പൂമുഖം LITERATUREകഥ ദേശ് വാസി

ദേശ് വാസി

മറൈൻഡ്രൈവിലന്ന് ഒരുമിച്ച് കുട ചൂടിയിരുന്ന ആണുങ്ങളെയും പെണ്ണുങ്ങളെയും അടിച്ചോടിച്ച് രാത്രി വീട്ടിൽ എത്തിയപ്പോഴാണ് വിശ്വംഭരൻ ആ കാര്യം അറിഞ്ഞത്. തന്‍റെ മൂത്ത മകളെ കാണാനില്ല. വീട്ടിൽ കയറി വന്നപ്പോഴുണ്ടായ വലിയ മൗനത്തിൽ തന്നെയാണ് ആദ്യം സംശയം തോന്നിയത് പിന്നീട് കാര്യം തിരക്കിയപ്പോൾ ഭാര്യ സുമ പേടിച്ച് ഉത്തരം പറഞ്ഞു: ‘അച്ചു ഇതുവരെ വന്നിട്ടില്ല’

അയാൾ ആകെ തരിച്ചു പോയി. താൻ ഇപ്പോൾ നിൽക്കുന്ന ഹാളും അതിനപ്പുറത്തുള്ള സിറ്റൗട്ടും അതും കഴിഞ്ഞ് മുറ്റത്തിനപ്പുറമുള്ള ചെറിയ തോടും കഴിഞ്ഞ് അയാൾ നടവഴി യിലേക്ക് നോക്കി. അവിടെ നിന്നും തന്‍റെ മകൾ അശ്വതി ഒരു മഞ്ഞ ചുരിദാറൂമിട്ട് നടന്നുവരുന്നതു പോലെ അയാൾക്ക് തോന്നി. പക്ഷേ ഇത്ര ഇരുട്ടിയിട്ട് ആ തോട് ചാടിക്കടന്ന് അച്ഛാ എന്ന് വിളിച്ചവൾ വന്നിട്ടില്ല. അത് പണ്ടേ പറഞ്ഞുകൊടുത്തിട്ടുമുണ്ട്: ആറുമണിക്ക് മുൻപ് കവലയിൽ ബസ്സിറങ്ങിക്കോണം. അതിനപ്പുറത്തേക്ക് ഒരു കൊണവതികാരോം ഇവടെ വേണ്ടാ എന്ന്. അത് അവൾ അനുസരിച്ച് പോന്നിട്ടുമുണ്ട്.

കവല കഴിഞ്ഞ് താഴോട്ടിറങ്ങി വരുമ്പോ സഖാവ് കുഞ്ഞേട്ടന്‍റെ കട. കുഞ്ഞേട്ടന്‍റെ പെമ്പറന്നോരോട് ഒരു ചിരിയും കൊടുത്തിട്ട് അധികമാരോടും മിണ്ടാതെ അവളിങ്ങ് പോരും. ചിലപ്പോ എന്തെങ്കിലും പലഹാരം മേടിക്കാൻ കാശ് കൊടുത്തു വിട്ടിട്ടുണ്ടെങ്കിൽ കുഴിക്കാടന്‍റെ കടയിൽ നിന്നും മേടിക്കും. അല്ലാതെ വളവ് തിരിഞ്ഞ് കനാൽബണ്ടിലേക്ക് കയറുമ്പോഴോ ഷോപ്പിന്‍റെ മുൻപിൽ കൂടെ പോരുമ്പോഴോ അവൾ ഒരു മൂളിപ്പാട്ട് പോലും പാടീട്ടില്ല.

ഷാപ്പും കഴിഞ്ഞു മുന്നോട്ട് വന്ന് പിന്നെയും കുറെ കൂടി മണ്ണുവഴീക്കൂടെ നടന്ന് ഇടത്തോട്ട് തിരിഞ്ഞ് പിന്നേം നടന്നെത്തുന്ന ആറാമത്തെ വീടാണ് വിശ്വംഭരന്‍റെ വീട്. വീട് എത്തുന്നതിനു തൊട്ടുമുൻപ് വടക്കേലെ മിനി എന്തേലും കുശലം ചോദിച്ചാൽ അതിനുത്തരവും പറഞ്ഞു ‘അമ്മേ’എന്ന് വിളിച്ച് വീട്ടിലേക്ക് കയറി പോരും. ഇന്നലെ വരെ അങ്ങനെത്തന്നെ ആയിരുന്നുതാനും.

