പൂമുഖം LITERATUREലേഖനം ഗർഭച്ഛിദ്രം : ചരിത്രപരമായ വിധിയും, സ്ത്രീകളുടെ ജീവിതവും

ഗർഭച്ഛിദ്രം : ചരിത്രപരമായ വിധിയും, സ്ത്രീകളുടെ ജീവിതവും

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

സുപ്രീം കോടതി വിധിയിലൂടെ അമേരിക്കയിൽ ഗർഭച്ഛിദ്രം നിരോധിച്ചിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ… ഇന്ത്യയിൽ ദിവസങ്ങൾക്കു മുൻപ് അതേ വിഷയത്തിൽ (ഇന്ത്യൻ ഭരണഘടന പൗരർക്കു നൽകുന്ന മനുഷ്യാവകാശത്തിലൂന്നിയ) വളരെ നിർണ്ണായകമായ വിധി വന്നിരിക്കുന്നു . വിവാഹിതരായ സ്ത്രീകളെപ്പോലെ അവിവാഹിതരായ സ്ത്രീകൾക്കും ഗർഭച്ഛിദ്രം അനുവദിക്കുകയും, സ്ത്രീകൾക്ക് സ്വന്തമായി ഗർഭച്ഛിദ്രത്തിന് തീരുമാനമെടുക്കാനുള്ള അവകാശവും അനുവദിക്കുകയും ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധി നമ്മുടെ രാജ്യത്തിന് ഏറെ അഭിമാനകരമാണ്..! ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബഞ്ചാണ് ചരിത്രപരമായ ഈ വിധി പുറപ്പെടുവിച്ചത്.

വിവിധ മത മേധാവിത്വവും പലതരം അന്ധവിശ്വാസങ്ങളും നിലനിൽക്കുന്ന ഇന്ത്യയിൽ ഇങ്ങിനെയൊരു വിധി സ്ത്രീകളുടെ അന്തസ്സുയർത്തുന്നതാണ്. അമേരിക്കയിൽ ഗർഭച്ഛിദ്രം നിരോധിച്ച വിധിയെക്കുറിച്ച് പ്രസിഡണ്ട് ജോ ബൈഡൻ പറഞ്ഞത് ഇത് അമേരിക്കയെ നൂറ്റി അൻപത് വർഷം പിറകോട്ട് കൊണ്ടുപോകുന്നതും മനുഷ്യാവകാശ ലംഘനവുമാണെന്നാണ്. ഈ വിധി വരുന്നതിന് മുമ്പ് തന്നെ അവിടെ പല സ്റ്റേറ്റുകളും ഗർഭച്ഛിദ്രം നിരോധിച്ചിട്ടുണ്ടായിരുന്നു എന്നു കേൾക്കുമ്പോൾ തന്നെ മതമേധാവിത്വം ജുഡീഷ്യറിയെപ്പോലും എന്തു മാത്രം ബാധിച്ചിട്ടുണ്ടെന്ന് കാണാം. ഇന്ത്യയിൽ പല വിഷയങ്ങളിലും ആശങ്കകൾ ഉയരുന്ന കാലത്തിൽ പുതിയ പ്രതീക്ഷ കൂടിയാണ് ഈ വിധി!.

