പൂമുഖം LITERATUREനിരൂപണം കഥാവാരം – 30

കഥാവാരം – 30

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെയോ വ്യക്തിയെയോ സ്ഥലത്തെയോ കേന്ദ്രമാക്കിക്കൊണ്ടാവും പലപ്പോഴും ചെറുകഥകൾ സൃഷ്ടിക്കപ്പെടുക. എന്താണ് അല്ലെങ്കിൽ എന്തിനെക്കുറിച്ചാണ് താൻ പറയാൻ ഉദ്ദേശിക്കുന്നത് എന്ന വ്യക്തമായ ധാരണ എഴുത്തുകാരന് ഉണ്ടാകും. കഥയുടെ കാലഘട്ടം നിമിഷങ്ങളോ വർഷങ്ങളോ ആകാം. അരമണിക്കൂർ നീണ്ടുനിൽക്കുന്ന ട്രെയിൻ യാത്രയെക്കുറിച്ച് എത്രയോ പേജുകൾ എഴുതാം. പക്ഷേ സാഹിത്യത്തിന്, പ്രത്യേകിച്ചും ചെറുകഥയ്ക്ക് ഒതുക്കം ഇല്ലെങ്കിൽ അത് പരാജയമാകും. എത്രകണ്ട് കുറുക്കി പറയാമോ അത്രകണ്ട് കുറുക്കി പറയണം. എഴുതിക്കഴിഞ്ഞ കഥയിൽ നിന്നും കഥയുടെ പൂർണ്ണതയ്ക്ക് സവിശേഷമായി അധികമൊന്നും സംഭാവന ചെയ്യാത്ത കഥാപാത്രങ്ങളെയും സംഭവങ്ങളെയും സ്ഥലവിവരണങ്ങളെയും നിഷ്കരുണം വെട്ടി മാറ്റണം.

ഒരു ഉത്സവപ്പറമ്പിനെക്കുറിച്ച് പറയുമ്പോൾ അവിടെ നടക്കുന്ന സംഭവങ്ങൾ സ്വാഭാവികമായി വായനക്കാരന്റെ മനസ്സിൽ കഥാകൃത്ത് പറയാതെ തന്നെ മുദ്രിതമായിരിക്കും. അവിടെ എത്ര ആനകൾ ഉണ്ടായിരുന്നു എന്നോ എത്ര വഴിയോരക്കച്ചവടക്കാർ ഉണ്ടായിരുന്നെന്നോ എത്ര കതിനാവടി പൊട്ടിച്ചുവെന്നോ, എത്ര ഐസ്ക്രീം കച്ചവടക്കാർ ഉണ്ടായിരുന്നു എന്നോ പറയേണ്ട യാതൊരു ആവശ്യവുമില്ല. രണ്ടോ മൂന്നോ വാചകങ്ങൾ കൊണ്ട് കഥയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ പറ്റിയില്ലെങ്കിൽ എഴുത്തുകാരൻ നല്ല ഒരു കഥാകൃത്ത് ആകുന്നില്ല. അതുപോലെ ഒരു കഥാപാത്രത്തെ കുറിച്ചുള്ള വ്യക്തമായ ധാരണ വായനക്കാരൻ ഉണ്ടാക്കണമെങ്കിൽ അദ്ദേഹത്തിന്റെ ഭൂത -ഭാവി- വർത്തമാനകാലങ്ങളെക്കുറിച്ചും അയാളുടെ മാതാപിതാക്കളെക്കുറിച്ചും അയാളുടെ സുഹൃത്തുക്കളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കേണ്ടുന്ന യാതൊരു ആവശ്യവുമില്ല.

നേരത്തെ പറഞ്ഞതുപോലെ കഥയുടെ പൂർണ്ണതയ്ക്ക് നിർബന്ധമായവ മാത്രം കഥയിൽ ഉൾക്കൊള്ളിക്കുക. നിർഭാഗ്യവശാൽ ഇന്ന് കാണുന്ന കഥകളിൽ പലതും നോവൽ പോലെ പരന്ന് കിടക്കുന്നു. കേന്ദ്രസ്ഥിതമായ ആശയത്തിലേക്ക് അനുനിമിഷം ചലിച്ചുകൊണ്ടിരിക്കേണ്ടുന്ന കഥ, അനുബന്ധ സംഭവങ്ങൾക്ക് ചുറ്റും കറങ്ങിക്കറങ്ങി ക്ഷീണിച്ചു പോകുന്നു.

