിലേക്ക് ഇറങ്ങി കയ്യിൽ കരുതിയിരുന്ന സഞ്ചിയിൽ നിന്ന് ഒരു പടല പഴമെടുത്ത് അതിരിൽ പൊന്തക്കാടിനോട് ചേർന്ന കലുങ്കിലെ വാനരക്കൂട്ടങ്ങൾക്ക് സമ്മാനിച്ച് ധൃതിയിൽ നടന്നുപോകുന്നത് ഒന്നും മനസ്സിലാക്കാൻ കഴിയാതെ നോക്കി നിൽക്കാനെ അയാൾക്ക് കഴിഞ്ഞുള്ളു.
വന്നുകയറിയ ഉടനെ ബെന്നിച്ചനിൽ നിന്നു കേട്ടതും ഇപ്പോൾ ഇവരിൽനിന്ന് കേട്ടതുമായ പ്രൊമിത്യൂസ് എന്ന പേര് ഒരു തമാശ രൂപേണ തിരികെ പറഞ്ഞത് ഇത്രമാത്രം വേദനിപ്പിച്ചെങ്കിൽ, അതിൽ എന്തോ ഒളിഞ്ഞിരിപ്പുണ്ടെന്ന ചിന്തയായിരുന്നു അയാൾക്കപ്പോൾ മനസ്സിൽ ഉടലെടുത്തത്.
ഏറെ വൈകിയാണെങ്കിലും ബെന്നിച്ചൻ തിരിച്ചെത്തിയപ്പോൾ അക്കാര്യം സൂചിപ്പിക്കാതിരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. ജൂബ്ബ വലിച്ചൂരി ആങ്കറിൽ കൊളുത്തുന്നതിനിടയിൽ ചിരിച്ച് പിന്നെ എന്തോ ആലോചിച്ചിട്ട് “അതൊരു കഥയാ, ഞങ്ങളെ ഇടവകേലെ പള്ളിപ്പെരുന്നാളിന് നാടകം കളിക്കാൻ വന്നതാ, തൊമ്മിച്ചായൻ! അതായത് സോഫിയാൻ്റിടെ കെട്ട്യോൻ” കൂജയിൽ നിന്ന് വെള്ളമെടുത്ത് കുടിച്ച് ഒരു സ്ഥലത്ത് ഇരുപ്പുറപ്പിച്ച് കഥ തുടർന്നു “സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും സമർപ്പണമായ പ്രൊമിത്യൂസ് ആയിരുന്നു നാടകം, മനുഷ്യന് വെളിച്ചമേകിയതിൻ്റെ പേരിൽ കാക്കസസ് മലയിൽ ബന്ധനസ്ഥനാക്കിയ കഴുകൻ കരൾ കൊത്തിപ്പറിക്കുന്ന പ്രൊമിത്യൂസ് ആയി അരങ്ങു തകർത്ത് അഭിനയിക്കുമ്പോൾ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട് പിന്നണി പാടിയിരുന്നത് സോഫിയാൻ്റിയായിരുന്നു.”
ബെന്നിച്ചൻ ഇരുന്നിടത്ത് നിന്ന് എണീറ്റ് അലമാരയിൽ സൂക്ഷിച്ച പഴകിയ ആൽബമെടുത്ത് മറിച്ച് കുടുംബ ഫോട്ടോകളോടൊപ്പം നാടക ഫോട്ടോയും അയാൾക്ക് കാണിച്ചു കൊടുത്തുകൊണ്ട് തുടർന്നു. “പ്രണയം പൂവിടാൻ പിന്നെ അധിക സമയൊന്നും വേണ്ടി വന്നില്ല, നാടകം തട്ടേൽ കേറിയതിൻ്റെ പിറ്റേദിവസം വീടും കുടുംബവും പോറ്റി വളർത്തിയോരെയുംവിട്ട് തൊമ്മിച്ചായനോടൊപ്പം സോഫിയാൻ്റി നാടുവിട്ട് ദാ, ഇവിടെ വന്ന് താമസിക്കാൻ തൊടങ്ങി”.
