”എവിടെയാണ് ചരിത്രത്തില്‍ എന്‍റെ സ്ഥാനം? ഞാനെവിടെയാണ് നില്‍ക്കുന്നത്? ചരിത്രത്തിനകത്തോ പുറത്തോ? പറയൂ….”
പുതിയകാലത്ത് തന്‍റെ നിലനില്‍പ്പിനെക്കുറിച്ചുള്ള സംശയം ചോദിക്കുന്നത് ചന്തുവാണ്. ‘ഒരു വടക്കന്‍ വീരഗാഥ’ എന്ന ചലച്ചിത്രത്തിലെ എം.ടിയുടെ മുഖ്യകഥാപാത്രം. ആ ചന്തുവിന്‍റെ സ്രഷ്ടാവായ എഴുത്തുകാരനോടാണ് ചോദ്യം.
എം.ടി അതിനു മറുപടി പറഞ്ഞു: ”ചരിത്രം അങ്ങനെയാണ് ചന്തൂ. അത് എഴുതുന്നവന്‍റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും കൂടി ചേര്‍ന്നതാണ്. അതാണിവിടെ നടക്കുന്നത്. അവര്‍ ചരിത്രം മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. സത്യത്തെ തിരുത്തിക്കൊണ്ടിരിക്കുകയാണ്. പൊയ്‌മുഖങ്ങള്‍ക്ക് മുഖാവരണങ്ങ ള്‍ തുന്നിച്ചേര്‍ക്കുകയാണ്. ഉയരങ്ങളിലെത്താനവര്‍ പൊയ്ക്കാലുകള്‍ വച്ചുപിടിപ്പിക്കുകയാണ്. നമ്മുടെ ചരിത്രം വര്‍ഗ്ഗത്തിന്‍റേയും വംശത്തിന്‍റേയും പേരില്‍ അവര്‍ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്.”

ഏതാണ്ട് ഇതേ ചോദ്യം തന്നെയാണ് ‘നിര്‍മ്മാല്യം’ എന്ന ചിത്രത്തിന്‍റെ എഴുത്തുകാരനും സംവിധായകനുമായ എം.ടി. വാസുദേവന്‍ നായരോട് പ്രധാന കഥാപാത്രമായ വെളിച്ചപ്പാട് ചോദിക്കുന്നതും. ഇഷ്ടദേവതയോട് രഹസ്യമായി കലഹിച്ചപ്പോഴും ചീത്തപറഞ്ഞപ്പോളും തുപ്പിയപ്പോള്‍പ്പോലും അന്നത്തെ സമൂഹം അത് തന്‍റെ മാത്രം കലിപ്പിന്‍റെ ബാഹ്യാവിഷ്കാരം മാത്രമായേ കണ്ടുള്ളു. തന്‍റെ കോപാവേശത്താല്‍ അന്നു പുറത്തുവന്ന നിരര്‍ത്ഥകപദങ്ങള്‍ക്ക് ഇന്ന് വ്യാജാര്‍ത്ഥങ്ങളുണ്ടാകുന്നു. ഇന്നത് പലരുടേയും വികാരങ്ങളെ വ്രണപ്പെടുത്തുന്നു. മറുപടിയായി എഴുത്തുകാരന്‍ കാലകൃതമായ മാറ്റങ്ങളെക്കുറിച്ച് വെളിച്ചപ്പാടിനെ ബോധവാനാക്കുന്നുണ്ട്.

