പ്രണയികളെപ്പോലെ
അവരും അനാഥരായിരുന്നു,
പ്രണയത്തിന്‍റെ നാട്ടിൽനിന്നും
ഒളിച്ചോടിവന്ന
ഒരാണും ഒരു പെണ്ണും.
“എനിക്കുവേണ്ടത്
ഒരു പെണ്ണിനെയല്ല”
അവൻ പറഞ്ഞു;
“ഏതുപാതിരാവിലും
ഇറങ്ങിവന്നെന്‍റെ
തോളിൽ കൈയിട്ടു
തട്ടുകടയിൽ പോയൊരു
ചായകുടിക്കാൻ,
നാടുചുറ്റാൻ,
നിലയില്ലാപ്പുഴ
നീന്തിക്കടക്കാൻ,
വേദനിക്കുന്ന കൈകൾ
ഒന്നമർത്തിപ്പിടിക്കാൻ,
നിനക്കു ഞാനുണ്ടെന്നു
ചാരിയിരിക്കാൻ,
പാത്തും പതുങ്ങിയും
പാതയോരത്തു കാത്തു
നിൽക്കാതെ കാണാനൊരു
കൂട്ടുകാരനെ….”
“എനിക്കു വേണ്ടതും
ഒരാണിനെയല്ല”
അവൾ പറഞ്ഞു,
“എന്നെ പ്രണയിക്കാൻ
മാത്രമല്ലാതെ,
എന്റേതാണ് നീയെന്നു
പറയാതെ,
നിനക്കു ഞാനുണ്ടെന്ന്
സ്വപ്നങ്ങൾക്കൊപ്പം
നടക്കാൻ,
ഈ കാടും പുഴയും കാറ്റും
നമ്മുടേതെന്നു ചൊല്ലി
വെറുതെ വെറുതെ
പൊട്ടിച്ചിരിച്ചു
പാട്ടുകൾ പാടാൻ,
കഥകൾ പറയാൻ,
ഒരു കൂട്ടുകാരിയെ…”
സൗഹൃദത്തിൽ
അവർ സനാഥരായിരുന്നു,
ഒരാണും ഒരു പെണ്ണും.
കവര്‍ ഡിസൈന്‍: ജ്യോൽസ്ന വിൽസൺ