അയാൾക്ക് അപ്പോൾ തന്‍റെ കയ്യും കാലും വിറക്കുന്നതുപോലെ തോന്നി. സിറ്റൗട്ടിലേക്കു കാലും നീട്ടി അയാളാ ഇളംതിണ്ണയിലിരുന്നു. വലതുവശത്ത് മുകളിൽ കത്തുന്ന ബൾബിൽ നിറയെ ഈയാംപാറ്റകൾ ആർത്തു കൂടുന്നുണ്ട്. ആ കാഴ്ച കൂടെ കണ്ടപ്പോൾ നാട്ടുകാർ വിശ്വം എന്ന് വിളിക്കുന്ന വിശ്വംഭരൻ ചാടിയെഴുന്നേറ്റ് അകത്തെ മുറിയിലേക്ക് പോയി. ഊണ് മുറിയിൽ ഡൈനിങ് ടേബിളിൽ തലവെച്ച് കിടന്ന സുമയെ അയാൾ മുടിക്ക് കുത്തിപ്പിടിച്ച് എഴുന്നേൽപ്പിച്ചു.
‘ പറയടി മറിയാടിച്ചി എന്‍റെ കൊച്ചന്ത്യേ?’

വര: പ്രസാദ്‌ കാനാത്തുങ്കല്‍

സുമ അറിയാതെ കരഞ്ഞുപോയി. അവൾ തന്‍റെ വെള്ളംവറ്റിയ ചുണ്ടുകൾ കൊണ്ട് പറഞ്ഞു ‘എനിക്ക് അറിയിലേട്ടാ.. എനിക്കറിയില്ല ‘

‘അടിച്ചു നിന്‍റെ കരണം പൊകയ്ക്കും. നിന്നോടെന്തെങ്കിലും അവള് പറഞ്ഞാരുന്നോടി?’

‘ ഇല്ല ഏട്ടാ’ സുമയിത് കരഞ്ഞുകൊണ്ട് പറഞ്ഞവസാനിപ്പിച്ചതും ‘അവള് പെണ്ണിനെ വളത്തി വെച്ചേക്കുന്നു’ എന്ന് പറഞ്ഞയാൾ അവരെ തലങ്ങും വിലങ്ങും അടിച്ചു. അടികൊണ്ട് സുമ വീണുപോയി. അവരവിടെ കിടന്ന് നിലവിളിച്ചു അയാൾ അവർക്ക് നേരെ കാലു പൊന്തിച്ചു.

‘ ഇനി കരഞ്ഞ് ആളെ കൂട്ടിയാൽ… നിന്നേം നിന്‍റെ രണ്ടാമത്തേനേം ഞാൻ ചവിട്ടി കൊല്ലും.’ അവർക്ക് പേടികൊണ്ട് വായിൽ നിന്നും വാക്കുകൾ വന്നില്ല. വിശ്വനപ്പോഴേക്കും ഒരു ഭ്രാന്തനെപ്പോലെ ആയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ അയാൾ നിന്നു. ദേഷ്യം തീർക്കാൻ പാത്രങ്ങൾ എറിഞ്ഞു പൊട്ടിക്കണം എന്നയാൾക്ക് തോന്നി. ഭാര്യയെ ഇനിയും അടിക്കാൻ അയാൾക്ക് കൈകൾ തരിച്ചു. അയാൾ മേശയിലേക്ക് തന്‍റെ വലതു കൈ ആഞ്ഞടിച്ചു.

‘പൊന്നു…’ അയാൾ അലറി.