1971 ലെ വിധിപ്രകാരം ഗർഭച്ഛിദ്രം ചെയ്യാനുള്ള അവകാശം വിവാഹിതരായ സ്ത്രീകൾക്ക് മാത്രമായിരുന്നു. പുതിയ വിധിയിലൂടെ വിവാഹിതരെന്നോ അവിവാഹിതരെന്നോ വേർതിരിവില്ലാതെ സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്രം എല്ലാവർക്കും അവകാശപ്പെട്ടതാക്കി മാറ്റിയിരിക്കുകയാണ്. വിവാഹിതരല്ലാത്ത സ്ത്രീകൾക്കും പ്രത്യുൽപാദനപരമായ സ്വയം നിർണ്ണയാവകാശം ഭരണഘടന നൽകുന്നുണ്ട്. ഭ്രൂണം നിലനില്പിനായി സ്ത്രീ ശരീരത്തെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ അതു നിലനിർത്തണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കു തന്നെയാണ്. അതിനെ സ്റ്റേറ്റ് വിലക്കുന്നത് സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്നതാണ്. 1971 ലെ നിയമ പ്രകാരം അവിവാഹിതർക്ക് ഗർഭച്ഛിദ്രം നിഷേധിക്കുമ്പോൾ, വിവാഹത്തിൽക്കൂടി മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂ എന്ന യാഥാസ്ഥിതിക

പൊതുബോധം ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. അതും ഭരണഘടനാ വിരുദ്ധമാണ്. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് പ്രകാരം 24 ആഴ്ച വരേയുള്ള ഭ്രൂണം സുരക്ഷിതമായും നിയമപരമായും അലസിപ്പിക്കുവാനുള്ള എല്ലാ അവകാശവും എല്ലാ സ്ത്രീകൾക്കുമുണ്ട്. ഭർത്താവിന്റെ പീഡനത്തിലൂടെ ഗർഭിണിയായാൽ ബലാൽസംഗക്കുറ്റമായി കണ്ട് അത് വേണ്ടെന്ന് വയ്ക്കാനുള്ള അവകാശവും ഈ വിധി സ്ത്രീകൾക്കു നൽകുന്നുണ്ട്. (1971 ലെ നിയമ പ്രകാരം വിവാഹത്തിലെ ബലാൽസംഗം കുറ്റകരമല്ലാത്ത IPC 375.2 വകുപ്പ് എടുത്തു കളഞ്ഞ് ഭർത്താവിന്റെ പീഡനം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജി കോടതിയുടെ പരിഗണനയിലിരിക്കവേയാണ്
ഈ വിധി!) മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കോ, പ്രായപൂർത്തി ആകാത്തവർക്കോ മാത്രമേ ഗർഭച്ഛിദ്രത്തിന് കുടുംബത്തിന്റെ അനുമതി ആവശ്യമുള്ളൂ.കോടതി വിധിയുടെ സുപ്രധാന ഭാഗങ്ങൾ ഇതൊക്കെയാണ്.

ഈ വിധിയുമായി ബന്ധപ്പെടുത്തി, നമുക്ക് ചുറ്റും കാണുന്ന അത്ര ആശാവഹമല്ലാത്ത ചില കാര്യങ്ങൾ പറയാതിരിക്കാനാവുന്നില്ല. സ്വന്തം ശരീരവും മനസ്സും ഉഴുതു മറിക്കപ്പെടുന്ന ഗർഭമെന്ന പ്രക്രിയ ദീർഘകാലയളവിൽ ഏറ്റുവാങ്ങാൻ ഒരു സ്ത്രീ മാനസികമായി തയ്യാറാവാതെ തന്നെ മറ്റുള്ളവർ അതവളിൽ അടിച്ചേൽപ്പിക്കുന്ന പ്രാകൃത സമ്പ്രദായമാണ് നമ്മുടെയിടയിൽ ഇന്നും നിലനിൽക്കുന്നത്. അനുഭവിക്കുന്ന സ്ത്രീക്ക് അതിൽ യാതൊരു അധികാരവുമില്ലാതെ പുരുഷനും, കുടുംബവും, സ്റ്റേറ്റുമാണ് എല്ലാം തീരുമാനിക്കുന്നത്! ഈ വിധിയിലൂടെ അതിൽ നിന്നൊരു മാറ്റം വരുന്നത് മഹത്തായ കാര്യമാണ്. വിധി വന്ന ഉടനെ നമ്മുടെ സമൂഹത്തിൽ മാറ്റങ്ങളുണ്ടാകുമെന്നുള്ള മൂഢ വിശ്വാസമില്ലെങ്കിലും. സ്വന്തം ശരീരത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം തനിക്കാണെന്ന് തീരുമാനിക്കുന്ന സ്ത്രീകൾക്കെങ്കിലും നിയമത്തിന്റെ പിൻബലം ഉണ്ടാകുമെന്നത് വളരെ ആശ്വാസകരമാണ്. നിയമപരമായി വിവാഹം ചെയ്തു എന്നത് ശാരീരികാക്രമണത്തിന് നീതീകരണ മാകുന്നില്ല.സ്വന്തം ശരീരത്തിന്റെ അവകാശി അവരവർ തന്നെ ആയിരിക്കണം. ഭരണഘടനയും മനുഷ്യാവകാശ നിയമങ്ങളും അനുശാസിക്കുന്ന എല്ലാ സ്വാതന്ത്ര്യവും വ്യക്തി, പൗര എന്ന നിലക്ക് സ്ത്രീക്കും കൂടി അവകാശപ്പെട്ടതാണ്. അത് മറ്റൊരു വ്യക്തിക്കോ സമൂഹത്തിനോ സ്ഥാപനത്തിനോ നിഷേധിക്കാനാവില്ല.