വർഗീസ് അങ്കമാലി

വർഗീസ് അങ്കമാലിയുടെ ‘സ്ലീവാമല’ ആണ് മാതൃഭൂമിയിലെ കഥ. തിരുവല്ലയിലെ ഏതോ ബാങ്ക് കുത്തിത്തുറന്ന് സ്വർണവും പണവും കൊണ്ട് കടന്നുകളയുന്നു ഒരു മോഷണ സംഘം. സുവിശേഷവേലയുമായി ഊരു ചുറ്റുന്ന മുണ്ടക്കയത്തെ മുരുകേശനെ അവർ ഉരുപ്പടി ഏല്പിക്കുന്നു. പാസ്റ്ററുടെ വേഷത്തിൽ മലയടിവാരത്തിൽ എത്തിച്ചേരുന്ന ഇയാൾ മോനിക്കയും അവളുടെ ഭർത്താവ് കാക്കപ്പനും നടത്തുന്ന വെച്ചുകെട്ട് ചായപ്പീടികയിൽ എത്തുന്നു. യാക്കോബായക്കാരായ അടിവാരത്തെ ആൾക്കാരെ തന്റെ സഭയിൽ ചേർക്കുക എന്ന ദൗത്യമായിരുന്നു മോനിക്കയ്ക്ക് പാസ്റ്റർ നൽകിയത്. പിന്നീടൊരു ദിവസം, തിരക്ക് പിടിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന പാസ്റ്ററുടെ ഭാണ്ഡക്കെട്ടുകളിൽ ഒന്നിൽ സ്വർണ്ണവും പണവും ആണെന്ന് കാക്കപ്പൻ കണ്ടെത്തുന്നു. പാസ്റ്ററെ മലയടിവാരത്തിലെ അഗാധമായ കൊക്കയിലേക്ക് കൊന്നു തള്ളി ഇതൊക്കെയും ഇയാൾ കൈ കലാക്കുന്നു. ശേഷം, തന്റെ പെങ്ങളുടെ വീട്ടിൽ സൂക്ഷിച്ച സ്വർണ്ണവും പണവും അളിയൻ മോഷ്ടിച്ചതറിഞ്ഞ് മനം പൊട്ടി കൊക്കയിൽ ചാടി കാക്കപ്പനും ആത്മഹത്യ ചെയ്യുകയാണ്. കുറച്ചുകാലം കഴിഞ്ഞ് തന്റെ രണ്ട് പെൺമക്കളും, അച്ഛനെ പുറത്താക്കിയ അമ്മയല്ലേ എന്ന് പറയുന്നത് കേട്ട് മനസ്സ് തകർന്നുപോകുന്ന മോനിക്കയും അതേ കൊക്കയിൽ ചാടി ആത്മഹത്യ ചെയ്യുന്നു. ഇതാണ് വർഗീസ് അങ്കമാലി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘സ്ലീവാമല’ എന്ന കഥയുടെ സാരാംശം.

സംഗ്രഹം വായിച്ചാൽ ചിലപ്പോൾ വർത്തമാന പത്രവിവരണം ആണെന്ന് നിങ്ങൾക്ക് തോന്നും. അതിനാൽ ഇതിനെയൊരു കഥയായി രൂപാന്തരപ്പെടുത്തിയിട്ടുണ്ട് എഴുത്തുകാരൻ. അതിന് കണ്ടെത്തിയ മാർഗമാണ് അലങ്കാരങ്ങൾ, വർണ്ണനകൾ തുടങ്ങിയവ കുത്തിനിറക്കുക എന്നത്. ആദ്യം മലയടിവാരത്തെയും കൊക്കയേയും കുറിച്ച് പറയുന്ന ഭാഗമുണ്ട്. കഥയിലേക്ക് വായനക്കാരൻ ഒരിക്കലും ഇറങ്ങി വരരുത് എന്നാണ് ആ ഭാഗം നമ്മളോട് പറയുക. മുകളിൽ പറഞ്ഞ സംഗ്രഹത്തിലെ, എന്ന് വെച്ചാൽ മൂന്ന് കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങേണ്ടുന്ന ഈ കഥയിലെ, കഥാപാത്രങ്ങളുടെ എണ്ണം വായനക്കാർക്ക് വല്ലാത്ത ചെടിപ്പുണ്ടാക്കുന്നു. ചില വർണ്ണനകൾ അതീവ ദുർഗ്രഹം. നേരെ ചൊവ്വേ പറയേണ്ടുന്ന കാര്യങ്ങൾ തലകുത്തി നിന്ന് പറയുന്ന പ്രതീതി.

