പൂമുഖം LITERATUREകഥ കോഴിപ്പോര്

കോഴിപ്പോര്

സൈക്കിളിൽ വന്നു വീടിനു മുന്നിൽ നിർത്തിയ തമിഴ് ചേട്ടനോട് കോഴിയെ വാങ്ങിയേടത്ത് നിന്നാണ് ഈ പ്രശ്നങ്ങളുടെയൊക്കെ തുടക്കം. അന്ന് 2025 ഓഗസ്റ്റ് ഇരുപതാം തീയതി വീടിനു മുന്നിൽ നിന്നു പല്ലുതേക്കുകയായിരുന്ന സുരേന്ദ്രൻ പിള്ള, വയസ്സ് അന്പത്തിയാറാണ് കോഴിക്കുഞ്ഞുങ്ങളെയും, അവയെ വിൽക്കുന്ന ചേട്ടനെയും ആദ്യം കണ്ടത്. എങ്കിൽ ആയിക്കോട്ടെ ഒരു പത്തെണ്ണം എന്നായി സുരേന്ദ്രൻ പിള്ളയുടെ ആഗ്രഹം. തൊട്ടപ്പുറത്തെ വീട്ടിൽ താമസിക്കുന്ന അനിയൻ ദിവാകരൻ പിള്ള, വയസ്സ് നാല്പത്തിയെട്ടിനെയും വിളിച്ച് ആ കോഴിക്കുഞ്ഞുങ്ങളെയും കാണിച്ച്, തുല്യമായി പിരിവിട്ട് രണ്ടു പിള്ളമാരും കൂടി ആ കച്ചവടം അങ്ങുറപ്പിച്ചു. സംഗതി ക്ലീൻ. ദാണ്ടേകിടക്കുന്നു, സുരേന്ദ്രൻ പിള്ളയുടെ ഭാര്യ വിലാസിനി അലക്കാൻ മാത്രം വെള്ളമെടുത്തുവെക്കുന്ന കുട്ടളത്തിന്‍റെ ഉള്ളില്‍ മണി മണി പോലെ പത്തു ഗിരിരാജൻ കോഴിക്കുഞ്ഞുങ്ങള്‍. അങ്ങനെ ആദ്യമണിക്കൂറ്‍ കുട്ടളത്തിന്‍റെ ചുറ്റും കാണികളെക്കൊണ്ടുനിറഞ്ഞു. പിള്ളേരും പെണ്ണുങ്ങളുമൊക്കെയായി ഒരു പത്തിരുപത്തഞ്ചാളുണ്ടാകും കോഴികളെ കാണാൻ. പിന്നീട് അത് കുറയുകയും, വിലാസിനിക്ക് അലക്കാൻ അടുത്ത ദിവസങ്ങളിൽ തന്നെ കുട്ടളം വിട്ടുകിട്ടണം എന്ന വാശികൂടുകയും ചെയ്തതോടെ, രണ്ട് വീടുകളുടെയും നടുവിലായി ഒരു കോഴിക്കൂടു തന്നെ പണിയാൻ പിള്ളമാര് തീരുമാനിച്ചു. അങ്ങനെ കൈ വളരുന്നുണ്ടോ കാല്‍ വളരുന്നുണ്ടോ എന്നു നോക്കി പിള്ളമാര് പത്തു കോഴികളേയും സ്നേഹിച്ചു തുടങ്ങി. പക്ഷെ പത്തിനേയും സ്നേഹിക്കാനുള്ള ഭാഗ്യം അധികകാലമൊന്നും പിള്ളമാർക്ക് സിദ്ധിച്ചില്ല. അല്ലേലും ഡാർവിൻ പണ്ട് ‘SURVIVAL OF THE FITTEST’ എന്നു പറഞ്ഞതു ചുമ്മാതെയല്ലല്ലോ. അങ്ങനെ ദൈവം സഹായിച്ച് കോഴിക്കൂട്ടിലവസാനം ഒറ്റ കോഴി മാത്രമായി. കാര്യം കോഴിയാണേലും അതിനും വേണ്ടേ ഒരിടിവെട്ടുപേര് എന്നും പറഞ്ഞ് ദിവാകരൻ പിള്ളയുടെ ഇളയ സന്താനം അതിനിങ്ങനെ ഒരുപേരുമിട്ടു. എയ്ഞ്ചൽ.