‘എം.ടി – മലയാളത്തിന്റെ രണ്ടക്ഷരം’ എന്ന നാടകത്തിലെ രംഗങ്ങളായിരുന്നു മുകളില്‍ ചേര്‍ത്തത്. ഭാവിയില്‍ എപ്പോഴെങ്കിലുമൊക്കെ പഴയകാലജീവിതരീതികള്‍ തേടിപ്പോകുമ്പോള്‍ നാം ആശ്രയിക്കേണ്ടിവരുന്നത് മുന്‍കാലത്തെ എഴുത്തുകളിലേയും ചലച്ചിത്രങ്ങളിലേയും കഥാപാത്രങ്ങളെയാണ്. മലയാളത്തിന്‍റെ പുണ്യമായി എന്നെന്നും നിലകൊള്ളുന്ന അത്തരം എഴുത്തുകാരുടെ മുന്‍നിരയില്‍ത്തന്നെ എം. ടിയുണ്ട്. അദ്ദേഹത്തിന്‍റെ വിയോഗത്തിന് ഒരു വയസ്സാകുമ്പോള്‍ ആ ഓര്‍മ്മകള്‍ക്ക് ഒരു തിലോദകമായി ഒരുകൂട്ടം കലാപ്രവര്‍ത്തകര്‍, പഴയകാലനടനും ചമയചക്രവര്‍ത്തിയുമായ പട്ടണം റഷീദിന്‍റെ നേതൃത്വത്തില്‍ അരങ്ങേറ്റിയ നാടകമായിരുന്നു അത്. ഇക്കഴിഞ്ഞ ഡിസംബര്‍ 28 ന് എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ ഏലൂര്‍ കാഴ്ച നാടകസംഘമാണ് ഈ നാടകം അവതരിപ്പിച്ചത്.
കഥാപാത്രങ്ങള്‍ എഴുത്തുകാരുടെ പടപ്പുകളാകുമ്പോള്‍ അവരില്‍ ചിലരെങ്കിലും കാലഗതിക്കനുസരിച്ച് സ്രഷ്ടാവിനു മുമ്പില്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു വന്നു നിന്നേക്കാം. എം. ടി എഴുതി വിരിയിച്ച കഥാപാത്രങ്ങളില്‍ ചിലരാണ് അദ്ദേഹത്തോടു സംവദിക്കാന്‍ വേദിയിലേയ്ക്ക് കയറിവന്നത്. ഒപ്പം, അദ്ദേഹത്തിന്‍റെ വ്യക്തിജീവിതത്തില്‍ അഭേദ്യബന്ധങ്ങളുണ്ടാക്കിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എന്‍.പി. മുഹമ്മദ്, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയ ചില സുഹൃത്തുക്കളും. കെ.ടി. മുഹമ്മദ്, വി.കെ.എന്‍, ബാബുരാജ് എന്നിവര്‍ സംഭാഷണങ്ങളില്‍ കടന്നുവന്നു. അവര്‍ക്കിടയില്‍ പരാതികളും പരിഭവങ്ങളുമുണ്ടായിരുന്നു. വേദനകളും സന്തോഷങ്ങളുമുണ്ടായിരുന്നു. അരികിലേയ്ക്ക് തള്ളിമാറ്റപ്പെട്ട തിരസ്ക്കാരങ്ങളുണ്ടായിരുന്നു. പ്രണയവും പ്രണയഭംഗങ്ങളുമുണ്ടായിരുന്നു. വിശപ്പിന്‍റെ വിളികള്‍ കേള്‍ക്കാമായിരുന്നു. വഞ്ചനയുടേയും നിസ്സംഗതയുടേയും കഥകള്‍ പറഞ്ഞു, ചിലരൊക്കെ. ആവിഷ്ക്കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടായിരുന്നു.
അലഞ്ഞുതിരിയലിന്‍റെ ഭ്രാന്തുമായാണ് വൈക്കം മുഹമ്മദ് ബഷീര്‍ കാണികള്‍ക്കിടയില്‍ നിന്ന് കത്തിയും വീശി വേദിയിലേയ്ക്ക് ചാടിക്കയറിയത്. കത്തിയോങ്ങി നില്‍ക്കുന്ന ബഷീറിനോട് എം.ടി ചോദിച്ചതായി വായിച്ചിട്ടുണ്ട്.