”ആഹാ! ഇതൊക്കെ ഉണ്ടായിട്ടാണോ എന്നോട് കഥ എഴുതാൻ ആവശ്യപ്പെടുന്നത്? ആട്ടെ! സോഫിയാൻ്റിടെ വീടും ഫാമും നമുക്കൊന്ന് കാണാൻ പറ്റുമോ?
“നേരം വെളുക്കട്ടെ!” എന്നുപറഞ്ഞ് വരുമ്പോൾ വാങ്ങിക്കൊണ്ടു വന്ന പാർസൽ പൊതിയെടുത്ത് തുറന്ന് കഴിക്കാൻ ക്ഷണിച്ചു. പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല. രാത്രി ഭക്ഷണ ശേഷം പോക്കറ്റിൽ സൂക്ഷിച്ച ഇൻഹേലറിൽ നിന്ന് പതിവുപോലെ ഡോസെടുത്ത് ബെന്നിച്ചൻ ഏറുമാടത്തിലേക്ക് കയറിപ്പോയി.

വര : പ്രസാദ് കാനാത്തുങ്കൽ
ഒറ്റപ്പെട്ട മയിലിൻ്റെ കരച്ചിലിനോടൊപ്പമാണ് നേരം പുലർന്നത്, പുറത്തെ മഞ്ഞ് ദൂരക്കാഴ്ച മറച്ചിരുന്നു ഏറുമാടത്തിൽനിന്ന് ഇറങ്ങി വന്ന ബെന്നിച്ചൻ്റെ ‘’വേഗം റെഡിയായാൽ നമുക്ക് സോഫിയാൻ്റിടെ വീട്ടിൽനിന്ന് പ്രാതൽ കഴിക്കാം” എന്ന അഭിപ്രായത്തോട് അയാളും യോചിച്ചു.
താമസ സ്ഥലത്ത് നിന്നും അധികം ദൂരയല്ലാതെയുള്ള ചർച്ചിനടുത്തുള്ള വളവ് തിരിഞ്ഞ് താഴോട്ട് പോകുന്ന വഴിയിലൂടെ കുറച്ചുദൂരം നടന്ന് സോഫിയാൻ്റിടെ വീടെത്തുമ്പോൾ കോഴിക്കൂട്ടിൽ നിന്നും മുട്ടകൾ ശേഖരിക്കുന്ന തിരക്കിലായിരുന്നു അവർ.
“ഇരിക്ക് മക്കളേ ആൻ്റി, ദോണ്ടെ ഇപ്പൊവരാവെ” ധൃതിയിൽ അകത്തേക്കോടി കഴിക്കാനുള്ള വിഭവങ്ങൾ, പുറത്ത് പഴകിദ്രവിച്ചു തുടങ്ങിയ മേശയിൽ നിരത്തി, “ബാക്കി വെക്കാതെ അപ്പിടി തിന്നേക്കണം” എന്ന നിർദ്ദേശം വെച്ചു. സഹായത്തിന് കൂടെയുണ്ടായിരുന്ന പെൺകുട്ടി ഇടക്കിടെ ഇടംകണ്ണിട്ട് ബെന്നിച്ചനെ നോക്കി ചിരിക്കുന്നത് അയാൾ ശ്രദ്ധിക്കുന്നത് മനസ്സിലാക്കിയിട്ടാവണം “ഇത് മോളാ, സാറ – രണ്ടിനേം പിടിച്ച് കെട്ടിക്കാൻ തീരുമാനിച്ചേക്കുവാ! എത്രകാലമായി പറയുവാ, ഇവളെയും കെട്ടിയേച്ച് ഇവിടെ വന്ന് താമസിക്കാൻ, അതിനെങ്ങനെയാ ആ പൊത്തില് കെടന്നാലല്ലെ ഒറക്കം കിട്ടത്തുള്ളു…. ൻ്റെ കർത്താവെ, ഈ മരങ്ങോടൻ്റെ നേരോം സമയോക്കെ ഇനി എപ്പൊഴാണാവോ?” എന്നുപറഞ്ഞ് ബെന്നിയുടെ തലക്കൊന്ന് തോണ്ടാൻ സോഫിയാൻ്റി മറന്നില്ല.