അങ്ങനെ എയ്ഞ്ചൽ പെണ്ണ് വളരാൻ തുടങ്ങി. സർവ്വത്ര സ്വാതന്ത്ര്യം. കോഴിപ്പൈതലിന് എവിടെവേണമെങ്കിലും കയറാം. അങ്ങനെ ബെഡ്‌റൂമിന്‍റെ ഉള്ളിലും, അടുക്കളയിലും, ഇറയത്തുമൊക്കെയായി രണ്ടു വീട്ടിലും കൂടി എയ്‌ഞ്ചൽക്കോഴി വളർന്നു. ഇതിനൊക്കെയിടയിലും ഇനം കോഴിയായതുകൊണ്ടുതന്നെ അടുത്തവീടുകളിലെ പൂവന്മാരോട് ലൈൻ അടിക്കാനും എയ്ഞ്ചൽ പെണ്ണ് സമയം കണ്ടെത്തി. പക്ഷെ പ്രധാന പ്രശ്‍നം സംഭവിച്ചത് ഇക്കഴിഞ്ഞ 2026 ഫെബ്രുവരി ഇരുപതിനാണ്. ചരിത്രത്തിലാദ്യമായി എയ്‌ഞ്ചൽ പെണ്ണന്ന് മുട്ടയിട്ടു.

അന്നുരാവിലെയാണേൽ കൂടു തുറന്നതും മുട്ട കണ്ടതും ദിവാകരൻ പിള്ളയുടെ ഇളയ സന്താനവും. “ഹായ് മൊട്ട”എന്ന് ചെറുക്കൻ പറഞ്ഞതു കേട്ട് രണ്ടുവീട്ടിൽ നിന്നും ഭാര്യമാരും പിള്ളമാരും ഓടിവന്നതും ഒരുമിച്ചായിരുന്നു. ആകെ മൊത്തം സന്തോഷം. ഈ സന്തോഷത്തിനൊടുവിൽ ചെറുക്കൻ മുട്ടകൊണ്ടുപോയെന്നും രാവിലത്തെ പുട്ടിന്‍റെ കൂടെ ഓംലെറ്റ് അടിച്ചു തിന്നു എന്നുമാണ് കേൾക്കുന്നത്. എന്തായാലും മുട്ട തിന്നത് അനിയൻ ദിവാകരൻ പിള്ളയുടെ മകനാണെങ്കിലും വയറിൽ ഗ്യാസ് കയറിയത് സുരേന്ദ്രൻപിള്ളയ്ക്കാണ് . “മൊട്ട പോട്ടെ ഇനിയാ കോഴിയിറച്ചി കൂടെ അവരെടുക്കും” എന്ന് ഭാര്യ വിലാസിനിയുടെ പറച്ചിൽ കൂടെയായപ്പോ സുരേന്ദ്രൻപിള്ളയ്ക്ക് ഗ്യാസ് ഇരട്ടിയായി. അവസാനം വയറ് സ്തംഭനത്തിനു ഡോക്ടറെ കണ്ടാലോ എന്നു വരെ സുരേന്ദ്രൻ പിള്ള ഭാര്യയോട് ചോദിച്ചു. പിന്നീട് ജീരകവെള്ളം കൊടുത്തു വിലാസിനിയാ ഗ്യാസ് ഒതുക്കുകയാണുണ്ടായത്.