” ഗുരു, ഇതെന്തിനുള്ള പുറപ്പാടാണ്. പാതിരായ്ക്ക് മനുഷ്യരെ പേടിപ്പിക്കാന്‍ കത്തിയും കഠാരയുമായി നില്‍ക്കുന്നതെന്തിനാണ്?”
അദൃശ്യശക്തികള്‍ ആക്രമിക്കാന്‍ വരുന്നു എന്നും പറഞ്ഞാണ് ബഷീര്‍ ഫാബിയേയും കുട്ടിയേയും പുറത്തുനിര്‍ത്തിയത്. എം.ടിയെ കണ്ടപ്പോള്‍ ഒന്നടങ്ങി. ദാഹിക്കുന്നു എന്നു പറഞ്ഞപ്പോള്‍ പുനലൂര്‍ രാജന്‍ ഇളനീരിനായി ഓടി. തിരിച്ചുവരുമ്പോള്‍ അദ്ദേഹത്തെ നോക്കി പറഞ്ഞു: ” അവര്‍ പലരൂപത്തിലും വരും. ചിലപ്പോള്‍ പുനലൂര്‍ രാജന്‍റെ രൂപത്തിലും വരും.” (മൂന്നു ദശാബ്ദക്കാലത്തെ ബഷീറിയന്‍ ഭാവങ്ങള്‍ പുനലൂര്‍ രാജന്‍ ശേഷിപ്പിച്ച ചിത്രശേഖരത്തിലുണ്ടെന്നു വായിച്ചറിഞ്ഞിട്ടുണ്ട്).

കലിയടങ്ങി നിന്ന ബഷീറിനു കമിതാവിന്‍റെ വേഷം പൂകാന്‍ സമയം തീരെയെടുത്തില്ല. ‘ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കു’ന്ന ആ അസുലഭകാലഘട്ടത്തിലേയ്ക്കാണ് യാത്ര. കേശവന്‍ നായരുടെ വ്യഥ സാറാമ്മയില്‍ ജനിക്കുന്ന കുട്ടിക്ക് മതാതീതമായി എന്തു പേരിടും എന്നതായിരുന്നു. നായര്‍ക്കും കൃസ്ത്യാനിക്കും കൂടി ഉണ്ടാകുന്ന തങ്കക്കുടത്തിനു പേരിടല്‍ ഒരു പ്രശ്നം തന്നെയായിരുന്നു. എന്തുപേരിട്ടാലും അതില്‍ ഒരു സമുദായം ഉണ്ടായിരിക്കും. അതിനാല്‍ ഡങ്ക് ഡിങ്കോ ഹോ എന്ന ചൈനീസ് പേരിടണോ, ചപ്ലോസ്കി പോലുള്ള റഷ്യന്‍ പേരു വേണോ, അതോ ഇന്‍ഡ്യ, പ്രേമലേഖനം, ചെറുകഥ, അടയ്ക്കാമരം, നാടകം, സമുദ്രം, ചെമ്മീന്‍കണ്ണന്‍, വെള്ളിയാഴ്ച, കുള്‍ട്ടാപ്പന്‍, മാണിക്യക്കല്ല്, തീനാളം, മിസ്റ്റിസിസം, നക്ഷത്രം, ഗദ്യകവിത… എന്നൊക്കെ വേണോ എന്നാലോചിച്ചെങ്കിലും അവസാനം ആകാശമിഠായി എന്ന പേരുവിളിക്കാന്‍ തീരുമാനിക്കുന്നു. മിസ്റ്റര്‍ ആകാശമിഠായി… സഖാവ് ആകാശമിഠായി എന്നൊക്കെ ചിന്തിച്ച് കേശവന്‍ നായര്‍ സ്വാസ്ഥ്യം കൊള്ളുന്നുമുണ്ട്.