ലേബർ റൂമിൽ വേദന കൊണ്ട് പുളയുന്ന സ്ത്രീയെ ശസ്ത്രക്രിയ ചെയ്യാൻ ഭർത്താവിന്റെ അനുവാദം കാത്തിരിക്കുന്ന ഡോക്ടർമാർ! എന്തൊരു ക്രൂരമായ അവസ്ഥയാണത്! ചിലപ്പോൾ അവളുടെ സമ്മതമില്ലാതെ ഗർഭിണിയാക്കിയിട്ടും അത് ശസ്ത്രക്രിയയിലൂടെ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനും (ഗർഭം നിർത്തുന്ന ശസ്ത്രക്രിയക്കും) അയാളുടെ സമ്മതം വേണം. സ്വന്തം ശരീരത്തിൽ കത്തി വയ്ക്കാൻ മറ്റൊരാളുടെ അനുവാദത്തിനായി യാതന സഹിക്കേണ്ടി വരുന്ന സ്ത്രീ!


മാനസികമായും ശാരീരികമായുമുള്ള ഒരു വലിയ തയ്യാറെടുപ്പിന് ശേഷം സംഭവിക്കേണ്ട ഒന്നാണ് ഗർഭം. ഒരു സ്ത്രീയുടെ വിലപ്പെട്ട ദീർഘമായ കാലമാണ് ഇതിന് വേണ്ടി മാറ്റിവയ്ക്കപ്പെടേണ്ടത്. ഗർഭിണിയായിരിക്കുമ്പോഴും പഠിയ്ക്കാം, ജോലി ചെയ്യാം എന്നൊക്കെ നിസ്സാരമായി നാം പറയുമ്പോഴും എത്രമാത്രം അസ്വസ്ഥതകളും പേറിയാണ് ആ ശരീരവും മനസ്സും അത് ചെയ്യേണ്ടതെന്ന് കൂടി ഓർക്കേണ്ടതുണ്ട്. ഗർഭവുമായി ബന്ധപ്പെട്ട് എന്തെല്ലാം സമ്മർദ്ദങ്ങളാണ് കുടുംബവും പുരുഷനും സ്ത്രീയ്ക്ക് കൊടുത്തു കൊണ്ടിരിക്കുന്നത്.ഗർഭനിരോധനഉറ ഉപയോഗിക്കാൻ വിസമ്മതിക്കുക, ആൺകുഞ്ഞും, പെൺകുഞ്ഞും ഉണ്ടാകുന്നത് വരെ പ്രസവിക്കാൻ പ്രേരിപ്പിക്കുക , കുഞ്ഞുങ്ങളെ നോക്കാൻ വേണ്ടി ജോലിക്ക് പോകാൻ സമ്മതിക്കാതിരിക്കുക, പഠനം പാതിവഴിയിൽ നിർത്താൻ നിർബന്ധിക്കുക, സുഖപ്രസവത്തിന് എന്ന പേരിൽ കഠിനമായ ജോലികൾ ചെയ്യിപ്പിക്കുക, അടിയന്തിര ഘട്ടത്തിൽപ്പോലും സിസേറിയൻ ചെയ്യാൻ അനുവദിക്കാതിരിക്കുക, വേദനരഹിത പ്രസവം (epidural delivery) അനുവദിക്കാതിരിക്കുകയോ അത് ആവശ്യപ്പെട്ടാൽ പരിഹസിക്കുകയോ, നിഷേധിക്കുകയോ ചെയ്യുക…അങ്ങിനെ ഒടുങ്ങാത്ത ക്രൂരതകൾ അവൾ സഹിക്കേണ്ടി വരുന്നു. കാലങ്ങളായി നമ്മുടെ സമൂഹത്തിൽ ഇതൊരു ക്രൂരതയായി,അനുഭവിക്കുന്നവർക്ക് പോലും തോന്നാത്ത തരത്തിൽ അത് നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. ശരീരത്തിൽ അത്രയും കാലം പലതരം അവശതയോടും, അസ്വസ്ഥതയോടും കൂടി കൊണ്ടു നടന്ന ഗർഭത്തിൽ സ്വയം തീരുമാനമെടുക്കാൻ കഴിയാത്ത നിസ്സഹായ അവസ്ഥയാണ് സ്ത്രീകൾ നേരിട്ടു കൊണ്ടിരുന്നത്. ഒരു ആചാരം പോലെ ഇതെല്ലാം പിന്തുടർന്നു പോരുകയാണ്!