വര: പ്രസാദ്‌ കാനാത്തുങ്കല്‍

ഇതേസമയം ദിവാകരൻപിള്ളയുടെ വീട്ടിലെന്താണു സംഭവിച്ചെതെന്നറിയില്ല . ദിവാകരൻപിള്ളയുടെ ഭാര്യ രമണി പിറ്റേദിവസം രാവിലെതന്നെ കോഴിക്കൂടിനു മുന്നിൽ ഹാജരാകുകയുണ്ടായി. ആകാംക്ഷയോടെ കൂടു തുറക്കുകയും ചെയ്തു. പക്ഷെ മുട്ട അപ്പോഴേക്കും ബുൾസ്‌ ഐയുടെ രൂപത്തിൽ സുരേന്ദ്രൻപിള്ളയുടെയും വിലാസിനിയുടെയും വയറ്റിൽ എത്തിയിട്ടുണ്ടായിരുന്നു. രമണിയുണ്ടോ വിട്ടുകൊടുക്കുന്നു. തൊട്ടടുത്ത ദിവസം തന്നെ അലാറം വെച്ചെഴുനേറ്റു മുട്ട വീട്ടിലെത്തിച്ചു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ നാലുമണി, നാലേകാൽ, നാലര അങ്ങനെ പലസമയങ്ങളിൽ അലാറം സെറ്റ് ചെയ്ത് രണ്ടുവീട്ടുകാരും മുട്ടകൾ സ്വന്തമാക്കി. പലപ്പോഴും സ്വന്തം കോഴിയിലുണ്ടായ നാടൻമുട്ട കഴിച്ച് പിള്ളമാർക്കും ഭാര്യമാർക്കും കുളിരുകോരി. ഒരിക്കൽ രണ്ടു ഭാര്യമാരും വച്ച അലാറം ഒറ്റസമയത്ത് മുഴങ്ങുകയും രണ്ടുപേരും മുട്ടക്കുവേണ്ടി ഒരുമിച്ച് കൂട്ടിൽ കൈയ്യിടുകയും ചെയ്തതോടെയാണ് പ്രശ്‍നം കൂടുതൽ ഗുരുതരമായത്. മുട്ടക്കുവേണ്ടിയുള്ള പിടിവലി കൊണ്ടും അതു കണ്ടും അവിടെയാദ്യമെത്തിയത് പിള്ളമാരാണ്. അന്നുവരെ ചേട്ടനോട് മുഖം കറുപ്പിച്ച് ഒരക്ഷരം മിണ്ടാത്ത ദിവാകരൻപിള്ള അങ്ങനെ അന്നാദ്യമായി അലറിച്ചെന്നു. ഇതുകണ്ടുനിന്ന മൂത്തപിള്ളയുടെ ഭാര്യ വിലാസിനി നൈറ്റി ഒന്നുകൂടെ അരയില് മുറുക്കിക്കുത്തി ചീറ്റി. “നിന്‍റെ മൊട്ടയോ? ഈ കോഴിയെ ആദ്യം കണ്ടതും വാങ്ങിതും ന്‍റെ കെട്ട്യോൻ ആ… ഈ മുട്ടേം കോഴീനേം ഞങ്ങള് കഴിക്കും” ഇതുകേട്ടതും ദിവാകരൻപിള്ളയുടെ ഭാര്യ രമണി തറയിൽ നീട്ടി ഒരു തുപ്പ് തുപ്പി.എന്തായാലും പ്രശ്‍നം വളരെ ഗുരുതരമായത് പെട്ടെന്നായിരുന്നു. രണ്ടു പിള്ളമാരുടെയും ഭാഗത്ത് ആൾബലവും കൂടി. ഇതിനിടയിൽ “കുത്തി കൊടലുമാല ഞാൻ പുറത്തെടുക്കുമെടാ പട്ടി” എന്ന് ചെറിയ പിള്ള ദിവാകരൻ പറഞ്ഞതുകേട്ട് സുരേന്ദ്രൻപിള്ള തല്ലാൻ ചാടിയായപ്പോൾ നാട്ടുകാർ പിടിച്ചുനിർത്തി. ഇതിന്‍റെയൊക്കെയൊപ്പം പല സംസാരങ്ങളും രണ്ടുഭാഗത്തുള്ളവർ തമ്മിലും നടന്നു.കക്ഷത്തിൽ ഡയറിയുള്ള തോമസ് പ്രശ്‍നം എങ്ങനെ സോൾവ് ചെയ്യുമെന്നാലോചിച്ചുനിന്നപ്പോഴാണ്, സുരേന്ദ്രൻപിള്ളയുടെ ഭാഗത്തുതന്നെ നിന്ന യാക്കൂബ് ഒരു ചോദ്യമങ്ങു പടച്ചുവിട്ടത് “ഇതിപ്പോ മൂത്തയാൾക്കു എറച്ചി മറ്റേയാൾക്ക് മൊട്ട എന്നാക്കിയാലോ?” എന്ന്. ഇത് കേട്ടതും ദിവാകരൻ പിള്ളയുടെ ഭാഗത്തുനിന്നും പല്ലിറുമ്മിക്കൊണ്ടുവന്നത് പൗലോസാണ്‌. “ഇതേതു കോത്താഴത്തെ സോഷ്യലിസമാ ഈ പറയുന്നേ”. എന്തായാലും പൗലോസിന്‍റെ വരവുകണ്ടപ്പൊ ഒരടിപൊട്ടും എന്നുറപ്പായി. ഇതിനിടയിടയിലാണ് സുരേന്ദ്രൻ പിള്ളയുടെ ഭാര്യ കോഴിയെ എടുത്തു ഒക്കത്തു വെച്ച് “എന്‍റെ കോഴിയെ തരില്ല, ആർക്കും ഞാൻ തരില്ല“ എന്നു പറഞ്ഞത്. ഇത് കേട്ടതും ഇളയ പിള്ളയുടെ ഭാര്യയുടെ ഒന്ന് രണ്ടു കുരുക്കൾ പൊട്ടി. “നീ കൊണ്ടൊക്കോ… എന്നിട്ടതു തിന്ന്… നീ നശിച്ചു പോവുടി” എന്ന് പറഞ്ഞതും സുരേന്ദ്രൻപിള്ളയുടെ നീട്ടിയുള്ള ആട്ടു വന്നതും ഒരുമിച്ചായിരുന്നു. ഇവരുടെ ബഹളം കൂടാതെ,രണ്ടു ഭാഗത്തു നിന്ന് കാഴ്ചക്കാര്‍ വരെ ഇപ്പോ അങ്ങോട്ടുമിങ്ങോട്ടും വീട്ടിലിരിക്കുന്നവരെ വിളിച്ചു തുമ്മിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ തെക്കേത്തൊടിയിൽ ബാബു മകൻ പ്രദീപിന് തർക്കത്തിനിടയിൽ പ്ലാവുംതൊടിയിൽ ബിജുവിൽ നിന്നും തലയ്‌ക്കടിയേൽക്കുകയും പ്രദീപിനെ നാട്ടുകാർ ഹോസ്പിറ്റലിലാക്കുകയും ചെയ്തു.