കഥയിൽ നിന്ന് വായനക്കാരിലേക്ക് കഥയുടെ വികാരത്തെ പകർത്താൻ പറ്റിയില്ലെങ്കിൽ അത് പരാജയമാണ്. കഥാപാത്രങ്ങളോട് സവിശേഷമായ ഒരു അടുപ്പം സൃഷ്ടിക്കുന്നതിൽ എഴുത്തുകാരന് വിജയിക്കാൻ ആകുന്നില്ല. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിലേക്കോ കഥാപാത്രങ്ങളിലേക്കോ ഫോക്കസ് ചെയ്യപ്പെട്ട എഴുത്തല്ല ഇത്. കഥയുടെ തുടക്കത്തിൽ സ്ലീവാ മലയുടെ ചരിത്രവും ഭൂമിശാസ്ത്രവും പരന്നുകിടക്കുന്നു. കാക്കപ്പന്റെ ചായക്കടയിലെ ജംഗമ വസ്തുക്കളെപ്പറ്റി പറയുന്ന രംഗമുണ്ട്. അതൊക്കെ അവിടെ കിടക്കട്ടെ; ഈ വസ്തുവകകൾ വായിച്ചതുകൊണ്ട് വായനക്കാരന് എന്ത് ലാഭം എന്ന് എഴുത്തുകാരന് ഒന്ന് ചിന്തിച്ചു നോക്കിക്കൂടായിരുന്നോ!

ചെറിയ വട്ടത്തിൽ ചായക്കട തുടങ്ങാൻ താല്പര്യം ഉള്ളവരാണ് വായനക്കാരെങ്കിൽ അത് ആവർത്തിച്ച് ആവർത്തിച്ച് വായിച്ച് മനസ്സിലാക്കിക്കൊള്ളുക.
“ഒരു സമോവറും മൂന്ന് അലൂമിനിയം കലങ്ങളും ആളുകൾ പണയംവച്ച കുറെ ഓട്ടുകിണ്ണങ്ങളും ഒന്നു രണ്ടു കണ്ണാപ്പയും വലിയ മുട്ടിയെ വിഴുങ്ങുന്ന ഒരടുപ്പും”. ഇത് മാത്രമല്ല, “കിഴവന്റെ പല്ല് പോലെ ആടുന്ന ഒരു മരബെഞ്ചും” അവിടെയുണ്ടായിരുന്നു. എങ്ങനെയുണ്ട് ഉപമ? പുതു പുത്തൻ അല്ലേ?

തുടർന്ന് കാക്കപ്പന്റെയും മോനിക്കയുടെയും ഭൂത വർത്തമാന കാലങ്ങൾ. ഇത്രയും ക്ഷമയോടെ വായിക്കാൻ വായനക്കാർക്ക് പറ്റിയാൽ കഥയുടെ പ്രധാന ഘട്ടത്തിലേക്ക് കടന്നു കിട്ടും. അവിടെ നമ്മെ കാത്തുനിൽക്കുന്നത് ഒട്ടും പുതുമയില്ലാത്ത സംഭവം മാത്രം. ഒറ്റ വാക്കിൽ ‘ബോറിങ്’ എന്ന് മാത്രം പറയാവുന്ന കഥ.