മുറിയിൽ നിന്നും പേടിച്ച് അയാൾക്ക് മുൻപിലേക്ക് പാവാടയും ടീഷർട്ടും ധരിച്ച ഇളയ മകൾ പാർവതി വന്നുനിന്നു. അച്ഛന്‍റെ ദേഷ്യത്തിന് മുന്നിൽ പേടിച്ച് നിന്ന ആ കുട്ടിയെ നോക്കി അയാൾ ചോദിച്ചു ‘അച്ചു എന്ത്യേടി?’
അവൾക്ക് പേടിച്ചിട്ട് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. ‘ പറയടി’ എന്ന് പറഞ്ഞ് അടിക്കാൻ കയ്യോങ്ങിയപ്പോൾ ആ പത്താം ക്ലാസുകാരി വിറച്ചു കൊണ്ട് പറഞ്ഞു ‘എനിക്കറിഞ്ഞുകൂടച്ചാ.’ അവൾ അപ്പോൾ ആകെ വിറയ്ക്കുന്നുണ്ടായിരുന്നു., പിന്നെ എവിടെപ്പോയെടി..’ എന്ന് പറഞ്ഞ് മുടിയിൽ കുത്തിപ്പിടിച്ചെങ്കിലും, അയാളുടെ കൈകൾ അച്ഛാ എന്ന അവളുടെ വിളി കേട്ടപ്പോൾ അയഞ്ഞു. അയാൾക്ക് തന്‍റെ ദേഷ്യത്തെ പിടിച്ചുനിർത്താൻ സാധിച്ചില്ല. പക്ഷേ ഇനിയും ആ കുഞ്ഞിനെ കരയിപ്പിക്കാൻ അയാൾക്ക് മനസ്സ് വന്നില്ല. പക്ഷേ നാളത്തെ പത്രത്തിൽ വരുന്ന ഒരു വാർത്തയാകുമോ തന്‍റെ മകൾ എന്ന് ആലോചിച്ചപ്പോൾ അയാൾക്ക് വിറഞ്ഞുകയറി. അയാൾ തന്‍റെ ഭാര്യക്ക് നേരെത്തിരിഞ്ഞു. നിലത്ത് തളർന്നിരുന്ന അവരെ അയാൾ മുടിയിൽ കുത്തിപ്പിടിച്ച് എഴുന്നേൽപ്പിച്ചു. അയാൾ അവരുടെ കാരണത്താഞ്ഞടിച്ചു. അത് കണ്ടു നിന്ന് ആ കുട്ടി അപ്പോഴേക്കും കരഞ്ഞു പോയിരുന്നു. ‘ഒച്ചവെച്ച് ആളെ അറിയിക്കരുത്’ എന്ന് പറഞ്ഞയാൾ കുട്ടിയെ തിരിഞ്ഞു നോക്കി. നോട്ടം കണ്ട ആ കുട്ടിയുടെയും സ്ത്രീയുടെയും കരച്ചിൽ ഒരു മൂളൽ മാത്രമായി ഒതുങ്ങി. വീണ്ടും ആ സ്ത്രീയുടെ മുടിയിൽ കുത്തിപ്പിടിച്ച് ഭിത്തിയിലേക്ക് ചേർത്ത് തല ചതക്കാൻ നോക്കിയപ്പോൾ മകൾ അയാളുടെ കാല് പിടിച്ചു പറഞ്ഞു’ ചേച്ചി കിരണേട്ടന്‍റെ ഒപ്പം പോയതാ അച്ഛാ… അച്ഛനോട് പറഞ്ഞാ അച്ഛൻ കൊല്ലുന്നറിയാവുന്നതോണ്ടാ പോയെ…’

അയാൾ അവരുടെ മുടിയിൽ നിന്നും പിടിവിട്ടു. പക്ഷേ അപ്പോഴും ചതിക്കപ്പെട്ട പോലെ അയാൾക്ക് തോന്നി. അയാൾ വീടിനു പുറത്തിറങ്ങി ഒരു സിഗരറ്റ് കത്തിച്ചു. ദേഷ്യം മാറാത്ത അയാളുടെ ഹൃദയം അപ്പോഴും കനത്തിലിടിക്കുന്നുണ്ടായിരുന്നു. സിറ്റൗട്ടിലെ ലൈറ്റ് ഓഫ് ചെയ്ത് പുറത്തേക്കുള്ള വാതിലും അടച്ച് അയാൾ മുറ്റത്ത് ഇരുട്ടിൽ നിന്നു. പതിയെ ചന്ദ്രന്‍റെ പ്രകാശം കാരണം ഭൂമിക്ക് തിളക്കം വച്ചു.വീണ്ടും ഒരു സിഗരറ്റ് കത്തിക്കുന്നതിനിടയിൽ അയാൾ തന്‍റെ മകളെക്കുറിച്ച് ആലോചിച്ചു. അയാൾ ചതിക്കപ്പെട്ടു എന്ന് വീണ്ടും വീണ്ടും തോന്നി തന്‍റെ മകളുടെ മുന്നിലിട്ട് അവനെ വെട്ടിക്കൊല്ലാൻ അയാൾ കൊതിച്ചു. റോഡിൽ കിരണിനെ വെട്ടി നൂറായിരം കഷണങ്ങളാക്കി നുറുക്കി ഇട്ടിരിക്കുന്നത് അയാൾ കണ്ണടച്ചു കണ്ടു.