ബെന്നിച്ചന്റെ മുഖത്ത് ജാള്യത നിറഞ്ഞ ഒരു ചിരി നിഴലിച്ചിരുന്നു. കഴിച്ചെഴുന്നേറ്റ്, “ഞങ്ങൾ കരോട്ട് പോകുവാ” എന്നും പറഞ്ഞ് ബെന്നിച്ചനും അയാളും പടിയിറങ്ങുമ്പോൾ സ്നേഹത്തിൻ്റെയും വാത്സല്യത്തിൻ്റെയും കണ്ണുകൾ കാഴ്ചമറയുവോളം അവരെ പിന്തുടർന്നിരുന്നു.
യാത്രാമദ്ധ്യേ ബെന്നിച്ചന് ഏറെയും സംസാരിക്കാനുണ്ടായിരുന്നത് പ്രണയത്തെ കുറിച്ചായിരുന്നു. പ്രണയ വിശേഷങ്ങളുടെ നീരൊഴുക്ക് അയാൾ പ്രതീക്ഷിച്ചതുപോലെ തന്നെ ദൂതകാലത്തിലേക്ക് ഗതി മാറിയപ്പോൾ ഒഴുകുവാൻ പാകത്തിലുള്ള ചാലൊരുക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു. വിഷയം വരുതിയിലൊതുങ്ങിയെന്നു കണ്ടപ്പോൾ പ്രൊമിത്യൂസിനെ കുറിച്ച് ചോദിക്കാനും അയാൾ മറന്നില്ല. “അതൊക്കെ ഇനി എന്നാത്തിനാ? എന്നാലും ചോദിച്ച നെലക്ക് പറയാം, ആന അവറാച്ചൻ എന്നു പറഞ്ഞാലെ എൻ്റെ അപ്പനെ നാലാള് അറിയത്തുള്ളു, ആനപ്പകപോലെ പക പോക്കാൻ നടനേർന്നതോണ്ട് വന്ന എരട്ട പേരാ! അങ്ങനെ ഉള്ളോരു ആൾടെ പെങ്ങളെ നാടകം കളിക്കാൻ വന്ന വരത്തൻ തട്ടിയെടുത്തേച്ചും പോയാൽ നോക്കിയിരിക്ക്വോ! നാടകം കളിക്കാനും പ്രണയിക്കാനുമവസരം ഒരുക്കി കൊടുത്തത് അമ്മച്ചിയാന്നും പറഞ്ഞേച്ചായിരുന്നു മൂക്കുമുട്ടെ കള്ളുംമോന്തി വന്നുള്ള തല്ല്” സംസാരത്തിനിടയിൽ വഴിയിൽ കണ്ട കുപ്പിച്ചില്ലെടുത്ത് പൊന്തക്കാട്ടിലേക്ക് എറിഞ്ഞ് ബെന്നിച്ചൻ തുടർന്നു “അമ്മച്ചി കുറേ അനുഭവിച്ചു പാവം! സോഫിയാൻ്റി ഇവിടെ വന്ന് താമസം തുടങ്ങിയപ്പോൾ അമ്മച്ചിക്കൊരു കത്തയച്ചു, കത്തു കിട്ടിയത് മണംപിടിച്ചേച്ച് അപ്പനിവിടെ എത്തി. പെങ്ങളെ പിരിഞ്ഞ് ഇരിക്കാൻമേലാന്നും പറഞ്ഞ് നാട്ടിലെ സ്വത്തും മുതലും വിറ്റ് പെറുക്കി ഇവിടെ താമസാക്കി. പെങ്ങളോട് സ്നേഹം നടിച്ചേർന്നെങ്കിലും പക മുഴുവൻ തൊമ്മിച്ചായനോടും അമ്മച്ചിയോടുമായിരുന്നു, സാറക്ക് രണ്ട് വയസ്സുള്ളപ്പോളൊരു ഉരുൾപ്പൊട്ടലിൻ്റെ മലവെള്ളപ്പാച്ചിലിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്ന തൊമ്മിച്ചനെ അപ്പച്ചൻ തക്കം പാർത്ത് വകവരുത്തുന്നത് കണ്ട ഏക സാക്ഷി അന്ന് പത്തുവയസ്സുകാരനായ ഞാൻ മാത്രമായിരുന്നു.” വിറയാർന്ന