അവിവാഹിതരായ പെൺകുട്ടികളുടെ ഗർഭം കുടുംബത്തിന് എന്നും ഒരു വലിയ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. അത് അലസിപ്പിക്കാൻ ആശുപത്രികളിൽ പോകുമ്പോൾ നിയമത്തിന്റെ സാങ്കേതികമായ നൂലാമാലകൾ പറഞ്ഞ് ഡോക്ടർമാർ ഒഴിവാക്കി വിടുകയാണ് പതിവ്. അതുകൊണ്ട് പലരും സുരക്ഷിതമല്ലാത്ത അശാസ്ത്രീയമായ ഗർഭച്ഛിദ്ര സംവിധാനങ്ങൾ പരീക്ഷിക്കുന്നത് കാരണം ആരോഗ്യം അപകടത്തിൽ പെടുകയോ മരണം സംഭവിക്കുകയോ ചെയ്യാം. അല്ലെങ്കിൽ രഹസ്യമായി പ്രസവിച്ച് കുഞ്ഞിനെ ഉപേക്ഷിക്കുകയോ, കൊന്നുകളയുകയോ ചെയ്യുന്നു.കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കാൻ പോലും പ്രായപൂർത്തിയാവാത്ത കുട്ടികളുടെ മാതാപിതാക്കളിൽ പലരും മനസ്സു കാട്ടാറില്ല. അതിൽ നിന്നൊരു മോചനം ഈ വിധി കൊണ്ട് ഉണ്ടാവും എന്നാണ് വിശ്വാസം. ഇതിന്റെ ഒരു ചെറിയ പോരായ്മയായി കാണുന്നത്; അബോർഷൻ നിയമങ്ങൾ ലളിതമായത് കൊണ്ട് പ്രായപൂർത്തിയാവാത്ത പക്വമല്ലാത്ത, മുൻകരുതലുകളില്ലാത്ത ലൈംഗിക ബന്ധങ്ങൾ കൂടുമോ എന്നുള്ള ആശങ്കയാണ്. സ്കൂളുകളിൽ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം കൊണ്ടുവരുന്നതിലൂടെയും, സാമൂഹിക ബോധവത്കരണത്തിലൂടെയും അതിനെയൊക്കെ മറികടക്കാനാവാം എന്നു പ്രതീക്ഷിക്കാം.