അവളുടെ കൂട്ടുകാരായ അനേകം പെണ്ണുങ്ങളുടെയും ചെറുക്കന്മാരുടെയും മുഖങ്ങൾ ഓർത്തെങ്കിലും കിരണിന്റെ മുഖം മാത്രം അയാൾക്ക് മനസ്സിൽ കിട്ടിയില്ല. മനസ്സിനെ ശാന്തമാക്കാൻ വീണ്ടും വീണ്ടും അയാൾ സിഗരറ്റുകൾ കത്തിച്ചുകൊണ്ടിരുന്നു.സ്വസ്ഥത കിട്ടാതെ മുറ്റത്ത് ഒരുപാട് നേരം നടന്നു. രാത്രി എപ്പോഴോ മുറിയിൽ ചെന്ന് കിടന്നെങ്കിലും അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പിന്നെ ഏതോ ഒരു നിമിഷം വിശ്വൻ അറിയാതെ ഉറങ്ങിപ്പോയി.

രാവിലെ ഉണർന്നപ്പോൾ ആദ്യം കണ്ടത് ഒരു ഭാഗത്തേക്ക് ചരിഞ്ഞു നിൽക്കുന്ന ചെറി ചെടിയാണ്. രാത്രി മഴ പെയ്തിട്ടുണ്ട്. മുറ്റത്ത് വെള്ളം തളംകെട്ടി കിടക്കുകയാണ്. ഇപ്പോഴും മാനം തെളിഞ്ഞിട്ടില്ല.ഇനിയും മഴ പെയ്തേക്കാം. അയാൾ ഫോൺ എടുത്തു നോക്കി. സമയം ഏഴര ആയിരിക്കുന്നു. ഡയൽ ചെയ്ത് അയാൾ ഷിഹാബിനെ വിളിച്ചു.

‘ഹലോ..ഞാൻ വിശ്വനാ..’
‘ആ പറയ്’
‘ ഞാൻ പറയുന്നത് കേട്ടാൽ മാത്രം മതി. ഇങ്ങോട്ട് ഒന്നും പറയണ്ട’ ഷിഹാബ് ഒന്നു മൂളുക മാത്രം ചെയ്തു.
‘എന്‍റെ മോളെ കാണാനില്ല.പോലീസിൽ പരാതിപ്പെടണം. നീയും ഞാനും അല്ലാതെ വേറൊരു മോനും ഇത് അറിയരുത്.’
‘ശരി’ ഷിഹാബ് അറിയിച്ചു.
ഒൻപത് മണിയാവുമ്പോൾ സ്റ്റേഷനിലേക്ക് വാ..’ വിശ്വന്‍റെ നിർദ്ദേശം കേട്ട് ശരിവെച്ച് ഷിഹാബ് ഫോൺ കട്ട് ചെയ്തു.

ഒൻപത് മണിക്ക് ഷിഹാബും വിശ്വനും സ്റ്റേഷനിൽ എത്തിയപ്പോൾ മുതൽ അവിടെ ആകെ നല്ല തിരക്കാണ്. സബ് ഇൻസ്പെക്ടറെ കാണണമെന്ന് അറിയിച്ചപ്പോൾ ‘ഇരിക്ക് ‘എന്ന് പറഞ്ഞു കോൺസ്റ്റബിൾ പോയി. ആ കസേരയിൽ ഇരുന്നപ്പോഴും വിശ്വന്‍റെ മനസ്സ് കിരണിനു വേണ്ടി കൊതിച്ചു. ആദ്യമായി ചെയ്യുന്ന കൊല തന്‍റെ മകൾക്ക് വേണ്ടി എന്നയാൾ തന്നോട് തന്നെ പറഞ്ഞു. സിഗരറ്റിനു വേണ്ടി അപ്പോഴും അയാളുടെ കൈ തരിക്കുന്നുണ്ടായിരുന്നു.

