പൂമുഖം LITERATURE പുനരധിവാസം

യാത്രാരേഖകൾ ഉറപ്പുവരുത്തി വിമാനത്താവളത്തിനുള്ളിലേക്ക് കടക്കുമ്പോൾ പരിചയം ഭാവിച്ചുകൊണ്ട് ഒരു പ്രായമായ അപരിചിതമുഖം അടുത്തെത്തി.

“കോഴിക്കോട്ടേക്കാണോ?”

വ്യക്തമായ ഒരുത്തരം നല്കുന്നതിനു മുന്നെത്തന്നെ കയ്യിലെ അമിതഭാരമൊതുക്കിവെച്ച ബാഗുകളെ വലിച്ചൊതുക്കാൻ ശ്രമിച്ച് പരവശനായി അടുത്ത ചോദ്യം:

“നിങ്ങൾടെ കയ്യിൽ ലഗേജൊന്നുമില്ലേ?”

നീരസം പുറത്ത് കാണിക്കാതെ ഉത്തരം “ഇല്ല” എന്ന വാക്കിലൊതുക്കി.

“ദീർഘകാലത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് പോവാ.. ഉപേക്ഷിച്ച് പോവാൻ കഴിയാത്ത ചിലത് അടുക്കിപ്പെറുക്കിവെച്ചപ്പോൾ തൂക്കം, അനുവദിച്ചതിലും അധികായി. ഒന്ന് സഹായിച്ചിരുന്നെങ്കിൽ.. “

ഭവ്യതയോട് കൂടിയ അപേക്ഷ മനസ്സിനെ ഉലച്ചുവോ?!!
അരുതായ്മക്ക് മൗനാനുവാദം കൊടുത്താൽ വന്നു ഭവിച്ചേക്കാവുന്ന പരിണിതഫലങ്ങളെക്കുറിച്ചോർത്തപ്പോൾ തെല്ലൊരു ഭീതി എന്നെ പിന്തുടരുകയും “ഒന്നും പറഞ്ഞില്ല” എന്ന ഓർമ്മപ്പെടുത്തൽ ഭീതിയെ കൂട്ടുകയും ചെയ്തു.

കട്ടിച്ചില്ലുള്ള കണ്ണടക്കുള്ളിൽ തുറിച്ചുനിന്ന കണ്ണുകളിൽ പ്രതീക്ഷ നിഴലിച്ചിരുന്നു. അതിന് ഉറപ്പ് കൂട്ടാനെന്നവണ്ണം “ദാ, ഇതാണ് കൂടുതലുള്ളത്” എന്ന് പറഞ്ഞ് കയ്യിലെ ചെറിയൊരു ബാഗ് തുറന്ന് കാണിച്ചു. ജീവിതവിജയരഹസ്യങ്ങൾ, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ഖസാക്കിന്റെ ഇതിഹാസം, വേരുകൾ എന്നീ പുസ്തകങ്ങളും കുറേ ചോക്ലേറ്റുകളും ഈത്തപ്പഴവും മാത്രം. സമ്മതം മൂളിക്കൊണ്ട് മുന്നിൽ നടക്കുമ്പോൾ എന്റെ നല്ലതിനുവേണ്ടി അയാൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

ലഗേജുകൾ എടുത്തുവെക്കാൻ സഹായിച്ചുകൊണ്ട് ഒരുമിച്ച് പാസ്സ്പോർട്ട് കൊടുത്തതിനാലാവണം “ഇയാളെ നിങ്ങൾക്ക് അറിയുമോ?” എന്ന ചോദ്യമുന്നയിക്കപ്പെട്ടത്. ശങ്കിക്കാതെതന്നെ “അറിയാം… ഒരേ മുറിയിൽ വസിക്കുന്നവരാ”ണെന്ന മറുപടി തൃപ്തികരമല്ലായിരുന്നെങ്കിലും തൊട്ടടുത്ത സീറ്റുകൾ അനുവദിച്ചുകൊണ്ട് ബോർഡിംഗ് പാസ്സ് കിട്ടി; ഒരു താക്കീതും. “അദ്ദേഹത്തിന്റെ ലഗേജിൽ യാത്ര തടസ്സമുണ്ടാക്കുന്ന തരത്തിലെന്തെങ്കിലുമുണ്ടെങ്കിൽ അയാളെപ്പോലെതന്നെ നിങ്ങൾക്കും യാത്രചെയ്യാൻ കഴിഞ്ഞെന്നു വരില്ല.”

വര: പ്രസാദ് കാനത്തുങ്കൽ

ഒന്നും വരില്ലെന്ന മുഖഭാവത്തിൽ കണ്ണുകളിറുക്കിയടച്ച് ചുളിവുകൾ വീണ തണുത്ത കൈകൾക്കുള്ളിൽ എന്റെ വിരലുകൾ അമർന്നു. “അൽഹംദുലില്ലാഹ്” എന്ന് മനസ്സ് മന്ത്രിച്ചു.