കാണുമ്പോഴൊക്കെ പലതും പറഞ്ഞ് അവര്‍ പരസ്പരം തര്‍ക്കിക്കാറുണ്ടായിരുന്നു. കുഞ്ഞുകുഞ്ഞുകാര്യങ്ങളാണ് തര്‍ക്കവിഷയങ്ങള്‍. നൂലന്‍ വാസു, കഠാര വാസു എന്നൊക്കെ വിളിച്ച് ക്രൂരമായ പരിഹാസശരങ്ങള്‍ എയ്യുക ബഷീറിന്‍റെ പതിവാണ്. ഒപ്പം, എം.ടിയെക്കുറിച്ച് അതിശയോക്തി നിറഞ്ഞ കഥകളുണ്ടാക്കി വരുന്നവരോടും പോകുന്നവരോടും പറയും.
എം.ടി. ചോദിക്കും, ”ഗുരുവെന്ന് സംബോധന ചെയ്യാന്‍ നിങ്ങളെനിക്ക് ആരാണ്? സാഹിത്യത്തില്‍ നിങ്ങളെനിക്ക് താങ്ങോ തണലോ ആയിപ്പോലും നിന്നിട്ടില്ലല്ലോ. ഒരു കഥപോലും ബഷീറിയന്‍ ജീവിതം ചേര്‍ത്ത് ഞാനെഴുതിയിട്ടില്ല. എന്നിട്ടും നിങ്ങളെന്തിനാണ് എന്‍റെ ജീവിതത്തില്‍ കാലപുരുഷനെപ്പോലെ നിറഞ്ഞുനില്‍ക്കുന്നത്?”
ബീഡിപ്പുകയ്ക്കുള്ളില്‍ കുടുങ്ങി ശ്വാസം മുട്ടി ചിരിക്കുന്നതല്ലാതെ ബഷീര്‍ ആ ചോദ്യങ്ങള്‍ക്ക് മറുപടിയൊന്നും പറയാറില്ലെന്ന് എം.ടി എവിടെയൊക്കെയോ എഴുതിയിരുന്നു.
”ഭാവനയുടെ അതിര്‍വരമ്പുകള്‍ തട്ടിത്തകര്‍ത്തു കടന്നുവരുന്നവര്‍ക്ക് കുറച്ചൊക്കെ ഭ്രാന്തുണ്ടാകും. അതില്‍ നിന്നാണ് ലോകോത്തരരചനകളില്‍ പലതും ഉണ്ടായത്.”- എം.ടി ബേപ്പൂരിലെ ആ സുല്‍ത്താനോടു പറഞ്ഞു. അങ്ങനെ പഴയ നൂലന്‍ വാസു ബഷീറിനു ‘ഗഡാഗഡിയന്‍ സാഹിത്യശിങ്ക’മാകുന്നു.
എം.ടിയുടെ ആത്മാര്‍ത്ഥസുഹൃത്തുക്കളിലൊരാളായിരുന്നു എന്‍.പി. മുഹമ്മദ്. മനസ്സുകള്‍ പരസ്പരം പങ്കുവയ്ക്കുന്ന അവര്‍ ഇടയ്ക്കിടെ എവിടെയെങ്കിലും കൂടുക പതിവായിരുന്നു. അങ്ങനെ കടപ്പുറത്തിരിക്കുമ്പോള്‍ ഒരിക്കല്‍ എന്‍.പി. ചോദിച്ചു.
”ഇംഗ്ലീഷിലാണ് എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ വായിക്കുമായിരുന്നു എന്നു തോന്നിയിട്ടുണ്ടോ?”
എന്‍.പി. വലിച്ച ബീഡി കൈയില്‍ നിന്നു വാങ്ങി വലിച്ചുകൊണ്ട് എം.ടി.പറഞ്ഞു.
”ഇല്ല. പ്രാദേശികമായി എഴുതുമ്പോള്‍ത്തന്നെ അത് ഗ്ലോബല്‍ ആയിത്തീരുന്നുണ്ട്. ബഷീര്‍ അങ്ങനെയല്ലേ!”
എന്‍.പി. പറഞ്ഞു. ”ബഷീര്‍ ആദ്യം ‘ബാല്യകാലസഖി’ എഴുതിയത് ഇംഗ്ലീഷിലാണ്.”