പ്രിൻസ് അയ്മനം

മാധ്യമം വാരികയിൽ രണ്ടാഴ്ചകളിലായി പ്രസിദ്ധീകരിക്കപ്പെട്ട പ്രിൻസ് അയ്മനത്തിന്റെ കഥയാണ് കുഴിക്കെണി. കഴിഞ്ഞവാരം ചെറുകഥകളുടെ ഏറ്റവും പ്രധാനപ്പെട്ട പോരായ്മയായി പറഞ്ഞത് സ്ഥൂലതയായിരുന്നു. ഒഴുക്കൻ മട്ടിൽ വായിച്ചു പോകാവുന്ന കഥയാണെങ്കിലും ഈ ഒരു പോരായ്മ ന്യായീകരിക്കാവുന്നതല്ല എന്ന് ആദ്യമേ പറയുന്നു. തന്നിലെ പൗരുഷം ചോദ്യം ചെയ്യപ്പെട്ടതിനാൽ അത് പരീക്ഷിച്ചറിയുന്നതിന് വേണ്ടി ഒരു കോൾഗേളിനെ സമീപിക്കുന്ന സാബുവിന്റെ കഥയാണിത്. സന്ധ്യയോടെ ഹോട്ടൽ റൂമിലെത്തുന്ന സാബു തന്റെ ആദ്യ പരീക്ഷണത്തിന്റെ വെപ്രാളത്തിൽ നന്നായി മദ്യപിച്ച് ഉറങ്ങിപ്പോകുന്നു. രാവിലെ ഉറങ്ങി എണീറ്റപ്പോൾ മുറിയിൽ നഗ്നയായി കിടന്നുറങ്ങുന്ന പെണ്ണിനെയാണ് കാണുന്നത്. ഇതാണ് കഥയുടെ തുടക്കം. വളരെ നന്നായി തുടങ്ങിയ കഥയിലെ ഒരു വാചകത്തിൽ തന്നെ കഥയുടെ സാരാംശം പരിപൂർണ്ണമായി നമുക്ക് ഗ്രഹിക്കാൻ പറ്റും. ” പൊതിഞ്ഞു പിടിക്കുന്ന പുറംപൂച്ചുകളുടെ ഉടയാടകൾ അഴിഞ്ഞാൽ മനുഷ്യനോളം മൃഗീയത മറ്റൊരു ജീവിക്കുമില്ല”.
ഒരു പരിചയവുമില്ലാത്ത തന്നോടൊപ്പം ശയിക്കാൻ വന്ന ഈ സ്ത്രീയെ ഉണർത്താൻ ശ്രമിച്ചപ്പോൾ, അവൾ മരിച്ചു കിടക്കുകയാണ് എന്ന് മനസ്സിലാകുന്നു സാബുക്കുട്ടന്. ഒരു തെറ്റും ചെയ്യാതെ, സമൂഹത്തിനുമുന്നിൽ കൊടും കുറ്റവാളി ആക്കപ്പെടാൻ പോകുന്ന അവസ്ഥയിൽ, അതിൽനിന്നും രക്ഷ പ്രാപിക്കുവാനുള്ള കഥാനായകന്റെ ശ്രമവും അതിൽ അയാൾ വിജയിക്കുന്നതും ആണ് കഥ.

സാബുക്കുട്ടൻ, അച്ഛൻ, അമ്മ, സുഹൃത്തുക്കൾ, മായ എന്ന സ്ത്രീ, ഒന്ന് രണ്ട് മേസ്തിരിമാർ, കുറച്ച് പണിക്കാർ, സുനിക്കുട്ടൻ തുടങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത കഥാപാത്രങ്ങൾ ഉണ്ട് ഈ കഥയിൽ. പക്ഷേ നമുക്ക് വേണ്ടതോ, രണ്ടോ മൂന്നോ കഥാപാത്രങ്ങൾ മാത്രം. നേരത്തെ പറഞ്ഞതുപോലെ, ആ ഹോട്ടലിൽ നടക്കുന്ന സംഭവത്തെ തുടർന്ന്, ആ ഒരു ദുർഘട സന്ധിയിൽ നിന്ന് കൊലക്കുറ്റം വേറൊരാളിലേക്ക് ചാർത്തി രക്ഷപ്പെടുന്നവനാണ് നായകൻ. അരികുവത്കരിക്കപ്പെട്ട, ശബ്ദമില്ലാത്തവൻ അധികാരികളാൽ കുറ്റവാളിയായി ചിത്രീകരിക്കപ്പെടുന്നു. അതായത്, നായകൻ പ്രതിനായകനാകുന്ന കഥാന്ത്യം. മനോഹരമായ ഒടുക്കം.