വാക്കുകൾ മുഴുമിപ്പിക്കാനാകാതെ ബെന്നിച്ചൻ ശ്വാസമെടുക്കാൻ പ്രയാസപ്പെട്ട് വഴിയരികിലെ കലുങ്കിലിരുന്ന് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഇൻഹേലറെടുത്ത് രണ്ടു ഡോസെടുത്ത് ശ്വാസം നിയന്ത്രണ വിധേയമാക്കി. പൊടുന്നനെ വന്ന മഴയിൽ നിന്ന് രക്ഷനേടാൻ ഓടേണ്ടി വന്നത് കൊണ്ട് മനസ്സ് തുറക്കൽ മുറിഞ്ഞു. തണുപ്പ് സിരകളിലൂടെ അരിച്ചു കയറുന്നതോടൊപ്പം അയാളിൽ ഭയവും അധികരിച്ചു കൊണ്ടിരുന്നതിനാലാവാം ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചത്. “ങ്ങളിത് ഏത് മലമൂട്ടിലാ? വിളിച്ചാ റെയ്ഞ്ചും കിട്ട്ണില്ല, ഫോണിലെ ചാർജ്ജും തീരാറായി! ഇന്നലെ രാവിലെ പോയ കരണ്ടാ ഇത് വരെ വന്നിട്ടില്ല. എടക്കൊന്ന് വിളിക്കാനും പറ്റാത്ത തിരക്കായോ? അല്ലേലും വീട്ടീന്ന് പോയാൽ കുടുംബോം കുട്ട്യേളും ഉണ്ടെന്ന ബോധൊന്നും പണ്ടേ ങ്ങൾക്കില്ലല്ലോ?” മറുത്തെന്തെങ്കിലും പറയുന്നതിന് മുന്നെ കണക്ഷൻ നഷ്ടപ്പെട്ടത് കൊണ്ട് പുറത്തെ ശക്തിയാർജ്ജിച്ച മഴയിലേക്ക് അയാൾ വെറുതെ നോക്കിയിരുന്നു.
പിന്നെ കേട്ടറിഞ്ഞ കഥകളെ കോർത്തിണക്കി ഏറുമാടമെന്ന ശീർഷകത്തിന് താഴെ മഴയുടെ ആരവങ്ങളെ ആവാഹിച്ചെടുത്ത് കുത്തിക്കുറിക്കാൻ തുടങ്ങി. സമയം പോയതറിയാതെ എഴുതിയവ വീണ്ടും വീണ്ടും വായിച്ചും ഭംഗിവരുത്തിയും തിരുത്തിയും കുറിക്കുന്നതിനിടയിൽ ബെന്നിച്ചൻ ഉച്ചഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
ഭക്ഷണവും ചായയും വെള്ളവുമെല്ലാം തന്നിലേക്ക് വരുന്നത് എഴുത്തിനിടയിൽ അയാളറിഞ്ഞിരുന്നെങ്കിലും തീവ്രമഴയുടെ ആരവം തീർത്ത ഭ്രാന്തമായ ആവേശത്തിൽ ആന അവറാച്ചനും അമ്മച്ചിയും സോഫിയാൻ്റിയും തൊമ്മിച്ചനും നാടകവും ഒളിച്ചോട്ടവും കൊലപാതകവും ക്രമം തെറ്റാത്ത വാക്കുകളിലൂടെ കാഴ്ചകളായി മാറിക്കൊണ്ടിരുന്നു. രാത്രിയോടടുത്തപ്പോൾ മാത്രമാണ് അയാൾ ബെന്നിച്ചനോട് സംസാരിച്ചത് “ബെന്നിച്ചൻ്റെ ഈ അവസ്ഥയിൽ ഞാനിന്ന് രാത്രിയൊന്ന് ആ ഏറുമാടത്തിൽ താമസിച്ചോട്ടെ?” തണുപ്പിൻ്റെ അലോസരം കൊണ്ടധികം സംസാരിക്കാനാവാതെ “അയ്ക്കോട്ടെ” എന്ന ആംഗ്യത്തെ സ്വീകരിച്ച് പുറത്ത് കടക്കുമ്പോൾ മഴ ശമിച്ചിരുന്നു.