വീക്കേയെനും അങ്ങനെയായിരുന്നെന്ന് എം.ടിയും കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
എം.ടി : ”മലയാളത്തിലെഴുതുന്നതിനു പരിമിതികളുണ്ടോ?”
എന്‍.പി : ”ഭാഷയ്‌ക്കല്ല പരിമിതി. നമുക്കാണ്.”
എഴുത്ത് അവനവന്‍റേതു മാത്രമാണെന്നും സിനിമ ഒരു കൂട്ടത്തിന്‍റെ കലാവിഷ്ക്കാരമാണെന്നും എം.ടി പറഞ്ഞുവയ്ക്കുന്നുണ്ട്.
അവസാനിച്ച യുദ്ധത്തെക്കുറിച്ചും പ്രതീക്ഷകളുടെ രഥയാത്രകളെക്കുറിച്ചുമുള്ള ചിത്രങ്ങള്‍ നോക്കിയിരുന്ന് എം.ടിയും നമ്പൂതിരിയും സംസാരിക്കുന്നുണ്ട്.
കര്‍ണ്ണന്‍ സ്വന്തം ജ്യേഷ്ഠനാണെന്നറിയുമ്പോള്‍, മുമ്പ് സൂതപുത്രനെന്ന് വിളിച്ച് അപഹസിക്കേണ്ടിവന്നതിന്‍റെ ദു:ഖം ‘രണ്ടാമൂഴ’ത്തിലെ ഭീമനുണ്ട്. യുധിഷ്ഠിരന്‍റെ ജനനത്തിനു ശേഷം പാണ്ഡുരാജനു വേണ്ടിയിരുന്നത് മല്ലയുദ്ധത്തില്‍ ജയിക്കാന്‍ അതിശക്തനായൊരു പുത്രനെയായിരുന്നു. വായുഭഗവാനെപ്പോലൊരു പുത്രന്‍. കുന്തിയുടെ ഓര്‍മ്മകള്‍ പിന്നിലേയ്ക്ക് പോയി. പത്നിമാര്‍ ബീജങ്ങളേറ്റുവാങ്ങേണ്ടിവരുന്ന വെറും ഗര്‍ഭപാത്രങ്ങള്‍ മാത്രമായിരുന്നു ക്ഷത്രിയര്‍ക്ക്. കര്‍മ്മകാണ്ഡത്തില്‍ കാട് എത്രയോ പ്രാവശ്യം പൂത്തുലഞ്ഞു. കുന്തിയുടെ പ്രാര്‍ത്ഥന ഫലിച്ചു. ചങ്ങലയഴിഞ്ഞ ചണ്ഡമാരുതനെപ്പോലെ വന്ന പേരുപോലുമറിയാത്ത ഒരു കാട്ടാളനാണ് തന്‍റെ പിതാവെന്നറിയുമ്പോള്‍ ഭീമന്‍ തളര്‍ന്നിരുന്നു. കാമ്പില്യത്തില്‍ എത്രയോ കാലം കുന്തി ആ കാട്ടാളനെ അന്വേഷിച്ചു നടന്നിട്ടും പിന്നീടൊട്ടു കാണാനും കഴിഞ്ഞില്ല.
നാടകത്തില്‍ ഭീമന്‍ ‘രണ്ടാമൂഴ’ത്തിലെ സൃഷ്ടിരഹസ്യങ്ങള്‍ തേടി എഴുത്തുകാരനെ സമീപിക്കുന്നുണ്ട്.