ആലോചനക്കിടയിലും ഷിഹാബിന്‍റെ ഫോൺ അടിക്കുന്നത് അയാൾ കേട്ടു. ‘ശരി ശരി’ എന്ന രണ്ടു വാക്കുകളല്ലാതെ ഷിഹാബ് ഒന്നും മറുപടി പറഞ്ഞില്ല. ഷിഹാബിന്‍റെ മുഖത്ത് നിന്നും ചോരയുടെ അംശങ്ങൾ വറ്റുന്നതു മാത്രം വിശ്വനപ്പോൾ കാണുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ ഒരു ‘ശരി’യിലയാളുടെ സ്വരം ഇടറി എന്നും വിശ്വനറിഞ്ഞു. ഫോൺ വെച്ച ഉടൻ ഷിഹാബ് പറഞ്ഞു.’ പാത്തൂന്‍റെ സ്കൂളിൽ നിന്നാ. അവൾക്ക് എന്തോ ആക്സിഡന്റ് പറ്റി. പെട്ടെന്ന് മേരി മാതാ ആശുപത്രിയിലോട്ട് ചെല്ലാൻ. പേടിയാവാ വിശ്വാ.. ഞാൻ പോയിട്ട് വരാം.’
കസേരയിൽ നിന്നെഴുന്നേറ്റ് തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഷിഹാബിനെ ഒറ്റയ്ക്ക് വിടാൻ മനസ്സിനായില്ല. അയാൾകൂടെ ചെല്ലാം എന്ന് പറഞ്ഞു ഒപ്പം കൂടി.

ഓട്ടോയിൽ കയറുമ്പോൾ ഷിഹാബിന്‍റെ കണ്ണുനിറഞ്ഞിരുന്നു. നിറയാതെ നിർവാഹമില്ലെന്നു വിശ്വന് അറിയാം. കാരണം തന്‍റെ പൊന്നുവിനെപ്പോലെ ഷിഹാബിന്‍റെ ഇളയ മകളാണ് പ്ലസ് വണ്ണിൽ പഠിക്കുന്ന ഫാത്തിമ. ആ അച്ഛന്‍റെ ചുണ്ടിൽ നിന്നും പുറത്തുവരുന്ന അനേകം മന്ത്രങ്ങൾ കേട്ടപ്പോൾ ഓട്ടോയ്ക്ക് വേഗം കുറവാണെന്ന് വിശ്വന് തോന്നി.

‘ വാപ്പിച്ചി ഈ സ്കൂളില് ബസ് കയറി പോയാലും കുഴപ്പമില്ല. എല്ലാ ദിവസവും നിസ്കരിക്കാലോ’ എന്നും പറഞ്ഞാടോ അവളീ സ്കൂളിൽ ചേർന്നത്. പക്ഷെ ഇപ്പോഴിതാ ആക്സിഡന്റ് എന്നും പറഞ്ഞ് ഒരു പരീക്ഷണം എന്ന് പറയുന്നതിനിടയിൽ അയാൾ പൊട്ടിക്കരഞ്ഞു പോയി. വിശ്വനായാളെ ചേർത്ത് പിടിച്ചു. ഒന്നൂല്ല ഷിഹാബേ എന്ന് പറഞ്ഞെങ്കിലും ആ അച്ഛനെ സമാധാനിപ്പിക്കാൻ അതൊന്നും പോരാതെ വന്നു.

ഹോസ്പിറ്റൽ പടിക്കൽ വണ്ടി നിർത്തിയപ്പോൾ തന്നെ ഷിഹാബ് ഓടിപ്പോയത് കാഷ്വാലിറ്റിക്ക് മുന്നിലേക്കാണ്. അവിടെ പാത്തുവിന്‍റെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ നിരന്നു നിന്നിരുന്നു. പോളിസ്റ്റർ മുണ്ടും ഓറഞ്ച് കളർ ഷർട്ട് ഇട്ട ആ മനുഷ്യൻ, ഒരു ചെറിയ ചിരി വരുത്താൻ ശ്രമിച്ചു. കുട്ടികളോട് ചോദിച്ചു ‘ഒന്നും പറ്റിയില്ലല്ലോ അല്ലേ?’ അവർക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. അവർക്കിടയിൽ നിന്നും ഏതോ ഒരു കുട്ടി പറഞ്ഞു’ ഇക്ക ഒന്ന് ഡോക്ടറെ കാണണമെന്ന് പറഞ്ഞിട്ടുണ്ട്’. ശിഹാബപ്പോൾ വിശ്വന്‍റെ കയ്യിൽ മുറുകെപ്പിടിച്ചു. അവരകത്തേക്ക് കടന്നു.