ഗർഭപാത്രവുമായി ബന്ധപ്പെട്ട ഗുരുതരമായ രോഗങ്ങളുമായി വരുന്ന അവിവാഹിതകളായ പെൺകുട്ടികളെ ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ട ഘട്ടത്തിൽ പോലും ചില ഡോക്ടർമാർ കന്യകാത്വം സംരക്ഷിക്കാൻ വേണ്ടി വിവാഹം കഴിഞ്ഞിട്ടാകാം ചികിത്സ എന്നു പറഞ്ഞ് നീട്ടി വയ്പ്പിക്കാറുണ്ട്. പല സ്ത്രീകളും അതൊരു പ്രശ്നമല്ലെന്ന് പറഞ്ഞാലും തയ്യാറാവാത്ത ഡോക്ടർമാരുമുണ്ട്. വിദ്യാഭ്യാസ, സാംസ്കാരിക പുരോഗതി കൈവരിച്ചിട്ടും ഇത്തരം അന്ധവിശ്വാസങ്ങളുടെ, വ്യാജ പരിശുദ്ധിയുടെ പേരിൽ എത്ര പെൺകുട്ടികളുടെ ജീവിതം നാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്!ഈയൊരു അധമ ബോധത്തിന്റെ അടിമയാകുന്നത് കൊണ്ടാണ് ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടിക്ക് മരണമല്ലാതെ മറ്റൊന്നും മുമ്പിലില്ലാതാവുന്നതും, അതിജീവിക്കുന്നവരെ ആക്ഷേപിക്കാനും തെറിവിളിക്കാനും രണ്ടാംകിടക്കാരിയാക്കാനും സമൂഹം മത്സരിക്കുന്നതും. ഒരു ബലാൽസംഗത്തിൽ പുരുഷനില്ലാത്ത എന്താണ് സ്ത്രീക്ക് മാത്രമായി നഷ്ടപ്പെടാനുള്ളത്?അവൾക്ക് യാതൊരു പങ്കുമില്ലാത്ത കാര്യത്തിൽ അവളെ മനുഷ്യത്വത്തിന്റെ കണിക പോലുമില്ലാതെ അങ്ങിനെ കടിച്ചു കീറുന്നവനെയല്ലെ അധമനായി തള്ളിക്കളയേണ്ടത്, അവനല്ലെ സമൂഹം വിലക്കേർപ്പെടുത്തേണ്ടത്? ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വരുന്നവർക്ക് ഏറെ ആശ്വാസം നൽകുന്ന വളരെ പ്രാധാന്യമർഹിക്കുന്ന വിധിയാണിത്.ബലാൽസംഗത്തിലൂടെ ഗർഭിണിയാകുന്ന സ്ത്രീകൾക്കും, പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും അവർ അബോർഷന് വേണ്ടി സമീപിക്കുന്ന ആശുപത്രികളിൽ മാനസികാരോഗ്യവും, ആത്മവിശ്വാസവും വർദ്ധിപ്പിക്കാനുള്ള കൗൺസിലിംഗ് പോലുള്ള സൗകര്യങ്ങളും സർക്കാർ നൽകേണ്ടതാണ്.

ഏറ്റവും വലിയ സംതൃപ്തിയുടെ മനശ്ശാസ്ത്രം കീഴടക്കലിന്റേത് തന്നെയാണ്. അത് രാജ്യങ്ങൾ വെട്ടിപ്പിടിക്കുന്നത് മുതൽ ഒരു കൊച്ചുകുഞ്ഞിനെ അടിച്ച് അനുസരിപ്പിക്കുന്നത് വരെ പല പല വലിപ്പച്ചെറുപ്പത്തിൽ ചിതറിക്കിടക്കുന്നു. അതിൽ ഏറ്റവും മൃഗീയമായത് സ്ത്രീകളോടുള്ള ആക്രമമാണ്‌.അനുസരണയുള്ള ഭാര്യ എന്നു പറയുമ്പോൾ ആദ്യമായി അർത്ഥം വയ്ക്കുന്നത് ലൈംഗിക അനുസരണ തന്നെയാണ്. ഒരു പെൺകുട്ടിയെ വിവാഹദിവസം മണിയറയിലേക്ക് വിടുമ്പോൾ വീട്ടുകാർ അവളെ ഉപദേശിക്കുന്നത് പുരുഷന് കീഴ്പ്പെടണം, അവൻ എന്തു ചെയ്താലും എതിർക്കരുത് എന്നാണ്. ആദ്യമായുള്ള ലൈംഗിക ബന്ധം വേദന നിറഞ്ഞതാണെന്ന് പോലും അവളെ ആരും അറിയിക്കാറില്ല. അതുകൊണ്ടു തന്നെ പല പെൺകുട്ടികൾക്കും വിവാഹത്തിലെ ആദ്യ ദിനം തന്നെ ആഘാതം നിറഞ്ഞതാകുന്നു. അതുപോലെ തന്നെ സ്ത്രീകളെ കടന്നു കയറി ബലം പ്രയോഗിച്ച് ആക്രമിക്കാനുള്ളതല്ലെന്നും സ്ത്രീകൾക്ക് അത് വേദനാജനകമാണെന്നും പുരുഷന്മാർക്കും ആരും പറഞ്ഞു കൊടുക്കാറില്ല. ആണത്തത്തെക്കുറിച്ചുള്ള പൊലിപ്പിച്ച കുറേ കഥകളല്ലാതെ.