എമിഗ്രേഷൻ ക്ലിയറൻസും കഴിഞ്ഞ് ഊഴവും കാത്തിരിക്കുമ്പോൾ അയാൾ വാചാലനായി. സംസാരത്തിനിടയിൽ എന്തോ മറന്നിട്ടെന്നപോലെ പൊടുന്നനെ എണീറ്റ് ഇപ്പൊ വരാമെന്ന ആംഗ്യം കാണിച്ച് യാത്രാരേഖകൾ അടക്കി വെച്ച ചെറിയ ബാഗ് നെഞ്ചോട് ചേർത്തുവെച്ച് ഓടിമറഞ്ഞു.കുറച്ചുകഴിഞ്ഞ് “വല്ലാത്തൊരു മറവി തന്നെ” യെന്ന് ഉറക്കെപ്പറഞ്ഞുചിരിച്ച് പറഞ്ഞ് അടുത്തുവന്നിരുന്നു.

“ആര് നാട്ടില്‍ പോവാണെങ്കിലും ഞങ്ങള് റൂമില്ള്ളോര്ടെ ഒരു ശീലാണ്. എല്ലാരും കൂടി പങ്കിട്ട് ഒരു ഡ്യൂട്ടിഫ്രീ ടിക്കറ്റ്. ഇക്കുറി പന്ത്രണ്ട് മില്ല്യനാ സമ്മാനം. അവസാനിപ്പിച്ച് പോവാണെങ്കിലും ബക്കറിച്ചാ എടുത്തേ പറ്റൂന്ന് റൂമിലുള്ളോര്….. അപ്പൊ പിന്നെ ആയ്ക്കോട്ടേന്ന് ഞാനും…. അടിച്ചാൽ ഒരു വിസിറ്റിംഗ് എടുത്ത് വന്നാൽ മതിയല്ലോ” ചിരിയോടെയുള്ള ആ വാക്കുകൾ ചുമയിൽ പര്യവസാനിച്ചു.

ഒപ്പം കാത്തിരിക്കുന്നവരുടെ കണ്ണുകൾ ഞങ്ങൾക്ക് നേരെയാണെന്ന വസ്തുത അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്.

“എനിക്കിങ്ങനെ എന്തേലൊക്കെ പറഞ്ഞോണ്ടിരിക്കണം. അത് പണ്ട് മൊതലേ ഉള്ള ശീലാ… കുറേ പറഞ്ഞോണ്ടിരുന്നാൽ ഉള്ളിലെ ആധി കുറയും. ഇപ്പൊ അതൊക്കെ കേൾക്കാൻ ആർക്കാ നേരം…എല്ലാരും സ്വയമൊരു പുറന്തോട് സൃഷ്ടിച്ച് ആമകളെ പോലെ അവനവനിലേക്ക് ഉൾവലിഞ്ഞ് ഇരിക്കുകയാ. കൂട്ടിന് തോണ്ടി കളിക്കുന്ന മൊബൈലും.ഇതൊന്നും ഇല്ലാത്തൊരു കാലത്താ ബോംബെ വഴി എൺപത്താറിൽ ഇവിടെ കാല് കുത്തുന്നത്. വല്ലപ്പോഴും അയയ്ക്കുന്ന കത്തുകളിലൂടെമാത്രം വീടുമായി മിണ്ടി. സഹായങ്ങൾക്ക് കണക്ക് വെക്കാൻ അറിയാത്തവരുടെ ഇടയിലേക്ക് ഉപ്പയുടെ പലചരക്ക് കടയും അതിനോട് ചേർന്ന എന്റെ ടൈലറിംഗ് കടയും അനുജനെ ഏൽപ്പിച്ച് ഒരു ടൈലർ വിസയുമായി കടല് കടക്കുമ്പോൾ, കടയടച്ചു വീട്ടിലേക്കുവരുന്ന വഴിയിലെ കശുമാവിൻ തോട്ടത്തിൽ വെച്ച് പാമ്പ് കടിയേറ്റ ഉപ്പയുടെ മരണം സൃഷ്ടിച്ച അനാഥത്വവും നിറയെ ഉത്തരവാദിത്തവും മാത്രേ ഉണ്ടായിരുന്നുള്ളു. നിറമില്ലാത്ത ലോകത്ത് കൊണ്ടും കൊടുത്തും ജന്മസിദ്ധമായ അധ്വാനശീലവും കൈമുതലാക്കി കടുത്തചൂടും ഉയർന്ന ആർദ്രതയും ഉഷ്ണകാലാവസ്ഥയുമുള്ള മരുഭൂമിയുമായി ഇഴുകിച്ചേരാൻ ശ്രമിച്ച് തുടർച്ചയായി നാല് വർഷം. അതിനുള്ളിൽ ഒരു ഡ്രൈവിംഗ് ലൈസൻസൊപ്പിച്ച് ടൈലർ വിസ കാൻസൽ ചെയ്ത് നാട്ടിലേക്ക് തിരിച്ചു. നോക്കി നടത്താനേൽപ്പിച്ച പലചരക്ക് വ്യാപാരം പോലെ എനിക്ക് പറഞ്ഞുറപ്പിച്ചിരുന്ന മുറപ്പെണ്ണിനേയും അനുജൻ സ്വന്തമാക്കിയിരുന്നതിനാൽ ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങി എന്റേയും പെങ്ങളുടേയും ഒരു മാറ്റക്കല്ല്യാണം നടത്തി. പിന്നെ ടൈലർ ബക്കർ ഡ്രൈവർ ആയിക്കൊണ്ട് പുതിയ വിസയിൽ വീണ്ടും ഇവിടെയെത്തി. വിസ ഭാര്യവീട്ടുകാർ വഴി കിട്ട്യേതാ.”