അങ്ങനെ നല്ലൊരു അടിയുടെ അന്തരീക്ഷം അവിടെ ഒത്തുവന്നപ്പോ, ആണ്ടെ, കേറിവരുന്നു കുറുപ്പുചേട്ടൻ. ഈയിടെയായി ഭക്തിയൊരൽപ്പം കൂടി എന്നു മാത്രമല്ല, ക്ഷേത്രകാര്യങ്ങളിൽ ഇടപെടുന്നപോലെ നാട്ടുകാരുട കല്യാണം, അടിയന്തിരം, പുലകുളി, പേരുവിളി മുതലായ കർമ്മപരിപാടികളിൽ കൂടെ കുറുപ്പുചേട്ടനിപ്പോ സജീവമായി ഇടപെടുന്നുണ്ട് . ഇതിന്‍റെ കൂടെ ചില ശ്ലോകങ്ങളും വേദങ്ങളും ചൊല്ലി നാട്ടുകാരെ അത്ഭുതപെടുത്തലുമാണ് ഇപ്പോഴത്തെ പ്രധാന പണി. കയറിവന്ന് എവിടേയും സംഭവിക്കുന്നത്‌ പോലെ കാര്യങ്ങൾ തിരക്കി. പിന്നെ വിധി പറഞ്ഞത് കുറുപ്പ്‌ ചേട്ടനാണ്. “ഒറ്റക്കോഴിവളരുന്നതിന്‍റെ പ്രശ്നമാണീ കുടുംബത്തിന്… ഒറ്റക്കൊരു ജീവി വളരുക….കലഹമേറും …” ഇതിന്‍റെയൊപ്പം വസ്‌തുതേ കലഹേ എന്നൊക്കെ വരുന്ന ഒരു ശ്ലോകവും വച്ചു കാച്ചി പുള്ളി. ഇതും കഴിഞ്ഞു സുരേന്ദ്രൻ പിള്ളയുടെ കൈയിൽനിന്നും കോഴിയെ വാങ്ങി കുറുപ്പ് ചേട്ടൻ ദൂരേക്ക് നടന്നു. പ്രശ്നങ്ങൾ അവസാനിച്ചു. ആളുകൾ പിരിഞ്ഞു. അന്നുച്ചക്ക് കൃത്യം പന്ത്രണ്ടുമണിക്ക് കുറുപ്പ്‌ ചേട്ടന്‍റെ വീട്ടിലെ കുക്കറിൽനിന്നും ഒരു വിസിലു പൊങ്ങി. അതേസമയം കുറുപ്പ് ചേട്ടൻ തിടുന്നയിൽ വാസവന്‍റെ വീട്ടിലെ കാളയെ ആർക്ക് എങ്ങനെ എത്ര വിലക്ക് വിൽക്കണമെന്നും, അതോ വിൽക്കാതെ നടയ്ക്കിരുത്തണമോയെന്നും വാസവനോട് ചർച്ച ചെയ്തു.

കവര്‍: വില്‍സണ്‍ ശാരദ ആനന്ദ്‌

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.