ഏറുമാടത്തിൽ കയറി നിറുത്തി വെച്ചിടത്ത് നിന്ന് മൊബൈലിൽ വീണ്ടും കുത്തിക്കുറിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു ഫസൽ വിളിച്ചത്: “അല്ലഷ്ടാ! നീ ഭയങ്കര എഴുത്താന്ന് ബെന്നിച്ചൻ പറഞ്ഞല്ലോ! ഇന്ന് മുഴുമിപ്പിക്കോ?”
“ശ്രമിക്കുന്നുണ്ട്, ഞാനറിയിക്കാം” എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്ത് ഒരു മൂലയിൽ വെച്ച് എന്തോ ആലോചിച്ചിട്ടെന്ന പോലെ കയർ ഗോവണിയിറങ്ങി ബെന്നിച്ചന്റെ അടുത്ത് ചെല്ലുമ്പോൾ മുറിയിലേക്ക് കയറി വന്ന അട്ടകൾക്ക് മേലെ ഉപ്പ് പൊടി വിതറുകയായിരുന്നു.
അയാളെ കണ്ടപ്പോൾ “അനുവാദമില്ലാതെ സ്വൈര്യ ജീവിതത്തിലേക്ക് കടന്നു വരുന്നവരെ ബാക്കി വെച്ചേക്കണോ പ്രൊമിത്യൂസെ” എന്ന് ചോദിച്ച് കൊണ്ട് ബെന്നിച്ചൻ ഗിനിക്കോഴിയുടെ കരച്ചിൽ പോലുള്ള ചിരി സമ്മാനിച്ചു.
”എഴുത്തിനിടയിൽ ചെറിയൊരു ആശയം തോന്നി, അതൊന്ന് ഷെയർ ചെയ്യാൻ വന്നതാണ്, ബെന്നിച്ചന് ഇഷ്ടമാവുമെങ്കിൽ മാത്രം കഥ അങ്ങനെയാക്കിക്കോട്ടെ?”
“എന്നാ ആശയമാ?”
“തൊമ്മിച്ചായനെ കൊന്ന അപ്പച്ചനോട്, അതേപോലുള്ള ഒരു ഉരുൾപൊട്ടലിൽ, അപ്പച്ചൻ്റെ അതേ രീതിയിൽ മകൻ പകരം വീട്ടിയെന്ന് എഴുതി അവസാനിപ്പിച്ചോട്ടെ?”