സാങ്കേതികമായും സാംസ്കാരികമായും സാമ്പത്തികമായും പുരോഗതി പ്രാപിച്ച ഒരു സമൂഹത്തിൽ വൈവാഹിക ജീവിതത്തിലെ ലൈംഗികത പോലും പ്രാകൃതമായി നടത്തുന്ന ഒരു ജനത എന്ന നിലയിൽ നാം ലജ്ജിക്കേണ്ടതുണ്ട്. ലൈംഗിക വിദ്യാഭ്യാസം ശാസ്ത്രീയമായിപ്പോലും നൽകാൻ അനുവദിക്കാത്ത ഇരുളടഞ്ഞ സമൂഹമായി നാം പിന്നോട്ട് പോകുന്നു. ലൈംഗിക വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോഴേക്കും.
“അത് പഠിപ്പിക്കുന്നവർ ചെയ്തും കാണിയ്ക്കും” എന്ന് ആക്രോശിക്കുകയാണ്. ഫലമോ സ്ത്രീയുടെ ജീവിതം മാത്രം ദുരിത പൂർണ്ണമാവുന്നു. ഈ ഇടത്തിലേക്കാണ് പള്ളികളും മദ്രസകളും നുഴഞ്ഞു കയറി അടിമത്വവും, അശ്ലീലവും, അന്ധവിശ്വാസങ്ങളും ഓരോരുത്തരുടേയും ഭാവനയനുസരിച്ച് കുരുന്നു മനസ്സുകളിലേക്ക് കുത്തി നിറയ്ക്കുന്നത്… അത്തരം അശാസ്ത്രീയത പഠിപ്പിക്കുന്നതിൽ യാതൊരു തെറ്റും നമ്മുടെ സമൂഹം കാണുന്നുമില്ല. സ്ത്രീ പുരുഷന്റെ കൃഷിയിടമെന്നും, പ്രത്യുൽപാദന യന്ത്രം മാത്രമെന്നും, അടിമയെന്നും പറഞ്ഞ് മതങ്ങളത് അരക്കിട്ടുറപ്പിക്കുകയാണ്… അതു കാരണം തീരുമാനമെടുക്കാൻ പോയിട്ട് പറ്റില്ലെന്ന് പറയാൻ പോലും സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലാതാകുന്നു.
ഞാൻ മദ്രസയിൽ പോയിരുന്ന കാലത്ത് മൂന്നാം ക്ലാസ്സിലൊക്കെ ആർത്തവത്തെക്കുറിച്ചും, ഭാര്യാ ഭർതൃ ബന്ധത്തെക്കുറിച്ചും അശ്ലീലം നിറഞ്ഞ ഭാഷയിലും ചേഷ്ടയിലും മദ്രസാ അദ്ധ്യാപകന്മാർ പഠിപ്പിച്ചിരുന്നു!.