കഥ വായിച്ച് തീരുമ്പോൾ വായനക്കാർ വസീമിനെപ്പോലെ ദൈവത്തെ വിളിച്ചേക്കാം. ഏറ്റവും നന്നായി, ആഴത്തിൽ അവരുടെ മനസ്സിൽ പതിഞ്ഞ കഥാപാത്രമാണ് വസീം. ആ ഒരു വ്യക്തിത്വത്തെ വളരെ മനോഹരമായി വായനക്കാരിൽ പതിപ്പിക്കാൻ എഴുത്തുകാരൻ ഉപയോഗിച്ചത് ഒന്നര പേജ് മാത്രമാണ്. അതേ സ്ഥാനത്ത് പ്രതിനായകനായിപ്പോകുന്ന കഥാനായകനെ കുറിച്ച് പറയാൻ പതിനെട്ട് പേജുകൾ ഉപയോഗിച്ചിരിക്കുന്നു. കുറിപ്പിന്റെ ആമുഖത്തിൽ പറഞ്ഞതുപോലെ എന്തിനെക്കുറിച്ചാണോ പറയാൻ ഉദ്ദേശിക്കുന്നത് അതിൽ ഏകാഗ്രതയോടുകൂടി ഇടപെട്ടാൽ മാത്രമേ അനാവശ്യമായ പറച്ചിലുകൾ ഒഴിവാക്കാൻ പറ്റുകയുള്ളൂ. സാബുക്കുട്ടന്റെ മാതാപിതാക്കളുടെ പൂർവ്വകാലമൊന്നും കഥയ്ക്ക് യാതൊന്നും സംഭാവന ചെയ്യുന്നില്ല. അവർ കഥാപാത്രങ്ങളായി വന്നില്ലെങ്കിലും കഥയ്ക്ക് ഒന്നും സംഭവിക്കുന്നുമില്ല. മായ, സുനിക്കുട്ടൻ, ഗോപി, റെജി തുടങ്ങിയ കഥാപാത്രങ്ങൾ വെറുമൊരു മസാലക്കൂട്ടിനുള്ള ഉപകരണം എന്നതിനപ്പുറം പ്രൗഢമായ കഥയ്ക്ക് അത്യന്താപേക്ഷിതമായ കാര്യമേ അല്ല. ഏറ്റവും മനോഹരമാകുമായിരുന്ന കഥ അമിതമായ ദൈർഘ്യം – വൃഥാസ്ഥൂലത – കാരണം ശരാശരിക്ക് അല്പം മുകളിൽ എന്ന് മാത്രം പറയാവുന്ന നിലയിലേക്ക് എത്തുന്നു. (അപ്പോഴും കഥയുടെ തുടക്കം ഒഴുക്ക് നാടകീയത എന്നിവ മുന്നിട്ടുനിൽക്കുന്നു.)

അമൽ

‘യൂഫോ ഫൈവ് ജി നാനോ ബുള്ളറ്റ്’ എന്ന തലക്കെട്ടിൽ മൂന്നു കഥകളാണ് അമൽ മലയാളം വാരികയിൽ നമുക്ക് നൽകുന്നത്. അവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നത് വായനക്കാർക്ക് മനസ്സിലാകാൻ കഥാവസാനം ടിപ്പണി കൊടുത്തിട്ടുണ്ട് കഥാകൃത്ത്. മധ്യഭാഗം ഒഴിച്ചു നിർത്തിയാൽ കുറച്ചൊക്കെ ഒതുക്കിപ്പറയാൻ അമൽ ശ്രമിച്ചിട്ടുണ്ട് എന്നത് നല്ല കാര്യം. പാതിരാത്രി കെ ഫോണിൽ പബ്‌ജി കളിച്ച് നടന്നു വരുന്ന ജിജേഷ് മോൻ ആണ് ആദ്യഭാഗത്ത്. പെട്ടെന്ന് ഒരു പറക്കും തളിക വരുന്നു. പഴയ കാലത്തെ ദേവതമാർ ഇഷ്ടമുള്ള വരം കൊടുക്കുന്നത് പോലെ, ഇഷ്ടപ്പെട്ട ഗാജറ്റ് സമ്മാനമായി കൊടുക്കാൻ തയ്യാറായിവന്ന അന്യഗ്രഹ ജീവികളായിരുന്നു ആ യു എഫ് ഓ യിൽ. ജിജേഷ് മോന് ഒരു ടൈം മെഷീൻ സമ്മാനിച്ച് തിരിച്ചു പോകുന്നു ഇവർ. പിന്നെ അതിൽ കയറി എ ഡി 1800 ലേക്കും തുടർന്ന് എ ഡി 2075 ലേക്കും പോകുന്നു കഥാനായകൻ.

