മണിപ്പൂരില്‍
എന്ത് നടക്കുന്നുവെന്ന്
എനിക്കറിയേണ്ട,
ഞാനിങ്ങ് സമതലത്തിലാണ്.
യു പി യില്‍
എന്ത് നടക്കുന്നുവെന്ന്
എനിക്കറിയേണ്ട,
ഞാനിങ്ങ് ദക്ഷിണേന്ത്യയിലാണ്.
ഗുജറാത്തിലോ മഹാരാഷ്ട്രയിലോ
എന്ത് നടക്കുന്നുവെന്നെനിക്കറിയേണ്ട,
ഞാനിങ്ങ് കേരളത്തിലാണ്.
കേരളത്തിലെന്ത് നടക്കുന്നുവെന്ന്
എനിക്കറിയേണ്ട,
ഞാനിങ്ങ് കണ്ണൂരിലാണ്.
കണ്ണൂരിലെന്ത് നടക്കുന്നുവെന്ന്
എനിക്കറിയേണ്ട,
ഞാനിങ്ങ് കൂത്തുപറമ്പിലാണ്.
കൂത്തുപറമ്പിലെന്ത് നടക്കുന്നുവെന്ന്
എനിക്കറിയേണ്ട,
ഞാനെന്‍റെ വീട്ടിലാണ്.
വീട്ടിലെന്തു നടക്കുന്നുവെന്ന്
എനിക്കറിയേണ്ട,
ഞാനെന്‍റെ മുറിയിലാണ്.
വാതിലിലാരോ മുട്ടുന്നു.
കതക് ഞാന്‍ തുറക്കില്ല.
എനിക്ക് തീര്‍ച്ചയുണ്ട്

മണിപ്പൂരാവും പുറത്ത്.

കവർ : ജ്യോതിസ് പരവൂർ