എനിക്ക് അടുത്തറിയാവുന്ന നടുവേദന കൊണ്ട് കഷ്ടപ്പെടുന്ന ഒരു സ്ത്രീ അഞ്ച് പ്രസവിച്ചതിന് ശേഷം ഇനി എനിക്ക് വയ്യ എന്ന് പറഞ്ഞപ്പോൾ ഭർത്താവ് പറഞ്ഞത് നടുവേദന തരുന്നതും കുഞ്ഞുങ്ങളെത്തരുന്നതും പടച്ചോനാണ്. അതിനൊക്കെ ഇവിടെ ചികിത്സയുണ്ടല്ലൊ എന്നാണ്. അവർക്ക് നടുവേദന വന്നത് തന്നെ നിരന്തരമായ പ്രസവവും, വീട്ടു പണികളും, കുഞ്ഞുങ്ങളെ പരിപാലിക്കലും എല്ലാം കൂടി കൊണ്ടാണ്. അവർ വീണ്ടും രണ്ടെണ്ണം കൂടി പ്രസവിച്ചു. ഡോക്ടർമാരോട് വഴക്കു കേൾക്കുന്നത് കൊണ്ട് ഓരോ പ്രസവത്തിനും ആശുപത്രികൾ മാറിക്കൊണ്ടിരിക്കും!അവരുടെ മകൾക്കും ഇപ്പോൾ 8 വയസ്സുള്ള മൂത്ത കുട്ടിക്ക് താഴെ മൂന്നു കുഞ്ഞുങ്ങളുണ്ട്. ഇവരൊന്നും കാട്ടിൽ വസിക്കുന്നവരോ അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തവരോ അല്ല. ആൾ ദൈവങ്ങളുടെ സ്വാധീനം പോലെ തന്നെ ചില പണ്ഡിതന്മാരുടെ വയള് (മത പ്രഭാഷണം) കേട്ട് കേട്ട് അന്ധരായിപ്പോയവരാണ്. ശക്തമായ നിയമം നടപ്പിലാക്കിക്കൊണ്ടല്ലാതെ അന്ധവിശ്വാസികളായ മത വിഭാഗങ്ങൾക്കിടയിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകൂ എന്ന ചിന്തയെ മറികടക്കുന്ന പലതരം അന്ധവിശ്വാസങ്ങളാണ് പ്രചരിയ്ക്കപ്പെട്ടിട്ടുള്ളത്. മേൽപ്പറഞ്ഞ ഈ സ്ത്രീയുടെ മൂന്നാമത്തെ കുട്ടിക്ക് തൊട്ട് താഴോട്ടുള്ള എല്ലാ കുട്ടികൾക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. അതും ദൈവം തരുന്നതാണെന്നാണ് ന്യായം. മാനസികമായും ശാരീരികമായും ആരോഗ്യമുള്ള പങ്കാളികൾക്കേ ബുദ്ധിയും, ആരോഗ്യവുമുള്ള കുഞ്ഞുങ്ങൾ ഉണ്ടാവുകയുള്ളൂ എന്നതിന് ഊന്നൽ കൊടുത്തു കൊണ്ടുള്ള ശക്തമായ ബോധവത്കരണം ഇത്തരക്കാർക്ക് ഇടയിൽ നിർബന്ധമായും ഉണ്ടാകേണ്ടതുണ്ട്. ഗർഭകാലത്ത് സ്ത്രീകളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുക, വൈകല്യങ്ങളില്ലാത്ത തലമുറ വളർന്നു വരാൻ വേണ്ട പദ്ധതികൾ ശക്തമായി നടപ്പിലാക്കുക എന്നതൊക്കെ സ്റ്റേറ്റിന്റെ ചുമതലയായി ഏറ്റെടുക്കണം. നിലവിലെ നിയമം ഭേദഗതി ചെയ്ത് ഗർഭിണികൾക്കെതിരെ ഉള്ള ആക്രമണങ്ങൾക്ക് കടുത്ത ശിക്ഷ തന്നെ നടപ്പിൽ വരുത്തണം. ഗർഭിണിയുടെ അടിവയറ്റിൽ ചവിട്ടി, മർദ്ദിച്ചു എന്നൊക്കെ എത്രയെത്ര വാർത്തകൾ കേട്ടിരിക്കുന്നു… അത്തരം കാര്യങ്ങൾ തടയാൻ സർക്കാർ തലത്തിൽ പദ്ധതികൾ കൊണ്ടുവരേണ്ടതുണ്ട്. സുപ്രീം കോടതി വിധി ഈ രംഗത്തെ സമഗ്രമായ സാമൂഹ്യമാറ്റത്തിന് തുടക്കമാവട്ടെ.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like