കഥാകാരന്‍ ഭീമനോടു പറഞ്ഞു: ”എല്ലാം പഴയ കളികള്‍ തന്നെ. അധികാരത്തിന്‍റെ അസ്ത്രങ്ങള്‍ക്ക് വാക്കുകളെ വീഴ്ത്താനാവില്ല. നമുക്കും അവര്‍ക്കുമിടയില്‍ ഒരു മതിലുണ്ട്. കരുണയില്ലായ്മയുടെ പഴയ കല്‍മതിലുകളല്ല. കാര്‍ക്കശ്യത്തിന്‍റെ പുതിയ കണ്ണാടിമതിലുകള്‍. നമുക്കത് കാണാന്‍ കഴിയില്ല. പുറത്തേയ്ക്ക് തെറിച്ച വെള്ളിവെളിച്ചങ്ങള്‍ അകത്തെ മായക്കാഴ്ചകളിലേയ്ക്ക് നമ്മെ മാടിവിളിക്കും. അസ്പൃശ്യതയുടെ ആരുമറിയാത്ത മതിലുകള്‍ നമ്മളെ വീണ്ടും വീണ്ടും തടയും. അതങ്ങനെ തുടരും, ലോകമുള്ളിടത്തോളം.”

എം ടി യും നമ്പൂതിരിയും
തിരക്കഥാകൃത്തുകൂടിയായ ബിനുലാൽ ഉണ്ണിയാണ് ഈ നാടകത്തിന്റെ രചയിതാവ്. എം. ടി യെക്കുറിച്ചും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചുമുള്ള കൃത്യമായ പഠനവും ആഴത്തിലുള്ള വായനയും ഈ സാഹസകൃത്യം ഏറ്റെടുക്കൽ അനായാസമാക്കിയിട്ടുണ്ടാവും.
നാടകവേദികളിലും ചലച്ചിത്രങ്ങളിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള രാജേഷ് അഴീക്കോടൻ എം ടിയായും, അതേ നിലകളിൽത്തന്നെ പ്രശസ്തനായ ഗോപൻ മങ്ങാട്ട് വൈക്കം മുഹമ്മദ് ബഷീറായും തകർത്തഭിനയിച്ചിരിക്കുന്നു. വെളിച്ചപ്പാടും നമ്പൂതിരിയുമായി ഇരട്ട വേഷങ്ങളിട്ട പ്രശസ്തനടൻ ബാബു അന്നൂർ അവിസ്മരണീയമാംവിധം വേദി നിറഞ്ഞു നിന്നു. നമ്പൂതിരിയുടെ വര പോലും ബാബുവിന്റെ വിരൽത്തുമ്പിലൂടെ ഊർന്നിറങ്ങുന്നത് പ്രേക്ഷകരെ വിസ്മയപ്പെടുത്തി. പ്രിയ ശ്രീജിത്ത് ആണ് ഉണ്ണിയാർച്ചയുടെ വേഷമണിഞ്ഞത്. സജി സോപാനത്തിന്റെ ഭീമനും, കെ പി എ സി അനിതയുടെ കുന്തിയും അതുല്യമായ അഭിനയപാടവത്താൽ ശ്രദ്ധേയരായി. ഡേവിസ് പയ്യപ്പിള്ളി എൻ. പി. മുഹമ്മദായും, മീര കേശവൻ ദ്രൗപദിയായും, രംഗത്ത് വന്നു.
ശ്രീജിത്ത് രമണൻ, ശ്രീകാന്ത് കാമിയോ, ആർട്ടിസ്റ്റ് സുജാതൻ, ഇന്ദ്രന്‍സ് ജയന്‍ എന്നിവരും നാടകത്തിനു സാങ്കേതികമായ പിൻബലം നൽകി. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ ശ്രുതിസുന്ദരമായ ഈണമൊരുക്കി.
പതിവിൽ നിന്നു വ്യത്യസ്തമായൊരു നാടകമൊരുക്കി മലയാളത്തിന്റെ കഥാപ്രപഞ്ചത്തിനു കരുത്തേകിയ എം.ടി. വാസുദേവൻ നായരുടെ ഓർമ്മകൾക്ക് പുതുജീവനേകി ആദരിച്ചതിൽ പട്ടണം റഷീദിനും കൂട്ടുകാർക്കും നിശ്ചയമായും അഭിമാനിക്കാം.

കവർ : ജ്യോതിസ് പരവൂർ