ബോർഡിംഗിനുള്ള ക്യൂവിലായതിനാലാവാം അയാൾ ശബ്ദം താഴ്ത്തിക്കൊണ്ട് തുടർന്നു “മെഡിക്കലെടുത്ത് റിപ്പോർട്ടും പാസ്പോർട്ടും കൂടി ഏജന്റിനെ ഏൽപ്പിച്ചതാ. പിന്നെ വിസേം ഇല്ല പാസ്പോർട്ടും ഇല്ല ഏജന്റുല്ല. സുഹൃത്തുക്കളുടെ സഹായത്താൽ താമസിക്കുന്ന റൂമിൽത്തന്നെ ടൈലറിംഗ് മെഷീനിട്ട് കടകളിൽ നിന്ന് ഓർഡറെടുത്ത് കൊണ്ട് വന്ന് തയ്ച്ച് കൊടുത്തു. തൊണ്ണൂറ്റിയാറിൽ ആദ്യത്തെ പൊതുമാപ്പ് വന്ന് ഔട്ട്പാസ്സെടുത്ത് നാട്ടിലേക്ക് തിരിക്കുന്നതുവരെ കണ്ണീർ തുള്ളികൾ വീണ് മഷി പരന്ന കത്തുകൾ വായിച്ചും എസ്.എ ജമീലെഴുതിയ കത്ത് പാട്ടു കേട്ട് ഉളളം പിടഞ്ഞും കാലം കഴിച്ചു.

“ഞാനൊന്നു ചോദിക്കുന്നു ഈ കോലത്തില്
എന്തിനു സമ്പാദിക്കുന്നു
ഒന്നുമില്ലെങ്കിലും തമ്മിൽ കണ്ടു കൊണ്ടു നമ്മൾ
രണ്ടുമൊരു പാത്രത്തിൽ ഉണ്ണാമല്ലോ
ഒരു പായ് വിരിച്ചൊന്നിച്ചുറങ്ങാമല്ലോ…”
എന്ന് പാടി “ഇത് കേട്ടാൽ ആരുടെ ചങ്കാ പൊട്ടാതിരിക്കാ” എന്ന ആത്മഗതത്തോടെ എന്റെ അടുത്ത് തന്നെ അമർന്നിരുന്നു.

വിൻഡോ ഗ്ലാസിലൂടെ പുറംലോകം വീക്ഷിച്ച് “ഒരുപക്ഷെ യോഗണ്ടെങ്കില് ഒരു കോടീശ്വരന്റെ കണ്ണുകൾ കൊണ്ടാവും എനിക്കീ പുറം കാഴ്ചകൾ കാണേണ്ടി വരിക. അപ്പൊ കാഴ്ചക്ക് പാവപ്പെട്ടവന്റെ സ്വപ്നങ്ങളുടെ നിറപ്പകിട്ടിനു പകരം കയ്യടക്കിയവന്റെ ആഹ്ലാദം മാത്രമായിരിക്കും” എന്നു പറഞ്ഞ് പാസ്പോർട്ടിനൊപ്പം സൂക്ഷിച്ച ഡ്യൂട്ടിഫ്രീ ടിക്കറ്റിലെ നൂറ്റിമുപ്പത്തിയേഴാമത്തെ സീരീസിലെ നാൽപ്പത്തിയെട്ട് അമ്പത്തിനാല് എന്ന സംഖ്യ പലയാവർത്തി വായിച്ച് ഭദ്രമായി തിരികെവെച്ചു.