അവിടെ ആദ്യം കണ്ട നഴ്സിനോട് വിശ്വൻ കാര്യം പറഞ്ഞു. ‘ഫാത്തിമയുടെ ബന്ധുക്കളാണ്. ഡോക്ടറെ കാണാൻ …’
‘ഓക്കേ ഓക്കേ ഒന്ന് വെയിറ്റ് ചെയ്യണേ.’ അങ്ങനെ പറഞ്ഞു അവർ ഒരു മുറിയിലേക്ക് കയറിപ്പോയി.

ഇടതുവശത്ത് ഒരു കസേരയിൽ അമ്മയുടെ തൊട്ടടുത്തിരിക്കുന്ന ഒരു കുട്ടിയെ അപ്പോഴാണ് വിശ്വൻ കണ്ടത്. മൂന്നോ നാലോ വയസ്സുള്ള അവൾ മുഖത്ത് മാസ്ക് ധരിച്ചിരുന്നു. മാസ്കിന്‍റെ ഉള്ളിലേക്ക് കുഴൽവഴി വരുന്ന മരുന്നിന്‍റെ ആവി അവൾ ശ്രദ്ധയോടെ വലിക്കുകയാണ്. പക്ഷേ അതിനിടയിലും അവൾ തന്‍റെ അമ്മയെ സന്തോഷിപ്പിക്കാൻ കൈകൾ കൊണ്ട് എന്തോ ആംഗ്യം കാണിക്കുന്നുണ്ട്. തന്‍റെ അച്ചുവിന് കുഞ്ഞുനാളിൽ ഉണ്ടായിരുന്ന പോലെ അവൾക്കും ആസ്ത് മ ഉണ്ടെന്ന് വിശ്വനോർത്തു.

പെട്ടെന്ന് നേഴ്സ് കയറിപ്പോയ മുറിയിൽ നിന്നും ഡോക്ടർ പുറത്തേക്ക് വന്നു. അയാൾ ഒരു ദീർഘനിശ്വാസത്തോടെ ഷിഹാബിന്‍റെയും വിശ്വന്‍റെയും മുന്നിൽനിന്നു.
‘ സോറി, ഞങ്ങൾക്ക് രക്ഷിക്കാനായില്ല. ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ കാല് സ്ലിപ്പായി ടയറിന് അടിയിൽ പെട്ടതാണ്. അതുകൊണ്ടുതന്നെ ഇവിടെ എത്തിയപ്പോഴേക്കും….’ ഡോക്ടർ അതു മുഴുമിപ്പിച്ചില്ല. അപ്പോഴേക്കും ഷിഹാബ് അല്ലാഹ്!എന്ന് വിളിച്ചു തറയിൽ ഇരുന്നു പോയി. അയാൾ കുഴഞ്ഞു പോകുന്നതായി വിശ്വന് തോന്നി. കൂടെ നിന്ന ഒരാൾ പെട്ടെന്ന് ഇല്ലാതാവുന്ന വേദന ഷിഹാബിന്‍റെ മുഖത്ത് കാണുകയായിരുന്നു. ‘അച്ഛാ..’ എന്ന് വിളിച്ച് കയ്യിൽ തൂങ്ങി നടന്നിരുന്ന ഒരു കുരുന്നാകുമ്പോൾ അത് ഹൃദയത്തിൽ ഉണ്ടാക്കുന്ന വേദന വലുതാണെന്ന് അയാൾ അറിഞ്ഞു.

പെട്ടെന്ന് അയാളുടെ ഫോൺ അടിച്ചു.. പരിചയമില്ലാത്ത നമ്പർ ആയിട്ടും കോൾ സ്വീകരിച്ചു.
‘അച്ഛാ ഇത് ഞാനാണ്, അച്ചു’
അവളുടെ ശബ്ദം ഇടരുകയും പിന്നെയത് ഒരു കരച്ചിലാവുകയും ചെയ്തു.
‘ പേടിച്ചിട്ടാ ഞാൻ പറയാഞ്ഞേ ഞാനും കിരണും സേഫ് ആണ് അവന്‍റെ വീട്ടിലുണ്ട്’ അയാളുടെ ഹൃദയം അപ്പോൾ താളം വീണ്ടെടുക്കുകയായിരുന്നു.
‘ഹലോ…അച്ഛാ ‘
അയാൾ പറഞ്ഞു ‘നിങ്ങൾ വീട്ടിലേക്ക് വാ…ഞങ്ങൾക്ക് നിന്നെ കാണണം ‘

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.