രണ്ടാം കഥ ‘ഫൈവ് ജി’ എന്ന പേരിൽ ധാരാളമായി വലിച്ചു വാരി എഴുതിയിട്ടുണ്ട്. പത്താം ക്ലാസുകാരനായ സുര കഞ്ചാവ് ബീഡി വലിക്കുന്നതും അത് എത്തിച്ചു കൊടുക്കുന്ന ഏജന്റ്മാർ ധനാഢ്യരാകുന്നതും ഓരോ വട്ടവും അതിന്റെ കാഠിന്യം കൂടിക്കൂടി വരുന്നതും അങ്ങനെ പേജുകളിൽ പരന്നുകിടക്കുന്നു.

മൂന്നാമത്തെ കഥ ‘നാനോ ബുള്ളറ്റ്’ എന്ന പേരിൽ. സത്യത്തിൽ,എഡി 2075 ലേക്ക് എത്തിച്ചേരുന്ന ആദ്യ കഥയിലെ ജിജേഷ് മോനും നാനോ ബുള്ളറ്റ് എന്ന കഥയിൽ ഭാഗമാകുന്നുണ്ട്. തമാശരൂപേണ എഴുതപ്പെട്ട ഈ കഥയ്ക്ക്, ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾ ഇന്റർവെൽ സമയത്ത് പറയുന്ന വെടിവെട്ടത്തിനപ്പുറം ഭാവനയുടെയോ ഭാഷയുടെയോ ആവിഷ്കാരത്തിന്റെയോ ചാതുരി യാതൊന്നുമില്ല.

അല്ലെങ്കിലും സമകാലിക സാഹിത്യ ലോകത്ത് കഥാരചന വെറും തമാശയാണല്ലോ. പറക്കും തളിക, അന്യഗ്രഹജീവികൾ തുടങ്ങിയവ ഈ കാലത്ത് വലിയ പുതുമയുള്ളതല്ല. ഇഷ്ടം പോലെ സിനിമകളും, ഇഷ്ടംപോലെ സാഹിത്യകൃതികളും അതുമായി അനുബന്ധപ്പെട്ട് വന്നതിനാൽ കഥാകൃത്ത് ലക്ഷ്യം വെച്ച കൗതുകം ഈ കഥയിൽ കാണാനും പറ്റില്ല. അതല്ല, ഇതൊക്കെ പുതിയ വിഷയമാണ് എന്ന് കരുതുന്നുണ്ടെങ്കിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച അപസ്വനി എന്ന പുസ്തകം വായിക്കുക. “അഭൗമ പന്ത് സ്വയം നിയന്ത്രിതം” എന്ന് സ്വയം വിളിക്കുന്ന ഒരു അന്യഗ്രഹ പന്താണ് ഇതിലെ കേന്ദ്ര കഥാപാത്രം. പ്രൊഫസർ എസ് ശിവദാസ് രചിച്ച ഈ പുസ്തകം പത്തു മുപ്പത് വർഷങ്ങൾക്ക് മുൻപേ പ്രസിദ്ധീകൃതമാണ്. (മുപ്പതു വർഷങ്ങൾക്ക് മുൻപുള്ള വായനയുടെ ഓർമ്മയിൽ നിന്ന് )