“ദുരിതങ്ങള് കൂടെപ്പിറപ്പായിട്ടുള്ളോർക്ക് എന്നും ദുരിതങ്ങളാ… അല്ലെ?”
ഞാനൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. യന്ത്രചിറകുകൾ മേഘക്കീറുകളെ തലോടി മുന്നോട്ട് കുതിക്കുന്നുണ്ടായിരുന്നു.

“കുട്ടികൾ?” അറിയാനുള്ള ആഗ്രഹത്താൽ ഞാൻ ചോദിച്ചു.
“നാലാളാ. മൂന്ന് പെണ്ണും താഴെ ഒരാണും. മൂത്തോള്ടെ കല്ല്യാണം കഴിഞ്ഞു. പുയ്യാപ്ലക്ക് നാട്ടില് മീൻ കച്ചവടമാണ് ബസാറില്. ഗൾഫ്കാരൻ വേണ്ടാന്ന് ഉമ്മാക്കും മോൾക്കും ഒരേ നിർബന്ധം. വാശി പിടിക്കാതിരിക്ക്യോ. മൂത്ത മോളെ ഞാൻ ആദ്യമായി കാണുന്നത് ഓൾടെ അഞ്ചാമത്തെ വയസ്സിലാ.അതായത് പൊതുമാപ്പില് ഔട്ട്പാസ്സ് എടുത്ത് നാട്ടില് പോയപ്പോള്. ആ പോക്കില് രണ്ട് വർഷം നാട്ടില് നിന്നു.ഞാൻ കട തിരിച്ച് എടുക്കാൻ വന്നതാണെന്ന സന്ദേഹം അനുജന് ഉള്ളത് കൊണ്ടായിരിക്കണം അവന്റെ വാക്കിലും പ്രവൃത്തിയിലും അത് പ്രകടമായി. പിന്നെ ഉമ്മയുടെ മരണം.. നിഴലുകൾ പോലും അന്യമാണെന്ന തിരിച്ചറിവിൽ തൊണ്ണൂറ്റി എട്ടിൽ വീണ്ടും പ്രവാസം ആരംഭിക്കുമ്പോൾ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നു പ്രിയതമ.രണ്ടും പെൺകുട്ടികൾ. അന്ന് വന്നുകയറിയതാ ഈ കമ്പനിയിൽ. തരക്കേടില്ലാത്ത ശമ്പളം കൊണ്ട് അല്ലലില്ലാതെ ജീവിക്കുന്നതിനിടയിലേക്ക് ഒരു വേദനയായി മകൻ പിറന്നു. പണ്ട് കശുമാവിൻ തോട്ടത്തിൽ കരിയിലകൾക്കിടയിൽ പതുങ്ങിക്കിടന്ന വിഷ സർപ്പം എന്റെ ഉപ്പയുടെ ജീവനെടുത്തെങ്കിൽ, അതേ കശുമാവിൽ തോട്ടത്തിൽ തളിച്ച എൻഡോസൾഫാനെന്ന മാരക വിഷക്കൂട്ട് ദുരിതം വിതച്ച ഇരയായി തല വളർന്ന്, തളർന്ന പേക്കോലമായ് ഒരു മകൻ….” ഇടറിയ വാക്കുകൾ ഇടയ്ക്കിടെ മുറിഞ്ഞു. നിറഞ്ഞ കണ്ണുകളിൽ രക്തവർണ്ണം.

“ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റുപെറുക്കി ചെറിയൊരു സ്ഥലം വാങ്ങിയതിൽ രണ്ട് വർഷം മുന്നെ ലോണെടുത്ത് ഒരു വീടും വെച്ചു. കിട്ടിയ സെറ്റിൽമെന്റ് ബാങ്കിലേക്കടച്ച് ക്ലിയറൻസ് ലെറ്റർ കൈപ്പറ്റുമ്പോൾ എല്ലാം ശൂന്യം. ഇനി മക്കളുടെ കല്ല്യാണം.. മോന്റെ ചികിത്സ.. റബ്ബേ നീ തുണ….”

ശൂന്യമായ കൈകളോടെ പുനരധിവസിക്കാൻ വിധിക്കപ്പെട്ടവനെയും വഹിച്ച് മഴ നനഞ്ഞ റൺവേയിൽ വിമാനം താഴ്ന്നിറങ്ങി. പുറത്ത് കടന്നു വഴിപിരിയവേ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഭാഗ്യം കടാക്ഷിക്കുമെന്ന പ്രതീക്ഷയോടെ നെഞ്ചോട് ചേർത്തുവെച്ച ബാഗുമായ് അപരിചിതരുടെ ഇടയിലേക്ക് അയാൾ അലിഞ്ഞ് ചേർന്നിരുന്നു.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like