അപ്രതീക്ഷിതമായ് കേട്ട വാക്കുകളിൽ ബെന്നിച്ചൻ മിഴിച്ചിരുന്നു, ”അതേടോ, അത് തന്നെയാ സത്യം! പക്ഷെ എന്നെ വെച്ച് താൻ ഉണ്ടാക്കേണ്ട!” എന്നു പറഞ്ഞ് കയ്യിലെ ഉപ്പു ഭരണി അയാൾക്ക് നേരെ വലിച്ചെറിഞ്ഞ് ബെന്നിച്ചൻ അലറി. കുതറിമാറിയത് കൊണ്ടു മാത്രം തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും ഉപ്പു ഭരണി ചുമരിലിടിച്ച് തറയിൽ ചിന്നിച്ചിതറിക്കിടന്നു. മൽപ്പിടുത്തങ്ങളും ഒഴിഞ്ഞുമാറലും നേരമേറെ വൈകുവോളം നടന്നു. എഴുത്തിനിടയിൽ തോന്നിയ സംശയമെന്ന് ബോധിപ്പിക്കാനേറെ അയാൾ ശ്രമിച്ചെങ്കിലും സ്വൈരജീവിതത്തിലേക്ക് അനുവാദമില്ലാതെ കടന്നു വരുന്ന അട്ടകളെ വകവരുത്തുന്ന ലാഘവത്തോടെ മനുഷ്യനെയും കാണാൻ ശ്രമിക്കുന്നത് കൊണ്ടാവണം ബെന്നിച്ചൻ വീണ്ടും അയാൾക്ക് നേരെ കുതിച്ചു. അയാൾ കുതറിമാറി തള്ളിമാറ്റി മേശപ്പുറത്തിരുന്ന ബെന്നിച്ചൻ്റെ മൊബൈലും കൈക്കലാക്കി പുറത്ത് കടന്ന് വാതിൽ പുറത്ത് നിന്ന് ലോക്ക് ചെയ്യുമ്പോൾ മഴ ശക്തി പ്രാപിച്ചിരുന്നു.
ഒരുവിധം ഏറുമാടത്തിൽ കയറിയെങ്കിലും ആരുമായും ബന്ധപ്പെടാൻ കഴിയാത്ത മൊബൈലിലെ റെയ്ഞ്ചിനെ ഓർത്തും കേട്ടറിഞ്ഞ കഥയിലെ വാക്കുകൾ കൂട്ടിച്ചേർക്കുന്നതിനിടയിൽ തോന്നിയ സംശയം പങ്കുവെച്ചപ്പോൾ ഉണ്ടായ അനുഭവമോർത്തും അയാൾ ഏറെ വിഷമിച്ചു.
പുലർച്ചയോടടുക്കുമ്പോൾ മഴയുടെ ആരവങ്ങൾക്കിടയിലും കുന്നിൻ മുകളിലെ പള്ളിമണി ഇടതടവില്ലാതെ ശബ്ദിച്ച് കൊണ്ടിരുന്നു. അപായ സൂചനയാകാമെന്ന അനുമാനത്തിലെത്തുന്നതിന് മുന്നെ ഉഗ്രശബ്ദത്തോടൊപ്പം ആർത്തനാദങ്ങളും ഉയർന്നിരുന്നു.
മഴയുടെ ശമനത്തിൽ പുറത്തെ കാഴ്ചയിൽ ഒറ്റമുറി വീടിരുന്ന ഇടത്തിലൂടൊരു പുഴയൊഴുകുന്നുണ്ടായിരുന്നു. പ്രകൃതി ബാക്കിവെച്ചവരുടെ കൂട്ടത്തിൽ താനിരിക്കുന്ന മരവും അവശേഷിക്കുന്നുണ്ടെന്ന ആശ്വാസത്തിൽ മൊബൈലിൽ തെളിഞ്ഞ റെയ്ഞ്ചിൽ ഫസലിനെ വിളിച്ചു.
“എന്താ രാവിലെത്തന്നെ! കഥ തീർന്നോ?”
“കഥകഴിഞ്ഞു, നീ ഉടനെ വരണം” എന്നു പറഞ്ഞ് ഫോൺ കട്ടാക്കുമ്പോൾ ഒറ്റപ്പെട്ട മയിലിൻ്റെ കരച്ചിൽ അടുത്തെവിടെനിന്നോ കേൾക്കുന്നുണ്ടായിരുന്നു.
വര : പ്രസാദ് കാനാത്തുങ്കൽ
കവർ : ജ്യോതിസ് പരവൂർ