ഭാഷാപോഷിണിയിൽ ‘സ്വർഗ്ഗം’ എന്ന പേരിൽ അച്ചടിക്കപ്പെട്ടത് കഥയാണെന്ന് അതിന്റെ എഡിറ്റർ പറയുന്നു. കഷ്ടിച്ച് നാലര പേജ് മാത്രമേ എം ആർ മനോഹര വർമ്മ കവർന്നിട്ടുള്ളൂ എന്നത് മാത്രമാണ് ആശ്വാസം. ആദ്യത്തെ രണ്ട് ഖണ്ഡികകളിൽ രാജൻ-വനജ ദമ്പതിമാരുടെ മകനെ കുറിച്ചുള്ള കഥയാണ് എന്ന് വായനക്കാർ വിചാരിച്ചുപോകും. അല്ലെങ്കിൽ പിന്നെ അവന്റെ കാര്യം അത്ര സവിസ്തരം പറയേണ്ടതില്ലല്ലോ!

തേർഡ് പേഴ്സണണിൽ ആരംഭിക്കുന്ന കഥ, രണ്ടാമത്തെ ഖണ്ഡികയിലെത്തുന്നതോടെ ആരുടെ വീക്ഷണകോണിൽ ആണ് തുടർന്നു പോവുന്നത് എന്ന് വായനക്കാരന് സംശയം വന്നേക്കും. അത് പോകട്ടെ. ദൈനംദിന കാര്യങ്ങൾ സംഭവിക്കുന്നത് അതേപടി അക്ഷരങ്ങളിൽ കൂടി പകർത്തിയാൽ കഥയാകും എന്ന് വിചാരിച്ചാൽ കഷ്ടം എന്ന് മാത്രമേ പറയാനുള്ളൂ. സ്വർഗ്ഗം എന്ന പേരിൽ ഭാഷാപോഷിണിയിൽ കഥയായി പ്രസിദ്ധീകരിച്ച ഈ സൃഷ്ടിക്ക് സാഹിത്യത്തിൽ എന്ത് സ്ഥാനം എന്ന് അറിവുള്ളവർ പറഞ്ഞു തരിക.

പത്തിരുപതു വർഷങ്ങളായി സുന്ദരമായി തുടർന്ന് പോന്നിരുന്ന ദാമ്പത്യ ബന്ധത്തിൽ ഒരു സുപ്രഭാതത്തിൽ ഭർത്താവിന് തോന്നുന്നു ഭാര്യയെ തട്ടിക്കളയണമെന്ന്. പോകെപ്പോകെ നമുക്ക് മനസ്സിലാകുന്നു ഭാര്യയ്ക്കും അതേ ആഗ്രഹം ഉണ്ടെന്ന്. തുടക്കവും മദ്ധ്യഭാഗവും എത്രത്തോളം വിരസമാണെന്ന് വായനക്കാർക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു. ഭാര്യയെ തീർത്തുകളയാനുള്ള ഓരോ ആശയവും രാജൻ മനസ്സിലിട്ട് നടക്കുമ്പോൾ അതേ ആശയം തന്നെ ഭാര്യയുടെ മനസ്സിലും ഉള്ളതായിട്ട് വായനക്കാർ കാണുന്നു. കഥ അവസാനിപ്പിച്ച രീതിയാണ് അതിലും കേമം. പത്തിരുപത് വർഷമായില്ലേ ഒന്നിച്ച് ജീവിക്കുന്നു. ഇനി പത്തു മുപ്പതു വർഷം കൂടി കഴിയട്ടെ ഇതുപോലെ. വിവാഹത്തിന്റെ അമ്പതാം വാർഷികത്തിന്റെ ദിവസം പത്രത്തിൽ ഒരു പടം കൊടുക്കണം. അതിനുള്ള ഫോട്ടോ ഇപ്പഴേ എടുത്ത് വെക്കുന്നതാണ് നല്ലത്. ഇങ്ങനെ മനസ്സിൽ കണക്കുകൂട്ടിയ രാജനോട് പിറ്റേദിവസം ഭാര്യ പറയുന്നു, നമുക്ക് രണ്ടുപേർക്കും ഒന്നിച്ചുള്ള ഒരു ഫോട്ടോ എടുക്കണം എന്ന്!!
‘Absurdity, Thy name is Short Story!’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു!

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like